2450 രൂപയിലധികം വരുന്ന വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും നടന്നു
ഏകദേശം 1950 കോടി രൂപയുടെ പി.എം.എ.വൈ (ഗ്രാമീണ, നഗര) പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു
19,000-ത്തോളം വീടുകളുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുകയും ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറുകയും ചെയ്തു
''പിഎം-ആവാസ് യോജന ഭവന നിര്‍മ്മാണ മേഖലയെ പരിവര്‍ത്തനപ്പെടുത്തി. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇത് പ്രത്യേകിച്ചും പ്രയോജനം ചെയ്തു''
''ഗുജറാത്തിലെ ഇരട്ട എഞ്ചിന്‍ ഗവണ്മെന്റ് ഇരട്ട വേഗതയിലാണ് പ്രവര്‍ത്തിക്കുന്നത്''
'' രാജ്യത്തിന്റെ വികസനം നമ്മെ സംബന്ധിച്ച് ഒരു ദൃഢവിശ്വാസവും പ്രതിബദ്ധതയുമാണ്''
'' ഒരു വിവേചനവും ഇല്ലാതിരിക്കുകയെന്നതാണ് മതനിരപേക്ഷതയുടെ യഥാര്‍ത്ഥ അര്‍ത്ഥം''
''വീടിനെ നാം ദാരിദ്ര്യത്തിനെതിരായ യുദ്ധത്തിന്റെ ശക്തമായ അടിത്തറയാക്കി, പാവപ്പെട്ടവരുടെ ശാക്തീകരണത്തിന്റെയും അന്തസ്സിന്റെയും ഉപകരണമാക്കി''
''പി.എം.എ.വൈ വീടുകള്‍ നിരവധി പദ്ധതികളുടെ പാക്കേജാണ്''
'' ജീവിതം സുഗമമാക്കുന്നതിനും നഗരാസൂത്രണത്തില്‍ ജീവിത ഗുണനിലവാരത്തിലും ഇന്ന് നാം തുല്യ ഊന്നല്‍ നല്‍കുന്നു''

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, സി ആര്‍ പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായ കുടുംബങ്ങള്‍, മറ്റു വിശിഷ്ട വ്യക്തികളേ, ഗുജറാത്തിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,


ഇന്ന് വീടുകള്‍ ലഭിച്ച ഗുജറാത്തില്‍ നിന്നുള്ള ആയിരക്കണക്കിന് സഹോദരങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ഭൂപേന്ദ്ര ഭായിയെയും സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. ഗ്രാമങ്ങളും നഗരങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടാനും ഉദ്ഘാടനം ചെയ്യാനും അല്‍പ്പം മുമ്പ് എനിക്ക് അവസരം ലഭിച്ചു. പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍, ജല പദ്ധതികള്‍, നഗര വികസനത്തിനുള്ള പദ്ധതികള്‍, വ്യവസായ വികസനവുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ഗുണഭോക്താക്കളെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു, പ്രത്യേകിച്ച് ഇന്ന് കെട്ടുറപ്പുള്ള വീടുകള്‍ ലഭിച്ച സഹോദരിമാരെ.

രാജ്യത്തിന്റെ വികസനം ബിജെപിക്ക് സ്വന്തം ബോധ്യവും പ്രതിബദ്ധതയുമാണ്. രാഷ്ട്രനിര്‍മ്മാണം, നമ്മെ സംബന്ധിച്ചിടത്തോളം നിരന്തര പരിശ്രമമാണ്. ഗുജറാത്തില്‍ വീണ്ടും ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ, എന്നാല്‍ വികസനത്തിന്റെ വേഗത കാണുമ്പോള്‍, ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു!

അടുത്തിടെ ഗുജറാത്തില്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി മൂന്ന് ലക്ഷം കോടി രൂപ നീക്കിവച്ച ബജറ്റ് അവതരിപ്പിച്ചിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, അധഃസ്ഥിതര്‍ക്ക് മുന്‍ഗണന നല്‍കി വിവിധ തീരുമാനങ്ങളില്‍ ഗുജറാത്ത് മുന്നിട്ടിറങ്ങി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലെ 25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക് കീഴില്‍ ഗുജറാത്തിലെ രണ്ട് ലക്ഷത്തോളം ഗര്‍ഭിണികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്.

ഇതേ കാലയളവില്‍ ഗുജറാത്തില്‍ 4 പുതിയ മെഡിക്കല്‍ കോളേജുകള്‍ വന്നു. പുതിയ ഗവണ്‍മെന്റ് രൂപീകരണത്തിന് ശേഷം ഗുജറാത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഗുജറാത്തില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്. ഗുജറാത്തിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ രാജ്യത്തുടനീളം ഉണ്ടായ അഭൂതപൂര്‍വമായ മാറ്റം ഇന്ന് നാട്ടിലെ ഓരോ ആളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പോലും രാജ്യത്തെ ജനങ്ങള്‍ കൊതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈ സൗകര്യങ്ങളുടെ അഭാവം തങ്ങളുടെ വിധിയായി ജനങ്ങള്‍ സ്വീകരിച്ചു. അത് അവരുടെ വിധിയാണെന്നും അവരുടെ ജീവിതം അങ്ങനെ ജീവിച്ചാല്‍ മതിയെന്നും എല്ലാവരും വിശ്വസിച്ചിരുന്നു. വളര്‍ന്നുവരാനും തങ്ങളുടെ വിധി മാറ്റാനും അവര്‍ തങ്ങളുടെ എല്ലാ പ്രതീക്ഷകളും അവരുടെ കുട്ടികളില്‍ വച്ചു. അത്രയ്ക്കായിരുന്നു നിരാശ. ചേരിയില്‍ ജനിക്കുന്നവരുടെ ഭാവി തലമുറയും ചേരികളില്‍ ജീവിക്കുമെന്ന് ഭൂരിഭാഗം ആളുകളും അംഗീകരിച്ചിരുന്നു. ആ നിരാശയില്‍ നിന്നാണ് രാജ്യം ഇപ്പോള്‍ കരകയറുന്നത്.

 

ഇന്ന്, നമ്മുടെ ഗവണ്‍മെന്റ് എല്ലാ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ട് ഓരോ പാവപ്പെട്ടവനിലേക്കും എത്തിച്ചേരുകയാണ്. സ്‌കീമുകളുടെ 100 ശതമാനം പൂര്‍ണതയ്ക്കാണു ഞങ്ങള്‍ ശ്രമിക്കുന്നത്. അതായത് ഗവണ്‍മെന്റ് തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളിലേക്ക് എത്തുകയാണ്. ഗവണ്‍മെന്റിന്റെ ഈ സമീപനം വലിയ തോതിലുള്ള അഴിമതി അവസാനിപ്പിക്കുകയും വിവേചനം അവസാനിപ്പിക്കുകയും ചെയ്തു. ഗുണഭോക്താവില്‍ എത്താന്‍ നമ്മുടെ ഗവണ്‍മെന്റ് മതമോ ജാതിയോ കാണുന്നില്ല. ഒരു ഗ്രാമത്തിലെ 50 പേര്‍ക്ക് ഒരു പ്രത്യേക ആനുകൂല്യം ലഭിക്കണമെന്ന് തീരുമാനിക്കുമ്പോള്‍, 50 പേര്‍ക്ക് അത് ഏത് സമുദായത്തിലായാലും ജാതിയിലായാലും ലഭിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍, എല്ലാവര്‍ക്കും അത് ലഭിക്കുന്നു.

വിവേചനം ഇല്ലാത്തിടത്താണ് യഥാര്‍ത്ഥ മതേതരത്വം എന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമൂഹ്യനീതിയെക്കുറിച്ച് പറയുമ്പോള്‍, നിങ്ങളെല്ലാവരുടെയും സന്തോഷത്തിനും സൗകര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിനായി 100% പ്രവര്‍ത്തിക്കുമ്പോള്‍, അതിലും വലിയ സാമൂഹ്യനീതി ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വഴിയിലൂടെയാണ് നമ്മള്‍ നടക്കുന്നത്. ദരിദ്രര്‍ അവരുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതു കുറയുമ്പോള്‍, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

കുറച്ചുകാലം മുമ്പ് ഏകദേശം 38,000-40,000 ദരിദ്രകുടുംബങ്ങള്‍ക്ക് സ്വന്തമായി കെട്ടുറപ്പുള്ള വീടുണ്ടായി. ഇതില്‍ 32,000 വീടുകള്‍ കഴിഞ്ഞ 125 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു. ഈ ഗുണഭോക്താക്കളില്‍ പലരുമായും സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍, ആ വീടുകള്‍ കാരണം അവര്‍ നേടിയെടുത്ത അപാരമായ ആത്മവിശ്വാസം നിങ്ങള്‍ക്കും തോന്നിയിരിക്കണം. ഓരോ കുടുംബവും അത്തരത്തിലുള്ള ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമ്പോള്‍, അത് സമൂഹത്തിന് വലിയ ശക്തിയായി മാറുന്നു! പാവപ്പെട്ടവരുടെ മനസ്സില്‍ ആത്മവിശ്വാസം വളരുകയും അതെ, ഇത് തന്റെ അവകാശമാണെന്നും ഈ സമൂഹം തനിക്കൊപ്പമാണെന്നും അവന്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതിനാല്‍, അത് ഒരു വലിയ ശക്തിയായി മാറുന്നു.

സുഹൃത്തുക്കളേ,

പഴയതും പരാജയപ്പെട്ടതുമായ നയങ്ങള്‍ പിന്തുടരുന്നതിലൂടെ, രാജ്യത്തിന്റെ വിധി മാറ്റാനോ രാജ്യത്തിന് വിജയിക്കാനോ കഴിയില്ല. മുന്‍കാല ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമീപനവും ഇന്ന് നാം പ്രവര്‍ത്തിക്കുന്ന മാനസികാവസ്ഥയും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതികള്‍ നമ്മുടെ നാട്ടില്‍ പണ്ടേ നടന്നിരുന്നു. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 10-12 വര്‍ഷം മുമ്പ്, നമ്മുടെ ഗ്രാമങ്ങളിലെ 75 ശതമാനം കുടുംബങ്ങള്‍ക്കും അവരുടെ വീടുകളില്‍ ഒരു അടച്ചുറപ്പുള്ള ശുചിമുറി ഇല്ലായിരുന്നു.

 

പാവപ്പെട്ടവരുടെ വീടുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയിരുന്ന പദ്ധതികളില്‍ ഇത് പരിഗണിച്ചിരുന്നില്ല. വീടെന്നാല്‍ തല മറയ്ക്കാനുള്ള മേല്‍ക്കൂര മാത്രമല്ല; അതു വെറുമൊരു അഭയകേന്ദ്രവുമല്ല. സ്വപ്നങ്ങള്‍ രൂപപ്പെടുന്ന, ഒരു കുടുംബത്തിന്റെ വര്‍ത്തമാനവും ഭാവിയും തീരുമാനിക്കപ്പെടുന്ന ഭാഗധേയത്തിന്റെ ഇടമാണ് വീട്. അതുകൊണ്ട് തന്നെ 2014ന് ശേഷം 'പാവങ്ങള്‍ക്കുള്ള വീട്' എന്നത് ഒരു പക്കാ മേല്‍ക്കൂരയില്‍ മാത്രം ഒതുക്കിയില്ല. പകരം, ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ശക്തമായ അടിത്തറയായി ഞങ്ങള്‍ വീടിനെ മാറ്റി, പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും അവരുടെ അന്തസ്സിനുമുള്ള ഒരു മാധ്യമമാക്കി.

ഇന്ന്, ഗവണ്മെന്റിനു പകരം, ഗുണഭോക്താവ് തന്നെയാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തന്റെ വീട് എങ്ങനെ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത്. അത് ഡല്‍ഹിയിലെ കേന്ദ്രമല്ല തീരുമാനിക്കുന്നത്; അത് ഗാന്ധിനഗറിലെ ഗവണ്‍മെന്റ് തീരുമാനിച്ചതല്ല; അത് ഗുണഭോക്താവാണ് തീരുമാനിക്കുന്നത്. ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നു. വീട് നിര്‍മ്മാണത്തിലാണെന്ന് ഉറപ്പാക്കാന്‍ വിവിധ ഘട്ടങ്ങളില്‍ ഞങ്ങള്‍ വീടിന്റെ ജിയോ ടാഗിംഗ് നടത്തുന്നു. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്നും അറിയാം. വീടിനുള്ള പണം ഗുണഭോക്താവില്‍ എത്തുന്നതിന് മുമ്പ് അഴിമതിക്ക് ഇരയായി. നിര്‍മിച്ച വീടുകള്‍ താമസിക്കാന്‍ യോഗ്യമായുമില്ല.

സഹോദരീ സഹോദരന്മാരേ,

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഇന്ന് നിര്‍മ്മിക്കുന്ന വീടുകള്‍ ഒരു പദ്ധതിയില്‍ മാത്രം ഒതുങ്ങുന്നില്ല; ഇത് നിരവധി സ്്കീമുകളുടെ ഒരു പാക്കേജാണ്. ശുചിത്വ ഭാരത അഭിയാനു കീഴില്‍ നിര്‍മ്മിച്ച ഒരു ശുചിമുറി ഇവിടെയുണ്ട്; സൗഭാഗ്യ യോജന പ്രകാരം വൈദ്യുതി കണക്ഷന്‍ ലഭ്യമാണ്; ഉജ്ജ്വല സ്‌കീമിന് കീഴില്‍ സൗജന്യ എല്‍പിജി ഗ്യാസ് കണക്ഷനും ജല്‍ ജീവന്‍ അഭിയാന്‍ പ്രകാരം ടാപ്പ് വെള്ളവും ലഭ്യമാണ്.

നേരത്തെ ഈ സൗകര്യങ്ങളെല്ലാം ലഭിക്കാന്‍ പാവപ്പെട്ടവര്‍ക്ക് വര്‍ഷങ്ങളോളം ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. ഇന്ന്, ഈ സൗകര്യങ്ങള്‍ക്കൊപ്പം, പാവപ്പെട്ടവര്‍ക്കും സൗജന്യ റേഷനും സൗജന്യ ചികിത്സയും ലഭിക്കുന്നു. ദരിദ്രര്‍ക്കുള്ള സംരക്ഷണ കവചം എത്ര വലുതാണെന്ന് സങ്കല്‍പ്പിച്ചു നോക്കുക!

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി ആവാസ് യോജന പാവപ്പെട്ടവര്‍ക്കും സ്ത്രീ ശാക്തീകരണത്തിനും വലിയ പ്രചോദനം നല്‍കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 4 കോടിയോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നല്‍കി. ഇതില്‍ 70 ശതമാനത്തോളം വീടുകളും സ്ത്രീ ഗുണഭോക്താക്കളുടെ പേരിലാണ്. ഈ കോടിക്കണക്കിന് സഹോദരിമാര്‍ ആദ്യമായി സ്വത്ത് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇവിടെ നമ്മുടെ രാജ്യത്തും ഗുജറാത്തില്‍പ്പോലും സാധാരണഗതിയില്‍ വീട് ഒരു പുരുഷന്റെ പേരില്‍, കാര്‍ പുരുഷന്റെ പേരിലും, കൃഷി ഒരു പുരുഷന്റ പേരില്‍, സ്‌കൂട്ടറും പുരുഷന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്യപ്പെടാള്ളതെന്നും അറിയാം; ഒരു പുരുഷന്റെ, ഭര്‍ത്താവിന്റെ പേരില്‍. ആളുടെ മരണത്തിനു ശേഷവും അത് അവന്റെ മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. സ്ത്രീയുടെയോ അമ്മയുടെയോ പേരില്‍ ഒന്നുമില്ല. മോദി ഈ സാഹചര്യം മാറ്റി. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ഇപ്പോള്‍ സ്ത്രീകളുടെയോ അമ്മയുടെയോ പേര് ചേര്‍ക്കണം അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് മാത്രമായി അവകാശം നല്‍കണം.

 

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഓരോ വീടിനും ഇനി മുതല്‍ 50,000 രൂപയോ അതില്‍ കൂടുതലോ വിലയില്ല. ഇപ്പോള്‍ ഏകദേശം 1.5-1.75 ലക്ഷം രൂപയാണ് വില. അതായത് പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള വീടുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ലക്ഷങ്ങള്‍ വിലയുള്ള വീടുകളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടുകളുടെ ഉടമകളുമാണ്. ഇതിനര്‍ത്ഥം കോടിക്കണക്കിന് സ്ത്രീകള്‍ 'ലക്ഷാധിപതികള്‍' ആയിത്തീര്‍ന്നിരിക്കുന്നു, അതിനാല്‍ എന്റെ 'ലക്ഷാധിപതി' സഹോദരിമാര്‍ ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും എന്നെ അനുഗ്രഹിക്കും; അങ്ങനെ എനിക്ക് അവര്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

സുഹൃത്തുക്കളേ,

രാജ്യത്ത് വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം മുന്‍നിര്‍ത്തിയും ഭാവിയിലെ വെല്ലുവിളികള്‍ മനസ്സില്‍ വെച്ചുമാണ് ബിജെപി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്കോട്ടില്‍ ആയിരത്തിലധികം വീടുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. ഈ വീടുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍, കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കപ്പെട്ടതും ഒരുപോലെ സുരക്ഷിതവുമാണ്. ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴില്‍, രാജ്യത്തെ 6 നഗരങ്ങളില്‍ ഞങ്ങള്‍ ഈ പരീക്ഷണം നടത്തി. അത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച്, വരും കാലത്ത് പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ വിലകുറഞ്ഞതും ആധുനികവുമായ വീടുകള്‍ ലഭ്യമാകാന്‍ പോകുന്നു.


