എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ അനുരാഗ് ഠാക്കൂര്‍ ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, എന്റെ ദീര്‍ഘകാല സുഹൃത്തും മഹാമന സമ്പൂര്‍ണ വംഗമയിയുടെ ചീഫ് എഡിറ്ററുമായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മഹാമന മാളവ്യ മിഷന്റെ പ്രസിഡന്റ് രാം ബഹദൂര്‍ റായ് ജി, പ്രഭു നാരായണ്‍ ശ്രീവാസ്തവ് ജി തുടങ്ങി വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!
ഒന്നാമതായി, നിങ്ങള്‍ക്കെല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍! ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുന്ന ദിവസമാണ് ഇന്ന്. മഹാമന മദന്‍ മോഹന്‍ മാളവ്യ ജിയുടെ ജന്മദിനമാണ്. അടല്‍ജിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ഈ പവിത്രമായ അവസരത്തില്‍, മഹാമന മാളവ്യ ജിയുടെ പാദങ്ങള്‍ ഞാന്‍ വണങ്ങുകയും അടല്‍ ജിക്ക് ആദരപൂര്‍വമായ പ്രണാമം അര്‍പ്പിക്കുകയും ചെയ്യുന്നു. അടല്‍ജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം സദ്ഭരണ ദിനം ആചരിക്കുകയാണ്. സദ്ഭരണ ദിനത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ്ണ കൃതികളുടെ പ്രകാശനം ഈ ശുഭമുഹൂര്‍ത്തത്തില്‍ അന്തര്‍ലീനമാണ്. മഹാമനയുടെ ചിന്തകളും ആദര്‍ശങ്ങളും അദ്ദേഹത്തിന്റെ ജീവിതവും പ്രതിഫലിപ്പിക്കുന്ന ഈ 'വാങ്മയ്' (ശേഖരം) നമ്മുടെ യുവാക്കളെയും ഭാവി തലമുറകളെയും പരിചയപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി വര്‍ത്തിക്കും. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവും സമകാലിക ചരിത്രവും മനസ്സിലാക്കാനുള്ള ഒരു കവാടം അത് തുറന്നു നല്‍കും. ഗവേഷകര്‍, ചരിത്രവിദ്യാര്‍ത്ഥികള്‍, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവരെ സംബന്ധിച്ചിടത്തോളം ഈ കൃതികള്‍ ഒരു ബൗദ്ധിക നിധിയാണ്.. ബിഎച്ച്യു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകള്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍, ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്, ഭാരതത്തിന്റെ പുരാതന പൈതൃകത്തിന്റെ മൂല്യം എന്നിവയെല്ലാം ഈ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഏറ്റവും പ്രധാനമായി, രാം ബഹദൂര്‍ റായ് ജി പരാമര്‍ശിച്ച ഒരു വാല്യത്തില്‍ മഹാമനയുടെ സ്വകാര്യ ഡയറിയില്‍ നിന്നുള്ള ഉദ്ധരണികള്‍ അടങ്ങിയിരിക്കുന്നു. സമൂഹം, രാഷ്ട്രം, ആത്മീയത തുടങ്ങി എല്ലാ തലങ്ങളിലും ഇന്ത്യന്‍ മനസ്സിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ മഹാമനയുടെ ഡയറിക്ക് കഴിയും.
സുഹൃത്തുക്കളേ, മിഷന്‍ ടീമിനെ എനിക്കറിയാം, നിങ്ങളെല്ലാവരും ഈ പ്രവര്‍ത്തനത്തിനായി വര്‍ഷങ്ങളായി സമര്‍പ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും മാളവ്യയുടെ ആയിരക്കണക്കിന് കത്തുകളും രേഖകളും തിരഞ്ഞ്, അവ ശേഖരിക്കുക, വിശാലമായ പര്യവേക്ഷണം ചെയ്യുക, ഓരോ പേപ്പറും വെളിച്ചത്ത് കൊണ്ടുവരിക, രാജാക്കന്മാരുടെയും മഹാരാജാക്കളുടെയും സ്വകാര്യ ശേഖരങ്ങളില്‍ നിന്ന് പഴയ പേപ്പറുകള്‍ ശേഖരിക്കുക. ഒരു കഠിനമായ ജോലി എന്നതിനുപരി അഗാധമായ പരിശ്രമത്തിന്റെ ഫലമാണ് ഈ 11 വാല്യങ്ങളുള്ള ഈ സമ്പൂര്‍ണ ശേഖരത്തിന്റെ രൂപത്തില്‍ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ഈ മഹത്തായ ഉദ്യമത്തിന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, മഹാമാന മാളവ്യ മിഷന്‍, രാം ബഹദൂര്‍ റായ് ജി എന്നിവരെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ഗ്രന്ഥശാലകളില്‍ നിന്നും മഹാമനയുമായി ബന്ധപ്പെട്ട കുടുംബങ്ങളില്‍ നിന്നുമുള്ള നിരവധി വ്യക്തികളും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആ ആളുകളെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
മഹാമനയെപ്പോലുള്ള വ്യക്തികള്‍ നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ ജനിക്കുന്നു. ഓരോ നിമിഷവും, ഓരോ സമയത്തും, വരും തലമുറകളിലും അവ നമ്മെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. നിരവധി തലമുറകളായി പരന്നുകിടക്കുന്ന മഹാമനയോട് ഭാരതം കടപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും കഴിവിലും അദ്ദേഹം തന്റെ കാലത്തെ ഏറ്റവും വലിയ പണ്ഡിതന്മാര്‍ക്ക് തുല്യനായിരുന്നു. ആധുനിക ചിന്തയുടെയും പുരാതന പാരമ്പര്യങ്ങളുടെയും സമന്വയമായിരുന്നു അദ്ദേഹം! സ്വാതന്ത്ര്യസമരത്തില്‍ കാര്യമായ പങ്കുവഹിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആത്മീയ ആത്മാവിനെ ഉണര്‍ത്താനും അദ്ദേഹം സജീവമായി സംഭാവന ചെയ്തു! അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ഒരു വശം വര്‍ത്തമാനകാലത്തെ വെല്ലുവിളികളെക്കുറിച്ചാണെങ്കില്‍, മറ്റൊന്ന് ഭാവി കെട്ടിപ്പടുക്കുന്നതില്‍ സമര്‍പ്പിതമാണ്! മഹാമന, താന്‍ ഏത് വേഷം വഹിച്ചാലും, 'നേഷന്‍ ഫസ്റ്റ്' എന്നതിന് മുന്‍ഗണന നല്‍കി. രാജ്യത്തിനുവേണ്ടി ഏറ്റവും ശക്തരായ ശക്തികളുമായി അദ്ദേഹം പടവെട്ടി. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും അദ്ദേഹം രാജ്യത്തിന് സാധ്യതകളുടെ വിത്ത് പാകി. മഹാമനയുടെ അത്തരം നിരവധി സംഭാവനകളുണ്ട്, അവ ഇപ്പോള്‍ സമ്പൂര്‍ണ്ണ സമാഹാരത്തിന്റെ 11 വാല്യങ്ങളിലൂടെ ആധികാരികമായി വെളിച്ചത്തു വരും. അദ്ദേഹത്തിന് ഭാരതരത്നം നല്‍കിയത് എന്റെ സര്‍ക്കാരിന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. എനിക്ക് വ്യക്തിപരമായി, മഹാമന മറ്റൊരു കാരണത്താല്‍ പ്രത്യേകത അര്‍ഹിക്കുന്നു. അദ്ദേഹത്തെപ്പോലെ എനിക്കും കാശിയെ സേവിക്കാന്‍ ദൈവം അവസരം നല്‍കിയിട്ടുണ്ട്. 2014-ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍, മഹാമാന ജിയുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നു നിര്‍ദ്ദേശിച്ചതെന്നതും എന്റെ ഭാഗ്യമാണ്. മഹാമനന് കാശിയില്‍ അഗാധമായ വിശ്വാസമുണ്ടായിരുന്നു. ഇന്ന് കാശി അതിന്റെ പൈതൃകത്തിന്റെ പ്രൗഢി വീണ്ടെടുത്ത് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുകയാണ്.
എന്റെ കുടുംബാംഗങ്ങളേ,
അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മോചനം നേടിയ രാജ്യം അതിന്റെ പൈതൃകത്തില്‍ അഭിമാനിക്കുകയും സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തില്‍ മുന്നേറുകയും ചെയ്യുന്നു. നമ്മുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളിലും എവിടെയെങ്കിലും മാളവ്യയുടെ ചിന്തകളുടെ സാരം നിങ്ങള്‍ക്ക് അനുഭവപ്പെടും. ആധുനിക ശരീരം അതിന്റെ പ്രാചീനമായ ആത്മാവിനെ സംരക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ദര്‍ശനമാണ് മാളവ്യ ജി നമുക്ക് നല്‍കിയത്. ബ്രിട്ടീഷുകാരെ എതിര്‍ക്കുമ്പോള്‍ വിദ്യാഭ്യാസം ബഹിഷ്‌കരിക്കുക എന്ന ആശയം ഉയര്‍ന്നപ്പോള്‍, മാളവ്യ ജി ആ സങ്കല്‍പ്പത്തിന് എതിരായി നിന്നു. അദ്ദേഹം ആ ആശയത്തിന് എതിരായിരുന്നു. വിദ്യാഭ്യാസം ബഹിഷ്‌കരിക്കുന്നതിന് പകരം ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിലേക്കാണ് നാം നീങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രസകരമെന്നു പറയട്ടെ, അദ്ദേഹം ഈ ഉത്തരവാദിത്തം ഏറ്റെടുക്കുക മാത്രമല്ല, രാജ്യത്തിന് ബനാറസ് ഹിന്ദു സര്‍വകലാശാലയെ ഒരു അഭിമാനകരമായ സ്ഥാപനമായി നല്‍കുകയും ചെയ്തു. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന യുവാക്കളെ ബനാറസ് ഹിന്ദു സര്‍കലാശാലയിലേക്ക് വരാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇംഗ്ലീഷില്‍ വലിയ പണ്ഡിതനായിരുന്നിട്ടും മഹാമന ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടി ശക്തമായി വാദിച്ചു. പേര്‍ഷ്യനും ഇംഗ്ലീഷും രാജ്യത്തിന്റെ ഭരണത്തിലും കോടതികളിലും ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിനെതിരെയും മാളവ്യ ജി ശബ്ദമുയര്‍ത്തി. അദ്ദേഹത്തിന്റെ ശ്രമഫലമായി, ദേവനാഗരി ലിപിയുടെ ഉപയോഗം പ്രചാരം നേടുകയും ഇന്ത്യന്‍ ഭാഷകള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. ഇന്ന് രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാളവ്യ ജിയുടെ ശ്രമങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണാം. ഞങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു. കോടതികളില്‍ ഇന്ത്യന്‍ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നതും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ ജോലി പൂര്‍ത്തിയാക്കാന്‍ രാജ്യത്തിന് 75 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തിന്റെയും ശക്തി അതിന്റെ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലാണ്. മാളവ്യ ജി തന്റെ ജീവിതകാലത്ത് ദേശീയ വ്യക്തിത്വങ്ങളുടെ വികസനം നടന്ന അത്തരം നിരവധി സ്ഥാപനങ്ങള്‍ സൃഷ്ടിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയെക്കുറിച്ച് ലോകം അറിയുമ്പോള്‍, മഹാമാന ജിയും മറ്റ് നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് നാം അറിയണം.. ഹരിദ്വാറിലെ ഋഷികുല ബ്രഹ്‌മചാര്യ ആശ്രമമോ, പ്രയാഗ്രാജിലെ ഭാരതി ഭവന്‍ ലൈബ്രറിയോ, ലാഹോറിലെ സനാതന്‍ ധര്‍മ്മ മഹാവിദ്യാലയമോ ആകട്ടെ, മാളവ്യ ജി വിവിധ സ്ഥാപനങ്ങളെ രാഷ്ട്രനിര്‍മ്മാണത്തിനായി സമര്‍പ്പിച്ചു. ആ കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍, രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ ഭാരതം വീണ്ടും ഒന്നിന് പുറകെ ഒന്നായി സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതായി കാണാം. സഹകരണത്തിന്റെ ശക്തിയിലൂടെ രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതിനായി പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ രീതികളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആയുഷ് മന്ത്രാലയം സ്ഥാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിനും ജാംനഗറില്‍ തറക്കല്ലിട്ടു. ശ്രീ അന്നയെ കുറിച്ചുള്ള ഗവേഷണത്തിനായി ഞങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് സ്ഥാപിച്ചു, അതായത്, മില്ലറ്റ്. ഊര്‍ജ മേഖലയിലെ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ആലോചനയ്ക്കായി ഭാരതം അടുത്തിടെ ഗ്ലോബല്‍ ബയോ ഫ്യൂവല്‍ അലയന്‍സ് രൂപീകരിച്ചു. അത് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, ഡിസാസ്റ്റര്‍ റസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്ലോബല്‍ സൗത്ത് ദക്ഷിന്റെ രൂപീകരണം, അല്ലെങ്കില്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, ബഹിരാകാശ മേഖലയ്ക്കായി ഇന്‍-സ്പേസ് സ്ഥാപിക്കല്‍ അല്ലെങ്കില്‍ സാഗര്‍ ഇനിഷ്യേറ്റീവ് എന്നിവയാകട്ടെ. നാവിക മേഖലയായ ഭാരതം ഇന്ന് നിരവധി ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ സ്രഷ്ടാവായി മാറുകയാണ്. ഈ സ്ഥാപനങ്ങള്‍, ഈ സംരംഭങ്ങള്‍, 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന് വേണ്ടി മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ലോകത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നതിനായി പ്രവര്‍ത്തിക്കും.
സുഹൃത്തുക്കളേ,
മഹാമനയും അടല്‍ ജിയും ഒരേ ചിന്താധാരയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാമനയെക്കുറിച്ച് അടല്‍ ജി പറഞ്ഞു, 'സര്‍ക്കാര്‍ സഹായമില്ലാതെ ഒരു വ്യക്തി എന്തെങ്കിലും ചെയ്യാന്‍ പുറപ്പെടുമ്പോള്‍, മഹാമനയുടെ വ്യക്തിത്വം, അവന്റെ സ്വഭാവം, അവന്റെ പാതയെ ഒരു വഴിവിളക്ക് പോലെ പ്രകാശിപ്പിക്കും.' മാളവ്യ ജിയും അടല്‍ ജിയും രാജ്യത്തെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളും വിഭാവനം ചെയ്ത ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഇന്ന് രാജ്യം ഒറ്റക്കെട്ടാണ്. ഞങ്ങള്‍ അതിനെ അടിസ്ഥാനപ്പെടുത്തിയത് നല്ല ഭരണം കൊണ്ടാണ്. സദ്ഭരണം എന്നാല്‍ അധികാര കേന്ദ്രീകൃതമായതിനെക്കാള്‍ സേവന കേന്ദ്രീകൃതമാണ്. വ്യക്തമായ ഉദ്ദേശശുദ്ധിയോടെ, സഹാനുഭൂതിയോടെ നയങ്ങള്‍ രൂപീകരിക്കുമ്പോള്‍... അര്‍ഹരായ ഓരോ വ്യക്തിക്കും യാതൊരു വിവേചനവുമില്ലാതെ അവരുടെ മുഴുവന്‍ അവകാശങ്ങളും ലഭിക്കുമ്പോള്‍. സദ്ഭരണത്തിന്റെ ഈ തത്വം ഇന്ന് നമ്മുടെ സര്‍ക്കാരിന്റെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പൗരന്മാര്‍ പരക്കം പായേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുന്നു. പകരം ഓരോ പൗരന്റെയും അടുത്ത് പോയി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണ്. ഇപ്പോള്‍ ഞങ്ങളുടെ ശ്രമം എല്ലാ സൗകര്യങ്ങളുടെയും പൂര്‍ണത ഉറപ്പാക്കുകയും അത് 100 ശതമാനം നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. ഇതിനായി രാജ്യത്തുടനീളം 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' നടത്തുന്നുണ്ട്. മോദിയുടെ ഗ്യാരന്റി വാഹനം ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തുന്നത് നിങ്ങള്‍ കണ്ടിരിക്കണം. പല പദ്ധതികളുടെയും ഗുണഭോക്താക്കള്‍ക്ക് തത്സമയം ലഭിക്കുന്നുണ്ട്. ഞാനൊരു ഉദാഹരണം പറയാം. ഇന്ന് ഓരോ പാവപ്പെട്ടവര്‍ക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദശലക്ഷക്കണക്കിന് പാവപ്പെട്ട ആളുകള്‍ക്ക് ഈ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, പല മേഖലകളിലും ബോധവല്‍ക്കരണം ഇല്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് ഈ ആയുഷ്മാന്‍ കാര്‍ഡുകള്‍ ലഭിക്കാതായി. ഇപ്പോള്‍, മോദിയുടെ ഗ്യാരന്റി വാഹനം രാജ്യത്ത് 40 ദിവസത്തിനുള്ളില്‍ ഒരു കോടിയിലധികം പുതിയ ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഗുണഭോക്താക്കളെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ആരും പിന്നിലാകരുത്. 'സബ്കാ സാത്ത്, സബ്കാ വികാസ്' -- ഇതാണ് നല്ല ഭരണം.
സുഹൃത്തുക്കളേ,
സത്യസന്ധതയും സുതാര്യതയുമാണ് സദ്ഭരണത്തിന്റെ മറ്റൊരു വശം. കുംഭകോണങ്ങളും അഴിമതിയുമില്ലാതെ സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന ധാരണ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. 2014-ന് മുമ്പ് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികളെക്കുറിച്ച് നമ്മള്‍ ധാരാളം കേട്ടിരുന്നു. എന്നിരുന്നാലും, നമ്മുടെ സര്‍ക്കാര്‍ അതിന്റെ സദ്ഭരണത്തിലൂടെ ആ ആശങ്കകളെ തകര്‍ത്തു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികളെ ചുറ്റിപ്പറ്റിയാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുന്നത്. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ പദ്ധതിക്കായി 4 ലക്ഷം കോടി രൂപയാണ് ഞങ്ങള്‍ ചെലവഴിക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സ്ഥിരമായ വീടുകള്‍ നല്‍കുന്നതിന് 4 ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നു. എല്ലാ വീട്ടിലും പൈപ്പ് വെള്ളമെത്തിക്കാന്‍ 3 ലക്ഷം കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. സത്യസന്ധരായ നികുതിദായകരുടെ ഓരോ രൂപയും ജനങ്ങളുടെ ക്ഷേമത്തിനും രാജ്യതാല്‍പ്പര്യത്തിനും വേണ്ടി ചെലവഴിക്കണം... ഇതാണ് സദ്ഭരണം.
സുഹൃത്തുക്കളേ,
ഇത്രയും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും അതിനനുസരിച്ച് നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഫലം പ്രകടമാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചു എന്നതാണ് ഈ സദ്ഭരണത്തിന്റെ ഫലം.
സുഹൃത്തുക്കളേ,
സഹാനുഭൂതിയില്ലാതെ, ഒരു നല്ല ഭരണം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്ത് 110-ലധികം ജില്ലകള്‍ പിന്നാക്കമായി പരിഗണിക്കപ്പെട്ടു, ഈ 110 ജില്ലകളും പിന്നാക്കം നില്‍ക്കുന്നതിനാല്‍ രാജ്യവും പിന്നാക്കാവസ്ഥയിലായിരിക്കുമെന്ന് വിശ്വസിക്കപ്പെട്ടു. ഒരു ഉദ്യോഗസ്ഥന് ശിക്ഷാ നിയമനം നല്‍കേണ്ടി വന്നപ്പോള്‍ അവരെ ഈ ജില്ലകളിലേക്ക് അയച്ചു. ഈ 110 ജില്ലകളില്‍ ഒന്നും മാറ്റാനാകില്ലെന്നും രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും കണ്ക്കാക്കപ്പെട്ടു. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ ഈ 110 ജില്ലകളെ അഭിലാഷ ജില്ലകളായി പുനര്‍നാമകരണം ചെയ്തു. ഒരു മിഷന്‍ മോഡില്‍ ഈ ജില്ലകളുടെ വികസനത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന്, ഈ അഭിലാഷ ജില്ലകള്‍ വിവിധ വികസന പാരാമീറ്ററുകളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അതേ ആവേശത്തില്‍, ഞങ്ങള്‍ നിലവില്‍ ആസ്പിരേഷനല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ,
ചിന്താഗതിയും സമീപനവും മാറുമ്പോള്‍, ഫലങ്ങള്‍ പിന്തുടരുന്നു. പതിറ്റാണ്ടുകളായി നമ്മുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ അവസാന ഗ്രാമങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളാണിതെന്ന വിശ്വാസം ഞങ്ങള്‍ അവരില്‍ വളര്‍ത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഞങ്ങള്‍ വൈബ്രന്റ് വില്ലേജ് പരിപാടി ആരംഭിച്ചു. ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിക്കുന്നു. എന്റെ ക്യാബിനറ്റ് മന്ത്രിമാര്‍ മുമ്പ് അവസാന ഗ്രാമമായി കണക്കാക്കപ്പെട്ടിരുന്ന ഗ്രാമത്തില്‍ രാത്രി ചെലവഴിക്കണമെന്ന് ഞാന്‍ നിര്‍ബന്ധിതമാക്കി, ഇപ്പോള്‍ ഞാന്‍ അതിനെ ആദ്യത്തെ ഗ്രാമം എന്ന് വിളിക്കുന്നു. ചിലര്‍ 17,000 അടി വരെ ഉയരത്തില്‍ പോയിട്ടുണ്ട്.
ഇന്ന് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ അവിടെയുള്ള ജനങ്ങളിലേക്ക് അതിവേഗം എത്തിച്ചേരുന്നു. ഇത് നല്ല ഭരണമല്ലെങ്കില്‍ പിന്നെ എന്താണ്? രാജ്യത്ത് ഏതെങ്കിലും നിര്‍ഭാഗ്യകരമായ സംഭവമോ ദുരന്തമോ ഉണ്ടാകുമ്പോള്‍, സര്‍ക്കാര്‍ അതിവേഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്നു. മഹാമാരിയിലും ഉക്രെയ്ന്‍ സംഘര്‍ഷത്തിലും ഞങ്ങള്‍ ഇതിന് സാക്ഷ്യം വഹിച്ചു. ലോകത്തെവിടെയും പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, പൗരന്മാരെ രക്ഷിക്കാന്‍ രാജ്യം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. നല്ല ഭരണത്തിന് എനിക്ക് നല്‍കാന്‍ കഴിയുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഭരണത്തിലെ മാറ്റങ്ങള്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നുണ്ട്. തല്‍ഫലമായി, ഇന്ന് ഭാരതത്തില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഒരു പുതിയ വിശ്വാസമുണ്ട്. ഈ വിശ്വാസമാണ് രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തില്‍ പ്രതിഫലിക്കുന്നത്. ഈ ആത്മവിശ്വാസം സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലില്‍' ഒരു 'വികസിത് ഭാരത്' വികസിപ്പിക്കാനുള്ള ഊര്‍ജമായി മാറുകയാണ്.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലില്‍' മഹാമനയുടെയും അടല്‍ ജിയുടെയും തത്ത്വങ്ങള്‍ മാനദണ്ഡങ്ങളായി കണക്കാക്കി 'വികസിത് ഭാരത്' എന്ന സ്വപ്നത്തിനുവേണ്ടി നാം പ്രവര്‍ത്തിക്കണം. രാജ്യത്തെ ഓരോ പൗരനും നിശ്ചയദാര്‍ഢ്യത്തോടെ വിജയത്തിന്റെ പാതയിലേക്ക് തങ്ങളുടെ സമ്പൂര്‍ണ്ണ സമര്‍പ്പണം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തോടെ, മഹാമനയ്ക്ക് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ഒത്തിരി നന്ദി!