ഭഗവാന്‍ ശ്രീനാഥ്ജി കീ ജയ്!
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, എന്റെ സുഹൃത്ത് മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, നിയമസഭാ സ്പീക്കര്‍ ശ്രീ സി പി ജോഷി ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രി ശ്രീ ഭജന്‍ ലാല്‍ ജാതവ്, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ശ്രീ ചന്ദ്രപ്രകാശ് ജോഷി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ സഹോദരി ദിയാ കുമാരി ജി, ശ്രീ കനക് മല്‍ കത്താര ജി, ശ്രീ അര്‍ജുന്‍ലാല്‍ മീണ ജി, ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാ വിശിഷ്ടാതിഥികള്‍, രാജസ്ഥാനിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!
ഭഗവാന്‍ ശ്രീനാഥ്ജിയുടെയും വീരതയുടെ പ്രതീകമായ മേവാറിന്റെയും ഈ നാട്ടില്‍ നിങ്ങള്‍ക്കിടയില്‍ ഇടയില്‍ സന്നിഹിതനാകാന്‍ ഒരിക്കല്‍ കൂടി എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇവിടെ വരുന്നതിന് മുമ്പ് ശ്രീനാഥ്ജിയുടെ ദര്‍ശനം ലഭിക്കുന്നതിനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ ആസാദി കാ അമൃത്കാലില്‍ ഒരു വികസിത ഇന്ത്യയ്ക്കുള്ള പ്രതിജ്ഞാ പൂര്‍ത്തീകരണത്തിനായി ഞാന്‍ ശ്രീനാഥ്ജിയില്‍ നിന്ന് അനുഗ്രഹം തേടി.
സുഹൃത്തുക്കളെ,
രാജസ്ഥാന്റെ വികസനവുമായി ബന്ധപ്പെട്ട് 5000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലോ തുടക്കമോ ഇന്ന് നിര്‍വഹിക്കപ്പെടുകയാണ്. ഈ പദ്ധതികള്‍ രാജസ്ഥാന്റെ ബന്ധിപ്പിക്കലിനെ പുതിയ ഉയരത്തിലെത്തിക്കും. ഉദയ്പൂരിനും ഷംലാജിക്കും ഇടയിലുള്ള ദേശീയ പാത 8 ആറുവരിയാക്കുന്നത് ഉദയ്പൂര്‍, ദുംഗര്‍പൂര്‍, ബന്‍സ്‌വാര മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യും. ഇത് ഷംലാജിയ്ക്കും കായയ്ക്കും ഇടയിലുള്ള ദൂരം കുറയ്ക്കും. ബിലാര, ജോധ്പൂര്‍ സെക്ഷനുകള്‍ നിര്‍മ്മിക്കുന്നതോടെ ജോധ്പൂരിലേക്കും അതിര്‍ത്തി പ്രദേശത്തേക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാനാകും. ജയ്പൂരില്‍ നിന്ന് ജോധ്പൂരിലേക്കുള്ള ദൂരത്തില്‍ മൂന്ന് മണിക്കൂര്‍ കുറവുണ്ടാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ചാര്‍ഭുജയുടെയും നീച്‌ലി ഓഡന്റെയും പദ്ധതികള്‍ ലോക പൈതൃക സ്ഥലങ്ങളായ കുംഭല്‍ഗഡ്, ഹല്‍ദിഘട്ടി, ശ്രീനാഥ്ജി എന്നിവ സന്ദര്‍ശിക്കുന്നത് വളരെ സുഗമമാക്കും. ശ്രീ നാഥ്ദ്വാരയില്‍ നിന്ന് ദിയോഗര്‍ മദാരിയയിലേക്കുള്ള റെയില്‍വേ ലൈന്‍ മേവാറിനെ മാര്‍വാറുമായി ബന്ധിപ്പിക്കും. മാര്‍ബിള്‍, ഗ്രാനൈറ്റ്, ഖനന വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഇത് വലിയ സഹായമാകും. ഈ വികസന പദ്ധതികള്‍ക്ക് രാജസ്ഥാനിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സഹോദരി സഹോദരന്മാരെ,
സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന മന്ത്രത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ് വിശ്വസിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ഇന്ത്യയുടെ ധീരതയുടെയും ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ് രാജസ്ഥാന്‍. രാജസ്ഥാന്‍ എത്രത്തോളം വികസിക്കുന്നുവോ ഇന്ത്യയുടെ വികസനത്തിന്റെ ചലനക്ഷമതയും അത്രയധികം കൂടും. അതുകൊണ്ടാണ് രാജസ്ഥാനില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഞങ്ങളുടെ ഗവണ്‍മെന്റ് പരമാവധി ഊന്നല്‍ നല്‍കുന്നത്. ആധുനിക അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍, അത് റെയില്‍, റോഡ് എന്നിവ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും ദൂരം കുറയ്ക്കുകയും ചെയ്യുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സമൂഹത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സമൂഹത്തെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യുന്നു. ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍, പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ വികസിത ഇന്ത്യ എന്ന പ്രതിജ്ഞയെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍, അതിന്റെ കാതലില്‍ ഒരു പുതിയ ശക്തിയായി ഈ അടിസ്ഥാന സൗകര്യം തന്നെ ഉയര്‍ന്നുവരുന്നു. ഇന്ന്, രാജ്യത്ത് എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളിലും മുന്‍പൊന്നുമുണ്ടായിട്ടില്ലാത്തതരത്തിലുള്ള നിക്ഷേപം നടക്കുകയും മുന്‍പൊന്നുമുണ്ടാകാത്തതരത്തിലുള്ള വേഗതയില്‍ പ്രവര്‍ത്തികള്‍ നടക്കുകയുമാണ്. അത് റെയില്‍വേയോ, ഹൈവേയോ എയര്‍പോര്‍ട്ടോ ഏതിലായാലും എല്ലാ മേഖലയിലും ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റ് നിക്ഷേപിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റിലും 10 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യമേഖലയില്‍ വളരെയധികം നിക്ഷേപം ഉണ്ടാകുമ്പോള്‍, അത് ആ മേഖലയിലെ വികസനത്തിലും തൊഴിലവസരങ്ങളിലും നേരിട്ട് സ്വാധീനം ചെലുത്തും. പുതിയ റോഡുകളും പുതിയ റെയില്‍വേ ലൈനുകളും നിര്‍മ്മിക്കുമ്പോള്‍, ഗ്രാമങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ കോടിക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, കോടിക്കണക്കിന് ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍, ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുമ്പോള്‍, ഓരോ വീട്ടിനും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍, ഇത്തരം സാധനങ്ങള്‍ വിതരണം ചെയ്യുന്ന പ്രാദേശിക ചെറുകിട വ്യപാരികള്‍ക്കും ആ പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്കും ആ പ്രദേശത്തെ തൊഴിലാളികള്‍ക്കും ഇതുമൂലം ധാരാളം പ്രയോജനം ലഭിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പദ്ധതികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പുതിയ ഉണര്‍വ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ സുഹൃത്തുക്കളേ, നമ്മുടെ നാട്ടിലെ ചിലര്‍ വളരെയധികം നിഷേധാത്മകത നിറഞ്ഞ വളച്ചൊടിക്കപ്പെട്ട ചിലതരത്തിലുള്ള പ്രത്യയശാസ്ത്രത്തിന്റെ ഇരകളായി മാറിയിട്ടുണ്ട്, രാജ്യത്ത് നല്ലതൊന്നും സംഭവിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഗോതമ്പ് മാവാണോ ആദ്യം അതോ ഡാറ്റയാണോ ആദ്യം (അട്ടാ പെഹ്‌ലെ കി ഡാറ്റാ പെഹ്‌ലെ ), റോഡുകളാണോ ആദ്യം അതോ ഉപഗ്രഹമാണോ ആദ്യം (സഡക് പെഹ്‌ലെ കി സാറ്റലൈറ്റ് പെഹ്‌ലെ ) എന്ന് ചിലര്‍ ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം? എന്നാല്‍, സുസ്ഥിരവും ദ്രുതഗതിയിലുള്ളതുമായ വികസനത്തിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ ആധുനിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നതിന് ചരിത്രം സാക്ഷിയാണ്. ഓരോ ചുവടിലും എല്ലാം വോട്ട് ബാങ്ക് എന്ന കണ്ണാടിയിലൂടെ വീക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയില്ല.
ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന ഒരു ജലസംഭരണി 4-5 വര്‍ഷത്തിനുള്ളില്‍ അപര്യാപ്തമാകുന്നത് നമ്മള്‍ പല സമയത്തും കാണാറുണ്ട്.. 4-5 വര്‍ഷത്തിനുള്ളില്‍ അപര്യാപ്തമെന്ന് കണക്കാക്കുന്ന നിരവധി റോഡുകളും മേല്‍പ്പാലങ്ങളും ഉണ്ട്. നമ്മുടെ നാട്ടിലെ ഈ ചിന്താഗതി കാരണം, അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിയിരുന്നില്ല. തല്‍ഫലമായി, രാജ്യം വളരെയധികം ബുദ്ധിമുട്ടി. ഉദാഹരണത്തിന്, ആവശ്യത്തിന് മെഡിക്കല്‍ കോളേജുകള്‍ മുന്‍പ് തന്നെ നിര്‍മ്മിച്ചിരുന്നെങ്കില്‍, രാജ്യത്ത് ഡോക്ടര്‍മാരുടെ ഇത്രയും കുറവുണ്ടാകുമായിരുന്നില്ല. റെയില്‍വേ ലൈനുകള്‍ നേരത്തെ വൈദ്യുതീകരിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ഈ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കേണ്ടി വരില്ലായിരുന്നു. പൈപ്പ് വഴിയുള്ള ജലവിതരണം നേരത്തെ ഉണ്ടായിരുന്നെങ്കില്‍, മൂന്നര ലക്ഷം കോടി രൂപ ചെലവില്‍ ഇന്ന് ജല്‍ ജീവന്‍ മിഷന്‍ ആരംഭിക്കേണ്ടി വരില്ലായിരുന്നു. നിഷേധാത്മകത നിറഞ്ഞിരിക്കുന്ന ആളുകള്‍ക്ക് ഒരു ദീര്‍ഘവീക്ഷണമുണ്ടാകുകയോ രാഷ്ട്രീയ നേട്ടത്തിനപ്പുറം ചിന്തിക്കാന്‍ കഴിയിുകയോ ചെയ്യാറില്ല.
നന്ദ്ദ്വാരയുടെ ജീവനാഡി എന്ന് വിളിക്കപ്പെടുന്ന നന്ദസമന്ദ് അണക്കെട്ട് അല്ലെങ്കില്‍ തന്തോള്‍ അണക്കെട്ട് നിര്‍മ്മിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക,? രാജസ്ഥാനിലെയും ഗുജറാത്തിലെയും ജനങ്ങള്‍ ലാഖ ബഞ്ചാരയെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ജലക്ഷാമം പരിഹരിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചയാളാണ് ലഖ ബഞ്ചാര. വെള്ളത്തിനായി ഇത്രയധികം അധദ്ധ്വാനിച്ചതാരാണെന്നും, ചുറ്റുപാടും പടിക്കിണറുകള്‍ നിര്‍മിച്ചത് ആരാണെന്നും ചോദിച്ചാല്‍ ലാഖ ബഞ്ചാരയാണെന്ന് പറയും; ആരാണ് അവിടെ കുളം പണിതതെന്ന് ചോദിച്ചാല്‍ അത് ലാഖ ബഞ്ചാര ആണെന്ന് അവര്‍ പറയും. ഗുജറാത്തിനൊപ്പം രാജസ്ഥാനിലും ഇത് പറയുന്നുണ്ട്. അതായത്, വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത് ലാഖ ബഞ്ചാരയാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ഇതേ ലാഖ ബഞ്ചാര ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ മൂലയ്ക്കിരുത്താനും അതിനായി രാഷ്്രടീയ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാനും ഈ നിഷേധ ചിന്താഗതിക്കാര്‍ ശ്രമിക്കുമെന്ന സ്ഥിതിയാണുള്ളത്.
സുഹൃത്തുക്കളെ,
ദീര്‍ഘവീക്ഷണത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാത്തതിന്റെ ഫലമായി രാജസ്ഥാനും ഏറെ ദുരിതം അനുഭവിച്ചിട്ടുണ്ട്. ബന്ധിപ്പിക്കലിന്റെ അഭാവം കാരണം ഈ മരുഭൂമിയില്‍ യാത്ര ചെയ്യുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഈ ബുദ്ധിമുട്ട് യാത്രയില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. കാര്‍ഷികവൃത്തി, കൃഷി, കച്ചവടം, വ്യാപാരം എന്നിവയും ഇത് ബുദ്ധിമുട്ടിലാക്കി. 2000-ല്‍ അടല്‍ജിയുടെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന ആരംഭിച്ചു. 2014 വരെ ഏകദേശം 3 ലക്ഷത്തി 80 ആയിരം കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് നിര്‍മ്മിച്ചത്. ഇതൊക്കെയായിട്ടും, രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ശരിയായ റോഡ് ബന്ധിപ്പിക്കല്‍ ഇല്ലായിരുന്നു. എല്ലാ ഗ്രാമങ്ങളിലും മെറ്റലിട്ട റോഡുകള്‍ നല്‍കുമെന്ന് 2014ല്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഗ്രാമങ്ങളില്‍ മാത്രം 3.5 ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. ഇതില്‍ 70,000 കിലോമീറ്ററിലധികം റോഡുകള്‍ ഇവിടെ രാജസ്ഥാനിലെ ഗ്രാമങ്ങളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇന്ന് രാജ്യത്തെ ഒട്ടുമിക്ക ഗ്രാമങ്ങളും പക്കാ റോഡുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഈ പ്രവൃത്തി നേരത്തെ ചെയ്തിരുന്നെങ്കില്‍, ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ഇത് എത്ര എളുപ്പമാകുമായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കുക.
സുഹൃത്തുക്കളെ,
ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനു പുറമേ, നഗരങ്ങളെ ആധുനിക ഹൈവേകളുമായി ബന്ധിപ്പിക്കുന്നതിലും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുകയാണ്. 2014-ന് മുമ്പുള്ള കാലത്തേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഇന്ന് ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിന്റെഫലമായി, രാജസ്ഥാനിലെ നിരവധി ജില്ലകള്‍ക്കും പ്രയോജനം ലഭിച്ചു. അടുത്തിടെ ദൗസയില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഒരു പ്രധാന ഭാഗം ഞാന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
സഹോദരി സഹോദന്മാരെ,
ഇന്നത്തെ ഇന്ത്യന്‍ സമൂഹം വികസനംകാംക്ഷിക്കുന്ന ഒരു സമൂഹമാണ്. ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ദശകത്തില്‍, കുറഞ്ഞ സമയം കൊണ്ട് പരമാവധി ദൂരം താണ്ടണമെന്നും പരമാവധി സൗകര്യങ്ങള്‍ വേണമെന്നുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെയും രാജസ്ഥാനിലെ ജനങ്ങളുടെയും ഈ അഭിലാഷം നിറവേറ്റേണ്ടത് ഗവണ്‍മെന്റിലായിരിക്കുമ്പോള്‍, നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വേഗത്തില്‍ യാത്ര ചെയ്യുന്നതിന് റോഡുകള്‍ കൂടാതെ, റെയില്‍വേയുടെ പ്രാധാന്യവും നമുക്കെല്ലാവര്‍ക്കും അറിയാം. പാവപ്പെട്ടവരോ ഇടത്തരക്കാരോ ഇന്നും, കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ എല്ലായ്‌പ്പോഴും ആദ്യം തിരഞ്ഞെടുക്കുന്നത് റെയില്‍വേയെയാണ്. അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍വേ ശൃംഖലയെ ഇന്ന് കേന്ദ്ര ഗവണ്‍മെന്റ് മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നത്. അത് ആധുനിക ട്രെയിനുകളോ ആധുനിക റെയില്‍വേ സ്‌റ്റേഷനുകളോ ആധുനിക റെയില്‍വേ ട്രാക്കുകളോ ആകട്ടെ, എല്ലാ തലങ്ങളിലും എല്ലാ ദിശകളിലും ഒരേസമയം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് രാജസ്ഥാനും അതിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ലഭിച്ചു. മാവ്‌ലി-മാര്‍വാര്‍ ഗേജ് പരിവര്‍ത്തനത്തിനുള്ള ആവശ്യം കാലങ്ങളായുള്ളതാണ്. അതിപ്പോള്‍ സാക്ഷാത്കരിക്കപ്പെടുകയാണ്. അതുപോലെ, അഹമ്മദാബാദിനും ഉദയ്പൂരിനുമിടയിലുള്ള മുഴുവന്‍ പാതകളും ബ്രോഡ് ഗേജാക്കി പരിവര്‍ത്തനപ്പെടുത്തുന്ന പ്രവൃത്തിയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായിരുന്നു. ഈ പുതിയ റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ ഉദയ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.
സുഹൃത്തുക്കളെ,
മുഴുവന്‍ റെയില്‍ ശൃംഖലയിലും ആളില്ലാ ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കിയ ശേഷം, ഇപ്പോള്‍ മുഴുവന്‍ ശൃംഖലയും ഞങ്ങള്‍ അതിവേഗം വൈദ്യുതീകരിക്കുകയാണ്. ഉദയ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പോലെ, രാജ്യത്തെ നൂറുകണക്കിന് റെയില്‍വേ സ്‌റ്റേഷനുകളെ ഞങ്ങള്‍ നവീകരിക്കുകയും അവയുടെ ശേഷി വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ, ചരക്ക് ട്രെയിനുകള്‍ക്കായി പ്രത്യേക പാതകളും സമര്‍പ്പിത ചരക്ക് ഇടനാഴികളും ഞങ്ങള്‍ നിര്‍മ്മിക്കുന്നു.
സുഹൃത്തുക്കളെ,
2014മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, രാജസ്ഥാന്റെ റെയില്‍വേ ബജറ്റില്‍ 14 മടങ്ങ് വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍, രാജസ്ഥാനിലെ റെയില്‍ ശൃംഖലയുടെ 75 ശതമാനവും വൈദ്യുതീകരിച്ചു. ഗേജ് പരിവര്‍ത്തനവും ഇരട്ടിപ്പിക്കലും മൂലം ഇവിടുത്തെ ദുംഗര്‍പൂര്‍, ഉദയ്പൂര്‍, ചിറ്റോര്‍, പാലി, സിരോഹി, രാജ്‌സമന്ദ് തുടങ്ങിയ ജില്ലകള്‍ക്ക് വളരെയധികം പ്രയോജനം ലഭിച്ചു. 100 ശതമാനം വൈദ്യുതീകരിച്ച റെയില്‍വേ ലൈനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജസ്ഥാനും ഉള്‍പ്പെടുന്ന ദിവസം വിദൂരമല്ല.
സഹോദരി സഹോദരന്മാരെ,
ഇവിടെയുള്ള നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും രാജസ്ഥാനിലെ മികച്ച ബന്ധിപ്പിക്കല്‍ മൂലം വളരെയധികം പ്രയോജനം ലഭിക്കുന്നു. ഹല്‍ദിഘാട്ടിയുടെ ഭാഗമാണ് മേവാറിലെ ഈ പ്രദേശം. റാണാ പ്രതാപിന്റെ ധീരതയുടെയും ഭാമാഷയുടെ സമര്‍പ്പണത്തിന്റെയും രാഷ്ട്ര സംരക്ഷണത്തിനായുള്ള വീര്‍ പന്നാധായുടെ ത്യാഗത്തിന്റെയും കഥകള്‍ ഈ മണ്ണിന്റെ ഓരോ കണികയിലും പതിഞ്ഞിട്ടുണ്ട്. ജന്മവാര്‍ഷിക ദിനത്തില്‍ ഇന്നലെ മഹാറാണാ പ്രതാപ് ജിയെ രാജ്യം വലിയ ഭക്തിയോടെ അനുസ്മരിച്ചു. ഈ സമ്പന്നമായ പൈതൃകത്തെ പരമാവധി രാജ്യങ്ങളിലേക്കും ലോകത്തിലേക്കും കൊണ്ടുപോകേണ്ടത് നമുടെ ആവശ്യമാണ്. അതുകൊണ്ടാണ് അതിന്റെ പൈതൃക വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് വിവിധ സര്‍ക്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൃഷ്ണ സര്‍ക്യൂട്ട് വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ രാജസ്ഥാനിലും, ഗോവിന്ദ് ദേവ് ജി, ഖാട്ടു ശ്യാം ജി, ശ്രീനാഥ്ജി എന്നിവരുടെ ദര്‍ശനം സുഗമമാക്കാന്‍ കൃഷ്ണ സര്‍ക്യൂട്ട് വികസിപ്പിക്കുന്നു.
സഹോദരി സഹോദരിമാരെ,
സേവനത്തെ ഭക്തിയായി കരുതി കേന്ദ്ര ഗവണ്‍മെന്റ് രാവും പകലും പ്രവര്‍ത്തിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ജീവിതം സുഗമമാക്കുക എന്നതാണ് നമ്മുടെ ഗവണ്‍മെന്റിന്റെ സദ്ഭരണത്തില്‍ മുന്‍ഗണന. ഓരോ പൗരന്റേയും ജീവിതത്തില്‍ സൗകര്യങ്ങളും സന്തോഷവും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അക്ഷീണമായ പ്രയത്‌നം തുടരുകയാണ്. നമുക്കെല്ലാവര്‍ക്കും ശ്രീനാഥ്ജിയുടെ അനുഗ്രഹം ഉണ്ടാകട്ടെ! ഈ ആഗ്രഹത്തോടെ, വികസന പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. വളരെയധികം നന്ദി.
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
നന്ദി!