നമസ്‌കാരം,
എന്റെ കുടുംബാംഗങ്ങളെ,
വികസിത് ഭാരത് സങ്കല്‍പ് യാത്ര രണ്ട് മാസം പൂര്‍ത്തിയാക്കി. ഈ യാത്രയില്‍ സഞ്ചരിക്കുന്ന 'വികാസ് രഥം' (വികസന രഥം) 'വിശ്വാസ രഥം' (ആത്മവിശ്വാസ രഥം) ആണ്, ഇപ്പോള്‍ ആളുകള്‍ ഇതിനെ 'ഗ്യാരന്റി വാലാ രഥ്' (ഗ്യാരണ്ടി രഥം) എന്നും വിളിക്കുന്നു. ആരും പിന്തള്ളപ്പെടില്ലെന്നും ഒരു പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മോദിയുടെ ഉറപ്പുള്ള വാഹനം ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ജനുവരി 26 വരെ ഈ യാത്ര ആസൂത്രണം ചെയ്തിരുന്നു, എന്നാല്‍ ഇത്രയധികം പിന്തുണയും വര്‍ധിച്ച ഡിമാന്‍ഡും ഉള്ളതിനാല്‍, എല്ലാ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ പറയുന്നത് മോദിയുടെ ഉറപ്പുള്ള വാഹനം അവരുടെ സ്ഥലത്തേക്ക് വരണം എന്നാണ്. ഇത് അറിഞ്ഞത് മുതല്‍, ജനുവരി 26ന് അപ്പുറം ഇത് കുറച്ച് കൂടി നീട്ടാന്‍ ഞാന്‍ നമ്മുടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് ആവശ്യമാണ്, ആവശ്യമുണ്ട്, അതിനാല്‍ ഞങ്ങള്‍ അത് നിറവേറ്റണം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയിലും മോദിയുടെ ഉറപ്പുള്ള വാഹനം തുടരുമെന്ന് തീരുമാനമായേക്കും.
സുഹൃത്തുക്കളെ,
ഭഗവാന്‍ ബിര്‍സ മുണ്ടയുടെ അനുഗ്രഹത്തോടെ നവംബര്‍ 15 ന് ഞങ്ങള്‍ ഈ യാത്ര ആരംഭിച്ചപ്പോള്‍, അതിന്റെ വിജയം ഇത്ര മഹത്തരമാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ ഈ യാത്രയുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. പല ഗുണഭോക്താക്കളുമായി ഞാന്‍ സംഭാഷണം നടത്തിയിട്ടുണ്ട്. വെറും രണ്ട് മാസം കൊണ്ട് വികസിത് ഭാരത് സങ്കല്‍പ് യാത്ര ഒരു ജനകീയ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. മോദിയുടെ ഉറപ്പുള്ള വാഹനം എത്തുന്നിടത്തെല്ലാം ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. ഇതുവരെ 15 കോടി ആളുകള്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ചേര്‍ന്നു. ഞങ്ങളുടെ ആരോഗ്യമന്ത്രി മന്‍സുഖ് ഭായ് നിങ്ങളുമായി നിരവധി സ്ഥിതിവിവരക്കണക്കുകള്‍ പങ്കിട്ടു. രാജ്യത്തെ ഏകദേശം 70-80 ശതമാനം പഞ്ചായത്തുകളിലും ഈ യാത്ര എത്തിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പ്രാഥമിക ലക്ഷ്യം, ചില കാരണങ്ങളാല്‍ ഇതുവരെ ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്നു ഗുണം ലഭിച്ചിട്ടില്ലാത്ത ആളുകളിലേക്ക് എത്തിച്ചേരുക എന്നതായിരുന്നു. ശ്രദ്ധിക്കപ്പെടാത്ത അത്തരം വ്യക്തികളെ മോദി ബഹുമാനിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു. ശരിക്കു നിരീക്ഷിക്കുകയാണെങ്കില്‍, ഏറ്റവും മികച്ച മാധ്യമം വികസിത് ഭാരത് സങ്കല്‍പ് യാത്രയാണെന്നു മനസ്സിലാക്കാന്‍ കഴിയും. ഈ യാത്രയില്‍ 4 കോടിയിലധികം ആളുകള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. ഈ യാത്രയില്‍ 2 കോടിയിലധികം ആളുകള്‍ക്ക് ക്ഷയരോഗ പരിശോധന നടത്തി. ആദിവാസി മേഖലകളില്‍ 50 ലക്ഷത്തിലധികം ആളുകള്‍ക്ക് അരിവാള്‍ രോഗ പരിശോധന നടത്തി.
വികസിത് ഭാരത് സങ്കല്‍പ് യാത്ര പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി വ്യക്തികളുടെ പടിവാതില്‍ക്കല്‍ ഗവണ്‍മെന്റിനെ എത്തിച്ചു. ഈ യാത്രയില്‍ 50 ലക്ഷത്തിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 50 ലക്ഷത്തിലധികം പേരാണ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് അപേക്ഷിച്ചത്. പ്രധാനമന്ത്രി കിസാന്‍ യോജനയില്‍ 33 ലക്ഷം പുതിയ ഗുണഭോക്താക്കളെ ചേര്‍ത്തു. 25 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കളെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ചേര്‍ത്തു. 22 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കള്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ക്കായി അപേക്ഷിച്ചു. 10 ലക്ഷത്തിലധികം പേരാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതിക്കായി അപേക്ഷിച്ചത്.
ഒപ്പം സുഹൃത്തുക്കളെ,
ഈ സംഖ്യകള്‍ ചിലര്‍ക്ക് വെറും കണക്കുകള്‍ മാത്രമായിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, ഓരോ സംഖ്യയും ഒരു ഇന്ത്യന്‍ സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ, ഇതുവരെ ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു കുടുംബാംഗത്തെ, അവരില്‍ ഒരാളുടെ ജീവിതത്തെ പ്രതിനിധാനംചെയ്യുന്നു. അതിനാല്‍, എല്ലാ മേഖലയിലും പൂര്‍ണതയിലേക്ക് നീങ്ങാനാണ് ഞങ്ങളുടെ ശ്രമം. എല്ലാവര്‍ക്കും പോഷകാഹാരം, ആരോഗ്യം, ചികിത്സ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. എല്ലാ കുടുംബങ്ങള്‍ക്കും ഒരു നല്ല വീടും എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍, വെള്ളം, വൈദ്യുതി, ടോയ്ലറ്റുകള്‍ എന്നിവയും ലഭ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം. ശുചിത്വത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ഓരോ തെരുവും ഓരോ കുടുംബവും അതില്‍ ഉള്‍പ്പെടുത്തപ്പെടണം. എല്ലാവര്‍ക്കും ഒരു ബാങ്ക് അക്കൗണ്ടും സ്വയം തൊഴിലിനുള്ള അവസരവും ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.
സുഹൃത്തുക്കളെ,
സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുകയും സത്യസന്ധമായി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍, ഫലം ഒപ്പം വരുന്നു. ഭാരതത്തിലെ ദാരിദ്ര്യം കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ട് വളരെ പ്രോത്സാഹജനകമാണ്. ഭാരതം മാത്രമല്ല, ലോകം തന്നെ ഭാരതത്തിന്റെ വീക്ഷണം, ഭരണ മാതൃക, ദാരിദ്ര്യം മറികടക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്കു സ്വീകരിക്കാവുന്ന പാത എന്നിവയെ ഉറ്റുനോക്കുന്നു. നമ്മുടെ ഗവണ്‍മെന്റിന്റെ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ഏകദേശം 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി (ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വന്ന) പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭാരതത്തിലെ ദാരിദ്ര്യം കുറയ്ക്കുന്നത് ഒരു കാലത്ത് സങ്കല്‍പ്പിക്കാനാകാത്ത ഒന്നായി കണക്കാക്കപ്പെട്ടിരുന്നു, എന്നാല്‍ വിഭവങ്ങള്‍ നല്‍കിയാല്‍ ദാരിദ്ര്യത്തെ മറികടക്കാന്‍ കഴിയുമെന്ന് ഭാരതത്തിലെ ദരിദ്രര്‍ തെളിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, നമ്മുടെ ഗവണ്‍മെന്റ് സുതാര്യമായ ഒരു സംവിധാനം സ്ഥാപിച്ച രീതിയും യഥാര്‍ത്ഥ ശ്രമങ്ങള്‍ നടത്തിയതും പൊതുജന പങ്കാളിത്തം വര്‍ധിപ്പിച്ചതും വഴി അസാധ്യമായത് സാധ്യമാക്കി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പാവപ്പെട്ടവര്‍ക്കായി ഗവണ്‍മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍ക്കും മനസ്സിലാക്കാം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വന്തമായി നല്ല വീട് നല്‍കി. 4 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്ല വീടുകള്‍ നല്‍കുന്നതിലുണ്ടായ വിജയമാണ് ശ്രദ്ധേയമായ നേട്ടം. ഈ മികവിനു പാവപ്പെട്ടവര്‍ അനുഗ്രഹം ചൊരിയുന്നു. ഇതില്‍ 70 ശതമാനത്തിലധികം വീടുകളും റജിസ്റ്റര്‍ ചെയ്തതു സ്ത്രീകളുടെ പേരിലാണ്. നമ്മുടെ സഹോദരിമാരെ ഉടമകളാക്കി എന്നതാണ് രസകരമായ കാര്യം. ഈ പദ്ധതി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുക മാത്രമല്ല, സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സഹായിച്ചു.
ഗ്രാമപ്രദേശങ്ങളിലെ വീടുകളുടെ വലിപ്പവും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ വീടുകള്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ആളുകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിര്‍മിക്കുന്നത്. ഭവന പദ്ധതികളിലെ വീടുകളുടെ നിര്‍മാണം ഗവണ്മെന്റ് വേഗത്തിലാക്കി. വീടുകള്‍ നിര്‍മ്മിക്കാന്‍ 300 ദിവസത്തിലധികം സമയമെടുത്ത മുന്‍ ഭരണകൂടങ്ങളുടെ സ്ഥാനത്ത്, പ്രധാനമന്ത്രി ആവാസ് യോജന വീടുകളുടെ നിര്‍മ്മാണ സമയം ഇപ്പോള്‍ ശരാശരി 100 ദിവസമാണ്. ഇതിനര്‍ത്ഥം ഞങ്ങള്‍ പഴയതിനേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ നല്ല വീടുകള്‍ നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു എന്നാണ്. ഈ വേഗത ജോലിയുടെ വേഗത മാത്രമല്ല; അത് നമ്മുടെ ഹൃദയത്തിന്റെ വേഗതയാണ്. നമ്മുടെ ഹൃദയത്തിലെ ദരിദ്രരോടുള്ള സ്‌നേഹമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ജോലി വേഗത്തില്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിന് നമ്മുടെ ഗവണ്‍മെന്റ് എത്രത്തോളം മുന്‍ഗണന നല്‍കുന്നു എന്നതിന്റെ ഉദാഹരണമാണ് 'കിന്നര്‍' സമൂഹം എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഭിന്നലിംഗ സമൂഹം. ഇപ്പോള്‍, ഭിന്നലിംഗ സമുദായത്തിന്റെ ഒരു പ്രതിനിധിയുമായി ഞാന്‍ വിശദമായ സംഭാഷണത്തിലായിരുന്നു, നിങ്ങള്‍ അതിനെക്കുറിച്ച് കേട്ടിരിക്കാം. സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി ഭിന്നലിംഗ സമൂഹത്തെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. ഭിന്നലിംഗ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആദ്യമായി പരിഹരിച്ചു, അവരുടെ ജീവിതം എളുപ്പമാക്കുന്നതിന് മുന്‍ഗണന നല്‍കിയത് നമ്മുടെ ഗവണ്‍മെന്റാണ്. 2019-ല്‍ ഭിന്നലിംഗ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഗവണ്‍മെന്റ് നിയമം കൊണ്ടുവന്നു. ഇത് ഭിന്നലിംഗ സമൂഹത്തിന് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കുന്നതിന് മാത്രമല്ല, അവര്‍ക്കെതിരായ വിവേചനം ഇല്ലാതാക്കാനും സഹായിച്ചു. എല്ലാവര്‍ക്കും ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് പ്രസ്താവിച്ച ഭിന്നലിംഗ സമൂഹ പ്രതിനിധി സൂചിപ്പിച്ചതുപോലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഗവണ്‍മെന്റ്, ഭിന്നലിംഗ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. അവര്‍ക്കായി ഗവണ്‍മെന്റിനു പദ്ധതികളുണ്ട്. ഇക്കാര്യത്തില്‍ ഭിന്നലിംഗ സമൂഹം ഞങ്ങളെ സഹായിക്കുന്നുമുണ്ട്. ഇപ്പോള്‍ ഒരു സംഭാഷണത്തില്‍ വെളിപ്പെടുത്തിയതുപോലെ, മൂന്നാം ലിംഗ സമൂഹത്തിലെ അംഗങ്ങള്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളില്‍ നിന്ന് തുടര്‍ച്ചയായി പ്രയോജനം നേടുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഭാരതം മാറിക്കൊണ്ടിരിക്കുന്നു, അത് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന്, ജനങ്ങളുടെ ആത്മവിശ്വാസവും ഗവണ്‍മെന്റിലുള്ള വിശ്വാസവും പുതിയ ഭാരതം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയും എല്ലായിടത്തും ദൃശ്യമാണ്. രണ്ട് ദിവസം മുമ്പ്, പിഎം ജന്‍മന്‍ കാമ്പയിനില്‍, ഞാന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗക്കാരോട് സംസാരിക്കുകയായിരുന്നു. ആദിവാസി സമൂഹത്തില്‍ നിന്നുള്ളവരുമായി ഞാന്‍ സംവദിച്ചു. ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകള്‍ അവരുടെ ഗ്രാമങ്ങളുടെ വികസനം എങ്ങനെ സഹകരിച്ച് ആസൂത്രണം ചെയ്യുന്നുവെന്ന് ഞാന്‍ നിരീക്ഷിച്ചു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വികസന പദ്ധതികളുടെ ഗുണഫലം ലഭിക്കാത്ത ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളാണിവര്‍. എന്നിരുന്നാലും, ഈ സ്ത്രീകള്‍ നല്ല അറിവുള്ളവരും ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അവരുടെ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്.
സ്വാശ്രയ സംഘങ്ങളില്‍ ചേരുന്നത് നമ്മുടെ സഹോദരിമാരുടെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ വരുത്തിയതെങ്ങനെയെന്ന് ഇന്നത്തെ പരിപാടിയിലും നാം കണ്ടു. 2014-ന് മുമ്പ്, രാജ്യത്ത് സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുന്നത്, രാഷ്ട്രീയ പരിപാടികള്‍ക്കായി പലപ്പോഴും സംഘടിപ്പിക്കപ്പെട്ട, കടലാസില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു ബ്യൂറോക്രാറ്റിക് പരിപാടി മാത്രമായിരുന്നു. സ്വാശ്രയ സംഘങ്ങളുടെ സാമ്പത്തിക ശക്തിക്കും പ്രവര്‍ത്തന വിപുലീകരണത്തിനും തുടക്കത്തില്‍ മുന്‍ഗണന നല്‍കിയിരുന്നില്ല.
സ്വാശ്രയ സംഘങ്ങളെ വലിയ തോതില്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചത് നമ്മുടെ ഗവണ്‍മെന്റാണ്. ഈടില്ലാതെയുള്ള വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. നമ്മുടെ ഗവണ്‍മെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കോടിയോളം സഹോദരിമാര്‍ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. 8 ലക്ഷം കോടിയിലധികം വരുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി അവര്‍ക്ക് ബാങ്കുകളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. ഇതൊരു ചെറിയ കണക്കല്ല, ഈ പാവപ്പെട്ട അമ്മമാരെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഈ അമ്മമാരിലും സഹോദരിമാരിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അവസരങ്ങള്‍ നല്‍കിയാല്‍ അവര്‍ പിന്നോട്ടിപോകില്ലെന്നാണ് എന്റെ വിശ്വാസം. ആയിരക്കണക്കിന് സഹോദരിമാര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു, 3 കോടി സ്ത്രീകള്‍ കര്‍ഷകരായി ശാക്തീകരിക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സഹോദരിമാര്‍ സമ്പന്നരും സ്വയം പര്യാപ്തരുമായി മാറിയിരിക്കുന്നു.
ഈ സംരംഭം കൂടുതല്‍ ത്വരിതപ്പെടുത്തിക്കൊണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ 2 കോടി 'ലക്ഷപതി ദീദി' സൃഷ്ടിക്കുന്നതിനുള്ള ദൗത്യം ഗവണ്‍മെന്റ് ആരംഭിച്ചു. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നമോ ഡ്രോണ്‍ ദീദി ആരംഭിച്ചു. ചന്ദ്രയാന്‍ (ചാന്ദ്രദൗത്യം) സംബന്ധിച്ച ചര്‍ച്ചകള്‍ അനിവാര്യമാണെങ്കിലും, ഗ്രാമങ്ങളിലെ കാര്‍ഷിക ജോലികളില്‍ സഹായിച്ചുകൊണ്ട് എന്റെ സ്വയം സഹായ സംഘത്തിലെ സഹോദരിമാര്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കാഴ്ച സങ്കല്‍പ്പിക്കുക! ഈ സംരംഭത്തിന് കീഴില്‍ 15,000 ഡ്രോണുകള്‍ നമോ ഡ്രോണ്‍ ദീദിമാര്‍ക്കു ലഭ്യമാക്കും. അവര്‍ക്കായി പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്, ആയിരത്തിലധികം നമോ ഡ്രോണ്‍ ദിദികള്‍ക്കുള്ള പരിശീലനം ഇതിനകം പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. നമോ ഡ്രോണ്‍ ദീദി കാരണം, സ്വയം സഹായ സംഘങ്ങളുടെ വരുമാനം വര്‍ദ്ധിക്കും, അവരുടെ സ്വാശ്രയത്വം വളരും, ഗ്രാമത്തിലെ സഹോദരിമാര്‍ക്ക് പുതിയ ആത്മവിശ്വാസം ലഭിക്കും. പ്രധാനമായും ഇത് നമ്മുടെ കര്‍ഷകര്‍ക്ക് പ്രയോജനകരമാകും.
എന്റെ കുടുംബാംഗങ്ങളെ,
ഗ്രാമീണ സമ്പദ്വ്യവസ്ഥയെ നവീകരിക്കുകയും കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണന. അതിനാല്‍, ചെറുകിട കര്‍ഷകരുടെ ശക്തി വര്‍ധിപ്പിക്കാനും അവരുടെ കാര്‍ഷിക ചെലവുകള്‍ കുറയ്ക്കാനും അവര്‍ക്ക് വിപണിയില്‍ മികച്ച വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗവണ്‍മെന്റ് ശ്രമിക്കുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, രാജ്യത്ത് 10,000 പുതിയ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രചരണം ഗവണ്‍മെന്റ് ആരംഭിച്ചു. ഇന്ന്, ഏകദേശം 8,000 എഫ്പിഒകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
കന്നുകാലികളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തുന്നുണ്ട്. ആളുകള്‍ കോവിഡ് വാക്സിന്‍ എടുത്ത് ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്; അതിനുള്ള പ്രശംസ, മോദി സൗജന്യമായി വാക്‌സിന്‍ നല്‍കി, ജീവന്‍ രക്ഷിച്ചു, കുടുംബം രക്ഷപ്പെട്ടു എന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനപ്പുറം മോദിയുടെ കാഴ്ചപ്പാട് എന്താണ്, അദ്ദേഹം എന്താണ് ചെയ്യുന്നത്? നമ്മുടെ കര്‍ഷകര്‍ക്കും മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഓരോ വര്‍ഷവും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് മൃഗങ്ങള്‍ക്കിടയിലെ കുളമ്പുരോഗം പോലുള്ള രോഗങ്ങള്‍ കാരണം ഉണ്ടാവുന്നത്.
ഇത് പാലുത്പാദനത്തെയും ബാധിക്കുന്നു. ഈ വെല്ലുവിളി നേരിടാന്‍, സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരു വലിയ പ്രചാരണം ആരംഭിച്ചിരിക്കുന്നു. ഈ സംരംഭത്തിന് കീഴില്‍ ഇതുവരെ 50 കോടിയിലധികം മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. 15,000 കോടിയിലധികം രൂപയാണ് ഈ പ്രചാരണത്തിനായി ഗവണ്‍മെന്റ് ചെലവഴിച്ചത്. രാജ്യത്ത് പാലുല്‍പ്പാദനം 50 ശതമാനത്തിലേറെ വര്‍ധിച്ചു എന്നതാണ് ഈ പ്രചാരണത്തിന്റെ ഫലം. ഇത് കന്നുകാലി സംരക്ഷകര്‍ക്കും കര്‍ഷകര്‍ക്കും അതുവഴി രാജ്യത്തിന് മൊത്തത്തിലും ഗുണം ചെയ്തു.
സുഹൃത്തുക്കളെ,
ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. യുവാക്കളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ രാജ്യത്ത് നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്, വികസിത് ഭാരത് സങ്കല്‍പ് യാത്രയും ഇതിന് സംഭാവന നല്‍കുന്നു. ഇക്കാലയളവില്‍ നിരവധി ക്വിസ് മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കഴിവുള്ള കളിക്കാരെ ആദരിക്കുന്നുണ്ട്. വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ നമ്മുടെ ധാരാളം യുവാക്കള്‍ 'മൈ ഭാരത് വോളന്റിയര്‍' ആയി രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ യാത്രയില്‍ കോടിക്കണക്കിന് ആളുകള്‍ ഭാരതത്തെ വികസിത രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഊര്‍ജം ലഭിക്കുന്നത് ഈ ദൃഢനിശ്ചയത്തില്‍നിന്നാണ്. 2047-ഓടെ 'വികസിത ഭാരതം' ലക്ഷ്യമാക്കിയുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. നിങ്ങളും ഈ പദ്ധതിയില്‍ പങ്കുചേരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി, എനിക്ക് സംസാരിക്കാന്‍ അവസരം തന്നവരോടു ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു, കൂടാതെ മോദിയുടെ ഗ്യാരന്റി നല്‍കിയ വാഹനത്തെ ഇത്രയധികം ധാരാളമായി സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തതിന്, എല്ലാവര്‍ക്കും വളരെ നന്ദി.