പഞ്ചാബ് ഗവര്‍ണര്‍ ശ്രീ ബന്‍വാരി ലാല്‍ പുരോഹിത് ജി, മുഖ്യമന്ത്രി ശ്രീ ഭഗവന്ത് മാന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ മനീഷ് തിവാരി ജി, ഡോക്ടര്‍മാര്‍, ഗവേഷകര്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍, പഞ്ചാബിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്നും വന്ന എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!
സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ കൈക്കൊള്ളുന്നതിലേക്ക് രാജ്യം കടക്കുകയാണ്. രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ പ്രതിഫലനം കൂടിയാണ് ഇന്നത്തെ പരിപാടി. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രയോജനം ചെയ്യും. ഇന്ന് ഞാന്‍ ഈ ഭൂമിയോട് എന്റെ നന്ദി പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് മറ്റൊരു കാരണത്താലാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും ദേശസ്‌നേഹത്തിന്റെയും പുണ്യഭൂമിയാണ് പഞ്ചാബ്. 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണ വേളയിലും പഞ്ചാബ് ഈ പാരമ്പര്യം നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ന്, 'ഹര്‍ ഘര്‍ തിരംഗ' പ്രചരണം വിജയിപ്പിച്ചതിന് പഞ്ചാബിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ വികസിത ഇന്ത്യയാക്കി മാറ്റുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചെങ്കോട്ടയില്‍ നിന്ന് നാമെല്ലാവരും പ്രതിജ്ഞയെടുത്തു. ഇന്ത്യയെ വികസിതമാക്കുന്നതിന് അതിന്റെ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതു വളരെ പ്രധാനമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആധുനിക ആശുപത്രികളും ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ലഭിക്കുമ്പോള്‍, അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കും, അവരുടെ ഊര്‍ജ്ജം ശരിയായ ദിശയിലേക്ക് നയിക്കപ്പെടും, അവര്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാകും. ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന ആധുനിക ആശുപത്രി ഇന്ന് രാജ്യത്തിന് ലഭിച്ചിരിക്കുകയാണ്. ഈ ആധുനിക സൗകര്യം സ്ഥാപിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഒരു പ്രധാന പങ്ക് വഹിച്ചു. രാജ്യത്തും വിദേശത്തും സേവനങ്ങള്‍ നല്‍കി കാന്‍സര്‍ രോഗികളുടെ ജീവന്‍ രക്ഷിക്കുകയാണ് ഈ കേന്ദ്രം. രാജ്യത്ത് ആധുനിക കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് നേതൃപരമായ പങ്ക് വഹിക്കുന്നു. ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ ഇപ്പോള്‍ ഓരോ വര്‍ഷവും 1.5 ലക്ഷം പുതിയ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി ഹിമാചലിന്റെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ചണ്ഡീഗഡിലെ പിജിഐയില്‍ വന്നിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. പിജിഐയിലെ വന്‍ തിരക്ക് കാരണം രോഗിക്കും കുടുംബാംഗങ്ങള്‍ക്കും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ഒരു എയിംസ് സ്ഥാപിക്കുകയും ക്യാന്‍സര്‍ ചികിത്സയ്ക്കായി ഇത്രയും വലിയ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ബിലാസ്പൂരിന് അടുത്തുള്ളവര്‍ അങ്ങോട്ടും മൊഹാലിക്ക് അടുത്തുള്ളവര്‍ ഇങ്ങോട്ടും വരും.
സുഹൃത്തുക്കളെ,
ദരിദ്രരില്‍ ഏറ്റവും ദരിദ്രരായവരെ പരിചരിക്കുന്ന ഇത്തരമൊരു ആരോഗ്യ പരിപാലന സംവിധാനം നമ്മുടെ രാജ്യത്ത് വളരെക്കാലമായി രാജ്യം ആഗ്രഹിക്കുന്നു. പാവപ്പെട്ടവന്റെ ആരോഗ്യം സംരക്ഷിക്കുകയും ദരിദ്രരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അസുഖം വന്നാല്‍ ഏറ്റവും മികച്ച ചികിത്സ നല്‍കുകയും ചെയ്യുന്ന ആരോഗ്യ സംവിധാനം. നല്ല ആരോഗ്യ സംരക്ഷണ സംവിധാനം എന്നത് നാല് ചുവരുകള്‍ പണിയുക എന്നല്ല അര്‍ത്ഥമാക്കുന്നത്. എല്ലാ വിധത്തിലും പരിഹാരങ്ങള്‍ നല്‍കുകയും പടിപടിയായി പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതൊരു രാജ്യത്തിന്റെയും ആരോഗ്യസംരക്ഷണ സംവിധാനം ശക്തമാകൂ. അതിനാല്‍, കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് സമഗ്രമായ ആരോഗ്യ സംരക്ഷണം മുന്‍ഗണനാ ക്രമത്തില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ 7-8 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ആരോഗ്യമേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ അളവ് കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ നടന്നിട്ടില്ല. ദരിദ്രരില്‍ ഏറ്റവും പാവപ്പെട്ടവന്റെ ആരോഗ്യത്തിനായി ഒന്നോ രണ്ടോ അല്ല, ആറ് മുന്നണികളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ന് രാജ്യത്തെ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രോത്സാഹനമാണ് ആദ്യ ഘട്ടം. ഗ്രാമങ്ങളില്‍ ചെറുതും ആധുനികവുമായ ആശുപത്രികള്‍ തുറക്കുന്നതാണ് രണ്ടാം ഘട്ടം. നഗരങ്ങളില്‍ മെഡിക്കല്‍ കോളേജുകളും വലിയ മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളും തുറക്കുക എന്നതാണ് അടുത്ത ഘട്ടം. നാലാം ഘട്ടമാകട്ടെ, രാജ്യത്തുടനീളം ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയാണ്. രോഗികള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുകയാണ് അഞ്ചാം ഘട്ടം. ആറാമത്തെ ഘട്ടം, സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ്. ഈ ആറ് മേഖലകളിലായി ഇന്ന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് റെക്കോര്‍ഡ് നിക്ഷേപമാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത്.
സുഹൃത്തുക്കളെ,
രോഗം വരാതിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിവിധി എന്ന് നമ്മള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ചിന്തയോടെ, രാജ്യത്ത് പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഊന്നല്‍ നല്‍കുന്നു. ജലജീവന്‍ മിഷന്‍ മൂലം ജലജന്യ രോഗങ്ങളില്‍ വലിയ കുറവുണ്ടായതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അതായത്, പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, രോഗങ്ങള്‍ കുറയും. മുന്‍ ഗവണ്‍മെന്റുകള്‍ ഈ സമീപനം പിന്‍തുടര്‍ന്നിരുന്നില്ല. എന്നാല്‍ ഇന്ന് നമ്മുടെ ഗവണ്‍മെന്റ് നിരവധി പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ ബോധവാന്മാരാക്കുകയും രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. യോഗയെയും ആയുഷിനെയും സംബന്ധിച്ച് രാജ്യത്ത് അഭൂതപൂര്‍വമായ അവബോധം ഉണ്ടായിട്ടുണ്ട്. ലോകത്ത് യോഗയോടുള്ള ആകര്‍ഷണീയത വര്‍ദ്ധിച്ചു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഫിറ്റ് ഇന്ത്യ കാമ്പയിന്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. സ്വച്ഛ് ഭാരത് അഭിയാന്‍ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിച്ചിട്ടുണ്ട്. പോഷന്‍ അഭിയാനും ജല്‍ ജീവന്‍ മിഷനും പോഷകാഹാരക്കുറവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എല്‍പിജി കണക്ഷന്‍ നല്‍കുന്നതിലൂടെ, പുക നിമിത്തം പകരുന്ന രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ അപകടങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചു.
സുഹൃത്തുക്കളെ,
നമ്മുടെ ഗ്രാമങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ആശുപത്രികളും കൂടുതല്‍ പരിശോധനാ സൗകര്യങ്ങളും ഉണ്ടായാല്‍ എത്രയും വേഗം രോഗങ്ങള്‍ കണ്ടെത്താനാകും. നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തുടനീളം ഈ വശത്തും അതിവേഗം പ്രവര്‍ത്തിക്കുന്നു. ഗ്രാമങ്ങളെ ആധുനിക ആരോഗ്യ സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഒന്നര ലക്ഷത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് വികസിപ്പിക്കുന്നു. ഏകദേശം 1.25 ലക്ഷം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പഞ്ചാബില്‍ മൂവായിരത്തോളം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഈ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ ഇതുവരെ ഏകദേശം 22 കോടി ആളുകളെ കാന്‍സര്‍ പരിശോധനയ്ക്ക് വിധേയരാക്കി, അതില്‍ 60 ലക്ഷത്തോളം സ്‌ക്രീനിംഗുകള്‍ പഞ്ചാബില്‍ മാത്രമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ ക്യാന്‍സര്‍ കണ്ടെത്തിയ എല്ലാ സുഹൃത്തുക്കളെയും ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞു.
സുഹൃത്തുക്കളെ,
രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍, ഗുരുതരമായ രോഗങ്ങള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിയുന്ന ആശുപത്രികള്‍ ആവശ്യമാണ്. ഈ ചിന്തയോടെ രാജ്യത്തെ എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ 64,000 കോടി രൂപയാണ് ജില്ലാതലത്തില്‍ ആധുനിക ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ചെലവഴിക്കുന്നത്. ഒരു കാലത്ത് രാജ്യത്ത് 7 എയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഇത് 21 ആയി ഉയര്‍ന്നു. പഞ്ചാബിലെ ഭടിന്‍ഡയില്‍ എയിംസ് മികച്ച സേവനം നല്‍കുന്നു. ക്യാന്‍സര്‍ ആശുപത്രികളെ കുറിച്ച് മാത്രം പറയുകാണെങ്കില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും കാന്‍സര്‍ ചികിത്സയ്ക്കുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുങ്ങുന്നു. പഞ്ചാബിലെ ഒരു വലിയ കേന്ദ്രമാണിത്. ഹരിയാനയിലെ ജജ്ജാറില്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. നമ്മള്‍ കിഴക്കന്‍ ഇന്ത്യയിലേക്ക് പോകുകയാണെങ്കില്‍, വാരണാസി ഇപ്പോള്‍ കാന്‍സര്‍ ചികിത്സയുടെ കേന്ദ്രമായി മാറുകയാണ്. കൊല്‍ക്കത്തയിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ കാമ്പസും പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അസമിലെ ദിബ്രുഗഡില്‍ നിന്ന് ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികള്‍ ഒരേസമയം ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള 40 ഓളം പ്രത്യേക കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് നമ്മുടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്, അവയില്‍ പല ആശുപത്രികളും ഇതിനകം സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഒരു ആശുപത്രി പണിയുക എന്നത് എത്ര പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് മതിയായ ഡോക്ടര്‍മാരും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും. രാജ്യത്ത് ദൗത്യ മാതൃകയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. 2014ന് മുമ്പ് രാജ്യത്ത് 400-ല്‍ താഴെ മെഡിക്കല്‍ കോളേജുകളാണുണ്ടായിരുന്നത്. അതായത് 70 വര്‍ഷത്തിനുള്ളില്‍ 400-ല്‍ താഴെ മെഡിക്കല്‍ കോളേജുകള്‍. അതേസമയം, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് 200-ലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചു. മെഡിക്കല്‍ കോളേജുകള്‍ വിപുലീകരിക്കുക എന്നുവെച്ചാല്‍ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുക എന്നാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിച്ചു. കൂടാതെ രാജ്യത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യ വിദഗ്ധരുടെ എണ്ണവും വര്‍ദ്ധിച്ചു. അതായത് ആരോഗ്യമേഖലയിലും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നമ്മുടെ ഗവണ്‍മെന്റ് അഞ്ച് ലക്ഷത്തിലധികം ആയുഷ് ഡോക്ടര്‍മാരെ അലോപ്പതി ഡോക്ടര്‍മാരായി അംഗീകരിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഡോക്ടര്‍-രോഗി അനുപാതം മെച്ചപ്പെടുത്തി.
സുഹൃത്തുക്കളെ,
ഇവിടെ ഇരിക്കുന്നവരെല്ലാം വളരെ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. രോഗം വന്നാല്‍ വീടോ സ്ഥലമോ വില്‍ക്കാന്‍ പാവപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്ന അനുഭവം നമുക്കെല്ലാവര്‍ക്കും ഉണ്ട്. അതിനാല്‍, രോഗികള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്കു മരുന്നുകളും ചികിത്സയും നല്‍കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് തുല്യ പ്രാധാന്യം നല്‍കുന്നു. ആയുഷ്മാന്‍ ഭാരത് പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കി. ഇത് പ്രകാരം ഇതുവരെ 3.5 കോടി രോഗികള്‍ അവരുടെ ചികിത്സ പൂര്‍ത്തിയാക്കി, അവര്‍ക്ക് ഒരു രൂപ പോലും ചെലവഴിക്കേണ്ടിവന്നില്ല. ഇതില്‍ നിരവധി കാന്‍സര്‍ രോഗികളും ഉള്‍പ്പെടുന്നു. ആയുഷ്മാന്‍ ഭാരത് എന്ന സൗകര്യം ഇല്ലായിരുന്നുവെങ്കില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് അവരുടെ പോക്കറ്റില്‍ നിന്ന് 40,000 കോടി രൂപ ചെലവഴിക്കേണ്ടി വരുമായിരുന്നു. നിങ്ങളെപ്പോലുള്ള കുടുംബങ്ങള്‍ക്ക് 40,000 കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട്. ഇത് മാത്രമല്ല, പഞ്ചാബ് ഉള്‍പ്പെടെ രാജ്യത്തുടനീളം ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഒരു ശൃംഖലയുണ്ട്. അവിടെ കാന്‍സര്‍ മരുന്നുകളും വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. നേരത്തെ വളരെ വിലയുണ്ടായിരുന്ന 500 ലധികം കാന്‍സര്‍ മരുന്നുകളുടെ വില 90 ശതമാനത്തോളം കുറഞ്ഞു. അതായത് നേരത്തെ 100 രൂപ വിലയുണ്ടായിരുന്ന മരുന്ന് ഇപ്പോള്‍ 10 രൂപയ്ക്കാണ് ജന്‍ ഔഷധി കേന്ദ്രത്തില്‍ നല്‍കുന്നത്. പ്രതിവര്‍ഷം ശരാശരി 1000 കോടി രൂപയാണ് രോഗികള്‍ ലാഭിക്കുന്നത്. രാജ്യത്തുടനീളമുള്ള 9,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പ്രശ്നങ്ങള്‍ ലഘൂകരിക്കാനായി താങ്ങാനാവുന്ന വിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കി സഹായിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ആധുനിക സാങ്കേതികവിദ്യ ഗവണ്‍മെന്റിന്റെ സമഗ്രമായ ആരോഗ്യ സംരക്ഷണ പ്രചരണത്തിനു പുതിയ മാനം നല്‍കി. ആരോഗ്യമേഖലയില്‍ ആദ്യമായാണ് ആധുനിക സാങ്കേതികവിദ്യ ഇത്ര വലിയ തോതില്‍ ഉള്‍പ്പെടുത്തുന്നത്. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍, ഓരോ രോഗിക്കും സമയബന്ധിതമായി, ബുദ്ധിമുട്ടുകളില്ലാതെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നു. ടെലിമെഡിസിന്‍, ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങള്‍ കാരണം, ഇന്ന് ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന ഒരാള്‍ക്ക് പോലും നഗരങ്ങളിലെ ഡോക്ടര്‍മാരില്‍ നിന്ന് പ്രാഥമിക കണ്‍സള്‍ട്ടേഷന്‍ നേടാനാകും. ഇതുവരെ കോടിക്കണക്കിന് ആളുകള്‍ സഞ്ജീവനി ആപ്പ് പ്രയോജനപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ 5 ജി സേവനങ്ങള്‍ ആരംഭിക്കുന്നു. ഇത് വിദൂര മേഖലകളിലും ആരോഗ്യരംഗത്തു വിപ്ലവം സൃഷ്ടിക്കും. ഇതോടെ ഗ്രാമങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്‍ പ്രധാന ആശുപത്രികളില്‍ ഇടയ്ക്കിടെ വരേണ്ട നിര്‍ബന്ധിത സാഹചര്യവും കുറയും.
സുഹൃത്തുക്കളെ,
രാജ്യത്തെ എല്ലാ ക്യാന്‍സര്‍ ബാധിതരോടും അവരുടെ കുടുംബങ്ങളോടും ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വേദന എനിക്ക് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിനെ ചെറുക്കേണ്ടതും അതിനെ പേടിക്കേണ്ടതുമാണ്. അതിന്റെ ചികിത്സ സാധ്യമാണ്. ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച് ഇന്ന് സന്തോഷത്തോടെ ജീവിക്കുന്ന അത്തരക്കാരെ എനിക്കറിയാം. ഈ പോരാട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. ക്യാന്‍സര്‍ മൂലമുണ്ടാകുന്ന വിഷാദരോഗത്തെ ചെറുക്കുന്നതിന് രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കണമെന്ന് ഈ ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. ഒരു പുരോഗമന സമൂഹമെന്ന നിലയില്‍, മാനസികാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളില്‍ മാറ്റവും തുറന്ന മനസ്സും കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശരിയായ പരിഹാരം ഉണ്ടാകൂ. നിങ്ങള്‍ ഗ്രാമങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഈ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 'സബ്കാ പ്രയാസ്' (എല്ലാവരുടെയും പ്രയത്‌നങ്ങള്‍) ഉപയോഗിച്ച് ക്യാന്‍സറിനെതിരായ രാജ്യത്തിന്റെ പോരാട്ടം നാം ശക്തിപ്പെടുത്തും. ഈ വിശ്വാസത്തോടെ, പഞ്ചാബിലെയും ഹിമാചലിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഈ വലിയ സമ്മാനം സമര്‍പ്പിക്കുന്നതില്‍ എനിക്ക് സംതൃപ്തിയും അഭിമാനവും തോന്നുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു, വളരെ നന്ദി!