ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫഗു ചൗഹാന്‍ ജി, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ വി കെ സിംഗ് ജി, ശ്രീ ആര്‍ കെ സിംഗ് ജി, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീ സുശീല്‍ ജി, മറ്റ് മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ,
ബിഹാറിന്റെ വികസന യാത്രയില്‍ ഇന്ന് മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ്. ബിഹാറിന്റെ പുറം ലോകവുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനായി കുറച്ച് മുമ്പ് 9 ബൃഹദ് പ്രോജക്ടുകള്‍ക്ക് തറക്കല്ലിട്ടു. ഹൈവേയിലെ 4, 6 വരിപ്പാതകള്‍, നദികള്‍ക്ക് കുറുകേയുള്ള 3 ബൃഹദ് പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികളുടെ പേരില്‍ ബിഹാറിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളേ,
ഈ ദിവസം ബിഹാറിന് മാത്രമല്ല രാജ്യത്തിനാകെ പ്രധാനപ്പെട്ടതാണ്. യുവജനങ്ങളുടെ ഇന്ത്യക്കും ഇത് വലിയൊരു ദിനമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ നേര്‍ക്കാഴ്ചകളായി ഗ്രാമങ്ങളെ മാറ്റാനുള്ള പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് ഇന്ന് ഇന്ത്യ നടത്തുന്നത്. രാജ്യത്തിനാകെയുള്ള ഈ മുന്നേറ്റം ഇന്ന് ബിഹാറില്‍ നിന്ന് ആരംഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി 1000 ദിവസത്തിനുള്ളില്‍ പരസ്പരം ബന്ധപ്പെട്ട നിലയിലാകും. നിശ്ചയദാര്‍ഢ്യത്തോടെ ഭരണം നടത്തുന്ന നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാറില്‍ ഈ പദ്ധതി വേഗത്തില്‍ നടപ്പിലാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
സുഹൃത്തുക്കളേ,
കുറച്ച് വര്‍ഷം മുമ്പ് വരെ നഗരവാസികളെക്കാള്‍ കൂടുതല്‍ ഗ്രാമവാസികള്‍ ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു ദിവസം വരുമെന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലായിരുന്നു. പലര്‍ക്കും ഗ്രാമങ്ങളിലെ സ്ത്രീകള്‍, കൃഷിക്കാര്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് ലളിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ സംശയങ്ങളെല്ലാം മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകളില്‍ ലോകത്തെ മുന്‍ നിര രാജ്യങ്ങളില്‍ ഒന്നാണ്. ഓഗസ്റ്റ് മാസത്തിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഏതാണ്ട് 3 ലക്ഷം കോടി രൂപ മൊബൈല്‍ ഫോണ്‍, യുപിഐ എന്നിവ ഉപയോഗിച്ച് കൈമാറ്റം ചെയ്തതായി കാണാനാകും.
സുഹൃത്തുക്കളേ,
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ ഫലമായി രാജ്യത്തെ ഗ്രാമീണര്‍ക്ക് ഗുണനിലവാരവും ഉയര്‍ന്ന വേഗതയുമുള്ള ഇന്റര്‍നെറ്റ് പ്രാപ്യമാണ്. ഗവണ്‍മെന്റിന്റെ നിതാന്ത പരിശ്രമഫലമായി ഇതിനകം 1.5 ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതോടൊപ്പം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 3 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. രാജ്യത്തെ ഓരോ ഗ്രാമങ്ങളിലേക്കും ഈ കണക്റ്റിവിറ്റി നീട്ടുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം ഇപ്പോള്‍ അടുത്തുകൊണ്ടിരിക്കുന്നത്. വേഗതയുള്ള ഇന്റര്‍നെറ്റ് ഗ്രാമങ്ങളിലെത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പത്തിലാക്കും. കേവലമൊരു മൗസ് ക്ലിക്കിലൂടെ നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ലോകോത്തര പുസ്തകങ്ങളും സാങ്കേതിക വിദ്യയും കയ്യിലെത്തും. അത് കൂടാതെ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ വിദൂര ഗ്രാമങ്ങളില്‍ അടക്കമുള്ള പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഫലപ്രദമായ ചികിത്സ ലഭിക്കുകയും ചെയ്യും.
