രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രി രാജ്‌നാഥ്‌സിംഗ് ജി, ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി ശ്രീ ജയ്‌റാം താക്കുര്‍ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഹിമാചലിന്റെ യുവപുത്രനുമായ അനുരാഗ് ഠാക്കൂര്‍ജി, ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരേ, മറ്റ് ജനപ്രതിനിധികളെ, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്ജി, കരസേനാ മേധാവി, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനുമായും, പ്രതിരോധ മന്ത്രാലയവുമായും ബന്ധപ്പെട്ടവരേ ഹിമാചല്‍പ്രദേശിലെ എന്റെ സഹോദരി സഹോദരന്മാരെ !
ഇന്ന് ഒരു ചരിത്രപരമായ ദിവസമാണ്. ഇന്ന് അടല്‍ജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുക മാത്രമല്ല, ഹിമാചല്‍പ്രദേശിലെ ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അന്ത്യമാകുകയുമാണ്.
അടല്‍ ടണല്‍ ഇന്ന് ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. രാജ്‌നാഥ് ജി പറഞ്ഞതുപോലെ ഇവിടുത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നോക്കി നടത്തുകയും എന്റെ ജീവിതത്തിലെ നല്ലദിവസങ്ങള്‍ ഈ പ്രദേശത്തെ മലകളിലും താഴ്‌വാരങ്ങളിലുമാണ് ചെലവഴിച്ചതും. അടല്‍ജി മണാലി സന്ദര്‍ശിക്കുകയും ഇവിടെ തങ്ങുകയും ചെയ്യുമ്പോള്‍, ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരുദിവസം ഞാനും ദുമാല്‍ ജിയും അദ്ദേഹത്തോടൊപ്പം ചായകുടിയ്ക്കുകയും ഈ വിഷയം ചര്‍ച്ചചെയ്യുകയും ചെയ്യുകയും അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഞങ്ങളെ ആഴത്തില്‍ പഠിക്കുന്നതുപോലെ കണ്ണുകള്‍ തുറന്നുവച്ച് അടല്‍ജി വളരെ ശ്രദ്ധയോടെ ശ്രവിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഞങ്ങളുടെ ആശയം അംഗീകരിക്കുന്നതുപോലെ തലയാട്ടുകയും ചെയ്തിരുന്നു. ആത്യന്തികമായി ഞാനും ദുമാല്‍ജിയും അദ്ദേഹത്തിന്റെ മുന്നില്‍ ചര്‍ച്ചചെയ്തിരുന്ന വിഷയം അടല്‍ജിയുടെ സ്വപ്‌നമായി; ഇന്ന് നമ്മുടെ കണ്‍മുന്നില്‍ അത് സാക്ഷാത്കരിച്ചത് നമുക്ക് കാണുകയും ചെയ്യാം. ഒരാളുടെ ജീവിതത്തില്‍ ഇത് കൊണ്ടുവരുന്ന സംതൃപ്തിയെക്കുഞിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും.
ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് നമ്മളെല്ലാം ഒരു ചലച്ചിത്രം കണ്ടു, ഞാന്‍ ഒരു സചിത്ര പ്രദര്‍ശനവും അവിടെ കണ്ടു-''അടല്‍ ടണലിന്റെ നിര്‍മ്മാണം.'' സാധാരണയായി ഇതെല്ലാം സാദ്ധ്യമാക്കിയവരുടെ കഠിനപ്രയ്തനങ്ങള്‍ ഉദ്ഘാടനത്തിന്റെ ആഡംബരത്തിലും പ്രദര്‍ശനത്തിലും പിന്നില്‍പോകുകയാണ് പതിവ്. അപരാജിതമായ പിര്‍ പാഞ്ചാല്‍ നിരകളിലൂടെ നമുക്ക് തുരക്കാന്‍ കഴിഞ്ഞതിലൂടെ ഇന്ന് നമ്മുടെ അചഞ്ചലമായ നിശ്ചയദാര്‍ഡ്യമാണ് നമ്മള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്. ഇന്ന് സൈനീകര്‍, എഞ്ചീനീയര്‍മാര്‍ എന്നിവരെപ്പോലെയുള്ള കഠിനപ്രയത്‌നരായ ആളുകളെയും ഈ മഹനീയമായ പദ്ധതിക്ക് വേണ്ടി തങ്ങളുടെ ജീവിതം തന്നെ അപകടത്തിലാക്കിയ എല്ലാ തൊഴിലാളി സഹോദരി സഹോദരന്മാരെയും ഞാന്‍ വണങ്ങുന്നു.
സുഹൃത്തുക്കളെ,
ഹിമാചലിന്റെ ഒരു വലിയ ഭാഗത്തിന്റെയൂം അതോടൊപ്പം പുതിയ കേന്ദ്രഭരണപ്രദേശങ്ങളായ ലേ-ലഡാക്കിന്റെയൂം ജീവനാഡിയാകാന്‍ പോകുകയാണ് അടല്‍ടണല്‍. ഹിമാചല്‍പ്രദേശിന്റെ ഈ വിശാലമായ മേഖലയും ലേ-ലഡാക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഇനി എപ്പോഴും ബന്ധിപ്പിച്ചിരിക്കുകയും വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നോട്ടുനീങ്ങുകയും ചെയ്യും.
ഈ ടണല്‍ മൂലം മണാലിയില്‍ നിന്ന് കെയ്‌ലോങിലേക്കുള്ള ദൂരത്തില്‍ മൂന്ന്-നാലു മണിക്കൂറിന്റെ കുറവുണ്ടാകും. പര്‍വ്വതഭൂപ്രദേശത്ത് ദൂരം 3-4 മണിക്കൂര്‍ കുറഞ്ഞുവെന്ന് പറയുമ്പോള്‍ അതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഈ മലപ്രദേശത്തുള്ള എന്റെ സഹോദരി സഹോദരന്മാര്‍ക്ക് നല്ലതുപോലെ മനസിലാകും!
സുഹൃത്തുക്കളെ,
ലേ-ലഡാക്കിലുള്ള കര്‍ഷകര്‍, പച്ചക്കറി കൃഷിക്കാര്‍, യുവാക്കള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ തലസ്ഥാനമായ ഡല്‍ഹിയിലേയും മറ്റ് വിപണികളിലേയും വളരെ വേഗം എത്തിപ്പെടാന്‍ കഴിയും. അവരുടെ അപകട സാധ്യതയും നല്ലതുപോലെ കുറയും. അതിനുപരിയായി, ഹിമാചലിലെ പുണ്യഭൂമിയും ഇന്ത്യയില്‍ നിന്ന് ഉടലെടുത്തശേഷം ലോകത്തിനാകെ പുതിയ വെളിച്ചം പകര്‍ന്നുനല്‍കിയ ബുദ്ധിസ്റ്റ് പാരമ്പര്യവും തമ്മിലുള്ള ബന്ധിപ്പിക്കലും ഈ പാത ശക്തിപ്പെടുത്തുന്നു. ഹിമാചലിലേയും ലേ-ലഡാക്കിലേയും എല്ലാ സുഹൃത്തുക്കള്‍ക്കും ഇതിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
സുഹൃത്തുകളെ,
അടല്‍ ടണല്‍ ഇന്ത്യയുടെ അതിര്‍ത്തി പശ്ചാത്തലസൗകര്യത്തില്‍ ഒരു പുതിയ വളര്‍ച്ചയുണ്ടാക്കാന്‍ പോകുകയാണ്. ലോകനിലവാരത്തിലുള്ള അതിര്‍ത്തി ബന്ധിപ്പിക്കലിന്റെ ജീവിക്കുന്ന തെളിവാണ് ഇത്. ഹിമാലയത്തിന്റെയോ, പടിഞ്ഞാറേ ഇന്ത്യയിലെ മരൂഭൂമികളോ, തെക്കുകിഴക്കന്‍ ഇന്ത്യയിലെ തീരമേഖലകളോ ആയിക്കോട്ടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും ഇത് വലിയൊരു വിഭവമാണ്. ഈ പ്രദേശങ്ങളിലെ സന്തുലിതവും സമ്പൂര്‍ണ്ണവുമായ വികസനം ഉറപ്പുവരുത്തുന്നതിനായി ഇവിടുത്തെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആവശ്യം എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി അതിര്‍ത്തികളുമായി ബന്ധപ്പെട്ട പശ്ചാത്തല പദ്ധതികള്‍ ഒന്നുകില്‍ ആസൂത്രണഘട്ടത്തിനപ്പുറം പോയില്ല അല്ലെങ്കില്‍ മുടന്തി. അടല്‍ ടണലിന്റെ കാര്യത്തിലൂം ഇതേപോലെയായിരുന്നു.
ഈ ടണലിന്റെ സമീപത്തുള്ള റോഡിന് 2002ല്‍ അടല്‍ജി തറക്കല്ലിട്ടതാണ്. അടല്‍ജിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നും മാറിയശേഷം ഈ പ്രവര്‍ത്തിപോലും സ്തംഭിക്കുകയും മറവിയിലാകുകയും ചെയ്തു. 2013-14 വരെ അതായിരുന്നു സ്ഥിതി, വെറും 1300 മീറ്റര്‍ ടണല്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത് അതായത് 1.5 കിലോമീറ്റര്‍ കുറവ് പ്രവര്‍ത്തിമാത്രമാണ് നടന്നത്.
ഇതേ വേഗതയിലാണ് ടണലിന്റെ പ്രവര്‍ത്തി മുന്നോട്ടുനീങ്ങിയിരുന്നെങ്കില്‍ ഇത് 2040ല്‍ മാത്രമേ പൂര്‍ത്തിയാകുമായിരുന്നുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ! നിങ്ങളുടെ ഇപ്പോഴത്തെ പ്രായത്തില്‍ 20 വര്‍ഷം കൂടി കൂട്ടിചേര്‍ക്കുക. ആ സമയത്തായിരിക്കും ഈ സ്വപ്‌നം സാക്ഷാത്കരിക്കുക.! വികസനം അതിവേഗം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഒരാള്‍ക്ക് അഗ്രഹമുണ്ടാകണമെങ്കില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിന് വേണ്ട ശക്തമായ അഭിലാഷം ഉണ്ടാകണം; അപ്പോള്‍ വേഗതയും വര്‍ദ്ധിക്കും. അതുകൊണ്ട് 2014ന് ശേഷം അടല്‍ ടണലിന്റെ പ്രവര്‍ത്തനങ്ങളും വേഗതയിലായി. ബി.ആര്‍.ഒ അഭിമുഖീകരിച്ച ഓരോ തടസങ്ങളും മറികടന്നു.
അതിന്റെ ഫലമായി ഒരുകാലത്ത് പ്രതിവര്‍ഷം 300 മീറ്റര്‍ ടണല്‍ നിര്‍മ്മിച്ചിരുന്നിടത്തുനിന്നും അതിന്റെ വേഗത വര്‍ദ്ധിച്ച് പ്രതിവര്‍ഷം 1400 മീറ്ററായി. വെറും 6 വര്‍ഷം കൊണ്ട് നമ്മള്‍ 26 വര്‍ഷത്തെ പണി പൂര്‍ത്തിയാക്കി!
സുഹൃത്തുക്കളെ,
ഇത്തരത്തിലുള്ള വലതും നിര്‍ണ്ണായകമായതുമായ പശ്ചാത്തല പദ്ധതികളുടെ നിര്‍മ്മാണത്തിലുണ്ടാകുന്ന താമസം രാജ്യത്തിന് എല്ലാതരത്തിലും ദോഷമാണ്. ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് താമസമുണ്ടാക്കുക മാത്രമല്ല, സാമ്പത്തികതലത്തില്‍ അതിന്റെ ആഘാതവും രാജ്യം താങ്ങേണ്ടിയും വരും.
2005ല്‍ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ടണല്‍ 950 കോടി രൂപ ചെലവില്‍ തയാറാകേണ്ടതായിരുന്നു, എന്നാല്‍ തുടര്‍ച്ചയായുണ്ടായ താമസം മൂലം ഇന്ന് ഇത് മൂന്നിരട്ടി ചെലവിലാണ് അതായത് 3,200 കോടിയിലേറെ രൂപയിലാണ് ഇത് പൂര്‍ത്തിയായത്. ഇത് വീണ്ടും ഒരു 20 വര്‍ഷം കൂടി എടുത്തിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ.
സുഹൃത്തുക്കളെ,
ബന്ധിപ്പിക്കല്‍ രാജ്യത്തിന്റെ വികസനവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്. കുടുതല്‍ ബന്ധിപ്പിക്കല്‍ എന്നാല്‍ വേഗത്തിലുള്ള വികസനം എന്നാണ് അര്‍ത്ഥം. പ്രത്യേകിച്ച് അതിര്‍ത്തിപ്രദേശങ്ങളില്‍, ബന്ധിപ്പിക്കല്‍ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ ഭൗര്‍ഭാഗവശാല്‍ ആവശ്യമായ ഗൗരവം, ആവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ കാണിച്ചില്ല.
അടല്‍ ടണല്‍ പോലെ മറ്റ് സുപ്രധാനമായ നിരവധി പദ്ധതികള്‍ക്കും ഇതേ പരിഗണനയാണ് ഉണ്ടായത്. ലഡാക്കിലെ തന്ത്രപരമായ പ്രധാനപ്പെട്ട എയര്‍ സ്ട്രിപ്പും അതായത് ദൗലത്ത് ബെഗ് ഓല്‍ഡി കഴിഞ്ഞ 40-50 വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. എന്തായിരുന്നു നിര്‍ബന്ധം, എന്തായിരുന്നു സമ്മര്‍ദ്ദം, അതിലേയ്ക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ധാരളം പറയുകയും എഴുതുകയും ചെയ്തു. എന്നാല്‍ ഒരു രാഷ്ട്രീയ ഇച്ഛാശക്തി മൂലവുമല്ല, വ്യോമസേനയുടെ പരിശ്രമം കൊണ്ട് ദൗലത്ത് ബെഗ് ഓല്‍ഡി എയര്‍ സ്ട്രിപ്പ് വീണ്ടും തുറന്നുവെന്നതാണ് സത്യം.
സുഹൃത്തുക്കളെ,
തന്ത്രപരമായും അതോടൊപ്പം തന്നെ സൗകര്യത്തിന്റെ അടിസ്ഥാനത്തിലും സുപ്രധാനമായതും എന്നാല്‍ വര്‍ഷങ്ങളായി അവഗണിച്ചിട്ടിരിക്കുകയും ചെയ്യുന്ന ഡസല്‍ കണക്കിന് പദ്ധതികളെക്കുറിച്ച് എനിക്ക് എണ്ണിയെണ്ണി പറയാന്‍ കഴിയും.
രണ്ടുവര്‍ഷം മുമ്പ് അടല്‍ജിയുടെ ജന്മദിനാവസരത്തില്‍ അസ്സമിലായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അവിടെ വച്ചാണ് എനിക്ക് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍റോഡ് പാലമായ 'ബോഗിബീല്‍ ബ്രിഡ്ജ്' രാജ്യത്തിന് സമര്‍പ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്. വടക്കുകിഴക്കും അരുണാചല്‍ പ്രദേശുമായുള്ള ബന്ധിപ്പിക്കലിന്റെ ഏറ്റവും സുപ്രധാനമായ മാധ്യമമാണ് ഇന്ന് ഈ പാലം. അടല്‍ജിയുടെ കാലത്താണ് ബോഗിബീല്‍ പാലത്തിന്റെ പണിയും ആരംഭിച്ചത്., എന്നാല്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നും പോയശേഷം പാലത്തിന്റെ പണി സ്തംഭിച്ചു. എന്നാല്‍ 2014ന്‌ശേഷം ഈ പ്രവര്‍ത്തി വേഗത കൈവരിച്ചു, നാലുവര്‍ഷത്തിനുള്ളില്‍ പാലം പൂര്‍ത്തിയായി.
മറ്റൊരു പാലത്തിന്റെ പേരും അടല്‍ജിയുമായി ബന്ധപ്പെട്ടതാണ് അതായത് കോസി മഹാസേതു. ബീഹാറിലെ മിഥിലാഞ്ചലിലെ രണ്ടുഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോസി മഹാസേതുവിന് തറക്കല്ലിട്ടതും അടല്‍ജിയായിരുന്നു, എന്നാല്‍ ആ പ്രവര്‍ത്തിയും മുടന്തി. ഞങ്ങള്‍ ഗവണ്‍മെന്റ് ഉണ്ടാക്കിയശേഷം 2014ല്‍ നമ്മള്‍ കോസി മഹാസേതുവിന്റെ പ്രവര്‍ത്തികളും വേഗത്തിലാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേസി മഹാസേതുവും ഉദ്ഘാടനം ചെയ്തു.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളുടെയെല്ലാം അവസ്ഥ ഇതായിരുന്നു. എന്നാല്‍ ഈ അവസ്ഥ അതിവേഗത്തില്‍ മാറിവരികയാണ്. ഈ ദിശയില്‍കഴിഞ്ഞ 6 വര്‍ഷമായി ഇതിനുമുമ്പ് ഉണ്ടാകാത്ത തരത്തില്‍ ജോലികള്‍ നടന്നുവരുന്നു. പ്രത്യേകിച്ച് അതിര്‍ത്തിയിലെ അടിസ്ഥാന ഘടനാ വികസനത്തില്‍. ഹിമാലയന്‍ മേഖലയില്‍, അത് ഹിമാചലാകട്ടെ, ജമ്മുകാഷ്മീരാകട്ടെ.കാര്‍ഗില്‍ – ലെ – ലഡാക്ക്, ഇത്തരാഖണ്ഡ്, സിക്കിം എല്ലായിടത്തും ഡസന്‍ കണക്കിനു പദ്ധതികളാണ് പൂര്‍ത്തിയായിരിക്കുന്നത്. അനേകം പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അതു റോഡു നിര്‍മാണമാകട്ടെ, പാലങ്ങളാകട്ടെ, തുരങ്കങ്ങളാകട്ടെ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഈ മേഖലയില്‍ ഇത്ര വന്‍തോതില്‍ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇതു നമ്മുടെ ജവാന്മാര്‍ക്ക് ഇത് വലിയ അനുഗ്രഹം കൂടിയാണ്. റോഡുകളുടെ ഒരു ശൃംഖല തന്നെ പൂര്‍ത്തിയായതോടെ മഞ്ഞു കാലത്ത് അവര്‍ക്ക് വളരെ വേഗത്തില്‍ ചരക്കുകളും സൈനിക സാമഗ്രികളും ലഭിക്കുന്നു.കൂടാതെ പട്രോളിങ്ങും എളുപ്പമാക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെരാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍, രാജ്യത്തിന്റെ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്നവരുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും ഈ ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനകളില്‍ ഒന്നാകുന്നു. എങ്ങിനെയാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയെ മുന്‍ ഗവണ്‍മെന്റുകള്‍ കൈകാര്യം ചെയ്തത് എന്ന് ഹിമാചല്‍ പ്രദേശിലുള്ള നമ്മുടെ സഹോദരി സഹോദരന്മാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി നമ്മുടെ വിമുക്തഭടന്മാര്‍ക്ക് ലഭിച്ചത് വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. രേഖകളില്‍ 500 കോടി രൂപ കാണിച്ചുകൊണ്ട് ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുെന്ന് അവരെല്ലാം അവകാശപ്പെട്ടു. പക്ഷെ അവര്‍ അതു നടപ്പാക്കിയില്ല. ഇന്ന് രാജ്യത്തെ ലക്ഷക്കണക്കിന് വിമുക്ത ഭടന്മാര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം അനുഭവിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് വിമുക്തഭടന്മാര്‍ക്ക് കുടിശികയായി മാത്രം 11000 കോടി രൂപ നല്കുകയുണ്ടായി.
ഹിമാചല്‍ പ്രദേശിലെ തന്നെ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഞങ്ങള്‍ തന്നെ നടപ്പാക്കുന്നു എന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ സുരക്ഷ, ക്ഷേമം എന്നിവയെക്കാള്‍ വലുതായി ഞങ്ങള്‍ക്ക് മറ്റൊന്നും ഇല്ല. എന്നാല്‍ രാജ്യത്തിന്റെ പ്രതിരോധ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ നടത്തിയ ദീര്‍മായ ഒരു കാലഘട്ടത്തിനും ഈ രാജ്യം സാക്ഷ്യം വഹിച്ചു.പക്ഷെ അപ്പോഴും ഫയലുകള്‍ വച്ച് കളിക്കുകയായിരുന്നു ഈ ആളുകള്‍. വെടിക്കോപ്പുകളാകട്ടെ, ആധുനിക നിലവാരത്തിലുള്ള തോക്കുകളാകട്ടെ, തണുപ്പിനെ നേരിടാനുള്ള സാമഗ്രികളാകട്ടെ,എല്ലാം അരികിലുണ്ട്. നമ്മുടെ ഓര്‍ഡനന്‍സ് ഫാക്ടറികളുടെ ശക്തി അസൂയവഹമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഓര്‍ഡനനന്‍സ് ഫാക്ടറികളെ വിധിക്കു വിട്ടു കൊടുത്തിരിക്കുകയായിരുന്നു. ഹാലിനെ പോലെ ലോക നിലവാരത്തിലുള്ള ഫാക്ടറികള്‍ സ്ഥാപിക്കപ്പെട്ടത് രാജ്യത്തിനു സ്വന്തമായി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിര്‍മ്മിക്കുന്നതിനായിരുന്നു. എന്നാല്‍ അതിനെ ശക്തിപ്പെടുത്താന്‍ വേണ്ടത്ര ശ്രദ്ധ അതിനു നല്കിയില്ല. അധികാരത്തിലിരുന്നവര്‍ തന്‍കാര്യം മാത്രം അന്വേഷിക്കുന്നതില്‍ തല്പരരായിരുന്നതിനാല്‍ സൈന്യത്തിന്റെ സാമര്‍ത്ഥ്യത്തെ തടഞ്ഞു, അതിനെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ ദ്രോഹിച്ചു. തേജസ് യുദ്ധവിമാനം എന്ന ആശയത്തിനു കാലവിളംബം വരുത്താന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ തന്നെ. ഈ ആളുകളെ കുറിച്ചുള്ള സത്യം ഇതാണ്.
സുഹൃത്തുക്കളെ,
ഇപ്പോള്‍ രാജ്യത്ത് ഈ സാഹചര്യം മാറിവരികയാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കൂ( മെയ്ക്ക് ഇന്‍ ഇന്ത്യ) പദ്ധതിയുടെ കീഴില്‍ ആധുനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും വികസിപ്പിച്ചുകൊണ്ട് വലിയ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നിരിക്കുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായിരിക്കുന്നു. നമ്മുടെ സൈന്യത്തിന് ആവശ്യമായ സാമഗ്രികളുടെ ഉത്പാദന- സംഭരണ നടപടികളെ ഇത് മികച്ച രീതിയില്‍ ഏകോപിപ്പിക്കും. ഇപ്പോള്‍ നിരവധി സാമഗ്രികളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഈവക സാധനങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നു മാത്രമെ വാങ്ങുവാന്‍ അനുവാദമുള്ളു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തില്‍ വിദേശ നിക്ഷേപവും സാങ്കേതിക വിദ്യയും ഉറപ്പാക്കുന്നതിന് വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളാണ് ഈ ഗവണ്‍മെന്റ് നമ്മുടെ കമ്പനികള്‍ക്കു നല്കി വരുന്നത്. ഇന്ത്യയുടെ ആഗോള പങ്കാളിത്തം മാറി വരുന്നതിനാല്‍ അതെ വേഗത്തില്‍ നമുക്ക് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ചു നിര്‍ത്തണം. എങ്കിലേ നമ്മുടെ സാമ്പത്തിക നയതന്ത്ര സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളു.ഇന്ന് നമ്മുടെ ജനങ്ങള്‍ക്കിടയിലുള്ള മാനസികാവസ്ഥയുടെ ഭാഗമാണ് സ്വാശ്രയ ഇന്ത്യ എന്ന ആത്മവിശ്വാസം. ഈ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് അടല്‍ ടണല്‍.
ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഹിമാചല്‍ പ്രദേശിലെയും ലെയിലെയും ലഡാക്കിലെയും എന്റെ ലക്ഷക്കണക്കിന് സുഹൃത്തുക്കള്‍ക്ക് എന്റെ ശുഭാശംസകളും ഹൃദയംഗമമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.. ഹിമാചലിന്റെ മേല്‍ എനിക്ക് എത്രമാത്രം അധികാരം ഉണ്ട് എന്ന് എനിക്കറിയില്ല, എങ്കിലും ഹിമാചല്‍ എന്നില്‍ നിന്ന് വളരെയധികം ആവശ്യപ്പെടുന്നു. ഇന്നത്തെ പരിപാടിക്ക് വളരെ ചുരുങ്ങിയ സമയമെയുള്ളു എങ്കിലും ഹിമാചല്‍ എന്റെ മേല്‍ ചൊരിഞ്ഞ സ്‌നേഹം എന്നില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. കാരണം മൂന്നു പരിപാടികളാണ് അവര്‍ ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതു കഴിഞ്ഞാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് രണ്ടു പരിപാടികളില്‍ കൂടി പ്രസംഗിക്കേണ്ടതുണ്ട്. ആ രണ്ടു ചടങ്ങുകളില്‍ കൂടി കുറച്ചു കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നതിനാല്‍ ഇവിടെ ഞാന്‍ ദീര്‍ഘമായി സംസാരിക്കുന്നില്ല.
എന്നാലും ഞാന്‍ ഇവിടെ ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും അതുപോലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനോടും ആണ് എന്റെ നിർദേശങ്ങള്‍.
എന്‍ജിനിയറിന്റെയും തൊഴില്‍ സംസ്‌കാരത്തിന്റെയും കാര്യത്തില്‍ ഈ തുരങ്കം അദ്വിതീയമാണ്. തൊഴിലാളി മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഏകദേശം 1000 -1500 ആളുകള്‍ ഈ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട്. ഇതിന്റെ രൂപരേഖ മുതല്‍ ഇതുവരെയുള്ള അവരുടെ അനുഭവം ചോദിച്ച് എല്ലാം അവരുടെ തന്നെ ഭാഷയില്‍ രേഖപ്പെടുത്തണം. ഈ 1500 പോരും അവരുടെ അനുഭവങ്ങള്‍, അവര്‍ നേരിട്ട വെല്ലുവിളികള്‍, എന്തു സംഭവിച്ചു, എങ്ങിനെ സംഭവിച്ചു എപ്പോള്‍ സംഭവിച്ചു എന്ന് എഴുതിയാല്‍ ആ കുറിപ്പുകള്‍ക്ക് മാനുഷിക ഭാവം ഉണ്ടായിരിക്കും. പണ്ഡിതോചിത രേഖയല്ല ഞാന്‍ ചോദിക്കുന്നത്. മാനുഷിക സ്പര്‍ശമുള്ള രേഖയായിരിക്കും ഇത്. ഒരു പക്ഷെ നിര്‍മ്മാണ തൊഴിലാളി സമയത്ത് ഭക്ഷണം പോലും ലഭിക്കാതെയായിരിക്കാം ജോലി ചെയ്തത്. ആ സമയങ്ങളില്‍ അയാള്‍ എപ്രകാരമായിരിക്കും ജോലി ചെയ്തത്. ഇതിനൊക്കെ വലിയ പ്രാധാന്യം ഉണ്ട്. ചില സമയങ്ങളില്‍ മഞ്ഞു വീഴ്ച കാരണം ചില സാമഗ്രികള്‍ കിട്ടിയിട്ടുണ്ടാവില്ല. അപ്പോള്‍ അവര്‍ എന്തു ചെയ്തു. തീര്‍ച്ചയായും എന്‍ജിനിയര്‍മാരും വെല്ലുവിളി നേരിട്ടിരിക്കും. അതുകൊണ്ട് വിവിധ തലങ്ങളില്‍ ജോലി ചെയ്ത 1500 പേര്‍ അവരുടെ അനുഭവങ്ങള്‍ 5, 6 അല്ലെങ്കില്‍ 10 പേജില്‍ എഴുതി തയാറാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വം ഒരാള്‍ക്കു നല്കുക. അതിന്റെ ഭാഷ മെച്ചപ്പെടുത്തി, അതു മുഴുവന്‍ രേഖയാക്കുക. അച്ചടിക്കണമെന്നില്ല. ഡിജിറ്റല്‍ രൂപത്തില്‍ കമ്പ്യൂട്ടറിലാക്കിയാല്‍ മതിയാവും.
രണ്ടാമതായി വിദ്യാഭ്യാസ മന്ത്രാലയത്തോട് ഞാന്‍ നിര്‍ദ്ദേശിക്കുന്നു, രാജ്യത്തെ സാങ്കേതിക സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ടെക്‌നിക്കല്‍, എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥികള്‍ക്കും കേസ് സ്റ്റഡികള്‍ നല്കുക. എല്ലാ വര്‍ഷവും എട്ടു പത്തു ബാച്ച് വിദ്യാര്‍ത്ഥികള്‍ ഓരോ സര്‍വകലാശാലയില്‍ നിന്നും ഇവിടെ എത്തി ഈ പ്രോജക്ടിന്റെ നിര്‍മ്മാണ ആശയം, നടത്തിപ്പ്, വെല്ലുവിളികള്‍, എപ്രകാരം അവ കൈകാര്യം ചെയ്യപ്പെട്ടു എന്നു തുടങ്ങിയ വിഷയങ്ങള്‍ അവര്‍ പഠിക്കട്ടെ. അങ്ങിനെ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ഈ തുരംഗത്തെ സംബന്ധിച്ച അറിവ് നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്ക് ഉണ്ടാവട്ടെ.
അതിനുമുപരി നമ്മുടെ വിദേശകാര്യ മന്ത്രാലയം ലോകമെമ്പാടുമുള്ള സര്‍വകലാശാലകളെ ഇവിടേയ്ക്കു ക്ഷണിക്കട്ടെ. അവര്‍ വന്ന് ഇതനെ കുറിച്ചു പഠിക്കട്ടെ. അങ്ങിനെ നമ്മുടെ സാങ്കിതകമായ ശക്തി ലോകം അറിയട്ടെ, അംഗീകരിക്കട്ടെ. ഇന്ത്യയിലെ ഈ തലമുറയില്‍ പെട്ട യുവ ജവാന്‍മാര്‍ക്ക് പരിമിതമായ വിഭവങ്ങള്‍ മാത്രം കൈമുതലാക്കി എന്തെല്ലാം നേട്ടങ്ങള്‍ സഫലമാക്കുവാന്‍ സാധിക്കുമെന്ന് ലോകജനത തിരിച്ചറിയട്ടെ. അതുകൊണ്ടാണ് പ്രതിരോധ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ എന്നിവയോട് ഈ തുരംഗത്തെ തുടര്‍ പഠനത്തിന്റെ ഭാഗമാക്കണം എന്ന് ഞാന്‍ പറയുന്നത്. നമ്മുടെ പുതു തലമുറ മുഴുവന്‍ ഈ തുരങ്കത്തിന്റെ നിര്‍മ്മാണ സാങ്കേതിക വിദ്യ പഠിച്ചാല്‍, ഇതിനു ചെലവഴിച്ച മനുഷ്യ വിഭവശേഷിയെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ ഭാവിയില്‍ നമ്മുടെ രാജ്യത്തെ മികച്ച എന്‍ജിനിയര്‍മാരെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഈ ടണല്‍ ഉപയോഗപ്പെടുത്താം. ആ ദിശയിലും നാം പരിശ്രമിക്കണം.
ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ യുവജവാന്മാരെ ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു.
വളരെ നന്ദി.