തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ജി, കേന്ദ്ര ഗവണ്‍മെന്റിലെ എന്റെ സഹപ്രവര്‍ത്തകനും മന്ത്രിയുമായ ജി. കിഷന്‍ റെഡ്ഡി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സഞ്ജയ് കുമാര്‍ ബന്ദി ജി, ഇവിടെ സന്നിഹിതരായ മറ്റു പ്രമുഖരെ, മഹതികളെ, മഹാന്‍മാരെ!
നമസ്‌കാരം!
രാജ്യത്ത് ഉത്സവകാലം ആരംഭിച്ചു. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെ, നവരാത്രിക്ക് തൊട്ടുമുമ്പ് ശക്തിപൂജയുടെ ചൈതന്യത്തിനു നാം തുടക്കമിട്ടു. ഇന്ന്, തെലങ്കാനയില്‍ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു; ഇത് ഇവിടെ ആഘോഷത്തിന്റെ നിറമേറ്റി. 13,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തെലങ്കാനയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന് വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടാനും അത്തരത്തിലുള്ള നിരവധി റോഡ് കണക്റ്റിവിറ്റി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഇത് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നാഗ്പൂര്‍-വിജയവാഡ ഇടനാഴിയിലൂടെ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സഞ്ചാരം വളരെ എളുപ്പമാകും. ഇതുമൂലം വ്യാപാരം, വിനോദസഞ്ചാരം, വ്യവസായം എന്നിവയ്ക്ക് ഈ മൂന്ന് സംസ്ഥാനങ്ങളിലും വലിയ ഉത്തേജനം ലഭിക്കും. ഈ ഇടനാഴിയില്‍ ചില പ്രധാന സാമ്പത്തിക കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എട്ടു പ്രത്യേക സാമ്പത്തിക മേഖലകള്‍, അഞ്ച് മെഗാ ഫുഡ് പാര്‍ക്കുകള്‍, നാല് മത്സ്യബന്ധന സീഫുഡ് ക്ലസ്റ്ററുകള്‍, മൂന്ന് ഫാര്‍മ ആന്‍ഡ് മെഡിക്കല്‍ ക്ലസ്റ്ററുകള്‍, ഒരു ടെക്‌സ്‌റ്റൈല്‍ ക്ലസ്റ്റര്‍ എന്നിവയും ഇതിലുണ്ടാകും. ഇതിന്റെ ഫലമായി ഹനംകൊണ്ട, വാറംഗല്‍, മഹബൂബാബാദ്, ഖമ്മം ജില്ലകളിലെ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ പോവുകയാണ്. ഭക്ഷ്യ സംസ്‌കരണം മൂലം ഈ ജില്ലകളിലെ കര്‍ഷകരുടെ വിളകളില്‍ മൂല്യവര്‍ദ്ധന ഉണ്ടാകും.
എന്റെ കുടുംബാംഗങ്ങളെ,
തെലങ്കാന പോലെ കരയാല്‍ മാത്രം ചുറ്റപ്പെട്ട സംസ്ഥാനത്തിന്, ഇവിടെ നിര്‍മ്മിക്കുന്ന ചരക്കുകള്‍ കടല്‍ത്തീരത്തേക്ക് കൊണ്ടുപോകുന്നതിനും അവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന റോഡ്, റെയില്‍ കണക്റ്റിവിറ്റിയുടെ ആവശ്യകത വളരെ കൂടുതലാണ്. എന്റെ തെലങ്കാനയിലെ ജനങ്ങള്‍ ലോക വിപണി പിടിച്ചെടുക്കണം. ഇക്കാരണത്താല്‍, രാജ്യത്തെ പല പ്രധാന സാമ്പത്തിക ഇടനാഴികളും തെലങ്കാനയിലൂടെ കടന്നുപോകുന്നു. ഇവ എല്ലാ സംസ്ഥാനങ്ങളെയും കിഴക്കും പടിഞ്ഞാറുമുള്ള തീരങ്ങളുമായി ബന്ധിപ്പിക്കും. ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴിയിലെ സൂര്യപേട്ട-ഖമ്മം ഭാഗവും ഇതിന് വലിയ സഹായകമാകും. തല്‍ഫലമായി, കിഴക്കന്‍ തീരത്ത് എത്താന്‍ ഇത് സഹായിക്കും. കൂടാതെ, വ്യവസായങ്ങളുടെയും ബിസിനസ്സുകളുടെയും ചരക്കുനീക്ക ചെലവുകളില്‍ വലിയ കുറവുണ്ടാകും. ജല്‍കെയറിനും കൃഷ്ണ സെക്ഷനുമിടയില്‍ നിര്‍മിക്കുന്ന റെയില്‍വേ ലൈനും ഇവിടുത്തെ ജനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
എന്റെ കുടുംബാംഗങ്ങളെ,
