കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ അമിത് ഷാ, ദേശീയ സഹകരണ യൂണിയന്‍ പ്രസിഡന്റ് ശ്രീ. ദിലീപ് സംഘാനി, ഡോ. ചന്ദ്രപാല്‍ സിംഗ് യാദവ്, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള എല്ലാ സഹകരണ യൂണിയനുകളിലെയും അംഗങ്ങള്‍, നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ മാന്യരേ, 17-ാമത് ഇന്ത്യന്‍ സഹകരണ സമ്മേളനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഈ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!
സുഹൃത്തുക്കളേ,
വികസിതവും സ്വാശ്രിതവുമായ ഇന്ത്യ എന്ന ലക്ഷ്യത്തിലാണ് നമ്മുടെ രാജ്യം ഇന്ന് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഓരോ ലക്ഷ്യവും കൈവരിക്കാന്‍ എല്ലാവരുടെയും പരിശ്രമം അനിവാര്യമാണെന്നും സഹകരണ സംഘങ്ങളുടെ സമീപനം എല്ലാവരുടെയും പ്രയത്‌നത്തിന്റെ സന്ദേശം നല്‍കുമെന്നും ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ക്ഷീര സഹകരണ സംഘങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി, ഇന്ന് ലോകത്തിലെ പാല്‍ ഉല്‍പാദനത്തില്‍ നാം ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; വീണ്ടും, നമ്മുടെ സഹകരണസംഘങ്ങള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ചെറുകിട കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വലിയ പിന്തുണയായി മാറിയിട്ടുണ്ട്. ഇന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും ക്ഷീരോല്‍പ്പാദനം പോലുള്ള സഹകരണ മേഖലകളില്‍ 60 ശതമാനത്തോളം പങ്കാളിത്തം വഹിക്കുന്നു. അതിനാല്‍, ഒരു വികസിത ഇന്ത്യക്കായുള്ള ബൃഹത്തായ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന്, സഹകരണ സംഘങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അമിത് ഭായ് ഇപ്പോള്‍ വിശദമായി വിവരിച്ചതുപോലെ, ഞങ്ങള്‍ ആദ്യമായി സഹകരണത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും പ്രത്യേക ബജറ്റ് വിഹിതത്തിനായി ഒരു വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. കോര്‍പ്പറേറ്റ് മേഖലയ്ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങളും അതേ വേദികളുമാണ് ഇന്ന് സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. സഹകരണ സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അവയുടെ നികുതി നിരക്കുകളും കുറച്ചു. സഹകരണമേഖലയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പ്രശ്‌നങ്ങള്‍ക്ക് ദ്രുതഗതിയില്‍ പരിഹാരം കാണുന്നുണ്ട്. നമ്മുടെ ഗവണ്‍മെന്റ് സഹകരണ ബാങ്കുകളെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് പുതിയ ശാഖകള്‍ തുറക്കുന്നതിനും ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും ലഘൂകരിച്ചു.
സുഹൃത്തുക്കളേ,
നമ്മുടെ കര്‍ഷക സഹോദരങ്ങളില്‍ വലിയൊരു വിഭാഗം ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിഷ്‌കരിച്ച നയങ്ങളില്‍ നിന്നും കഴിഞ്ഞ 9 വര്‍ഷമായി കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്നും വന്ന മാറ്റങ്ങളാണ് നിങ്ങള്‍ അനുഭവിക്കുന്നത്. 2014-ന് മുമ്പുള്ള കര്‍ഷകരുടെ പതിവ്, സാധാരണ ആവശ്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. സര്‍ക്കാരില്‍ നിന്ന് വളരെക്കുറച്ച് സഹായം മാത്രമേ ലഭിക്കൂ എന്ന് കര്‍ഷകര്‍ പരാതിപ്പെടാറുണ്ടായിരുന്നു. കൂടാതെ എന്ത് ചെറിയ സഹായം ലഭിച്ചാലും ഇടനിലക്കാരുടെ അടുത്തേക്ക് പോവുക പതിവായിരുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെയായി. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഈ സ്ഥിതി പൂര്‍ണമായും മാറി. ഇന്ന് കോടിക്കണക്കിന് ചെറുകിട കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നു. ഇനി ഇടനിലക്കാരും വ്യാജ ഗുണഭോക്താക്കളുമില്ല! കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ടര ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പദ്ധതിയിലൂടെ നേരിട്ട് അയച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും സഹകരണ മേഖലയെ നയിക്കുന്നവരാണ്; അതിനാല്‍, നിങ്ങള്‍ ഈ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ മറ്റൊരു കണക്കുമായി താരതമ്യം ചെയ്താല്‍, ഈ തുക എത്ര വലുതാണെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയും! 2014ന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ കാര്‍ഷിക ബജറ്റ് കൂടി ചേര്‍ത്താല്‍ അത് 90,000 കോടി രൂപയില്‍ താഴെയായിരുന്നു. അതായത്, അക്കാലത്ത് രാജ്യത്തിന്റെ മുഴുവന്‍ കാര്‍ഷിക സമ്പ്രദായത്തിനും ചെലവഴിച്ച തുകയുടെ ഏകദേശം 3 മടങ്ങ് ഞങ്ങള്‍ ഒരൊറ്റ പദ്ധതിക്ക് മാത്രമായി അതായത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു മാത്രമായി ചെലവഴിച്ചു,
സുഹൃത്തുക്കളേ,
ലോകമെമ്പാടുമുള്ള രാസവളങ്ങളുടെയും രാസവസ്തുക്കളുടെയും വിലക്കയറ്റം കര്‍ഷകര്‍ക്ക് ഭാരമാകില്ലെന്ന് മോദി ഉറപ്പുനല്‍കുന്നു. കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റ് നിങ്ങള്‍ക്ക് ഈ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു ചാക്കിന് 270 രൂപയില്‍ താഴെ വിലയ്ക്കാണ് ഇന്ന് കര്‍ഷകന് യൂറിയ ലഭിക്കുന്നത്. ഇതേ ചാക്ക് ബംംഗ്ലാദേശില്‍ 720 രൂപയ്ക്കും പാകിസ്ഥാനില്‍ 800 രൂപയ്ക്കും ചൈനയില്‍ 2100 രൂപയ്ക്കുമാണ് ലഭിക്കുന്നത്. സഹോദരങ്ങളേ, അമേരിക്ക പോലുള്ള വികസിത രാജ്യത്ത് കര്‍ഷകര്‍ക്ക് 3000 രൂപയിലധികം രൂപയ്ക്കാണ് ഇത്രയും അളവ് യൂറിയ ലഭിക്കുന്നത്. നിങ്ങള്‍ക്കു ഞാന്‍ ഉദ്ദേശിച്ചതു കൃത്യമായി മനസ്സിലായില്ലെന്നു തോന്നുന്നു. ഈ വ്യത്യാസം നാം മനസ്സിലാക്കണം. എല്ലാത്തിനുമുപരി, എന്താണ് ഒരു ഉറപ്പ്? കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കാന്‍ എത്രമാത്രം പരിശ്രമം ആവശ്യമാണെന്ന് ഇത് കാണിക്കുന്നു. മൊത്തത്തില്‍, നമ്മള്‍ കഴിഞ്ഞ 9 വര്‍ഷത്തേക്ക് നോക്കുകയാണെങ്കില്‍, ഞാന്‍ വളം സബ്സിഡിയെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കില്‍, ബിജെപി ഗവണ്‍മെന്റ് പത്തു ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചു. ഇതിലും വലിയ ഉറപ്പ് എന്തായിരിക്കും?
സുഹൃത്തുക്കളേ,
കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുമെന്ന് ഉറപ്പ് വരുത്തുന്നതില്‍ നമ്മുടെ ഗവണ്‍മെന്റ് തുടക്കം മുതലേ അതീവ ഗൗരവത്തിലായിരുന്നു. താങ്ങുവില വര്‍ധിപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ 9 വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് ലഭിച്ചത് 15 ലക്ഷം കോടിയിലധികം രൂപയാണ്. അതായത്, നിങ്ങള്‍ കണക്കാക്കിയാല്‍, ഓരോ വര്‍ഷവും കേന്ദ്ര ഗവണ്‍മെന്റ് കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടി 6.5 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കുന്നു; ഓരോ വര്‍ഷവും ശരാശരി 50,000 രൂപ ഗവണ്‍മെന്റ് ഓരോ കര്‍ഷകനും ഏതെങ്കിലും തരത്തിലോ മറ്റോ നല്‍കുന്നുണ്ട്. . അതായത്, ബി.ജെ.പി ഗവണ്‍മെന്റില്‍ കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 50,000 രൂപ പലതരത്തില്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതാണ് മോദിയുടെ ഉറപ്പ്. പിന്നെ ഞാന്‍ സംസാരിക്കുന്നത് ഞാന്‍ ചെയ്തതിനെക്കുറിച്ചാണ്; ഇവ വാഗ്ദാനങ്ങളല്ല.
സുഹൃത്തുക്കളേ,
കര്‍ഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രധാന തീരുമാനം എടുത്തിട്ടുണ്ട്. കര്‍ഷകര്‍ക്കായി കേന്ദ്രഗവണ്‍മെന്റ് മൂന്ന് ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. മാത്രമല്ല, കരിമ്പ് കര്‍ഷകരുടെ ന്യായവും ലാഭകരവുമായ ആവശ്യം പരിഗണിച്ചു വില ഇപ്പോള്‍ ക്വിന്റലിന് 315 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് കോടിയിലധികം കരിമ്പ് കര്‍ഷകര്‍ക്കും പഞ്ചസാര മില്ലുകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും ഇത് നേരിട്ട് ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
'അമൃത്കാല'ത്തില്‍ രാജ്യത്തെ ഗ്രാമങ്ങളുടെയും രാജ്യത്തെ കര്‍ഷകരുടെയും സാധ്യതകള്‍ ഉയര്‍ത്തുന്നതിന് രാജ്യത്തെ സഹകരണ മേഖല വലിയ പങ്ക് വഹിക്കാന്‍ പോകുന്നു. വികസിത ഇന്ത്യ, സ്വാശ്രിത ഇന്ത്യ എന്ന ദൃഢനിശ്ചയത്തിന് ഗവണ്‍മെന്റും സഹകരണ സംഘവും ചേര്‍ന്ന് ഇരട്ടി ശക്തി നല്‍കും. ഗവണ്‍മെന്റ് ഡിജിറ്റല്‍ ഇന്ത്യയിലൂടെ സുതാര്യത വര്‍ദ്ധിപ്പിക്കുകയും എല്ലാ ഗുണഭോക്താക്കള്‍ക്കും നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കുകയും ചെയ്തു. ഉയര്‍ന്ന തലത്തിലുള്ള അഴിമതിയും സ്വജനപക്ഷപാതവും അവസാനിച്ചുവെന്ന് ഇന്ന് രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ പോലും വിശ്വസിക്കുന്നു. ഇപ്പോള്‍, സഹകരണ സംഘങ്ങളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുമ്പോള്‍, സാധാരണക്കാരും നമ്മുടെ കര്‍ഷകരും നമ്മുടെ കന്നുകാലികളെ വളര്‍ത്തുന്നവരും അവരുടെ ദൈനംദിന ജീവിതത്തില്‍ ഈ കാര്യങ്ങള്‍ അനുഭവിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. സുതാര്യതയുടെയും അഴിമതി രഹിത ഭരണത്തിന്റെയും മാതൃകയായി സഹകരണ മേഖല മാറേണ്ടത് അനിവാര്യമാണ്. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള വിശ്വാസം കൂടുതല്‍ ശക്തമാകണം. അത് ഉറപ്പാക്കാന്‍, സഹകരണ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. പണമിടപാടുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. അതിനായി സഹകരണ മേഖലയിലെ മുഴുവന്‍ ആളുകളും ഒരു കാമ്പയിനിലൂടെ പരിശ്രമിക്കേണ്ടതുണ്ട്. ഒരു മന്ത്രിസഭ രൂപീകരിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കായി നിര്‍ണായകമായ ഒരു ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഡിജിറ്റലിലേക്ക് നീങ്ങുകയും പണരഹിതമാക്കുകയും സമ്പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട് എനിക്ക് തുല്യമായ നിര്‍ണായകമായ ഒരു ജോലി ചെയ്യുന്നു. എല്ലാവരും ഒരുമിച്ച് പരിശ്രമിച്ചാല്‍, തീര്‍ച്ചയായും നമുക്ക് വിജയം വളരെ വേഗത്തില്‍ ലഭിക്കും. ഡിജിറ്റല്‍ ഇടപാടുകളുടെ പേരില്‍ ഇന്ത്യ ഇന്ന് ലോകത്ത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ഇതിന് നേതൃത്വം നല്‍കേണ്ടിവരും. ഇതോടെ, വിപണിയില്‍ സുതാര്യതയും നിങ്ങളുടെ കാര്യക്ഷമതയും വര്‍ദ്ധിക്കുകയും മികച്ച മത്സരവും സാധ്യമാകും.
സുഹൃത്തുക്കളേ,
ഏറ്റവും പ്രധാനപ്പെട്ട പ്രാഥമികതല സഹകരണ സംഘം അതായത് പിഎസിഎസ്, ഇപ്പോള്‍ സുതാര്യതയുടെയും ആധുനികതയുടെയും മാതൃകയായി മാറും. ഇതുവരെ 60,000-ലധികം പിഎസിഎസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടന്നിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഓരോ തലത്തിലുള്ള സഹകരണ സംഘങ്ങളും കോര്‍ ബാങ്കിംഗ് പോലുള്ള സംവിധാനം സ്വീകരിക്കുകയും അംഗങ്ങള്‍ 100 ശതമാനം ഓണ്‍ലൈന്‍ ഇടപാടുകള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അത് രാജ്യത്തിന് ഏറെ ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ കയറ്റുമതി നിരന്തരം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 'ഇന്ത്യയില്‍ നിര്‍മിക്കുക' എന്നതും ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സഹകരണ സംഘങ്ങളും ഈ രംഗത്ത് തങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെ, ഇന്ന് ഞങ്ങള്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങളെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുന്നു. ഇവര്‍ക്കുള്ള നികുതിയും ഇപ്പോള്‍ വലിയ തോതില്‍ കുറച്ചിട്ടുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കുന്നതില്‍ സഹകരണ മേഖലയും പ്രധാന പങ്കുവഹിക്കുന്നു. ക്ഷീരമേഖലയില്‍ നമ്മുടെ സഹകരണസംഘങ്ങള്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പാല്‍പ്പൊടി, വെണ്ണ, നെയ്യ് എന്നിവ ഇന്ന് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇപ്പോള്‍ അവര്‍ തേന്‍ രംഗത്തേക്കും കടന്നേക്കും. നമ്മുടെ ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഊര്‍ജ്ജത്തിനു കുറവില്ല, പക്ഷേ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. ഇന്ന്, ലോകത്ത് 'ശ്രീ അന്ന' എന്നറിയപ്പെടുന്ന ഇന്ത്യയുടെ നാടന്‍ ധാന്യങ്ങള്‍, തിനകള്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. ഇതിനായി ലോകത്ത് ഒരു പുതിയ വിപണി സൃഷ്ടിക്കപ്പെടുന്നു. ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആതിഥേയത്വം വഹിച്ച വിരുന്നില്‍ നാടന്‍ ധാന്യങ്ങള്‍ അല്ലെങ്കില്‍ പലതരം 'ശ്രീ അന്ന' ഉള്‍പ്പെടുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍കൈയാല്‍ ഈ വര്‍ഷം ലോകമെമ്പാടും തിനകളുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുകയാണ്. നിങ്ങളെപ്പോലുള്ള സഹകരണ സുഹൃത്തുക്കള്‍ക്ക് രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ ലോകവിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താനാകില്ലേ? ഇതോടെ ചെറുകിട കര്‍ഷകര്‍ക്കും വലിയ വരുമാനം ലഭിക്കും. പോഷകസമൃദ്ധമായ ഭക്ഷണപാരമ്പര്യത്തിന് ഇതോടെ തുടക്കമാകും. നിങ്ങള്‍ ഈ ദിശയില്‍ പരിശ്രമിക്കുകയും ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും വേണം.
സുഹൃത്തുക്കളേ,
ഇച്ഛാശക്തിയുണ്ടെങ്കില്‍, ഏറ്റവും വലിയ വെല്ലുവിളികള്‍ പോലും വെല്ലുവിളിക്കപ്പെടുമെന്ന് വര്‍ഷങ്ങളായി ഞങ്ങള്‍ തെളിയിച്ചു. ഉദാഹരണത്തിന്, കരിമ്പ് സഹകരണ സംഘങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങളോട് സംസാരിക്കുകയാണ്. കര്‍ഷകര്‍ക്ക് കരിമ്പിന് കുറഞ്ഞ വില ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, കൂടാതെ പണവും വര്‍ഷങ്ങളോളം ഒരുമിച്ച് കുടുങ്ങി. കരിമ്പിന്റെ ഉല്‍പ്പാദനം വര്‍ധിച്ചാലും കര്‍ഷകര്‍ ദുരിതത്തിലാകും, കരിമ്പിന്റെ ഉത്പാദനം കുറഞ്ഞാല്‍ കര്‍ഷകര്‍ തീര്‍ച്ചയായും ബുദ്ധിമുട്ടിലാകും. ഇത്തരമൊരു സാഹചര്യത്തില്‍ കരിമ്പ് കര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങളിലുള്ള വിശ്വാസം ദുര്‍ബലമാകുകയായിരുന്നു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞങ്ങള്‍ ഒരു പാക്കേജ്‌നല്‍കി
സങ്കല്‍പ്പിക്കുക, കഴിഞ്ഞ 9 വര്‍ഷത്തിനിടെ 70,000 കോടി രൂപയുടെ എത്തനോള്‍ പഞ്ചസാര മില്ലുകളില്‍ നിന്ന് വാങ്ങിയെന്ന്. ഇത് കരിമ്പ് കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം നല്‍കുന്നതിന് പഞ്ചസാര മില്ലുകളെ സഹായിച്ചിട്ടുണ്ട്. നേരത്തെ കരിമ്പിന് ഉയര്‍ന്ന വില നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി നമ്മുടെ ഗവണ്ഡമെന്റ് നിര്‍ത്തലാക്കി. അതിനാല്‍, നികുതിയുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നങ്ങളും ഞങ്ങള്‍ പരിഹരിച്ചു. ഈ വര്‍ഷത്തെ ബജറ്റിലും പഴയ ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ സഹകരണ പഞ്ചസാര മില്ലുകള്‍ക്ക് 10,000 കോടി രൂപ പ്രത്യേക സഹായം അനുവദിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളെല്ലാം കരിമ്പ് മേഖലയില്‍ സ്ഥിരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ഈ മേഖലയിലെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഒരു വശത്ത് കയറ്റുമതി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, മറുവശത്ത് ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടര്‍ച്ചയായി കുറയ്‌ക്കേണ്ടതുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഗോതമ്പ്, നെല്ല്, പഞ്ചസാര എന്നിവയില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രം പോരാ. ഭക്ഷ്യസുരക്ഷയെ കുറിച്ച് പറയുമ്പോള്‍ അത് ഗോതമ്പിലും അരിയിലും മാത്രം ഒതുങ്ങരുത്. ഞാന്‍ നിങ്ങളെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കര്‍ഷക സഹോദരങ്ങളെ നമുക്ക് ഉണര്‍ത്തേണ്ടതുണ്ട്! ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയോ, പയറുവര്‍ഗങ്ങളുടെ ഇറക്കുമതിയോ, മത്സ്യത്തീറ്റയുടെ ഇറക്കുമതിയോ, ഭക്ഷ്യമേഖലയിലെ സംസ്‌കരിച്ചതും മറ്റ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയോ ആകട്ടെ, ഓരോ വര്‍ഷവും 2 - 2.5 ലക്ഷം കോടി രൂപയാണ് ഈ ഇനങ്ങള്‍ക്കായി ഞങ്ങള്‍ ചെലവഴിക്കുന്നത് എന്നറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകും. പണം വിദേശത്തേക്ക് പോകുന്നു. അതായത് ഈ പണം വിദേശത്തേക്ക് അയക്കേണ്ടി വരുന്നു. ഇന്ത്യയെപ്പോലെ ഒരു ഭക്ഷ്യ ആധിപത്യമുള്ള രാജ്യത്തിന് ഇത് ശരിയായ കാര്യമാണോ? ഇത്രയും വലിയ വാഗ്ദാനമായ സഹകരണ മേഖലയുടെ നേതൃത്വം എന്റെ മുന്നിലുണ്ട്. അതിനാല്‍, നാം ഒരു വിപ്ലവത്തിന്റെ ദിശയിലേക്ക് നീങ്ങുമെന്ന് ഞാന്‍ സ്വാഭാവികമായും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഈ പണം ഇന്ത്യയിലെ കര്‍ഷകരുടെ പോക്കറ്റിലേക്ക് പോകണോ വേണ്ടയോ? വിദേശ രാജ്യങ്ങളില്‍ പോകണോ?
സുഹൃത്തുക്കളേ,
നമുക്ക് വിശാലമായ എണ്ണക്കിണറുകളില്ല എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് പെട്രോളും ഡീസലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം; അത് നമ്മുടെ നിര്‍ബന്ധിതാവസ്ഥയാണ്. എന്നാല്‍ ഭക്ഷ്യ എണ്ണയില്‍ സ്വാശ്രയത്വം സാധ്യമാണ്. പാം ഓയില്‍ ദൗത്യം ആരംഭിക്കുന്നതു പോലെ ഇതിനായി ദൗത്യരൂപത്തില്‍ത്തന്നെ കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. പാമോലിന്‍ കൃഷിയെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനാല്‍ അതില്‍ നിന്ന് പാമോലിന്‍ ഓയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. അതുപോലെ, എണ്ണക്കുരു വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം സംരംഭങ്ങള്‍ സ്വീകരിക്കുന്നു. രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ ഈ ദൗത്യത്തിന്റെ കടിഞ്ഞാണ് ഏറ്റെടുക്കുകയാണെങ്കില്‍, വളരെ വേഗം തന്നെ ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് നമുക്ക് കാണാന്‍ കഴിയും. കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുന്നത് മുതല്‍ തോട്ടം, സാങ്കേതികവിദ്യ, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
സുഹൃത്തുക്കളേ,
മത്സ്യമേഖലയ്ക്ക് മറ്റൊരു സുപ്രധാന പദ്ധതി കേന്ദ്രഗവണ്മെന്റ് തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയ്ക്ക് കീഴില്‍ മത്സ്യ ഉല്‍പ്പാദനത്തില്‍ വളരെയധികം പുരോഗതി കൈവരിച്ചു. രാജ്യത്തുടനീളം നദികളും ചെറുകുളങ്ങളും ഉള്ളിടത്തെല്ലാം ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും ഈ പദ്ധതിയിലൂടെ അധിക വരുമാനം ലഭിക്കുന്നു. ഇതിന് കീഴില്‍ പ്രാദേശിക തലത്തില്‍ തീറ്റ ഉത്പാദനത്തിനും സഹായം നല്‍കുന്നുണ്ട്. ഇന്ന് 25,000-ത്തിലധികം സഹകരണ സംഘങ്ങള്‍ മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. തല്‍ഫലമായി, മത്സ്യ സംസ്‌കരണം, മത്സ്യം ഉണക്കല്‍, മത്സ്യം ക്യൂറിംഗ്, മത്സ്യ സംഭരണം, മത്സ്യം കാനിംഗ്, മത്സ്യ ഗതാഗതം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി ശക്തിപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യസമ്പത്തും കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇരട്ടിയായി. ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സൃഷ്ടിച്ചപ്പോള്‍, അതില്‍ നിന്ന് ഒരു പുതിയ ശക്തി ഉയര്‍ന്നുവന്നു. അതുപോലെ ഫിഷറീസിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവും ഏറെക്കാലമായി ഉയര്‍ന്നിരുന്നു. ഞങ്ങളും അത് ചെയ്തു. അതിനും ഒരു പ്രത്യേക ബജറ്റ് ഞങ്ങള്‍ ക്രമീകരിച്ചു, ആ ഫീല്‍ഡിന്റെ ഫലങ്ങള്‍ വ്യക്തമായി കാണാം. സഹകരണ മേഖലയ്ക്ക് എങ്ങനെ ഈ കാമ്പയിന്‍ കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയുമെന്ന് അന്വേഷിക്കാന്‍ നിങ്ങളോരോരുത്തരും മുന്നോട്ട് വരണം. ഇതാണ് നിന്നില്‍ നിന്നുള്ള എന്റെ പ്രതീക്ഷ. സഹകരണ മേഖല അതിന്റെ പരമ്പരാഗത സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. ഗവണ്‍മെന്റ് അതിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോള്‍ പിസികള്‍ച്ചര്‍ പോലുള്ള പല പുതിയ മേഖലകളിലും പിഎഎസിഎസിന്റെ ന്റെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം 2 ലക്ഷം പുതിയ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അമിത് ഭായ് പറഞ്ഞതുപോലെ, എല്ലാ പഞ്ചായത്തുകളും പരിഗണിക്കുകയാണെങ്കില്‍, ഈ കണക്ക് ഇനിയും വര്‍ദ്ധിക്കും. ഇതോടെ നിലവില്‍ ഈ സംവിധാനം ഇല്ലാത്ത ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വരെ സഹകരണ സംഘങ്ങളുടെ അധികാരം എത്തും.
സുഹൃത്തുക്കളേ,
കഴിഞ്ഞ വര്‍ഷങ്ങളില്‍, കാര്‍ഷികോല്‍പ്പാദ സംഘടനകള്‍, അതായത് എഫ്പിഒകള്‍ സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിലവില്‍, രാജ്യത്തുടനീളം 10,000 പുതിയ എഫ്പിഒകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, ഇതില്‍ 5,000 ത്തോളം ഇതിനകം രൂപീകരിച്ചു. ഈ എഫ്പിഒകള്‍ ചെറുകിട കര്‍ഷകര്‍ക്ക് ഉത്തേജനം നല്‍കും. ചെറുകിട കര്‍ഷകരെ വിപണിയില്‍ വന്‍ശക്തിയാക്കാനുള്ള മാര്‍ഗമാണിത്. വിത്ത് മുതല്‍ വിപണി വരെ ചെറുകിട കര്‍ഷകര്‍ക്ക് എല്ലാ സംവിധാനങ്ങളെയും തനിക്ക് അനുകൂലമാക്കാനും വിപണിയുടെ ശക്തിയെ വെല്ലുവിളിക്കാനും കഴിയുമെന്ന് ഈ കാമ്പെയ്ന്‍ ഉറപ്പാക്കുന്നു. പിഎസിഎസ് വഴി എഫ്പിഒ രൂപീകരിക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് വലിയ സാധ്യതയുള്ളത്.
സുഹൃത്തുക്കളേ,
കര്‍ഷകരുടെ മറ്റ് വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിയും. തേന്‍ ഉല്‍പ്പാദനം, ജൈവ ഭക്ഷണം, കൃഷിയിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രചാരണം, മണ്ണ് പരിശോധന എന്നിവയായാലും സഹകരണ മേഖലയുടെ സഹകരണം അത്യന്താപേക്ഷിതമാണ്.
സുഹൃത്തുക്കള്‍,
ഇന്ന് രാസ രഹിത കൃഷി, പ്രകൃതി കൃഷി എന്നിവയാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. ഇപ്പോള്‍ ഞങ്ങളുടെ ഹൃദയം കുലുക്കിയതിന് ഡല്‍ഹിയിലെ ആ പെണ്‍മക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. 'എന്നെ കൊല്ലരുത്' എന്ന് ഭൂമിമാതാവ് നിലവിളിച്ചുകൊണ്ടിരുന്നു. വളരെ നല്ല രീതിയില്‍ നാടക പ്രകടനത്തിലൂടെ നമ്മെ ഉണര്‍ത്താന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാ സഹകരണ സ്ഥാപനങ്ങളും ഇത്തരത്തില്‍ ഒരു ടീമിനെ രൂപീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അത് ജനങ്ങളെ ബോധവല്‍ക്കരിക്കാനും അവരെ ഉണര്‍ത്താനും ഈ രീതിയില്‍ എല്ലാ ഗ്രാമങ്ങളിലും പ്രകടനം നടത്തും. അടുത്തിടെ ഒരു ബൃഹദ് പദ്ധതിയായ പിഎം-പ്രണാം അംഗീകരിച്ചു. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ രാസ രഹിത കൃഷി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് കീഴില്‍, ബദല്‍ വളങ്ങള്‍ അല്ലെങ്കില്‍ ജൈവ വളങ്ങളുടെ ഉത്പാദനത്തിന് ഊന്നല്‍ നല്‍കും. തല്‍ഫലമായി, മണ്ണ് സുരക്ഷിതമാകുകയും കര്‍ഷകരുടെ ചെലവ് കുറയുകയും ചെയ്യും. ഈ സംരംഭത്തില്‍ സഹകരണ സംഘടനകളുടെ സംഭാവന വളരെ നിര്‍ണായകമാണ്. എല്ലാ സഹകരണ സംഘടനകളോടും ഈ പ്രചാരണവുമായി പരമാവധി ഇടപെടാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ജില്ലയിലെ 5 വില്ലേജുകളില്‍ 100% രാസ രഹിത കൃഷിയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം, കൂടാതെ ആ 5 ഗ്രാമങ്ങളിലെ ഒരു ഫാമിലും ഒരു ഔണ്‍സ് രാസവസ്തു പോലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇതുമൂലം ജില്ലയിലാകെ ബോധവല്‍ക്കരണം വര്‍ദ്ധിക്കുന്നതോടൊപ്പം എല്ലാവരുടെയും പ്രയത്‌നവും വര്‍ദ്ധിക്കും.
സുഹൃത്തുക്കളേ,
രാസ രഹിത കൃഷിയും കര്‍ഷകര്‍ക്ക് അധിക വരുമാനവും ഉറപ്പാക്കുന്ന മറ്റൊരു ദൗത്യമുണ്ട്. ഇതാണ് ഗോബര്‍ദന്‍ യോജന. ഇതിന് കീഴില്‍ രാജ്യത്തുടനീളം മാലിന്യത്തില്‍ നിന്നുള്ള സമ്പത്ത് ഉത്പാദിപ്പിക്കപ്പെടുന്നു. ചാണകത്തില്‍ നിന്നും മാലിന്യത്തില്‍ നിന്നും വൈദ്യുതിയും ജൈവ വളങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു വലിയ ഉപാധിയായി ഇത് മാറുകയാണ്. ഇന്ന് ഗവണ്‍മെന്റ് അത്തരം പ്ലാന്റുകളുടെ ഒരു വലിയ ശൃംഖല വികസിപ്പിക്കുകയാണ്. പല വന്‍കിട കമ്പനികളും രാജ്യത്ത് 50-ലധികം ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഗോബര്‍ദന്‍ പ്ലാന്റുകള്‍ക്കായി സഹകരണ സംഘങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്. കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് ഇത് തീര്‍ച്ചയായും ഗുണം ചെയ്യും, എന്നാല്‍ അതേ സമയം റോഡില്‍ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെയും നന്നായി ഉപയോഗപ്പെടുത്തും.
സുഹൃത്തുക്കളേ,
നിങ്ങള്‍ എല്ലാവരും ക്ഷീരമേഖലയിലും മൃഗസംരക്ഷണ മേഖലയിലും വളരെ വിപുലമായി പ്രവര്‍ത്തിക്കുന്നു. കന്നുകാലികളെ വളര്‍ത്തുന്ന ധാരാളം പേര്‍ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൃഗങ്ങളിലെ രോഗങ്ങള്‍ കര്‍ഷകനെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കാല്‍പ്പാദരോഗം നമ്മുടെ മൃഗങ്ങളെ വളരെയേറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ രോഗം മൂലം കന്നുകാലി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അതിനാല്‍, അതിനായി കേന്ദ്ര ഗവണ്‍മെന്റ് ആദ്യമായി രാജ്യത്തുടനീളം സൗജന്യ വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചു. കോവിഡിനെതിരായ സൗജന്യ വാക്‌സിന്‍ ഞങ്ങള്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു. മൃഗങ്ങള്‍ക്ക് സൗജന്യ വാക്സിനുകള്‍ നല്‍കുന്നതിന് തുല്യമായ ബൃഹത്തായ പ്രചാരണപരിപാടിയാണത്. ഇതിന് കീഴില്‍ 24 കോടി മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ എഫ്എംഡിയെ നമുക്ക് ഇതുവരെ വേരോടെ പിഴുതെറിയാന്‍ കഴിഞ്ഞിട്ടില്ല. വാക്സിനേഷന്‍ പ്രചാരണമോ മൃഗങ്ങളെ കണ്ടെത്തുന്നതോ ആകട്ടെ, ഈ ആവശ്യങ്ങള്‍ക്കായി സഹകരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. കന്നുകാലികളെ വളര്‍ത്തുന്നവര്‍ മാത്രമല്ല ക്ഷീരമേഖലയിലെ പങ്കാളികളെന്ന് നാം ഓര്‍ക്കണം. സുഹൃത്തുക്കളേ, ദയവായി എന്റെ വൈകാരികത മാനിക്കുക; കന്നുകാലികളെ വളര്‍ത്തുന്നവര്‍ മാത്രമല്ല, നമ്മുടെ മൃഗങ്ങളും തുല്യ പങ്കാളികളാണ്. അതുകൊണ്ടാണ് അത് നമ്മുടെ ഉത്തരവാദിത്തമായി കണക്കാക്കി സംഭാവന നല്‍കേണ്ടത്.
സുഹൃത്തുക്കളേ,
ഗവണ്‍മെന്റിന്റെ എല്ലാ ദൗത്യങ്ങളും വിജയിപ്പിക്കുന്നതില്‍ സകരണ സംഘങ്ങളുടെ കഴിവിനെക്കുറിച്ച് എനിക്ക് സംശയമില്ല. ഞാന്‍ വന്ന സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ ശക്തി ഞാന്‍ കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലും സഹകരണ സംഘങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു. അതിനാല്‍, മറ്റൊരു പ്രധാന ദൗത്യത്തില്‍ പങ്കെടുക്കാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 60,000 അമൃതസരോവരങ്ങള്‍ രാജ്യത്തുടനീളം നിര്‍മ്മിച്ചു. ജലസേചനത്തിനായാലും കുടിവെള്ളത്തിനായാലും എല്ലാ വീട്ടിലേക്കും എല്ലാ വയലിലേക്കും വെള്ളം എത്തിക്കാന്‍ കഴിഞ്ഞ 9 വര്‍ഷമായി ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണിത്. കര്‍ഷകര്‍ക്കും നമ്മുടെ മൃഗങ്ങള്‍ക്കും ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജലസ്രോതസ്സ് വര്‍ദ്ധിപ്പിക്കാനുള്ള വഴിയാണിത്. അതുകൊണ്ടാണ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളും ഈ ശുഭപ്രതീക്ഷയില്‍ പങ്കാളികളാകേണ്ടത്. സഹകരണ മേഖലയിലെ ഏത് മേഖലയിലും നിങ്ങള്‍ സജീവമായിരിക്കാം, എന്നാല്‍ നിങ്ങളുടെ കഴിവനുസരിച്ച്, എത്ര കുളങ്ങള്‍ നിര്‍മ്മിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം; ഒന്നോ, രണ്ടോ, അഞ്ചോ, പത്തോ പണിയണോ എന്ന്. എന്നാല്‍ ജലസംരക്ഷണത്തിന്റെ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ദൃഢനിശ്ചയം ചെയ്യുക. ഓരോ ഗ്രാമത്തിലും അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചാല്‍, തങ്ങള്‍ക്ക് ലഭിക്കുന്ന ജലം അവരുടെ പൂര്‍വികരുടെ പ്രയത്നത്തിന്റെ ഫലമാണെന്ന് ഭാവി തലമുറ നമ്മെ ഒരുപാട് നന്ദിയോടെ ഓര്‍ക്കും. നമ്മുടെ വരും തലമുറയ്ക്കുവേണ്ടിയും നാം എന്തെങ്കിലും ബാക്കി വയ്ക്കണം.
വെള്ളവുമായി ബന്ധപ്പെട്ട മറ്റൊരു പ്രചാരണമാണ് ഒരു തുള്ളി പല ധാന്യം. കര്‍ഷകര്‍ക്ക് എങ്ങനെ മികച്ച ജലസേചനം സ്വീകരിക്കാം എന്നതിനെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. കൂടുതല്‍ വെള്ളം കൂടുതല്‍ വിളവെടുപ്പിന് ഉറപ്പുനല്‍കുന്നില്ല. എല്ലാ ഗ്രാമങ്ങളിലും സൂക്ഷ്മ ജലസേചനം വ്യാപിപ്പിക്കുന്നതിന് സഹകരണ സംഘങ്ങള്‍ തങ്ങളുടെ പങ്ക് വിപുലീകരിക്കേണ്ടതുണ്ട്. അതിനായി കേന്ദ്രഗവണ്‍മെന്റ് വലിയ സഹായവും പ്രോത്സാഹനവും നല്‍കുന്നുണ്ട്.
സുഹൃത്തുക്കളേ,
സംഭരണവും ഒരു പ്രധാന പ്രശ്‌നമാണ്. അമിത് ഭായ് അത് വിശദമായി വിവരിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയും നഷ്ടവും വരുത്തിവച്ചു. ഇന്ന് ഇന്ത്യയില്‍, നാം ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 50 ശതമാനത്തില്‍ താഴെ മാത്രമേ നമുക്ക് സംഭരിക്കാനാകൂ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിയുമായി കേന്ദ്ര ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി നാട്ടില്‍ നടത്തിയ ആ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലം എന്തായിരുന്നു? 1400 ലക്ഷം ടണ്ണിലധികം സംഭരണശേഷി നമുക്കുണ്ട്. വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ 50 ശതമാനം അതായത് ഏകദേശം 700 ലക്ഷം ടണ്‍ പുതിയ സംഭരണശേഷി സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ഇത് തീര്‍ച്ചയായും കഠിനമായ ഒരു ദൗത്യമാണ്, ഇത് രാജ്യത്തെ കര്‍ഷകരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഗ്രാമങ്ങളിലെ കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക ഫണ്ടും നമ്മുടെ ഗവണ്‍മെന്റ് ആദ്യമായി രൂപീകരിച്ചു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 40,000 കോടി രൂപ ഇതിന് കീഴില്‍ നിക്ഷേപിച്ചതായി എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു. സഹകരണ സംഘങ്ങള്‍ക്കും പിഎസിഎസുകള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഫാംഗേറ്റ് അടിസ്ഥാന സൗകര്യങ്ങളും കോള്‍ഡ് സ്റ്റോറേജ് പോലുള്ള സംവിധാനങ്ങളും നിര്‍മ്മിക്കുന്നതിന് സഹകരണ മേഖല കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
പുതിയ ഇന്ത്യയില്‍ സഹകരണ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തമായ പ്രവാഹമായി മാറുെമന്ന് എനിക്ക് ഉറപ്പുണ്ട്. സഹകരണ മാതൃക പിന്തുടര്‍ന്ന് സ്വയം പര്യാപ്തമാകുന്ന ഇത്തരം ഗ്രാമങ്ങള്‍ കെട്ടിപ്പടുക്കുന്നതിലേക്ക് നാമും നീങ്ങേണ്ടതുണ്ട്. ഈ പരിവര്‍ത്തനം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചര്‍ച്ച അത്യന്തം സുപ്രധാനമാണെന്ന് തെളിയിക്കും. സഹകരണ സ്ഥാപനങ്ങളിലെ സഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്നും നിങ്ങള്‍ ചര്‍ച്ച ചെയ്യണം. രാഷ്ട്രീയത്തിനു പകരം സാമൂഹിക നയത്തിന്റെയും ദേശീയ നയത്തിന്റെയും വാഹകരായി സഹകരണ സ്ഥാപനങ്ങള്‍ മാറണം. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കൊപ്പമാകാന്‍ അവസരം കിട്ടിയതില്‍ സന്തോഷം. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു!