ആദരണീയരേ,
മഹതികളേ, മാന്യരേ,
നമസ്കാരം!
വണക്കം!
ചരിത്രത്താലും സംസ്‌കാരത്താലും സമ്പന്നമായ ചെന്നൈയിലേക്ക് ഞാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു! യുനെസ്കോയുടെ ലോക പൈതൃക പ്രദേശമായ മാമല്ലപുരം സന്ദർശിക്കാനും അടുത്തറിയാനും നിങ്ങൾക്കു കുറച്ചു സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രചോദനാത്മകമായ ശില്പവേലകളും അസാധാരണ സൗന്ദര്യവുമുള്ള ഇവിടം 'തീർച്ചയായും സന്ദർശിക്കേണ്ട' ഒരു സ്ഥലമാണ്.
സുഹൃത്തുക്കളേ,
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട തിരുക്കുറലിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഞാൻ ആരംഭിക്കാം. മഹാനായ സന്ന്യാസി തിരുവള്ളുവർ പറഞ്ഞതിങ്ങനെയാണ്: “नेडुंकडलुम तन्नीर मै कुंडृम तडिन्तेडिली तान नल्गा तागि विडिन”. ഇതിനർഥം, "ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തിൽ തിരികെ നൽകിയില്ലെങ്കിൽ സമുദ്രങ്ങൾ പോലും ചുരുങ്ങും" എന്നാണ്. ഇന്ത്യയിൽ, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളാണ്. ഇവ പല ഗ്രന്ഥങ്ങളിലും വാമൊഴി പാരമ്പര്യങ്ങളിലും കാണപ്പെടുന്നു.
पिबन्ति नद्य: स्वयमेव नाम्भ:, स्वयं न खादन्ति फलानि वृक्षा:। नादन्ति सस्यं खलु वारिवाहा:, परोपकाराय सतां विभूतय:।। എന്നു നാം പഠിച്ചു.
അതായത്, “നദികൾ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങൾ സ്വന്തം ഫലങ്ങൾ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങൾ അവയുടെ ജലത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങൾ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്ക് നൽകുന്നു. പ്രകൃതിയെയും നാം സംരക്ഷിക്കണം. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് നമ്മുടെ അടിസ്ഥാന ഉത്തരവാദിത്വമാണ്. ഈ കടമ വളരെക്കാലമായി പലരും അവഗണിച്ചതിനാൽ ഇന്ന് അത് "കാലാവസ്ഥാ പ്രവർത്തനങ്ങളുടെ രൂപം സ്വീകരിച്ചു. ഇന്ത്യയുടെ പരമ്പരാഗത അറിവിനെ അടിസ്ഥാനമാക്കി, കാലാവസ്ഥാ പ്രവർത്തനം "അന്ത്യോദയ"യെ പിന്തുടരണമെന്ന് ഞാൻ ഊന്നിപ്പറയുന്നു. അതായത്, സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ ഉയർച്ചയും വികാസവും നാം ഉറപ്പാക്കണം. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും, പ്രത്യേകിച്ചും, ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ബാധിക്കുന്നു. "യുഎൻ കാലാവസ്ഥാ കൺവെൻഷൻ", "പാരീസ് ഉടമ്പടി" എന്നിവയ്ക്ക് കീഴിലുള്ള പ്രതിബദ്ധതകളിൽ മെച്ചപ്പെട്ട നടപടി നമുക്ക് ആവശ്യമാണ്. കാലാവസ്ഥാസൗഹൃദ രീതിയിൽ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഗ്ലോബൽ സൗത്ത് മേഖലയെ സഹായിക്കുന്നതിൽ ഇത് നിർണായകമാകും.
സുഹൃത്തുക്കളേ,
"ദേശീയതലത്തിൽ നിർണയിച്ച പ്രതിബദ്ധതകളിലൂടെ" ഇന്ത്യ ഈ പാതയ്ക്കു വഴികാട്ടിയെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന്, ലക്ഷ്യമിട്ട 2030ലും ഒമ്പതുവർഷം മുമ്പേ, ഇന്ത്യ സ്ഥാപിത വൈദ്യുത ശേഷി കൈവരിച്ചു. കൂടാതെ, പുനർനിർണയിച്ച ഞങ്ങളുടെ ലക്ഷ്യങ്ങളിലൂടെ ഞങ്ങൾ പരിധി കൂടുതൽ ഉയർത്തി. സ്ഥാപിത പുനരുപയോഗ ഊർജശേഷിയുടെ കാര്യത്തിൽ, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 5 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2070-ഓടെ "നെറ്റ് സീറോ" കൈവരിക്കുക എന്ന ലക്ഷ്യവും ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സൗര സഖ്യം, സിഡിആർഐ, "വ്യാവസായിക പരിവർത്തനത്തിനുള്ള നേതൃസംഘം" എന്നിവയുൾപ്പെടെയുള്ള സഖ്യങ്ങളിലൂടെ നാം നമ്മുടെ പങ്കാളികളുമായി സഹകരിക്കുന്നത് തുടരുകയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യ വൈവിധ്യമാർന്ന രാജ്യമാണ്. ജൈവവൈവിധ്യ സംരക്ഷണം, പുനഃസ്ഥാപനം, സമ്പുഷ്ടീകരണം എന്നിവയിൽ നടപടിയെടുക്കുന്നതിൽ ഞങ്ങൾ നിരന്തരം മുൻപന്തിയിലാണ്. "ഗാന്ധിനഗർ നടപ്പാക്കൽ മാർഗരേഖയും സംവിധാനവും" വഴി കാട്ടുതീയും ഖനനവും ബാധിച്ച മുൻഗണനാ ഭൂപ്രദേശങ്ങളിൽ നടത്തിയ പുനഃസ്ഥാപനം നിങ്ങൾ തിരിച്ചറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഭൂമിയിലെ ഏഴ് വലിയ പൂച്ചകളുടെ സംരക്ഷണത്തിനായി ഇന്ത്യ അടുത്തിടെ "ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്" ആരംഭിച്ചിട്ടുണ്ട്. പ്രോജക്റ്റ് ടൈഗറിൽ നിന്നുള്ള ഞങ്ങളുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംക്ഷണ സംരംഭമാണിത്. പ്രോജക്റ്റ് ടൈഗറിന്റെ ഫലമായി, ഇന്ന് ലോകത്തിലെ 70% കടുവകളും ഇന്ത്യയിലാണ് കാണപ്പെടുന്നത്. പ്രോജക്റ്റ് ലയൺ, പ്രോജക്റ്റ് ഡോൾഫിൻ എന്നിവയിലും ഞങ്ങൾ പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
ജനങ്ങളുടെ പങ്കാളിത്തമാണ് ഇന്ത്യയുടെ സംരംഭങ്ങൾക്കു കരുത്തേകുന്നത്. "അമൃതസരോവരദൗത്യം" സവിശേഷമായ ജലസംരക്ഷണ സംരംഭമാണ്. ഈ ദൗത്യത്തിന് കീഴിൽ, ഏകദേശം ഒരു വർഷത്തിനുള്ളിൽ 63,000ത്തിലധികം ജലാശയങ്ങൾ വികസിപ്പിച്ചെടുത്തു. ഈ ദൗത്യം പൂർണ്ണമായും സാമൂഹ്യപങ്കാളിത്തത്തിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണു നടപ്പാക്കുന്നത്. ഞങ്ങളുടെ "മഴവെള്ളം ശേഖരിക്കൽ" യജ്ഞവും മികച്ച ഫലങ്ങൾ കാണിക്കുന്നു. ജലം സംരക്ഷിക്കുന്നതിനായി, ഈ യജ്ഞത്തിലൂടെ 2,80,000ത്തിലധികം ജലസംഭരണികൾ നിർമിച്ചു. കൂടാതെ, ഏകദേശം 2,50,000ത്തോളം പുനരുപയോഗ, റീചാർജ് സംവിധാനങ്ങളും നിർമിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തിലൂടെയും പ്രാദേശികമായ മണ്ണ്, ജലം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് ഇതെല്ലാം നേടിയത്. ഗംഗാ നദിയുടെ ശുചീകരണത്തിനായി "നമാമി ഗംഗെ ദൗത്യത്തിൽ" സാമൂഹ്യപങ്കാളിത്തവും ഞങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. നദിയുടെ പല ഭാഗങ്ങളിലും ഗംഗാ ഡോൾഫിൻ വീണ്ടും പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഇത് ഒരു വലിയ നേട്ടത്തിന് കാരണമായി. തണ്ണീർത്തട സംരക്ഷണത്തിനുള്ള ഞങ്ങളുടെ ശ്രമങ്ങളും ഫലം കണ്ടു. 75 തണ്ണീർത്തടങ്ങൾ റാംസാർ പ്രദേശങ്ങളായി നാമനിർദേശം ചെയ്തിരിക്കുന്നതിനാൽ, ഏഷ്യയിലെ ഏറ്റവും വലിയ റാംസർ മേഖലകളുടെ ശൃംഖല ഇന്ത്യക്കുണ്ട്.
സുഹൃത്തുക്കളേ,
നമ്മുടെ സമുദ്രങ്ങൾ ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം പേരുടെ ഉപജീവനത്തെ പിന്തുണയ്ക്കുന്നു. അവ ഒരു നിർണായക സാമ്പത്തിക വിഭവമാണ്, പ്രത്യേകിച്ച് "ചെറിയ ദ്വീപ് സംസ്ഥാനങ്ങൾക്ക്". അവയെ "വലിയ സമുദ്ര രാജ്യങ്ങൾ" എന്ന് വിളിക്കാനാണു ഞാൻ ഇഷ്ടപ്പെടുന്നത്. വിപുലമായ ജൈവവൈവിധ്യത്തിന്റെ ആവാസകേന്ദ്രം കൂടിയാണ് അവ. അതിനാൽ, കടൽ വിഭവങ്ങളുടെ ഉത്തരവാദിത്വപൂർണ ഉപയോഗവും പരിപാലനവും വളരെ പ്രധാനമാണ്. “സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ നീല- സമുദ്ര അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ജി 20 ഉന്നതതല തത്വങ്ങൾ” സ്വീകരിക്കുന്നതിലേക്കു ഞാൻ ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തിൽ, പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഫലപ്രദമായ അന്താരാഷ്ട്ര നിയമപരമായ ഉപാധികൾക്കായി ക്രിയാത്മകമായി പ്രവർത്തിക്കാൻ ഞാൻ ജി-20 യോട് ആഹ്വാനം ചെയ്യുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ വർഷം, യുഎൻ സെക്രട്ടറി ജനറലുമായി ചേർന്ന്, ഞാൻ പരിസ്ഥിതസൗഹൃദ ജീവിതശൈലിക്കുതകുന്ന 'മിഷൻ ലൈഫി'നു തുടക്കം കുറിച്ചു. മിഷൻ ലൈഫ്, ഒരു ആഗോള ബഹുജന പ്രസ്ഥാനം എന്ന നിലയിൽ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയിൽ, ഏതെങ്കിലും വ്യക്തിയുടെയോ കമ്പനിയുടെയോ തദ്ദേശ സ്ഥാപനത്തിന്റെയോ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകില്ല. അടുത്തിടെ പ്രഖ്യാപിച്ച "ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്" കീഴിൽ ഇപ്പോൾ അവർക്ക് ഗ്രീൻ ക്രെഡിറ്റുകൾ നേടാൻ കഴിയും. വൃക്ഷത്തൈ നടൽ, ജലസംരക്ഷണം, സുസ്ഥിര കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വ്യക്തികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും വരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് ഇതിനർഥം.
സുഹൃത്തുക്കളേ,
ഞാൻ ഉപസംഹരിക്കുമ്പോൾ, പ്രകൃതീമാതാവിനോടുള്ള നമ്മുടെ കടമകൾ മറക്കരുതെന്ന് ഞാൻ ആവർത്തിക്കട്ടെ. വിഘടിക്കലുമായി ബന്ധപ്പെട്ട സമീപനത്തെ പ്രകൃതീമാതാവ് അനുകൂലിക്കുന്നില്ല. "വസുധൈവ കുടുംബകം" - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണു പ്രകൃതിയുടെ താൽപ്പര്യം. നിങ്ങൾക്കേവർക്കും ഫലപ്രദവും വിജയകരവുമായ കൂടിക്കാഴ്ച ഞാൻ ആശംസിക്കുന്നു. നന്ദി.
നമസ്കാരം!