നമസ്‌കാരം!
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജി, ശ്രീമതി അന്നപൂര്‍ണാ ദേവി ജി, വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിമാരായ ഡോ. സുഭാസ് സര്‍ക്കാര്‍ ജി, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ജി, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ ജി, അദ്ദേഹത്തിന്റെ സംഘത്തിലെ ആദരണീയരായ അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രാജ്യത്തുടനീളമുള്ള പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ,
ദേശീയ അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ട നമ്മുടെ അധ്യാപകരെ ആദ്യം തന്നെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താരതമ്യപ്പെടുത്താനാവാത്ത വിധം പ്രയാസകരമായ സമയത്ത് അഭിനന്ദനാര്‍ഹമായി നിങ്ങള്‍ എല്ലാവരും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഭാവിക്കുമായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന ഞങ്ങളുടെ വിദ്യാര്‍ത്ഥികളെയും എനിക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഒന്നര അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി നിങ്ങളുടെ മുഖത്ത് വ്യത്യസ്തമായ ഒരു തിളക്കം കാണാം. സ്‌കൂളുകള്‍ തുറക്കുന്നതിനാലാവാം ഇത്. വളരെക്കാലത്തിനു ശേഷം സ്‌കൂളില്‍ പോകുന്നതിന്റെയും സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിലും ക്ലാസുകളില്‍ പഠിക്കുന്നതിലും ഉള്ള സന്തോഷം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. പക്ഷേ, ഉത്സാഹത്തോടൊപ്പം, നിങ്ങള്‍ ഉള്‍പ്പെടെ നമ്മള്‍ എല്ലാവരും കൊറോണ പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, ശിക്ഷക് പര്‍വ്വയോടനുബന്ധിച്ച് നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഈ പുതിയ പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയിലൂടെ ഞങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. രാജ്യം ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഈ സംരംഭങ്ങള്‍ പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷങ്ങമാകുമ്പോള്‍് രാജ്യം എങ്ങനെയായിരിക്കണം എന്ന് പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയാണ്. ഇന്ന് ആരംഭിച്ച പദ്ധതികള്‍ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ന് വിദ്യാഞ്ജലി -2.0, നിഷ്ഠ -3.0, സംസാരിക്കുന്ന പുസ്തകങ്ങള്‍, യുഡിഎല്‍ (ആഗോള പഠന രൂപകല്‍പന) അധിഷ്ഠിത ഐഎസ്എല്‍ ( ഇന്ത്യയുടെ ആംഗ്യഭാഷ) നിഘണ്ടു തുടങ്ങിയ പുതിയ പരിപാടികളും ക്രമീകരണങ്ങളും ആരംഭിച്ചു. സ്‌കൂള്‍ ഗുണനിലവാര മൂല്യനിര്‍ണ്ണയവും അത് ഉറപ്പുവരുത്തുന്ന ചട്ടക്കൂടും, അതായത് ( സ്‌കൂള്‍ ഗുണനിലവാരം ഉറപ്പുവരുത്തല്‍ ചട്ടക്കൂട്- എസ് ക്യു എ എ എഫ്) തുടങ്ങിവച്ചിരിക്കുന്നു. സ്‌കൂള്‍ ഗുണനിലവാരം ഉറപ്പുവരുത്തല്‍ ചട്ടക്കൂട് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കുക മാത്രമല്ല, ഭാവിയില്‍ തയ്യാറാകാന്‍ നമ്മുടെ യുവാക്കളെ സഹായിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
കൊറോണ കാലത്ത് പോലും നിങ്ങള്‍ എല്ലാവരും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രകടമാക്കിയിട്ടുണ്ട്. വെല്ലുവിളികള്‍ പലതായിരുന്നു. എന്നാല്‍ നിങ്ങള്‍ എല്ലാവരും ആ വെല്ലുവിളികള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍, ഗ്രൂപ്പ് വീഡിയോ കോളുകള്‍, ഓണ്‍ലൈന്‍ പ്രോജക്ടുകള്‍, ഓണ്‍ലൈന്‍ പരീക്ഷകള്‍ മുതലായവ മുമ്പ് കേട്ടിട്ടില്ല. എന്നാല്‍ നമ്മുടെ അധ്യാപകരും രക്ഷിതാക്കളും യുവാക്കളും അവ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റി!
