സിയവര്‍ രാമചന്ദ്ര കി ജയ്
സിയവര്‍ രാമചന്ദ്ര കി ജയ്
ശക്തിയെ ആരാധിക്കുന്ന നവരാത്രിയുടെയും വിജയത്തിന്റെ ഉത്സവമായ വിജയ ദശമിയുടെയും ശുഭ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ വിജയ ദശമി ഉത്സവം, അനീതിക്കെതിരെ നീതിയുടേയും, അഹങ്കാരത്തിന്മേല്‍ വിനയത്തിന്റേയും, ആക്രമണത്തിന്മേല്‍ ക്ഷമയുടേയും വിജയത്തെ സൂചിപ്പിക്കുന്നു. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണിത്. എല്ലാ വര്‍ഷവും രാവണന്റെ കോലം കത്തിച്ചുകൊണ്ട് നാം ഈ വിജയത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ഈ ഉത്സവം അത് മാത്രമല്ല. നമുക്ക് ഈ ഉത്സവം പുതിയ തീരുമാനങ്ങളുടെ ഉത്സവവും നമ്മുടെ തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഉത്സവവുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ചന്ദ്രനിലെ നമ്മുടെ വിജയം രണ്ട് മാസം തികയുമ്പോഴാണ് ഈ വര്‍ഷം നമ്മള്‍ വിജയ ദശമി ആഘോഷിക്കുന്നത്. വിജയ ദശമിയില്‍ ആയുധ പൂജയും ഉള്‍പ്പെടുന്നു. ഭാരതത്തില്‍ ആയുധങ്ങളെ ആരാധിക്കുന്നത് ഭൂമിയുടെ മേലുള്ള ആധിപത്യമല്ല; ഭൂമിയുടെ സംരക്ഷണത്തിനായി നടത്തുന്ന ഒരു ചടങ്ങാണിത്. നവരാത്രിയില്‍ ശക്തിയെ ആരാധിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പറയും.
या देवी सर्वभूतेषू, शक्तिरूपेण संस्थिता, नमस्तस्यै, नमस्तस्यै, नमस्तस्यै नमो नम:
(ശക്തിയുടെ രൂപത്തില്‍ എല്ലാ ജീവികളിലും വസിക്കുന്ന ദേവീ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു).
ആരാധന പൂര്‍ത്തിയാകുമ്പോള്‍ ഞങ്ങള്‍ പറയുന്നു:
देहि सौभाग्य आरोग्यं, देहि मे परमं सुखम, रूपं देहि, जयं देहि, यशो देहि, द्विषोजहि! (എനിക്ക് ഭാഗ്യം, ആരോഗ്യം, പരമമായ സന്തോഷം, സൗന്ദര്യം, വിജയം, മഹത്വം എന്നിവ നല്‍കണമേ. ശത്രുക്കളെ ഇല്ലാതാക്കുക!)
ശക്തിക്കുവേണ്ടിയുള്ള നമ്മുടെ ആരാധന നമുക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ സൃഷ്ടിയുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും സന്തോഷത്തിനും വിജയത്തിനും മഹത്വത്തിനും വേണ്ടിയാണ്. ഇതാണ് ഭാരതത്തിന്റെ സത്ത. ഭഗവദ് ഗീതയുടെ ഉപദേശങ്ങള്‍ നമുക്ക് പരിചിതമാണ്, കൂടാതെ ഐഎന്‍എസ് വിക്രാന്ത്, തേജസ് എന്നിവ എങ്ങനെ നിര്‍മ്മിക്കണമെന്നും നമുക്കറിയാം. ശ്രീരാമന്റെ മഹത്വം നമുക്കറിയാം, അതുകൂടാതെ നമ്മുടെ അതിരുകള്‍ എങ്ങനെ സംരക്ഷിക്കാമെന്നും നമുക്കറിയാം. ശക്തി ആരാധനയുടെ തത്വങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു, കൂടാതെ കോവിഡ് യുഗത്തില്‍ 'സര്‍വേ സന്തു നിരാമയ' (എല്ലാവരും രോഗത്തില്‍ നിന്ന് മുക്തരാവട്ടെ) എന്ന മന്ത്രത്തില്‍ ഞങ്ങള്‍ വിശ്വസിച്ചു. ഇതാണ് ഭാരതത്തിന്റെ ആത്മാവ്, ഭാരതത്തിലെ വിജയ ദശമിയുടെ വിജയം ഈ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നതാണ്.
സുഹൃത്തുക്കളേ,
ഇന്ന്, ശ്രീരാമന്റെ മഹത്തായ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം നമുക്കുണ്ട്. ലോകത്തെ മുഴുവന്‍ സന്തോഷിപ്പിക്കും വിധം അടുത്ത രാമനവമിയില്‍ അയോധ്യയിലെ ക്ഷേത്രം മന്ത്രങ്ങളാല്‍ മുഖരിതമാകും. നൂറ്റാണ്ടുകളായി ഇവിടെ പ്രതിധ്വനിക്കുന്ന മന്ത്രങ്ങള്‍ -
भय प्रगट कृपाला, दीनदयाला...कौसल्या हितकारी ।
(കഷ്ടപ്പെടുന്നവരോട് കരുണയും അനുകമ്പയും പ്രകടിപ്പിക്കുന്ന ഭഗവാന്‍, കൗസല്യയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു) രാമക്ഷേത്രത്തില്‍ മുഴങ്ങും. നൂറ്റാണ്ടുകളുടെ സഹനത്തിനു ശേഷമുള്ള ഇന്ത്യന്‍ ജനതയുടെ അശ്രാന്ത പരിശ്രമത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് രാമക്ഷേത്ര നിര്‍മ്മാണം. രാമക്ഷേത്രത്തിലെ ശ്രീരാമപട്ടാഭിഷേക ചടങ്ങിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമാണുളളത്. ശ്രീരാമന്‍ വരുന്നു. സുഹൃത്തുക്കളേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ശ്രീരാമ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം സങ്കല്‍പ്പിക്കുക. വിജയ ദശമിയോടെയാണ് രാമന്റെ വരവ് ആഘോഷം ആരംഭിച്ചത്. രാമചരിതമാനസില്‍ തുളസീദാസ് എഴുതിയത് --
सगुन होहिं सुंदर सकल मन प्रसन्न सब केर। प्रभु आगवन जनाव जनु नगर रम्य चहुं फेर।
ശ്രീരാമന്റെ ആഗമനം ആസന്നമായപ്പോള്‍ അയോധ്യയില്‍ ഐശ്വര്യം പരക്കാന്‍ തുടങ്ങി എന്നര്‍ത്ഥം. എല്ലാവരും സംതൃപ്തരായി, നഗരം മുഴുവന്‍ ആകര്‍ഷകമായി. നമ്മുടെ നാട്ടില്‍ ഇന്നും ഇത്തരം ഐശ്വര്യങ്ങള്‍ നടക്കുന്നുണ്ട്. ചന്ദ്രനില്‍ ഭാരതം വിജയം കണ്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്നതിന്റെ വക്കിലാണ് നമ്മള്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നാം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചു. സ്ത്രീ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്നതിനുള്ള സുപ്രധാന നീക്കത്തില്‍, പാര്‍ലമെന്റ് നാരീ ശക്തി വന്ദന്‍ അധീനിയം പാസാക്കി.
ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ജനാധിപത്യമായി ഭാരതം ഇന്ന് ഉയര്‍ന്നുവരുന്നു. ഈ ജനാധിപത്യ മാതാവിന് ലോകം സാക്ഷിയാണ്. ഈ ആഹ്ലാദ നിമിഷങ്ങള്‍ക്കിടയില്‍ ശ്രീരാമന്‍ അയോധ്യയിലെ രാമക്ഷേത്രം അലങ്കരിക്കാന്‍ പോകുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം ഭാരതം ഒരു പുതിയ വിധിയുടെ വക്കിലാണ്. എന്നിരുന്നാലും, ഭാരതം ജാഗരൂകരായിരിക്കേണ്ട സമയം കൂടിയാണിത്. ഇന്നത്തെ രാവണദഹനം കേവലം ഒരു കോലം കത്തിക്കുന്നതു മാത്രമല്ല എന്ന് നാം ഓര്‍ക്കണം; സമൂഹത്തിന്റെ യോജിപ്പിനെ തകര്‍ക്കുന്ന എല്ലാ വികലതകളും കത്തിക്കുന്നതായിരിക്കണം അത്. ജാതീയതയുടെയും പ്രാദേശികവാദത്തിന്റെയും പേരില്‍ ഭാരതമാതാവിനെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ചുട്ടെരിക്കണം. ഭാരതത്തിന്റെ പുരോഗതിക്കും മുകളില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ നിഴലിക്കുന്ന ചിന്താഗതിയുടെ ജ്വലനമാകണം. വിജയ ദശമി ആഘോഷം രാവണന്റെ മേല്‍ രാമന്റെ വിജയം മാത്രമല്ല; രാജ്യത്തെ എല്ലാ തിന്മകള്‍ക്കുമെതിരെ ദേശസ്‌നേഹത്തിന്റെ വിജയത്തിന്റെ ആഘോഷമായി അത് മാറണം. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും തുടച്ചുനീക്കാനുള്ള പ്രതിജ്ഞ നാം എടുക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
വരാനിരിക്കുന്ന 25 വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. നമ്മുടെ കഴിവുകള്‍ നിരീക്ഷിച്ച് ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ കഴിയില്ല. രാമചരിതമാനസില്‍ എഴുതിയിരിക്കുന്നതുപോലെ -
राम काज कीन्हें बिनु, मोहिं कहां विश्राम എന്നതിനര്‍ത്ഥം ശ്രീരാമന്റെ ചിന്തകളില്‍ അധിഷ്ഠിതമായ ഒരു ഭാരതം നിര്‍മ്മിക്കുന്നതുവരെ എനിക്ക് വിശ്രമമില്ല എന്നാണ്. സ്വയം പര്യാപ്തമായ ഒരു വികസിത ഭാരതം, ആഗോള സമാധാനത്തിന് സംഭാവന നല്‍കുന്ന ഒരു വികസിത ഭാരതം, എല്ലാവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തുല്യ അവകാശമുള്ള വികസിത ഭാരതം, ജനങ്ങള്‍ സമൃദ്ധിയും സംതൃപ്തിയും അനുഭവിക്കുന്ന ഒരു വികസിത ഭാരതം കെട്ടിപ്പടുക്കണം. ഇതാണ് രാംരാജിന്റെ ദര്‍ശനം: राम राज बैठे त्रैलोका, हरषित भये गए सब सोका അര്‍ത്ഥം രാമന്‍ തന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍, ലോകം മുഴുവന്‍ സന്തോഷിക്കുകയും എല്ലാവരുടേയും ദുരിതങ്ങള്‍ അവസാനിക്കുകയും വേണം. എന്നാല്‍ ഇത് എങ്ങനെ സംഭവിക്കും? അതിനാല്‍, വിജയ ദശമി ദിനത്തില്‍ ഓരോ പൗരനും 10 തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആദ്യ തീരുമാനം - വരാനിരിക്കുന്ന തലമുറകളെ മനസ്സില്‍ വെച്ചുകൊണ്ട്, ഞങ്ങള്‍ കഴിയുന്നത്ര ജലം ലാഭിക്കും.
രണ്ടാമത്തെ തീരുമാനം - ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കും.
മൂന്നാമത്തെ തീരുമാനം - നാം നമ്മുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും ശുചിത്വത്തിലേക്ക് നയിക്കും.
നാലാമത്തെ തീരുമാനം - 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന മന്ത്രം ഞങ്ങള്‍ എന്നത്തേക്കാളും കൂടുതല്‍ പിന്തുടരുകയും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും.
അഞ്ചാമത്തെ തീരുമാനം - ഗുണനിലവാരമുളള ജോലിയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യും, മോശം ഗുണനിലവാരം കാരണം നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കും.
ആറാമത്തെ തീരുമാനം- ഞങ്ങള്‍ നമ്മുടെ രാജ്യം മുഴുവന്‍ പര്യവേക്ഷണം ചെയ്യും, യാത്ര ചെയ്യും, തീര്‍ത്ഥാടനത്തിന് പോകും, രാജ്യം മുഴുവന്‍ കണ്ടതിന് ശേഷം സമയമുണ്ടെങ്കില്‍ മാത്രമേ വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കൂ.
ഏഴാമത്തെ തീരുമാനം - പ്രകൃതി കൃഷിയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കും.
എട്ടാമത്തെ തീരുമാനം - നമ്മുടെ ചെറുകിട കര്‍ഷകര്‍ക്കും നമ്മുടെ ആരോഗ്യത്തിനും പ്രയോജനം ചെയ്യുന്ന സൂപ്പര്‍ഫുഡ് ചെറുധാന്യങ്ങള്‍ - ശ്രീ അന്ന -- ഞങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തും.
ഒമ്പതാം തീരുമാനം - യോഗ, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് എന്നിവയ്ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കും.
പത്താമത്തെ പ്രമേയം - കുറഞ്ഞത് ഒരു ദരിദ്ര കുടുംബത്തിലെങ്കിലും അംഗമാകുന്നതിലൂടെ, അവരുടെ സാമൂഹിക പദവി ഞങ്ങള്‍ ഉയര്‍ത്തും.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, വീടോ, വൈദ്യുതിയോ, ഗ്യാസോ, വെള്ളമോ ഇല്ലാത്ത, ആരോഗ്യപരിരക്ഷ ലഭിക്കാത്ത ഒരു ദരിദ്രന്‍ പോലും രാജ്യത്ത് ഉള്ളിടത്തോളം നമുക്ക് സമാധാനത്തോടെ ഇരിക്കാനാവില്ല. ഓരോ ഗുണഭോക്താവിലും എത്തി സഹായം നല്‍കണം. എങ്കില്‍ മാത്രമേ ദാരിദ്ര്യം തുടച്ചുനീക്കപ്പെടുകയുള്ളൂ, എല്ലാവര്‍ക്കും വികസനം സംഭവിക്കും. എങ്കില്‍ മാത്രമേ ഭാരതം വികസിക്കുകയുള്ളൂ. ഈ പ്രമേയങ്ങള്‍ നമുക്ക് നിറവേറ്റാം, ശ്രീരാമനാമം വിളിച്ച്, വിജയ ദശമിയുടെ ഈ സുപ്രധാന അവസരത്തില്‍, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.
രാമചരിതമനസില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ - बिसी नगर कीजै सब काजा, हृदय राखि कोसलपुर राजा എന്നതിനര്‍ഥം, നമ്മുടെ ഹൃദയത്തില്‍ ശ്രീരാമ നാമം നിലനിര്‍ത്തുന്നതിലൂടെ, നമ്മുടെ ദൃഢനിശ്ചയം നമ്മുടെ ഹൃദയത്തില്‍ നിര്‍വ്വഹിക്കുന്നതിലൂടെ നാം വിജയിക്കുകയും വിജയിക്കുകയും ചെയ്യും. ഭാരതത്തിന്റെ പ്രമേയങ്ങളുമായി നമുക്കെല്ലാവര്‍ക്കും വികസനത്തിന്റെ പാതയില്‍ മുന്നേറാം, ഒരുമിച്ച് ഭാരതത്തെ 'ശ്രേഷ്ഠ ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നയിക്കാം. ഈ ആശംസകളോടെ, വിജയ ദശമിയുടെ ഈ പുണ്യ വേളയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
സിയവര്‍ രാമചന്ദ്ര കി ജയ്
സിയവര്‍ രാമചന്ദ്ര കി ജയ്