മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, അജയ് ഭട്ട് ജി, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാരാ ജി, ഐഎന്‍എ വെറ്ററന്‍ ലെഫ്റ്റനന്റ് ആര്‍ മാധവന്‍ ജി, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ!
പരാക്രം ദിവസ് ആയി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട നേതാജി സുഭാഷ് ചന്ദ്രയുടെ ജന്മദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ആസാദ് ഹിന്ദ് ഫൗജ് വിപ്ലവകാരികളുടെ കരുത്തിന് സാക്ഷ്യം വഹിച്ച ചെങ്കോട്ടയില്‍ ഇന്ന് വീണ്ടും നവോന്മേഷം നിറയുകയാണ്. അമൃതകാലത്തിന്റെ പ്രാരംഭ വര്‍ഷങ്ങളും 'സങ്കല്‍പ് സേ സിദ്ധി'യുടെ രാജ്യവ്യാപകമായ ആവേശവും ഈ പ്രത്യേക നിമിഷവും യഥാര്‍ഥത്തില്‍ അഭൂതപൂര്‍വമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക ബോധത്തില്‍ ഒരു ചരിത്രപരമായ നാഴികക്കല്ലിന് ലോകം മുഴുവന്‍ ഇന്നലെ സാക്ഷ്യം വഹിച്ചു. മഹത്തായ രാമക്ഷേത്രത്തിന്റെ 'പ്രാണപ്രതിഷ്ഠ'യുമായി ബന്ധപ്പെട്ട ഊര്‍ജ്ജവും വികാരങ്ങളും മുഴുവന്‍ ലോകവും മനുഷ്യരാശിയും അനുഭവിച്ചു. ഇന്ന് നമ്മള്‍ മഹാനായ നേതാവ് ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജനുവരി 23 പരാക്രം ദിവസായി പ്രഖ്യാപിച്ചതിനാല്‍, റിപ്പബ്ലിക് ദിനത്തിന്റെ സുപ്രധാന ഉത്സവം ഇപ്പോള്‍ ജനുവരി 23ന് ആരംഭിക്കുകയും ബാപ്പുവിന്റെ ചരമവാര്‍ഷികമായ ജനുവരി 30 വരെ തുടരുകയും ചെയ്യുന്നു. ഇപ്പോഴിതാ, ജനുവരി 22-ലെ മഹത്തായ ആത്മീയ ഉത്സവവും ഈ റിപ്പബ്ലിക് ദിന ആഘോഷത്തോടൊപ്പം ചേര്‍ത്തിരിക്കുന്നു. ജനുവരിയിലെ ഈ അവസാന ദിവസങ്ങള്‍ നമ്മുടെ ആത്മീയവും സാംസ്‌കാരികവുമായ അവബോധത്തിനും നമ്മുടെ ജനാധിപത്യത്തിനും ദേശസ്നേഹത്തിനും വളരെയധികം പ്രചോദനം നല്‍കുന്നവയാണ്. ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു!
സുഹൃത്തുക്കളെ,
ഇന്ന് നേതാജിയുടെ ജീവിതം ചിത്രീകരിക്കുന്ന പ്രദര്‍ശനമുണ്ട്. കലാകാരന്മാര്‍ നേതാജിയുടെ ജീവിതം ഒരു വലിയ ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ ശ്രമത്തില്‍ പങ്കാളികളായ എല്ലാ കലാകാരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അര്‍ഹരായ എന്റെ യുവസുഹൃത്തുക്കളുമായി അല്‍പ്പം മുമ്പ് ഞാന്‍ ഒരു സംഭാഷണം നടത്തിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ അവരിലുള്ള ധൈര്യവും അവരുടെ കഴിവും അമ്പരപ്പിക്കുന്നതാണ്. ഭാരതത്തിലെ യുവാക്കളെ കാണാന്‍ അവസരം കിട്ടുമ്പോഴെല്ലാം, വികസിത ഭാരതത്തിലുള്ള എന്റെ വിശ്വാസം ദൃഢമാകുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ഈ കഴിവുള്ള 'അമൃത' തലമുറയ്ക്ക് വലിയ മാതൃകയാണ്.
സുഹൃത്തുക്കളെ,
ഇന്ന് പരാക്രം ദിവസത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നാണ് ഭാരത് പര്‍വ് ആരംഭിക്കുന്നത്. ഈ ഭാരത് പര്‍വില്‍ അടുത്ത ഒന്‍പതു ദിവസങ്ങളില്‍ റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്‌കാരിക പരിപാടികളിലൂടെയും രാജ്യത്തിന്റെ വൈവിധ്യം പ്രദര്‍ശിപ്പിക്കപ്പെടും. ഭാരത് പര്‍വ്, സുഭാഷ് ചന്ദ്രബോസിന്റെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുന്നു. 'വോക്കല്‍ ഫോര്‍ ലോക്കല്‍' യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉത്സവമാണിത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ ഉത്സവം. വൈവിധ്യങ്ങളോടുള്ള ആദരവിന്റെ ആഘോഷമായ ഇത് 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഈ ഉത്സവത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ആസാദ് ഹിന്ദ് ഫൗജിന്റെ 75-ാം വാര്‍ഷികത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. നേതാജിയുടെ ജീവിതം കഠിനാധ്വാനത്തിന്റെ മാത്രമല്ല, ധീരതയുടെയും പ്രതീകമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം തന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും ബലിയര്‍പ്പിച്ചു. അയാള്‍ക്ക് എളുപ്പമുള്ള ജീവിതം തിരഞ്ഞെടുക്കാമായിരുന്നു, പക്ഷേ അദ്ദേഹം തന്റെ സ്വപ്നങ്ങളെ ഭാരതത്തിന്റെ ദൃഢനിശ്ചയവുമായി യോജിപ്പിച്ചു. വിദേശ ഭരണത്തെ എതിര്‍ക്കുക മാത്രമല്ല, ഇന്ത്യന്‍ നാഗരികതയെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കുകയും ചെയ്ത രാജ്യത്തിന്റെ മഹത്തായ പുത്രന്മാരില്‍ ഒരാളാണ് നേതാജി. ജനാധിപത്യത്തിന്റെ മാതാവ് എന്ന ഭാരതത്തിന്റെ സ്വത്വം അദ്ദേഹം ധീരമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഭാരതത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ച സമയത്ത്, നേതാജി അവരെ ഭാരതത്തിന്റെ ജനാധിപത്യ പൈതൃകവും ചരിത്രവും ഓര്‍മിപ്പിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജനാധിപത്യം ഒരു മാനുഷിക ആശയമാണെന്ന് നേതാജി വാദിച്ചിരുന്നു. ഇന്ന്, ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയില്‍ ഭാരതം അതിന്റെ സ്വത്വത്തില്‍ അഭിമാനിക്കുമ്പോള്‍, അത് നേതാജിയുടെ ആശയങ്ങളെ ശക്തിപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
ഭരണത്തെ മാത്രമല്ല, ചിന്തകളെയും പെരുമാറ്റങ്ങളെയും അടിമപ്പെടുത്താനാകുമെന്ന് നേതാജി മനസ്സിലാക്കി. അങ്ങനെ, ഇതിനെക്കുറിച്ചുള്ള അവബോധം പൊതുവെയും, യുവാക്കളില്‍ പ്രത്യേകിച്ചും, വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടു. നേതാജി ഇന്നത്തെ ഭാരതത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍, യുവഭാരതത്തില്‍ പുതുതായി കണ്ടെത്തപ്പെട്ട അവബോധത്തില്‍ അദ്ദേഹം എത്രമാത്രം സന്തുഷ്ടനാകുമായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. ഇന്നത്തെ യുവാക്കള്‍ക്ക് അവരുടെ സംസ്‌കാരം, മൂല്യങ്ങള്‍, ഭാരതീയത എന്നിവയില്‍ തോന്നുന്ന അഭിമാനം അഭൂതപൂര്‍വമാണ്. ഓരോ യുവ ഇന്ത്യക്കാരനും അവരുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ട്, തങ്ങള്‍ മറ്റാരുമായും തുല്യരാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ഇതുവരെ ആരും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ആ ഭാഗത്ത് നാം ഇറങ്ങി. ശാസ്ത്രീയ പഠനത്തിനായി നാം 15 ലക്ഷം കിലോമീറ്റര്‍ സൂര്യനെ ലക്ഷ്യമാക്കി സഞ്ചരിച്ചു. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. അത് സൂര്യനായാലും കടലിന്റെ ആഴമായാലും എവിടെയും എത്തിച്ചേരുക എന്നത് നമ്മുടെ കഴിവുകള്‍ക്ക് അതീതമല്ല. ആഗോളതലത്തില്‍ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി നമുക്ക് ഉയര്‍ന്നുവരാം. ലോകത്തിലെ വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള കഴിവ് നമുക്കുണ്ട്. ഈ വിശ്വാസം, ഈ ആത്മവിശ്വാസം, ഭാരതത്തിലെ ഇന്നത്തെ യുവാക്കളില്‍ പ്രകടമാണ്. അവര്‍ക്കിടയിലെ ഉണര്‍വ് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ചാലകശക്തിയായി മാറി. അതുകൊണ്ട്, ഇന്നത്തെ യുവജനങ്ങള്‍ 'പഞ്ചപ്രാണന്‍' അല്ലെങ്കില്‍ അഞ്ച് ദൃഢനിശ്ചയങ്ങള്‍ സ്വീകരിക്കുന്നു, അടിമത്തത്തില്‍ നിന്ന് മുക്തമായ ഒരു മാനസികാവസ്ഥയോടെ പ്രവര്‍ത്തിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
നേതാജിയുടെ ജീവിതവും സംഭാവനകളും ഭാരതത്തിലെ യുവജനങ്ങള്‍ക്ക് പ്രചോദനത്തിന്റെ ഉറവയാണ്. കഴിഞ്ഞ ദശകത്തില്‍, ഈ പ്രചോദനം നമ്മുടെ കൂട്ടായ ബോധത്തില്‍ ഓരോ ഘട്ടത്തിലും നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. നേതാജിയുടെ ഒരു പ്രമുഖ പ്രതിമ 'കര്‍തവ്യ പാത'യില്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ത്തവ്യത്തോടുള്ള അചഞ്ചലമായ അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് ഓരോ സന്ദര്‍ശകനെയും ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണത്. ആസാദ് ഹിന്ദ് സര്‍ക്കാര്‍ ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സ്ഥലമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നേതാജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡമാനില്‍ നേതാജിക്ക് സമര്‍പ്പിതമായ ഒരു സ്മാരകം നിര്‍മാണഘട്ടത്തിലാണ്. കൂടാതെ, നേതാജിയുടെയും ആസാദ് ഹിന്ദ് ഫൗജിന്റെയും സംഭാവനകള്‍ ഓര്‍ക്കാനായി ഞങ്ങള്‍ ചെങ്കോട്ടയില്‍ ഒരു മ്യൂസിയം നിര്‍മിച്ചിട്ടുണ്ട്. നേതാജിയുടെ പേരില്‍ ദുരന്തനിവാരണത്തിനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടു. സ്വതന്ത്ര ഭാരതത്തിലെ മറ്റൊരു ഗവണ്‍മെന്റും ചെയ്തിട്ടില്ലാത്ത വിധം, ആസാദ് ഹിന്ദ് ഫൗജിനുള്ള സമര്‍പ്പണമായി സമാനതകളില്ലാത്ത പദ്ധതികള്‍ നമ്മുടെ ഗവണ്‍മെന്റ് ഏറ്റെടുത്തു എന്നത് അംഗീകാരമായി ഞാന്‍ കാണുന്നു.
സുഹൃത്തുക്കളെ,
രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെ നേതാജി തീക്ഷ്ണബുദ്ധിയോടെ തിരിച്ചറിയുകയും അവയെക്കുറിച്ചു മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. ഭാരതത്തെ മഹത്വത്തിലേക്ക് നയിക്കാന്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറയില്‍ രാഷ്ട്രീയ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം വാദിച്ചു. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന്റെ ആശയം ശക്തമായി ആക്രമിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, സ്വജനപക്ഷപാതം പോലുള്ള പ്രശ്‌നങ്ങള്‍ ഭാരതത്തിന്റെ ജനാധിപത്യത്തെ ബാധിച്ചുകൊണ്ടിരുന്നു. ഇത് പുരോഗഗതിയുടെ വേഗം നഷ്ടപ്പെടുത്തുംവിധം ഭാരതത്തിന്റെ വികസനത്തിന് കാര്യമായ തടസ്സം സൃഷ്ടിച്ചു. സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടു. തന്നിമിത്തം സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ആവശ്യമായ വിഭവങ്ങള്‍ രാജ്യത്തിന് ഇല്ലാതെവരികയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ രാഷ്ട്രീയം, സാമ്പത്തിക തീരുമാനങ്ങള്‍, നയരൂപീകരണം എന്നിവയുടെ നിയന്ത്രണം ഏര്‍പ്പെടുത്തി. യുവാക്കളെയും സ്ത്രീകളെയും ഇതു പ്രത്യേകിച്ച് സ്വാധീനിച്ചു. ഓരോ ചുവടിലും യുവാക്കള്‍ക്ക് വിവേചനപരമായ സംവിധാനം നേരിടേണ്ടിവന്നു. സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലും ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. അത്തരം സാഹചര്യങ്ങളില്‍, ഒരു രാജ്യത്തിനും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഖേദകരമെന്നു പറയട്ടെ, ഭാരതവും അപവാദമായിരുന്നില്ല.
അതിനാല്‍, 2014-ല്‍ അധികാരമേറ്റപ്പോള്‍, 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ധാര്‍മികതയുമായി ഞങ്ങള്‍ മുന്നേറി. നിലവില്‍, കഴിഞ്ഞ ദശകത്തില്‍ രാജ്യം പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നു. സ്വതന്ത്ര ഭാരതത്തിനായി നേതാജിയുടെ കാഴ്ചപ്പാട് ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്. ദരിദ്ര കുടുംബങ്ങളിലെ ആണ്‍മക്കളും പെണ്‍മക്കളും പോലും തങ്ങള്‍ക്ക് പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക്, തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ഗവണ്‍മെന്റ് തിരിച്ചറിയുന്നു എന്ന ആത്മവിശ്വാസമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നാരീശക്തി വന്ദന്‍ അധീനം നിലവില്‍ വന്നു. രാജ്യത്തെ ഓരോ യുവാക്കളോടും സഹോദരിമാരോടും മകളോടും ഇന്നത്തെ യുഗമായ 'അമൃത കാലം' നിങ്ങളുടെ ധൈര്യം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്നുവെന്ന് ഞാന്‍ പറയുന്നു. ഒരു വികസിത ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനര്‍നിര്‍മിക്കുന്നതില്‍ നിങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ദുരാചാരങ്ങളില്‍നിന്നു രാഷ്ട്രീയത്തെ മോചിപ്പിക്കാന്‍ നമ്മുടെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ കഴിയൂ. രാഷ്ട്രീയത്തിലൂടെ ഈ രോഗങ്ങളെ ഉന്മൂലനം ചെയ്യാനും വിജയികളാകാനും നാം ധൈര്യം സംഭരിക്കുക.
എന്റെ കുടുംബാംഗങ്ങളെ,
'രാംകാജ്' (രാമന്റെ സേവനം) വഴി രാഷ്ട്രനിര്‍മാണത്തിനുള്ള സമയമാണിതെന്ന് ഇന്നലെ അയോധ്യയില്‍ വെച്ച് ഞാന്‍ വ്യക്തമാക്കിയിരുന്നു. രാമനോടുള്ള ഭക്തിയിലൂടെ ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുന്ന കാലഘട്ടമാണിത്. ഭാരതത്തിന്റെ ഓരോ ചുവടും പ്രവൃത്തിയും ലോകം ഇന്ന് സൂക്ഷ്മമായി പരിശോധിക്കുന്നു. നമ്മള്‍ എന്തുചെയ്യുന്നു എന്നു ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഭാരതത്തെ സാമ്പത്തികമായി അഭിവൃദ്ധിയുള്ളതും സാംസ്‌കാരികമായി ശക്തവും തന്ത്രപരമായി ശക്തവുമാക്കാനാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് നേടുന്നതിന്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി നാം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം നമ്മുടെ കൈയെത്തും ദൂരത്താണ്. കഴിഞ്ഞ ദശകത്തില്‍, പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കു നാം ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, 25 കോടിയോളം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് കൂട്ടായ പരിശ്രമവും രാജ്യത്തിന്റെ മുഴുവന്‍ പ്രോത്സാഹനവും നിമിത്തമാണ്. മുമ്പ് സങ്കല്‍പ്പിക്കാനാകാത്ത ലക്ഷ്യങ്ങളാണ് ഭാരതം ഇന്ന് കൈവരിക്കുന്നത്.
എന്റെ കുടുംബാംഗങ്ങളെ,
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഭാരതം അതിന്റെ തന്ത്രപ്രധാന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ പദ്ധതിയൊരുക്കിയിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക്, ഭാരതം അതിന്റെ പ്രതിരോധ, സുരക്ഷാ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ്. എന്നിരുന്നാലും, ഇന്ത്യയുടെ സേനയെ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് ഞങ്ങള്‍ ആ രീതി മാറ്റുകയാണ്.നൂറുകണക്കിന് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി രാജ്യത്തിന്റെ സൈന്യം പൂര്‍ണമായും നിര്‍ത്തി. നിലവില്‍, ചലനാത്മക പ്രതിരോധ വ്യവസായം രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്നു. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതിക്കാരായിരുന്ന ഭാരതം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ചരക്കുകളുടെ കയറ്റുമതിക്കാരില്‍ ഒന്നായി മാറുന്നതിന്റെ വക്കിലാണ്.
സുഹൃത്തുക്കളെ,
ഇന്നത്തെ ഭാരതം ഒരു ആഗോള സഖ്യകക്ഷി എന്ന നിലയില്‍, ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന തിരക്കിലാണ്. ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് നാം നിലവില്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു വശത്ത്, നമ്മുടെ ശ്രമങ്ങള്‍ ലോകത്തെ സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്ക് മാറ്റുന്നതിലേക്ക് നയിക്കുന്നു. അതേ സമയം, നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നാം പൂര്‍ണമായും തയ്യാറാണ്.
സുഹൃത്തുക്കളെ,
വരാനിരിക്കുന്ന 25 വര്‍ഷങ്ങള്‍ ഭാരതത്തിനും അതിലെ ജനങ്ങള്‍ക്കും വളരെ പ്രാധാന്യമുള്ളതാണ്. ഈ 'അമൃതകാല' കാലത്തെ ഓരോ നിമിഷവും നാം ദേശീയ താല്‍പ്പര്യത്തിനായി പരമാവധി പ്രയോജനപ്പെടുത്തണം. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് കഠിനാധ്വാനവും ധൈര്യവും അനിവാര്യമാണ്. 'പരാക്രം ദിവസ്' എല്ലാ വര്‍ഷവും ഈ നമ്മെ ദൃഢനിശ്ചയത്തെക്കുറിച്ച് ഓര്‍മിപ്പിക്കും. 'പരാക്രം ദിവസ'ത്തില്‍ ഒരിക്കല്‍ക്കൂടി മുഴുവന്‍ രാജ്യത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സദ്ഗുണങ്ങളെ സ്മരിച്ചുകൊണ്ട് ഞാന്‍ ആദരവോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പറയുന്നതില്‍ എന്നോടൊപ്പം ചേരുക:
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി!