നമസ്‌കാരം!
പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!
ഏതെങ്കിലും ശുഭപ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. ഭാഗ്യവശാല്‍, ഗണേശ പൂജയുടെ പുണ്യ ഉത്സവത്തോടനുബന്ധിച്ച് സര്‍ദാര്‍ധാംഭവന്റെ ഉദ്ഘാടനം നടക്കുന്നു. ഇന്നലെ ഗണേശ ചതുര്‍ത്ഥി ആയിരുന്നു, ഇപ്പോള്‍ രാജ്യം മുഴുവന്‍ ഗണേശോത്സവം ആഘോഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഗണേശ ചതുര്‍ത്ഥിയും ഗണേശോത്സവവും ആശംസിക്കുന്നു. ഇന്ന് ഋഷി പഞ്ചമിയുമാണ്. ഇന്ത്യ മുനിമാരുടെ രാജ്യമാണ്, നമ്മുടെ വ്യക്തിത്വം മഹര്‍ഷിമാരുടെ അറിവും ശാസ്ത്രവും തത്ത്വചിന്തയും അടിസ്ഥാനമാക്കിയുള്ളതാണ്. നമുക്ക് ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാം. നമ്മുടെ ശാസ്ത്രജ്ഞരും ചിന്തകരും മുഴുവന്‍ മനുഷ്യരാശിയെയും നയിക്കട്ടെ എന്ന മനോഭാവത്തോടെയാണ് ഞങ്ങള്‍ വളര്‍ന്നത്. അതേ മനസ്സോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷപൂര്‍ണമായ ഋഷി പഞ്ചമി ആശംസകള്‍ നേരുന്നു.
ഋഷിമാരുടെ പാരമ്പര്യം നമുക്ക് മികച്ച മനുഷ്യരാകാനുള്ള ഊര്‍ജം നല്‍കുന്നു. ഈ ചൈതന്യത്തോടെ, ജൈന പാരമ്പര്യമനുസരിച്ച് പര്യുഷന്‍ ഉത്സവത്തിനുശേഷം 'മിച്ഛമിദുക്കഡം' ചെയ്തുകൊണ്ട് നാം ക്ഷമയുടെ ദിവസം ആഘോഷിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ 'മിച്ചമിദുക്കഡം' ആശംസിക്കുന്നു. ഇതൊരു ഉത്സവവും പാരമ്പര്യവുമാണ്, നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും തിരുത്തുകയും മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയും വേണം. ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ഈ വിശുദ്ധ ഉത്സവത്തില്‍ രാജ്യത്തിലെ എല്ലാവര്‍ക്കും എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു, ഞാന്‍ മഹാവീരന്റെ പാദങ്ങളില്‍ നമിക്കുന്നു.
നമ്മുടെ പ്രചോദന സ്രോതസ്സും ഉരുക്കുമനുഷ്യനുമായ സര്‍ദാര്‍സാഹേബിന്റെ പാദങ്ങളില്‍ ഞാന്‍ നമസ്‌കരിക്കുകയും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ദാര്‍ധാം ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും, അവരുടെ സമര്‍പ്പണത്തിലൂടെ ഈ അത്ഭുതകരമായ സേവന പദ്ധതിക്ക് രൂപം നല്‍കിയ ഞാന്‍ അഭിനന്ദിക്കുന്നു. സേവിക്കാനുള്ള നിങ്ങളുടെ സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ഒരു ഉദാഹരണമാണ്. നിങ്ങളുടെ ഇന്നത്തെ പരിശ്രമത്തിലൂടെ, ഗേള്‍സ് ഹോസ്റ്റലിന്റെ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം സര്‍ദാര്‍ധാമിന്റെ ഈ മഹത്തായ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം നിര്‍വഹിക്കപ്പെടുകയാണ്.
അത്യാധുനിക കെട്ടിടം, ആധുനിക വിഭവങ്ങളുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ആധുനിക ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ നിരവധി യുവാക്കളെ ശാക്തീകരിക്കും. ഒരു വശത്ത്, നിങ്ങള്‍ സംരംഭക വികസന കേന്ദ്രത്തിലൂടെ ഗുജറാത്തിന്റെ സമ്പന്നമായ വാണിജ്യ സ്വത്വം ശക്തിപ്പെടുത്തുന്നു, മറുവശത്ത്, ആ യുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് സെന്റര്‍ വഴി അവര്‍ ആഗ്രഹിക്കുന്ന സിവില്‍ സര്‍വീസ് അല്ലെങ്കില്‍ പ്രതിരോധ, ജുഡീഷ്യല്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു പുതിയ ദിശ ലഭിക്കുന്നു.
പട്ടിദാര്‍ സമുദായത്തിലെ യുവാക്കളുടെയും ദരിദ്രരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെയും ശാക്തീകരണത്തിന് നിങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ശരിക്കും അഭിനന്ദനാര്‍ഹമാണ്. ഹോസ്റ്റല്‍ സൗകര്യങ്ങളും അനേകം പെണ്‍മക്കളെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.
സര്‍ദാര്‍ധാം രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു അടിത്തറയായി മാറുമെന്ന് മാത്രമല്ല, ഭാവി തലമുറകളെ സര്‍ദാര്‍സാഹേബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രചോദിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നാം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നു; രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം ഓര്‍ത്ത് പ്രചോദിതരാകുന്നു. എന്നാല്‍ 18, 20, 25 വയസ്സ് പ്രായമുള്ള, ഈ ഹോസ്റ്റലില്‍ പഠിക്കാന്‍ പോകുന്ന ആണ്‍മക്കളും പെണ്‍മക്കളും സ്വാതന്ത്ര്യത്തിന്റെ 100 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 2047ല്‍ നിര്‍ണായക പങ്കുവഹിക്കും. 2047ലെ ഇന്ത്യയെ സംബന്ധിച്ച് നിങ്ങള്‍ ഇന്ന് എടുക്കുന്ന ദൃഢനിശ്ചയങ്ങള്‍ ഈ പുണ്യഭൂമിയില്‍ നിന്ന് യാഥാര്‍ഥ്യമാക്കപ്പെടും.
സുഹൃത്തുക്കള്‍,
സര്‍ദാര്‍ധാം ഇന്ന് ഉദ്ഘാടനം ചെയ്യുന്ന തീയതിയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട ഒരു വലിയ സന്ദേശമുണ്ട്. ഇന്ന് സെപ്റ്റംബര്‍ 11 അതായത് 9/11! ആഗോള ചരിത്രത്തില്‍ മനുഷ്യരാശിക്കെതിരായ ആക്രമണത്തിനും പേരുകേട്ട തീയതിതാണ്! എന്നാല്‍ ഈ തീയതി ലോകത്തെ മുഴുവന്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു!
ഒരു നൂറ്റാണ്ട് മുമ്പ്, 1893 സെപ്റ്റംബര്‍ 11 ന്, ചിക്കാഗോയില്‍ ലോക മതങ്ങളുടെ പാര്‍ലമെന്റ് ഉണ്ടായിരുന്നു. ആ ആഗോള വേദിയില്‍ സംസാരിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയുടെ മാനുഷിക മൂല്യങ്ങള്‍ ലോകത്തെ പരിചയപ്പെടുത്തി. 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 9/11 പോലുള്ള ആക്രമണങ്ങള്‍ക്ക് അതേ മാനുഷിക മൂല്യങ്ങള്‍ ശാശ്വത പരിഹാരം കൊണ്ടുവരുമെന്ന് ഇന്ന് ലോകം മനസ്സിലാക്കുന്നു. ഒരു വശത്ത്, അത്തരം ഭീകരാക്രമണങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ നമ്മള്‍ ഓര്‍ക്കണം, മറുവശത്ത്, മാനുഷിക മൂല്യങ്ങള്‍ നടപ്പിലാക്കാന്‍ നാം കഠിനമായി ശ്രമിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് മറ്റൊരു വലിയ അവസരമാണ്. ഇന്ത്യയിലെ മഹാനായ പണ്ഡിതനും തത്ത്വചിന്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ സുബ്രഹ്‌മണ്യഭാരതിയുടെ നൂറാം ചരമവാര്‍ഷികമാണ് ഇന്ന്. സദര്‍ സാഹിബ് മുന്നോട്ടുവെച്ച 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ദര്‍ശനം; മഹാകവി ഭാരതിയുടെ തമിഴ് രചനകളിലും അതേ തത്ത്വചിന്ത ഒഴുകുന്നു. അദ്ദേഹത്തിന്റെ ചിന്ത നോക്കൂ! അദ്ദേഹം തമിഴ്‌നാട്ടിലാണ് താമസിച്ചിരുന്നത്, എന്നാല്‍ ഹിമാലയം നമ്മുടേതാണെന്ന് പറയും. ഉപനിഷത്തുകളുടെ മഹത്വം വിവരിക്കുമ്പോള്‍, അത്തരമൊരു ഗംഗാപ്രവാഹം മറ്റെവിടെ കണ്ടെത്തുമെന്ന് അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ഇന്ത്യയുടെ ഐക്യത്തിനും മഹത്വത്തിനും കൂടുതല്‍ പെരുമ നല്‍കുന്നു. സുബ്രഹ്‌മണ്യഭാരതി സ്വാമി വിവേകാനന്ദനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും ശ്രീ അരബിന്ദോയാല്‍ സ്വാധീനിക്കപ്പെട്ടും കാശിയില്‍ ജീവിക്കുമ്പോള്‍ ചിന്തകള്‍ക്ക് പുതിയ ഊര്‍ജ്ജവും ദിശാബോധവും പകര്‍ന്നുനല്‍കി.
സുഹൃത്തുക്കളെ,
ഈ അവസരത്തില്‍ ഇന്ന് ഞാനും ഒരു സുപ്രധാന പ്രഖ്യാപനം നടത്തുന്നു. സുബ്രഹ്‌മണ്യ ഭാരതിജിയുടെ പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. തമിഴ് സമ്പന്നമായ ഭാഷയാണ്. ലോകത്തിലെ ഏറ്റവും പഴയ ഭാഷകളില്‍ ഒന്നാണ് ഇത്. എല്ലാ ഹിന്ദുസ്ഥാനികള്‍ക്കും ഇത് അഭിമാനകരമാണ്. ബിഎച്ച്യു ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ തമിഴ് പഠനത്തിനായുള്ള സുബ്രഹ്‌മണ്യ ഭാരതി ചെയര്‍ സ്ഥാപിക്കും. ഭാരതിജി സ്വപ്നം കണ്ട വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രചോദനമാകും.
സുഹൃത്തുക്കളെ,
സുബ്രഹ്‌മണ്യ ഭാരതിജി എല്ലായ്‌പ്പോഴും മനുഷ്യരാശിയുടെ ഐക്യത്തിനും ഇന്ത്യയുടെ ഐക്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയുടെ ചിന്തയുടെയും തത്ത്വചിന്തയുടെയും അവിഭാജ്യ ഘടകമാണ്. പുരാണ കാലത്തെ ദാധിച്ചിയെയും കര്‍ണ്ണനെയും പോലുള്ള ഉദാരമതികളോ മധ്യകാലഘട്ടത്തിലെ ഹര്‍ഷവര്‍ധന മഹാരാജാവിനെപ്പോലുള്ള മഹാന്മാരോ ആകട്ടെ, സേവനത്തിനായി എല്ലാം വാഗ്ദാനം ചെയ്യുന്ന ഈ പാരമ്പര്യത്തില്‍ നിന്ന് ഇന്ത്യ ഇപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്നു. നമ്മള്‍ എടുക്കുന്നതിന്റെ പല മടങ്ങ് തിരികെ നല്‍കാന്‍ നമ്മെ പഠിപ്പിക്കുന്നത് ഒരു വിധത്തില്‍ അത്തരമൊരു ജീവിത മന്ത്രമാണ്. നമുക്ക് എന്ത് കിട്ടിയാലും അത് ഈ മണ്ണില്‍ നിന്നാണ് കിട്ടിയത്. നമ്മള്‍ എന്ത് പുരോഗതി കൈവരിച്ചാലും, അത് ഈ സമൂഹത്തിന്റെ നടുവിലാണ് ഉണ്ടായത്. സമൂഹം കാരണമാണ് ഉണ്ടായത്. അതിനാല്‍, നമുക്ക് ലഭിച്ചത് നമ്മുടേത് മാത്രമല്ല; അത് നമ്മുടെ സമൂഹത്തിനും നമ്മുടെ രാജ്യത്തിനും ഉള്ളതാണ്. സമൂഹത്തിന്റേതായവ നാം സമൂഹത്തിന് തിരികെ നല്‍കുന്നു, സമൂഹം അതിനെ വര്‍ദ്ധിപ്പിക്കുകയും പിന്നീട് അത് നമുക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും നല്‍കുകയും ചെയ്യും. ഇത് എല്ലാ ശ്രമങ്ങളിലൂടെയും കരുത്തു നേടുന്ന ഊര്‍ജ്ജ ചക്രമാണ്. ഇന്ന് നിങ്ങള്‍ ഈ ഊര്‍ജ ചക്രത്തിന് കൂടുതല്‍ വേഗം പകരുന്നു.
സുഹൃത്തുക്കളെ,
നമ്മള്‍ സമൂഹത്തിനായി ഒരു തീരുമാനം എടുക്കുമ്പോള്‍, അത് നിറവേറ്റാനുള്ള ശക്തി മാത്രമേ സമൂഹം നമുക്ക് നല്‍കൂ. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം നാം ആഘോഷിക്കുന്ന ഈ സമയത്ത്, രാജ്യം 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്', 'സബ്കാ പ്രയാസ്' എന്നീ മന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗുജറാത്ത് പണ്ടു മുതല്‍ ഇന്നുവരെ സംഘടിത പരിശ്രമങ്ങളുടെ നാടാണ്. സ്വാതന്ത്ര്യസമരത്തില്‍ രാജ്യത്തിന്റെ കൂട്ടായ പരിശ്രമങ്ങളുടെ പ്രതീകവും പ്രചോദനവുമായ ദണ്ഡിയാത്ര ഗാന്ധിജി ഇവിടെ നിന്നാണ് ആരംഭിച്ചത്.
അതുപോലെ, ഖേഡ പ്രസ്ഥാനത്തില്‍, സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍, കര്‍ഷകരുടെയും യുവാക്കളുടെയും ദരിദ്രരുടെയും ഐക്യം ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കീഴടക്കാന്‍ പ്രേരിപ്പിച്ചു. ആ പ്രചോദനവും ഊര്‍ജ്ജവും ഇപ്പോഴും ഗുജറാത്തിന്റെ മണ്ണില്‍ സര്‍ദാര്‍ സാഹേബിന്റെ ഒരു അംബരചുംബിയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ രൂപത്തില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന ആശയം ഗുജറാത്ത് മുന്നോട്ടുവച്ചപ്പോള്‍, രാജ്യം മുഴുവന്‍ ഈ ശ്രമത്തിന്റെ ഭാഗമായിത്തീര്‍ന്നത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അപ്പോള്‍ രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും കര്‍ഷകര്‍ ഇരുമ്പ് അയച്ചു. ഇന്ന്, ഈ പ്രതിമ മുഴുവന്‍ രാജ്യത്തിന്റെയും ഐക്യത്തിന്റെ പ്രതീകമാണ്, ഐക്യ ശ്രമങ്ങളുടെ പ്രതീകമാണ്.
സഹോദരീ സഹോദരന്മാരെ,
ഗുജറാത്ത് അവതരിപ്പിച്ച 'സഹകരണത്തിലൂടെ വിജയം' എന്ന മാര്‍ഗ്ഗരേഖയില്‍ രാജ്യവും പങ്കാളിയായി, ഇന്ന് അതിന്റെ നേട്ടങ്ങളും രാജ്യത്തിന് ലഭിക്കുന്നുണ്ട്. സര്‍ദാര്‍ധാം ട്രസ്റ്റും കൂട്ടായ പരിശ്രമത്തിലൂടെ അടുത്ത അഞ്ച്, പത്ത് വര്‍ഷങ്ങള്‍ക്കായി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറു വര്‍ഷത്തെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സമാനമായ ലക്ഷ്യങ്ങളുമായി രാജ്യവും ഇന്ന് മുന്നോട്ട് പോവുകയാണ്.
ഇപ്പോള്‍ ഗവണ്‍മെന്റില്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയവും രൂപീകരിച്ചു. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സഹകരണ സംഘങ്ങളുടെ പൂര്‍ണ പ്രയോജനം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നു. ഇന്ന്, ഒരു വശത്ത്, ദലിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കപ്പെടുന്നു, മറുവശത്ത്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് 10 ശതമാനം സംവരണം നല്‍കി. ഈ നയങ്ങളുടെ ഫലമായാണ് സമൂഹത്തില്‍ ഒരു പുതിയ ആത്മവിശ്വാസം ഉണ്ടാകുന്നത്.
സുഹൃത്തുക്കളെ,
ഒരു ചൊല്ലുണ്ട്: '"सत् विद्या यदि का चिन्ता, वराकोदर पूरणे" അതായത്, അറിവും നൈപുണ്യവും ഉള്ള ഒരാള്‍ക്ക് തന്റെ ഉപജീവനത്തിനും പുരോഗതിക്കും വേണ്ടി വിഷമിക്കേണ്ടതില്ല. കഴിവുള്ള ഒരു വ്യക്തി തന്റെ പുരോഗതിക്ക് സ്വന്തം വഴി ഉണ്ടാക്കുന്നു. സര്‍ദാര്‍ധാം ട്രസ്റ്റ് വിദ്യാഭ്യാസത്തിനും വൈദഗ്ധ്യത്തിനും വളരെയധികം ഊന്നല്‍ നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
നമ്മുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നൈപുണ്യം വര്‍ദ്ധിപ്പിക്കുന്ന വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഭാവിയില്‍ ആവശ്യമായ കഴിവുകള്‍ക്കും തുടക്കം മുതല്‍ തന്നെ ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കും. ഇന്ന് 'സ്‌കില്‍ ഇന്ത്യ മിഷന്‍' രാജ്യത്തിന്റെ വലിയ മുന്‍ഗണന കൂടിയാണ്. ഈ ദൗത്യത്തിന് കീഴില്‍, ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വ്യത്യസ്ത വൈദഗ്ധ്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കുകയും സ്വാശ്രയത്വം നേടാന്‍ സാധിക്കുകയും ചെയ്യുന്നു. ദേശീയ അപ്രന്റിസ്ഷിപ്പ് പ്രോല്‍സാഹന പദ്ധതിക്കു കീഴില്‍, യുവാക്കള്‍ക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിനുള്ള അവസരങ്ങളും ലഭിക്കുന്നു, കൂടാതെ അവര്‍ വരുമാനവും നേടുന്നു.
ഗുജറാത്ത് തന്നെ 'മാനവ് കല്യാണ്‍ യോജന'യിലൂടെയും മറ്റ് നിരവധി പദ്ധതികളിലൂടെയും ഈ ദിശയില്‍ അതിവേഗ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്ക് ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു. നിരവധി വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഗുജറാത്തില്‍ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് ഒരു ശതമാനത്തില്‍ താഴെയായി കുറയുന്നത്; വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെയും നൈപുണ്യവികസനത്തിലൂടെയും ലക്ഷക്കണക്കിന് യുവാക്കള്‍ അവരുടെ ഭാവി കണ്ടെത്തുന്നു. ഗുജറാത്തിലെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം സ്വാഭാവികമാണ്. ഇന്ന് ഗുജറാത്തിലെ യുവാക്കളുടെ ഈ പ്രതിഭയ്ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള ഒരു പ്രചാരണത്തിലൂടെ ഒരു പുതിയ സാഹചര്യം ഒരുങ്ങുന്നു.
സര്‍ദാര്‍ധാം ട്രസ്റ്റ് നമ്മുടെ യുവാക്കളെ ആഗോള ബിസിനസുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലൂടെ ഒരിക്കല്‍ ഗുജറാത്ത് മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ ഗ്ലോബല്‍ പാട്ടിദാര്‍ ബിസിനസ് ഉച്ചകോടി മുന്നോട്ട് കൊണ്ടുപോകും. പാട്ടിദാര്‍ സൊസൈറ്റി ബിസിനസിന് അവര്‍ പോകുന്നിടത്തെല്ലാം ഒരു പുതിയ സ്വത്വം സൃഷ്ടിക്കുന്നതില്‍ പ്രശസ്തമാണ്. നിങ്ങളുടെ ഈ വൈദഗ്ദ്ധ്യം ഇപ്പോള്‍ ഗുജറാത്തിലും രാജ്യത്തും മാത്രമല്ല, ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, പാട്ടിദാര്‍ സമൂഹത്തിന്റെ മറ്റൊരു വലിയ സവിശേഷതയുണ്ട്. നിങ്ങള്‍ എവിടെയായിരു ന്നാലും ഇന്ത്യയുടെ താല്‍പര്യം നിങ്ങള്‍ക്ക് പരമപ്രധാനമാണ് എന്നതാണ് അത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ നിങ്ങള്‍ നല്‍കിയ സംഭാവന അതിശയകരവും പ്രചോദനകരവുമാണ്.
സുഹൃത്തുക്കളെ,
പ്രയാസകരമായ സമയങ്ങളില്‍ പോലും, ജോലി പൂര്‍ണ്ണ വിശ്വാസത്തോടെ കടമയായിക്കണ്ടു ചെയ്യുകയാണെങ്കില്‍ ഫലം അനുകൂലമായിരിക്കും. കൊറോണ വൈറസ് ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയെ താറുമാറാക്കി. അത് ഇന്ത്യയിലും വലിയ സ്വാധീനം ചെലുത്തി. എന്നാല്‍ നമ്മുടെ സമ്പദ്വ്യവസ്ഥ പകര്‍ച്ചവ്യാധി മൂലം സ്തംഭിച്ചതിനേക്കാള്‍ വേഗത്തില്‍ കരുത്തുപ്രാപിക്കുന്നു. പ്രധാന സമ്പദ്വ്യവസ്ഥകള്‍ പ്രതിരോധത്തിലായപ്പോള്‍, നാം പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ആഗോള വിതരണ ശൃംഖലകള്‍ തകരാറിലായപ്പോള്‍, കാര്യങ്ങള്‍ അനുകൂലമാക്കുന്നതായി നാം പി.എല്‍.ഐ. പദ്ധതിക്ക് തുടക്കമിട്ടു. അടുത്തിടെ, പിഎല്‍ഐ പദ്ധതി വസ്തനിര്‍മാണ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ വലിയ നേട്ടം രാജ്യത്തെ വസ്ത്രനിര്‍മാണ മേഖലയ്ക്കും സൂറത്ത് പോലുള്ള നഗരങ്ങള്‍ക്കും ലഭിക്കും.
സുഹൃത്തുക്കളെ,
21 -ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് അവസരങ്ങള്‍ക്ക് ക്ഷാമമില്ല. നമ്മള്‍ നമ്മെ ഒരു ആഗോള നേതാവായി കാണണം, നമ്മുടെ പരമാവധി നല്‍കുകയും നമ്മുടെ പരമാവധി പ്രവര്‍ത്തിക്കുകയും വേണം. രാജ്യപുരോഗതിക്ക് സംഭാവന ചെയ്ത ഗുജറാത്ത് കൂടുതല്‍ സംഘടിതമായ ശ്രമങ്ങള്‍ നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ശ്രമങ്ങള്‍ നമ്മുടെ സമൂഹത്തിന് പുതിയ ഉയരങ്ങള്‍ നല്‍കുക മാത്രമല്ല, രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കുകയും ചെയ്യും.
ഈ ആശംസകളോടെ, എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി !