തെലങ്കാന ഗവര്‍ണര്‍, തമിഴിസൈ സൗന്ദരരാജന്‍ ജി, മുഖ്യമന്ത്രി, ശ്രീ രേവന്ത് റെഡ്ഡി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, സോയം ബാപ്പു റാവു ജി, പി. ശങ്കര്‍ ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ, മാന്യരേ!
ഇന്ന്, തെലങ്കാനയ്ക്ക് മാത്രമല്ല, രാജ്യമെമ്പാടുമുള്ള നിരവധി വികസന മുന്‍കൈകള്‍ക്ക് അദിലാബാദിന്റെ ഈ ഭൂമി സാക്ഷ്യം വഹിക്കുകയാണ്. 30-ലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിങ്ങളോടൊരുമിച്ച് നിര്‍വഹിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. തെലങ്കാന ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള പല സംസ്ഥാനങ്ങളിലും 56,000 കോടി രൂപ മൂല്യമുള്ള അമ്പരിപ്പിക്കുന്ന ഈ പദ്ധതികള്‍ വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കും. ഊര്‍ജം, പരിസ്ഥിതി സംരക്ഷണ ശ്രമങ്ങള്‍, തെലങ്കാനയിലെ ആധുനിക റോഡ് ശൃംഖലകളുടെ പുരോഗതി എന്നിവയിലെ സുപ്രധാന മുന്‍കൈകള്‍ അവ ഉള്‍ക്കൊള്ളുന്നുണ്ട്. പരിവര്‍ത്തനാത്മകമായ ഈ പദ്ധതികള്‍ക്ക് തെലങ്കാനയിലെ ജനങ്ങള്‍ക്കും എല്ലാ സഹ പൗരന്മാര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
കേന്ദ്രത്തില്‍ നമ്മുടെ ഗവണ്‍മെന്റിന്റെ തുടക്കം കുറിച്ചിട്ടും തെലങ്കാന സംസ്ഥാനം സ്ഥാപിക്കപ്പെട്ടിട്ടും ഏകദേശം ഒരു ദശാബ്ദം കഴിഞ്ഞു. തെലങ്കാനയിലെ ജനങ്ങളുടെ വികസന അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള പിന്തുണയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. തെലങ്കാനയില്‍ 800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍.ടി.പി.സിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് അടയാളപ്പെടുത്തുകയാണ്. ഈ നാഴികക്കല്ല് സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അതിനുപുറമെ, അംബാരി-അദിലാബാദ്-പിംപല്‍ഖുതി റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണവും വിജയകരമായി പൂര്‍ത്തിയായി. കൂടാതെ, അദിലാബാദ്-ബേല, മുലുഗു എന്നിവിടങ്ങളില്‍ രണ്ട് പുതിയ ദേശീയ പാതകള്‍ക്ക് തറക്കല്ലിട്ടു. ഈ റെയി്വയിലൂടെയും, റോഡിലൂടെയുമുള്ള ഈ ആധുനിക ഗതാഗത സൗകര്യങ്ങള്‍ മുഴുവന്‍ പ്രദേശത്തിന്റെയും തെലങ്കാനയുടെയും വികസനത്തിന് ഉള്‍പ്രേരകമാകും നല്‍കും. അവ യാത്രാ സമയം കുറയ്ക്കുകയും വ്യാവസായിക-ടൂറിസം വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഓരോ സംസ്ഥാനങ്ങളുടെയും പുരോഗതിയിലൂടെ രാജ്യത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുക എന്ന തത്വമാണ് നമ്മുടെ കേന്ദ്ര ഗവണ്‍മെന്റ് മുറുകെപിടിക്കുന്നത്. അതുപോലെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും രാജ്യത്ത് ആത്മവിശ്വാസം വളരുകയും ചെയ്യുമ്പോള്‍, അതിന്റെ നേട്ടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൊയ്യാനാകുകയും നിക്ഷേപം വര്‍ദ്ധിക്കുകയും ചെയ്യും. ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 3-4 ദിവസങ്ങളായി എങ്ങനെയാണ് ആഗോള ശ്രദ്ധ നേടിയതെന്ന് നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാകും. കഴിഞ്ഞ പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച കൈവരിച്ച ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം വേറിട്ടുനില്‍ക്കുന്നു. നമ്മുടെ രാജ്യം ഈ വേഗതയില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. തെലങ്കാനയുടെ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികാസത്തിനും ഇത് സഹായിക്കും.
സുഹൃത്തുക്കളെ,
കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ സമീപനത്തിലുണ്ടായ പരിവര്‍ത്തന മാറ്റങ്ങള്‍ക്ക് തെലങ്കാനയിലെ ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. മുമ്പ് അവഗണിക്കപ്പെട്ട തെലങ്കാന പോലുള്ള പ്രദേശങ്ങള്‍ എണ്ണമറ്റ വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി തെലങ്കാനയുടെ വികസനത്തിലെ നിക്ഷേപം ഞങ്ങളുടെ ഗവണ്‍മെന്റ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വികസനം എന്നത് ഏറ്റവും ദരിദ്രരില്‍ ദരിദ്രരായവരും ദലിതരും ഗോത്രവര്‍ഗ്ഗവിഭാഗങ്ങളും ഉള്‍പ്പെടെയുള്ള ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ഉന്നമനമാണ്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ മുന്‍കൈകളുടെ മൂര്‍ത്തമായ ഫലം ഞങ്ങളുടെ സമഗ്ര ക്ഷേമപദ്ധതികള്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിന് സൗകര്യമൊരുക്കിയതിലൂടെ വ്യക്തമാണ്. അടുത്ത അഞ്ച് വര്‍ഷത്തിലും ഈ വികസന കുതിപ്പ് ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഈ പ്രതിജ്ഞയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വെറും 10 മിനിറ്റിനുള്ളില്‍, ഞാന്‍ ഒരു പൊതുപരിപാടിയിലേക്ക് പോകുകയാണ്, പ്രസക്തമായ വിഷയങ്ങള്‍ ആ വേദിയില്‍ ചര്‍ച്ചചെയ്യാം, അവ അവിടെയായിരിക്കും അനുയോജ്യമാകുക. അതുകൊണ്ട് എന്റെ പ്രസംഗം ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. ആ തുറന്ന മൈതാനത്ത് ഏകദേശം 10 മിനിറ്റിനുള്ളില്‍ കൂടുതല്‍ സത്യസന്ധമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളോടൊപ്പം ചേരാന്‍ തന്റെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് ഒരിക്കല്‍ കൂടി ഞാന്‍ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു. അചഞ്ചലമായ ദൃഢനിശ്ചയത്തോടെ വികസനത്തിന്റെ പ്രയാണത്തില്‍ നമുക്ക് ഒരുമിച്ച് മുന്നേറാം.
വളരെ നന്ദി.