മഞ്ഞളിന്റെ പ്രധാന ഉത്പാദകയും ഉപഭോക്താവും കയറ്റുമതിക്കാരിയുമാണ് ഭാരതം. തെലങ്കാനയിലെ കര്‍ഷകരും വലിയ അളവില്‍ മഞ്ഞള്‍ ഉത്പാദിപ്പിക്കുന്നു. കൊറോണയ്ക്ക് ശേഷം, മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചു, ലോകമെമ്പാടും അതിന്റെ ആവശ്യകതയും വര്‍ദ്ധിച്ചു. ഉല്‍പ്പാദനം മുതല്‍, കയറ്റുമതിയും ഗവേഷണവും വരെയുള്ള മഞ്ഞളിന്റെ മുഴുവന്‍ മൂല്യശൃംഖലയ്ക്കും കൂടുതല്‍ പ്രൊഫഷണല്‍ ശ്രദ്ധ നല്‍കേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്; കൂടാതെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടതുമുണ്ട്. ഇന്ന് തെലങ്കാനയുടെ മണ്ണില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം ഞാന്‍ പ്രഖ്യാപിക്കുകയാണ്. മഞ്ഞള്‍ കര്‍ഷകരുടെ ആവശ്യങ്ങളും ഭാവി സാധ്യതകളും കണക്കിലെടുത്ത് അവരുടെ പ്രയോജനത്തിനായി 'ദേശീയ മഞ്ഞള്‍ ബോര്‍ഡ്' രൂപീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. വിതരണ ശൃംഖലയിലെ മൂല്യവര്‍ദ്ധന മുതല്‍ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളിലെ കര്‍ഷകരെ 'ദേശീയ മഞ്ഞള്‍ ബോര്‍ഡ്' സഹായിക്കും. 'ദേശീയ മഞ്ഞള്‍ ബോര്‍ഡ്' രൂപീകരിച്ചതിന് തെലങ്കാനയിലെയും രാജ്യത്തെയും മഞ്ഞള്‍ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരെയും ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന്, ലോകമെമ്പാടും ഊര്‍ജ്ജവും ഊര്‍ജ്ജ സുരക്ഷയും സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ഭാരതം അതിന്റെ വ്യവസായങ്ങള്‍ക്ക് മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനും ഊര്‍ജം ഉറപ്പാക്കിയിട്ടുണ്ട്. 2014ല്‍ 14 കോടിയോളം ഉണ്ടായിരുന്ന രാജ്യത്തെ എല്‍പിജി കണക്ഷനുകളുടെ എണ്ണം 2023ല്‍ 32 കോടിയിലേറെയായി. അടുത്തിടെ ഗ്യാസ് സിലിണ്ടറുകളുടെ വില ഞങ്ങള്‍ കുറച്ചിരുന്നു. എല്‍പിജി ലഭ്യത വര്‍ധിപ്പിക്കുന്നതിനു പുറമേ, വിതരണ ശൃംഖല വിപുലീകരിക്കേണ്ടതും ആവശ്യമാണെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോള്‍ കരുതുന്നു. ഹാസന്‍-ചെര്‍ളപ്പള്ളി എല്‍പിജി പൈപ്പ് ലൈന്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഊര്‍ജ സുരക്ഷ ഒരുക്കുന്നതിന് ഏറെ സഹായകമാകും. കൃഷ്ണപട്ടണത്തിനും ഹൈദരാബാദിനും ഇടയിലുള്ള മള്‍ട്ടി പ്രൊഡക്ട് പൈപ്പ് ലൈനിന്റെ തറക്കല്ലിടലും ഇവിടെ നടന്നു. ഇതിന്റെ ഫലമായി തെലങ്കാനയിലെ വിവിധ ജില്ലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
എന്റെ കുടുംബാംഗങ്ങളെ,
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിവിധ കെട്ടിടങ്ങള്‍ ഞാന്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഗവണ്‍മെന്റ് ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സ് പദവിയും പ്രത്യേക ഫണ്ടും നല്‍കി. ഇന്ന് ഞാന്‍ നിങ്ങളുടെ ഇടയില്‍ മറ്റൊരു പ്രധാന പ്രഖ്യാപനം നടത്താന്‍ പോകുന്നു. ഇന്ത്യാ ഗവണ്‍മെന്റ് മുലുഗു ജില്ലയില്‍ ഒരു കേന്ദ്ര ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ പോകുന്നു. ഈ സര്‍വ്വകലാശാലയ്ക്ക് ആദരണീയമായ ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ പേരായിരിക്കും ലഭിക്കുക. സമ്മക്ക-സാരക്ക സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് 900 കോടി രൂപ ചെലവഴിക്കും. ഈ കേന്ദ്ര ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് തെലങ്കാനയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. തെലങ്കാനയിലെ ജനങ്ങളുടെ സ്‌നേഹത്തിനും വാത്സല്യത്തിനും ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു. ഇപ്പോള്‍, ഞാന്‍ ഗവണ്‍മെന്റിന്റെ ഈ ഔദ്യോഗിക പരിപാടിയിലായതിനാലാണ് ചുരുക്കി മാത്രം സംസാരിച്ചത്. 10 മിനിറ്റിനുശേഷം, ഞാന്‍ ഒരു തുറന്ന ഗ്രൗണ്ടില്‍ സ്വതന്ത്രമായി സംസാരിക്കും. ഞാന്‍ പറയുന്നതെന്തും തെലങ്കാനയുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
വളരെ നന്ദി!