നമഃ പാര്‍വതീപതയേ, ഹര്‍ ഹര്‍ മഹാദേവ്!
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!
ബാബ ശിവന്റെ ഈ പുണ്യഭൂമിയില്‍നിന്ന് കാശിയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
എന്റെ കാശിയിലെ ജനങ്ങളുടെ ഈ അഭിനിവേശം ഈ ശൈത്യകാലത്തും അന്തരീക്ഷം ചൂടാകാനിടയാക്കി. വാരണാസിയില്‍ ജിയാ റാസ ബനാറസ്! എന്നു പറയാറുണ്ടല്ലോ. ശരി, ഒന്നാമതായി, എനിക്ക് കാശിക്കാര്‍ക്കെതിരെ ഒരു പരാതിയുണ്ട്. ഞാന്‍ എന്റെ പരാതി പറയണോ? ഈ വര്‍ഷം ദേവ് ദീപാവലിയില്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല, ഇത്തവണ ദേവ് ദീപാവലിയില്‍ കാശിയിലെ ജനങ്ങള്‍ ഒരുമിച്ച് എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു.
എല്ലാം നല്ലതായിരിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് പരാതി പറയുന്നതെന്ന് നിങ്ങള്‍ എല്ലാവരും ചിന്തിച്ചേക്കാം. എനിക്ക് പരാതിയുണ്ട്, കാരണം രണ്ട് വര്‍ഷം മുമ്പ് ദേവ് ദീപാവലി ദിനത്തില്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ അന്നത്തെ റെക്കോര്‍ഡും നിങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍, കുടുംബത്തിലെ അംഗമായതിനാല്‍, ഞാന്‍ തീര്‍ച്ചയായും പരാതിപ്പെടും, കാരണം നിങ്ങളുടെ കഠിനാധ്വാനത്തിന് സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഇത്തവണ ഇവിടെ ഉണ്ടായിരുന്നില്ല. ഇത്തവണ ദേവ് ദീപാവലിയിലെ അതിമനോഹരമായ ആഘോഷങ്ങള്‍ കാണാന്‍ ജനങ്ങള്‍ എത്തിയിരുന്നു; വിദേശത്ത് നിന്നുള്ള അതിഥികളും എത്തിയിരുന്നു. ഡല്‍ഹിയില്‍വെച്ച് മുഴുവന്‍ സംഭവങ്ങളും അവര്‍ എന്നോട് പറഞ്ഞു. അത് ജി-20യുടെ അതിഥികളായാലും വാരാണസിയിലേക്ക് വരുന്ന അതിഥികളായാലും, അവര്‍ വാരണാസിയിലെ ജനങ്ങളെ പ്രശംസിക്കുമ്പോള്‍ എനിക്കും അഭിമാനം തോന്നുന്നു. കാശിക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ ലോകം പുകഴ്ത്തുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്. മഹാദേവന്റെ കാശിയിലേക്ക് എന്റെ സേവനം അര്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു, ഇനിയും കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു.
എന്റെ കുടുംബാംഗങ്ങളെ,
കാശി വികസിക്കുമ്പോള്‍ യുപിയും വികസിക്കും. യുപി വികസിക്കുമ്പോള്‍ രാജ്യവും വികസിക്കും. ഇന്നും അതേ ആവേശത്തോടെ ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും കഴിഞ്ഞു. വാരണാസിയിലെ ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം, ബിഎച്ച്യു ട്രോമ സെന്ററിലെ തീവ്രപരിചരണ യൂണിറ്റ്, അതുപോലെ റോഡ്, വൈദ്യുതി, ഗംഗാഘട്ട്, റെയില്‍വേ, വിമാനത്താവളം, സൗരോര്‍ജ്ജം, പെട്രോളിയം തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവ ഈ മേഖലയുടെ വികസനത്തിന് പ്രധാനമാണ്. ഇതൊക്കെ വികസനത്തിന്റെ വേഗത കൂടുതല്‍ ത്വരിതപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം വൈകുന്നേരം കാശി-കന്യാകുമാരി തമിഴ് സംഗമം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന് വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടി പുറപ്പെട്ടു. മൗ-ദോഹ്രിഘട്ട് തീവണ്ടിയും ഇന്ന് ആരംഭിക്കും. ഈ പാത ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ദോഹ്രിഘട്ടില്‍ നിന്നും ്അതുപോലെ ബര്‍ഹല്‍ഗഞ്ച്, ഹട്ട, ഗോല-ഗഗാഹ എന്നിവിടങ്ങളില്‍ നിന്നുമുള്ള എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും. ഈ എല്ലാ വികസന പദ്ധതികള്‍ക്കും ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന് കാശി ഉള്‍പ്പെടെ രാജ്യമൊന്നാകെ വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. വികസിത ഭാരത സങ്കല്‍പ യാത്ര ആയിരക്കണക്കിന് ഗ്രാമങ്ങളിലും ആയിരക്കണക്കിന് നഗരങ്ങളിലും എത്തി. കോടിക്കണക്കിന് ആളുകളാണ് ഈ യാത്രയുമായി ബന്ധപ്പെടുന്നത്. ഇവിടെ കാശിയില്‍, വികസിത ഭാരത സങ്കല്‍പ യാത്രയുടെ ഭാഗമാകാന്‍ എനിക്കും അവസരം ലഭിച്ചു. ഈ യാത്രയില്‍ ഓടുന്ന വാഹനത്തെ മോദിയുടെ ഗാരന്റി വാഹനമെന്നാണ് ജനങ്ങള്‍ വിളിക്കുന്നത്. മോദിയുടെ ഉറപ്പ് നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമാണ്, അല്ലേ? ദരിദ്രരുടെ ക്ഷേമത്തിനും പൊതുജനക്ഷേമത്തിനുമായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ ഒരു ഗുണഭോക്താവിനും നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നേരത്തെ സൗകര്യങ്ങള്‍ തേടി ദരിദ്രര്‍ ഗവണ്‍മെന്റിന്റെ അടുത്തേക്ക് പോയിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് തന്നെ പാവപ്പെട്ടവരുടെ അടുത്തേക്ക് പോകുമെന്നാണ് ഇപ്പോള്‍ മോദി പറഞ്ഞത്. അതുകൊണ്ട് തന്നെ മോദിയുടെ ഗ്യാരണ്ടിയുള്ള വാഹനം സൂപ്പര്‍ഹിറ്റായി. കാശിയിലും ഗവണ്‍മെന്റ് പദ്ധതികള്‍, നേരത്തെ ലഭിക്കാതിരുന്ന ആയിരക്കണക്കിന് പുതിയ ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തി. ചിലര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് ലഭിച്ചു, ചിലര്‍ക്ക് സൗജന്യ റേഷന്‍ കാര്‍ഡ് ലഭിച്ചു, അല്ലെങ്കില്‍ ഒരു നല്ല വീട് നല്‍കുമെന്ന് ഉറപ്പു ലഭിച്ചു, ചിലര്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷന്‍ ലഭിച്ചു, ചിലര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചു. ഒരു ഗുണഭോക്താവിനും നഷ്ടപ്പെടാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം; എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കണം. ഈ പ്രചാരണ പദ്ധതിയില്‍ നിന്ന് ആളുകള്‍ നേടിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിശ്വാസമാണ്. പദ്ധതികളുടെ പ്രയോജനം നേടിയവര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്. ഒരു ദിവസം തങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന ആത്മവിശ്വാസം അവശരില്‍ പ്രകടമായിട്ടുണ്ട്. ഈ വിശ്വാസം 2047-ഓടെ ഭാരതം ഒരു വികസിത രാഷ്ട്രമായി മാറുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.
പൗരന്മാര്‍ക്ക് പുറമെ എനിക്കും പ്രയോജനമുണ്ട്. 2 ദിവസമായി ഞാന്‍ ഈ സങ്കല്‍പ യാത്രയില്‍ പങ്കെടുക്കുകയും പൗരന്മാരെ കാണുകയും ചെയ്യുന്നു. ഇന്നലെ സ്‌കൂള്‍ കുട്ടികളെ കാണാന്‍ അവസരം കിട്ടി. എന്തൊരു ആത്മവിശ്വാസമായിരുന്നു അവര്‍ക്ക്! പെണ്‍കുട്ടികള്‍ അത്രയും മനോഹരമായ കവിതകള്‍ ചൊല്ലുന്നുണ്ടായിരുന്നു; ചിലര്‍ ശാസ്ത്രം വിശദീകരിച്ചു. അങ്കണവാടിയിലെ കുട്ടികള്‍ പാട്ടുകള്‍ പാടി ഞങ്ങളെ വരവേറ്റു. എനിക്ക് വലിയ സന്തോഷം ലഭിക്കുന്നു! ഇന്ന് നമ്മുടെ സഹോദരിമാരിലൊരാളായ ചന്ദാദേവിയുടെ പ്രസംഗം ഞാന്‍ കേട്ടു. വളരെ മനോഹരമായ ഒരു പ്രസംഗമായിരുന്നു അത്! ചില പ്രമുഖര്‍ക്ക് പോലും ഇത്തരമൊരു പ്രസംഗം നടത്താന്‍ കഴിയില്ലെന്ന് ഞാന്‍ പറയും. അവള്‍ എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നതിനാല്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അവര്‍ക്കുണ്ടായിരുന്നു, അവര്‍ നമ്മുടെ ലഖ്പതി ദീദിയാണ്. അവര്‍ ലഖ്പതി ദീദി ആയതിനാല്‍ ഞാന്‍ അവരെ അഭിനന്ദിച്ചപ്പോള്‍, അവള്‍ പറഞ്ഞു: സര്‍, ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റ് 3-4 സഹോദരിമാരും ലക്ഷാധിപതികളായി. എല്ലാവരെയും ലക്ഷാധപതികളാക്കാന്‍ അവര്‍ ദൃഢനിശ്ചയം കൈക്കൊണ്ടിട്ടുമുണ്ട്.
അതിനാല്‍, ഈ സങ്കല്‍പ യാത്രയിലൂടെ സമൂഹത്തിനുള്ളില്‍ അപാരമായ കഴിവുകളുള്ള നമ്മുടെ ആളുകളെ ഞങ്ങള്‍ കണ്ടുമുട്ടി. നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളും കുട്ടികളും കഴിവുള്ളവരാണ്. കായികരംഗത്തും അറിവിന്റെ കാര്യത്തിലും അവര്‍ മിടുക്കരാണ്. ഇവയെല്ലാം നേരിട്ട് കാണാനും മനസ്സിലാക്കാനും അറിയാനും അനുഭവിക്കാനുമുള്ള ഏറ്റവും വലിയ അവസരമാണ് സങ്കല്‍പ് യാത്ര എനിക്ക് നല്‍കിയത്. അതുകൊണ്ടാണ് പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും ഞാന്‍ പറയുന്നത്, ഈ വികസിത ഭാരത സങ്കല്‍പ യാത്ര നമ്മളെപ്പോലുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഒരു സഞ്ചരിക്കുന്ന സര്‍വ്വകലാശാലയാണെന്ന്. നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. 2 ദിവസം കൊണ്ട് ഞാന്‍ ഒരുപാട് പഠിച്ചു; പലതരം കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി. ഇന്ന് എനിക്ക് അനുഗ്രഹമായി തോന്നുന്നു.
എന്റെ കുടുംബാംഗങ്ങളെ,
कहल जाला: काशी कबहु ना छाड़िए, विश्वनाथ दरबार। കാശിയിലെ ജീവിതം സുഗമമാക്കുന്നതിനൊപ്പം, കാശിയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ ഗവണ്‍മെന്റ് ഒരുപോലെ കഠിനാധ്വാനം ചെയ്യുന്നു. ഗ്രാമങ്ങളായാലും നഗരപ്രദേശങ്ങളായാലും ഇവിടെ മികച്ച കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇവിടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്ന പദ്ധതികള്‍ കാശിയുടെ വികസനത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ചുറ്റുമുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളും ഉണ്ട്. ശിവപൂര്‍-ഫുല്‍വാരിയ-ലഹര്‍താര റോഡ്, റോഡ്-ഓവര്‍ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണം സമയവും ഇന്ധനവും ലാഭിക്കാന്‍ സഹായകമാകും. നഗരത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ബാബത്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും ഈ പദ്ധതി വലിയ സഹായമാകും.
എന്റെ കുടുംബാംഗങ്ങളെ,
ആധുനിക കണക്റ്റിവിറ്റിയും സൗന്ദര്യവല്‍ക്കരണവും കാരണം സംഭവിക്കുന്ന മാറ്റങ്ങള്‍ കാശിയുടെ ഉദാഹരണത്തിലൂടെ നമുക്ക് കാണാന്‍ കഴിയും. ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവും ആത്മീയതയുടെ കേന്ദ്രവുമായ കാശിയുടെ പ്രൗഢി അനുദിനം വര്‍ധിച്ചുവരികയാണ്. വിനോദസഞ്ചാരവും ഇവിടെ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ വിനോദസഞ്ചാരത്തിലൂടെ കാശിയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ശ്രീ കാശി വിശ്വനാഥ് ധാമിന്റെ പ്രകാശനത്തിനുശേഷം ഇതുവരെ 13 കോടി ആളുകള്‍ ബാബ വിശ്വനാഥിനെ സന്ദര്‍ശിച്ചു. വാരണാസിയിലേക്ക് വരുന്ന ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വിനോദസഞ്ചാരി സന്ദര്‍ശിക്കുമ്പോള്‍, അയാള്‍ എന്തെങ്കിലും കൊണ്ടുപോകുന്നു. ഓരോ വിനോദസഞ്ചാരിയും കാശിയില്‍ 100, 200, 500, 1000, 5000 രൂപ ചെലവിടുന്നു. ആ പണം നിങ്ങളുടെ കീശയിലെത്തുന്നു. ആദ്യം നമ്മുടെ രാജ്യത്തെ 15 നഗരങ്ങളെങ്കിലും സന്ദര്‍ശിക്കണം, എന്നിട്ട് മറ്റെവിടെയെങ്കിലും പോകുന്നതിനെക്കുറിച്ച് ആലോചിക്കണം എന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. നേരത്തെ സിംഗപ്പൂരോ ദുബായിയോ സന്ദര്‍ശിക്കണമെന്ന് കരുതിയിരുന്ന ആളുകള്‍ ഇപ്പോള്‍ ആദ്യം സ്വന്തം രാജ്യം പര്യവേക്ഷണം ചെയ്യാന്‍ പോകുന്നതിലും ആദ്യം അവരുടെ രാജ്യം പോയി കാണാന്‍ കുട്ടികളോട് പറയുന്നതിലും എനിക്ക് സന്തോഷമുണ്ട്. വിദേശത്ത് ചെലവഴിച്ചിരുന്ന പണം ഇപ്പോള്‍ സ്വന്തം നാട്ടില്‍ ചെലവഴിക്കുകയാണ്.
സഹോദരീ സഹോദരന്മാരെ,
വിനോദസഞ്ചാരം വര്‍ധിക്കുമ്പോള്‍ എല്ലാവരും സമ്പാദിക്കുന്നു. വിനോദസഞ്ചാരികള്‍ വാരണാസി സന്ദര്‍ശിക്കുമ്പോള്‍ ഹോട്ടലുടമകളും പണം സമ്പാദിക്കുന്നു. വാരണാസിയില്‍ വരുന്ന ഓരോ വിനോദസഞ്ചാരിയും ടൂര്‍-ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കും നമ്മുടെ ബോട്ടുകാര്‍ക്കും നമ്മുടെ റിക്ഷ വലിക്കുന്നവര്‍ക്കും കുറച്ച് വരുമാനം നല്‍കുന്നു. ഇവിടെ വിനോദസഞ്ചാരം വര്‍ധിച്ചതിനാല്‍ ചെറുതും വലുതുമായ കടയുടമകള്‍ക്കെല്ലാം വമ്പിച്ച നേട്ടമാണ് ലഭിച്ചത്. ശരി, ഒരു കാര്യം പറയൂ. ഗോദൗലിയയില്‍ നിന്ന് ലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചോ ഇല്ലയോ?
സുഹൃത്തുക്കളെ,
കാശിയിലെ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍, ഇവിടെയുള്ള വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇന്ന്, ഏകീകൃത വിനോദസഞ്ചാര പാസ് സമ്പ്രദായമായ കാശി ദര്‍ശന്‍, സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴില്‍ വാരണാസിയിലും ആരംഭിച്ചു. ഇതോടെ വിനോദസഞ്ചാരികള്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഒരു പാസിലൂടെ എല്ലായിടത്തും പ്രവേശനം സാധ്യമാകും.
സുഹൃത്തുക്കളെ,
വാരണാസിയുടെ വിനോദസഞ്ചാര വെബ്സൈറ്റ്, കാശി, കാശിയില്‍ എന്താണ് കാണേണ്ടത് എന്നതിനെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ചിട്ടുണ്ട്; കാശിയിലെ ഭക്ഷണപാനീയങ്ങള്‍ക്കു പ്രശസ്തമായ സ്ഥലങ്ങള്‍ ഏതൊക്കെയാണ്, വിനോദവും ചരിത്രപരമായ പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണ്, ആസ്വാദനത്തിനും ചരിത്രപ്രധാന കാര്യങ്ങള്‍ അറിയാനും പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നെല്ലാമറിയാം. ഇനി, ഇത് മലയിയോയുടെ കാലമോ ശീതകാല വെയിലിലെ ചുര മാതറിന്റെ ആഹ്ലാദമോ ആണെന്ന് പുറത്ത് നിന്നുള്ള ഒരാള്‍ എങ്ങനെ അറിയും? ആ വ്യക്തി എങ്ങനെ അറിയും? ഗോദൗലിയയുടെ ചാട്ട് ആയാലും രാംനഗറിലെ ലസ്സി ആയാലും ഈ വിവരങ്ങളെല്ലാം ഇപ്പോള്‍ കാശി വെബ്‌സൈറ്റില്‍ കാണാം.
സുഹൃത്തുക്കളെ,
ഇന്ന് ഗംഗയിലെ നിരവധി ഘാട്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ആധുനിക ബസ് ഷെല്‍ട്ടറുകളോ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോ ആകട്ടെ, അത് വാരണാസിയിലെത്തുന്ന ആളുകളുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തും.
എന്റെ കുടുംബാംഗങ്ങളെ,
കാശിയില്‍ ഉള്‍പ്പെടെ രാജ്യത്തെ റെയില്‍ ഗതാഗതത്തിന് ഇന്ന് നിര്‍ണായക ദിനമാണ്. റെയില്‍വേയുടെ വേഗത വര്‍ധിപ്പിക്കാന്‍ രാജ്യത്ത് വന്‍ പദ്ധതി നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ. ചരക്ക് തീവണ്ടികള്‍ക്കായി കിഴക്കും പടിഞ്ഞാറും പ്രത്യേക ചരക്ക് ഇടനാഴികള്‍ നിര്‍മിക്കുന്നതോടെ റെയില്‍വേയുടെ സ്ഥിതി മാറും. ഇതോടനുബന്ധിച്ച് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംക്ഷനും ന്യൂ ഭൗപൂര്‍ ജംക്ഷനും ഇടയിലുള്ള ഭാഗം ഇന്ന് ഉദ്ഘാടനം ചെയ്തു. ഇത് കിഴക്കന്‍ ഭാരതത്തില്‍ നിന്ന് യുപിയിലേക്ക് കല്‍ക്കരിയും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തിക്കുന്നത് എളുപ്പമാക്കും. കാശി മേഖലയിലെ വ്യവസായങ്ങളില്‍ നിര്‍മ്മിക്കുന്ന ചരക്കുകളും കര്‍ഷകരുടെ ഉല്‍പന്നങ്ങളും കിഴക്കന്‍ ഇന്ത്യയിലേക്കും വിദേശത്തേക്കും എത്തിക്കുന്നതിനും ഇത് വളരെയധികം സഹായിക്കും.
സുഹൃത്തുക്കളെ,
ഇന്ന്, വാരണാസി റെയില്‍വേ യന്ത്രനിര്‍മാണ ഫാക്ടറിയില്‍ നിര്‍മ്മിച്ച പതിനായിരാമത്തെ എഞ്ചിനും പ്രവര്‍ത്തനക്ഷമമായി. ഇത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്നതിനായുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. യുപിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാവസായികവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന്, താങ്ങാനാവുന്നതും മതിയായതുമായ വൈദ്യുതിയുടെയും ഗ്യാസിന്റെയും ലഭ്യത ആവശ്യമാണ്. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമഫലമായി സൗരോര്‍ജ മേഖലയില്‍ യുപി അതിവേഗം മുന്നേറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ചിത്രകൂടിലെ 800 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പാര്‍ക്ക് യുപിയില്‍ ആവശ്യത്തിന് വൈദ്യുതി നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തും. ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമീപ ഗ്രാമങ്ങളുടെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. സൗരോര്‍ജ്ജം കൂടാതെ, പെട്രോളിയവുമായി ബന്ധപ്പെട്ട ശക്തമായ ഒരു ശൃംഖലയും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡിയോറിയയിലും മിര്‍സാപൂരിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ പെട്രോള്‍-ഡീസല്‍, ബയോ-സിഎന്‍ജി, എത്തനോള്‍ എന്നിവയുടെ സംസ്‌കരണത്തിനും സഹായിക്കും.
എന്റെ കുടുംബാംഗങ്ങളെ,
ഒരു വികസിത ഭാരതത്തിന് രാജ്യത്തെ സ്ത്രീശക്തി, യുവശക്തി, കര്‍ഷകര്‍, എല്ലാ ദരിദ്രരും എന്നിവര്‍ക്കു വികസനം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ നാല് വിഭാഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ നാല് വിഭാഗങ്ങളും ശക്തമായാല്‍ രാജ്യം മുഴുവന്‍ ശക്തമാകും. ഈ ചിന്ത മനസ്സില്‍ വെച്ചാണ് നമ്മുടെ ഗവണ്‍മെന്റ് കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി ഇതുവരെ രാജ്യത്തെ ഓരോ കര്‍ഷകന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 30,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്ത ചെറുകിട കര്‍ഷകര്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്. ജൈവകൃഷിക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം കര്‍ഷകര്‍ക്കായി ആധുനിക സംവിധാനങ്ങളും നമ്മുടെ ഗവണ്‍മെന്റ് വികസിപ്പിക്കുന്നുണ്ട്. ഈ നടന്നുകൊണ്ടിരിക്കുന്ന വികസിത ഭാരത സങ്കല്‍പ യാത്രയില്‍, എല്ലാ കര്‍ഷകരും ഡ്രോണുകളെ നോക്കി വളരെ ആവേശഭരിതരാകുന്നു. ഈ ഡ്രോണുകള്‍ നമ്മുടെ കാര്‍ഷിക വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്താന്‍ പോകുന്നു. രാസവളവും കീടനാശിനികളും തളിക്കുന്നത് എളുപ്പമാകും. ഇതിനായി 'നമോ ഡ്രോണ്‍ ദീദി' എന്ന പദ്ധതിയും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ ആളുകള്‍ അതിനെ നമോ ദീദി എന്ന് വിളിക്കുന്നു. ഈ പദ്ധതിക്കു കീഴില്‍, സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സഹോദരിമാര്‍ക്ക് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നുണ്ട്. കാശിയിലെ സഹോദരിമാരും പെണ്‍മക്കളും ഡ്രോണുകളുടെ മേഖലയില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ പോകുന്ന ദിവസം വിദൂരമല്ല.
സുഹൃത്തുക്കള,
നിങ്ങളുടെ എല്ലാവരുടെയും പ്രയത്നത്താല്‍ വാരണാസിയിലെ ആധുനിക ബാനസ് ഡയറി പ്ലാന്റ് അഥവാ അമുലിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നു, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്ന് ശങ്കര്‍ ഭായ് എന്നോട് പറഞ്ഞു. ബാനസ് ഡെയറി വാരണാസിയില്‍ 500 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. ഈ ഡയറി പശുവളര്‍ത്തലിനായി ഒരു പദ്ധതിയും നടത്തുന്നുണ്ട്. അതിനാല്‍ പാലുല്‍പാദനം കൂടുതല്‍ വര്‍ദ്ധിക്കും. കര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് ബാനസ് ഡയറി. ലഖ്നൗവിലും കാണ്‍പൂരിലും ബാനസ് ഡയറി പ്ലാന്റുകള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം യുപിയിലെ 4000 ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ബാനസ് ഡെയറി 1000 കോടിയിലധികം രൂപ നല്‍കി. ഈ പരിപാടിയില്‍ മറ്റൊരു നിര്‍ണായക ജോലി കൂടി ഇവിടെ ചെയ്തു. ലാഭവിഹിതമായി ബാനസ് ഡയറി ഇന്ന് യുപിയിലെ ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 100 കോടിയിലധികം രൂപ നിക്ഷേപിച്ചു. ഈ ആനുകൂല്യങ്ങള്‍ ലഭിച്ച എല്ലാ കര്‍ഷകരെയും ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
കാശിയില്‍ ഒഴുകുന്ന വികസനത്തിന്റെ ഈ അമൃത് ഈ പ്രദേശത്തെയാകെ പുതിയ ഉയരങ്ങളിലെത്തിക്കും. പൂര്‍വാഞ്ചലിലെ ഈ പ്രദേശം മുഴുവന്‍ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു. എന്നാല്‍ മഹാദേവന്റെ അനുഗ്രഹത്താല്‍ മോദി ഇപ്പോള്‍ നിങ്ങളുടെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇനി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് നടക്കുന്നു. തന്റെ മൂന്നാം ഇന്നിംഗ്‌സില്‍ ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി രാജ്യത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞാന്‍ ഇന്ന് രാജ്യത്തിന് ഈ ഉറപ്പ് നല്‍കുന്നുണ്ടെങ്കില്‍ അത് എന്റെ കാശിക്കാരായ നിങ്ങളെല്ലാവരും കാരണമാണ്. എന്റെ തീരുമാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ എപ്പോഴും എന്നോടൊപ്പം നില്‍ക്കുന്നു.
വരൂ, ഒരിക്കല്‍ കൂടി കൈകള്‍ ഉയര്‍ത്തി പറയൂ - നമഃ: പാര്‍വതി പതയേ, ഹര്‍ ഹര്‍ മഹാദേവ്.
എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!