ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം തുടങ്ങിയ മേഖലകളിൽ മധ്യപ്രദേശിലുടനീളം 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതി ആരംഭിച്ചു
“മധ്യപ്രദേശിലെ ഇരട്ട എൻജിൻ ഗവണ്മെന്റ് ജനങ്ങളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ്”
“സംസ്ഥാനങ്ങൾ വികസിക്കുമ്പോൾ മാത്രമേ ഇന്ത്യ വികസിക്കൂ”
“ഇന്ത്യ വികസിത രാഷ്ട്രമായി മാറുമ്പോൾ ഉജ്ജയിനിലെ വിക്രമാദിത്യ വേദഘടികാരം ‘കാലചക്ര’ത്തിനു സാക്ഷ്യം വഹിക്കും”
“ഇരട്ട എൻജിൻ ഗവണ്മെന്റ് ഇരട്ടിവേഗത്തിലാണു വികസന പ്രവർത്തനങ്ങൾ നടത്തുന്നത്”
“ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിൽ ഗവണ്മെന്റ് വലിയ ഊന്നൽ നൽകുന്നു”
“മധ്യപ്രദേശിലെ ജലസേചന മേഖലയിൽ വിപ്ലവത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്”
“കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ലോകമെമ്പാടും ഇന്ത്യയുടെ പ്രശസ്തി വളരെയധികം വർധിച്ചു”
“യുവാക്കളുടെ സ്വപ്നങ്ങളാണു മോദിയുടെ ദൃഢനിശ്ചയം”

നമസ്കാരം!

‘വികസിത സംസ്ഥാനത്തിലൂടെ വികസിത ഇന്ത്യയിലേക്ക്’ യജ്ഞത്തിൽ ഇന്നു നാം മധ്യപ്രദേശിൽനിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ ചർച്ച ചെയ്യുന്നതിനുമുമ്പ്, ഡിണ്ഡോരി റോഡപകടത്തിൽ ഞാൻ ദുഃഖം രേഖപ്പെടുത്തുന്നു. ഈ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ എനിക്കു സഹതാപമുണ്ട്. പരിക്കേറ്റവർക്കു ഗവണ്മെന്റ് ചികിത്സ നൽകുന്നുണ്ട്. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ ഞാൻ മധ്യപ്രദേശിലെ ജനങ്ങൾക്കൊപ്പമാണ്.

സുഹൃത്തുക്കളേ,

ഇപ്പോൾ, ‘വികസിത മധ്യപ്രദേശ്’ എന്ന ദൃഢനിശ്ചയത്തോടെ, മധ്യപ്രദേശിലെ ഓരോ ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിനു സുഹൃത്തുക്കളേ സന്നിഹിതരാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും സമാനമായ രീതിയിൽ വികസിപ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. സംസ്ഥാനങ്ങൾ വികസിക്കുമ്പോൾ മാത്രമേ ഭാരതം വികസിക്കൂ. ഇന്ന്, മധ്യപ്രദേശ് ഈ ‘സങ്കൽപ്പ് യാത്ര’യുടെ (ദൃഢനിശ്ചയത്തിന്റെ യാത്രയുടെ) ഭാഗമാകുകയാണ്. ഞാൻ നിങ്ങളെ ഏവരെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഒമ്പതുദിവസത്തെ വിക്രമോത്സവത്തിനു നാളെ മധ്യപ്രദേശിൽ തുടക്കമാകും. ഇതു നമ്മുടെ മഹത്തായ പൈതൃകത്തിന്റെയും വർത്തമാനകാലവികസനത്തിന്റെയും ആഘോഷമാണ്. ‘വിരാസത്’ (പൈതൃകം), ‘വികാസ്’ (വികസനം) എന്നിവയുമായി നമ്മുടെ ഗവണ്മെന്റ് എങ്ങനെ മുന്നോട്ടുപോകുന്നു എന്നതിന്റെ തെളിവ് ഉജ്ജയിനിൽ സ്ഥാപിച്ചിരിക്കുന്ന വേദഘടികാരത്തിലും കാണാം. ബാബ മഹാകാൽ നഗരം ഒരുകാലത്തു ലോകത്തിന്റെയാകെ സമയം കണക്കുകൂട്ടുന്ന കേന്ദ്രമായിരുന്നു. എന്നാൽ ആ പ്രാധാന്യം വിസ്മരിക്കപ്പെട്ടു. ഇപ്പോൾ ഞങ്ങൾ ലോകത്തിലെ ആദ്യത്തെ “വിക്രമാദിത്യ വേദഘടികാരം” പുനഃസ്ഥാപിച്ചു. ഇതു നമ്മുടെ സമൃദ്ധമായ ഭൂതകാലത്തെ ഓർക്കാനുള്ള സന്ദർഭം മാത്രമല്ല, ഭാരതത്തെ വികസിപ്പിക്കുന്ന കാലചക്രത്തിന്റെ വഴിത്തിരിവിനു സാക്ഷ്യം വഹിക്കാനും പോകുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, മധ്യപ്രദേശിലെ എല്ലാ ലോക്‌സഭാമണ്ഡലങ്ങളിലുമായി ഏകദേശം 17,000 കോടി രൂപയുടെ വികസനപദ്ധതികൾ ലഭിച്ചു. കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. വൈദ്യുതി, റോഡുകൾ, റെയിൽവേ, കായിക സൗകര്യങ്ങൾ, സാമൂഹ്യകേന്ദ്രങ്ങൾ, മറ്റു വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ അവ ഉൾക്കൊള്ളുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പു മധ്യപ്രദേശിലെ മുപ്പതിലധികം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇരട്ട എൻജിൻ ബിജെപി ഗവണ്മെന്റ് വികസനം ഇരട്ടിവേഗത്തിലാണു മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ പദ്ധതികൾ മധ്യപ്രദേശിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് നിങ്ങൾക്കേവർക്കും അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

ഇന്ന്, എല്ലായിടത്തും കേൾക്കുന്ന ഒരു കാര്യം ഇതാണ്—‘അബ്കീ ബാർ, 400 പാർ, അബ്കീ ബാർ, 400 പാർ (ഇത്തവണ 400 സീറ്റുകൾക്കപ്പുറം)!’ തങ്ങളുടെ പ്രിയപ്പെട്ട ഗവണ്മെന്റിന്റെ തിരിച്ചുവരവിനായി ജനങ്ങൾ തന്നെ ഇത്തരമൊരു മുദ്രാവാക്യം ഉയർത്തുന്നത് ഇതാദ്യമാണ്. ഈ മുദ്രാവാക്യം നൽകിയത് ബിജെപിയല്ല; രാജ്യത്തെ ജനങ്ങളാണ്. മോദിയുടെ ഉറപ്പുകളിൽ രാഷ്ട്രത്തിനുള്ള അപാരമായ വിശ്വാസമാണ് ഇതു കാണിക്കുന്നത്.

പക്ഷേ, സുഹൃത്തുക്കളേ,

മൂന്നാം തവണയും ഗവണ്മെന്റ് രൂപീകരിക്കുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റാനാണു ഞങ്ങൾ മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഗവണ്മെന്റ് രൂപീകരിക്കുക എന്നതു ഞങ്ങളുടെ ആത്യന്തിക ലക്ഷ്യമല്ല; ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗവണ്മെന്റ് രൂപീകരിക്കുന്നതു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഉപാധിയാണ്. മധ്യപ്രദേശിലും ഇതു നാം കാണുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിങ്ങൾ ഞങ്ങൾക്കു തുടർച്ചയായി അവസരങ്ങൾ നൽകുന്നു. പുതിയ ഗവണ്മെന്റ് രൂപീകരിച്ചതുമുതൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വികസനത്തിനായുള്ള ഉത്സാഹവും ആവേശവും ഇന്നും നിങ്ങൾ കണ്ടതാണ്. ഇപ്പോൾ, എന്റെ മുന്നിലുള്ള സ്ക്രീനിലേക്കു നോക്കുമ്പോൾ, ഞാൻ എല്ലായിടത്തും ജനങ്ങളെ കാണുന്നു. ഇരുനൂറിലധികം ഇടങ്ങളിലായി 15 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന, വിദൂരദൃശ്യസംവിധാനത്തിലൂടെ നടക്കുന്ന ഈ പരിപാടി അസാധാരണമായ ഒന്നാണ്. ഉത്സാഹവും ആവേശവും തീക്ഷ്ണതയും കണ്ട്, മധ്യപ്രദേശിലെ സഹോദരങ്ങളുടെ സ്നേഹത്തെ ഒരിക്കൽകൂടി ഞാൻ അഭിവാദ്യം ചെയ്യുകയും നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിവയുടെ കാര്യത്തിലും ‘വികസിത മധ്യപ്രദേശി’നുവേണ്ടി ഇരട്ട എൻജിൻ ഗവണ്മെന്റ് വലിയ ഊന്നൽ നൽകുന്നു. നർമദ നദിയിലെ മൂന്നു ജലപദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ഇന്നു നടന്നു. ഈ പദ്ധതികൾ കുടിവെള്ളപ്രശ്‌നം പരിഹരിക്കുക മാത്രമല്ല, ഗോത്രവർഗമേഖലകൾക്കു ജലസേചനം നൽകുകയും ചെയ്യും. മധ്യപ്രദേശിലെ ജലസേചനമേഖലയിൽ പുതിയ വിപ്ലവത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്. കെൻ-ബേത്വ ലിങ്ക് പദ്ധതി ബുന്ദേൽഖണ്ഡിലെ ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ പോകുന്നു. കർഷകന്റെ പാടങ്ങളിൽ വെള്ളമെത്തുമ്പോൾ ഇതിലും വലിയ സേവനം മറ്റെന്താണ്? ബിജെപി ഗവണ്മെന്റും കോൺഗ്രസ് ഗവണ്മെന്റും തമ്മിലുള്ള വ്യത്യാസം ജലസേചനംപോലുള്ള പദ്ധതികളിൽ പ്രകടമാണ്. 2014നു മുമ്പുള്ള പത്തുവർഷം രാജ്യത്ത് ഏകദേശം 40 ലക്ഷം ഹെക്ടറിലാണു കണികാജലസേചനം കൊണ്ടുവന്നത്. എന്നാൽ, ഞങ്ങളുടെ കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിൽ ഇത് ഇരട്ടിയാക്കി. ഏകദേശം 90 ലക്ഷം ഹെക്ടർ കൃഷിഭൂമി കണികാജലസേചനവുമായി ബന്ധിപ്പിച്ചു. ബിജെപി ഗവണ്മെന്റിന്റെ മുൻഗണനയാണ് ഇതു കാണിക്കുന്നത്. ബി.ജെ.പി ഗവണ്മെന്റ് എന്നാൽ വേഗവും പുരോഗതിയുമാണെന്ന് ഇതു കാണിക്കുന്നു.

സുഹൃത്തുക്കളേ,

ചെറുകിട കർഷകരുടെ മറ്റൊരു പ്രധാന ആശങ്ക സംഭരണസൗകര്യങ്ങളുടെ അഭാവമാണ്. തൽഫലമായി, ചെറുകിട കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ തുച്ഛമായ വിലയ്ക്കു വിൽക്കാൻ നിർബന്ധിതരായി. സംഭരണവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയിലാണു ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. സമീപഭാവിയിൽ രാജ്യത്തുടനീളം ആയിരക്കണക്കിനു വലിയ പണ്ടകശാലകൾ നിർമിക്കപ്പെടും. ഇതു രാജ്യത്ത് 700 ലക്ഷം മെട്രിക് ടൺ ധാന്യങ്ങളുടെ സംഭരണശേഷി സൃഷ്ടിക്കും. ഈ പദ്ധതിക്കായി 1.25 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കാനാണു ഗവണ്മെന്റ് ആലോചിക്കുന്നത്.

സുഹൃത്തുക്കളേ,

ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിനു നമ്മുടെ ഗവണ്മെന്റ് കാര്യമായ ഊന്നൽ നൽകുന്നു. ഇതിനായി സഹകരണസംഘങ്ങൾ വിപുലീകരിക്കുന്നു. ക്ഷീര-കരിമ്പു മേഖലകളിലെ സഹകരണസംഘങ്ങളുടെ നേട്ടങ്ങളാണ് ഇതുവരെ നാം കണ്ടത്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം തുടങ്ങി എല്ലാ മേഖലകളിലും സഹകരണ സംഘങ്ങൾക്കു ബിജെപി ഗവണ്മെന്റ് ഊന്നൽ നൽകുന്നു. ഇതിനായി ലക്ഷക്കണക്കിനു ഗ്രാമങ്ങളിൽ സഹകരണസംഘങ്ങളും സ്ഥാപനങ്ങളും രൂപീകരിക്കുന്നുണ്ട്. കൃഷി, മൃഗപരിപാലനം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി തുടങ്ങി എല്ലാ മാർഗങ്ങളിലൂടെയും ഗ്രാമങ്ങളുടെ വരുമാനം വർധിപ്പിക്കാനാണു ശ്രമം.

സുഹൃത്തുക്കളേ,

മുൻകാലങ്ങളിൽ, ഗ്രാമങ്ങളുടെ വികസനത്തിലെ മറ്റൊരു പ്രധാന പ്രശ്നം ഗ്രാമത്തിന്റെ ഭൂമിയുടെയും വസ്തുവകകളുടെയും പേരിലുള്ള നിരവധി തർക്കങ്ങളായിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ചെറിയ ജോലികൾക്കായി ഗ്രാമവാസികൾക്കു താലൂക്ക് ഓഫീസുകളിലേക്കു പലകുറി പോകേണ്ടി വന്നു. ഇപ്പോൾ, നമ്മുടെ ഇരട്ട എൻജിൻ ഗവണ്മെന്റ് പിഎം സ്വാമിത്വ യോജനയിലൂടെ ഇത്തരം പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം നൽകുന്നു. സ്വാമിത്വ യോജനയ്ക്കു കീഴിൽ മധ്യപ്രദേശ് വളരെ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. മധ്യപ്രദേശിലെ നൂറുശതമാനം ഗ്രാമങ്ങളിലും ഡ്രോണുകൾവഴി സർവേ നടത്തി. 20 ലക്ഷത്തിലധികം സ്വാമിത്വ (ഉടമസ്ഥാവകാശ) കാർഡുകൾ ഇതിനകം വിതരണം ചെയ്തു. ഗ്രാമീണഭവനങ്ങൾക്കായുള്ള ഈ നിയമപരമായ രേഖകൾ വിവിധ തർക്കങ്ങളിൽനിന്നു പാവപ്പെട്ടവരെ സംരക്ഷിക്കും. പാവപ്പെട്ടവരെ എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കുക എന്നതു മോദിയുടെ ഉറപ്പാണ്. ഇന്ന്, മധ്യപ്രദേശിലെ 55 ജില്ലകളിലും സൈബർ തഹസിൽ പരിപാടി വിപുലീകരിക്കുകയാണ്. ഇനി, കൈമാറ്റം, രജിസ്ട്രി എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ തീർപ്പു ഡിജിറ്റലായി നടത്തും. ഇതു ഗ്രാമീണ കുടുംബങ്ങളുടെ സമയവും ചെലവും ലാഭിക്കും.

 

സുഹൃത്തുക്കളേ,

രാജ്യത്തെ പ്രമുഖ വ്യവസായകേന്ദ്രമായി മധ്യപ്രദേശ് മാറണമെന്നാണു യുവാക്കളുടെ ആഗ്രഹം. ഓരോ യുവാക്കളോടും, പ്രത്യേകിച്ച് ആദ്യമായി വോട്ടുചെയ്യുന്നവരോട്, നിങ്ങൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു ബിജെപി ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് എനിക്കു പറയാനാകും. നിങ്ങളുടെ സ്വപ്നങ്ങളാണു മോദിയുടെ ദൃഢനിശ്ചയം. മധ്യപ്രദേശ് ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ), മേക്ക് ഇൻ ഇന്ത്യ എന്നിവയുടെ കരുത്തുറ്റ സ്തംഭമായി മാറും. മുറേനയിലെ സീതാപുരിലെ ബൃഹദ് ലെതർ-പാദരക്ഷാ കേന്ദ്രം, ഇന്ദോറിലെ റെഡിമെയ്ഡ് വസ്ത്രവ്യവസായ പാർക്ക്, മന്ദ്സോറിലെ വ്യവസായ പാർക്കുകളുടെ വിപുലീകരണം, ധാറിലെ പുതിയ വ്യവസായ പാർക്ക് നിർമാണം തുടങ്ങിയ സംരംഭങ്ങൾ ഈ ദിശയിലേക്കുള്ള ചുവടുകളാണ്. ഉൽപ്പാദനരംഗത്തെ നമ്മുടെ പരമ്പരാഗത ശക്തിയെ കോൺഗ്രസ് ഗവണ്മെന്റുകൾ തകർത്തു. കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന വലിയൊരു പാരമ്പര്യം ഇവിടെ ഉണ്ടായിരുന്നു. എന്നിരുന്നാലും, കുറച്ചുവർഷങ്ങൾക്കു മുമ്പു വരെ, നമ്മുടെ വിപണികളും വീടുകളും വിദേശ കളിപ്പാട്ടങ്ങളാൽ നിറഞ്ഞിരുന്നു. കളിപ്പാട്ട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ പരമ്പരാഗത കൂട്ടാളികളായ വിശ്വകർമ കുടുംബങ്ങളെ ഞങ്ങൾ സഹായിച്ചു. ഇന്നു വിദേശത്തുനിന്നുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. വാസ്തവത്തിൽ, ഞങ്ങൾ ഇറക്കുമതി ചെയ്തതിനേക്കാൾ കൂടുതൽ കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യുന്നു. ബുധ്നിയിൽ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന ഞങ്ങളുടെ കൂട്ടാളികൾക്കു ധാരാളം അവസരങ്ങളുണ്ട്. ബുധ്നിയിൽ ഇന്ന് ആരംഭിച്ച പദ്ധതികൾ കളിപ്പാട്ട നിർമാണത്തെ ശക്തിപ്പെടുത്തും.

സഹോദരീ സഹോദരന്മാരേ,

ആരും ശ്രദ്ധിക്കാത്തവരെയാണു മോദി പരിപാലിക്കുന്നത്. രാജ്യത്തു നമ്മുടെ പരമ്പരാഗത കൂട്ടാളികളുടെ കഠിനാധ്വാനം പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം ഇപ്പോൾ മോദി ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തും ലോകമെമ്പാടും നിങ്ങളുടെ കലയും കഴിവുകളും ഞാൻ പ്രോത്സാഹിപ്പിക്കുന്നു; അതു തുടർന്നുമുണ്ടാകും. കുടിൽ വ്യവസായങ്ങൾ കൈകൊണ്ടു നിർമിച്ച ഉൽപ്പന്നങ്ങൾ ഞാൻ വിദേശ അതിഥികൾക്കു സമ്മാനമായി നൽകുമ്പോൾ, നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ഞാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. പ്രാദേശികമായതിനുവേണ്ടി ശബ്ദമുയർത്തുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോൾ, നിങ്ങളുടെ ശോഭനമായ ഭാവിക്കായി ഞാൻ എല്ലാ വീടുകളിലും എത്തിച്ചേരുകയാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10 വർഷത്തിനിടെ ഭാരതത്തിന്റെ യശസ് ലോകമെമ്പാടും ഗണ്യമായി വർധിച്ചു. ഇന്ന് ലോകരാജ്യങ്ങൾ ഭാരതവുമായി ചങ്ങാത്തം കൂടാൻ ഇഷ്ടപ്പെടുന്നു. വിദേശത്തു പോകുന്ന ഏതൊരു ഇന്ത്യക്കാരനും വലിയ ബഹുമാനമാണു ലഭിക്കുന്നത്. ഭാരതത്തിന്റെ വളർച്ചയുടെ നേരിട്ടുള്ള നേട്ടം നിക്ഷേപത്തിലും വിനോദസഞ്ചാരത്തിലും കാണുന്നു. ഇന്ന്, കൂടുതൽ കൂടുതൽ പേർ ഭാരതത്തിലേക്കു വരാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയിലേക്കു വരുമ്പോൾ, അവർ മധ്യപ്രദേശിലേക്കു വരുന്നതു വളരെ സ്വാഭാവികമാണ്. കാരണം മധ്യപ്രദേശ് അതുല്യമാണ്, മധ്യപ്രദേശ് അതിശയകരമാണ്. സമീപ വർഷങ്ങളിൽ, ഓംകാരേശ്വറിലും മംലേശ്വരിലും ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. ഗുരു ശങ്കരാചാര്യരുടെ സ്മരണയ്ക്കായി ഓംകാരേശ്വരത്ത് ‘ഏകാത്മ് ധാ’മിന്റെ വികസനത്തോടെ ഈ സംഖ്യ വർധിച്ചുകൊണ്ടേയിരിക്കും. 2028ൽ ഉജ്ജയിനിൽ സിംഹസ്ഥ കുംഭമേളയും നടക്കാനിരിക്കുകയാണ്. ഇന്ദോറിലെ ഇഛാപുരിൽനിന്ന് ഓംകാരേശ്വരത്തേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണം ഭക്തർക്ക് കൂടുതൽ സൗകര്യം നൽകും. ഇന്ന് നടക്കുന്ന റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും മധ്യപ്രദേശിന്റെ സമ്പർക്കസൗകര്യത്തിനു കരുത്ത് പകരും. സമ്പർക്കസൗകര്യം മെച്ചപ്പെടുമ്പോൾ, കൃഷിയോ വിനോദസഞ്ചാരമോ വ്യവസായമോ ആകട്ടെ, ഏവർക്കും പ്രയോജനപ്പെടും.

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്തുവർഷമായി, നമ്മുടെ സ്ത്രീശാക്തീകരണത്തിനു നാം സാക്ഷ്യംവഹിച്ചു. അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ എല്ലാ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും ലഘൂകരിക്കാൻ ആത്മാർഥശ്രമങ്ങൾ നടത്തുമെന്നു മോദി ഉറപ്പു നൽകിയിരുന്നു. പൂർണസത്യസന്ധതയോടെ ഈ ഉറപ്പു നിറവേറ്റാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, അടുത്ത അഞ്ചുവർഷം നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും അഭൂതപൂർവമായ ശാക്തീകരണത്തിനു സാക്ഷ്യംവഹിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും നിരവധി ‘ലഖ്പതി ദീദിമാർ’ ഉയർന്നുവരും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ‘നമോ ഡ്രോൺ ദീദിമാരാ’യി ഗ്രാമത്തിലെ സഹോദരിമാർ കാർഷികരംഗത്തു പുതിയ വിപ്ലവത്തിന്റെ തുടക്കക്കാരായി മാറും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, നമ്മുടെ സഹോദരിമാരുടെ സാമ്പത്തികസ്ഥിതിയിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടാകും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾ ഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ വരുമാനത്തിൽ അതിവേഗവർധനയ്ക്കു കാരണമായെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നു. നഗരങ്ങളെ അപേക്ഷിച്ചു ഗ്രാമങ്ങളിലെ വരുമാനം അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ 250 ദശലക്ഷംപേർ ദാരിദ്ര്യത്തിൽനിന്നു കരകയറി. ബിജെപി ഗവണ്മെന്റ് ശരിയായ ദിശയിലാണു പ്രവർത്തിക്കുന്നത് എന്നാണ് ഇതിനർഥം. മധ്യപ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങൾ അതിവേഗം കൈവരിക്കുമെന്ന് എനിക്കു പൂർണവിശ്വാസമുണ്ട്. വികസനപദ്ധതികളുടെ പേരിൽ ഒരിക്കൽകൂടി ഞാൻ നിങ്ങളെയേവരെയും അഭിനന്ദിക്കുന്നു. ഇന്നു നിങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഈ പരിപാടിയിൽ ഇത്രയും വലിയ എണ്ണത്തിൽ പങ്കെടുത്തു ചരിത്രം സൃഷ്ടിച്ചു. എല്ലാ സഹോദരീസഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ കൃതജ്ഞത  രേഖപ്പെടുത്തുന്നു.

നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”