ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയില്‍ പരസ്പര പ്രവര്‍ത്തനക്ഷമതയുറപ്പാക്കുന്ന തടസ്സമില്ലാത്ത ഓണ്‍ലൈന്‍ സംവിധാനം ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം സൃഷ്ടിക്കും
പരസ്പരം ബന്ധപ്പെടുത്തിയ ഇത്രയും വലിയ അടിസ്ഥാനസൗകര്യങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ലെന്ന് ജെഎഎം ത്രിത്വത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു
''റേഷന്‍ മുതല്‍ ഭരണസംവിധാനംവരെ എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാധാരണക്കാരനു വേഗത്തിലും സുതാര്യമായും പ്രാപ്യമാക്കുന്നു''
''ടെലിമെഡിസിന്റെ കാര്യത്തിലും മുമ്പെങ്ങുമില്ലാത്തവിധം വികാസമുണ്ടായി''
''ആയുഷ്മാന്‍ ഭാരത്- പിഎംജെഎവൈ പാവപ്പെട്ടവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രശ്‌നം പരിഹരിച്ചു. ഇതുവരെ 2 കോടിയിലധികം പേര്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി; അതില്‍ പകുതിയും സ്ത്രീകളാണ്''
''ആയുഷ്മാന്‍ ഭാരത് - ഡിജിറ്റല്‍ ദൗത്യം, ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും''
''ഗവണ്‍മെന്റ് സൃഷ്ടിച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ വര്‍ത്തമാനകാലത്തും രാജ്യത്തിന്റെ ഭാവിയിലേക്കുമുള്ള വലിയ നിക്ഷേപമാണ്''
''നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് വിനോദസഞ്ചാരമേഖലയെയും മെച്ചപ്പെടുത്തുന്നു''

നമസ്‌കാരം!
പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ജി, മന്ത്രിസഭയിലെ എന്റെ മറ്റു സഹപ്രവര്‍ത്തകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാജ്യത്തുടനീളമുള്ള ഗവണ്‍മെന്റ്- സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടവര്‍, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തിവരുന്ന പ്രചാരണം ഇന്ന് ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, ഇത് ഒരു സാധാരണ ഘട്ടമല്ല, അസാധാരണ ഘട്ടമാണ്. ഇന്ന് ഒരു ദൗത്യം ആരംഭിക്കുകയാണ്, അത് ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്.

സുഹൃത്തുക്കളെ,
മൂന്ന് വര്‍ഷം മുമ്പ്, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ സമര്‍പ്പിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യമെമ്പാടും നടപ്പാക്കി. ഇന്ന് മുതല്‍ രാജ്യമെമ്പാടും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നടപ്പിലാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കുന്നതില്‍ ഈ ദൗത്യം ഒരു പ്രധാന പങ്ക് വഹിക്കും. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആശുപത്രികളിലുള്ള രോഗികളെ സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച ആയുഷ്മാന്‍ ഭാരത് ഇന്ന് ശക്തമായ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിപുലീകരിക്കപ്പെടുകയാണ്. 

സുഹൃത്തുക്കളെ,
ഇന്ത്യയിലെ സദ്ഭരണത്തിനും ഭരണനിര്‍വ്വഹണത്തിനും അടിസ്ഥാനമായ സാങ്കേതികവിദ്യ സാധാരണക്കാരെ ശാക്തീകരിക്കുന്നു; അത് അഭൂതപൂര്‍വമാണ്. ഡിജിറ്റല്‍ ഇന്ത്യ പ്രചരണ പരിപാടി ഇന്ത്യയിലെ സാധാരണക്കാരനെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് രാജ്യത്തെ പലവിധത്തില്‍ ശക്തിപ്പെടുത്തിയെന്നു നമുക്കു നന്നായി അറിയാം. 130 കോടി ആധാര്‍ നമ്പറുകളും 118 കോടി മൊബൈല്‍ വരിക്കാരും 80 കോടിയോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഏകദേശം 43 കോടിയോളം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്ന് നമ്മുടെ രാജ്യത്തിന് അഭിമാനത്തോടെ അവകാശപ്പെടാം. ഇത്രയും വിപുലമായ ബന്ധിത അടിസ്ഥാന സൗകര്യം ലോകത്ത് മറ്റെവിടെയും ഇല്ല. ഈ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം സാധാരണക്കാരന് റേഷന്‍ മുതല്‍ ഭരണം വരെ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നു. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളിലൂടെ ഇന്ന് ഇന്ത്യ ലോകമെമ്പാടും അടയാളപ്പെടുത്തു കയാണ്. അടുത്തിടെ പുറത്തിറക്കിയ ഇ-റൂപ്പി വൗച്ചറും ഒരു മികച്ച സംരംഭമാണ്.

സുഹൃത്തുക്കളെ,
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിഹാരങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും വളരെയധികം സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ആരോഗ്യസേതു ആപ്പ് കൊറോണ അണുബാധയുടെ വ്യാപനം തടയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും മുഴുവന്‍ സാഹചര്യവും പ്രാദേശിക സാഹചര്യവും മനസ്സിലാക്കുന്നതിനും വളരെയധികം സഹായിച്ചിട്ടുണ്ട്. അതുപോലെ, എല്ലാവര്‍ക്കും സൗജന്യ വാക്്‌സിന്‍ പ്രചരണ പദ്ധതിക്കു കീഴില്‍, ഇന്ത്യയ്ക്ക് ഇതുവരെ ഏകദേശം 90 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ കഴിഞ്ഞു. റെക്കോര്‍ഡുകളും സര്‍ട്ടിഫിക്കറ്റും നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കോ-വിന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ക്ക് പോലും രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെയുള്ള കാര്യങ്ങള്‍ക്ക് ഇത്രയും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇല്ല.

സുഹൃത്തുക്കളെ,
കൊറോണ കാലഘട്ടത്തില്‍ ടെലിമെഡിസിന്റെ അഭൂതപൂര്‍വമായ വിപുലീകരണവും ഉണ്ടായിട്ടുണ്ട്. ഇ-സഞ്ജീവനി വഴി ഇതുവരെ ഏകദേശം 1.25 കോടി റിമോട്ട് കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയായി. ഈ സൗകര്യം വഴി എല്ലാ ദിവസവും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് പൗരന്‍മാരെ വീട്ടില്‍ ഇരിക്കെത്തന്നെ നഗരങ്ങളിലെ വലിയ ആശുപത്രികളിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ബന്ധിപ്പിക്കുന്നു. അറിയപ്പെടുന്ന ഡോക്ടര്‍മാരുടെ സേവനം എളുപ്പമായി. ഈ അവസരത്തില്‍, രാജ്യത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൊറോണ രോഗികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളോ ചികിത്സയോ ആകട്ടെ, കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ അവരുടെ പരിശ്രമങ്ങള്‍ രാജ്യത്തിന് വലിയ ആശ്വാസം നല്‍കി.

സുഹൃത്തുക്കളെ,
ആയുഷ്മാന്‍ ഭാരത്- പിഎം-ജെ പാവപ്പെട്ടവരുടെ ജീവിതത്തിലെ വലിയ സമ്മര്‍ദം ഇല്ലാതാക്കി. ഇതുവരെ, രണ്ട് കോടിയിലധികം രാജ്യക്കാര്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളില്‍ പകുതിയും നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമാണ്. ഇത് തന്നെ വളരെ ആശ്വാസകരവും സംതൃപ്തി പകരുന്നതുമാണ്. നമ്മുടെ കുടുംബങ്ങളുടെ അവസ്ഥ നമുക്കെല്ലാവര്‍ക്കും അറിയാം. താങ്ങാന്‍ സാധിക്കുന്ന ചെലവുള്ള ചികിത്സയുടെ അഭാവത്തില്‍, രാജ്യത്തെ അമ്മമാരും സഹോദരിമാരുമാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. നമ്മുടെ അമ്മമാരും സഹോദരിമാരും പലപ്പോഴും സ്വന്തം ചികിത്സ മാറ്റിവയ്ക്കുന്നു. കാരണം അവര്‍ വീടിനെക്കുറിച്ചും വീട്ടുചെലവുകളെക്കുറിച്ചും കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും ആശങ്കാകുലരാണ്. മിക്കപ്പോഴും അവര്‍ പറയും, അത് സ്വയം ഭേദമാകുമെന്ന്. അല്ലെങ്കില്‍ ഇത് ഒരു ദിവസത്തെ കാര്യമാണെന്നോ ഒരു പ്രാദേശിക ഡോക്ടറില്‍ നിന്ന് ഒരു ഡോസ് മരുന്നുകള്‍ കഴിക്കുമെന്നും എല്ലാം ശരിയാകുമെന്നും പറയും. സ്വയം ബുദ്ധിമുട്ടു സഹിക്കുകയല്ലാതെ ഒരു അമ്മ കുടുംബത്തിനു മേല്‍ ഒരു സാമ്പത്തിക ബാധ്യതയും വരുത്തിവെക്കില്ല. 

സുഹൃത്തുക്കളെ,
ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ഇതുവരെ ചികിത്സ ലഭിച്ച, അല്ലെങ്കില്‍ ചികിത്സയില്‍ കഴിയുന്ന, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതി വരും മുമ്പ് ആശുപത്രിയില്‍ പോകാന്‍ ധൈര്യം കിട്ടിയില്ല. അതിനാല്‍ ചികില്‍സ വൈകിക്കുകയാണു ചെയ്തത്. അവര്‍ വേദന സഹിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ജീവിതം നിലനിറുത്തുമെങ്കിലും പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. ഈ വേദനയെക്കുറിച്ച് അറിയുന്നതു തന്നെ നമ്മുടെ ഉള്ളുലയ്ക്കുന്നു. ഈ കൊറോണ കാലഘട്ടത്തിലും അതിനുമുമ്പും ആളുകള്‍ ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ ഉപയോഗിച്ചിരുന്നപ്പോഴും ഞാന്‍ അത്തരം കുടുംബങ്ങളെ കണ്ടിട്ടുണ്ട്. ചില മുതിര്‍ന്നവര്‍ പറയാറുണ്ടായിരുന്നു, അവരുടെ കുട്ടികള്‍ കടക്കെണിയിലാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ചികിത്സ വേണ്ടെന്ന്. അവര്‍ സ്വയം വേദന സഹിക്കുകയും ലോകം വിടാന്‍ തയ്യാറാകുകയും ചെയ്തു, പക്ഷേ മക്കളെ കടക്കാരാക്കിത്തീര്‍ക്കാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍, അവര്‍ക്ക് ചികിത്സ ലഭിക്കില്ല. ഇവിടെയുള്ള നമ്മില്‍ ഭൂരിഭാഗവും കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും ഇത്തരത്തിലുള്ള ധാരാളം ആളുകളെ കണ്ടിട്ടുണ്ടാകും. നമ്മളില്‍ മിക്കവരും സമാനമായ ഉത്കണ്ഠകളിലൂടെ കടന്നുപോയിട്ടുമുണ്ടാവും.

സുഹൃത്തുക്കളെ,
കൊറോണ ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ സംസ്ഥാനങ്ങളില്‍ പോകുമ്പോഴെല്ലാം ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളെ കണ്ടുമുട്ടാന്‍ ശ്രമിക്കുമാ യിരുന്നു. ഞാന്‍ അവരെ കണ്ടുമുട്ടുകയും സംസാരിക്കുകയും അവരുടെ വേദനകളും അനുഭവങ്ങളും മനസ്സിലാക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും ഇത് അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും ഞാന്‍ അത് ഒരു ദിനചര്യയാക്കിയിരുന്നു. ആയുഷ്മാന്‍ ഭാരതിന്റെ നൂറുകണക്കിന് ഗുണഭോക്താക്കളെ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടുണ്ട്. രോഗം നിമിത്തം വര്‍ഷങ്ങളോളം കഷ്ടപ്പെട്ട ശേഷം മാത്രം വൃക്കയിലെ കല്ലു നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വൃദ്ധയായ അമ്മയെയോ വൃക്കരോഗം ബാധിച്ച യുവാവിനെയോ ഞാന്‍ എങ്ങനെ മറക്കും? കാലുകളില്‍ ചില അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുടെയോ സുഷുമ്നാ നാഡിയിലെ വേദനയോടു പോരാടുന്നവരുടെയോ മുഖങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. ഇന്ന് ആയുഷ്മാന്‍ ഭാരത് അത്തരത്തിലുള്ള എല്ലാവര്‍ക്കും വലിയ പിന്തുണയാണ്. കുറച്ചു മുമ്പ് ഇവിടെ കാണിച്ച ഡോക്യുമെന്ററിയിലും പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്കിലും ആ അമ്മമാരുടെയും സഹോദരിമാരുടെയും വിശദമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗവണ്‍മെന്റ് ചെലവിട്ട ആയിരക്കണക്കിന് കോടി രൂപ ദാരിദ്ര്യത്തിന്റെ ദൂഷിത വലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ രക്ഷിച്ചു. ദരിദ്രനായി തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ല; കഠിനാധ്വാനം ചെയ്ത് അവസരങ്ങള്‍ തേടി എല്ലാവരും ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഠിനമായി ശ്രമിക്കുന്നു. ചിലപ്പോള്‍ അവന്‍ പെട്ടെന്ന് ദാരിദ്ര്യത്തില്‍ നിന്ന് കരകയറുമെന്ന തോന്നലുണ്ടാവുന്നു. എന്നാല്‍, പെട്ടെന്ന് കുടുംബത്തിലെ ഒരാള്‍ക്ക് രോഗം പിടിപെടുന്ന പക്ഷം എല്ലാ കഠിനാധ്വാനവും വെറുതെയാകും. പിന്നീട് അവന്‍ അഞ്ച്-പത്ത് വര്‍ഷം പിന്നോട്ട് വന്ന് ദാരിദ്ര്യത്തിന്റെ ചക്രത്തില്‍ കുടുങ്ങുന്നു. കുടുംബം മുഴുവന്‍ ദാരിദ്ര്യത്തിന്റെ വിഷവലയത്തില്‍ നിന്ന് പുറത്തുവരാന്‍ അസുഖം അനുവദിക്കുന്നില്ല. അതിനാല്‍, ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെ ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ആരോഗ്യ പരിരക്ഷാ പരിഹാരങ്ങള്‍ രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും ഒരു വലിയ നിക്ഷേപമാണ്.

സഹോദരീ സഹോദരന്മാരെ,
ആയുഷ്മാന്‍ ഭാരത് - ഡിജിറ്റല്‍ മിഷന്‍ ആശുപത്രികളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ജീവിതം എളുപ്പമാക്കും. ആശുപത്രികളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം നിലവില്‍ ഒരു ആശുപത്രിയിലേക്കോ ആശുപത്രികളുടെ ഒരു ശൃംഖലയിലേക്കോ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു രോഗി ഒരു പുതിയ ആശുപത്രിയിലേക്കോ പുതിയ നഗരത്തിലേക്കോ മാറുമ്പോള്‍, അയാള്‍ വീണ്ടും പഴയ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഡിജിറ്റല്‍ ആരോഗ്യ രേഖകളുടെ അഭാവത്തില്‍, മുന്‍ വര്‍ഷങ്ങളിലെ ഫയലുകള്‍ അദ്ദേഹം കൊണ്ടുനടക്കേണ്ടതുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഇത് പോലും സാധ്യമല്ല. തല്‍ഫലമായി, രോഗിയുടെയും ഡോക്ടറുടെയും ധാരാളം സമയം പാഴാകുന്നു, പ്രശ്‌നം ഗൗരവമാകുകയും ചികിത്സാച്ചെലവു വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലരും ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ അവരുടെ ചികില്‍സാ രേഖകള്‍ ഇല്ലെന്ന് നമ്മള്‍ പലപ്പോഴും കാണാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, രോഗം കണ്ടെത്തല്‍ തുടങ്ങിയവ പുതുതായി ചെയ്യേണ്ടതുണ്ട്. വൈദ്യശാസ്ത്ര ചരിത്രത്തിന്റെ രേഖയുടെ അഭാവത്തില്‍, ഇത് സമയമെടുക്കുന്നതും ചെലവേറിയതുമായിത്തീരുന്നു. ചിലപ്പോള്‍ ചികിത്സ വിരുദ്ധമായിത്തീരുകയും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ ഇതുമൂലം വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കാത്തതിനാല്‍, ഒരു നല്ല ഡോക്ടറെക്കുറിച്ച് അറിയുന്നത് വാക്കുകളിലൂടെ മാത്രമാണ്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ സ്‌പെഷലൈസേ ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അതോടൊപ്പം അടുത്തുള്ള ഡോക്ടര്‍മാര്‍, കാണാന്‍ എവിടെ പോകണം തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പ്രധാന പങ്ക് വഹിക്കുമെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ, 
ആയുഷ്മാന്‍ ഭാരത് - ഡിജിറ്റല്‍ മിഷന്‍ ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളിലെ ഡിജിറ്റല്‍ ആരോഗ്യ പരിഹാരങ്ങളെ പരസ്പരം ബന്ധിപ്പിക്കും. ഇതിന് കീഴില്‍, പൗരന്‍മാര്‍ക്ക് ഇപ്പോള്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ലഭിക്കും. ഓരോ പൗരന്റെയും ആരോഗ്യ രേഖ ഡിജിറ്റലായി പരിരക്ഷിക്കപ്പെടും. ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വഴി രോഗിക്കു സ്വയവും ഡോക്ടര്‍ക്കും വേണമെങ്കില്‍ പഴയ രേഖകള്‍ പരിശോധിക്കാന്‍ കഴിയും. കൂടാതെ, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവരുടെ രജിസ്‌ട്രേഷനും ഉണ്ടാകും. രാജ്യത്തെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, മരുന്നു കടകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്യും. ചുരുക്കത്തില്‍, ഈ ഡിജിറ്റല്‍ ദൗത്യം ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവരും.

സുഹൃത്തുക്കളെ,
രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരും ആയിരിക്കും ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ഒരു രോഗിക്ക് തന്റെ ഭാഷ അറിയാവുന്നതും മനസ്സിലാകുന്നതുമായ ഒരു ഡോക്ടറെ രാജ്യത്ത് എവിടെയും കണ്ടെത്താന്‍ എളുപ്പമായിത്തീരും. കൂടാതെ അവന്‍ അനുഭവിക്കുന്ന രോഗത്തിന്റെ സ്‌പെഷ്യലിസ്റ്റിനെ ലഭിക്കും. രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ബന്ധപ്പെടാനും ഇത് രോഗികളെ സഹായിക്കും. ഡോക്ടര്‍മാര്‍ക്ക് പുറമേ, മികച്ച പരിശോധനകള്‍ക്കായി ലാബുകളും മരുന്നുകടകളും കണ്ടെത്തുന്നത് എളുപ്പമായിരിക്കും.

സുഹൃത്തുക്കളെ,
ചികിത്സയും ആരോഗ്യ പരിപാലന നയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പശ്ചാത്തലവും ഈ ആധുനിക പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ഫലപ്രദമാകും. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് അവരുടെ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. ഫലപ്രദവും വിശ്വസനീയവുമായ ഡാറ്റ ഉപയോഗപ്പെടുത്തുക വഴി ചികിത്സ മെച്ചപ്പെടുത്തുകയും രോഗികള്‍ക്ക് പണം ലാഭിക്കുകയും ചെയ്യും.

സഹോദരീ സഹോദരന്മാരെ,
ആറേഴു വര്‍ഷമായി തുടരുന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ് ഇന്ന് രാജ്യത്തുടനീളം ആരംഭിച്ച ആരോഗ്യ സേവനങ്ങള്‍ രാജ്യത്ത് എളുപ്പവും കയ്യെത്തിപ്പിടിക്കാവുന്നതും ആക്കിമാറ്റുന്ന പ്രചരണ പദ്ധതി. ഏതാനും വര്‍ഷങ്ങള്‍ക്കിടെ, ആരോഗ്യവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകളുടെ ചിന്തയും സമീപനവും ഇന്ത്യ മാറ്റി. ഇപ്പോള്‍ സമഗ്രവും ഉള്‍ച്ചേര്‍ത്തുള്ളതുമായ ആരോഗ്യ മാതൃകയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ഒരു മാതൃക, അതായത് പ്രതിരോധ ആരോഗ്യ പരിരക്ഷ, ചികിത്സ താങ്ങാവുന്നതും എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതും ആക്കുന്നു. നമ്മുടെ പരമ്പരാഗത ആയുഷ് സമ്പ്രദായമായ യോഗയ്ക്കും ആയുര്‍വേദത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട്, അത്തരം എല്ലാ പദ്ധതികളും പാവപ്പെട്ടവരെയും മധ്യവര്‍ഗത്തെയും രോഗത്തിന്റെ ദുഷിച്ച ചക്രത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ആരംഭിച്ചു. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കുമായി പുതിയ ആരോഗ്യ നയം രൂപീകരിച്ചു. ഇന്ന് എയിംസ് പോലുള്ള വളരെ വലുതും ആധുനികവുമായ ആരോഗ്യ സ്ഥാപനങ്ങളുടെ ഒരു ശൃംഖലയും രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

സുഹൃത്തുക്കളെ,
ഇന്ത്യയിലെ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഗ്രാമങ്ങളില്‍ ലഭ്യമായ വൈദ്യശാസ്ത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ ഗ്രാമങ്ങളില്‍ ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ പ്രാഥമിക ആരോഗ്യ പരിപാലന ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഇതുവരെ, അത്തരം 80,000 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. പതിവ് പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും മുതല്‍ ഗുരുതരമായ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതുള്ള വിപുലമായ പരിശോധനകള്‍ വരെയുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗുരുതരമായ രോഗങ്ങള്‍ യഥാസമയം കണ്ടെത്താന്‍ ഈ കേന്ദ്രങ്ങളിലൂടെ അവബോധം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

സുഹൃത്തുക്കളെ,
കൊറോണ ആഗോള പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടത്തില്‍ വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യ നിര്‍മാണത്തിന് മുന്‍ഗണന നല്‍കിവരുന്നു. രാജ്യത്തെ ജില്ലാ ആശുപത്രികളില്‍ ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു, കുട്ടികളുടെ ചികിത്സയ്ക്കായി ജില്ലയിലും ബ്ലോക്ക് ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നു. ജില്ലാതല ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ ആരോഗ്യമേഖലയില്‍ മാറ്റം സൃഷ്ടിക്കുന്നതിനായി അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങള്‍ വൈദ്യശാസ്ത്ര പഠനത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷമായി, മുമ്പത്തേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ മാനവശേഷിയും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യ, ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട ഗവേഷണം, മരുന്നുകളിലെയും ഉപകരണങ്ങളിലെയും സ്വാശ്രയത്വം എന്നിവ സംബന്ധിച്ചും ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നു. കൊറോണ പ്രതിരോധ കുത്തിവയ്പ്പുകള്‍ വികസിപ്പിക്കുന്നതിലും ഉല്‍പാദിപ്പിക്കുന്നതിലും ഇന്ത്യ കഴിവ് പ്രകടിപ്പിച്ച രീതി നമ്മില്‍ അഭിമാനം നിറയ്ക്കുന്നു. ആരോഗ്യ ഉപകരണങ്ങളുടെയും മരുന്നുകളുടെയും അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള പി.എല്‍.ഐ. പദ്ധതികളും ഈ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന് വളരെയധികം ആക്കം നല്‍കുന്നു.

സുഹൃത്തുക്കളെ,
മെച്ചപ്പെട്ട മെഡിക്കല്‍ സംവിധാനത്തോടൊപ്പം, പാവപ്പെട്ടവരും ഇടത്തരക്കാരും മരുന്നുകള്‍ക്ക് വളരെ കുറഞ്ഞ തുക മാത്രമേ ചെലവിടേണ്ടിവരുന്നുള്ളൂ എന്നതും അത്യാവശ്യ കാര്യമാണ്. അതിനാല്‍, കേന്ദ്ര ഗവണ്‍മെന്റ് അവശ്യ മരുന്നുകള്‍, ശസ്ത്രക്രിയാ സാമഗ്രികള്‍, ഡയാലിസിസ് തുടങ്ങിയ നിരവധി സേവനങ്ങളും സാധനങ്ങളും വിലകുറഞ്ഞതായി സംരക്ഷിച്ചു. ചികിത്സയില്‍ പരമാവധി ഉപയോഗത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും മികച്ച ജനറിക് മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. എണ്ണായിരത്തിലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ ആശ്വാസം നല്‍കി. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ കഴിക്കുന്ന പല രോഗികളോടും സംസാരിക്കാന്‍ എനിക്ക് അധികാരമുണ്ടായിരുന്നു. ചില കുടുംബങ്ങളിലെ ആളുകള്‍ പ്രായവുമായി ബന്ധപ്പെട്ടുള്ളതോ മറ്റ് രോഗങ്ങള്‍ നിമിത്തമോ ദിവസേന ചില മരുന്നുകള്‍ കഴിക്കേണ്ടിവരുന്നതായി ഞാന്‍ കണ്ടെത്തി. ജന്‍ ഔഷധി കേന്ദ്രം കാരണം, അത്തരം ഇടത്തരം കുടുംബങ്ങള്‍ പ്രതിമാസം 1,000 മുതല്‍ 2,000 വരെ രൂപ ലാഭിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്നത്തെ പരിപാടി ലോക ടൂറിസം ദിനത്തില്‍ സംഘടിപ്പിക്കുന്നത് യാദൃച്ഛികമാണ്. ടൂറിസവുമായി ആരോഗ്യ പരിപാലന പരിപാടിക്ക് എന്ത് ബന്ധമുണ്ടെന്ന് ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ ആരോഗ്യത്തിന് ടൂറിസവുമായി വളരെ ശക്തമായ ബന്ധമുണ്ട്. നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യം സംയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് ടൂറിസം മേഖലയിലും ഗുണമുണ്ടാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാത്ത ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു ടൂറിസ്റ്റ് ആഗ്രഹിക്കുന്നുണ്ടോ? കൊറോണയ്ക്ക് ശേഷം ഇപ്പോള്‍ അത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പരമാവധി വാക്‌സിനേഷന്‍ ഉള്ള ഒരു സ്ഥലം സന്ദര്‍ശിക്കുന്നതില്‍ സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടും. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം, ഗോവ, ആന്‍ഡമാന്‍, നിക്കോബാര്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷനു പരമാവധി ഊന്നല്‍ നല്‍കുന്നത് വിനോദസഞ്ചാരികളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വരും വര്‍ഷങ്ങളില്‍ എല്ലാ ഘടകങ്ങളും ശക്തമാകുമെന്ന് ഉറപ്പാണ്. ആരോഗ്യ അടിസ്ഥാന സൗകര്യം എവിടെ മികച്ചതാണോ, അവിടെ ടൂറിസം സാധ്യതകള്‍ മികച്ചതായിരിക്കും. അതായത്, ആശുപത്രിയും ആതിഥ്യമര്യാദയും പരസ്പരം ഒത്തുചേരും.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയിലെ ഡോക്ടര്‍മാരിലും ആരോഗ്യ സംവിധാനങ്ങളിലും ലോകത്തിനുള്ള വിശ്വാസം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ ലോകത്ത് വളരെയധികം ബഹുമാനം നേടി, ഇന്ത്യയുടെ പേര് സ്ഥാപിച്ചെടുത്തു. ലോകത്തിലെ സമ്പന്നരോട് ചോദിച്ചാല്‍ അവരുടെ ഒരു ഡോക്ടര്‍ ഇന്ത്യക്കാരനാണെന്ന് അവര്‍ സമ്മതിക്കും. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യം നിലവിലുണ്ടെങ്കില്‍, ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കും. അടിസ്ഥാന സൗകര്യ മേഖലയിലെ നിരവധി പരിമിതികള്‍ക്കിടയിലും ആളുകള്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ചിലപ്പോള്‍ ഇതു സംബന്ധിച്ച വളരെ വൈകാരികമായ കഥകള്‍ നമുക്ക് കേള്‍ക്കാനാകും. നമ്മുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ചെറിയ കുട്ടികള്‍ ചികിത്സയ്ക്കായി ഇവിടെ വരുമ്പോള്‍, അവര്‍ സുഖം പ്രാപിച്ചതിനുശേഷം, അവരുടെ കുടുംബങ്ങളുടെ സന്തോഷം എല്ലാം പറയുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ വാക്‌സിനേഷന്‍ പദ്ധതി, കോവിന്‍ പ്ലാറ്റ്‌ഫോം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖല എന്നിവ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ സാങ്കേതിക വിദ്യയുടെ പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍, ഏത് രാജ്യത്തെ രോഗികള്‍ക്കും കൂടിയാലോചിക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് അയയ്ക്കാനും ചികിത്സ നേടാനും വളരെ എളുപ്പമായിരിക്കും. തീര്‍ച്ചയായും, ഇത് ആരോഗ്യ ടൂറിസത്തെ സ്വാധീനിക്കും.

സുഹൃത്തുക്കളെ, 
സ്വാതന്ത്ര്യത്തിന്റെ ഇക്കാലത്ത് ഉറച്ച തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനും വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും ആരോഗ്യപൂര്‍ണമായ ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രധാനമാണ്. ഇതിനായി യോജിച്ചുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. നമ്മുടെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരും വൈദ്യശാസ്ത്ര രംഗത്തെ സ്ഥാപനങ്ങളും ഈ പുതിയ സംവിധാനം അതിവേഗം സ്വാംശീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ക്കൂടി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെയധികം നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”