കേരള ഗവര്‍ണര്‍, ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ, മറ്റു വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യന്‍മാരെ!
ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജിയുടെ ടീമിനോടും ശ്രീ ശ്രീപദ് യെസ്സോ നായിക് ജിയോടും ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ശ്രീ വി. മുരളീധരന്‍ ജി, ശ്രീ ശന്തനു ഠാക്കൂര്‍ ജി എന്നിവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
(മലയാളത്തില്‍ ആശംസകള്‍)
ഇന്നത്തെ ദിവസം എനിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടാനുള്ള ഭാഗ്യം എനിക്കുണ്ടായി. കേരളത്തിന്റെ വികസനത്തിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ ഈ അവസരം ലഭിച്ചതിനാല്‍, കേരളത്തിലെ ദൈവതുല്യരായ പൊതുസമൂഹത്തിന്റെ നടുവിലാണ് ഞാന്‍ ഇപ്പോള്‍.
സുഹൃത്തുക്കളെ,
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയില്‍, നാലമ്പലത്തെക്കുറിച്ച്- കേരളത്തില്‍ സ്ഥിതി ചെയ്യുന്ന രാമായണവുമായി ബന്ധപ്പെട്ട നാല് പുണ്യക്ഷേത്രങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ദശരഥ രാജാവിന്റെ നാല് പുത്രന്മാരുമായി ഈ ക്ഷേത്രങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കേരളത്തിന് പുറത്ത് അധികമാര്‍ക്കും അറിയില്ല. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, തൃപ്രയാറിലെ ശ്രീരാമസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി എന്നത് തീര്‍ച്ചയായും ഭാഗ്യമാണ്. മഹാകവി എഴുത്തച്ഛന്‍ രചിച്ച മലയാള രാമായണത്തിലെ ശ്ലോകങ്ങള്‍ കേള്‍ക്കുന്നത് ഒരു രസമാണ്. കൂടാതെ, കേരളത്തില്‍ നിന്നുള്ള നിരവധി പ്രതിഭാധനരായ കലാകാരന്മാരുടെ ആകര്‍ഷകമായ പ്രകടനങ്ങള്‍ ശാശ്വതമായ മതിപ്പ് സൃഷ്ടിച്ചു. അവധ്പുരിയെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ കല, സംസ്‌കാരം, ആത്മീയത എന്നിവയുടെ ഒരു അന്തരീക്ഷം വളര്‍ത്തിയെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളെ,
'സ്വാതന്ത്ര്യത്തിന്റെ അമൃതകാല'ത്തില്‍ ഭാരതത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്നതില്‍ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനവും സവിശേഷമായ പങ്ക് വഹിക്കുന്നു. ആഗോള ജിഡിപിയില്‍ കാര്യമായ പങ്കുവഹിച്ചുകൊണ്ട് ഭാരതം തഴച്ചുവളര്‍ന്ന കാലഘട്ടത്തില്‍ നമ്മുടെ തുറമുഖങ്ങളും തുറമുഖ നഗരങ്ങളുമായിരുന്നു നമ്മുടെ ശക്തി. നിലവില്‍, ആഗോള വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഭാരതം വീണ്ടും ഉയര്‍ന്നുവരുമ്പോള്‍, നാം സജീവമായി നമ്മുടെ സമുദ്ര ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കൊച്ചി പോലുള്ള തീരദേശ നഗരങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. സാഗര്‍മാല പദ്ധതിയിലൂടെ തുറമുഖ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനൊപ്പം തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കാനും തുറമുഖ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം നടത്താനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്തിന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് ഇവിടെ ലഭിച്ചു. കൂടാതെ, കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ നന്നാക്കല്‍, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ സംഭവവികാസങ്ങള്‍ കേരളത്തിന്റെയും ഭാരതത്തിന്റെ തെക്കന്‍ മേഖലയുടെയും പുരോഗതി ത്വരിതപ്പെടുത്താന്‍ പോവുകയാണ്. 'മെയ്ഡ് ഇന്‍ ഇന്ത്യ' വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് നിര്‍മിച്ചതിന്റെ ചരിത്രപരമായ പ്രത്യേകത കൊച്ചിന്‍ കപ്പല്‍ശാലയ്ക്കുണ്ട്. ഈ പുതിയ സൗകര്യങ്ങളോടെ കപ്പല്‍ശാലയുടെ ശേഷി പലമടങ്ങ് വര്‍ദ്ധിക്കും. ഈ സൗകര്യങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ദശകത്തില്‍, തുറമുഖങ്ങള്‍, ഷിപ്പിംഗ്, ഉള്‍നാടന്‍ ജലപാത മേഖലകളില്‍ 'വ്യാപാരം നടത്തുന്നത് എളുപ്പമാക്കിത്തീര്‍ക്കല്‍' വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ തുറമുഖങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യന്‍ നാവികരെ സംബന്ധിച്ച നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ അവരുടെ എണ്ണത്തില്‍ 140 ശതമാനം വര്‍ദ്ധനവിന് കാരണമായി. ഉള്‍നാടന്‍ ജലപാതകളുടെ ഉപയോഗം രാജ്യത്തിനകത്തെ യാത്രാ ഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഒരു പുത്തന്‍ ഉത്തേജനം നല്‍കി.
സുഹൃത്തുക്കളെ,
കൂട്ടായ ശ്രമങ്ങള്‍ നടത്തുമ്പോള്‍, ഫലങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നമ്മുടെ തുറമുഖങ്ങള്‍ രണ്ടക്ക വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഒരു ദശാബ്ദം മുമ്പ്, നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ ഏറെ സമയം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ടായിരുന്നു. ചരക്കിറക്കാനും വളരെയധികം സമയമെടുത്തു. ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. കപ്പലുകള്‍ക്കു തുറമുഖങ്ങളില്‍ ചെലവിടേണ്ടിവരുന്ന സമയത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ നിരവധി വികസിത രാജ്യങ്ങളെ ഭാരതം മറികടന്നു.
സുഹൃത്തുക്കളെ,
നിലവില്‍, ആഗോള വ്യാപാരത്തില്‍ ഭാരതത്തിന്റെ പങ്ക് ലോകം അംഗീകരിക്കുകയാണ്. ജി-20 ഉച്ചകോടിയില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കുള്ള നിര്‍ദ്ദേശം അംഗീകരിച്ചത് ഈ പ്രതിബദ്ധതയുടെ ഉദാഹരണമാണ്. ഈ ഇടനാഴി ഭാരതത്തിന്റെ വികസനത്തെ ഗണ്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും നമ്മുടെ തീരദേശ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സജ്ജമാണ്. അടുത്തിടെ 'മാരിടൈം അമൃത് കാല്‍ വിഷന്‍' ആരംഭിച്ചു. വികസിത ഭാരതത്തിനായി നമ്മുടെ സമുദ്രശക്തിയെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള രൂപരേഖ ഇതില്‍ ഉള്‍പ്പെടുന്നു. ഭാരതത്തെ ആഗോളതലത്തില്‍ ഒരു പ്രധാന സമുദ്രശക്തിയായി സ്ഥാപിക്കുന്നതിന് വന്‍കിട തുറമുഖങ്ങള്‍, കപ്പല്‍നിര്‍മാണം, കപ്പല്‍ നന്നാക്കല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനു ഞങ്ങള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് കേരളത്തില്‍ ഉദ്ഘാടനം ചെയ്ത മൂന്ന് പദ്ധതികള്‍ സമുദ്രമേഖലയില്‍ മേഖലയുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കും. പുതുതായി അവതരിപ്പിച്ച ഡ്രൈ ഡോക്ക് ഭാരതത്തിന് ദേശീയ അഭിമാനമാണ്. ഇതിന്റെ നിര്‍മ്മാണം വലിയ കപ്പലുകളുടെയും കപ്പലുകളുടെയും ഡോക്കിംഗ് പ്രാപ്തമാക്കുക മാത്രമല്ല, കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും സുഗമമാക്കുകയും ചെയ്യുന്നു, ഇത് ഭാരതത്തിന്റെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ഈ നീക്കം, മുമ്പ് വിദേശത്തേക്ക് അയച്ച ഫണ്ടുകള്‍ രാജ്യത്തേക്ക് തിരിച്ചുവിടുകയും, കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി എന്നീ മേഖലകളിലെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യവും ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി കൊച്ചിയെ ഭാരതത്തിലെയും ഏഷ്യയിലെയും കപ്പല്‍ നന്നാക്കുന്ന ഒരു പ്രധാന കേന്ദ്രമായി മാറ്റുന്നു. ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണ വേളയില്‍ നിരവധി എംഎസ്എംഇകള്‍ എങ്ങനെയാണ് പിന്തുണച്ചതെന്ന് നമ്മള്‍ കണ്ടതാണ്. അതുപോലെ, കപ്പല്‍നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കാര്യമായ സൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, എംഎസ്എംഇകള്‍ക്കായി ഒരു പുതിയ ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ്. പുതുതായി നിര്‍മ്മിച്ച എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ കൊച്ചി, കോയമ്പത്തൂര്‍, ഈറോഡ്, സേലം, കോഴിക്കോട്, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ എല്‍പിജി ആവശ്യങ്ങള്‍ നിറവേറ്റുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഈ മേഖലകളിലെ വ്യാവസായിക-സാമ്പത്തിക വികസനത്തിന് പിന്തുണയേകുകയും ചെയ്യും.
സുഹൃത്തുക്കളെ,
ആധുനികവും പരിസ്ഥിതിസൗഹൃദപരവുമായ സാങ്കേതിക വിദ്യകളോടുകൂടിയ 'മെയ്ഡ് ഇന്‍ ഇന്ത്യ' കപ്പലുകള്‍ നിര്‍മ്മിക്കുന്നതില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിലവില്‍ മുന്‍നിരയിലാണ്. കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി നിര്‍മിച്ച ഇലക്ട്രിക് ബോട്ടുകള്‍ പ്രശംസനീയമാണ്. അയോധ്യ, വാരണാസി, മഥുര, ഗോഹട്ടി എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രിക്-ഹൈബ്രിഡ് പാസഞ്ചര്‍ ഫെറികളും ഇവിടെ നിര്‍മിക്കുന്നുണ്ട്. അതിനാല്‍, രാജ്യത്തെ നഗരങ്ങളിലെ ആധുനികവും പരിസ്ഥിതിസൗഹൃദപരമായ ജലമാര്‍ഗമുള്ള കണക്റ്റിവിറ്റിയില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍ണായക പങ്ക് വഹിക്കുന്നു. നിങ്ങള്‍ അടുത്തിടെ നോര്‍വേയിലേക്ക് 'സീറോ എമിഷന്‍ ഇലക്ട്രിക് കാര്‍ഗോ ഫെറികള്‍' എത്തിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫീഡര്‍ കണ്ടെയ്നര്‍ വെസ്സലിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് 'മേക്ക് ഇന്‍ ഇന്ത്യ - മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന ഞങ്ങളുടെ കാഴ്ചപ്പാടുമായി ചേര്‍ന്നുപോകുന്നതാണ്. ഹൈഡ്രജന്‍ ഇന്ധന അധിഷ്ഠിത ഗതാഗതത്തിലേക്ക് ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള ഞങ്ങളുടെ ദൗത്യം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് മുന്നോട്ട് കൊണ്ടുപോകുന്നു. താമസിയാതെ രാജ്യത്തിന് തദ്ദേശീയമായ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഫെറികളും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ മത്സ്യത്തൊഴിലാളികള്‍ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെയും തുറമുഖങ്ങളാല്‍ നയിക്കപ്പെടുന്ന വികസനത്തിന്റെയും അവിഭാജ്യ ഘടകമാണ്. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന, മത്സ്യബന്ധനത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സജീവമായി വികസിപ്പിക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക ബോട്ടുകള്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. കര്‍ഷകരെപ്പോലെ മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ മൂലം കഴിഞ്ഞ 10 വര്‍ഷത്തിനിടെ മത്സ്യ ഉല്‍പ്പാദനവും കയറ്റുമതിയും പലമടങ്ങ് വര്‍ധിച്ചു. സമുദ്രോത്പന്ന സംസ്‌കരണത്തില്‍ ഭാരതത്തിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിലാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഭാവിയില്‍ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഗണ്യമായി ഉയരാനിടയാക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനം തുടരട്ടെയെന്ന് ആശംസിച്ചുകൊണ്ട്, ഈ പുതിയ പദ്ധതികള്‍ക്ക് ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.
നന്ദി!