നമുക്കെല്ലാമറിയാവുന്നതു പോലെ മുന്‍ കാലങ്ങളില്‍ റയില്‍വേ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന സമയത്ത് നമുക്ക് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പോകുകയും നീണ്ട ക്യൂവില്‍ നില്‍ക്കുകയും ചെയ്യേണ്ടിയിരുന്നു. ഇപ്പോള്‍ നമുക്ക് ഗ്രാമങ്ങളിലെ പൊതു സേവന കേന്ദ്രങ്ങളില്‍ പോകുക വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. നിങ്ങള്‍ക്ക് എവിടേക്കെങ്കിലും യാത്ര ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് ഉളളതിനാല്‍ വളരെ എളുപ്പത്തില്‍ ഗ്രാമങ്ങളില്‍ നിന്ന് തന്നെ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. നമ്മുടെ കര്‍ഷകര്‍ക്കും ഇന്റര്‍നെറ്റ് വളരെയധികം ഗുണം ചെയ്യുന്നു. കൃഷിക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്ന് കൃഷി, പുതിയ വിളകള്‍, പുതിയ വിത്തുകള്‍, പുതിയ കൃഷിരീതികള്‍, മാറുന്ന കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക വിവരങ്ങള്‍ തല്‍സമയം ലഭ്യമാകും. ഇത് കൂടാതെ കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെവിടെയും ലോകത്തെവിടെയും വിറ്റഴിക്കാനുള്ള അവസരവും ലഭിക്കും.
സുഹൃത്തുക്കളേ,
ഏത് രാജ്യമാണോ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തിയത് ആ രാജ്യം പുരോഗതി നേടിയതിന് ചരിത്രം എല്ലാക്കാലത്തും സാക്ഷിയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇന്ത്യ അടിസ്ഥാന വികസനത്തിനായി കാര്യമായ നിക്ഷേപം നടത്തിയിട്ടില്ല. ആയതിനാല്‍ ബിഹാറിന് വളരെയധികം വികസന മുരടിപ്പ് നേരിട്ടിട്ടുണ്ട്. സുഹൃത്തുക്കളേ, അടല്‍ജിയുടെ സര്‍ക്കാരാണ് ആദ്യമായി രാഷ്ട്രീയത്തിലും വികസന പദ്ധതികളിലും അടിസ്ഥാന വികസനം ഒരു പ്രധാനപ്പെട്ട കാര്യമായി അവതരിപ്പിച്ചത്. നിതീഷ് കുമാര്‍ ആ ഗവണ്‍മെന്റില്‍ റെയില്‍വേ മന്ത്രിയായിരുന്നു. ആയതിനാല്‍ അദ്ദേഹത്തിന് അക്കാര്യത്തില്‍ ആവശ്യമായ മുന്‍പരിചയമുണ്ട്. ഭരണത്തിലെ വികസനങ്ങള്‍ വളരെ അടുത്ത് നിന്ന് മനസിലാക്കിയ ആളാണ് നിതീഷ് കുമാര്‍.
സുഹൃത്തുക്കളേ,
മുന്‍കൂട്ടി കാണാനാകാത്ത വിധത്തിലുള്ള വേഗതയിലും മാനത്തിലുമാണ് ഇപ്പോള്‍ അടിസ്ഥാന വികസനം നടക്കുന്നത്. 2014ന് മുമ്പുളളതിന്റെ രണ്ടിരട്ടി വേഗത്തിലാണ് ഇന്ന് ഹൈവേകളുടെ നിര്‍മാണം നടക്കുന്നത്. 2014ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഹൈവേ വികസനത്തിനായി അഞ്ചിരട്ടി തുകയാണ് ചെലവഴിക്കുന്നത്. അടുത്ത 4-5 വര്‍ഷം 110 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 19 ലക്ഷം കോടി രൂപ ഹൈവേ വികസനത്തിനായാണ് ഉപയോഗിക്കുക.
സുഹൃത്തുക്കളേ,
എനിക്ക് കിഴക്കേ ഇന്ത്യയിലുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായി ബിഹാറിന് റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2015ല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പാക്കേജ് അനുസരിച്ച് 3000ത്തിലധികം കിലോമീറ്റര്‍ നീളുന്ന ഹൈവേ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഭാരത് മാല പദ്ധതിക്ക് കീഴില്‍ 650 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ബിഹാറിലെ ദേശീയപാത വികസനം ഊര്‍ജിതമായി പുരോഗമിക്കുന്നു. കിഴക്ക്-പടിഞ്ഞാറ് ബിഹാറുകളെ ബന്ധിപ്പിക്കുന്ന നാല് നാലുവരിപ്പാത പദ്ധതികള്‍, വടക്കേ ഇന്ത്യയേയും ദക്ഷിണേന്ത്യയേയും ബന്ധിപ്പിക്കുന്ന ആറ് പ്രോജക്ടുകള്‍ എന്നിവ പുരോഗമിക്കുന്നു. ഇന്ന് ശിലാസ്ഥാപനം നടത്തിയ ഹൈവേ വികസന പദ്ധതികള്‍ ബിഹാറിലെ എല്ലാ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കും.
സുഹൃത്തുക്കളേ,
നദികളുടെ ബാഹുല്യം കാരണം ബിഹാറിന് ഒരുകാലത്ത് നഗരങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നതില്‍ പരിമിതികളുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പാലം നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കിയത്. പിഎം പാക്കേജില്‍ ഉള്‍പ്പെടുത്തി ആകെ 17 പാലങ്ങള്‍ നിര്‍മിച്ചു. കുറച്ച് നാളുകള്‍ക്ക് മുമ്പ് സുശീല്‍ജി നിങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച കരടുരേഖയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതുപോലെ തന്നെ ഗണ്ഡക്, കോസി നദികള്‍ക്ക് കുറുകേ പാലങ്ങള്‍ നിര്‍മിക്കുകയാണ്. ഇതിനോടൊപ്പം പുതിയ മൂന്ന് നാലുവരി പാലങ്ങളുടെ ശിലാസ്ഥാപനം ഇന്ന് നടത്തുകയുണ്ടായി. അവയില്‍ രണ്ട് പാലങ്ങള്‍ ഗംഗയ്ക്കും ഒന്ന് കോസി നദിയ്ക്കും മുകളിലാണ് നിര്‍മിക്കപ്പെടുന്നത്. ഈ പാലങ്ങളുടെ നിര്‍മാണത്തിന് ശേഷം ഗംഗ, കോസി നദികള്‍ക്ക് മുകളിലുള്ള പാലങ്ങളുടെ ശക്തി വര്‍ധിപ്പിക്കും.
സുഹൃത്തുക്കളേ,
ബിഹാറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന മഹാത്മ ഗാന്ധി സേതുവിന്റെ ദയനീയ സ്ഥിതി നമ്മള്‍ കണ്ടതാണല്ലോ. എന്നാല്‍ ഇന്ന് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭാവിയിലെ ആവശ്യങ്ങളും കണക്കിലെടുത്ത് മഹാത്മാ ഗാന്ധി സേതുവിന് സമാന്തരമായി ഒരു നാലുവരി പാലം നിര്‍മിക്കുകയാണ്. ഈ പാലത്തിന് 8 വരി അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്. അതുപോലെ തന്നെ ഗംഗ നദിയിലെ വിക്രംശില സേതുവിന് സമാന്തരമായുള്ള പാലം, കോസി നദിയിലെ പാലം എന്നിവയുടെ നിര്‍മാണം ബിഹാറിനുള്ളിലെ പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളേ,
പരസ്പരമുള്ള ബന്ധം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ ഒരു പാലം പണിയുന്നത്, അവിടെ ഒരു റോഡ്, ഒരു റെയില്‍പ്പാത ഇവിടെ, അവിടെ ഒരു റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നു- ഇത്തരത്തിലുള്ള സമീപനം രാജ്യത്തിന് വളരെയധികം ദോഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുമ്പ് ഹൈവേകളും റോഡുകളും റെയില്‍ ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നില്ല. അതുപോലെ തന്നെ റെയിലിന് തുറമുഖവുമായും തുറമുഖത്തിന് വിമാനത്താവളമായും ബന്ധമുണ്ടായിരുന്നില്ല. 21ാം നൂറ്റാണ്ടിലെ ഇന്ത്യയും ബിഹാറും ഈ പോരായ്മകളെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. ഇന്ന് വിവിധ ഗതാഗത പാതകള്‍ പരസ്പരം ബന്ധപ്പെടുന്ന രീതിയില്‍ നിര്‍മാണങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
റെയില്‍-വിമാന പാതകളുമായി ബന്ധപ്പെടുന്ന രീതിയിലാണ് ഇന്ന് ഹൈവേകള്‍ നിര്‍മിക്കുന്നത്. റെയില്‍പാതകള്‍ ഇതേ രീതിയില്‍ തുറമുഖവുമായി ബന്ധപ്പെടുന്ന രീതിയില്‍ നിര്‍മിക്കുന്നു. ഒരു ഗതാഗത സംവിധാനം മറ്റൊരു ഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്ന രീതിയിലാകണമെന്ന ആശയത്തിലൂന്നിയാണിത്.
സുഹൃത്തുക്കളേ,
അടിസ്ഥാന സൗകര്യ വികസനം സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്കും പാവങ്ങള്‍ക്കുമാണ് ഏറ്റവും ഗുണം ചെയ്യുക. നമ്മുടെ കര്‍ഷകര്‍ക്കും ഇതില്‍ നിന്ന് വളരെയേറെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് മികച്ച റോഡുകള്‍ ലഭിക്കുന്നതും നദികള്‍ക്ക് കുറുകെ പാലങ്ങള്‍ നിര്‍മിക്കുന്നതും കൃഷിയിടങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കും. സുഹൃത്തുക്കളേ, രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്ന ചരിത്രപരമായ നിയമം പാര്‍ലമെന്റ് ഇന്നലെ പാസാക്കി. ഇന്ന് ബിഹാറിലെ ജനങ്ങളോട് സംസാരിക്കുമ്പോള്‍ രാജ്യത്തെ കര്‍ഷകരേയും ഇന്ത്യയില്‍ മികച്ചൊരു ഭാവി സ്വപ്നം കാണുന്നവരേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ പരിഷ്‌കാരങ്ങള്‍ 21ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് ആവശ്യമാണ്.
സുഹൃത്തുക്കളേ,
ഉല്‍പാദനം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നാളിതുവരെയായി രാജ്യത്തെ കര്‍ഷകരുടെ കൈയും കാലും കെട്ടിയിടുന്നവ ആയിരുന്നു. ഈ നിയമങ്ങളുടെ കീഴില്‍ ശക്തമായ ഒരു ലോബി നിസഹായരായ കര്‍ഷകരെ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുകയായിരുന്നു. എല്ലാത്തിനുമുപരി, ഇത് എത്ര നാള്‍ പോകും? ആയതിനാല്‍ ആ അവസ്ഥ മാറ്റേണ്ടത് അനിവാര്യമായിരുന്നതിനാല്‍ നമ്മുടെ ഗവണ്‍മെന്റ് മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതിയ കാര്‍ഷിക നിയമം കൃഷിക്കാര്‍ക്ക് തങ്ങളുടെ വിളകളും പഴങ്ങളും പച്ചക്കറികളു ആര്‍ക്കു വേണമെങ്കിലും എവിടെ വേണമെങ്കിലും വില്‍ക്കാനുള്ള അവകാശം നല്‍കുന്നു. ഇപ്പോള്‍ കര്‍ഷകന് തന്റെ പ്രദേശത്തിനപ്പുറം വിപണന സാധ്യകള്‍ തുറന്നു കിട്ടിയിരിക്കുന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും, കുടുതല്‍ പണം ലഭിയ്ക്കുന്ന സ്ഥലത്ത് അവന് വില്‍പന നടത്താം. ഇപ്പോള്‍ അവന് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ല. ഇപ്പോഴത്തെ ചോദ്യങ്ങള്‍ ഇതുകൊണ്ട് എന്ത് വ്യത്യാസമാണുണ്ടാകുന്നത്, കര്‍ഷകര്‍ക്ക് എന്ത് ലാഭമാണ് ലഭിക്കുക, പുതിയ നിയമം കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്തും എന്നിവയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും കൃഷിയിടങ്ങളില്‍ നിന്ന് തന്നെ ലഭിക്കും.
ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞതിന്റേതായ പല നേട്ടങ്ങളും കൃഷിക്കാര്‍ക്ക് ഇതിനകം തന്നെ കാണാം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചതിനാല്‍, ഉരുളക്കിഴങ്ങ് വളരുന്ന പ്രദേശങ്ങളില്‍ നിന്ന്, ജൂണ്‍-ജൂലൈ മാസങ്ങളില്‍ മൊത്തവ്യാപാരികള്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കി ശീതീകരണസംഭരണസംവിധാനത്തില്‍ നിന്ന് നേരിട്ട് ഉരുളക്കിഴങ്ങ് വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുറത്ത് ഉരുളക്കിഴങ്ങിന് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിച്ചതിനാല്‍, ആ വിപണി വിലയുടെ സമ്മര്‍ദം കാരണം ഉരുളക്കിഴങ്ങ് വില്‍ക്കാന്‍ കമ്പോളങ്ങളിലേയ്ക്കു പോയ കര്‍ഷകര്‍ക്കും ഉയര്‍ന്ന വില ലഭിച്ചു. അതുപോലെ, മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും 20 മുതല്‍ 30 ശതമാനം വരെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കി കടുക് വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 25 ശതമാനം വരെ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭിച്ചു. അവിടത്തെ മില്ലുകളും കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങി അവര്‍ക്ക് നേരിട്ട് പണം നല്‍കി.
എന്തുകൊണ്ടാണ് പെട്ടെന്ന് ചിലര്‍ക്ക് അസ്വസ്ഥത തോന്നിയതെന്ന് ഇപ്പോള്‍ രാജ്യത്തിന് ഊഹിക്കാന്‍ കഴിയും. കാര്‍ഷിക ചന്തകള്‍ക്ക് ഇപ്പോള്‍ എന്ത് സംഭവിക്കും എന്ന ചോദ്യവും പലയിടത്തും ഉയര്‍ന്നുവരുന്നു. കാര്‍ഷികകമ്പോളങ്ങള്‍ അടയ്ക്കുമോ, വിപണനം നിര്‍ത്തുമോ? ഇല്ല, അതൊരിക്കലും സംഭവിക്കില്ല. ഈ നിയമങ്ങള്‍, ഈ മാറ്റങ്ങള്‍ കാര്‍ഷികകമ്പോളങ്ങള്‍ക്ക് എതിരല്ലെന്ന് ഇവിടെ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാര്‍ഷിക വിപണികള്‍ മുമ്പത്തെപ്പോലെ പ്രവര്‍ത്തിക്കും. ശരിക്കും എന്‍ഡിഎ സര്‍ക്കാരാണ് രാജ്യത്തെ കാര്‍ഷികകമ്പോളങ്ങള്‍ നവീകരിക്കാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക കമ്പോളങ്ങളുടെ ഓഫീസുകള്‍ ശരിയാക്കുന്നതിനും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുമായി കഴിഞ്ഞ 5-6 വര്‍ഷമായി രാജ്യത്ത് ഒരു വലിയ ക്യാമ്പയിന്‍ നടക്കുന്നു. അതിനാല്‍, പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം കാര്‍ഷിക വിപണനകേന്ദ്രങ്ങള്‍ ഇല്ലാതാകുമെന്ന് ആരെങ്കിലും പറഞ്ഞാല്‍, ആ വ്യക്തി കര്‍ഷകരോട് കള്ളം പറയുകയാണ്.
സുഹൃത്തുക്കളേ,
ഐകമത്യം മഹാബലം എന്നൊരു ചൊല്ലുണ്ട്. കാര്‍ഷിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ നിയമം ഇതില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇന്ന് നമുക്ക് വളരെ കുറച്ചു ഭൂമി മാത്രമുള്ള 85 ശതമാനത്തിലധികം കര്‍ഷകരുണ്ട്, ചിലര്‍ക്ക് ഒരു ഏക്കര്‍, ചിലര്‍ക്ക് രണ്ട് ഏക്കര്‍, ചിലര്‍ക്ക് ഒരു ഹെക്ടര്‍, ചിലര്‍ക്ക് രണ്ട് ഹെക്ടര്‍. അവരെല്ലാം ചെറുകിട കര്‍ഷകരാണ്. ചെറിയ പ്രദേശത്തു കൃഷി ചെയ്താണ് അവര്‍ ഉപജീവനം നേടുന്നത്. അതിനാല്‍ത്തന്നെ അവരുടെ ചെലവുകള്‍ വര്‍ധിക്കുകയും അവരുടെ ചില ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ അവര്‍ക്ക് ശരിയായ വില ലഭിക്കാത്ത അവസ്ഥ വരികയും ചെയ്യുന്നു. എന്നാല്‍ ഒരു പ്രദേശത്തെ അത്തരം കര്‍ഷകര്‍ ഒരു സംഘം രൂപവല്‍ക്കരിച്ച് അതേ കാര്യം ചെയ്യുമ്പോള്‍, അവരുടെ ചെലവു കുറയുകയും ശരിയായ വില ലഭ്യമാകുകയും ചെയ്യുന്നു. പുറത്തുനിന്നുള്ള കച്ചവടക്കാര്‍ക്ക് ഈ കര്‍ഷകസംഘങ്ങളുമായി ചര്‍ച്ച നടത്താനും അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനും കഴിയും. അത്തരമൊരു സാഹചര്യത്തില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് രണ്ടാമത്തെ നിയമം നടപ്പാക്കിയത്. കൃഷിക്കാരന് അടിമത്തമുണ്ടാകാത്ത സവിശേഷമായ നിയമമാണിത്. ഇത് കര്‍ഷകന്റെ കൃഷിസ്ഥലത്തിന്റെ സുരക്ഷയും അവന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ സുരക്ഷയും ഉറപ്പാക്കും. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍, വളം തുടങ്ങിയവ കൃഷിക്കാരന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കരാറുകാരന്റെ മേല്‍ ആയിരിക്കും, അതായത് അന്തിമമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നയാളില്‍.
സുഹൃത്തുക്കളേ,
ഈ പരിഷ്‌കാരങ്ങള്‍ കാര്‍ഷികമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുകയും ചെയ്യും. മാത്രമല്ല, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എളുപ്പത്തില്‍ എത്തുകയും ചെയ്യും. ബിഹാറില്‍ അടുത്തിടെ 5 കാര്‍ഷിക ഉല്‍പ്പാദന അസോസിയേഷനുകള്‍ വളരെ പ്രശസ്തമായ അരിവിപണന കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഈ കരാര്‍ പ്രകാരം ബിഹാറിലെ ഈ എഫ്പിഒകളില്‍ നിന്ന് 4000 ടണ്‍ നെല്ല് കമ്പനി വാങ്ങും. ഇപ്പോള്‍ ഈ എഫ്പിഒകളുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്ക് കമ്പോളങ്ങളിലേക്ക് പോകേണ്ടതില്ല. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ നേരിട്ട് എത്തും. ഈ പരിഷ്‌കാരങ്ങള്‍ക്ക് ശേഷം, കൃഷിയുമായി ബന്ധപ്പെട്ട നിരവധി ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്ക് പുതിയ പാത തുറക്കപ്പെടുമെന്നും രാജ്യം ഗ്രാമീണ വ്യവസായങ്ങളിലേക്ക് എത്തപ്പെടുമെന്നും വ്യക്തമാണ്. മറ്റൊരു ഉദാഹരണം പറയാം. കാര്‍ഷിക മേഖലയില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാന്‍ ഒരു യുവാവ് ആഗ്രഹിക്കുന്നുവെന്ന് കരുതുക. ഒരു ചിപ്സ് ഫാക്ടറി തുറക്കാന്‍ ആഗ്രഹിക്കുന്നു. ഇതുവരെയുള്ള സ്ഥിതി അനുസരിച്ച് അയാള്‍ക്ക് കമ്പോളത്തില്‍ പോയി ഉരുളക്കിഴങ്ങ് വാങ്ങേണ്ടിവരും. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന് ജോലി ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍ ഇപ്പോള്‍ ആ ചെറുപ്പക്കാരന്, പുതിയ സ്വപ്നങ്ങളുമായി, ഗ്രാമീണ കര്‍ഷകന്റെ അടുത്തേക്ക് നേരിട്ട് പോയി ഉരുളക്കിഴങ്ങിനായി ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയും. ഉരുളക്കിഴങ്ങിന്റെ ഗുണനിലവാരത്തെക്കുറിച്ചും അളവിനെക്കുറിച്ചും അദ്ദേഹം കര്‍ഷകനോട് പറയും. നല്ല ഗുണനിലവാരമുള്ള ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കുന്നതിന് കര്‍ഷകന് എല്ലാത്തരം സാങ്കേതിക സഹായങ്ങളും അദ്ദേഹം നല്‍കും.
സുഹൃത്തുക്കളേ,
അത്തരം കരാറുകള്‍ക്കു മറ്റൊരു വശമുണ്ട്. ഒരു ഡയറി ഉള്ളിടത്ത്, കന്നുകാലിവളര്‍ത്തുന്നവര്‍ക്ക് പാല്‍ വില്‍ക്കുന്നത് എളുപ്പമാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും; കന്നുകാലികളെയും അവരുടെ പരിപാലകരെയും ഡയറികള്‍ സംരക്ഷിക്കുന്നു. മൃഗങ്ങള്‍ക്ക് ശരിയായ സമയത്ത് കുത്തിവയ്പു നല്‍കണം, തൊഴുത്തുകള്‍ അവര്‍ക്കായി തയ്യാറാക്കണം, മൃഗങ്ങള്‍ക്ക് നല്ല ഭക്ഷണം ക്രമീകരിക്കണം. മൃഗങ്ങള്‍ക്ക് അസുഖം വന്നാല്‍ ഡോക്ടര്‍മാര്‍ കൃത്യ സമയത്ത് എത്തിച്ചേരും. ഞാന്‍ ഗുജറാത്തിലായിരുന്നു. ഡയറി എങ്ങനെയാണു മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതെന്നു ഞാന്‍ കണ്ടിട്ടുണ്ട്. വലിയ ഡയറികള്‍ ക്ഷീരോല്‍പ്പാദകരെയും കര്‍ഷകരെയും സഹായിക്കുന്നു. ഡയറികള്‍ പാല്‍ വാങ്ങുന്നുണ്ടെങ്കിലും കന്നുകാലികളെ വളര്‍ത്തുന്നവരോ കര്‍ഷകരോ തന്നെ കന്നുകാലികളുടെ ഉടമകളായി തുടരുന്നു. മറ്റാരും മൃഗത്തിന്റെ ഉടമയാകുന്നില്ല. അതുപോലെ, കൃഷിക്കാരന്‍ ഭൂമിയുടെ ഉടമയായി തുടരും. കാര്‍ഷിക മേഖലയിലും സമാനമായ പരിഷ്‌കാരങ്ങള്‍ ഇനി നടക്കും.
സുഹൃത്തുക്കളേ,
കാര്‍ഷിക വ്യവസായത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കായി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ടിന്റെ ചില ഭേദഗതികള്‍ എല്ലായ്‌പ്പോഴും വരുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. മാറുന്ന കാലഘട്ടത്തിലും ഇത് ഭേദഗതി ചെയ്തിട്ടുണ്ട്. പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണ, ഉള്ളി തുടങ്ങിയ ഇനങ്ങള്‍ ഇപ്പോള്‍ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ സംഭരണകേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനങ്ങളില്‍ ഇവ എളുപ്പത്തില്‍ സൂക്ഷിക്കാന്‍ കഴിയും. സംഭരണവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് ശീതികരണ സംഭരണ ശൃംഖല വികസിക്കുകയും വിപുലമാകുകയും ചെയ്യും.
സുഹൃത്തുക്കളേ,
കാര്‍ഷിക മേഖലയിലെ ഈ ചരിത്ര പരിഷ്‌കാരങ്ങള്‍ക്കും വ്യവസ്ഥയ്ക്കും ശേഷം, എല്ലാം തങ്ങളുടെ നിയന്ത്രണം വിട്ടുപോയെന്നു ചില ആളുകള്‍ കരുതുന്നു. ഇപ്പോള്‍ ഇവര്‍ എംഎസ്പിയുടെ പേരു പറഞ്ഞു കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എംഎസ്പിയെക്കുറിച്ചുള്ള സ്വാമിനാഥന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കൂട്ടാക്കാതെ ഇരുന്നവരാണ് ഇവര്‍. എംഎസ്പി സംവിധാനം മുമ്പത്തെപ്പോലെ തുടരുമെന്ന് രാജ്യത്തെ ഓരോ കര്‍ഷകനും ഞാന്‍ ഉറപ്പ് നല്‍കുന്നു. അതുപോലെ, ഓരോ സീസണിലും ഗവണ്‍മെന്റ് സംഭരണം നടക്കുന്ന രീതി മുമ്പത്തെപ്പോലെ തുടരും.
സുഹൃത്തുക്കളേ,
കൃഷിക്കാര്‍ക്കും ഗവണ്‍മെന്റ് സംഭരണത്തിനുമായി എംഎസ്പിയുമായി ബന്ധപ്പെട്ടു നമ്മുടെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ മുമ്പാരും ചെയ്തിട്ടില്ല. ആരാണ് സത്യം പറയുന്നതെന്നും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതെന്നും നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അതിനു തെളിവിനായി കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഗവണ്മെന്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിന്റെ കണക്കുകള്‍ നോക്കുകയും 2014ന് മുമ്പുള്ള 5 വര്‍ഷം നടത്തിയ വാങ്ങലുകളുടെ കണക്കുമായി താരതമ്യം ചെയ്താല്‍ മതി. പയറുവര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഗവണ്‍മെന്റ് സംഭരണം മുമ്പത്തേതിനേക്കാള്‍ 24 മടങ്ങ് കൂടുതലാണ്. ഈ വര്‍ഷം കൊറോണ കാലയളവില്‍, റാബി സീസണില്‍ കര്‍ഷകരില്‍ നിന്ന് റെക്കോര്‍ഡ് അളവിലാണ് ഗോതമ്പ് വാങ്ങിയിട്ടുള്ളത്. ഗോതമ്പ്, നെല്ല്, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള റാബി വിളകള്‍ക്കായി ഈ വര്‍ഷം കര്‍ഷകര്‍ക്ക് 1,13,000 കോടി രൂപ എംഎസ്പി നല്‍കി. മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണ് ഇത്. അതായത്, കൊറോണ കാലഘട്ടത്തില്‍ ഗവണ്‍മെന്റിന്റെ വാങ്ങലുകളില്‍ മാത്രമല്ല, കര്‍ഷകര്‍ക്ക് അതിന്റെ വിലനല്‍കിയതിലും റെക്കോര്‍ഡു സൃഷ്ടിക്കാനായി.
സുഹൃത്തുക്കളേ,
പുത്തന്‍ ആശയങ്ങളുമായി രാജ്യത്തെ കര്‍ഷകര്‍ക്കു പുതിയ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ കര്‍ഷകരെ സ്വയംപര്യാപ്തരാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ നിസ്സീമമായി തുടരും. തീര്‍ച്ചയായും കണക്റ്റിവിറ്റി അതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവസാനമായി, കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികള്‍ക്കും ബിഹാറിനെയും രാജ്യത്തെ മുഴുവനും ഞാന്‍ അഭിനന്ദിക്കുന്നു. കൊറോണ വൈറസിനെതിരെ നാം തുടര്‍ന്നും പോരാടണമെന്ന് ഞാന്‍ വീണ്ടും നിര്‍ബന്ധിക്കുകയാണ്. കൊറോണയെ പരാജയപ്പെടുത്തണം. നമ്മുടെ കുടുംബാംഗങ്ങളെ കൊറോണയില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്, അതിനായി സജ്ജമാക്കിയിരിക്കുന്ന എല്ലാ നിയമങ്ങളും നാം പാലിക്കേണ്ടതുണ്ട്. ഒരൊറ്റ നിര്‍ദേശമാണ് നാം ഉപേക്ഷിക്കുന്ന് എങ്കില്‍പ്പോലും അത് അപകടകരമാണ്. നാമെല്ലാ നിര്‍ദേശങ്ങളും പിന്തുടരണം. ബിഹാറിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാര്‍ക്ക് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു! നമസ്‌കാരം!