എന്റെ സഹപ്രവര്‍ത്തകരും മന്ത്രിമാരുമായ ശ്രീ മന്‍സുഖ് ഭായ് മാണ്ഡവ്യ, ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ, വിശിഷ്ടാതിഥികളെ,
പ്രിയ സുഹൃത്തുക്കളെ,
2021 ലെ മാരിടൈം ഇന്ത്യ ഉച്ചകോടിയിലേക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി പങ്കാളികളെ ഈ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരുന്നു. സമുദ്ര സമ്പദ്‌വ്യവസ്ഥയ്ക്ക് ആക്കമേകുന്നതില്‍ നാം ഒരുമിച്ച് മികച്ച വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഈ മേഖലയിലെ ഒരു സ്വാഭാവിക നേതാവാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് സമ്പന്നമായ ഒരു സമുദ്ര ചരിത്രമുണ്ട്. നമ്മുടെ തീരങ്ങളില്‍ നാഗരികതകള്‍ വളര്‍ന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി, നമ്മുടെ തുറമുഖങ്ങള്‍ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളാണ്. നമ്മുടെ തീരങ്ങള്‍ നമ്മെ ലോകവുമായി ബന്ധിപ്പിച്ചു.
സുഹൃത്തുക്കളെ,
ഈ മാരിടൈം ഇന്ത്യ ഉച്ചകോടിയിലൂടെ, ഇന്ത്യയിലേക്ക് വരാനും ഞങ്ങളുടെ വളര്‍ച്ചാ പാതയുടെ ഭാഗമാകാനും ലോകത്തെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമുദ്രമേഖലയില്‍ വളരുന്നതിലും ലോകത്തെ പ്രമുഖ നീല സമ്പദ്വ്യവസ്ഥയായി വളരുന്നതിലും ഇന്ത്യയുടേത് വളരെ ഗൗരവമുള്ള സമീപനമാണ്. ഞങ്ങളുടെ മുന്‍നിര ശ്രദ്ധാ മേഖലകളില്‍ ഇവ ഉള്‍പ്പെടുന്നു: നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക. അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക. പരിഷ്‌കരണ യാത്രയ്ക്ക് ഗതിവേഗം നല്‍കുക. ഈ ഘട്ടങ്ങളിലൂടെ, ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന് കരുത്ത് പകരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.
സുഹൃത്തുക്കളെ,
നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് ഞാന്‍ വലിയ പ്രാധാന്യം നല്‍കുന്നു. കുറേശ്ശയായുള്ള ഒരു സമീപനത്തിനുപകരം ഞങ്ങള്‍ മുഴുവന്‍ മേഖലയിലും ഒന്നായി ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇതിന്റെ ഫലങ്ങള്‍ ദൃശ്യമാണ്. 2014 ല്‍ പ്രതിവര്‍ഷം 870 ദശലക്ഷം ടണ്‍ ആയിരുന്ന പ്രധാന തുറമുഖങ്ങളുടെ ശേഷി ഇപ്പോള്‍ പ്രതിവര്‍ഷം 1550 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഈ ഉല്‍പാദനക്ഷമത നമ്മുടെ തുറമുഖങ്ങളെ സഹായിക്കുക മാത്രമല്ല, നമ്മുടെ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിലൂടെ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ തുറമുഖങ്ങളില്‍ ഇപ്പോള്‍ ഇനിപ്പറയുന്ന നടപടികള്‍ കൈക്കൊണ്ട് വരുന്നു: നേരിട്ടുള്ള പോര്‍ട്ട് ഡെലിവറി, ഡയറക്ട് പോര്‍ട്ട് എന്‍ട്രി, സുഗമമായ ഡാറ്റാ വിനിമയത്തിനായി നവീകരിച്ച പോര്‍ട്ട് കമ്മ്യൂണിറ്റി സംവിധാനം. രാജ്യത്തിന് അശത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ചരക്കുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം നമ്മുടെ പോര്‍ട്ടുകള്‍ കുറച്ചിരിക്കുന്നു. തുറമുഖങ്ങളിലെ സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തുറമുഖങ്ങളിലേയ്ക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ നാം വളരെയധികം നിക്ഷേപം നടത്തുന്നു. സുസ്ഥിര ഡ്രെഡ്ജിംഗ്, ആഭ്യന്തര കപ്പല്‍ പുനരുപയോഗം എന്നിവയിലൂടെ തുറമുഖങ്ങള്‍ 'മാലിന്യത്തില്‍ നിന്ന് സമ്പത്ത്' പ്രോത്സാഹിപ്പിക്കും. തുറമുഖ മേഖലയിലെ സ്വകാര്യ നിക്ഷേപം നാം പ്രോത്സാഹിപ്പിക്കും.
സുഹൃത്തുക്കളെ,
കാര്യക്ഷമതയ്ക്കൊപ്പം, കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം ജോലികളും നടക്കുന്നു. തീരദേശ സാമ്പത്തിക മേഖലകള്‍, തുറമുഖ അധിഷ്ഠിത സ്മാര്‍ട്ട് നഗരങ്ങള്‍, വ്യാവസായിക പാര്‍ക്കുകള്‍ എന്നിവയുമായി നാം നമ്മുടെ തുറമുഖങ്ങളെ സംയോജിപ്പിക്കുന്നു. ഇത് വ്യാവസായിക നിക്ഷേപം ഉറപ്പു വരുത്തുന്നതോടൊപ്പം തുറമുഖങ്ങള്‍ക്ക് സമീപം ആഗോള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള മെഗാ തുറമുഖങ്ങള്‍ കണ്ട്‌ലയിലെ വാധവന്‍, പാരദ്വീപ്, ദീനദയാല്‍ തുറമുഖം എന്നിവിടങ്ങളില്‍ വികസിപ്പിച്ചെടുക്കുന്നുവെന്നത് പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ ജലപാതകളില്‍ നിക്ഷേപം നടത്തുന്ന ഒരു ഗവണ്‍മെന്റാണ് നമ്മുടേത്. ആഭ്യന്തര ജലപാതകള്‍ ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ചരക്ക് ഗതാഗത മാര്‍ഗ്ഗമാണ്. 2030 ഓടെ 23 ജലപാതകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് നാം ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഫെയര്‍വേ വികസനം, ഗതിനിര്‍ണ്ണയ സഹായ സംവിധാനങ്ങള്‍ വികസിപ്പിക്കല്‍, നദികളെ കുറിച്ചുള്ള വിവര സംവിധാനം എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുക. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ മ്യാന്‍മര്‍ എന്നിവയുമായുള്ള മേഖലാതല ബന്ധത്തിനുള്ള കിഴക്കന്‍ ജലപാത കണക്റ്റിവിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഗ്രിഡ് ഫലപ്രദമായ പ്രാദേശിക വ്യാപാരവും സഹകരണവും ശക്തിപ്പെടുത്തും.
സുഹൃത്തുക്കളെ,
ജീവിതം സുഗമമാക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് പുതിയ മാരിടൈം അടിസ്ഥാന സൗകര്യങ്ങള്‍. റോ-റോ, റോ-പാക്‌സ് പദ്ധതികളും നമ്മുടെ നദികളെ ഉപയോഗപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിന്റെ പ്രധാന ഘടകങ്ങളാണ്. സമുദ്ര-വിമാന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനായി 16 സ്ഥലങ്ങളില്‍ വാട്ടര്‍ഡ്രോമുകള്‍ വികസിപ്പിച്ച് വരുന്നു. 5 ദേശീയ ജലപാതകളില്‍ റിവര്‍ ക്രൂസ് ടെര്‍മിനല്‍ സൗകര്യവും ജെട്ടികളും വികസിപ്പിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
2023 ഓടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും മെച്ചപ്പെടുത്തലിലൂടെയും തിരഞ്ഞെടുത്ത തുറമുഖങ്ങളിലെ ആഭ്യന്തര, അന്തര്‍ദ്ദേശീയ ക്രൂയിസ് ടെര്‍മിനല്‍ വികസനം ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ വിശാലമായ തീരപ്രദേശത്ത് 189 ലൈറ്റ് ഹൗസുകള്‍ ഉണ്ട്. 78 വിളക്കുമാടങ്ങള്‍ക്ക് അടുത്തുള്ള സ്ഥലങ്ങളില്‍ ടൂറിസം വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള ലൈറ്റ് ഹൗസുകളുടെയും പരിസര പ്രദേശങ്ങളുടെയും വികസനം തനതായ സമുദ്ര ടൂറിസം അതിരടയാളങ്ങളായി ഉയര്‍ത്തുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പ്രധാന സംസ്ഥാനങ്ങളിലും കൊച്ചി, മുംബൈ, ഗുജറാത്ത്, ഗോവ തുടങ്ങിയ നഗരങ്ങളിലും നഗര ജലഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സുഹൃത്തുക്കളെ,
മറ്റെല്ലാ മേഖലകളെയും പോലെ, സമുദ്രമേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ ഒറ്റപ്പെട്ട അറകളില്‍ നടക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, കപ്പല്‍, ജലപാത മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് ഞങ്ങള്‍ അടുത്തിടെ പരിധി വിപുലമാക്കി. മാരിടൈം ഷിപ്പിംഗും നാവിഗേഷനും, സമുദ്ര വ്യാപാരത്തിനായുള്ള വിദ്യാഭ്യാസവും പരിശീലനവും, കപ്പല്‍ നിര്‍മ്മാണവും കപ്പല്‍ നന്നാക്കല്‍ വ്യവസായവും, കപ്പല്‍ തകര്‍ക്കല്‍, മത്സ്യബന്ധന കപ്പല്‍ വ്യവസായം, ഫ്‌ലോട്ടിംഗ് ക്രാഫ്റ്റ് വ്യവസായം എന്നിവയില്‍ മികവ് പുലര്‍ത്താന്‍ മന്ത്രാലയം ശ്രമിക്കും.
സുഹൃത്തുക്കളെ,
തുറമുഖ കപ്പല്‍ ജലപാത മന്ത്രാലയം നിക്ഷേപ സാധ്യതയുള്ള 400 പദ്ധതികളുടെ ഒരു പട്ടിക തയ്യാറാക്കി. ഈ പദ്ധതികള്‍ക്ക് 31 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 2.25 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയുണ്ട്. ഇത് നമ്മുടെ സമുദ്രമേഖലയുടെ സമഗ്രവികസനത്തോടുള്ള പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തും.
സുഹൃത്തുക്കളെ,
മാരിടൈം ഇന്ത്യ വിഷന്‍ 2030 പുറത്തിറക്കി. ഇത് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളുടെ രൂപരേഖ നല്‍കുന്നു. സാഗര്‍ മന്ഥന്‍: മെര്‍ക്കന്റൈല്‍ മറൈന്‍ ഡൊമെയ്ന്‍ ബോധവല്‍ക്കരണ കേന്ദ്രവും ഇന്ന് ആരംഭിച്ചു. സമുദ്ര സുരക്ഷ, തിരയല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, സുരക്ഷ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വിവര സംവിധാനമാണിത്. തുറമുഖ കേന്ദ്രീകൃതമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഗര്‍മല പദ്ധതി 2016 ല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഭാഗമായി, 82 ബില്യണ്‍ യുഎസ് ഡോളര്‍ അല്ലെങ്കില്‍ 6 ലക്ഷം കോടി രൂപ ചെലവില്‍ 574 ലധികം പദ്ധതികള്‍ 2015 മുതല്‍ 2035 വരെ നടപ്പാക്കാനായി കണ്ടെത്തിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
ആഭ്യന്തര കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ നന്നാക്കല്‍ വിപണി എന്നിവയിലും കേന്ദ്രഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നു. ആഭ്യന്തര കപ്പല്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ ഇന്ത്യന്‍ കപ്പല്‍ യാര്‍ഡുകള്‍ക്കായുള്ള കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ നയം അംഗീകരിച്ചു. 2022 ഓടെ രണ്ട് തീരങ്ങളിലും കപ്പല്‍ നന്നാക്കല്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കും. 'മാലിന്യത്തില്‍ നിന്ന് സമ്പത്ത്' സൃഷ്ടിക്കുന്നതിന് ആഭ്യന്തര കപ്പല്‍ പുനരുപയോഗ വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. ഇന്ത്യ റീസൈക്ലിംഗ് ഓഫ് ഷിപ്പ്‌സ് ആക്റ്റ്, 2019 നടപ്പിലാക്കുകയും ഹോങ്കോംഗ് രാജ്യന്തര കണ്‍വെന്‍ഷനില്‍ സാധൂകരിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
നമ്മുടെ മികച്ച സമ്പ്രദായങ്ങള്‍ ലോകവുമായി പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആഗോള മികച്ച സമ്പ്രദായങ്ങളില്‍ നിന്ന് പഠിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ബിംസ്ടെക്, ഐഒആര്‍ രാജ്യങ്ങളുമായുള്ള വാണിജ്യ-സാമ്പത്തിക ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2026 ഓടെ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും പരസ്പര കരാറുകള്‍ സുഗമമാക്കാനും ഇന്ത്യ പദ്ധതിയിടുന്നു. ദ്വീപ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിസ്ഥിതി വ്യവസ്ഥയുടെയും സമഗ്രവികസനത്തിനും ഇന്ത്യാ ഗവണ്‍മെന്റ് തുടക്കമിട്ടു. സമുദ്രമേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന തുറമുഖങ്ങളിലും സൗരോര്‍ജ്ജ, കാറ്റ് അധിഷ്ഠിത വൈദ്യുതി സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഇന്ത്യന്‍ തുറമുഖങ്ങളിലുടനീളം മൂന്ന് ഘട്ടങ്ങളായി 2030 ഓടെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം മൊത്തം ഊര്‍ജ്ജത്തിന്റെ 60ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ നീണ്ട തീരപ്രദേശം നിങ്ങളെ കാത്തിരിക്കുന്നു. ഇന്ത്യയിലെ കഠിനാധ്വാനികളായ ആളുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഞങ്ങളുടെ തുറമുഖങ്ങളില്‍ നിക്ഷേപിക്കുക. ഞങ്ങളുടെ ജനങ്ങളില്‍ നിക്ഷേപിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട വ്യാപാര കേന്ദ്രമായി മാറാന്‍ ഇന്ത്യയെ അനുവദിക്കുക. വാണിജ്യ, വ്യാപാരത്തിനുള്ള നിങ്ങളുടെ തുറമുഖമായി ഇന്ത്യന്‍ തുറമുഖങ്ങള്‍ മാറട്ടെ. ഈ ഉച്ചകോടിക്ക് എന്റെ ആശംസകള്‍. ചര്‍ച്ചകള്‍ വിപുലവും ഫലപ്രദവുമായിരിക്കട്ടെ.
നന്ദി.
വളരെ നന്ദി.