“പ്രവർത്തനത്തിലൂടെയും കഴിവുകളിലൂടെയും സിബിഐ രാജ്യത്തെ സാധാരണ പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തി”
“പ്രൊഫഷണലായതും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഭാരതം സാധ്യമല്ല”
“രാജ്യത്തെ അഴിമതിയിൽനിന്നു മോചിപ്പിക്കുക എന്നതാണു സിബിഐയുടെ പ്രധാന ഉത്തരവാദിത്വം”
“അഴിമതി സാധാരണ കുറ്റകൃത്യമല്ല; അതു പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു; മറ്റു നിരവധി കുറ്റകൃത്യങ്ങൾക്കു കാരണമാകുന്നു; നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലെ ഏറ്റവും വലിയ തടസം അഴിമതിയാണ്”
“ജെഎഎം സംവിധാനം ഗുണഭോക്താക്കൾക്കു പൂർണ ആനുകൂല്യം ഉറപ്പാക്കുന്നു”
“രാജ്യത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്നു കുറവേതുമില്ല”“അഴിമതിക്കാരെ ആരെയും വെറുതെ വിടരുത്. നമ്മുടെ പ്രയത്നങ്ങളിൽ അലംഭാവം പാടില്ല. ഇതാണു രാജ്യത്തിന്റെ ആഗ്രഹം; ഇതാണു നാട്ടുകാരുടെ ആഗ്രഹം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങൾക്കൊപ്പമുണ്ട്”

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്‍മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

രാജ്യത്തിന്റെ ഉന്നത അന്വേഷണ ഏജന്‍സി എന്ന നിലയില്‍ നിങ്ങള്‍ 60 വര്‍ഷത്തെ യാത്ര പൂര്‍ത്തിയാക്കി. ഈ ആറ് പതിറ്റാണ്ടുകള്‍ തീര്‍ച്ചയായും നേട്ടങ്ങളാല്‍ നിറഞ്ഞതാണ്. സിബിഐ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികളുടെ ഒരു സമാഹാരവും ഇന്ന് ഇവിടെ പുറത്തിറക്കി. സിബിഐയുടെ വര്‍ഷങ്ങളായുള്ള യാത്രയാണ്a ഇത് കാണിക്കുന്നത്.

ചില നഗരങ്ങളില്‍ സിബിഐയുടെ പുതിയ ഓഫീസുകള്‍, ട്വിറ്റര്‍ ഹാന്‍ഡിലുകള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ ഇന്ന് ആരംഭിച്ചത് തീര്‍ച്ചയായും സിബിഐയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. സേവനത്തിലൂടെയും നൈപുണ്യത്തിലൂടെയും സി.ബി.ഐ പൊതുജനങ്ങള്‍ക്ക് പുതിയ ആത്മവിശ്വാസം നല്‍കി. ഇന്നും ഒരു കേസ് തീര്‍പ്പാക്കുക അസാധ്യമാണെന്ന് ആര്‍ക്കെങ്കിലും തോന്നുമ്പോള്‍ അത് സിബിഐക്ക് വിടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കേസ് അന്വേഷിക്കുന്ന ഏജന്‍സിയെ ഏല്‍പ്പിച്ച് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പഞ്ചായത്ത് തലത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പോലും 'ഇത് സി.ബി.ഐ.ക്ക് വിടണം' എന്നാണ് ആളുകള്‍ പറയുന്നത്. നീതിയുടെ ബ്രാന്‍ഡ് എന്ന നിലയില്‍ എല്ലാവരുടെയും ചുണ്ടുകളില്‍ സിബിഐ ഉണ്ട്.

 

സാധാരണക്കാരന്റെ ഈ വിശ്വാസം നേടിയെടുക്കുക എന്നത് നിസ്സാര കാര്യമല്ല. ഈ സ്ഥാപനത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി സംഭാവനകള്‍ നല്‍കിയ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഒട്ടേറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. മികച്ച സേവനത്തിന് നിരവധി ഉദ്യോഗസ്ഥരെ പോലീസ് മെഡലുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. എനിക്ക് ആദരിക്കാന്‍ അവസരം ലഭിച്ചവര്‍ക്കും, ബഹുമതി ലഭിച്ചവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളെ,
ഈ സുപ്രധാന ഘട്ടത്തില്‍, ഭൂതകാലത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പം, ഭാവിയിലെ വെല്ലുവിളികളെക്കുറിച്ചുള്ള ചിന്തയും ഒരുപോലെ ആവശ്യമാണ്. ഈ 'ചിന്തന്‍ ശിവിര്‍' (ചിന്താശിബിരം) കൊണ്ടുള്ള ഉദ്ദേശ്യം നിങ്ങളെത്തന്നെ മെച്ചപ്പെടുത്തുകയും കാലികമാക്കുകയും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പഠിക്കുക വഴി ഭാവിയിലേക്കുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ്. രാജ്യം 'അമൃത് കാല്‍ ' യാത്ര ആരംഭിച്ച സമയത്താണ് ഇത് സംഭവിക്കുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിതമാക്കാന്‍ തീരുമാനിച്ചു. വൈദഗ്ധ്യമേറിയതും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഇന്ത്യ സാധ്യമല്ല. അതുകൊണ്ട് തന്നെ സിബിഐക്ക് വലിയ ഉത്തരവാദിത്തമുണ്ട്.

സുഹൃത്തുക്കളെ,
കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ സി.ബി.ഐ ഒരു മള്‍ട്ടി-ഡൈമന്‍ഷണല്‍, മള്‍ട്ടി ഡിസിപ്ലിനറി ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി എന്ന നിലയില്‍ സ്വയം ഒരു ഇടം നേടിയിട്ടുണ്ട്. ഇന്ന് സിബിഐയുടെ വ്യാപ്തി വന്‍തോതില്‍ വികസിച്ചിരിക്കുന്നു. ബാങ്ക് തട്ടിപ്പുകള്‍ മുതല്‍ വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വരെ, സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വരെ, ഉള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.

എന്നാല്‍ സിബിഐയുടെ പ്രധാന ഉത്തരവാദിത്തം അഴിമതിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതാണ്. അഴിമതി ഒരു സാധാരണ കുറ്റകൃത്യമല്ല. അഴിമതി പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു; അഴിമതി കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയിലേക്ക് നയിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെയും നീതിയുടെയും വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണ്. വിശേഷിച്ചും, സര്‍ക്കാര്‍ സംവിധാനത്തില്‍ അഴിമതി നിലനില്‍ക്കുമ്പോള്‍, അത് ജനാധിപത്യത്തെ തഴച്ചുവളരാന്‍ അനുവദിക്കുന്നില്ല. അഴിമതിയുള്ളിടത്ത് യുവാക്കളുടെ സ്വപ്നങ്ങളാണ് ആദ്യം അപകടത്തില്‍പ്പെടുന്നത്, യുവാക്കള്‍ക്ക് ശരിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഒരു പ്രത്യേക ആവാസവ്യവസ്ഥ മാത്രമേ അവിടെ തഴച്ചുവളരുകയുള്ളൂ. പ്രതിഭയുടെ ഏറ്റവും വലിയ ശത്രു അഴിമതിയാണ്, സ്വജനപക്ഷപാതം തഴച്ചുവളരുന്നതും അതു പിടി ശക്തമാക്കുന്നതും ഇവിടെ നിന്നാണ്. സ്വജനപക്ഷപാതം വളരുമ്പോള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശക്തി ക്ഷയിക്കുന്നു. രാജ്യത്തിന്റെ കഴിവ് കുറയുമ്പോള്‍, വികസനത്തെ തീര്‍ച്ചയായും ബാധിക്കും. നിര്‍ഭാഗ്യവശാല്‍, അടിമത്തത്തിന്റെ കാലഘട്ടത്തില്‍ നിന്ന് അഴിമതിയുടെ ഒരു പൈതൃകമാണ് നമുക്ക് ലഭിച്ചത്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഈ പൈതൃകം നീക്കം ചെയ്യുന്നതിനുപകരം, സ്വാതന്ത്ര്യാനന്തരം നിരവധി പതിറ്റാണ്ടുകളായി ചിലര്‍ അതിനെ ഏതെങ്കിലും രൂപത്തില്‍ ശാക്തീകരിക്കുകയായിരുന്നു.

 

സുഹൃത്തുക്കളെ,
10 വര്‍ഷം മുമ്പ്, നിങ്ങള്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അന്നത്തെ സര്‍ക്കാരിന്റെ ഓരോ തീരുമാനവും ഓരോ പദ്ധതിയും സംശയാസ്പദമായിരുന്നു. മുമ്പത്തെ അഴിമതിക്കേസുകളെ മറികടക്കാന്‍ മത്സരമുണ്ടായിരുന്നു. ''നിങ്ങള്‍ ചെയ്തതിലും വലിയ അഴിമതി ഞാന്‍ നടത്തും'' എന്നായിരുന്നു പൊതുവെയുള്ള പല്ലവി. ഇന്ന്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിന് ട്രില്യണ്‍ ഡോളര്‍ എന്ന പദം ഉപയോഗിക്കുന്നു. എന്നാല്‍ അക്കാലത്ത് അഴിമതിത്തുകയെക്കുറിച്ചു പറയാനാണ് ഇത്തരം പദങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഇത്രയും വലിയ തട്ടിപ്പുകള്‍ നടന്നെങ്കിലും പ്രതികള്‍ ആത്മവിശ്വാസത്തിലായിരുന്നു. അന്നത്തെ വ്യവസ്ഥിതി തങ്ങള്‍ക്കൊപ്പമാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിന്റെ അനന്തരഫലം എന്തായിരുന്നു? വ്യവസ്ഥിതിയില്‍ രാജ്യത്തിന്റെ വിശ്വാസം അസ്ഥാനത്തായി. അഴിമതിക്കെതിരെ രാജ്യമൊട്ടാകെ രോഷം അലയടിച്ചു. തല്‍ഫലമായി, മുഴുവന്‍ സംവിധാനവും ശിഥിലമാകാന്‍ തുടങ്ങി. ആളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി. നയപരമായ മരവിപ്പിന്റെ അന്തരീക്ഷമുണ്ടായി. അത് രാജ്യത്തിന്റെ വികസനത്തെ സ്തംഭിപ്പിച്ചു. വിദേശ നിക്ഷേപകര്‍ ഭയന്നു. അഴിമതിയുടെ ആ കാലഘട്ടം ഇന്ത്യയ്ക്ക് ഏറെ നാശം വരുത്തി.

സുഹൃത്തുക്കളെ,
2014 ന് ശേഷമുള്ള ഞങ്ങളുടെ ആദ്യ ഉത്തരവാദിത്തം സംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതായിരുന്നു, അതിനാല്‍ കള്ളപ്പണത്തിനും ബിനാമി സ്വത്തിനും എതിരായി ദൗത്യമാതൃകയില്‍ ഞങ്ങള്‍ നടപടി ആരംഭിച്ചു. അഴിമതിക്കാര്‍ക്കൊപ്പം ഞങ്ങള്‍ അഴിമതി പ്രോത്സാഹിപ്പിക്കുന്ന വേരുകളെ ആക്രമിക്കാന്‍ തുടങ്ങി. ഗവണ്‍മെന്റിന്റെ ദര്‍ഘാസ് നടപടികളും കരാറുകളും തര്‍ക്കവിഷയമായതു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. ഇവയില്‍ സുതാര്യത ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ഇന്ന് നമ്മള്‍ 2ജി, 5ജി സ്‌പെക്ട്രം വിഹിതം താരതമ്യം ചെയ്യുമ്പോള്‍, വ്യത്യാസം വ്യക്തമായി കാണാം. കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളിലും ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി ഇപ്പോള്‍ ജെം അതായത് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഇന്ന് എല്ലാ വകുപ്പുകളും സുതാര്യതയോടെ ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഉല്‍പന്നങ്ങള്‍ വാങ്ങുന്നു.

സുഹൃത്തുക്കളെ,
ഇന്ന് നമ്മള്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനെക്കുറിച്ചും യുപിഐ ഉപയോഗിച്ചു നടക്കുന്ന റെക്കോര്‍ഡ് ഇടപാടുകളെക്കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ 2014-ന് മുമ്പുള്ള ഫോണ്‍ ബാങ്കിംഗിന്റെ കാലവും നമ്മള്‍ കണ്ടിട്ടുണ്ട്. ഡല്‍ഹിയിലെ സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള ആളുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ വായ്പകള്‍ ഫോണ്‍ കോളിലൂടെ ലഭിച്ചിരുന്ന കാലമായിരുന്നു അത്. അത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ, നമ്മുടെ ബാങ്കിംഗ് സംവിധാനത്തെ തകര്‍ത്തു. വര്‍ഷങ്ങളായി, ഞബാങ്കിംഗ് മേഖലയെ പ്രശ്നങ്ങളില്‍ നിന്ന് കരകയറ്റാന്‍ നാം കഠിനമായി പരിശ്രമിച്ചു. ഫോണ്‍ ബാങ്കിങ്ങിന്റെ ആ കാലഘട്ടത്തില്‍ ചിലര്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 22,000 കോടി രൂപ കൊള്ളയടിച്ച് വിദേശത്തേക്ക് പലായനം ചെയ്തു. നാം ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് നടപ്പിലാക്കി. വിദേശത്തേക്ക് രക്ഷപ്പെട്ട ഈ സാമ്പത്തിക കുറ്റവാളികളുടെ 20,000 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.

 

സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളായി തുടരുന്ന രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കല്‍ തുടരുന്നതിനു അഴിമതിക്കാര്‍ പുതിയ വഴി സൃഷ്ടിച്ചു. ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്നുള്ള കൊള്ളയായിരുന്നു ഇത്. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് പാവപ്പെട്ട ഗുണഭോക്താക്കള്‍ക്ക് അയച്ചുകൊടുത്തിരുന്ന ധനസഹായം ഇടയ്ക്ക് കൊള്ളയടിക്കപ്പെട്ടു. റേഷന്‍, പാര്‍പ്പിടം, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ തുടങ്ങി പല ഗവണ്‍മെന്റ് പദ്ധതികളിലും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വഞ്ചിക്കപ്പെട്ടതായാണ് അനുഭവം. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ഗുണഭോക്താക്കളില്‍ എത്തിയതെന്നും ബാക്കി 85 പൈസ തട്ടിയെടുക്കപ്പെടുന്നു എന്നും ഒരു പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, ഞങ്ങള്‍ ഏകദേശം 27 ലക്ഷം കോടി രൂപ ഡിബിടി വഴി പാവപ്പെട്ട ആളുകള്‍ക്ക് കൈമാറിയെന്നാണ് ഞാന്‍ കരുതുന്നത്. പഴയ കാലത്തായിരുന്നു എങ്കില്‍ ആ 27 ലക്ഷം കോടിയില്‍ ഏകദേശം 16 ലക്ഷം കോടി രൂപ അപ്രത്യക്ഷമായേനെ. ഇന്ന് ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നീ ത്രിത്വങ്ങള്‍ കൊണ്ട് ഓരോ ഗുണഭോക്താവിനും അവന്റെ മുഴുവന്‍ അവകാശവും ലഭിക്കുന്നു. ഈ സംവിധാനത്തിലൂടെ എട്ട് കോടിയിലധികം വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കി. ജനിക്കാത്ത മകള്‍ വിധവയാകുകയും ആളുകള്‍ വിധവാ പെന്‍ഷന്‍ വാങ്ങുകയും ചെയ്യുമായിരുന്നു. ഡിബിടി വഴി രാജ്യത്തിന്റെ 2.25 ലക്ഷം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് തടയാന്‍ സാധിച്ചു.

സുഹൃത്തുക്കളെ,
ഗവണ്‍മെന്റ് ജോലികളിലെ ഇന്റര്‍വ്യൂ റൗണ്ടില്‍ പോലും വന്‍ അഴിമതി നടന്ന ഒരു കാലമുണ്ടായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി റിക്രൂട്ട്മെന്റുകളിലെ ഇന്റര്‍വ്യൂ റൗണ്ടുകള്‍ നാം നിര്‍ത്തി. ഒരുകാലത്ത് യൂറിയയിലും തട്ടിപ്പ് നടന്നിരുന്നു. യൂറിയയില്‍ വേപ്പില പൂശി നാം ഇത് നിയന്ത്രിച്ചു. പ്രതിരോധ ഇടപാടുകളിലും തട്ടിപ്പുകള്‍ പതിവായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രതിരോധ ഇടപാടുകള്‍ പൂര്‍ണ സുതാര്യതയോടെയാണ് മുദ്രവച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് നാം ഊന്നല്‍ നല്‍കുന്നത്.

സുഹൃത്തുക്കളെ,
അഴിമതിക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട് അത്തരം നിരവധി നടപടികളെക്കുറിച്ചു നിങ്ങള്‍ക്ക് എന്നെ അറിയിക്കാം, എനിക്ക് അവ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഭൂതകാലത്തിന്റെ ഓരോ അധ്യായത്തില്‍ നിന്നും നാം എന്തെങ്കിലും പഠിക്കേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍, അഴിമതിക്കേസുകള്‍ വര്‍ഷങ്ങളോളം നീളുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തിന് ശേഷവും ശിക്ഷാ വകുപ്പുകളെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍ തുടരുന്ന കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്നും നടപടി തുടരുന്ന കേസുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

അന്വേഷണത്തിലെ കാലതാമസം രണ്ട് തരത്തിലാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഒരു വശത്ത്, അഴിമതിക്കാര്‍ വൈകി ശിക്ഷിക്കപ്പെടുമ്പോള്‍, മറുവശത്ത് നിരപരാധികള്‍ ദുരിതമനുഭവിക്കുന്നു. ഈ പ്രക്രിയ എങ്ങനെ വേഗത്തിലാക്കുമെന്നും അഴിമതിക്കുറ്റവാളികള്‍ക്കുള്ള ശിക്ഷ നേരത്തേ ലഭിക്കാന്‍ വഴിയൊരുക്കുമെന്നും ഉറപ്പാക്കേണ്ടതുണ്ട്. മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ പഠിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.

സുഹൃത്തുക്കളെ,
ഞാന്‍ നിങ്ങളോട് ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്ന് കുറവില്ല. നിങ്ങള്‍ (നിങ്ങളുടെ അന്വേഷണങ്ങള്‍) സംശയിക്കുകയോ നിര്‍ത്തുകയോ ചെയ്യേണ്ടതില്ല.

 

നിങ്ങള്‍ ആര്‍ക്കെതിരെ നടപടിയെടുക്കുന്നുവോ അവര്‍ വളരെ ശക്തരായ ആളുകളാണെന്ന് എനിക്കറിയാം. വര്‍ഷങ്ങളായി അവര്‍ സംവിധാനത്തിന്റെയും ഗവണ്‍മെന്റിന്റെയും ഭാഗമാണ്. ഇപ്പോഴും അവര്‍ ചില സംസ്ഥാനങ്ങളില്‍ ഗവണ്‍മെന്റിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളായി, അവര്‍ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചിട്ടുമുണ്ട്. അവരുടെ ദുഷ്പ്രവൃത്തികള്‍ മറച്ചുപിടിക്കാനും നിങ്ങളുടേതുപോലുള്ള ഏജന്‍സികളുടെ പ്രതിച്ഛായ തകര്‍ക്കാനും ഈ ആവാസവ്യവസ്ഥ പലപ്പോഴും സജീവമാകുന്നു. അത് ഏജന്‍സിയെ തന്നെ ആക്രമിക്കുന്നു.

ഈ ആളുകള്‍ നിങ്ങളെ വ്യതിചലിപ്പിക്കും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു അഴിമതിക്കാരനെയും വെറുതെ വിടാന്‍ പാടില്ല. നമ്മുടെ പ്രയത്‌നങ്ങളില്‍ അലംഭാവം പാടില്ല. ഇതാണ് നാടിന്റെയും നാട്ടുകാരുടെയും ആഗ്രഹം. രാജ്യം നിങ്ങളോടൊപ്പമാണെന്നും നിയമം നിങ്ങളോടൊപ്പമാണെന്നും രാജ്യത്തിന്റെ ഭരണഘടന നിങ്ങളോടൊപ്പമാണെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു.

സുഹൃത്തുക്കളെ,
മികച്ച ഫലങ്ങള്‍ക്കായി വിവിധ ഏജന്‍സികള്‍ക്കിടയിലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതും വളരെ പ്രധാനമാണ്. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷത്തില്‍ മാത്രമേ സംയുക്തവും ബഹുമുഖവുമായ അന്വേഷണം സാധ്യമാകൂ. ഇപ്പോള്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്തേക്ക് പണം, ആളുകള്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വലിയ തോതിലുള്ള ക്രയവിക്രയമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ശക്തി കുതിച്ചുയരുന്നതിനാല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവരുടെ എണ്ണം കൂടിവരികയുമാണ്.

ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്കെതിരെ, നമ്മുടെ ഐക്യത്തിനും സാഹോദര്യത്തിനും, നമ്മുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും, നമ്മുടെ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതി വഴി സമ്പാദിക്കുന്ന പണവും അതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ബഹുരാഷ്ട്ര സ്വഭാവം മനസ്സിലാക്കുകയും പഠിക്കുകയും അതിന്റെ മൂലകാരണത്തിലെത്തുകയും വേണം. ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി കുറ്റകൃത്യങ്ങള്‍ ആഗോളമായി മാറുന്നത് ഇന്ന് നാം കാണാറുണ്ട്. എന്നാല്‍ അതേ സാങ്കേതികവിദ്യയ്ക്കും നൂതനത്വത്തിനും പരിഹാരങ്ങളും നല്‍കാന്‍ കഴിയും. അന്വേഷണത്തില്‍ ഫോറന്‍സിക് സയന്‍സിന്റെ ഉപയോഗം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്.

സുഹൃത്തുക്കളെ,
സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലുള്ള വെല്ലുവിളികളെ നേരിടാന്‍ നൂതനമായ വഴികള്‍ നാം കണ്ടെത്തണം. സാങ്കേതികവിദ്യ പ്രാപ്തരായ സംരംഭകരുമായും യുവാക്കളുമായും ചേര്‍ന്നു നമുക്കു പ്രവര്‍ത്തിക്കാം. നിങ്ങളുടെ സംഘടനയില്‍, മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കള്‍ ഉണ്ടാകും.

സുഹൃത്തുക്കളെ,
നിര്‍ത്തലാക്കാവുന്ന 75 നടപടിക്രമങ്ങള്‍ സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അതിനായി സമയബന്ധിതമായി പ്രവര്‍ത്തിക്കണം. കാലക്രമേണ, സിബിഐ സ്വയം മാറി. ഈ പ്രക്രിയ ഒരു ഇടവേളയും ക്ഷീണവുമില്ലാതെ തുടരണം.

ഈ 'ചിന്തന്‍ ശിവിര്‍' ഒരു പുതിയ ആത്മവിശ്വാസം ജനിപ്പിക്കുമെന്നും പുതിയ മാനങ്ങളിലേക്ക് എത്താനുള്ള വഴികള്‍ സൃഷ്ടിക്കുമെന്നും ഏറ്റവും ഗൗരവമേറിയതും ബുദ്ധിമുട്ടുള്ളതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയില്‍ ആധുനികത കൊണ്ടുവരുമെന്നും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നാം കൂടുതല്‍ ഫലപ്രദവും ഫലാധിഷ്ഠിതവുമായിരിക്കും. ഒരു സാധാരണ പൗരന്‍ ഒരു തെറ്റും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, അതിന് അവന്‍ ഇഷ്ടപ്പെടുന്നില്ല. ഹൃദയത്തില്‍ സത്യം കുടികൊള്ളുന്നവരുടെ വിശ്വാസം ആര്‍ജിച്ചു മുന്നോട്ട് പോകാന്‍ നാം ആഗ്രഹിക്കുന്നു. അത്തരത്തിലുള്ള കോടിക്കണക്കിന് പേരുണ്ട്. അത്തരത്തിലുള്ള ഒരു മഹാശക്തി നമുക്കൊപ്പം നില്‍ക്കുന്നു. സുഹൃത്തുക്കളേ, നമ്മുടെ വിശ്വാസത്തില്‍ ഒരു പതര്‍ച്ചയ്ക്കും സാധ്യതയില്ല.

ഈ വജ്രജൂബിലി ചടങ്ങിന്റെ സുപ്രധാന വേളയില്‍ ഞാന്‍ നിങ്ങള്‍ക്ക് എന്റെ ആശംസകള്‍ അറിയിക്കുന്നു. മുന്നോട്ട് പോകുമ്പോള്‍ നിങ്ങളുടെ മുന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. അതായിരിക്കും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ സ്വയം ചെയ്യുന്നത്. അതിനനുസരിച്ചായിരിക്കും 2047 ഓടെ നിങ്ങള്‍ എന്തെങ്കിലും നേടാന്‍ പോകുന്നത്. അടുത്ത 15 വര്‍ഷം വളരെ പ്രധാനമാണ്, കാരണം അത് സിബിഐ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും നിങ്ങളുടെ കഴിവിനെയും അര്‍പ്പണബോധത്തെയും ദൃഢനിശ്ചയത്തെയും നിര്‍ണ്ണയിക്കും. 2047ല്‍ ശതാബ്ദി ആഘോഷിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും മോഹങ്ങള്‍ക്കും അനുസരിച്ചുള്ള നിങ്ങളുടെ ഉയര്‍ച്ച കാണാന്‍ രാജ്യം ആഗ്രഹിക്കുന്നു.

ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു.

നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
How Modi Government Defined A Decade Of Good Governance In India

Media Coverage

How Modi Government Defined A Decade Of Good Governance In India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi wishes everyone a Merry Christmas
December 25, 2024

The Prime Minister, Shri Narendra Modi, extended his warm wishes to the masses on the occasion of Christmas today. Prime Minister Shri Modi also shared glimpses from the Christmas programme attended by him at CBCI.

The Prime Minister posted on X:

"Wishing you all a Merry Christmas.

May the teachings of Lord Jesus Christ show everyone the path of peace and prosperity.

Here are highlights from the Christmas programme at CBCI…"