ദ്വാരകാധീഷ് കി - ജയ്!
ദ്വാരകാധീഷ് കി - ജയ്!
ദ്വാരകാധീഷ് കി - ജയ്!
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ സി.ആര്‍. പാട്ടീല്‍, മറ്റ് ബഹുമാനപ്പെട്ട വിശിഷ്ട വ്യക്തികളെ, ഗുജറാത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരെ,
എന്നെ സ്വാഗതം ചെയ്ത എന്റെ അഹിര്‍ സഹോദരിമാരോട് ആദ്യമായി ഞാന്‍ ഉപചാരം അറിയിക്കുകയും ഭക്തിയോടെയുള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരുന്നു. ഏകദേശം 37,000 ആഹിര്‍ സഹോദരിമാര്‍ ദ്വാരകയില്‍ ഗര്‍ബ അവതരിപ്പിക്കുന്നത്, ജനങ്ങള്‍ അഭിമാനത്തോടെ എന്നോട് പറഞ്ഞു, ''സര്‍, ദ്വാരകയില്‍ 37,000 അഹിര്‍ സഹോദരിമാരുണ്ടായിരുന്നു'' എന്ന്! ''നിങ്ങള്‍ ഗര്‍ബ കണ്ടു, പക്ഷേ അതിന് മറ്റൊരു പ്രത്യേക വശം കൂടി ഉണ്ടായിരുന്നു; ആ 37,000 അഹിര്‍ സഹോദരിമാര്‍ ഗര്‍ബ അവതരിപ്പിക്കുമ്പോള്‍, അവരുടെ ശരീരത്തില്‍ കുറഞ്ഞത് 25,000 കിലോഗ്രാം സ്വര്‍ണം ഉണ്ടായിരുന്നു'' എന്ന് ഞാന്‍ പറഞ്ഞു. ഒരു യാഥാസ്ഥിതിക സംഖ്യയാണ് ഞാന്‍ പ്രസ്താവിക്കുന്നത്. ഗര്‍ബ സമയത്ത് 25,000 കിലോഗ്രാം സ്വര്‍ണം അവര്‍ അവരുടെ ശരീരത്തില്‍ ധരിച്ചിരിന്നുവെന്ന് അറിഞ്ഞപ്പോള്‍ ജനങ്ങള്‍ അത്ഭുതപരവശരായിട്ടുണ്ട്. എന്നെ സ്വാഗതം ചെയ്തതിനും അനുഗ്രഹിച്ചതിനും എല്ലാ മാതൃഭാവങ്ങളോടും ഞാന്‍ നന്ദിയോടെ ശിരസ്സ് നമിക്കുന്നു, എല്ലാ ആഹിര്‍ സഹോദരിമാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ശ്രീകൃഷ്ണന്റെ നാടായ ദ്വാരകാധാമിനെ ഞാന്‍ ആദരവോടെ വണങ്ങുന്നു. ദേവഭൂമി ദ്വാരകയില്‍ ദ്വാരകാധീശനായി ശ്രീകൃഷ്ണന്‍ കുടികൊള്ളുന്നു. ഇവിടെ സംഭവിക്കുന്നതെല്ലാം ദ്വാരകാധീഷിന്റെ ഇച്ഛയോടെയാണ്. രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും പൂജ ചെയ്യാനും എനിക്ക് ഭാഗ്യമുണ്ടായി. ചാര്‍ധാമിന്റെയും സപ്തപുരിയുടെയും ഭാഗമാണ് ദ്വാരകയെന്ന് പറയപ്പെടുന്നു. ആദിശങ്കരാചാര്യര്‍ ഇവിടെ സ്ഥാപിച്ച നാല് പീഠങ്ങളില്‍ ഒന്നായ ശാരദാപീഠം ഇവിടെയാണ്. നാഗേശ്വര്‍ ജ്യോതിര്‍ലിംഗം, രുക്മണി ദേവിയുടെ ക്ഷേത്രം, മറ്റ് നിരവധി വിശ്വാസ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെയുണ്ട്. അടുത്തിടെ, എന്റെ ദേശ് കാജ് (ദേശീയ ചുമതലകള്‍)ക്കിടയില്‍, രാജ്യത്തുടനീളമുള്ള വിവിധ പുണ്യസ്ഥലങ്ങളിലേക്ക് ദേവ് കാജിന് (തീര്‍ത്ഥാടനം) പുറപ്പെടാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ദ്വാരകാധാമില്‍ ഇന്ന് ആ ദിവ്യപ്രഭ ഞാന്‍ അനുഭവിക്കുന്നു. ഇന്ന് രാവിലെ, ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം നിലനില്‍ക്കുന്ന മറ്റൊരു അനുഭവം എനിക്ക് ഉണ്ടായി. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാനും പുരാതന ദ്വാരകയെ കണ്ടറിയാനും എനിക്ക് അവസരം ലഭിച്ചു. കടലില്‍ മുങ്ങിപ്പോയ ദ്വാരകയെക്കുറിച്ച് പുരാവസ്തു ഗവേഷകര്‍ ധാരാളം എഴുതിയിട്ടുണ്ട്. നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളും ദ്വാരകയെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നു--
भविष्यति पुरी रम्या सुद्वारा प्रार्ग्य-तोरणा।
चयाट्टालक केयूरा पृथिव्याम् ककुदोपमा॥
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനോഹരമായ കവാടങ്ങളും ഉയര്‍ന്ന കെട്ടിടങ്ങളുമുള്ള ഈ നഗരം ഭൂമിയിലെ ഒരു ഗോപുരാഗ്രം പോലെയായിരിുന്നിരിക്കണം. വിശ്വകര്‍മ്മ ഭഗവാന്‍ നേരിട്ടാണ് ഈ ദ്വാരക നഗരം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. സംഘാടനത്തിന്റെയും വികസനത്തിന്റെയും മികച്ച ഉദാഹരണമായിരുന്നു ദ്വാരക നഗരം. ഇന്ന്, ആഴക്കടലിന്റെ അഗാധതയില്‍ ദ്വാരക ജിയെ കണ്ടറിഞ്ഞപ്പോള്‍, എന്റെ ഉള്ളില്‍ ആ പുരാതന മഹത്വം, ദിവ്യമായ ആ പ്രഭാവലയം ഞാന്‍ ആഴത്തില്‍ അനുഭവിക്കുകയായിരുന്നു. ദ്വാരകാധീശനായ ശ്രീകൃഷ്ണ ഭഗവാന് ഞാന്‍ എന്റെ ആദരവ് അര്‍പ്പിച്ചു. ഒപ്പം കൊണ്ടുപോയിരുന്ന ഒരു മയില്‍പ്പീലിയും ഭഗവാന്‍ ശ്രീകൃഷ്ണനെ സ്മരിച്ചുകൊണ്ട് ഞാന്‍ അവിടെ സമര്‍പ്പിച്ചു. പുരാവസ്തു ഗവേഷകരില്‍ നിന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വര്‍ഷങ്ങളായി എന്റെ മനസില്‍ ഒരു വലിയ ജിജ്ഞാസയുണ്ടായിരുന്നു. എന്നെങ്കിലും കടലിന്റെ ഉള്ളില്‍ പോയി ആ ദ്വാരകാ നഗരത്തിന്റെ അവശിഷ്ടങ്ങളെ ആദരവോടെ വണങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ആ ആഗ്രഹം ഇന്ന് സഫലമായിരിക്കുന്നു. എന്റെ മനസ്സ് വികാരങ്ങളാല്‍ നിറഞ്ഞ് ഞാന്‍ അതില്‍ നിഗ്മനനായിരിക്കുന്നു. പതിറ്റാണ്ടുകളായി പരിപോഷിപ്പിച്ചിരുന്ന ആ സ്വപ്‌നമായ ആ പുണ്യഭൂമിയെ ഒടുവില്‍ ഞാന്‍ സ്പര്‍ശിഞ്ഞപ്പോള്‍ ഞാന്‍ ഇപ്പോള്‍ എത്രമാത്രം അഗാധമായ സന്തോഷം അനുഭവിക്കുന്നുണ്ടെന്ന് സങ്കല്‍പ്പിക്കുക.
സുഹൃത്തുക്കള്‍,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ മഹത്വ ദര്‍ശനം എന്റെ കണ്ണുകള്‍ക്കുള്ളില്‍ കറങ്ങുകയായിരുന്നു, വളരെനേരം ഞാന്‍ ഉള്ളില്‍ തുടര്‍ന്നു. ഞാന്‍ കുറച്ചു നേരം വെള്ളത്തിനടിയില്‍ തങ്ങിപ്പോയതാണ് ഇന്ന് ഇവിടെ വൈകി എത്താനുണ്ടായ കാരണം. സമുദ്രത്തിലെ ദ്വാരകയുടെ ദര്‍ശനത്തിലൂടെ ഞാന്‍ വികസിത് ഭാരത് (വികസിത ഭാരതം) എന്ന ദൃഢനിശ്ചയം ശക്തിപ്പെടുത്തി.
സുഹൃത്തുക്കളെ,
സുദര്‍ശന്‍ സേതു ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം ഇന്ന് എനിക്കുണ്ടായി. ആറ് വര്‍ഷം മുമ്പ് ഈ പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ഓഖയെ ബെയ്റ്റ് ദ്വാരക ദ്വീപുമായി ഈ പാലം ബന്ധിപ്പിക്കും. ഇത് ദ്വാരകാധീഷ് സന്ദര്‍ശിക്കുന്നത് സുഗമമാക്കുക മാത്രമല്ല, ഈ സ്ഥലത്തിന്റെ ദിവ്യ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഞാന്‍ ഈ സ്വപ്‌നം വിഭാവനം ചെയ്തു, അതിന് അടിത്തറ പാകി, ഇന്ന് അത് സാക്ഷാത്കരിച്ചു -- ഇതാണ് ദൈവികതയെ ഉള്‍ക്കൊള്ളുന്ന ജനങ്ങളുടെ സേവകനായ മോദിയുടെ ഉറപ്പ്. സുദര്‍ശന്‍ സേതു വെറുമൊരു സൗകര്യം മാത്രമല്ല; ഇത് എഞ്ചിനീയറിംഗിന്റെ ഒരു അത്ഭുതം കൂടിയാണ്. സ്ട്രക്ചറല്‍ എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ ഈ സുദര്‍ശന്‍ സേതുവിനെക്കുറിച്ച് പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭാരതത്തില്‍ ഇതുവരെയുള്ള ഏറ്റവും നീളം കൂടിയ കേബിള്‍ പാലമാണിത്. ആധുനികവും പ്രൗഢവുമായ ഈ പാലത്തിന് രാജ്യത്തെ എല്ലാ പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഇത്രയും ശ്രദ്ധേയമായ ജോലികള്‍ ഇന്ന്, നടക്കുമ്പോള്‍, മനസില്‍ ഒരു പഴയ ഓര്‍മ്മ വരികയാണ്. റഷ്യയില്‍ അസ്ട്രഖാന്‍ എന്ന പേരില്‍ ഒരു സംസ്ഥാനമുണ്ട്, അസ്ട്രഖാനുമായി ഗുജറാത്തിന് ഒരു സഹോദര-സംസ്ഥാന ബന്ധമുണ്ട്. ഞാന്‍ (ഗുജറാത്ത്) മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവര്‍ എന്നെ റഷ്യയിലെ അസ്ട്രഖാന്‍ സംസ്ഥാനത്തിലേക്ക് ക്ഷണിച്ചു. ഞാന്‍ അവിടെ ചെന്നപ്പോള്‍, ഏറ്റവും മികച്ച മാര്‍ക്കറ്റ്, ഏറ്റവും വലിയ മാള്‍, ഓഖയുടെ പേരിലായിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. എല്ലാം ഓഖയുടെ പേരിലായിരുന്നു. ''എന്തുകൊണ്ടാണ് ഇതിന് ഓഖ എന്ന് പേരിട്ടത്''?ഞാന്‍ ചോദിച്ചു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആളുകള്‍ കച്ചവടത്തിനായി ഇവിടെനിന്നുംപോകാറുണ്ടായിരുന്നു, ഇവിടെനിന്ന് അയക്കുന്നതെന്തും അവിടുത്തെ ഏറ്റവും മികച്ച ഗുണനിലവാരമായി കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷവും കടകള്‍ക്കും മാളുകള്‍ക്കും ഓഖയുടെ പേര് നല്‍കുന്നത്, ഉയര്‍ന്ന നിലവാരമുള്ള സാധനങ്ങള്‍ അവിടെ ലഭിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു. സുദര്‍ശന്‍ സേതുവിന്റെ നിര്‍മ്മാണത്തിന് ശേഷം നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഓഖ സ്വാധീനമാക്കിയ ആദരവ് വീണ്ടും ലോകഭൂപടത്തില്‍ തിളങ്ങാന്‍ പോകുന്നു, ഓഖയുടെ പേര് കൂടുതല്‍ പ്രകമ്പനം കൊള്ളിക്കാന്‍ പോകുന്നു.
സുഹൃത്തുക്കളെ,
ഇന്ന്, സുദര്‍ശന്‍ സേതുവിലേക്ക് ഞാന്‍ നോക്കുമ്പോള്‍, പല പഴയ ഓര്‍മ്മകളും ഒഴുകി വരികയാണ്. മുന്‍പ് ദ്വാരകയിലെയും ബെയ്റ്റ് ദ്വാരകയിലെയും ജനങ്ങള്‍ക്ക് ഫെറി ബോട്ടുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ആദ്യം കടല്‍മാര്‍ഗ്ഗവും പിന്നീട് റോഡ് മാര്‍ഗവും അവര്‍ക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു. യാത്രികര്‍ ബുദ്ധിമുട്ടുകള്‍ അനുവഭിച്ചിരുന്നുവെന്ന് മാത്രമല്ല, കടലിലെ ഉയര്‍ന്ന തിരമാലകള്‍ മൂലം ചിലപ്പോള്‍ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമായിരുന്നു. ഇത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഇവിടെനിന്ന് എന്നെ സന്ദര്‍ശിച്ചിരുന്ന കൂട്ടുകാര്‍ പാലത്തിന്റെ ആവശ്യകതയെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. ഈ ജോലി ഞാന്‍ തന്നെ ചെയ്യണം എന്നൊരു അജണ്ട ഞങ്ങളുടെ ശിവ-ശിവ്, നമ്മുടെ ബാബുബക്കുണ്ടായിരുന്നു. ആ ബാബുബയെ ഏറ്റവും സന്തോഷവാനായാണ് ഇന്ന് ഞാന്‍ കാണുന്നത്.
സുഹൃത്തുക്കള്‍,
കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ കേന്ദ്രഗവണ്‍മെന്റിന് മുമ്പാകെ ഈ വിഷയം ഞാന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നുവെങ്കിലും അവര്‍ ഒരിക്കലും അതിന് ശ്രദ്ധ നല്‍കിയിരുന്നില്ല. ഈ സുദര്‍ശന്‍ സേതുവിന്റെ നിര്‍മ്മാണവും ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്റെ വിധിയിലാണ് എഴുതിയിരുന്നത്. ദൈവത്തിന്റെ കല്‍പ്പന അനുസരിച്ചുകൊണ്ട് ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ക്ക് ഈ പാലത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ വലിയ സൗകര്യമൊരുക്കും. ഈ പാലത്തിന്റെ മറ്റൊരു പ്രത്യേകത, അതിമനോഹരമായ ലൈറ്റിംഗ് ആണ്, പാലത്തില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ചാണ് അവ പ്രവര്‍ത്തിക്കുക. പന്ത്രണ്ട് ടൂറിസ്റ്റ് ഗാലറികള്‍ സുദര്‍ശന്‍ സേതുവില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഗാലറികള്‍ ഇന്ന് ഞാനും സന്ദര്‍ശിച്ചു. അവ അതിശയകരവും മനോഹരമായി രൂപകല്‍പ്പന ചെയ്തതുമാണ്. ഈ ഗാലറികളിലൂടെ ആളുകള്‍ക്ക് അതിരുകളില്ലാത്ത നീലക്കടല്‍ വീക്ഷിക്കാനും കഴിയും.
സുഹൃത്തുക്കളെ,
ഇന്നത്തെ ഈ ശുഭമുഹൂര്‍ത്തത്തില്‍, പുണ്യഭൂമിയായ ദ്വാരകയിലെ ജനങ്ങളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇവിടെ ആരംഭിച്ച ശുചിത്വ ദൗത്യങ്ങളും, ദ്വാരകയില്‍ നടക്കുന്ന അതിഗംഭീരമായ ഈ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ എനിക്ക് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി അയച്ചു തന്ന വീഡിയോകളും ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ എല്ലാവരും സന്തോഷത്തിലാണോ? ഇപ്പോള്‍ എല്ലാം വളരെ വൃത്തിയായി കാണപ്പെടുന്നതിനാല്‍, ശുചിത്വ ശ്രമങ്ങളില്‍ നിങ്ങള്‍ എല്ലാവരും സംതൃപ്തരാണോ? എന്നാല്‍ ഇനി എന്താണ് നിങ്ങളുടെ ഉത്തരവാദിത്തം? ശുചിയാക്കാനായി ഞാന്‍ വീണ്ടും വരേണ്ടതുണ്ടോ? ഇത് വൃത്തിയായി സൂക്ഷിക്കുമെന്ന് നിങ്ങള്‍ എല്ലാവരും ഉറപ്പുനല്‍കുമോ? ''ഇനി ദ്വാരകയെ ഞങ്ങള്‍ വൃത്തിയില്ലാത്തതാക്കില്ല'' എന്ന് നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി പറയുക. നോക്കൂ, വിദേശത്തുനിന്നും ആളുകള്‍ ഇവിടെയെത്തും. ധാരാളം ഭക്തര്‍ എത്തും. അവര്‍ ശുചിത്വം കാണുമ്പോള്‍, അവരുടെ ഹൃദയത്തിന്റെ പകുതിയും നിങ്ങള്‍ കവരും.
സുഹൃത്തുക്കളെ,
പുതിയ ഭാരതത്തിന്റെ വികസനത്തെക്കുറിച്ച് ഞാന്‍ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കിയപ്പോള്‍, എല്ലാ ദിവസവും എനിക്ക് നേരെ അധിക്ഷേപം ചൊരിയാന്‍ ഇഷ്ടപ്പെടുന്ന ഈ പ്രതിപക്ഷ അംഗങ്ങള്‍ അതിനെ പരിഹസിക്കുന്നത് പതിവായിരുന്നു. ഒരു പുതിയ ഭാരതത്തിന്റെ ആവിര്‍ഭാവത്തിന് ഇന്ന് ജനങ്ങള്‍ അവരുടെ സ്വന്തം കണ്ണുകൊണ്ട് തന്നെ സാക്ഷ്യം വഹിക്കുകയാണ്. ദീര്‍ഘകാലം രാജ്യം ഭരിച്ചവരുന്നവര്‍ക്ക് ഇച്ഛാശക്തിയില്ലായിരുന്നു; സാധാരണക്കാര്‍ക്ക് സൗകര്യം ഒരുക്കാനുള്ള അവരുടെ ഉദ്ദേശവും അര്‍പ്പണബോധവും വികലമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ ശക്തിയും ഒരു കുടുംബത്തെ മുന്നോട്ടുകൊണ്ടുവരുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; ഒരു കുടുംബം മാത്രമേ എല്ലാം ചെയ്യാവൂ എങ്കില്‍, ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ആശയം എങ്ങനെ മനസ്സില്‍ വരും? 5 വര്‍ഷം എങ്ങനെ ഭരണം നടത്താമെന്നും അഴിമതികളെ എങ്ങനെ അടിച്ചമര്‍ത്താമെന്നുമെന്നതിലാണ് അവരുടെ മുഴുവന്‍ അധികാരവും നിക്ഷേപിച്ചത്. അതുകൊണ്ടാണ് 2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ ഭാരതത്തിന് 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കാന്‍ മാത്രം കഴിഞ്ഞത്. സമ്പദ്‌വ്യവസ്ഥ വളരെ ചെറുതായിരിക്കുമ്പോള്‍, ഇത്രയും വിശാലമായ ഒരു രാജ്യത്തിന് അതിന്റെ മഹത്തായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവ് അവിടെ ഉണ്ടായിരിക്കില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവയ്ക്കുന്ന ചെറിയ ബജറ്റ് പോലും അഴിമതിയില്‍ ആസക്തമാകും. രാജ്യത്ത് ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട സമയമായപ്പോള്‍ കോണ്‍ഗ്രസ് 2ജി അഴിമതി നടത്തി. രാജ്യത്തെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുള്ള അവസരം വന്നപ്പോള്‍ കോണ്‍ഗ്രസ് കോമണ്‍വെല്‍ത്ത് അഴിമതി നടത്തി. രാജ്യത്ത് പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയമായപ്പോള്‍ കോണ്‍ഗ്രസ് ഹെലികോപ്റ്റര്‍, അന്തര്‍വാഹിനി അഴിമതികള്‍ നടത്തി. രാജ്യത്തിന്റെ എല്ലാ ആവശ്യങ്ങളിലും വിശ്വാസവഞ്ചന മാത്രമേ കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയുകയുള്ളു.
സുഹൃത്തുക്കളെ,
നിങ്ങളെല്ലാവരും എന്നെ നിങ്ങളുടെ അനുഗ്രഹത്തോടെ 2014ല്‍ എന്നെ ഡല്‍ഹിയിലേക്ക് അയച്ചപ്പോള്‍ രാജ്യം കൊള്ളയടിക്കാപ്പെടാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ വാക്ക് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ കാലത്ത് നടന്നിരുന്ന ആയിരക്കണക്കിന് കോടികളുടെ അഴിമതി ഇപ്പോള്‍ നിലച്ചിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഞങ്ങള്‍ രാജ്യത്തെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി, അതിന്റെ ഫലമാണ് രാജ്യമെമ്പാടും ഇന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്ന മഹത്തായതും അതിംഗഭീരമായതും ദൈവികമായതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഒരു വശത്ത്, നമ്മുടെ ദിവ്യ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ആധുനിക അവതാരത്തില്‍ വരുന്നു, മറുവശത്ത്, മെഗാ പ്രോജക്റ്റുകളില്‍ നിന്ന് ഭാരതത്തിന്റെ ഒരു പുതിയ ചിത്രം ഉയര്‍ന്നുവരുന്നു. ഗുജറാത്തിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലത്തിനാണ് ഇന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മുംബൈയില്‍ പൂര്‍ത്തിയാക്കിയത്. ജമ്മു കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെ പണിത അതിഗംഭീരമായ പാലമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ബ്രിഡ്ജായ (ലംബമായ തൂക്കുപാലം) പുതിയ പാമ്പന്‍ പാലത്തിന്റെ പണികള്‍ തമിഴ്‌നാട്ടില്‍ അതിവേഗം പുരോഗമിക്കുകയാണ്. ഭാരതത്തിന്റെ ഏറ്റവും നീളമേറിയ നദീപാലവും കഴിഞ്ഞ 10 വര്‍ഷത്തിനിടെ അസമില്‍ നിര്‍മ്മിച്ചതാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള നിര്‍മ്മാണം നടക്കുന്നു. ഈ ആധുനിക ബന്ധിപ്പിക്കലാണ് കാര്യക്ഷമമായതും ശക്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പാത.
സുഹൃത്തുക്കളെ,
ബന്ധിപ്പിക്കല്‍ മെച്ചപ്പെടുമ്പോള്‍, അതിന്റെ പ്രത്യക്ഷ നേട്ടം രാജ്യത്തിന്റെ ടൂറിസത്തില്‍ അനുഭവപ്പെടും. ഗുജറാത്തിലെ വര്‍ദ്ധിച്ചുവരുന്ന ബന്ധിപ്പിക്കല്‍ സംസ്ഥാനത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ്. ഇന്ന് ഗുജറാത്തില്‍ 22 വന്യജീവി സങ്കേതങ്ങളും 4 ദേശീയ ഉദ്യാനങ്ങളുമുണ്ട്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള തുറമുഖ നഗരമായ ലോത്തല്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അഹമ്മദാബാദ് നഗരം, റാണി കി വാവ്, ചമ്പാനര്‍, ധോളവീര എന്നിവ ഇന്ന്, ലോക പൈതൃക കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ദ്വാരകയിലെ ശിവരാജ്പൂര്‍ കടല്‍തീരത്തിന് ഒരു നീല പതാകയുണ്ട്. ലോക പൈതൃക നഗരമാണ് അഹമ്മദാബാദ്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ നമ്മുടെ ഗിര്‍നാര്‍ പര്‍വതത്തിലാണ്. ഏഷ്യന്‍ സിംഹങ്ങള്‍ നമ്മുടെ ഗിര്‍ വനങ്ങളില്‍ കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ, സര്‍ദാര്‍ സാഹബിന്റെ ഏകതാ പ്രതിമ ഗുജറാത്തിലെ ഏകതാ നഗറിലാണ്, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഒരു മേള റാന്‍ ഉത്സവ വേളയില്‍ നടക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായാണ് കച്ചിലെ ധോര്‍ഡോ ഗ്രാമത്തെ കണക്കാക്കുന്നത്. ദേശസ്‌നേഹത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പ്രധാന കേന്ദ്രമായി നാദാ ബെറ്റ് മാറുകയാണ്. വികാസ് (വികസനം), വിരാസത് (പൈതൃകം) എന്നീ മന്ത്രങ്ങള്‍ പാലിച്ചുകൊണ്ട് ഗുജറാത്തിലെ വിശ്വാസ കേന്ദ്രങ്ങളും മനോഹരമാക്കുന്നു. ദ്വാരക, സോമനാഥ്, പാവഗഢ്, മൊദേര, അംബാജി തുടങ്ങി എല്ലാ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. 52 ശക്തിപീഠങ്ങളുടെ ദര്‍ശനം ഒരിടത്ത് നടത്താവുന്ന തരത്തിലാണ് അംബാജിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് ഭാരതത്തിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകള്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലമായി ഗുജറാത്ത് മാറുകയാണ്. 2022ല്‍ ഭാരതത്തിലെത്തിയ 85 ലക്ഷത്തിലധികം വിനോദസഞ്ചാരികളില്‍ അഞ്ചിലൊരു വിനോദസഞ്ചാരി ഗുജറാത്തിലേക്ക്് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റോടെ ഏകദേശം 1.5 ദശലക്ഷം വിനോദസഞ്ചാരികള്‍ ഗുജറാത്തില്‍ എത്തിയിരുന്നു. വിദേശ വിനോദസഞ്ചാരികള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് ഇ-വിസ സൗകര്യം ഏര്‍പ്പെടുത്തിയതും ഗുജറാത്തിന് നേട്ടമായി. വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ദ്ധന ഗുജറാത്തില്‍ തൊഴിലിനും സ്വയം തൊഴിലിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളെ,
സൗരാഷ്ര്ടയില്‍ വരുമ്പോഴെല്ലാം ഇവിടെ നിന്ന് ഒരു പുതിയ ഊര്‍ജത്തോടെയാണ് ഞാന്‍ മടങ്ങുന്നത്. സങ്കല്‍പ്പ് (നിശ്ചയദാര്‍ഢ്യം) മുതല്‍ സിദ്ധി (വിജയം) വരെയുള്ളതിന് വലിയ പ്രചോദനമാണ് ഈ സൗരാഷ്ട്ര പ്രദേശം. സൗരാഷ്ട്രയുടെ വികസനം ഇന്ന്, കാണുമ്പോള്‍, മുമ്പ് ഇവിടെ ജീവിതം എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് ആര്‍ക്കും മനസ്സിലാകില്ല. സൗരാഷ്ട്രയിലെ ഓരോ കുടുംബവും ഓരോ കര്‍ഷകനും ഓരോ തുള്ളി വെള്ളത്തിനായി കൊതിക്കുന്ന നാളുകള്‍ നാം കണ്ടതാണ്. ഇവിടെ നിന്ന് ആളുകള്‍ വളരെ ദുരേയ്ക്ക് നാടുവിട്ടിരുന്നു. വര്‍ഷം മുഴുവന്‍ ഒഴുകിയിരുന്ന നദികളിലെ വെള്ളം അവിടെ നിന്ന് സൗരാഷ്ട്രയിലേക്കും കച്ചിലേക്കും കൊണ്ടുവരുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ എന്നെ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗരാഷ്്രടയുടെ വിധി മാറ്റിമറിച്ച പദ്ധതിയാണ് സൗനി. ഈ സ്‌കീമിന് കീഴില്‍, 1300 കിലോമീറ്ററിലധികം പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഈ പൈപ്പ്‌ലൈനുകളും ചെറുതുമല്ല, ഒരു മാരുതി കാറിന് ഉള്ളില്‍ ഓടാന്‍ കഴിയുന്ന തരത്തിലുള്ളവയാണ് ഈ പൈപ്പുലൈനുകള്‍. അതിന്റെ ഫലമായി സൗരാഷ്ട്രയിലെ നൂറുകണക്കിന് ഗ്രാമങ്ങളില്‍ ജലസേചനത്തിനും കുടിവെള്ളത്തിനുമുള്ള വെള്ളം എത്തി. ഇപ്പോള്‍ സൗരാഷ്ട്രയിലെ കര്‍ഷകരും കന്നുകാലികളെ വളര്‍ത്തുന്നവരും മത്സ്യത്തൊഴിലാളികളും സമൃദ്ധിയിലാകുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗരാഷ്ട്രയും ഗുജറാത്താകമാനവും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദ്വാരകാധീശന്റെ അനുഗ്രഹം നമ്മോടൊപ്പമുണ്ട്. ഒരുമിച്ച് നമ്മള്‍ സൗരാഷ്ട്രയേയും ഗുജറാത്തിനേും വികസിപ്പിക്കും, ഗുജറാത്ത് വികസിക്കുമ്പോള്‍ ഭാരതം വികസിക്കും.
ഗംഭീരമായ ഈ പാലത്തിന് ഒരിക്കല്‍ കൂടി, നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു. ലോകമെമ്പാടുമുള്ള കൂടുതല്‍ കൂടുതല്‍ വിനോദസഞ്ചാരികളെ എങ്ങനെ ആകര്‍ഷിക്കാമെന്നതിനായി മനസിനെ ഇപ്പോള്‍ സജ്ജമാക്കാന്‍ ഞാന്‍ ഇപ്പോള്‍ എന്റെ ദ്വാരക നിവാസികളോട് അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ വന്നതിനു ശേഷം അവര്‍ ഇവിടെ താമസിക്കാന്‍ തോന്നണം. നിങ്ങളുടെ വികാരത്തെ ഞാന്‍ മാനിക്കുന്നു. എന്നോടൊപ്പം പറയുക:
ദ്വാരകാധീഷ് കി - ജയ്!
ദ്വാരകാധീഷ് കി - ജയ്!
ദ്വാരകാധീഷ് കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെയധികം നന്ദി.