ജമ്മു കശ്മീരിൽ 1500 കോടിയിലധികം രൂപയുടെ 84 പ്രധാന വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
കാർഷിക-അനുബന്ധ മേഖലകളിൽ (ജെകെസിഐപി) മത്സരക്ഷമത മെച്ചപ്പെടുത്തലിനുള്ള 1800 കോടി രൂപയുടെ പദ്ധതിക്കു തുടക്കംകുറിച്ചു
"ഗവണ്മെന്റിന്റെ ഉദ്ദേശ്യങ്ങളിലും നയങ്ങളിലും ജനങ്ങൾക്കു വിശ്വാസമുണ്ട്"
"നമ്മുടെ ഗവണ്മെന്റ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുംവിധത്തിൽ പ്രവർത്തനം കാഴ്ചവയ്ക്കുകയും അതിന്റെ ഫലം നൽകുകയും ചെയ്യുന്നു"
"സ്ഥിരതയാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ വലിയ സന്ദേശം"
"ഇൻസാനിയത്ത്, ജംഹൂരിയത്ത്, കശ്മീരിയത്ത് എന്ന അടൽജിയുടെ കാഴ്ചപ്പാടു യാഥാർഥ്യമാകുന്നതിന് ഇന്നു നാം സാക്ഷ്യം വഹിക്കുന്നു"
"ജനാധിപത്യത്തിന്റെ പതാക ഉയർത്തിപ്പിടിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കു നന്ദി അറിയിക്കാനാണു ഞാൻ വന്നത്"
"ഇന്ന് ഇന്ത്യൻ ഭരണഘടന ജമ്മു കശ്മീരിൽ യഥാർഥ അർഥത്തിൽ നടപ്പാക്കി. അനുച്ഛേദം 370ന്റെ പ്രതിബന്ധങ്ങൾ തകർത്തു"
"ഹൃദയത്തിന്റെയോ ഡൽഹിയുടെയോ (ദിൽ യാ ദില്ലി) ദൂരമാകെ നീക്കം ചെയ്യാൻ ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു"
"നിങ്ങളുടെ സ്വന്തം വോട്ടിലൂടെ ജമ്മു കശ്മീരിലെ പുതിയ ഗവണ്മെന്റിനെ തെരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ല. ജമ്മു കശ്മീർ സംസ്ഥാനമെന്ന നിലയിൽ അതിന്റെ ഭാവി വീണ്ടും രൂപപ്പെടുത്തുന്ന ദിവസം ഉടൻ വരും"
"സ്റ്റാർട്ട്-അപ്പുകൾ, നൈപുണ്യവികസനം, കായികമേഖല എന്നിവയുടെ പ്രധാന കേന്ദ്രമായി താഴ്‌വര ക്രമേണ ഉയർന്നുവരികയാണ്"
"ജമ്മു കശ്മീരിലെ പുതിയ തലമുറ ശാശ്വത സമാധാനത്തോടെ ജീവിക്കും"

ജമ്മു കാശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ ശ്രീ പ്രതാപ് റാവു ജാദവ് ജി, മറ്റ് പ്രമുഖര്‍, ജമ്മു കശ്മീരിലെ എന്റെ യുവ സുഹൃത്തുക്കളേ, മറ്റെല്ലാ സഹോദരീസഹോദരന്മാരേ!

സുഹൃത്തുക്കളേ,

ഇന്ന് രാവിലെ, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, എന്നില്‍ അപാരമായ ആവേശം നിറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്ര ആവേശം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു, രണ്ട് പ്രാഥമിക കാരണങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, മൂന്നാമത്തെ കാരണവുമുണ്ട്. ദീര് ഘകാലമായി ഇവിടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ഇവിടുത്തെ പലരെയും അറിയുകയും വിവിധ മേഖലകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും, ഇത് ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. പക്ഷേ എന്റെ പ്രാഥമിക ശ്രദ്ധ രണ്ട് കാരണങ്ങളിലായിരുന്നു: ജമ്മു കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട ഇന്നത്തെ പരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിലെ ജനങ്ങളുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.

 

സുഹൃത്തുക്കളേ,

കഴിഞ്ഞയാഴ്ച ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ നിന്ന് ഞാന്‍ മടങ്ങിയെത്തി. മനോജ് ജി സൂചിപ്പിച്ചതുപോലെ, തുടര്‍ച്ചയായി മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ആഗോളതലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ലോകം നമ്മുടെ രാജ്യത്തെ വീക്ഷിക്കുന്ന രീതിയെ ഇത് മാറ്റുന്നു. മറ്റ് രാഷ്ട്രങ്ങള്‍ ഭാരതവുമായുള്ള തങ്ങളുടെ ബന്ധത്തിന് മുന്‍ഗണന നല്‍കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് നമ്മള്‍ വളരെ ഭാഗ്യവാന്മാരാണ്. ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്, ഈ ഉയര്‍ന്ന അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം അഭിലാഷങ്ങള്‍ക്കൊപ്പം, ഗവണ്‍മെന്റിനെക്കുറിച്ചുള്ള പൊതുജന പ്രതീക്ഷകളും ഗണ്യമായി വര്‍ദ്ധിക്കുന്നു. ഈ അളവു കോലുകളില്‍ ഞങ്ങളെ വിലയിരുത്തിയ ശേഷം, ജനങ്ങള്‍ മൂന്നാം തവണയും നമ്മുടെ ഗവണ്‍മെന്റിനെ തിരഞ്ഞെടുത്തു. ഉത്കടമായ അഭിലാഷമുള്ള ഒരു സമൂഹം രണ്ടാമത് അവസരങ്ങള്‍ എളുപ്പത്തില്‍ നല്‍കില്ല. നിങ്ങളുടെ ഭരണകാലത്ത് നിങ്ങള്‍ നേടിയ - പ്രകടനത്തെ മാത്രം ഇത് വിലയിരുത്തുന്നു. ഈ പ്രകടനം അവര്‍ക്ക് തെളിവാണ്; അത് സോഷ്യല്‍ മീഡിയയെയോ പ്രസംഗങ്ങളെയോ ആശ്രയിച്ചുള്ളതല്ല. പ്രകടനം വിലയിരുത്തിയ ശേഷം, മൂന്നാം തവണയും നിങ്ങളെ എല്ലാവരെയും സേവിക്കാന്‍ രാഷ്ട്രം ഞങ്ങളുടെ ഗവണ്‍മെന്റിന് അവസരം നല്‍കി. പൊതുജനങ്ങള്‍ക്ക് ഞങ്ങളില്‍ വിശ്വാസമുണ്ട്, ഞങ്ങളുടെ സര്‍ക്കാരിന് മാത്രമേ അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ഉദ്ദേശ്യങ്ങളിലും നയങ്ങളിലും ഈ ആത്മവിശ്വാസം ഉറപ്പിച്ചിരിക്കുന്നു. ഈ അഭിലാഷ സമൂഹം തുടര്‍ച്ചയായ, വേഗത്തിലുള്ള പ്രകടനവും ഫലങ്ങളും ആവശ്യപ്പെടുന്നു. ഇനിയൊരു കാലതാമസം സഹിക്കില്ല. 'അത് നടക്കും, കാണാം' എന്ന നിലപാട് ഇനി അംഗീകരിക്കാനാവില്ല. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പെട്ടെന്നുള്ള ഉത്തരങ്ങളാണ്. ഇതാണ് ഇപ്പോഴത്തെ മാനസികാവസ്ഥ. പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി, ഞങ്ങളുടെ ഗവണ്‍മെന്റ് പ്രകടനവും ഫലങ്ങളും നല്‍കുന്നു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്, 60 വര്‍ഷങ്ങള്‍ക്ക് ശേഷം - ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം - നമ്മുടെ രാജ്യം മൂന്നാം തവണയും ഒരു ഗവണ്‍മെന്റിനെ തിരഞ്ഞെടുത്തത്. ഈ തെരഞ്ഞെടുപ്പിന്റെ ഫലവും മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരണവും ലോകത്തിന് മുഴുവന്‍ സുപ്രധാന സന്ദേശമാണ് നല്‍കിയത്.


സുഹൃത്തുക്കളേ,

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ജനവിധി സ്ഥിരതയുടെ സുപ്രധാന സന്ദേശമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം അസ്ഥിരമായ സര്‍ക്കാരുകളുടെ ഒരു നീണ്ട കാലഘട്ടം അനുഭവിച്ചു. നിങ്ങളില്‍ പലരും ചെറുപ്പമാണ് അല്ലെങ്കില്‍ ആ സമയത്ത് ജനിച്ചിട്ടില്ല. ഇത്രയും വലിയ ഒരു രാജ്യം പത്ത് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകള്‍ നടത്തി എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ഈ നിരന്തര തിരഞ്ഞെടുപ്പ് സ്ഥിതി കാരണം മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജ്യത്തിന് കഴിയില്ല. ഈ അസ്ഥിരതയും അനിശ്ചിതത്വവും കാരണം, അത് പറന്നുയരേണ്ട സമയമായപ്പോള്‍ ഭാരതം നിലംപൊത്തി, ഇത് രാജ്യത്തിന് കാര്യമായ നഷ്ടമുണ്ടാക്കി. ആ കാലഘട്ടം ഉപേക്ഷിച്ച്, നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് സുസ്ഥിരമായ ഗവണ്‍മെന്റിന്റെ ഒരു പുതിയ യുഗത്തിലേക്ക് ഭാരതം ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നു. ഈ ജനാധിപത്യ ശാക്തീകരണത്തില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അടല്‍ ജി വിഭാവനം ചെയ്ത 'ഇന്‍സാനിയത്ത്' (മനുഷ്യത്വം), 'ജംഹുരിയത്ത്' (ജനാധിപത്യം), 'കാശ്മീരിയത്ത്' (സംയോജിത സംസ്‌കാരം) എന്നിവയുടെ ദര്‍ശനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്.

 

കഴിഞ്ഞ 35-40 വര്‍ഷത്തെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട്, ജനാധിപത്യത്തില്‍ യുവാക്കളുടെ ശക്തമായ വിശ്വാസം പ്രകടമാക്കിക്കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ജനാധിപത്യത്തിന് വേണ്ടി പോരാടി. എന്റെ കശ്മീരി സഹോദരീസഹോദരന്മാര്‍ക്ക് വ്യക്തിപരമായി നന്ദി പറയാന്‍ ഞാന്‍ ഇന്ന് ഇവിടെയുണ്ട്. ഈ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ ആവേശകരമായ പങ്കാളിത്തം ജനാധിപത്യത്തിന്റെ പതാക ഉയര്‍ത്തി. ഇത് ഭാരതത്തിന്റെ ജനാധിപത്യവും ഭരണഘടനയും സ്ഥാപിച്ച പാതയിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. നമ്മുടെ പ്രതിപക്ഷവും കൂടി എന്റെ കശ്മീരി സഹോദരങ്ങളെ പ്രശംസിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും കശ്മീരിലെ ജനാധിപത്യത്തില്‍ ആവേശകരമായ പങ്കാളിത്തം ആഘോഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു. വോട്ടര്‍മാരുടെ വലിയ പങ്കാളിത്തവും ആവേശത്തിന്റെ അന്തരീക്ഷവും തീര്‍ച്ചയായും പ്രശംസനീയമാണ്. എന്റെ കശ്മീരി സഹോദരീസഹോദരന്മാരുടെ മനോവീര്യം പ്രതിപക്ഷം തിരിച്ചറിയുകയും വര്‍ധിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഈ നല്ല സംഭവവികാസത്തിലും പ്രതിപക്ഷം രാജ്യത്തെ നിരാശപ്പെടുത്തി.

 

സുഹൃത്തുക്കള്‍,

കഴിഞ്ഞ പത്തുവര്‍ഷത്തെ നമ്മുടെ ഗവണ്‍മെന്റിന്റെ പരിശ്രമത്തിന്റെ ഫലമാണ് ജമ്മു കശ്മീരിലെ പരിവര്‍ത്തനം. സ്വാതന്ത്ര്യാനന്തരം, നമ്മുടെ പെണ്‍മക്കള്‍ക്കും ഇവിടെയുള്ള സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രം പിന്തുടര്‍ന്ന് ഞങ്ങളുടെ സര്‍ക്കാര്‍ എല്ലാവര്‍ക്കും അവകാശങ്ങളും അവസരങ്ങളും അനുവദിച്ചു. ആദ്യമായി പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും നമ്മുടെ വാല്‍മീകി സമൂഹത്തിനും ശുചിത്വ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന വാല്‍മീകി സമുദായത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമായത്. നിയമസഭയില്‍ ആദ്യമായാണ് എസ്ടി വിഭാഗത്തിന് സീറ്റ് സംവരണം ചെയ്തിരിക്കുന്നത്. 'പദ്ദാരി ഗോത്രം,' 'പഹാരി വംശജര്‍,' 'ഗദ്ദ ബ്രാഹ്‌മണന്‍,' 'കോലി' തുടങ്ങിയ സമുദായങ്ങള്‍ക്കെല്ലാം എസ്ടി പദവി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത്, നഗര്‍ പാലിക, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലാണ് ഒബിസി സംവരണം ആദ്യമായി നടപ്പാക്കിയത്. ഇത് ഭരണഘടനയോടുള്ള നമ്മുടെ അര്‍പ്പണബോധവും അക്ഷരത്തിലും ആത്മാവിലും അതിന്റെ മഹത്വവും പ്രകടമാക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിക്കാനും അവര്‍ക്ക് അവകാശങ്ങള്‍ നല്‍കാനും അവരെ പങ്കാളികളാക്കാനും ഭരണഘടന അവസരമൊരുക്കുന്നു.

എന്നിരുന്നാലും, സ്വാതന്ത്ര്യത്തിനു ശേഷം വര്‍ഷങ്ങളോളം, ഭരണഘടനയുടെ ഈ മഹത്തായ സ്വത്ത് ഡല്‍ഹിയിലെ ഭരണാധികാരികള്‍ നിഷേധിച്ചു. ഇന്ന്, നാം ഭരണഘടനയെ അനുസരിച്ചു ജീവിക്കുന്നതിലും അതിലൂടെ കശ്മീരിലെ ജീവിതം മെച്ചപ്പെടുത്താനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിലും ഞാന്‍ സന്തോഷവാനാണ്. ഇന്ത്യന്‍ ഭരണഘടന ഇപ്പോള്‍ ജമ്മു കശ്മീരില്‍ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കിയിരിക്കുന്നു. ഇതുവരെ ഭരണഘടന നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടവര്‍ കുറ്റക്കാരാണ്; കശ്മീരിലെ യുവാക്കളോടും പെണ്‍മക്കളോടും ജനങ്ങളോടും അവര്‍ അന്യായമാണ് ചെയ്തത്. സുഹൃത്തുക്കളേ, ആര്‍ട്ടിക്കിള്‍ 370 ന്റെ വിഭജന മതില്‍ ഇപ്പോള്‍ വീണുപോയതിനാലാണ് ഈ നല്ല പ്രവൃത്തികളെല്ലാം സാധ്യമായത്.

 

സഹോദരന്‍മാരേ സഹോദരികളേ,

കാശ്മീര്‍ താഴ്വരയില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് ലോകം സാക്ഷിയാണ്. ഇവിടെ സന്ദര്‍ശിച്ച G-20 ഗ്രൂപ്പിലെ പ്രതിനിധികള്‍ കാശ്മീരിനെയും അതിന്റെ ആതിഥ്യമര്യാദയെയും പതിവായി പ്രശംസിച്ചുകൊണ്ട് പ്രത്യേകം മതിപ്പുളവാക്കി. ജി-20 പോലുള്ള ഒരു അന്താരാഷ്ട്ര പരിപാടി ശ്രീനഗറില്‍ സംഘടിപ്പിക്കുന്നത് ഓരോ കശ്മീരി ഹൃദയത്തിലും അഭിമാനം നിറയ്ക്കുന്നു. നമ്മുടെ കുട്ടികള്‍ ലാല്‍ ചൗക്കില്‍ വൈകുന്നേരം വരെ കളിക്കുകയും ചിരിക്കുകയും ചെയ്യുമ്പോള്‍, അത് ഓരോ ഇന്ത്യക്കാരനും സന്തോഷം നല്‍കുന്നു. തിരക്കേറിയ സിനിമാ ഹാളുകളും മാര്‍ക്കറ്റുകളും എല്ലാവരുടെയും മുഖത്ത് പ്രകാശം പരത്തുന്നു. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ദാല്‍ തടാകത്തിന്റെ തീരത്ത് അടുത്തിടെ സ്പോര്‍ട്സ് കാറുകള്‍ പ്രദര്‍ശിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. കശ്മീര്‍ എത്രത്തോളം പുരോഗമിച്ചു എന്നതിന്റെ തെളിവാണിത്. റെക്കോഡ് ഭേദിക്കുന്ന ടൂറിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ ഇപ്പോള്‍ സര്‍വസാധാരണമാണ്, നാളത്തെ അന്താരാഷ്ട്ര യോഗ ദിനവും സഞ്ചാരികളെ ആകര്‍ഷിക്കും. കഴിഞ്ഞ വര്‍ഷം, മനോജ് ജി സൂചിപ്പിച്ചതുപോലെ, 2 കോടിയിലധികം വിനോദസഞ്ചാരികള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു കൊണ്ട്, ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ വരവ് പ്രാദേശിക തൊഴില്‍ വര്‍ദ്ധിപ്പിക്കുകയും വരുമാന വളര്‍ച്ച ത്വരിതപ്പെടുത്തുകയും ബിസിനസുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

എന്റെ രാജ്യത്തിനും എന്റെ സഹ പൗരന്മാര്‍ക്കും വേണ്ടി ഞാന്‍ രാവും പകലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്യുന്നത്. കശ്മീരില്‍ മുന്‍ തലമുറകള്‍ അനുഭവിച്ച ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുകയാണ്. കാശ്മീരിലെ ഓരോ പ്രദേശവും കുടുംബവും ജനാധിപത്യത്തില്‍ നിന്ന് പ്രയോജനം നേടുകയും ഒരുമിച്ച് പുരോഗമിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, വൈകാരികമോ ഭൂമിശാസ്ത്രപരമോ ആയ എല്ലാ വിടവുകളും നികത്താന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. പണ്ടും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് നല്‍കിയിരുന്നു, എന്നാല്‍ ഇന്ന് ഓരോ പൈസയും നിങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നു. പണം അതിന്റെ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഫലങ്ങള്‍ ദൃശ്യമാണെന്നും ഞങ്ങള്‍ ഉറപ്പാക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രാദേശിക തലത്തില്‍ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും അവരിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നില്ല. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിങ്ങളുടെ വോട്ട് ഉപയോഗിച്ച് ജമ്മു കാശ്മീരിന് ഒരു പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ അധികം താമസമില്ല. ജമ്മു കശ്മീര്‍ വീണ്ടും ഒരു സംസ്ഥാനമെന്ന നിലയില്‍ അതിന്റെ ഭാവി രൂപപ്പെടുത്തുന്ന ദിവസം ആസന്നമായിരിക്കുന്നു.

 

സുഹൃത്തുക്കളേ,

ജമ്മു കശ്മീരിന്റെ വികസനത്തിനായി 1500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അല്‍പം മുമ്പ് തുടക്കമിട്ടിരുന്നു. കൂടാതെ, കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1800 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു. ഈ സംരംഭങ്ങള്‍ക്ക് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 40,000 സര്‍ക്കാര്‍ തസ്തികകള്‍ നികത്തി സര്‍ക്കാര്‍ ജോലികളില്‍ അതിവേഗം റിക്രൂട്ട്മെന്റ് നടത്തിയതിന് സംസ്ഥാന ഭരണകൂടത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ പരിപാടിയില്‍ തന്നെ ഏകദേശം 2000 യുവാക്കള്‍ക്ക് ഉദ്യോഗത്തിനായുളള കത്ത് ലഭിച്ചു. കശ്മീരിലെ ലക്ഷക്കണക്കിന് കോടി രൂപയുടെ ഗണ്യമായ നിക്ഷേപം പ്രാദേശിക യുവാക്കള്‍ക്ക് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

റോഡ്, റെയില്‍ കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, വെള്ളം എന്നിവ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് കീഴില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. ജമ്മു കശ്മീരില്‍ പുതിയ ദേശീയ പാതകളും എക്സ്പ്രസ് വേകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, കശ്മീര്‍ താഴ്വര ഇപ്പോള്‍ റെയില്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. വടക്കന്‍ കശ്മീരിലെ ഗുരെസ് താഴ്വര ആദ്യമായി വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. കശ്മീരില്‍ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, കൈത്തറി വ്യവസായം, കായികം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ഉള്‍പ്പെട്ട യുവ സംരംഭകരെ ഞാന്‍ അടുത്തിടെ കണ്ടുമുട്ടി. ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നതിനാല്‍ അവരെ വിശദമായി കേള്‍ക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഞാന്‍ ഇവിടെ എത്താന്‍ താമസിച്ചത്; അവരുടെ ആത്മവിശ്വാസം അവിശ്വസനീയമാം വിധം പ്രചോദനകരമാണ്. പലരും വാഗ്ദാനം ചെയ്ത പഠനങ്ങളും തൊഴില്‍ മേഖലയും ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പുകളിലേക്ക് കടക്കുകയും കാര്യമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ചിലര്‍ രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തങ്ങളുടെ സംരംഭങ്ങള്‍ ആരംഭിച്ചു, ഇതിനകം അവരുടെ പേരുകള്‍ സ്ഥാപിച്ചു. ആയുര്‍വേദം, ഭക്ഷണം, വിവരസാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, ഫാഷന്‍ ഡിസൈന്‍, ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഹോംസ്റ്റേകള്‍ തുടങ്ങി വിവിധ മേഖലകളില്‍ അവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഇതിനര്‍ത്ഥം ജമ്മു കശ്മീരിനുള്ളില്‍ നിരവധി മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകാം എന്നാണ്. സുഹൃത്തുക്കളേ, ജമ്മു കശ്മീരിലെ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കുന്നത് കാണാന്‍ സാധിച്ചത് എനിക്ക് സന്തോഷകരമായ നിമിഷമാണ് നല്‍കിയത്. ഈ യുവസംരംഭകരെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, സ്റ്റാര്‍ട്ടപ്പുകള്‍, നൈപുണ്യ വികസനം, കായികരംഗം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി ജമ്മു കശ്മീര്‍ ഉയര്‍ന്നുവരുന്നു. ജമ്മു കശ്മീരിലേത് അസാധാരണ കായിക പ്രതിഭകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ഞങ്ങള്‍ ചെയ്യുന്ന ക്രമീകരണങ്ങള്‍, പുതിയ കായിക വിനോദങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ ജമ്മു കശ്മീരിലെ യുവാക്കള്‍ അന്താരാഷ്ട്ര കായികരംഗത്ത് മികവ് പുലര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജമ്മു കശ്മീരിലെ കുട്ടികള്‍ നമ്മുടെ രാജ്യത്തിന് മഹത്വം കൊണ്ടുവരും, ഇത് എന്റെ കണ്‍മുന്നില്‍ സംഭവിക്കുന്നത് എനിക്ക് കാണാന്‍ കഴിയും.

 

സുഹൃത്തുക്കളേ,

ഇവിടെ കാര്‍ഷിക മേഖലയില്‍ 70-ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചതായി എനിക്ക് വിവരം ലഭിച്ചു. ഇത് കാര്‍ഷിക രംഗത്തെ വിപ്ലവത്തെ സൂചിപ്പിക്കുന്നു. കൃഷിയെ നവീകരിക്കാനുള്ള പുതുതലമുറയുടെ കാഴ്ചപ്പാടും അവരുടെ ആഗോള വിപണി വീക്ഷണവും ശരിക്കും പ്രചോദനകരമാണ്. സമീപ വര്‍ഷങ്ങളില്‍ 50-ലധികം ഡിഗ്രി കോളേജുകള്‍ ഇവിടെ സ്ഥാപിതമായി. ഇത് ചെറിയ കാര്യമല്ല. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കഴിഞ്ഞ 50-60 വര്‍ഷത്തെ പുരോഗതിയെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്, വ്യക്തമായ വ്യത്യാസം വെളിവാക്കുന്നു. പോളിടെക്നിക്കുകളിലെ വര്‍ധിച്ച സീറ്റുകള്‍ പ്രാദേശിക യുവാക്കള്‍ക്ക് പുതിയ നൈപുണ്യം നേടാനുള്ള അവസരമൊരുക്കി. ഇന്ന് ജമ്മു കശ്മീരില്‍ ഒരു ഐഐടിയും ഐഐഎമ്മും ഉണ്ട്. കൂടാതെ, എയിംസ് നിര്‍മ്മാണത്തിലാണ്, കൂടാതെ നിരവധി പുതിയ മെഡിക്കല്‍ കോളേജുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലും പ്രാദേശിക തലത്തില്‍ കഴിവുകള്‍ വികസിപ്പിക്കുന്നുണ്ട്. ടൂറിസ്റ്റ് ഗൈഡുകള്‍ക്കായുള്ള ഓണ്‍ലൈന്‍ കോഴ്സുകളും സ്‌കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും യൂത്ത് ടൂറിസം ക്ലബ്ബുകള്‍ സ്ഥാപിക്കലും എല്ലാം ഇന്ന് കശ്മീരില്‍ വിപുലമായി നടക്കുന്നുണ്ട്.

 

സുഹൃത്തുക്കളേ,

ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കശ്മീരിലെ പെണ്‍മക്കള്‍ക്ക് കാര്യമായ നേട്ടമുണ്ട്. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് ടൂറിസം, ഐടി, മറ്റ് കഴിവുകള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ കാമ്പെയ്നുകള്‍ നടത്തുന്നു. രണ്ട് ദിവസം മുമ്പാണ് 'കൃഷി സഖി' പരിപാടി ആരംഭിച്ചത്, ഇന്ന് ജമ്മു കശ്മീരില്‍ 1200 ലധികം സ്ത്രീകള്‍ 'കൃഷി സഖി'കളായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ജമ്മു കശ്മീരിലെ പെണ്‍മക്കള്‍ നമോ ഡ്രോണ്‍ ദീദി യോജനയ്ക്ക് കീഴില്‍ പരിശീലനം നേടുകയും പൈലറ്റുമാരാകുകയും ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ ഡല്‍ഹിയില്‍ ഈ പദ്ധതി ആരംഭിച്ചപ്പോള്‍, ജമ്മു കശ്മീരിലെ ഡ്രോണ്‍ ദിദികളും പങ്കെടുത്തിരുന്നു. ഈ സംരംഭങ്ങള്‍ കശ്മീരിലെ സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള 3 കോടി സ്ത്രീകളെ 'ലക്ഷപതി ദീദികള്‍' ആക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ ഗവണ്‍മെന്റ് അതിവേഗം നീങ്ങുകയാണ്.

സഹോദരീ സഹോദന്‍മാരേ,

വിനോദസഞ്ചാരത്തിലും കായികരംഗത്തും ഒരു വലിയ ആഗോള ശക്തിയായി ഭാരതം മുന്നേറുകയാണ്, ജമ്മു കശ്മീരിന് ഈ രണ്ട് മേഖലകളിലും വലിയ സാധ്യതകളുണ്ട്. ഇന്ന് ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും മികച്ച കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു. ഏകദേശം 100 ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുന്നു, ഏകദേശം 4,500 യുവാക്കളെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നു, ഇത് ഗണ്യമായ സംഖ്യയാണ്. ശൈത്യകാല കായിക വിനോദങ്ങളുടെ കാര്യത്തില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ശൈത്യകാല കായിക തലസ്ഥാനമായി മാറുകയാണ്. ഫെബ്രുവരിയില്‍ ഇവിടെ നടന്ന നാലാമത് ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസില്‍ രാജ്യത്തുടനീളമുള്ള 800-ലധികം കളിക്കാര്‍ പങ്കെടുത്തു. ഇത്തരം പരിപാടികള്‍ ഭാവിയില്‍ ഈ മേഖലയില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് വഴിയൊരുക്കും.

സുഹൃത്തുക്കളേ,

ഈ പുത്തന്‍ തീക്ഷ്ണതയ്ക്കും ഉത്സാഹത്തിനും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! എന്നിരുന്നാലും, സമാധാനത്തിനും മനുഷ്യത്വത്തിനും എതിരായവര്‍ ജമ്മു കശ്മീരിന്റെ പുരോഗതിയില്‍ അതൃപ്തരാണ്. വികസനം തടയാനും സമാധാനം തകര്‍ക്കാനുമുള്ള അവസാന ശ്രമമാണ് അവര്‍ നടത്തുന്നത്. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജമ്മു കശ്മീര്‍ ഭരണകൂടവുമായി സഹകരിച്ച് എല്ലാ ക്രമീകരണങ്ങളും ആഭ്യന്തര മന്ത്രി അവലോകനം ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ ശത്രുക്കളെ നേരിടുന്നതില്‍ ഒരു സാധ്യതയും നഷ്ടപ്പെടുത്തില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ജമ്മു കശ്മീരിലെ പുതിയ തലമുറ ശാശ്വത സമാധാനം ആസ്വദിക്കും. ജമ്മു കശ്മീര്‍ തിരഞ്ഞെടുത്ത പുരോഗതിയുടെ പാത ഞങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരും. ഈ പുതിയ പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. നാളെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം ശ്രീനഗറില്‍ നിന്ന് ലോകമെമ്പാടും എത്തിക്കും. ഇതിലും മനോഹരമായ ഒരു സന്ദര്‍ഭം മറ്റെന്തുണ്ട്? എന്റെ ശ്രീനഗര്‍ വീണ്ടും ആഗോളതലത്തില്‍ തിളങ്ങും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi