രാജ്കോട്ട്, ബതിന്ഡ, റായ്ബറേലി, കല്യാണി, മംഗളഗിരി എന്നിവിടങ്ങളിലെ അഞ്ച് എയിംസുകള്‍ സമര്‍പ്പിച്ചു
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11,500 കോടി രൂപയിലധികം മൂല്യമുള്ള 200-ലധികം ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
പൂനെയില്‍ 'നിസര്‍ഗ് ഗ്രാം' എന്ന പേരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ഉദ്ഘാടനം ചെയ്തു
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഏകദേശം 2280 കോടി രൂപയുടെ 21 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
വിവിധ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു
9000 കോടി രൂപയുടെ പുതിയ മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതിക്ക് തറക്കല്ലിട്ടു
'ഞങ്ങള്‍ സര്‍ക്കാരിനെ ഡല്‍ഹിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നു, ഡല്‍ഹിക്ക് പുറത്ത് പ്രധാനപ്പെട്ട ദേശീയ പരിപാടികള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്'
'പുതിയ ഇന്ത്യ വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നു'
തലമുറകള്‍ മാറിയെന്നും എന്നാല്‍ മോദിയോടുള്ള സ്നേഹം പ്രായപരിധിക്കപ്പുറമാണെന്നും എനിക്ക് കാണാന്‍ കഴിയും.
''മുങ്ങിക്കിടക്കുന്ന ദ്വാരകയുടെ ദര്‍ശനത്തോടെ, വികാസിനും വിരാസത്തിനും വേണ്ടിയുള്ള എന്റെ ദൃഢനിശ്ചയം പുതിയ ശക്തി പ്രാപിച്ചു; എന്റെ ലക്ഷ്യമായ വികസിത ഭാരതത്തോടു ദൈവിക വിശ്വാസം ചേര്‍ത്തുവെച്ചിരിക്കുന്നു'
''7 പതിറ്റാണ്ടിനുള്ളില്‍ 7 എയിംസിന് അംഗീകാരം ലഭിച്ചുവെങ്കിലും അവയില്‍ ചിലത് ഒരിക്കലും പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 7 എയിംസുകളുടെ ഉദ്ഘാടനമോ തറക്കല്ലിടലോ നടന്നു.
'ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക സൂപ്പര്‍ പവര്‍ ആക്കുമെന്ന് മോദി ഉറപ്പുനല്‍കുമ്പോള്‍, ലക്ഷ്യം എല്ലാവര്‍ക്കും ആരോഗ്യവും എല്ലാവരുടെയും അഭിവൃദ്ധിയുമാണ്'

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!


വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത് ഭാരതീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷനും, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ സി.ആര്‍. പാട്ടീല്‍ മറ്റ് വിശിഷ്ട വ്യക്തികളെ രാജ്‌കോട്ടിലെ എന്റെ സഹോദരീസഹോദരന്മാരേ നമസ്‌കാരം!


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വളരെ ഗണ്യമായ എണ്ണം വ്യക്തികളും ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരെല്ലാം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഞങ്ങളോടൊപ്പം ചേരുന്നു, അവര്‍ ഓരോരുത്തര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു.


പ്രധാന ദേശീയ പരിപാടികള്‍ ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, രാജ്‌കോട്ടിലെ ഇന്നത്തെ സമ്മേളനമുള്‍പ്പെടെ, രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അവയെ എത്തിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ വികേന്ദ്രീകരിച്ചു. വിവിധ നഗരങ്ങളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങുകളും ഒരേസമയം നടക്കുന്ന ഒരു പുതിയ പാരമ്പര്യത്തെ ഈ സംഭവം ദ്യോതിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ ജമ്മു കശ്മീരില്‍ പോയിരുന്നപ്പോള്‍, ഐ.ഐ.ടി ഭിലായ്, ഐ.ഐ.ടി തിരുപ്പതി, ഐ.ഐ.ഐ.ടി ഡി.എം കുര്‍ണൂല്‍, ഐ.ഐ.എം ബോധ്ഗയ, ഐ.ഐ.എം ജമ്മു, ഐ.ഐ.എം വിശാഖപട്ടണം, ഐ.ഐ.എസ് കാണ്‍പൂര്‍ എന്നീ വിവിധ വിദ്യാഭ്യാസ കാമ്പസുകള്‍ ജമ്മുവില്‍ നിന്ന് ഒരേസമയം ഉദ്ഘാടനം ചെയ്തു.

 

ഇപ്പോള്‍ രാജ്‌കോട്ടില്‍ നിന്നും അതിവേഗത്തിലുള്ള വികസനത്തിനും ഭാരതത്തിന്റെ വികസനത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് എയിംസ് രാജ്‌കോട്ട്, എയിംസ് റായ്ബറേലി, എയിംസ് മംഗളഗിരി, എയിംസ് ഭട്ടിഡ, എയിംസ് കല്യാണി എന്നിവ ഒരേസമയം ഉദ്ഘാടനം ചെയ്യുന്നു.


സുഹൃത്തുക്കളെ,


ഇന്ന് രാജ്‌കോട്ടില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പഴയ ഓര്‍മ്മകള്‍ വരുന്നു. എന്റെ ജീവിതത്തിലെ ഒരു പ്രത്യേക നാഴികക്കല്ല് അടയാളപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. 22 വര്‍ഷം മുമ്പ്, ഫെബ്രുവരി 24 ന്, ആദ്യമായി എം.എല്‍.എയായി തെരഞ്ഞെടുത്ത് എന്നെ അനുഗ്രഹിച്ച നഗരമായ രാജ്‌കോട്ടിന്, എന്റെ രാഷ്ട്രീയ യാത്രയില്‍ കാര്യമായ പ്രാധാന്യമുണ്ട്. ഫെബ്രുവരി 25-ന് ഗാന്ധിനഗര്‍ നിയമസഭയില്‍ രാജ്‌കോട്ടില്‍ നിന്നുള്ള എം.എല്‍.എയായി ഞാന്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്‌കോട്ടിലെ ജനങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി ആ വിശ്വാസത്തെ ബഹുമാനിക്കാന്‍ ഞാന്‍ പരിശ്രമിച്ചുവെന്ന് 22 വര്‍ഷത്തിനു ശേഷവും അഭിമാനത്തോടെ പറയാന്‍ കഴിയും.

ഇന്ന്, രാജ്യം മുഴുവന്‍ അളവറ്റ സ്‌നേഹവും അനുഗ്രഹവും നല്‍കുന്നുണ്ട്, ഈ അംഗീകാരത്തില്‍ ന്യായമായും രാജ്‌കോട്ടും പങ്കുചേരുന്നു. ഈ അവസരത്തില്‍, 'അബ്കി ബാര്‍ 400 പാര്‍' എന്ന തരത്തില്‍ മുന്‍പൊന്നുമില്ലാത്ത വിശ്വാസത്തോടെ, തുടര്‍ച്ചയായ മൂന്നാം തവണയും എന്‍.ഡി.എ ഗവണ്‍മെന്റിന് രാജ്യവ്യാപകമായി അംഗീകാരം ലഭിക്കുന്നതിന്, ഓരോ രാജ്‌കോട്ട് നിവാസികളോടും ഞാന്‍ വിനീതമായി നന്ദി രേഖപ്പെടുത്തുന്നു. തലമുറകള്‍ മാറിയേക്കാമെങ്കിലും, മോദിയോടുള്ള സ്‌നേഹം എല്ലാ തടസ്സങ്ങളെയും പ്രായഭേദമന്യേ മറികടക്കുന്നു എന്നത് വ്യക്തമാണ്. ഞങ്ങളുടെ വികസന ശ്രമങ്ങളിലൂടെ പലിശ സഹിതം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുന്ന ഒരു കടമായിട്ടാണ് ഞാന്‍ ഈ പിന്തുണയെ കാണുന്നത്.

 

സുഹൃത്തുക്കളെ,


നിങ്ങള്‍ കാത്തിരിക്കാന്‍ കാരണമായികൊണ്ട് ഇന്ന് ഇവിടെയെത്താന്‍ വൈകിയതിന് നിങ്ങളോടും അതുപോലെ വിവിധ സംസ്ഥാനങ്ങളിലെ ബഹുമാന്യരായ മുഖ്യമന്ത്രിമാരോടും പൗരന്മാരോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു. ഏതുവിധമായാലും, ദ്വാരക സന്ദര്‍ശനമാണ് വൈകാന്‍ കാരണമായത്, അവിടെ ഞാന്‍ ഭഗവാന്‍ ദ്വാരകാധീശന്റെ അനുഗ്രഹം തേടുകയും ദ്വാരകയെ ബെറ്റ് ദ്വാരകയുമായി ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ പാലം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ശനം ദ്വാരകയെ സേവിക്കാന്‍ എന്നെ സഹായിക്കുക മാത്രമല്ല, അഗാധമായ ആത്മീയാനുഭവം നല്‍കുകയും ചെയ്തു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ദ്വാരക ഇപ്പോള്‍ കടലിനടിയിലാണ്. ഇന്ന്, ഈ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് വെള്ളത്തിനടിയില്‍ സാക്ഷ്യംവഹിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ശ്രീകൃഷ്ണ ഭഗവാന്റെ ആരാധനയില്‍ അല്‍പ്പനേരം മുഴുകാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ദീര്‍ഘനാളത്തെ എന്റെ ഈ ആഗ്രഹം ഒടുവില്‍ സഫലമായിരിക്കുന്നു. വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും പുരാവസ്തു കണ്ടെത്തലുകളില്‍ നിന്നും ദ്വാരകയെ കുറിച്ച് പഠിക്കുന്നത് എന്നില്‍ എപ്പോഴും വിസ്മയം നിറച്ചിട്ടുണ്ട്. അത് നേരിട്ട് അനുഭവിച്ചറിഞ്ഞതും, കടലില്‍ മുങ്ങിയതും, ആ പുണ്യഭൂമിയില്‍ സ്പര്‍ശിച്ചതും എന്നെ സംബന്ധിച്ചിടത്തോളം അത്യധികം വൈകാരികമായ നിമിഷമായിരുന്നു. ആരാധന കൂടാതെ അവിടെ ഞാന്‍ മയില്‍പ്പീലിയും സമര്‍പ്പിച്ചു. സ്വയം ഞാന്‍ അതില്‍ മുഴുകിയപ്പോള്‍, ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെയും അതിന്റെ ശ്രദ്ധേയമായ വികസനയാത്രയെയും കുറിച്ചാണ് ചിന്തിച്ചത്. കൃഷ്ണന്റെ അനുഗ്രഹം മാത്രമല്ല, ദ്വാരകയില്‍ നിന്നുള്ള പുതിയ പ്രചോദനവും വഹിച്ചാണ് കടലില്‍ നിന്ന് ഞാന്‍ ഉയര്‍ന്നുവന്നത്. വികസിത ഭാരതം കൈവരിക്കുന്നതിനുള്ള ദൈവിക വിശ്വാസം സന്നിവേശിപ്പിക്കപ്പെട്ടുകൊണ്ട് വികസനത്തിനും പൈതൃക സംരക്ഷണത്തിനുമുള്ള എന്റെ പ്രതിബദ്ധത ഇന്ന്, പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളെ,


ഇന്ന്, നിങ്ങളും രാജ്യം മുഴുവനും 48,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഗുജറാത്തില്‍ നിന്ന് ഹരിയാനയിലെ റിഫൈനറിയിലേക്ക് പൈപ്പ് ലൈനുകള്‍ വഴി നേരിട്ട് അസംസ്‌കൃത എണ്ണ എത്തിക്കാന്‍ സാധിക്കുന്ന പുതിയ മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി സൗകര്യങ്ങള്‍ ഇന്ന്, രാജ്‌കോട്ട് ഉള്‍പ്പെടെ സൗരാഷ്ട്ര മേഖലയ്ക്ക് മുഴുവനും ലഭ്യമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ, മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന എയിംസിനെ രാജ്‌കോട്ട് ഇപ്പോള്‍ സ്വാഗതം ചെയ്യുന്നു. രാജ്‌കോട്ടിനും സൗരാഷ്ട്രയ്ക്കും ഗുജറാത്തിനാകെയും ഇന്ന് സമര്‍പ്പിക്കുന്ന എയിംസിന്റെ സൗകര്യങ്ങള്‍ ലഭിക്കുന്ന പ്രദേശങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

 

സുഹൃത്തുക്കളെ,


ചരിത്രപരമായ ഒരു നാഴികക്കല്ല് രാജ്‌കോട്ടിനും ഗുജറാത്തിനും മാത്രമല്ല, ഇന്ന് രാജ്യത്തിനാകമാനം അടയാളപ്പെടുത്തുകയാണ്. വികസിത ഭാരതത്തില്‍ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കായി ഒരു മാനദണ്ഡം സ്ഥാപിച്ചുകൊണ്ട്, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യ മേഖല എങ്ങനെയായിരിക്കണം എന്നതിന്റെ ഒരു നേര്‍ക്കാഴ്ചയ്ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സ്വാതന്ത്ര്യാനന്തരം 50 വര്‍ഷക്കാലം ഡല്‍ഹിയില്‍ മാത്രമാണ് ഒരു എയിംസ് ഉണ്ടായിരുന്നത്, അതുപോലും അംഗീകാരം ലഭിച്ചിട്ടും അപൂര്‍ണ്ണമായി തുടര്‍ന്നു. എന്നാല്‍, കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഏഴ് പുതിയ എയിംസുകളുടെ തറക്കല്ലിടുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അതുകൊണ്ടാണ് കഴിഞ്ഞ 6-7 പതിറ്റാണ്ടുകളേക്കാള്‍ എത്രയോ മടങ്ങ് വേഗത്തില്‍ നാം രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണെന്നും ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഇന്ന്, ഗുരുതരമായ രോഗങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മെഡിക്കല്‍ കോളേജുകളും പ്രധാന ആശുപത്രികളുടെ ഉപഗ്രഹകേന്ദ്രങ്ങളും ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 200-ലധികം ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യ പദ്ധതികളുടെ തറക്കല്ലിടുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളെ,


രാജ്യത്ത് മോദിയുടെ ഉറപ്പിലെ വിശ്വാസം ഉത്ഭവിക്കുന്നത് വാഗ്ദാനങ്ങളുടെ നിറവേറ്റുന്നതിലൂടെയാണ്. എയിംസ് സൗകര്യങ്ങളുടെ ഉദ്ഘാടനം ഈ ഉറപ്പിന്റെ ഒരു തെളിവാണ്. മൂന്ന് വര്‍ഷം മുമ്പ്, തറക്കല്ലിടിക്കൊണ്ട് രാജ്‌കോട്ടിന് അതിന്റെ ആദ്യത്തെ എയിംസ് ഞാന്‍ വാഗ്ദാനം ചെയ്തു, ഇന്ന് ആ വാഗ്ദാനം ഞാന്‍ നിറവേറ്റി. അതുപോലെ, പഞ്ചാബിനും എയിംസ് സൗകര്യങ്ങള്‍ ഞാന്‍ ഉറപ്പുനല്‍കുകയകും, ഭട്ടിന്‍ഡ എയിംസിന് തറക്കല്ലിടുകയും ചെയ്തു, അതും ഇപ്പോള്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ സേവകന്‍ ഉറപ്പ് നിറവേറ്റി. അഞ്ചുവര്‍ഷം മുന്‍പ് നല്‍കിയ മറ്റൊരു പ്രതിബദ്ധത സാക്ഷാത്കരിച്ചുകൊണ്ട് യു.പിയിലെ റായ്ബറേലിക്കും എയിംസ് ലഭിച്ചു. രാജകുടുംബമായ കോണ്‍ഗ്രസ് റായ്ബറേലിയിലെ രാഷ്ട്രീയത്തില്‍ മാത്രമാണ് വ്യാപൃതമായിരുന്നത് എന്നാല്‍ മോദി യഥാര്‍ത്ഥ ജോലി ചെയ്തു. ഞങ്ങളുടെ വാഗ്ദാനങ്ങള്‍ സത്യസന്ധമായി പാലിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ കല്യാണി എയിംസും ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസും ഉദ്ഘാടനം ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഫെബ്രുവരി 16 ന്, ഹരിയാനയിലെ റെവാരി എയിംസിന് തറക്കല്ലിട്ടു, മറ്റൊരു വാഗ്ദാനവും നിറവേറ്റി. കഴിഞ്ഞ ദശകത്തില്‍, ആധുനിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം പത്ത് പുതിയ എയിംസുകള്‍ക്ക് ഞങ്ങളുടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ചില സമയങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിനോട് എയിംസ് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ മടുത്തുപോകും. രാജ്യത്ത് ഇന്ന് എയിംസ് പോലുള്ള ആധുനിക ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഒന്നിന് പിറകെ ഒന്നായി തുറന്ന് കൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ പതറുന്നിടത്ത് മോദിയുടെ ഉറപ്പ് വിജയിക്കുമെന്ന വിശ്വാസത്തെ ഈ ട്രാക്ക് റെക്കോര്‍ഡ് വീണ്ടും ഉറപ്പിക്കുന്നു.

സുഹൃത്തുക്കളെ,


കൊറോണ മഹാമാരിയെ ഭാരതം എങ്ങനെ കീഴടക്കി എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇന്ന് ആഗോളതലത്തിലെ സംവാദം. കഴിഞ്ഞ ദശകത്തില്‍ ഭാരതത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലുണ്ടായ സമഗ്രമായ പരിവര്‍ത്തനമാണ് ഇത് കൈവരിക്കുന്നതിന് ഹേതുവായത്. ഈ സമയത്ത്, എയിംസ്, മെഡിക്കല്‍ കോളേജുകള്‍, ക്രിട്ടിക്കല്‍ കെയര്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ സമാനതകളില്ലാത്ത വിപുലീകരണം ഉണ്ടായിട്ടുണ്ട്. ചെറിയ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് രാജ്യത്തെ ഗ്രാമങ്ങളില്‍ 1.5 ലക്ഷം ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ ഞങ്ങള്‍ സ്ഥാപിച്ചു, ഒരു ദശാബ്ദത്തിന് മുന്‍പുള്ളതില്‍ നിന്നുള്ള ഒരു വലിയ കുതിച്ചുചാട്ടമാണിത്. മെഡിക്കല്‍ കോളേജുകളുടെ എണ്ണം 10 വര്‍ഷം മുന്‍പത്തെ 380-390 ല്‍ നിന്ന് 706 ആയി ഉയര്‍ന്നു, എം.ബി.ബി.എസ് സീറ്റുകള്‍ ഏകദേശം 50,000 നിന്ന് ഒരു ലക്ഷത്തിലേറെയായി വര്‍ദ്ധിച്ചു. അതുപോലെ, ഈ 10 വര്‍ഷത്തിനിടയില്‍ ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ ഏകദേശം 30,000 ത്തില്‍ നിന്ന് 70,000 ആയും ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ ഭാരതത്തിലുണ്ടാകാന്‍ പോകുന്ന യുവ ഡോക്ടര്‍മാരുടെ കുത്തൊഴുക്ക് സ്വാതന്ത്ര്യാനന്തര 70 വര്‍ഷങ്ങളില്‍ സൃഷ്ടിക്കപ്പെട്ട സഞ്ചിത സംഖ്യയെ മറികടക്കും. നിലവില്‍, 64,000 കോടി രൂപ ചെലവിലുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം രാജ്യത്ത് നടന്നുവരികയാണ്. നിരവധി മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, ടി.ബി ചികിത്സയ്ക്കുള്ള ഗവേഷണ കേന്ദ്രങ്ങള്‍, പി.ജി.ഐയുടെ ഉപഗ്രഹകേന്ദ്രങ്ങള്‍, ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍, മറ്റ് വിവിധ പദ്ധതികള്‍ എന്നിവയുടെ തറക്കല്ലിടലും ഉദ്ഘാടനവും ഇന്ന് ഞാം നിര്‍വഹിച്ചു. അതിനുപുറമെ, നിരവധി ഇ.എസ്.ഐ.സി ആശുപത്രികള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

 

സുഹൃത്തുക്കളെ,


രോഗ പ്രതിരോധത്തിലും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വ്യാപിക്കുന്നതാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ശ്രദ്ധ. പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തെയും ആധുനിക വൈദ്യശാസ്ത്രത്തെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പോഷകാഹാരം, യോഗ-ആയുഷ്, ശുചിത്വം എന്നിവയ്ക്ക് ഞങ്ങള്‍ ഊന്നല്‍ നല്‍കി. യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന രണ്ട് സുപ്രധാന ആശുപത്രികളും ഗവേഷണ കേന്ദ്രങ്ങളും ഇന്ന്, മഹാരാഷ്ട്രയിലും ഹരിയാനയിലുമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിനുപുറമെ, പരമ്പരാഗത മെഡിക്കല്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം ഗുജറാത്തിലുമായിരിക്കും.

സുഹൃത്തുക്കളെ,


പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അവരുടെ സമ്പാദ്യം ചോരാതെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതിനാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമം. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് നന്ദി, പാവപ്പെട്ടവര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ചെലവ് ഒഴിവാക്കാനായി. അതിനുപുറമെ, 80% കിഴിവില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മരുന്നുകള്‍ ലഭ്യമാകുന്നത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ചെലവില്‍ 30,000 കോടി രൂപയുടെ ലാഭമുണ്ടാക്കുകയും ചെയ്തു. ഗവണ്‍മെന്റ് ജീവന്‍ സംരക്ഷിക്കുക മാത്രമല്ല, പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുകയും ചെയ്തുവെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനുപുറമെ, ഉജ്ജ്വല യോജനയ്ക്ക് കീഴില്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒന്നാകെ70,000 കോടി രൂപ ലാഭിക്കാനുമായി. താങ്ങാനാവുന്ന നിരക്കില്‍ ഡാറ്റ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ഗവണ്‍മെന്റിന്റെ നിബന്ധന ഓരോ മൊബൈല്‍ ഉപഭോക്താവിനും പ്രതിമാസം ഏകദേശം 4000 രൂപ ലാഭിക്കാന്‍ കഴിയുന്നതിലേക്ക് നയിച്ചു. നികുതിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ നികുതിദായകര്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭിക്കുന്നതിനും കാരണമായി.

സുഹൃത്തുക്കളെ,
വരും വര്‍ഷങ്ങളില്‍ നിരവധി കുടുംബങ്ങളുടെ സമ്പാദ്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഞങ്ങളുടെ ഗവണ്‍മെന്റ് ഇപ്പോള്‍ മറ്റൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഒരേസമയം വരുമാനം ഉണ്ടാക്കുന്നതിനൊപ്പം കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകള്‍ പൂജ്യമായി കുറയ്ക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. രാജ്യത്തുടനീളമുള്ള ജനങ്ങളെ ലാഭമുണ്ടാക്കുന്നതിനും സമ്പാദിക്കുന്നതിനും സഹായിക്കുകയാണ് സൗജന്യ വൈദ്യുതി പദ്ധതിയായ പി.എം സൂര്യ ഘര്‍ പദ്ധതിയിലൂടെ, ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും, മാത്രമല്ല, അധിക വൈദ്യുതി ഗവണ്‍മെന്റ് വാങ്ങുകയും അതനുസരിച്ച് വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യും.

 

സുഹൃത്തുക്കളെ,


എല്ലാ കുടുംബങ്ങളെയും സൗരോര്‍ജ്ജ ഉല്‍പ്പാദകരാകാന്‍ ഞങ്ങള്‍ ശാക്തീകരിക്കുമ്പോള്‍ തന്നെ, വലിയ തോതിലുള്ള സൗരോര്‍ജ്ജ, പവനോര്‍ജ്ജ പ്ലാന്റുകളും ഞങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ഗുജറാത്തിന്റെ ശേഷി കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് രണ്ട് സുപ്രധാന സൗരോര്‍ജ്ജ പദ്ധതികള്‍ക്കും ഒരു പവനോര്‍ജ്ജ പദ്ധതിക്കും ഞങ്ങള്‍ ഇന്ന് കച്ചില്‍ തറക്കല്ലിടുകയും ചെയ്തു.

സുഹൃത്തുക്കളെ,


ഒരു സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കുന്നതിന് സംരംഭകരുടെയും തൊഴിലാളികളുടെയും കരകൗശല വിദഗ്ധരുടെയും നഗരമായ നമ്മുടെ രാജ്‌കോട്ട് ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുമ്പ് അവഗണിക്കപ്പെട്ട ഇവരില്‍ പലരും മോദിയുടെ ഭരണത്തിന് കീഴില്‍ ആദ്യമായി അംഗീകരിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നമ്മുടെ വിശ്വകര്‍മ്മ സുഹൃത്തുക്കള്‍ക്കായി രാജ്യവ്യാപകമായി ഒരു പദ്ധതി ആവിഷ്‌കരിച്ചു. ഇതുവരെ അതായത് മൊത്തം 13,000 കോടി രൂപ ആകെ തുകവരുന്ന തരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഈ മുന്‍കൈ സഹായിക്കും. ഗുജറാത്തില്‍ മാത്രം ഈ പദ്ധതിക്ക് കീഴില്‍ 20,000 പേര്‍ പരിശീലനം നേടിയിട്ടുണ്ട്, ഈ ഓരോ വിശ്വകര്‍മ്മ ഗുണഭോക്താവിനും 15,000 രൂപ വരെ സഹായം ലഭിക്കും.


സുഹൃത്തുക്കളെ,


രാജ്‌കോട്ടില്‍ സോണാര്‍ (സ്വര്‍ണ്ണപ്പണിക്കാരന്‍) സമൂഹത്തിന്റെ സുപ്രധാന പങ്കിനെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതാണ്. ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വിശ്വകര്‍മ്മ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,


നമ്മുടെ ലക്ഷക്കണക്കിന് തെരുവു കച്ചവടക്കാര്‍ക്കായി ആദ്യമായി അവതരിപ്പിച്ചതാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 10,000 കോടി രൂപയുടെ സഹായം ഈ വ്യക്തികള്‍ക്ക് ഇതുവരെ നല്‍കിയിട്ടുണ്ട്. വഴിയോരക്കച്ചവടക്കാര്‍ക്ക് ഇവിടെ ഗുജറാത്തിലും 800 കോടിയുടെ സഹായം ലഭിച്ചിട്ടുണ്ട്. മുമ്പ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഈ വഴിയോരക്കച്ചവടക്കാരെ ബി.ജെ.പി എങ്ങനെ ആദരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ രാജ്‌കോട്ടില്‍ മാത്രം 30,000-ത്തിലധികം വായ്പകള്‍ വിതരണം ചെയ്തു.


സുഹൃത്തുക്കളെ,


ഈ വ്യക്തികളെ ശാക്തീകരിക്കുന്നത് വികസിത ഭാരതത്തിനായുള്ള ദൗത്യത്തെ ശക്തിപ്പെടുത്തും. ഭാരതത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക മഹാശക്തിയായി ഉയര്‍ത്തുമെന്ന് മോദി പ്രതിജ്ഞയെടുക്കുമ്പോള്‍, എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ന് രാജ്യത്തുടനീളം ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പദ്ധതികള്‍ ഞങ്ങളുടെ പ്രതിബദ്ധത ബലപ്പെടുത്തും, ഈ അഭിലാഷത്തോടെയാണ് വിമാനത്താവളം മുതല്‍ ഞങ്ങള്‍ക്ക് ഇത്രയും ഊഷ്മളമായ സ്വീകരണം ലഭിച്ചത്. പല പഴയ സഹപ്രവര്‍ത്തകരെയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അഭിവാദ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു, ശരിക്കും അത് ഹൃദയംഗമായിരുന്നു. രാജ്‌കോട്ടിലെ ബി.ജെ.പി സഹപ്രവര്‍ത്തകര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇത്തരം സവിശേഷ പരിപാടികള്‍ സംഘടിപ്പിക്കാനും വികസിത ഭാരതമെന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും നമുക്ക് ഒരുമിച്ച് മുന്നേറാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പറയാം - ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!

വളരെയധികം നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi