അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ; എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകന്‍, ശ്രീ അനുരാഗ് താക്കൂര്‍ ജി; അസം സര്‍ക്കാരിലെ മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ യുവ കായികതാരങ്ങളേ!
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ നിങ്ങളെല്ലാവരും ചേരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നോര്‍ത്ത് ഈസ്റ്റിലെ ഏഴ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലായാണ് ഗെയിമുകളുടെ ഈ പതിപ്പ് നടക്കുന്നത്. ഈ ഗെയിമുകളുടെ ചിഹ്നമായ അഷ്ടലക്ഷ്മിയെ ചിത്രശലഭമായി ചിത്രീകരിച്ചിരിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഊര്‍ജ്ജസ്വലമായ ചൈതന്യത്തെ പ്രതീകപ്പെടുത്തുന്നു. വടക്ക്-കിഴക്കിനെ ഭാരതത്തിന്റെ അഷ്ടലക്ഷ്മി എന്നാണ് ഞാന്‍ പലപ്പോഴും വിശേഷിപ്പിക്കുന്നത്, ഒരു ചിത്രശലഭത്തെ ചിഹ്നമായി കാണുന്നത് പ്രദേശത്തിന്റെ കുതിച്ചുയരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ ഒത്തുകൂടിയ എല്ലാ കായികതാരങ്ങള്‍ക്കും, നിങ്ങള്‍ ഇവിടെ ഗുവാഹത്തിയില്‍ ഭാരതത്തിന്റെ മഹത്തായ ഒരു ചിത്രം വരയ്ക്കുകയാണ്. നന്നായി കളിക്കുക, വിജയത്തിനായി പരിശ്രമിക്കുക, ഓര്‍ക്കുക, തോല്‍വിയിലും വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാനുണ്ട്.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം കായികവുമായി ബന്ധപ്പെട്ട പരിപാടികളുടെ ആവൃത്തി വര്‍ദ്ധിച്ചുവരുന്നത് നിരീക്ഷിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് നോര്‍ത്ത് ഈസ്റ്റില്‍ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ് ലഡാക്കില്‍ നടന്നിരുന്നു. അതിനുമുമ്പ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് തമിഴ്‌നാട്ടില്‍ നടന്നിരുന്നു. നേരത്തെ, ഭാരതത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ദിയുവില്‍ ബീച്ച് ഗെയിംസ് സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ക്ക് കായികരംഗത്ത് ഏര്‍പ്പെടാനും അഭിവൃദ്ധിപ്പെടാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ഈ സംഭവങ്ങള്‍ അടിവരയിടുന്നു. അതിനാല്‍, ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ അവരുടെ ശ്രമങ്ങള്‍ക്ക് അസം സര്‍ക്കാരിനും മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
സ്പോര്‍ട്സിനോടുള്ള സാമൂഹിക മനോഭാവത്തില്‍ ഇന്ന് ശ്രദ്ധേയമായ മാറ്റം വന്നിട്ടുണ്ട്. മുമ്പ്, ആരെയെങ്കിലും പരിചയപ്പെടുത്തുമ്പോള്‍ കുട്ടികളുടെ കായിക നേട്ടങ്ങള്‍ എടുത്തുകാണിക്കാന്‍ മാതാപിതാക്കള്‍ പലപ്പോഴും മടിച്ചിരുന്നു. കായിക നേട്ടങ്ങള്‍ ഊന്നിപ്പറയുന്നത് അക്കാദമികരംഗത്തെ ശ്രദ്ധക്കുറവിനെ സൂചിപ്പിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നിരുന്നാലും, ഈ കാഴ്ചപ്പാട് പോസിറ്റീവ് ആയി മാറുന്നു. ഇക്കാലത്ത്, തങ്ങളുടെ കുട്ടി സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ മത്സരങ്ങളില്‍ പങ്കെടുക്കുകയോ അന്താരാഷ്ട്ര മെഡല്‍ നേടുകയോ ചെയ്തപ്പോള്‍ മാതാപിതാക്കള്‍ അഭിമാനത്തോടെ പരാമര്‍ശിക്കുന്നു.
സുഹൃത്തുക്കളേ,
കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അത് ആഘോഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ഉത്തരവാദിത്തം കായികതാരങ്ങള്‍ക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തത്തിലുള്ളതാണ്. ഉന്നതവിദ്യാഭ്യാസത്തില്‍ ഉന്നതവിജയം നേടുന്നവരെ ആദരിക്കുന്നതുപോലെ കായികരംഗത്ത് മികവ് പുലര്‍ത്തുന്നവരും വേണം. കായിക നേട്ടങ്ങളെ ആദരിക്കുന്ന ഒരു പാരമ്പര്യം നാം വളര്‍ത്തിയെടുക്കണം. ഇക്കാര്യത്തില്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്ന് നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയും. സ്‌പോര്‍ട്‌സിനോടുള്ള ആദരവും അത്‌ലറ്റിക് മികവിന്റെ ആവേശകരമായ ആഘോഷവും നോര്‍ത്ത് ഈസ്റ്റില്‍ ശരിക്കും ശ്രദ്ധേയമാണ്. ഫുട്ബോള്‍ മുതല്‍ അത്ലറ്റിക്സ്, ബാഡ്മിന്റണ്‍ മുതല്‍ ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് മുതല്‍ ചെസ്സ് വരെ, ഈ മേഖലയിലെ അത്ലറ്റുകള്‍ അവരുടെ കഴിവുകൊണ്ട് തുടര്‍ച്ചയായി പുതിയ ഉയരങ്ങളിലെത്തുന്നു. രാജ്യത്തിന്റെ വടക്കു കിഴിക്കന്‍ മേഖല സ്പോര്‍ട്സിനെ ഉള്‍ക്കൊള്ളുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്, ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ അത്ലറ്റുകളും രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന വിലയേറിയ അനുഭവങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
അത് ഖേലോ ഇന്ത്യയായാലും ടോപ്സ് ആയാലും അല്ലെങ്കില്‍ സമാനമായ സംരംഭങ്ങളായാലും, ഇന്ന് നമ്മുടെ യുവതലമുറയ്ക്കായി പുതിയ അവസരങ്ങളുടെ സമഗ്രമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയാണ്. പരിശീലനം മുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ വരെ നമ്മുടെ രാജ്യത്ത് കായികതാരങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നു. ഇക്കൊല്ലം 3500 കോടിയുടെ റെക്കോഡ് ബജറ്റാണ് കായികരംഗത്ത് വകയിരുത്തിയത്. ശാസ്ത്രീയമായ സമീപനത്തിലൂടെ രാജ്യത്തിന്റെ കായിക പ്രതിഭകളെ ഞങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫലം വ്യക്തമാണ്: ഭാരതം ഇപ്പോള്‍ എല്ലാ മത്സരങ്ങളിലും മുമ്പത്തേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഉറപ്പാക്കുന്നു. ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡ് പ്രകടനങ്ങളും ആഗോള തലത്തില്‍ മത്സരിക്കാനുള്ള ഭാരതത്തിന്റെ കഴിവും ലോകം ശ്രദ്ധിക്കുന്നു. വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസിലും ഭാരതം ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. 2019ല്‍ ഞങ്ങള്‍ 4 മെഡലുകള്‍ നേടി; എന്നിരുന്നാലും, 2023-ല്‍ നമ്മുടെ യുവജനങ്ങള്‍ അഭിമാനത്തോടെ 26 മെഡലുകള്‍ നേടി. ഈ നേട്ടം മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല; ശാസ്ത്രീയമായ സമീപനവും പിന്തുണയും നല്‍കുമ്പോള്‍ അത് നമ്മുടെ യുവാക്കളുടെ കഴിവിന്റെ തെളിവാണ്.
സുഹൃത്തുക്കളേ,
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, യൂണിവേഴ്‌സിറ്റിക്കപ്പുറമുള്ള ലോകത്തേക്ക് നിങ്ങള്‍ ചുവടുവെക്കും. വിദ്യാഭ്യാസം ഈ ലോകത്തിനായി നമ്മെ ഒരുക്കുമ്പോള്‍, സ്പോര്‍ട്സ് അതിന്റെ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം പകരുന്നു എന്നതും ഒരുപോലെ സത്യമാണ്. വിജയികളായ വ്യക്തികള്‍ക്ക് കഴിവ് മാത്രമല്ല, ശരിയായ സ്വഭാവവും ഉണ്ട്. എങ്ങനെ നയിക്കണമെന്നും ടീം സ്പിരിറ്റോടെ പ്രവര്‍ത്തിക്കണമെന്നും തിരിച്ചടികളില്‍ നിന്ന് കരകയറാനും അവര്‍ക്കറിയാം. സമ്മര്‍ദത്തിനുകീഴില്‍ എങ്ങനെ മികവ് പുലര്‍ത്താനും പ്രവര്‍ത്തിക്കാനും അവര്‍ക്കറിയാം, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അവരുടെ ഏറ്റവും മികച്ചത് നല്‍കുക. ഈ ഗുണങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമായി സ്‌പോര്‍ട്‌സ് പ്രവര്‍ത്തിക്കുന്നു. സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്നത് അത്തരം ഗുണ സമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍, ഞാന്‍ ഉറപ്പിച്ചു പറയുന്നു: 'ജോ ഖേല്‍താ ഹൈ, വോ ഖില്‍താ ഹൈ' (കളിക്കുന്നവര്‍, തഴച്ചുവളരുന്നു).
സുഹൃത്തുക്കളേ,
ഇന്ന്, എന്റെ യുവ സുഹൃത്തുക്കള്‍ക്ക് ഒരു കര്‍ത്തവ്യം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ കര്‍ത്തവ്യം സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടതല്ല. നോര്‍ത്ത് ഈസ്റ്റ് അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഗെയിമുകള്‍ക്ക് ശേഷം, നിങ്ങളുടെ ചുറ്റുപാടുകള്‍ പര്യവേക്ഷണം ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്തുക. North East Memtories എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കിടുക. കൂടാതെ, നിങ്ങള്‍ കളിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയില്‍ കുറച്ച് വാക്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. പ്രദേശവാസികളുമായി ആശയവിനിമയം നടത്താന്‍ ഭാഷിണി ആപ്പ് ഉപയോഗിക്കുന്നത് പരിഗണിക്കുക; ഇത് നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്.
സുഹൃത്തുക്കളേ,
ഈ പരിപാടിയില്‍ നിങ്ങള്‍ നേടുന്ന അനുഭവം ജീവിതകാലം മുഴുവന്‍ അവിസ്മരണീയമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതീക്ഷയോടെ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
വളരെ നന്ദി.