സുഹൃത്തുക്കളേ,
ഈ കഴിവുകള്‍ മുന്നോട്ട് കൊണ്ടുപോകാനും ഈ പ്രയാസകരമായ സമയത്ത് നമ്മള്‍ പഠിച്ചതിന് ഒരു പുതിയ ദിശാബോധം നല്‍കാനുമുള്ള സമയമാണിത്. ഭാഗ്യവശാല്‍, ഒരു വശത്ത്, രാജ്യത്ത് മാറ്റത്തിനുള്ള ഒരു അന്തരീക്ഷമുണ്ട്, അതേസമയം പുതിയ ദേശീയ വിദ്യാഭ്യാസ നയം പോലെ ആധുനികവും ഭാവിയിലേക്കു നോക്കുന്നതുമായ ഒരു നയം ഉണ്ട്. രാജ്യം വിദ്യാഭ്യാസ മേഖലയില്‍ ഒന്നിനുപുറകെ ഒന്നായി തുടര്‍ച്ചയായി പുതിയ തീരുമാനങ്ങള്‍ എടുക്കുകയും പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഇതിനു പിന്നിലെ ഏറ്റവും വലിയ ശക്തിയിലേക്ക് എല്ലാ വിചക്ഷണരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രചാരണം നയത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരണം മുതല്‍ അത് നടപ്പിലാക്കുന്നത് വരെ എല്ലാ തലത്തിലും അക്കാദമിഷ്യന്‍മാരുടെയും വിദഗ്ധരുടെയും അധ്യാപകരുടെയും സംഭാവനകളുണ്ട്. അതില്‍ നിങ്ങള്‍ എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു. ഇപ്പോള്‍ നാം ഈ പങ്കാളിത്തം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്; അതില്‍ സമൂഹത്തെക്കൂടി നമ്മള്‍ ഉള്‍പ്പെടുത്തണം.
സുഹൃത്തുക്കളേ,
എല്ലാ സ്വത്തുക്കളിലും സമ്പത്തിലും വച്ച് ഏറ്റവും വലുത് അറിവാണ് എന്നു നാം കേട്ടിട്ടുണ്ടല്ലോ. കാരണം മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെ വര്‍ദ്ധിക്കുന്ന ഏക സമ്പത്താണ് അറിവ്. അറിവിന്റെ സംഭാവന പഠിപ്പിക്കുന്നവന്റെ ജീവിതത്തിലും വലിയ മാറ്റം കൊണ്ടുവരുന്നു. ഈ പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ഇത് അനുഭവപ്പെട്ടിരിക്കണം. പുതിയ എന്തെങ്കിലും പഠിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വ്യത്യസ്തമാണ്. വിദ്യാഞ്ജലി 2.0 ഇപ്പോള്‍ ഈ പുരാതന പാരമ്പര്യത്തെ ഒരു പുതിയ രസക്കൂട്ടുകൊണ്ടു ശക്തിപ്പെടുത്തും. ' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്നിവയ്ക്കായുള്ള രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് ' എല്ലാവരുടെയും പ്രയാസം' അറിയുന്ന് വളരെ സജീവമായ ഒരു വേദി പോലെയാണ് 'വിദ്യാഞ്ജലി 2.0'. നമ്മുടെ സമൂഹവും നമ്മുടെ സ്വകാര്യമേഖലയും ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ മുന്നിട്ടിറങ്ങുകയും സംഭാവന നല്‍കുകയും വേണം.
സുഹൃത്തുക്കളേ,
പണ്ടുമുതലേ, ഇന്ത്യയില്‍ സമൂഹത്തിന്റെ കൂട്ടായ ശക്തിയെ ശ്രയിച്ചിരുന്നു. ഇത് വളരെക്കാലമായി നമ്മുടെ സാമൂഹിക പാരമ്പര്യത്തിന്റെ ഭാഗമാണ്. സമൂഹം ഒരുമിച്ച് എന്തെങ്കിലും ചെയ്യുമ്പോള്‍, ആവശ്യമുള്ള ഫലങ്ങള്‍ പ്രതീക്ഷിക്കാനാകും. ജനങ്ങളുടെ പങ്കാളിത്തം ഇന്ത്യയുടെ ദേശീയ സ്വഭാവമായി മാറുന്നത് എങ്ങനെയെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങള്‍ ഇത് കണ്ടിരിക്കണം. കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍, ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ജനപങ്കാളിത്തം മൂലം നിരവധി സുപ്രധാന കാര്യങ്ങള്‍ സംഭവിച്ചു. അത്, ശുചിത്വ പ്രസ്ഥാനമാവട്ടെ, എല്ലാ പാവപ്പെട്ട വീട്ടുകാര്‍ക്കും സമര്‍പ്പണ മനോഭാവത്തോടെ ഗ്യാസ് കണക്ഷന്‍ ഉറപ്പാക്കുകയാകട്ടെ, അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ പഠിപ്പിക്കുകയാകട്ടെ എല്ലാ മേഖലകളിലും പൊതുജന പങ്കാളിത്തത്തില്‍ നിന്നാണ് ഇന്ത്യയുടെ പുരോഗതിക്ക് ഊര്‍ജ്ജം ലഭിച്ചത്. ഇപ്പോള്‍ 'വിദ്യാഞ്ജലി' ഒരു സുവര്‍ണ്ണ അധ്യായമായി മാറാന്‍ പോവുകയാണ്. രാജ്യത്തെ ഓരോ പൗരനും പങ്കാളിയാകാനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സജീവ പങ്ക് വഹിക്കാനും രണ്ട് ചുവടുകള്‍ മുന്നോട്ട് വയ്ക്കാനുമുള്ള ആഹ്വാനമാണ് 'വിദ്യാഞ്ജലി'. നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും എഞ്ചിനീയര്‍, ഡോക്ടര്‍, ഗവേഷണ ശാസ്ത്രജ്ഞന്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ കളക്ടര്‍ ആകാം. എന്നിട്ടും, നിങ്ങള്‍ക്ക് ഒരു സ്‌കൂളില്‍ പോയി കുട്ടികളെ വളരെയധികം പഠിപ്പിക്കാം! കുട്ടികളെ പഠിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കാന്‍ കഴിയും; ഇത് ചെയ്യുന്ന നിരവധി ആളുകളെ ഞങ്ങള്‍ക്കറിയാം. ഉത്തരാഖണ്ഡിലെ വിദൂര മലയോര മേഖലകളിലെ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വിരമിച്ച ബാങ്ക് മാനേജര്‍ ഉണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഒരാള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുകയും അവര്‍ക്ക് പഠന വിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിങ്ങളുടെ പങ്കും വിജയവും എന്തുതന്നെയായാലും, യുവാക്കളുടെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരു പങ്കും പങ്കാളിത്തവുമുണ്ട്. അടുത്തിടെ സമാപിച്ച ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിംപിക്‌സിലും നമ്മുടെ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നമ്മുടെ യുവാക്കള്‍ വളരെയധികം പ്രചോദിതരായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഓരോ കളിക്കാരും കുറഞ്ഞത് 75 സ്‌കൂളുകളെങ്കിലും സന്ദര്‍ശിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ കളിക്കാര്‍ എന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ബഹുമാനപ്പെട്ട എല്ലാ അധ്യാപകരോടും നിങ്ങളുടെ പ്രദേശത്തെ ഈ കളിക്കാരെ ബന്ധപ്പെടാനും അവരെ നിങ്ങളുടെ സ്‌കൂളിലേക്ക് ക്ഷണിക്കാനും കുട്ടികളുമായി ഇടപഴകാനും ഞാന്‍ അഭ്യര്‍ത്ഥിക്കും. ഇത് നമ്മുടെ വിദ്യാര്‍ത്ഥികളെ വളരെയധികം പ്രചോദിപ്പിക്കുകയും കഴിവുള്ള നിരവധി വിദ്യാര്‍ത്ഥികളെ കായിക മേഖല പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ന് മറ്റൊരു സുപ്രധാന തുടക്കം സ്‌കൂള്‍ ഗുണനിലവാര മൂല്യനിര്‍ണ്ണയത്തിലൂടെയും ഉറപ്പുവരുത്തല്‍ ചട്ടക്കൂടിലൂടെയും അതായത് എസ് ക്യു എ എ എഫ് മുഖേനയാണ്. ഇതുവരെ, നമ്മുടെ വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പൊതുവായ ശാസ്ത്രീയ ചട്ടക്കൂട് രാജ്യത്ത് ഉണ്ടായിരുന്നില്ല. പൊതുവായ ഒരു ചട്ടക്കൂടില്ലാതെ, പാഠ്യപദ്ധതി, അധ്യാപനം, വിലയിരുത്തല്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രീതികള്‍, ഭരണ പ്രക്രിയ തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് വിദ്യാഭ്യാസത്തില്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഈ വിടവ് നികത്താന്‍ എസ് ക്യു എ എ എഫ് ഇപ്പോള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം ഉണ്ടാകും എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്കും സ്വന്തമായി വിലയിരുത്തലുകള്‍ നടത്താന്‍ കഴിയും. പരിവര്‍ത്തനപരമായ മാറ്റത്തിനായി സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കാനും കഴിയും.
സുഹൃത്തുക്കളേ,
ദേശീയ ഡിജിറ്റല്‍ വിദ്യാഭ്യാസ ഘടന ( എന്‍- -ഡിയര്‍), വിദ്യാഭ്യാസത്തിലെ അസമത്വം ഇല്ലാതാക്കിക്കൊണ്ട് ആധുനികമാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നു. യുപിഐ (ഏകീകൃത പണമടയ്ക്കല്‍ സംവിധാനം ) ബാങ്കിംഗ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചതുപോലെ,എന്‍ ഡിയര്‍ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ഒരു സൂപ്പര്‍ കണക്ഷനായി പ്രവര്‍ത്തിക്കും. എന്‍ ഡിയര്‍ ഒരു സ്‌കൂളില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനോ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം, ബഹുതല പ്രവേശന- പുറത്തുപോകല്‍ സംവിധാനം, അക്കാദമിക് ക്രെഡിറ്റ് ബാങ്ക് അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയ്ക്കു സൗകര്യമൊരുക്കും. ഈ പരിവര്‍ത്തനങ്ങളെല്ലാം നമ്മുടെ ' പുതിയ കാലത്തെ' വിദ്യാഭ്യാസ'ത്തിന്റെ മുഖമായി മാറും.കൂടാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലെ വിവേചനവും അവസാനിപ്പിക്കും.
സുഹൃത്തുക്കളേ,
വിദ്യാഭ്യാസം എല്ലാവരെയും ഉള്‍ക്കൊള്ളുക മാത്രമല്ല, ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് തുല്യമായിരിക്കണമെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍, സംസാരിക്കുന്ന പുസ്തകങ്ങളും ഓഡിയോ ബുക്കുകളും പോലുള്ള സാങ്കേതികവിദ്യയെ രാജ്യം വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നു. യുഡിഎല്‍ അടിസ്ഥാനമാക്കിയുള്ള 10,000 വാക്കുകളുള്ള ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടുവും വികസിപ്പിച്ചിട്ടുണ്ട്. അസമിലെ ബിഹു മുതല്‍ ഭരതനാട്യം വരെ നൂറ്റാണ്ടുകളായി ആംഗ്യഭാഷ നമ്മുടെ കലയുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. ഇപ്പോള്‍, ആദ്യമായി, രാജ്യം ആംഗ്യഭാഷയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു, അതിനാല്‍ ഏറ്റവും ആവശ്യമുള്ള നിരപരാധികളായ കുട്ടികള്‍ പിന്നിലാകുന്നില്ല! ഈ സാങ്കേതികവിദ്യ ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കും. അതുപോലെ, നിപുണ്‍ ഭാരത് അഭിയാനില്‍ മൂന്ന് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി അടിസ്ഥാന സാക്ഷരതയും സംഖ്യാ മിഷനും ആരംഭിച്ചു. എല്ലാ കുട്ടികളും 3 വയസ്സുമുതല്‍ നിര്‍ബന്ധിത പ്രീ-സ്്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഈ ശ്രമങ്ങളെയെല്ലാം നമ്മള്‍ ഒരുപാട് ദൂരം കൊണ്ടുപോകേണ്ടതുണ്ട്, നിങ്ങളുടെ എല്ലാവരുടെയും, പ്രത്യേകിച്ച് ഞങ്ങളുടെ അധ്യാപക സുഹൃത്തുക്കളുടെ പങ്ക് ഇതില്‍ വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
"दृष्टान्तो नैव दृष्ट: त्रि-भुवन जठरे, सद्गुरोः ज्ञान दातुः"
' ഒരു ഗുരുവിനും താരതമ്യമില്ല; മുഴുവന്‍ പ്രപഞ്ചത്തിലും അദ്ദേഹവുമായി ചേര്‍ത്തുപറയാവുന്ന ഒന്നില്ല' എന്ന് വേദ ഗ്രന്ഥത്തില്‍ പറയുന്നു. ഗുരുവിന് ചെയ്യാന്‍ കഴിയുന്നത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. രാജ്യം യുവാക്കളുടെ വിദ്യാഭ്യാസത്തിനായി എന്ത് ശ്രമങ്ങള്‍ നടത്തിയാലും അതിന്റെ നിയന്ത്രണം അധ്യാപകരുടെ കൈകളിലാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ അധ്യാപകര്‍ പുതിയ സംവിധാനങ്ങളെയും സാങ്കേതികതകളെയും കുറിച്ച് പഠിക്കേണ്ടതുണ്ട്. 'നിഷ്ഠ' പരിശീലന പരിപാടികളിലെ ഒരു ചെറിയ ഭാഗം നിങ്ങള്‍ക്ക് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ നിഷ്ഠ പരിശീലന പരിപാടിയിലൂടെ, രാജ്യം ഈ മാറ്റങ്ങള്‍ക്ക് അധ്യാപകരെ തയ്യാറാക്കുകയാണ്. 'നിഷ്ഠ 3.0' ഇപ്പോള്‍ ഈ ദിശയിലുള്ള അടുത്ത ഘട്ടമാണ്, അത് വളരെ പ്രധാനപ്പെട്ട ഒരു നടപടിയായി ഞാന്‍ കരുതുന്നു. യോഗ്യത അടിസ്ഥാനമാക്കിയുള്ള അധ്യാപനം, കല-സംയോജനം, ഉന്നതമായ ചിന്ത, സര്‍ഗ്ഗാത്മകവും വിമര്‍ശനാത്മകവുമായ ചിന്ത എന്നിവ പോലുള്ള പുതിയ രീതികള്‍ നമ്മുടെ അധ്യാപകര്‍ പരിചയപ്പെടുമ്പോള്‍, അവര്‍ക്ക് ഭാവിയില്‍ യുവാക്കളെ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ കഴിയും.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ അധ്യാപകര്‍ക്ക് ഏത് ആഗോള നിലവാരം പുലര്‍ത്താനുള്ള കഴിവ് മാത്രമല്ല, അവര്‍ക്ക് അവരുടേതായ പ്രത്യേക സമ്പത്തുമുണ്ട്. അവരുടെ ഉള്ളിലെ ഇന്ത്യന്‍ സംസ്‌കാരം ഈ പ്രത്യേക സ്വത്താണ്. എന്റെ രണ്ട് അനുഭവങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ഭൂട്ടാനില്‍ പോയപ്പോള്‍, മിക്കവാറും എല്ലാ അധ്യാപകരും ഇന്ത്യയില്‍ നിന്ന് ഇവിടെയെത്തി കാല്‍നടയായി വിദൂര പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആളുകളെ പഠിപ്പിക്കുന്നവരാണെന്ന് രാജകുടുംബം മുതല്‍ ഗവണ്‍മെന്റു സംവിധാനത്തിലുള്ളവര്‍ വരെ അഭിമാനത്തോടെ പറയുമായിരുന്നു. ഇന്ത്യക്കാരായ അധ്യാപകരേക്കുറിച്ചു പറയുമ്പോള്‍ ഭൂട്ടാനിലെ രാജകുടുംബത്തിന്റെയും ഭരണാധികാരികളുടെയും കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായിരുന്നു. അവര്‍ക്ക് വളരെ അഭിമാനം അനുഭവപ്പെട്ടിരുന്നു. അതുപോലെ, ഞാന്‍ സൗദി അറേബ്യയില്‍ പോയി. സൗദി അറേബ്യയിലെ രാജാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഇന്ത്യന്‍ അധ്യാപകനാണ് തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹവും അഭിമാനത്തോടെ പറഞ്ഞു. ഒരു വ്യക്തി ഏത് പദവി വഹിച്ചാലും അധ്യാപകരോടുള്ള വൈകാരികത നിങ്ങള്‍ക്കു കാണാന്‍ കഴിയും.
സുഹൃത്തുക്കളേ,
നമ്മുടെ അധ്യാപകര്‍ അവരുടെ ജോലി ഒരു തൊഴിലായി മാത്രം കണക്കാക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അധ്യാപനം അനുകമ്പയാണ്, പവിത്രവും ധാര്‍മ്മികവുമായ കടമയാണ്. അതിനാല്‍, ഇവിടെ അധ്യാപകനും കുട്ടികളും തമ്മില്‍ ഒരു പ്രൊഫഷണല്‍ ബന്ധമല്ല. ഒരു കുടുംബ ബന്ധമാണ് ഉള്ളത്. ഈ ബന്ധം ജീവിതകാലം മുഴുവന്‍ തുടരും. തത്ഫലമായി, ഇന്ത്യയിലെ അധ്യാപകര്‍ ലോകത്തെവിടെ പോയാലും വ്യത്യസ്തമായ ഒരു അടയാളം അവശേഷിപ്പിക്കുന്നു. ഇക്കാരണത്താല്‍, ഇന്ത്യയിലെ യുവാക്കള്‍ക്ക് ലോകത്ത് വളരെയധികം സാധ്യതകളുണ്ട്. ആധുനിക വിദ്യാഭ്യാസ പരിസ്ഥിതി്ക്ക് അനുസൃതമായി നമ്മള്‍ സ്വയം തയ്യാറാകണം. കൂടാതെ ഈ സാധ്യതകളെ അവസരങ്ങളാക്കി മാറ്റുകയും വേണം. ഇതിനായി, നാം തുടര്‍ച്ചയായി പുതുമകള്‍ നിലനിര്‍ത്തേണ്ടതുണ്ട്. അധ്യാപന-പഠന പ്രക്രിയയെ നമ്മള്‍ തുടര്‍ച്ചയായി പുനര്‍നിര്‍ണയിക്കുകയും പുനര്‍രൂപകല്‍പ്പന ചെയ്യുകയും വേണം. നിങ്ങള്‍ ഇതുവരെ കാണിച്ച ചൈതന്യം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ഒരു പുതിയ പൂരകത്വം നല്‍കുകയും വേണം. ശിക്ഷക് പര്‍വ്വയുടെ ഈ അവസരത്തില്‍, വിശ്വകര്‍മ ജയന്തി ഇന്ന് മുതല്‍ സെപ്റ്റംബര്‍ 17 വരെ നമ്മുടെ രാജ്യത്ത് ആഘോഷിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ വിശ്വകര്‍മ്മജര്‍ സെപ്തംബര്‍ 7 മുതല്‍ 17 വരെ വിവിധ വിഷയങ്ങളില്‍ ശില്‍പശാലകളും സെമിനാറുകളും നടത്തുന്ന സ്രഷ്ടാക്കളാണ്. ഇതുതന്നെ അഭിനന്ദനീയമായ ഒരു ശ്രമമാണ്. രാജ്യത്തുടനീളമുള്ള നിരവധി അധ്യാപകരും വിദഗ്ധരും നയരൂപകര്‍ത്താക്കളും ഒരുമിച്ച് ചിന്തിക്കുമ്പോള്‍, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ഈ അമൃതത്തിന്റെ പ്രാധാന്യം കൂടുതല്‍ വലുതായിത്തീരുന്നു. ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പിലാക്കുന്നതില്‍ നിങ്ങളുടെ കൂട്ടായ പ്രചോദനം പുതിയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പില്‍ വിജയകരമായ ദീര്‍ഘപാതയായി മാറും. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രാദേശിക തലത്തില്‍ അതേ രീതിയില്‍ നിങ്ങള്‍ ശ്രമങ്ങള്‍ നടത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഈ ദിശയിലുള്ള രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് എല്ലാവരുടെയും പ്രയാസങ്ങളോടുള്ള അനുതാപം പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അമൃത് മഹോത്സവത്തില്‍ രാജ്യം നിശ്ചയിച്ച ലക്ഷ്യങ്ങള്‍ നാം ഒരുമിച്ച് നേടിയെടുക്കും.
ഈ ആശംസകളോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് നന്ദിയും ആശംസകളും നേരുന്നു.