സുഹൃത്തുക്കളേ,

ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റൊരു വെല്ലുവിളിയെ നമ്മുടെ ഗവണ്‍മെന്റ് അതിജീവിച്ചിരിക്കുന്നു. നേരത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വേച്ഛാധിപത്യം നിലനിന്നിരുന്നു. തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമമില്ല. പ്ലാനുകളുമായി വന്നിരുന്ന ഈ വലിയ നിര്‍മ്മാതാക്കള്‍ അത്തരം മനോഹരമായ ഫോട്ടോകള്‍ കാണിക്കും, വാങ്ങുന്നയാള്‍ ആ വീട് വാങ്ങാന്‍ തീരുമാനിക്കും. എന്നാല്‍ വീട് കൈമാറുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു വീട് നല്‍കും. കടലാസില്‍ എന്തെങ്കിലും ഉണ്ടായിരിക്കും, പക്ഷേ തികച്ചും വ്യത്യസ്തമായ എന്തെങ്കിലും കൈമാറും.

ഞങ്ങള്‍ ഒരു റെറ നിയമം രൂപീകരിച്ചു. ഇത് ഇടത്തരം കുടുംബങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കൃത്യമായ വീടും പണമടയ്ക്കുമ്പോള്‍ കാണിച്ചിരിക്കുന്ന ഡിസൈനിലും നിര്‍മ്മിക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം അവരെ ജയിലില്‍ അടയ്ക്കും. മാത്രവുമല്ല, സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി, ഇടത്തരക്കാരായ കുടുംബങ്ങളെ അവരുടെ വീട് പണിയാന്‍ സഹായിക്കുന്നതിന് പലിശ നിരക്കിലുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം ഇടത്തരക്കാര്‍ക്ക് ബാങ്ക് വായ്പയും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഗുജറാത്തും ഈ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഗുജറാത്തിലെ 5 ലക്ഷം ഇടത്തരം കുടുംബങ്ങള്‍ക്ക് 11,000 കോടി രൂപ സഹായമായി നല്‍കിയതിലൂടെ ഗവണ്‍മെന്റ് അവരുടെ ജീവിത സ്വപ്നം സാക്ഷാത്കരിച്ചു.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് നാമെല്ലാവരും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങള്‍, പ്രത്യേകിച്ച് ടയര്‍-2, ടയര്‍-3 നഗരങ്ങള്‍ ഈ പരിസ്ഥിതിയെ ത്വരിതപ്പെടുത്തും.

ഇന്ന് നഗരാസൂത്രണത്തില്‍ നാം ജീവിത സൗകര്യത്തിനും ജീവിത നിലവാരത്തിനും തുല്യ ഊന്നല്‍ നല്‍കുന്നു. ആളുകള്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള യാത്രയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് ഈ ചിന്തയില്‍ മെട്രോ ശൃംഖല രാജ്യത്ത് വിപുലീകരിക്കുകയാണ്. 2014 വരെ രാജ്യത്ത് 250 കിലോമീറ്ററില്‍ താഴെ മെട്രോ റെയില്‍ ശൃംഖലയുണ്ടായിരുന്നു. അതായത് 40 വര്‍ഷം കൊണ്ട് 250 കിലോമീറ്റര്‍ മെട്രോ പാത പോലും നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 600 കിലോമീറ്റര്‍ പുതിയ മെട്രോ റൂട്ടുകള്‍ സ്ഥാപിക്കുകയും അവയില്‍ മെട്രോ ഓടാന്‍ തുടങ്ങുകയും ചെയ്തു.

ഇന്ന് രാജ്യത്തെ 20 നഗരങ്ങളിലാണ് മെട്രോ ഓടുന്നത്. മെട്രോയുടെ വരവോടെ അഹമ്മദാബാദ് പോലുള്ള നഗരങ്ങളില്‍ പൊതുഗതാഗതം എത്രത്തോളം പ്രാപ്യമായെന്ന് ഇന്ന് നിങ്ങള്‍ കാണുന്നുണ്ട്. നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ ആധുനികവും വേഗതയേറിയതുമായ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കുമ്പോള്‍, അത് വലിയ നഗരങ്ങളിലെ സമ്മര്‍ദ്ദം കുറയ്ക്കും. അഹമ്മദാബാദ്-ഗാന്ധിനഗര്‍ പോലുള്ള ഇരട്ട നഗരങ്ങളെ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള ട്രെയിനുകളും ബന്ധിപ്പിക്കുന്നു. അതുപോലെ, ഗുജറാത്തിലെ പല നഗരങ്ങളിലും ഇലക്ട്രിക് ബസുകളുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും, ശുദ്ധമായ അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കുമ്പോള്‍ മാത്രമേ നമ്മുടെ നഗരങ്ങളില്‍ ജീവിതനിലവാരം സാധ്യമാകൂ. ഇതിനായി പ്രതിബദ്ധതയോടെയാണ് രാജ്യത്തെ പ്രവര്‍ത്തനം. നമ്മുടെ രാജ്യത്ത് ഓരോ ദിവസവും ആയിരക്കണക്കിന് ടണ്‍ മുനിസിപ്പല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. നേരത്തെ ഈ വിഷയത്തില്‍ രാജ്യത്ത് ഗൗരവമൊന്നും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി, മാലിന്യ സംസ്‌കരണത്തിന് ഞങ്ങള്‍ വളരെയധികം ഊന്നല്‍ നല്‍കി. 2014ല്‍ രാജ്യത്ത് 14-15 ശതമാനം മാലിന്യ സംസ്‌കരണം മാത്രമാണ് നടന്നതെങ്കില്‍ ഇന്ന് 75 ശതമാനം മാലിന്യങ്ങളും സംസ്‌കരിക്കപ്പെടുന്നു. ഇത് നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് നമ്മുടെ നഗരങ്ങളില്‍ ഈ മാലിന്യ മലകള്‍ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റും ഇത്തരം മാലിന്യ മലകള്‍ ഇല്ലാതാക്കാനുള്ള ദൗത്യത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ്.

 

സുഹൃത്തുക്കളേ,

ജല മാനേജ്‌മെന്റിന്റെയും ജലവിതരണ ഗ്രിഡിന്റെയും മികച്ച മാതൃകയാണ് ഗുജറാത്ത് രാജ്യത്തിന് നല്‍കിയത്. 3,000 കിലോമീറ്റര്‍ പ്രധാന പൈപ്പ്ലൈനിനെയും 1.25 ലക്ഷം കിലോമീറ്ററിലധികം വിതരണ ലൈനിനെയും കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരാള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്, കാരണം ഇത് വളരെ വലിയ ജോലിയാണ്. എന്നാല്‍ അവിശ്വസനീയമായ ഈ പ്രവൃത്തി ഗുജറാത്തിലെ ജനങ്ങള്‍ ചെയ്തിരിക്കുന്നു. ഇതോടെ ഏകദേശം 15,000 ഗ്രാമങ്ങളിലും 250 നഗരപ്രദേശങ്ങളിലും കുടിവെള്ളം എത്തി. ഇത്തരം സൗകര്യങ്ങളോടെ ഗുജറാത്തിലെ പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും എല്ലാവരുടെയും ജീവിതം എളുപ്പമാവുകയാണ്. അമൃത സരോവരങ്ങളുടെ നിര്‍മ്മാണത്തില്‍ ഗുജറാത്തിലെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയ രീതിയും പ്രശംസനീയമാണ്.

സുഹൃത്തുക്കളേ,

വികസനത്തിന്റെ ഈ വേഗത നമുക്ക് തുടര്‍ച്ചയായി നിലനിര്‍ത്തേണ്ടതുണ്ട്. എല്ലാവരുടെയും പരിശ്രമത്തിലൂടെ, അമൃത കാലത്തിന്റെ എല്ലാ തീരുമാനങ്ങളും പൂര്‍ത്തീകരിക്കപ്പെടും. അവസാനം, വികസന പദ്ധതികളുടെ പേരില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുകയും വീടുകള്‍ ലഭിക്കുകയും ചെയ്ത കുടുംബങ്ങള്‍ ഇപ്പോള്‍ പുതിയൊരു ദൃഢനിശ്ചയം എടുത്ത് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്ത് ശേഖരിക്കണം. വികസനത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്. നിങ്ങള്‍ക്കും അതിന് അര്‍ഹതയുണ്ട്, ഞങ്ങളും ഞങ്ങളുടെ പരിശ്രമം നടത്തുകയാണ്. അതിനാല്‍, ഇന്ത്യയെ വേഗത്തിലാക്കാനും ഗുജറാത്തിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് കൊണ്ടുപോകാനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഈ പ്രതീക്ഷയുടെ ഊര്‍ജ്ജത്തോടെ എല്ലാവര്‍ക്കും വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi