ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന സര്‍ക്കാരിലെ വിശിഷ്ട മന്ത്രിമാര്‍, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍, ഈ പ്രദേശത്തിന്റെ പ്രതിനിധിയും ഗുജറാത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷനുമായ സി.ആര്‍. പാട്ടീല്‍, ബഹുമാനപ്പെട്ട എംപിമാരും എംഎല്‍എമാരും, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് എങ്ങനെയുണ്ട് ?
ഗുജറാത്തില്‍ ഇന്ന് നടക്കുന്ന എന്റെ മൂന്നാമത്തെ പരിപാടിയാണിത്. ഇന്ന് രാവിലെ, ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് മൃഗസംരക്ഷണത്തിലും ക്ഷീരവ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് വ്യക്തികളെ കാണാനും അവരുമായി സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചു. അതിനെ തുടര്‍ന്ന് മെഹ്സാനയിലെ വാലിനാഥ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഇപ്പോള്‍, നവസാരിയിലെ വികസനത്തിലെ മുന്നേറ്റങ്ങള്‍ ആഘോഷിക്കുന്നതില്‍ നിങ്ങളോടെല്ലാം ചേരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഭൂപേന്ദ്ര ഭായ് സൂചിപ്പിച്ചതുപോലെ, ഇത്ര വലിയ തുകയുടെ ഇത്രയും വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒറ്റയടിക്ക് ഏറ്റെടുത്തത് ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം ആദ്യമായാകും. അതിനാല്‍, വികസനത്തിന്റെ ഈ മഹത്തായ ആഘോഷത്തിന്റെ ആവേശത്തില്‍, വികാസ് ഉത്സവിന്റെ (വികസനോത്സവം) ഭാഗമാകാന്‍ നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത് ഫ്‌ളാഷ്ലൈറ്റ് ഓണാക്കാന്‍ ഞാന്‍ നിങ്ങളോട് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. ഭാരത് മാതാ കീ ജയ്... ഈ നിമിഷം നമുക്ക് ആവേശത്തോടെ പകരാം. ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! അഭിനന്ദനങ്ങള്‍. ഇന്ന് നവസാരിയില്‍ ഒരു വജ്രം തിളങ്ങുന്നത് പോലെ തോന്നുന്നു. അടുത്തിടെ, വഡോദര, നവസാരി, ബറൂച്ച്, സൂറത്ത്, മറ്റ് പ്രദേശങ്ങള്‍ ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ പദ്ധതികള്‍, തുണിത്തരങ്ങള്‍, വൈദ്യുതി, നഗര വികസനം എന്നിവയെ സ്വാഗതം ചെയ്തു. മൊത്തത്തില്‍ 40,000 കോടിയിലധികം മൂല്യമുള്ള ഈ പദ്ധതികളുടെ പേരില്‍ നിങ്ങളെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളേ,
ഇപ്പോള്‍ രാജ്യത്തുടനീളം, പാര്‍ലമെന്റിലും തെരുവുകളിലും ഒരുപോലെ തീക്ഷ്ണമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ആ ചര്‍ച്ച 'മോദിയുടെ ഉറപ്പിനെ' ചുറ്റിപ്പറ്റിയാണ്. വാഗ്ദാനം ചെയ്യുന്നതെന്തും മോദി നടപ്പാക്കുമെന്ന് ഓരോ പൗരനും അംഗീകരിക്കുന്നു. ഒരുപക്ഷേ ഇത് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഇത് ഒരു പുതുമയുള്ള ആശയമായിരിക്കാം, എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളായി അറിയാം മോദിയുടെ വാക്ക് അദ്ദേഹത്തിന്റെ ഉറപ്പ് - വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉറപ്പ്. ഞാന്‍ ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ ഫൈവ് എഫുകളെ കുറിച്ച് ഞാന്‍ പലപ്പോഴും പറഞ്ഞിരുന്നതായി ഓര്‍ക്കുന്നുണ്ടോ? ഈ അഞ്ച് എഫുകള്‍ 'ഫാമില്‍ നിന്ന് ഫൈബറിലേക്ക്, ഫൈബര്‍ മുതല്‍ ഫാക്ടറിയിലേക്ക്, ഫാക്ടറിയില്‍ നിന്ന് ഫാഷനിലേക്ക്, ഫാഷനില്‍ നിന്ന് വിദേശത്തേക്ക്' യാത്രയെ പ്രതിനിധീകരിക്കുന്നു. അതായത്, കര്‍ഷകന്‍ പരുത്തി വളര്‍ത്തും; പരുത്തി ഫാക്ടറിയിലേക്ക് പോകും; ഫാക്ടറിയില്‍ നിര്‍മ്മിച്ച നൂലുകള്‍ വസ്ത്രങ്ങളാക്കി മാറ്റും; ഈ വസ്ത്രങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഒരു സമ്പൂര്‍ണ്ണ വിതരണവും മൂല്യ ശൃംഖലയും സ്ഥാപിക്കുക എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്. അത് സംഭവിക്കണം, അല്ലേ? സ്വാശ്രയ ഭാരതത്തെ പരിപോഷിപ്പിക്കുന്നതിന് സമാനമായ തന്ത്രങ്ങളാണ് ഇന്ന് നമ്മള്‍ നടപ്പിലാക്കുന്നത്. ടെക്സ്റ്റൈല്‍ മേഖലയ്ക്ക് വേണ്ടിയുള്ള രാജ്യത്ത് ആദ്യമായി നവസാരിയില്‍ പിഎം മിത്ര പാര്‍ക്ക് ഉദ്ഘാടനം ചെയ്തത് ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ഈ സംരംഭം ടെക്‌സ്‌റ്റൈല്‍ വ്യവസായത്തെ ശക്തിപ്പെടുത്തും, ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ ഭാരതത്തിന്റെ പങ്ക് ഉയര്‍ത്തും. ആഗോള ഫാഷന്‍ വിപണിയില്‍ ഗുജറാത്തിന്റെ പ്രാധാന്യം കാണിക്കുന്ന സൂറത്തിലെ വജ്രങ്ങളും നവസാരിയുടെ വസ്ത്രങ്ങളും സങ്കല്‍പ്പിക്കുക. ഗുജറാത്തിന്റെ പ്രതിധ്വനികള്‍ ലോകമെമ്പാടും അലയടിക്കുന്നത് നമ്മള്‍ കേള്‍ക്കില്ലേ?
സുഹൃത്തുക്കളേ,
ഇന്ന്, സൂറത്ത് സില്‍ക്ക് സിറ്റി നവസാരിയിലേക്ക് അതിന്റെ വ്യാപനം വികസിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരോടും കയറ്റുമതിക്കാരോടും ഈ മേഖലയില്‍ ഭാരതം മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായം ഈ നേട്ടത്തില്‍ ഗണ്യമായ സംഭാവന നല്‍കി. വര്‍ഷങ്ങളായി, സൂറത്തിലെ തുണിത്തരങ്ങള്‍ തങ്ങളുടേതായ ഒരു ശക്തമായ വ്യക്തിത്വം സ്ഥാപിച്ചു. പി എം മിത്ര പാര്‍ക്ക് ഇവിടെ പൂര്‍ത്തിയാകുമ്പോള്‍, ഈ പ്രദേശത്തിന്റെ മുഴുവന്‍ ഭൂപ്രകൃതിയും പരിവര്‍ത്തനത്തിന് വിധേയമാകും. ഈ പാര്‍ക്കിന്റെ നിര്‍മാണത്തിന് മാത്രം 3000 കോടി രൂപയുടെ നിക്ഷേപം നടത്തും. സ്പിന്നിംഗ്, നെയ്ത്ത്, ജിന്നിംഗ്, വസ്ത്ര ഉത്പാദനം, സാങ്കേതിക തുണിത്തരങ്ങള്‍, ടെക്‌സ്‌റ്റൈല്‍ മെഷിനറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മൂല്യ ശൃംഖല ആവാസവ്യവസ്ഥ ഇവിടെ സ്ഥാപിക്കും. ഇതിനര്‍ത്ഥം ആയിരക്കണക്കിന് കരകൗശല തൊഴിലാളികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഇവിടെ ജോലി ചെയ്യാന്‍ അവസരമുണ്ടാകും. കൂടാതെ, പാര്‍ക്കില്‍ പാര്‍പ്പിടം, ലോജിസ്റ്റിക് പാര്‍ക്ക്, വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, തൊഴിലാളികള്‍ക്കുള്ള പരിശീലന, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും. ചുറ്റുമുള്ള ഗ്രാമങ്ങളിലും പാര്‍ക്ക് തൊഴിലും സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
സൂറത്തിലെ ജനങ്ങള്‍ക്കായി മറ്റൊരു സുപ്രധാന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നു. 800 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കുന്ന താപി റിവര്‍ ബാരേജിന്റെ തറക്കല്ലിടല്‍ ഇന്ന് നടന്നു. താപി നദി ബാരേജിന്റെ നിര്‍മ്മാണം വരും വര്‍ഷങ്ങളില്‍ സൂറത്തിലെ ജലവിതരണത്തിന്റെ ദീര്‍ഘകാല വെല്ലുവിളി പരിഹരിക്കും. വെള്ളപ്പൊക്കം പോലുള്ള ഭീഷണികള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.
സുഹൃത്തുക്കളേ,
സാമൂഹിക ജീവിതത്തിലും വ്യവസായ വികസനത്തിലും വൈദ്യുതിയുടെ പ്രാധാന്യം ഗുജറാത്ത് മനസ്സിലാക്കുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഗുജറാത്ത് നീണ്ട പവര്‍കട്ട് നേരിട്ടിരുന്നു. നിലവില്‍ 25-30 വയസ്സ് പ്രായമുള്ള വ്യക്തികള്‍ക്ക് നമ്മള്‍ അനുഭവിച്ച ഇരുണ്ട കാലത്തെക്കുറിച്ച് പോലും അറിയില്ലായിരിക്കാം. ഞാന്‍ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍, ആളുകള്‍ വൈദ്യുതിക്കായി അപേക്ഷിച്ച് എന്റെ അടുക്കല്‍ വരുമായിരുന്നു, പ്രത്യേകിച്ച് വൈകുന്നേരത്തെ ഭക്ഷണ സമയത്ത്. ആ നാളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍, അത്തരം സാഹചര്യങ്ങള്‍ നിലനിന്നിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അക്കാലത്ത് വൈദ്യുതി ഉല്‍പാദനത്തില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്ന് കല്‍ക്കരി വാങ്ങുകയോ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയോ ചെയ്യേണ്ടിവന്നു. ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയും ഇറക്കുമതിയെ ആശ്രയിച്ചു. ജലത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പ്രായോഗികമായ ഒരു ഓപ്ഷനായിരുന്നില്ല. ഈ പ്രതിസന്ധികള്‍ക്കിടയില്‍ ഗുജറാത്തിന്റെ വികസനം അസംഭവ്യമായി തോന്നി. എന്നിരുന്നാലും, ഈ പ്രതിബന്ധങ്ങളെ മറികടക്കാന്‍ മോദി തീരുമാനിച്ചു. അങ്ങനെ, ഗുജറാത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ഞങ്ങള്‍ മുന്‍ഗണന നല്‍കി. സൗരോര്‍ജ്ജവും കാറ്റ് ഊര്‍ജ്ജവും ഞങ്ങളുടെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി. ഇന്ന്, സോളാര്‍, കാറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ഗണ്യമായ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗുജറാത്ത് അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിലെ ഭാരതത്തിന് വൈദ്യുതി എത്തിക്കുന്നതില്‍ നമ്മുടെ ആണവ നിലയങ്ങളുടെ പങ്ക് കൂടുതല്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് താപിയിലെ കക്രപാര്‍ ആണവനിലയത്തിലെ രണ്ട് പുതിയ റിയാക്ടറുകള്‍ ഉദ്ഘാടനം ചെയ്തു. ഈ രണ്ട് റിയാക്ടറുകളും 'മെയ്ഡ് ഇന്‍ ഇന്ത്യ' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. നമുക്ക് ഒരിക്കല്‍ ഭാരത് മാതാ കീ ജയ് വിളിക്കാം, അഭിമാനത്തോടെ ഈ സ്വാശ്രയത്തിനായി കൈകള്‍ ഉയര്‍ത്താം - ഭാരത് മാതാ കീ ജയ്! എല്ലാ മേഖലകളിലും സ്വയംപര്യാപ്തതയിലേക്കുള്ള ഭാരതത്തിന്റെ യാത്രയെ ഇത് അടിവരയിടുന്നു. ഈ വികസനത്തോടെ ഗുജറാത്തിന് ഈ പ്ലാന്റില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാവും, ഇത് അതിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
സുഹൃത്തുക്കളേ,
അത് നവസാരിയായാലും വല്‍സാദായാലും, ദക്ഷിണ ഗുജറാത്ത് മേഖല ഇപ്പോള്‍ അഭൂതപൂര്‍വമായ വികസന ഘട്ടം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുകയാണ്. സൗരോര്‍ജ്ജത്തെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ ഗുജറാത്തിനെ പരിഗണിക്കുമ്പോള്‍, നമ്മുടെ ഗുജറാത്തികള്‍ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മമായ ശ്രദ്ധയ്ക്ക് പേരുകേട്ടവരാണ്. അവര്‍ അക്കൗണ്ടിംഗില്‍ മികവ് പുലര്‍ത്തുന്നു. ഇപ്പോഴിതാ, മോദി മറ്റൊരു ഉറപ്പ് നല്‍കിയിട്ടുണ്ട്, അത് നിങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്രദമാണ് - പ്രധാനമന്ത്രി സൂര്യ ഘര്‍ എന്നറിയപ്പെടുന്ന 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്ന പദ്ധതി. പ്രധാനമന്ത്രി സൂര്യഘാറിന് കീഴില്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നു. എസികള്‍, ഫാനുകള്‍, ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ അവശ്യ വീട്ടുപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു, ഇത് മിക്കവാറും എല്ലാ ഇടത്തരം കുടുംബങ്ങള്‍ക്കും പ്രാപ്യമാക്കാന്‍ കഴിയും. കൂടാതെ, വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനും ബാങ്കുകള്‍ വഴി വായ്പ വാഗ്ദാനം ചെയ്യുന്നതിനും സര്‍ക്കാര്‍ ധനസഹായം നല്‍കും. കൂടാതെ, നിങ്ങള്‍ 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും വില്‍ക്കാന്‍ മിച്ചമുണ്ടെങ്കില്‍, അധിക വരുമാനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് അധിക വൈദ്യുതി വാങ്ങുകയും ചെയ്യും. അത് ലാഭകരമല്ലേ? ഗുജറാത്തില്‍, സൗരോര്‍ജ്ജ വൈദ്യുതി വിതരണം ചെയ്യാനും സൂര്യന്റെ ശക്തി പ്രയോജനപ്പെടുത്താനും എല്ലാ വീട്ടിലും സൗജന്യ വൈദ്യുതി നല്‍കാനുമുള്ള ശ്രമത്തില്‍ ഏര്‍പ്പെടുക. ഇതാണ് മോദിയുടെ ഉറപ്പ്. കൂടാതെ, മുംബൈ, സൂറത്ത് തുടങ്ങിയ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഈ മേഖലയിലൂടെ കടന്നുപോകും.
സുഹൃത്തുക്കളേ,
നവസാരി ഇപ്പോള്‍ അതിന്റെ വ്യാവസായിക വികസനത്തിന് അംഗീകാരം നേടുന്നു, എന്നാല്‍ നവസാരി ഉള്‍പ്പെടെയുള്ള ദക്ഷിണ ഗുജറാത്ത് പ്രദേശം മുഴുവന്‍ കാര്‍ഷിക മേഖലയിലും ഗണ്യമായി മുന്നേറുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഇവിടെ കര്‍ഷകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയപ്പോള്‍ പഴവര്‍ഗ കൃഷിരീതിയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഈ പ്രദേശത്തെ ഹാപ്പസ് മാമ്പഴങ്ങളും വല്‍സാദ് മാമ്പഴങ്ങളും നവസാരി ചിക്കൂസും ലോകമെമ്പാടും പ്രശസ്തമാണ്. ഞാന്‍ എവിടെ പോയാലും ആളുകള്‍ അവയെക്കുറിച്ച് എന്നോട് പരാമര്‍ശിക്കുന്നു. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിലവില്‍ കര്‍ഷകരെ എല്ലാ ഘട്ടത്തിലും സഹായിക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ നവസാരിയുടെ കര്‍ഷകര്‍ക്ക് 350 കോടിയിലധികം രൂപയുടെ നേട്ടമുണ്ടായി.
സുഹൃത്തുക്കളേ,
രാജ്യത്തുടനീളമുള്ള പാവപ്പെട്ടവരെയും കര്‍ഷകരെയും യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുമെന്ന് മോദി പ്രതിജ്ഞയെടുത്തു. ഇത് കേവലം ഗ്യാരന്റി സ്‌കീമുകള്‍ രൂപപ്പെടുത്തുന്നതിന് അപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്; ഇത് അര്‍ഹതയുള്ള വ്യക്തികള്‍ക്ക് ഈ സംരംഭങ്ങളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും ദാരിദ്ര്യവും ഇല്ലായ്മയും നിര്‍മാര്‍ജനം ചെയ്യുകയാണ് മോദിയുടെ പ്രതിബദ്ധത കൊണ്ട് ലക്ഷ്യമിടുന്നത്. അതിനാല്‍, ഗുണഭോക്താക്കളിലേക്ക് സജീവമായി ഗവണ്‍മെന്റ് എത്തിച്ചേരുകയും അവരെ തിരിച്ചറിയുകയും അവരെ ബന്ധപ്പെട്ട പദ്ധതികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
വര്‍ഷങ്ങളായി, ദേശീയതലത്തിലും ഗുജറാത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ആദിവാസി മേഖലകളെയും തീരഗ്രാമങ്ങളെയും അവഗണിച്ചു. എന്നിരുന്നാലും, ഇവിടെ ഗുജറാത്തില്‍, ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള മുഴുവന്‍ ഗോത്രമേഖലയിലും അവശ്യ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. എന്നിട്ടും 2014 വരെ ദേശീയ തലത്തില്‍ ഇതുണ്ടായില്ല. വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ രാജ്യത്തുടനീളമുള്ള 100-ലധികം ജില്ലകള്‍ അവികസിതാവസ്ഥയില്‍ തളര്‍ന്നു. ഇതില്‍ പല ജില്ലകളിലും പ്രധാനമായും ആദിവാസികളായിരുന്നു. കഴിഞ്ഞ ദശകത്തില്‍, ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിലൂടെ, മുമ്പ് അവഗണിക്കപ്പെട്ട ഈ പ്രദേശങ്ങള്‍ വികസനത്തില്‍ കാര്യമായ മുന്നേറ്റം നടത്തി.
സഹോദരങ്ങളേ സഹോദരിമാരേ,
മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ പാഴാകുന്നിടത്താണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്. ഇതാദ്യമായി, രാജ്യത്തെ ഏറ്റവും ദരിദ്രര്‍ക്ക് ഒരു പക്കാ വീട് എന്ന ഉറപ്പ് ലഭിച്ചു-മോദിയുടെ ഉറപ്പിന് നന്ദി. മോദിയുടെ ഉറപ്പ് കാരണം അവര്‍ പട്ടിണി കിടക്കുകയോ കഷ്ടപ്പാടുകള്‍ സഹിക്കുകയോ ചെയ്യില്ലെന്ന് അവര്‍ക്ക് ഉറപ്പിക്കാം. വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന സഹോദരിമാര്‍ പോലും തങ്ങളുടെ വീടുകളില്‍ വൈദ്യുതിയും ടാപ്പ് വെള്ളവും ലഭിക്കുമെന്ന് ആത്മവിശ്വാസത്തിലാണ്-മോദിയുടെ ഉറപ്പ് കാരണം. ദരിദ്രരും കര്‍ഷകരും കടയുടമകളും തൊഴിലാളികളും അവര്‍ക്കായി ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നിട്ടും, ഇന്ന് ഇത് ഒരു യാഥാര്‍ത്ഥ്യമാണ്-മോദിയുടെ ഉറപ്പിന് നന്ദി. ഇരു കൈകളും ഉയര്‍ത്തി അംഗീകരിക്കാം- അത് മോദിയുടെ ഉറപ്പ് കൊണ്ടാണ്.
സുഹൃത്തുക്കളേ,
സിക്കിള്‍ സെല്‍ അനീമിയ ആദിവാസി മേഖലകളില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ വിവിധ നടപടികള്‍ നടപ്പിലാക്കി. എന്നിരുന്നാലും, ഈ രോഗത്തെ സമഗ്രമായി നേരിടാന്‍ ദേശീയ ശ്രമങ്ങള്‍ അനിവാര്യമായിരുന്നു. തല്‍ഫലമായി, സിക്കിള്‍ സെല്‍ അനീമിയ ഇല്ലാതാക്കുന്നതിനുള്ള ഒരു ദേശീയ ദൗത്യം ഞങ്ങള്‍ ആരംഭിച്ചു. ഈ സംരംഭത്തിന് കീഴില്‍, രാജ്യത്തുടനീളമുള്ള ആദിവാസി മേഖലകളില്‍ സിക്കിള്‍ സെല്‍ അനീമിയയ്ക്കുള്ള സ്‌ക്രീനിംഗ് നടത്തുന്നു. വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ലക്ഷക്കണക്കിന് വ്യക്തികളെ പരിശോധിച്ചു. കൂടാതെ, ഈ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജും നടക്കുന്നു. മുമ്പ്, ആദിവാസി ആധിപത്യമുള്ള ജില്ലകളില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക എന്നത് ഭാരിച്ച ദൗത്യമായിരുന്നു. ഇന്ന് പല ആദിവാസി ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
അവര്‍ ദരിദ്രരോ ഇടത്തരക്കാരോ ആകട്ടെ, ഗ്രാമങ്ങളിലോ നഗരങ്ങളിലോ താമസിക്കുന്നവരായാലും, നമ്മുടെ ഗവണ്‍മെന്റ് ഓരോ പൗരന്റെയും ജീവിത നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണത്തില്‍ ഭാരതത്തിന് ആഗോള സമ്പദ്വ്യവസ്ഥയില്‍ 11-ാം സ്ഥാനം മാത്രമേ കൈവരിക്കാനാകൂ. സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്നത് രാജ്യത്തിന് പരിമിതമായ വിഭവങ്ങളെ അര്‍ത്ഥമാക്കുന്നു, ഇത് ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും വികസനത്തിന് തടസ്സമായി. എന്നിരുന്നാലും, ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭാരതം ഒരു ദശാബ്ദത്തിനുള്ളില്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ 10-ല്‍ നിന്ന് അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്നു. ഇന്ന്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ മിച്ച വരുമാനമുള്ളതിനാല്‍ വര്‍ധിച്ച തോതില്‍ ചെലവഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം, രാജ്യവ്യാപകമായി ചെറിയ നഗരങ്ങളില്‍ പോലും ശക്തമായ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കപ്പെടുന്നു. ചെറിയ നഗരങ്ങളില്‍ നിന്ന് എളുപ്പം വിമാനയാത്രനടത്തുക എന്നത് ഒരു കാലത്ത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായി. മാത്രവുമല്ല, കോണ്‍ഗ്രസ് ഭരണം നഗരങ്ങളിലെ ചേരികളുടെ പെരുകുന്നത് ശാശ്വതമാക്കിയപ്പോള്‍, നമ്മുടെ ഗവണ്‍മെന്റ് അവയ്ക്ക് പകരം പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍ സ്ഥാപിക്കുകയാണ്. കഴിഞ്ഞ ദശകത്തില്‍, പാവപ്പെട്ടവര്‍ക്കായി ഞങ്ങള്‍ 4 കോടിയിലധികം പക്കാ വീടുകള്‍ നിര്‍മ്മിച്ചു - ഓര്‍ക്കുക, 4 കോടി വീടുകള്‍!
സുഹൃത്തുക്കളേ,
ഇന്ന്, ഡിജിറ്റല്‍ ഇന്ത്യ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു-ഒരു കാലത്ത് കോണ്‍ഗ്രസ് പരിഹസിച്ച ഒരു പ്രചാരണം. ഡിജിറ്റല്‍ ഇന്ത്യ ചെറിയ നഗരങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചു, പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഉദയവും കായികരംഗത്ത് വളര്‍ന്നുവരുന്ന യുവജന സാന്നിധ്യവും പ്രോത്സാഹിപ്പിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഭാരതത്തെ പ്രേരിപ്പിക്കുന്ന ഒരു നവ-മധ്യവര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്തിലെ ചെറുപട്ടണങ്ങളുടെ വളര്‍ന്നുവരുന്ന വളര്‍ച്ചയ്ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
സഹോദരന്‍മാരേ സഹോദരികളേ,
ബി.ജെ.പി സര്‍ക്കാര്‍ വികസനത്തിന് മുന്‍ഗണന നല്‍കുന്നതുപോലെ നമ്മുടെ പൈതൃകത്തെയും നെഞ്ചേറ്റുന്നു. നമ്മുടെ രാജ്യത്തിന്റെ ആഖ്യാനത്തില്‍ ഈ പ്രദേശത്തിന് ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യ സമരകാലത്തായാലും രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായാലും ഈ പ്രദേശം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും രാഷ്ട്രീയത്തെ മറികടക്കുമ്പോള്‍, പാരമ്പര്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഖേദകരമെന്നു പറയട്ടെ, പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഈ അനീതി തുടര്‍ച്ചയായി ചെയ്തുവരുന്നു. ഇന്ന്, ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ അനുരണനം ലോകമെമ്പാടും അലയടിക്കുന്നു. നിങ്ങള്‍ ലോകത്ത് എവിടെ പോയാലും ആളുകള്‍ ഭാരതം സന്ദര്‍ശിക്കാനും അതിനെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ കണ്ടെത്തും. എന്നിട്ടും, പതിറ്റാണ്ടുകളായി ഭാരതത്തിന്റെ യഥാര്‍ത്ഥ പൈതൃകത്തെക്കുറിച്ച് കോണ്‍ഗ്രസ് ലോകത്തെ അജ്ഞാതമാക്കി. സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഉപ്പും ഖാദിയും സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായി ഉയര്‍ത്തി, എന്നിട്ടും കോണ്‍ഗ്രസ് ഖാദിയെ അവഗണിക്കുകയും ഉപ്പ് സത്യാഗ്രഹത്തിന്റെ പാരമ്പര്യം മറക്കുകയും ചെയ്തു. ദണ്ഡി ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലത്ത് ദണ്ഡി സ്മാരകവും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ക്കായി സമര്‍പ്പിച്ച യൂണിറ്റി പ്രതിമയും സ്ഥാപിച്ചതിന്റെ ബഹുമതി നമ്മുടെ സര്‍ക്കാരിനുള്ളതാണ്. എന്നിട്ടും, ഒരു ഉന്നത കോണ്‍ഗ്രസ് നേതാവും ഈ സ്ഥലങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടില്ല. ഗുജറാത്തിനോടുള്ള ഈ അവഗണന ഒരു ഗുജറാത്തിക്കും മറക്കാനാവില്ല.
സുഹൃത്തുക്കളേ,
മോദിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് നിങ്ങള്‍ കണ്ടതാണ്. എന്നിരുന്നാലും, അവരുടെ അവഹേളനം 400 സീറ്റുകള്‍ മറികടക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അവര്‍ എത്ര ചെളി വാരിയിടുന്നുവോ അത്രത്തോളം ശക്തിയുടെ 370 താമരകള്‍ പ്രൗഢിയോടെ പൂക്കും.
സഹോദരന്‍മാരേ സഹോദരികളേ,
ഇന്ന്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്രത്തിന് വേണ്ടിയുള്ള ഒരു അജണ്ട ഇല്ല, പകരം മോദിയെ നിരന്തരം വിമര്‍ശിക്കുന്നു. ഒരു പാര്‍ട്ടി സ്വജനപക്ഷപാതത്തിന് വഴങ്ങുമ്പോള്‍, വലിയ നന്മയെക്കാള്‍ സ്വന്തം കുടുംബത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. അത്തരമൊരു കുടുംബ കേന്ദ്രീകൃത ചിന്താഗതി യുവാക്കളുടെ കണ്ടെത്തലുകളേയും കഴിവുകളെയും അഭിലാഷങ്ങളെയും തളര്‍ത്തുന്നു. കുടുംബ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തല്‍സ്ഥിതി നിലനിര്‍ത്തുന്നതില്‍ അവരുടെ ശ്രദ്ധ തുടരുന്നു. ഇതാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന ദുരവസ്ഥ. ഇതിനു വിരുദ്ധമായി, ദേശീയ വികസനത്തിനായുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തിക്കൊണ്ട് അടുത്ത 25 വര്‍ഷത്തേക്കുള്ള സമഗ്രമായ ഒരു റോഡ്മാപ്പ് ബി.ജെ.പി തയ്യാറാക്കിയിട്ടുണ്ട്. ഈ 25 വര്‍ഷത്തെ കാലയളവില്‍ വികസിത ഗുജറാത്തും വികസിത ഭാരതവും കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
സുഹൃത്തുക്കളേ,
അമ്മമാരുടെയും സഹോദരിമാരുടെയും അടക്കം ഇന്നത്തെ നിങ്ങളുടെ സാന്നിദ്ധ്യം എന്നില്‍ അഗാധമായ കൃതജ്ഞത നിറയ്ക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കും പിന്തുണയ്ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒരിക്കല്‍ കൂടി, ഈ വികസന പദ്ധതികള്‍ക്ക് എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. എന്നോടൊപ്പം പറയൂ -
'ഭാരത് മാതാ കീ ജയ്!'
ഇരു കൈകളും ഉയര്‍ത്തി നമുക്ക് ആവേശത്തോടെ പ്രഖ്യാപിക്കാം -
'ഭാരത് മാതാ കീ ജയ്!'
'ഭാരത് മാതാ കീ ജയ്!'
'ഭാരത് മാതാ കീ ജയ്!'
വളരെ നന്ദി!