നമസ്‌കാരം!
രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള നിരവധി ആളുകളുമായി ഇന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് വളരെ സംതൃപ്തി നല്‍കുന്നതാണ്. ഗവണ്‍മെന്റിന്റെ പ്രയത്‌നത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ചില സഹപ്രവര്‍ത്തകരെ ഇന്ന് ആദരിക്കാനുള്ള വിശേഷഭാഗ്യവും ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ട്. ജന്‍ ഔഷധി ദിവസത്തില്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ശരീരത്തിന് ഔഷധം നല്‍കുക മാത്രമല്ല, മനസ്സിന്റെ ആശങ്കകള്‍ക്കുള്ള പ്രതിവിധി കൂടിയാണ്. എല്ലാത്തിനുപരിയായി, പണം ലാഭിക്കുന്നതിലൂടെ അവര്‍ ജനങ്ങള്‍ക്ക് ആശ്വാസവും നല്‍കുന്നു. കുറിപ്പടിയില്‍ എഴുതുന്ന മരുന്നുകളുടെ വിലയെക്കുറിച്ചുള്ള ആശങ്കയും കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 800 കോടിയിലധികം രൂപയുടെ മരുന്നുകള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി വിറ്റഴിച്ചിട്ടുണ്ട്.
ഇത് അര്‍ത്ഥമാക്കുന്നത് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി പാവപ്പെട്ടവരും ഇടത്തരക്കാരും ഈ സാമ്പത്തിക വര്‍ഷം 5,000 കോടി രൂപ ലാഭിച്ചു എന്നതാണ്. ഇപ്പോള്‍ ഈ വീഡിയോയില്‍ നിങ്ങള്‍ കണ്ടതുപോലെ, മൊത്തത്തില്‍ ഇതുവരെ 13,000 കോടി രൂപ ലാഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലാഭിച്ചതുക കൂടുതലാണ്. കൊറോണ കാലത്ത് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും 13,000 കോടി രൂപ ലാഭിക്കാന്‍ സാധിച്ചത് തന്നെ വലിയൊരു സഹായമാണ്. കൂടാതെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം ജനങ്ങളിലേക്കും ഈ സഹായം എത്തുന്നു എന്നത് സംതൃപ്തി നല്‍കുന്ന കാര്യവുമാണ്.
രാജ്യത്ത് 8,500-ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങള്‍ ഇനി മുതല്‍ കേവലം ഗവണ്‍മെന്റ് സ്‌റ്റോറുകളല്ല, അവ സാധാരണക്കാര്‍ക്ക് പരിഹാരങ്ങളുടെയും സൗകര്യത്തിന്റെയും കേന്ദ്രങ്ങളായി മാറുകയാണ്. സ്ത്രീകള്‍ക്കുള്ള സാനിറ്ററി നാപ്കിനുകളും ഈ കേന്ദ്രങ്ങളില്‍ ഒരു രൂപയ്ക്ക് ലഭ്യമാണ്. 21 കോടിയിലധികം സാനിറ്ററി നാപ്കിനുകളുടെ വില്‍പ്പന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വലിയൊരു വിഭാഗം സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നു എന്നതിന്റെ തെളിവാണ്.
സുഹൃത്തുക്കളെ,
''പണം ലാഭിക്കുന്നത് പണം സമ്പാദിക്കുന്നതാണ് ! ( മണി സേവ്ഡ് ഈസ് മണി ഏര്‍ണ്‍ഡ്) എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് അതായത്, ലാഭിക്കുന്ന പണം നിങ്ങളുടെ വരുമാനത്തില്‍ കൂട്ടുന്നു. പാവപ്പെട്ടവരോ ഇടത്തരക്കാരോ ചികിത്സാച്ചെലവിലെ പണം ലാഭിക്കുമ്പോള്‍, ആ പണം മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ അവര്‍ക്ക് കഴിയും.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരിധിയില്‍ 50 കോടിയിലധികം ആളുകളുണ്ട്. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം മൂന്ന് കോടിയിലധികം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിച്ചു. ഈ പദ്ധതിയുടെ അഭാവത്തില്‍ നമ്മുടെ പാവപ്പെട്ട സഹോദരീ സഹോദരന്മാര്‍ക്ക് ഏകദേശം 70,000 കോടി രൂപ ചെലവഴിക്കേണ്ടി വരുമായിരുന്നു.
പാവപ്പെട്ടവരോടും ഇടത്തരക്കാരോടും താഴ്ന്ന ഇടത്തരം കുടുംബങ്ങളോടും ഗവണ്‍മെന്റിന് അനുഭാവം ഉണ്ടാകുമ്പോള്‍, ഇത്തരം പദ്ധതികള്‍ സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പരിപാടിയും നമ്മുടെ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. കിഡ്‌നിയും, ഡയാലിസിസുമായി ബന്ധപ്പെട്ട ഇക്കാലത്ത് ഓരോരുത്തരും നിരവധി പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയാണ്. ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ കീഴില്‍ ഒരു കോടിയിലധികം സൗജന്യ ഡയാലിസിസ് സെഷനുകള്‍ പാവങ്ങള്‍ക്കായി നടത്തി. അതിന്റെ ഫലമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഡയാലിസിസ് ഇനത്തില്‍ 550 കോടി രൂപ ലാഭിക്കാനായി. പാവപ്പെട്ടവരോട് ഒരു ഗവണ്‍മെന്റിന് എപ്പോള്‍ കരുതലുണ്ടാകുന്നുവോ അത് ഇതുപോലെ അവരുടെ ചെലവുകള്‍ ലാഭിക്കും. ക്യാന്‍സറോ, ടി.ബിയോ (ക്ഷയം), പ്രമേഹമോ, ഹൃദ്‌രോഗമോ ഏതോ ആകട്ടെ , ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ 800-ലധികം മരുന്നുകളുടെ വിലയും ഞങ്ങളുടെ ഗവണ്‍മെന്റ് നിയന്ത്രിച്ചിട്ടുണ്ട്.
സ്‌റ്റെന്റുകളുടെയും കാല്‍മുട്ട് ഇംപ്ലാന്റുകളുടെയും വില നിയന്ത്രണവും ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ പാവപ്പെട്ടവരുടെ ഏകദേശം 13,000 കോടി രൂപ ലാഭിക്കുന്നതിന് കാരണമായി. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്ന ഒരു ഗവണ്‍മെന്റുള്ളപ്പോള്‍ ആ ഗവണ്‍മെന്റിന്റെ ഈ തീരുമാനങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാകുകയും, ഒരു തരത്തില്‍ അവരും ഈ പദ്ധതികളുടെ അംബാസഡര്‍മാരാകുകയും ചെയ്യും.
സുഹൃത്തുക്കളെ,
കൊറോണ കാലത്ത് പ്രതിരോധകുത്തിവയ്പ്പിന്റെ ഓരോ ഡോസിനും ലോകത്തെ പ്രമുഖ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആയിരക്കണക്കിന് രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. എന്നാല്‍ ഇന്ത്യയിലെ പാവപ്പെട്ടവരും ഒരു പൗരനും പ്രതിരോധകുത്തിവയ്പ്പിനായി പണം ചെലവഴിക്കേണ്ടിവരാതിരിക്കാന്‍ ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ പരിശ്രമിച്ചു. ഈ പ്രതിരോധകുത്തിവയ്പ്പിനുള്ള ഈ സൗജന്യ സംഘടിതപ്രവര്‍ത്തനം രാജ്യത്ത് വിജയകരമായി പ്രവര്‍ത്തിക്കുകയാണ്, നമ്മുടെ ഗവണ്‍മെന്റ് ഇതുവരെ 30,000 കോടിയിലധികം രൂപ ചെലവഴിച്ചു, അതിലൂടെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ ആരോഗ്യത്തോടെ തുടരുന്നു.
പാവപ്പെട്ടതും മദ്ധ്യവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്ന മറ്റൊരു വലിയ തീരുമാനവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗവണ്‍മെന്റ് എടുത്തത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഫീസിന് തുല്യമായിരിക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതില്‍ കൂടുതല്‍ ഈടാക്കാന്‍ അവര്‍ക്ക് കഴിയില്ല. ഇതിന്റെ ഫലമായി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കള്‍ക്ക് ഏകദേശം 2500 കോടി രൂപ ലാഭിക്കാനാകും. അതിനുപരിയായി, അവര്‍ക്ക് മെഡിക്കല്‍, സാങ്കേതിക വിദ്യാഭ്യാസം അവരുടെ മാതൃഭാഷയില്‍ തന്നെ പഠിക്കാനും കഴിയും, അങ്ങനെ തങ്ങളുടെ സ്‌കൂളുകളില്‍ ഇം ീഷ് പഠിക്കാത്ത പാവപ്പെട്ട, ഇടത്തരം, താഴ്ന്ന മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കും ഡോക്ടര്‍മാരാകാന്‍ കഴിയും.
സഹോദരീ സഹോദരന്മാരേ,
ഭാവിയിലെ വെല്ലുവിളികള്‍ മനസ്സില്‍ കണ്ടുകൊണ്ട് നമ്മുടെ ഗവണ്‍മെന്റ് ആരോഗ്യ പശ്ചാത്തലസൗകര്യങ്ങള്‍ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി പതിറ്റാണ്ടുകളായി രാജ്യത്ത് ഒരു എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇന്ന് 22 എയിംസുകളാണുള്ളത്. രാജ്യത്തെ എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു മെഡിക്കല്‍ കോളെജെങ്കിലും എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ ഓരോ വര്‍ഷവും 1.5 ലക്ഷം പുതിയ ഡോക്ടര്‍മാര്‍ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടുന്നു, ഇത് ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിലും പ്രവേശനക്ഷമതയിലും വലിയ ശക്തിയാകും.
രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍ ആയിരക്കണക്കിന് സൗഖ്യകേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്കൊപ്പം, നമ്മുടെ പൗരന്മാര്‍ ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യോഗയുടെ വ്യാപനത്തിലൂടെയോ, ജീവിതശൈലിയില്‍ ആയുഷ് ഉള്‍പ്പെടുത്തലോ, ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ പ്രസ്ഥാനങ്ങളോ ഇവയെല്ലാം നമ്മുടെ ആരോഗ്യകരമായ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
സഹോദരീ സഹോദരന്മാരേ,
'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) എന്ന മന്ത്രത്തില്‍ മുന്നേറുന്ന ഇന്ത്യയില്‍ എല്ലാവര്‍ക്കും മാന്യമായ ജീവിതം ഉണ്ടാകട്ടെ! നമ്മുടെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഇതേ ദൃഢനിശ്ചയത്തോടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.
ഒത്തിരി നന്ദി!