തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ജി. കിഷന്‍ റെഡ്ഡി ജി, തെലങ്കാന ഗവണ്‍മെന്റിലെ മന്ത്രിമാരായ കോണ്ട സുരേഖ ജി, കെ. വെങ്കട്ട് റെഡ്ഡി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. കെ.ലക്ഷ്മണ്‍ ജി. ബഹുമാന്യരായ മറ്റ് എല്ലാ വിശിഷ്ടവ്യക്തികള്‍, മാന്യന്മാരേ, മഹതികളെ, !
തെലങ്കാനയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണ്. ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ ഭാഗമായി, തുടര്‍ച്ചയായ രണ്ടാം ദിവസവും ഞാന്‍ തെലങ്കാനയില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. തെലങ്കാനയ്ക്കും രാജ്യത്തിനുമായി ഏകദേശം 56,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഇന്നലെ അദിലാബാദില്‍ നിന്ന് ഞാന്‍ സമാരംഭം കുറിച്ചു. ഇന്ന് സംഗറെഡ്ഡിയില്‍ ഏകദേശം 7,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതികള്‍. പെട്രോളിയവുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ട്. ഊര്‍ജം, പരിസ്ഥിതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വരെയുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടവയായിരുന്നു തെലങ്കാനയ്ക്ക് നേട്ടമാകുന്ന ഇന്നലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ . സംസ്ഥാനത്തിന്റെ വികസനം രാജ്യത്തിന്റെ വികസനത്തിലേക്ക് നയിക്കുമെന്ന തത്വത്തില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതാണ് ഞങ്ങളുടെ പ്രവര്‍ത്തനരീതി, ഈ നിശ്ചയദാര്‍ഢ്യത്തോടെ കേന്ദ്രഗവാണ്‍മെന്റ് തെലങ്കാനയേയും സേവിക്കുന്നു. ഇന്നത്തെ ഈ അവസരത്തില്‍, ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളെയും തെലങ്കാനയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് തെലങ്കാനയ്ക്ക് വ്യോമയാന മേഖലയില്‍ ശ്രദ്ധേയമായ ഒരു സമ്മാനം ലഭിച്ചിരിക്കുന്നു. 'കാറോ' എന്നറിയപ്പെടുന്ന സിവില്‍ ഏവിയേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ വ്യോമയാന കേന്ദ്രമായിരിക്കും ഇത്. ഈ കേന്ദ്രം ഹൈദരാബാദിനും തെലങ്കാനയ്ക്കും ഒരു പുതിയ സ്വത്വം നല്‍കും. തെലങ്കാനയിലെ യുവജനങ്ങള്‍ക്ക് ഇത് വ്യോമയാന മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കും. ശക്തമായ അടിത്തറ ലഭ്യമാക്കികൊണ്ട് ഇത് രാജ്യത്തെ വ്യോമയാന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗവേഷണത്തിനും നൈപുണ്യ വികസനത്തിനും ഒരു വേദി നല്‍കും. ഇന്ന് ഭാരതത്തില്‍ വ്യോമയാന മേഖല പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന വിധം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായ ക്രമം, ഈ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുന്ന രീതി, ഈ സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതില്‍ ഹൈദരാബാദിലെ ഈ ആധുനിക സ്ഥാപനം ഒരു പ്രധാന പങ്ക് വഹിക്കും.
സുഹൃത്തുക്കളെ,
ഇന്ന്, 1.4 ബില്യണ്‍ പൗരന്മാര്‍ ഒരു വികസിത് ഭാരത് (വികസിത ഇന്ത്യ) കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. വികസിത് ഭാരതത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങളും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 11 ലക്ഷം കോടി രൂപ ഞങ്ങള്‍ വകയിരുത്തിയത്. ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം തെലങ്കാനയ്ക്കുണ്ടാകുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ പരിശ്രമം. ഇന്ന്, ഇന്‍ഡോര്‍-ഹൈദരാബാദ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി, ദേശീയ പാതയുടെ വിപുലീകരണം പൂര്‍ത്തിയായി, കണ്ടി-റംസന്‍പള്ളി ഭാഗം പൊതു ഉപയോഗത്തിനായി സമര്‍പ്പിച്ചു. അതുപോലെ, തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള യാത്ര സുഗമമാക്കുന്ന മിരിയാലഗുഡ കോഡാഡ് ഭാഗവും പൂര്‍ത്തിയായി. ഇത് സിമെന്റ്, കൃഷി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും ഗുണം ചെയ്യും. സംഗറെഡ്ഡിയെ മദീനഗുഡയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്കും ഇന്ന് തറക്കല്ലിട്ടു. ഇത് പൂര്‍ത്തിയാകുമ്പോള്‍, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. 1300 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി മുഴുവന്‍ പ്രദേശത്തിന്റെയും സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടും.
സുഹൃത്തുക്കളെ,
ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്നാണ് തെലങ്കാന അറിയപ്പെടുന്നത്. തെലങ്കാനയിലെ റെയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി റെയില്‍വേ സൗകര്യങ്ങള്‍ വൈദ്യുതീകരിക്കുന്നതിനും ഇരട്ടിപ്പിക്കുന്നതിനുമുള്ള പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. സെക്കന്തരാബാദ്-മൗല അലി റൂട്ടിലെ, ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുക്കുകയും ആറ് പുതിയ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഘട്‌കേസറിനും ലിംഗംപള്ളിക്കും ഇടയിലുള്ള എം.എം.ടി.എസ് ട്രെയിന്‍ സര്‍വീസും ഇന്ന്, ഇവിടെ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇത് ആരംഭിക്കുന്നതോടെ, ഹൈദരാബാദിലെയും സെക്കന്തരാബാദിലെയും നിരവധി പ്രദേശങ്ങള്‍ ഇനി ബന്ധിപ്പിക്കപ്പെടും. ഇരു നഗരങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
സുഹൃത്തുക്കളെ,
പാരാദീപ്-ഹൈദരാബാദ് പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കാനുള്ള വിശേഷഭാഗ്യവും ഇന്ന് എനിക്കുണ്ടായി. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ രീതിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നീക്കത്തിനുള്ള സൗകര്യം ഈ പദ്ധതി പ്രദാനം ചെയ്യും. സുസ്ഥിര വികസനത്തിനായുള്ള നമ്മുടെ പ്രതിബദ്ധതയെ അത് അരക്കിട്ടുറപ്പിക്കും. വികസിത് തെലങ്കാനയില്‍ നിന്ന് വികസിത് ഭാരത് എന്ന സംഘടിതപ്രവര്‍ത്തനം ഭാവിയില്‍, ഞങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തും.
സുഹൃത്തുക്കളെ,
ഈ ചെറിയ ഗവണ്‍മെന്റ് പരിപാടി ഇവിടെ അവസാനിക്കുകയാണ്. ഇനി ഞാന്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ആശയവിനിമയത്തിനായി പോകുകയാണ്, അവിടെ ഈ വിഷയങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ മുതല്‍ വെറും 10 മിനിറ്റിനുള്ളില്‍ പൊതുയോഗത്തിലെ ചില കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കും. എന്നാല്‍ ഇപ്പോഴത്തേയ്ക്ക്, ഇതുമതിയാകും, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.
നിങ്ങള്‍ക്ക് നന്ദി.