ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
കേന്ദ്രമന്ത്രിസഭയിലെ എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഈ മഹത്തായ കെട്ടിടത്തില്‍ ഒത്തുകൂടിയ പ്രിയ സഹോദരീസഹോദരന്മാരേ, 70-ലധികം നഗരങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കു ചേര്‍ന്ന എന്റെ സഹ പൗരന്മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍, എന്റെ കുടുംബാംഗങ്ങളേ!
ഇന്ന് ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ ജയന്തി ആഘോഷമാണ്. ഈ ദിവസം നമ്മുടെ പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. വിശ്വകര്‍മ ജയന്തി ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ ദിവസം, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിശ്വകര്‍മ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. കുറച്ച് മുമ്പ്, എന്റെ പല വിശ്വകര്‍മ്മ സഹോദരന്മാരുമായും ഞാനും സംഭാഷണം നടത്തിയിരുന്നു. അവരോട് സംസാരിക്കുന്നതില്‍ മുഴുകിയതാണ് ഇവിടെ എത്താന്‍ വൈകാന്‍ കാരണം, താഴെയുള്ള പ്രദര്‍ശനം വളരെ ഗംഭീരമാണ്, എനിക്ക് പോരാന്‍ തോന്നിയില്ല. അത് തീര്‍ച്ചയായും സന്ദര്‍ശിക്കണം എന്നാണ് നിങ്ങളോരോരുത്തരോടും എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. ഇത് 2-3 ദിവസം കൂടി തുടരുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഡല്‍ഹി നിവാസികള്‍ ഇത് സന്ദര്‍ശിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
വിശ്വകര്‍മ്മ ഭഗവാന്റെ അനുഗ്രഹത്താല്‍ ഇന്ന് പ്രധാനമന്ത്രി വിശ്വകര്‍മ യോജനയ്ക്ക് തുടക്കം കുറിക്കുകയാണ്. തങ്ങളുടെ കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് സമര്‍ത്ഥമായി ജോലി ചെയ്യുകയും പരമ്പരാഗത രീതികള്‍ പിന്തുടരുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതിയ കിരണമായാണ് പ്രധാനമന്ത്രി വിശ്വകര്‍മ യോജന വരുന്നത്.
എന്റെ കുടുംബാംഗങ്ങളേ,
ഈ പദ്ധതിയോടൊപ്പം ഇന്ന് രാജ്യത്തിന് അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രവും ലഭിച്ചു - യശോഭൂമി. എന്റെ വിശ്വകര്‍മ്മ കൂട്ടുകാരുടെ, എന്റെ കൂലിപ്പണിക്കാരായ സഹോദരീസഹോദരന്മാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് ആ ജോലി ചെയ്തിരിക്കുന്നത്. ഇന്ന് ഞാന്‍ യശോഭൂമി രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും, ഓരോ വിശ്വകര്‍മ സഹജീവികള്‍ക്കും സമര്‍പ്പിക്കുന്നു. നമ്മുടെ വിശ്വകര്‍മ്മ കൂട്ടുകാരില്‍ ഗണ്യമായ വിഭാഗം യശോഭൂമിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നു. ഇന്ന് പരിപാടിയില്‍ വീഡിയോയിലൂടെ ഞങ്ങളോടൊപ്പം ചേര്‍ന്ന ആയിരക്കണക്കിന് വിശ്വകര്‍മ സഹജീവികളോട്, ഈ സന്ദേശം പ്രത്യേകം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളില്‍ നിങ്ങള്‍ സൃഷ്ടിക്കുന്നത്, നിങ്ങള്‍ പരിശീലിക്കുന്ന കല, നിങ്ങള്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരകൗശലവസ്തുക്കള്‍, ഈ ഊര്‍ജ്ജസ്വലമായ കേന്ദ്രം അത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ശക്തമായ മാധ്യമമായി മാറാന്‍ പോകുന്നു. ഇത് നിങ്ങളുടെ കല, നിങ്ങളുടെ കഴിവുകള്‍, നിങ്ങളുടെ കലാപരമായ കഴിവുകള്‍ എന്നിവ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയുടെ പ്രാദേശിക ഉല്‍പന്നങ്ങളെ ആഗോളവല്‍ക്കരിക്കുന്നതിലും ഇത് നിര്‍ണായക പങ്ക് വഹിക്കും.
എന്റെ കുടുംബാംഗങ്ങളേ,
നമ്മുടെ ഗ്രന്ഥങ്ങളില്‍, 'യോ വിശ്വം ജഗതം കരോത്യേസേ സ വിശ്വകര്‍മ്മ' എന്ന് പറഞ്ഞിട്ടുണ്ട്, അതായത് ലോകം മുഴുവന്‍ സൃഷ്ടിക്കുന്നവന്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവനെ 'വിശ്വകര്‍മ്മര്‍' എന്ന് വിളിക്കുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിയുടെ അടിത്തറയായ ആ സഹജീവികള്‍ നമ്മുടെ വിശ്വകര്‍മ്മരാണ്. നമ്മുടെ നട്ടെല്ല് നമ്മുടെ ശരീരത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതുപോലെ, ഈ വിശ്വകര്‍മ്മ സഹജീവികള്‍ക്ക് നമ്മുടെ സാമൂഹിക ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. നമ്മുടെ വിശ്വകര്‍മ്മ കൂട്ടാളികള്‍ അത്തരം ജോലികളോടും കഴിവുകളോടും ബന്ധപ്പെട്ടിരിക്കുന്നു. അവരില്ലാതെ ദൈനംദിന ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നോക്കൂ, നമ്മുടെ കാര്‍ഷിക സമ്പ്രദായത്തില്‍, ഒരു തട്ടാനില്ലാതെ കൃഷി ചെയ്യാന്‍ കഴിയുമോ? ഗ്രാമങ്ങളില്‍ ചെരുപ്പ് ഉണ്ടാക്കുന്നവര്‍ക്കും മുടി വെട്ടുന്നവര്‍ക്കും വസ്ത്രങ്ങള്‍ തയ്ക്കുന്നവര്‍ക്കും പ്രാധാന്യം ഒരിക്കലും കുറയില്ല. റഫ്രിജറേറ്ററുകളുടെ കാലഘട്ടത്തില്‍ പോലും, മണ്‍പാത്രങ്ങളില്‍ നിന്നു വെള്ളം കുടിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. ലോകം എത്ര പുരോഗമിച്ചാലും, സാങ്കേതികവിദ്യ എല്ലായിടത്തും എങ്ങനെ എത്തിയാലും, അവയുടെ പങ്കും പ്രാധാന്യവും എപ്പോഴും നിലനില്‍ക്കും. അതിനാല്‍, ഈ വിശ്വകര്‍മ്മ സഹയാത്രികരെ തിരിച്ചറിയുകയും സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
സുഹൃത്തുക്കളേ,
നമ്മുടെ വിശ്വകര്‍മ സഹോദരീസഹോദരന്മാരുടെ അന്തസ്സും ശേഷിയും അഭിവൃദ്ധിയും വര്‍ധിപ്പിക്കാന്‍ പങ്കാളിയായി നമ്മുടെ ഗവണ്‍മെന്റ് ഇന്ന് മുന്നോട്ട് വന്നിരിക്കുന്നു. ഈ പദ്ധതി, വിശ്വകര്‍മ്മ സഹചാരികള്‍ നടത്തുന്ന 18 വ്യത്യസ്ത തരം ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ 18 വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളില്ലാത്ത ഒരു ഗ്രാമവും ഉണ്ടാകില്ല. തടിയില്‍ പണിയെടുക്കുന്ന മരപ്പണിക്കാര്‍, തടികൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന കരകൗശല തൊഴിലാളികള്‍, ഇരുമ്പ് കൊണ്ട് പണിയെടുക്കുന്ന കമ്മാരന്മാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, കളിമണ്ണ് കൊണ്ട് പണിയെടുക്കുന്ന മണ്‍പാത്ര നിര്‍മാതാക്കള്‍, ശില്‍പികള്‍, ചെരുപ്പ് നിര്‍മ്മാതാക്കള്‍, തയ്യല്‍ക്കാര്‍, മുടി വെട്ടുന്നവര്‍, അലക്കു തൊഴിലാളികള്‍, തുണി നെയ്ത്തുകാര്‍, മാല നിര്‍മ്മാതാക്കള്‍, മത്സ്യബന്ധന വല നിര്‍മ്മാതാക്കള്‍, വള്ളം നിര്‍മ്മാതാക്കള്‍, ബോട്ട് നിര്‍മ്മാതാക്കള്‍ എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ മറ്റു പല വിഭാഗങ്ങളും. പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയ്ക്ക് കീഴില്‍ 13,000 കോടി രൂപയാണ് ഗവണ്‍മെന്റ് ചെലവഴിക്കുന്നത്.
എന്റെ കുടുംബാംഗങ്ങളേ,
ഏകദേശം 30-35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ ഞാന്‍ യൂറോപ്പിലെ ബ്രസല്‍സ് സന്ദര്‍ശിച്ചിരുന്നു. ഞാന്‍ അവിടെ താമസിക്കുമ്പോള്‍, എന്റെ ആതിഥേയര്‍ എന്നെ അവിടെ ഒരു ആഭരണ പ്രദര്‍ശനത്തിലേക്ക് കൊണ്ടുപോയി. കൗതുകം കൊണ്ട് ഞാന്‍ അവരോട് ഇത്തരം സാധനങ്ങളുടെ വിപണി എന്താണെന്നും അത് എങ്ങനെയാണെന്നും ചോദിച്ചു. യന്ത്ര നിര്‍മ്മിത ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നും കൂടുതല്‍ വിലയേറിയതാണെങ്കിലും കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ വാങ്ങാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. നിങ്ങളുടെ മികച്ച രീതിയില്‍ രൂപകല്പന ചെയ്ത ജോലികള്‍ക്കുള്ള ആവശ്യം ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ പോലും തങ്ങളുടെ ഉല്‍പ്പാദനം ചെറുകിട സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് ഇക്കാലത്ത് നാം കാണുന്നു. ഇത് ലോകമെമ്പാടുമുള്ള ഒരു വലിയ വ്യവസായമാണ്. ഞങ്ങള്‍ ഈ ദിശയിലേക്കാണ് നീങ്ങുന്നത്, അങ്ങനെ പുറത്തേയ്ക്കു നല്‍കുന്ന ജോലികള്‍ ഞങ്ങളുടെ വിശ്വകര്‍മ്മ സഹജീവികള്‍ക്ക് ലഭിക്കുകയും നിങ്ങള്‍ വിതരണ ശൃംഖലയുടെ ഭാഗമാകുകയും ചെയ്യുന്നു. നിങ്ങളുടെ വൈദഗ്ധ്യം നേടുന്നതിന് പ്രമുഖ അന്തര്‍ദേശീയ കമ്പനികള്‍ നിങ്ങളുടെ വാതിലില്‍ മുട്ടുന്ന തരത്തില്‍ നിങ്ങള്‍ കാര്യക്ഷമതയുള്ളവരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, നമ്മുടെ വിശ്വകര്‍മ സഹജീവികളെ ആധുനിക യുഗത്തിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ശ്രമമാണ് ഈ പദ്ധതി.
സുഹൃത്തുക്കളേ,
ഈ മാറുന്ന കാലത്ത് നമ്മുടെ വിശ്വകര്‍മ്മ സഹോദരങ്ങള്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും അത്യന്താപേക്ഷിതമാണ്. വിശ്വകര്‍മ യോജനയിലൂടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിശീലനം നല്‍കുന്നതിന് ഗവണ്‍മെന്റ് വലിയ ഊന്നല്‍ നല്‍കുന്നു. പരിശീലന വേളയില്‍ പോലും, നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 500 രൂപ പ്രതിദിന അലവന്‍സ് ലഭിക്കും, കാരണം നിങ്ങള്‍ കഠിനാധ്വാനികളായ വ്യക്തികളാണ്. ആധുനിക ഉപകരണങ്ങള്‍ക്കായി നിങ്ങള്‍ക്ക് 15,000 രൂപയുടെ ടൂള്‍കിറ്റ് വൗച്ചറും ലഭിക്കും. ബ്രാന്‍ഡിംഗ്, പാക്കേജിംഗ് മുതല്‍ വിപണനം വരെ നിങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ സഹായം നല്‍കും. പകരമായി, ജിഎസ്ടി-രജിസ്റ്റര്‍ ചെയ്ത സ്റ്റോറില്‍ നിന്ന് നിങ്ങള്‍ ടൂള്‍കിറ്റ് വാങ്ങുമെന്ന് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. കൂടാതെ, ഈ ഉപകരണങ്ങള്‍ 'ഇന്ത്യയില്‍ നിര്‍മ്മിക്കണം' എന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
നിങ്ങളുടെ വ്യവസായം വിപുലീകരിക്കണമെങ്കില്‍ പ്രാരംഭ മൂലധനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടതില്ലെന്ന വ്യവസ്ഥയും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കു കീഴില്‍, വിശ്വകര്‍മ്മ സഹജീവികള്‍ക്ക് ഈട് ആവശ്യമില്ലാതെ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ബാങ്കുകള്‍ നിങ്ങളോട് ഈട് ചോദിക്കാത്തപ്പോള്‍, നിങ്ങളുടെ വായ്പയ്ക്ക് മോദി ഉറപ്പ് നല്‍കുന്നു. ഈ വായ്പയുടെ പലിശ നിരക്ക് വളരെ കുറവാണെന്നും ഉറപ്പാക്കിയിട്ടുണ്ട്. നിങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും പുതിയ ഉപകരണങ്ങള്‍ ആദ്യമായി വാങ്ങുകയും ചെയ്താല്‍, ആദ്യമായി ഒരു ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ടെന്ന് ഗവണ്‍മെന്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആ വായ്പ തിരിച്ചടയ്ക്കുകയും ജോലി പുരോഗമിക്കുകയാണെന്ന് തെളിയിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്.
എന്റെ കുടുംബാംഗങ്ങളേ,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു ഗവണ്‍മെന്റാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. ഒരു ജില്ല ഒരു ഉല്‍പ്പന്നം (ഒഡിഒപി) എന്ന പദ്ധതിയിലൂടെ എല്ലാ ജില്ലയിലെയും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ ഗവണ്മെന്റാണ്. പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് സഹായം നല്‍കിയതും അവര്‍ക്കായി ബാങ്കുകളുടെ വാതിലുകള്‍ തുറന്നതും നമ്മുടെ ഗവണ്മെന്റാണ്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ബഞ്ചാര, നാടോടി വിഭാഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തത് നമ്മുടെ ഗവണ്മെന്റാണ്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ദിവ്യാഞ്ജന്‍ വ്യക്തികള്‍ക്കായി എല്ലാ തലത്തിലും സ്ഥലത്തും പ്രത്യേക സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തത് നമ്മുടെ ഗവണ്മെന്റാണ്. ആരും ശ്രദ്ധിക്കാത്തവര്‍ക്കായി, അവരുടെ സേവകനായാണ് മോദി എന്ന പാവപ്പെട്ടവന്റെ മകന്‍ വന്നത്. എല്ലാവര്‍ക്കും മാന്യമായ ജീവിതം നല്‍കാനും എല്ലാവര്‍ക്കും സൗകര്യങ്ങള്‍ ഉറപ്പാക്കാനുമുള്ള മോദിയുടെ ഉറപ്പാണിത്.
എന്റെ കുടുംബാംഗങ്ങളേ,
സാങ്കേതികവിദ്യയും പാരമ്പര്യവും ഒത്തുചേരുമ്പോള്‍, അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു, ജി20 ക്രാഫ്റ്റ് ബസാറില്‍ ലോകം മുഴുവന്‍ ഇതിന് സാക്ഷ്യം വഹിച്ചു. ജി 20 യില്‍ പങ്കെടുത്ത വിദേശ അതിഥികള്‍ക്ക് നമ്മുടെ വിശ്വകര്‍മ്മ സഹയാത്രികര്‍ തയ്യാറാക്കിയ വസ്തുക്കളും സമ്മാനമായി നല്‍കി. 'പ്രാദേശികമായത് പ്രോല്‍സാഹിപ്പിക' എന്ന പ്രതിബദ്ധത നമ്മുടെ എല്ലാവരുടെയും, മുഴുവന്‍ രാജ്യത്തിന്റെയും ഉത്തരവാദിത്തമാണ്. ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നത് എന്തുകൊണ്ട്? ഞാന്‍ അത് ചെയ്യുമ്പോള്‍, നിങ്ങള്‍ അഭിനന്ദിക്കുന്നു, എന്നാല്‍ നിങ്ങള്‍ അത് ചെയ്യേണ്ടിവരുമ്പോള്‍ നിങ്ങള്‍ മടിക്കുന്നു. എന്നോട് പറയൂ, നമ്മുടെ കരകൗശല വിദഗ്ധര്‍, നമ്മുടെ ആളുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തണോ വേണ്ടയോ? ഈ ഉല്‍പ്പന്നങ്ങള്‍ ലോക വിപണികളില്‍ വില്‍ക്കണോ വേണ്ടയോ? ഇത് നേടുന്നതിന്, ആദ്യം പ്രാദേശിക ശബ്ദമുണ്ടാക്കുകയും പിന്നീട് പ്രാദേശികമായതിനെ ആഗോളവല്‍ക്കരിക്കുകയും വേണം.
സുഹൃത്തുക്കളേ,
ഇപ്പോള്‍, ഗണേശ ചതുര്‍ത്ഥി, ധന്തേരസ്, ദീപാവലി, തുടങ്ങി നിരവധി ഉത്സവങ്ങള്‍ വരുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എല്ലാ സഹ പൗരന്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പിന്നെ ഞാന്‍ ലോക്കല്‍ വാങ്ങുന്നതിനെ കുറിച്ച് പറയുമ്പോള്‍ ചിലര്‍ കരുതുന്നത് ദീപാവലി വിളക്കുകള്‍ വാങ്ങാന്‍ മാത്രമാണെന്നും മറ്റൊന്നുമല്ല. നമ്മുടെ വിദഗ്ധ തൊഴിലാളികളുടെ അടയാളവും ഇന്ത്യയുടെ മണ്ണിന്റെ ഗന്ധവും വിയര്‍പ്പിന്റെ സത്തയും വഹിക്കുന്ന ചെറുതും വലുതുമായ എല്ലാ സാധനങ്ങളും വാങ്ങുക.
എന്റെ കുടുംബാംഗങ്ങളേ,
ഇന്നത്തെ ഇന്ത്യ, വികസിച്ചുകൊണ്ടേയിരിക്കുമ്പോള്‍, എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. ഭാരതമണ്ഡപത്തിലൂടെ ഇന്ത്യ ലോകശ്രദ്ധ പിടിച്ചുപറ്റിയതെങ്ങനെയെന്ന് ഈയിടെ നാം കണ്ടു. ഈ അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രം - യശോഭൂമി - ഈ പാരമ്പര്യം ഗംഭീരമായി തുടരുന്നു. ഈ മണ്ണില്‍ സംഭവിക്കുന്നതെന്തും മഹത്വം കൈവരിക്കും എന്നതാണ് യശോഭൂമിയുടെ വ്യക്തമായ സന്ദേശം. ഭാവിയിലെ ഇന്ത്യയെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ഗംഭീര കേന്ദ്രമായി ഇത് മാറും.
സുഹൃത്തുക്കളേ,
ഇന്ത്യക്ക് അതിന്റെ സാമ്പത്തിക സാധ്യതകള്‍ വിജയകരമായി വിനിയോഗിക്കാനും വലിയ വാണിജ്യ ശക്തിയാകാനും തലസ്ഥാന നഗരത്തില്‍ ഇതുപോലൊരു കേന്ദ്രം അനിവാര്യമാണ്. ഇത് ബഹുമാതൃകാ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുകയും പിഎം ഗതിശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്നു, മെട്രോ സംവിധാനത്തിലൂടെ അതിലേക്ക് തടസ്സമില്ലാതെ ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന് ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷന്‍ ഈ സമുച്ചയത്തിലേക്ക് നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നു. ഈ മെട്രോ സൗകര്യം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് യാത്രാ സമയം ഗണ്യമായി കുറയ്ക്കും, ഇത് എളുപ്പത്തില്‍ എത്തിച്ചേരാനാകും. സന്ദര്‍ശകര്‍ക്കായി, ഈ സമുച്ചയത്തിനുള്ളില്‍ താമസം, വിനോദം, ഷോപ്പിംഗ്, ടൂറിസം സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് ഈ സമുച്ചയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എന്റെ കുടുംബാംഗങ്ങളേ,
മാറുന്ന കാലത്തിനനുസരിച്ച് വികസനത്തിന്റെയും തൊഴിലിന്റെയും പുതിയ മേഖലകള്‍ ഉയര്‍ന്നുവരുന്നു. 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ന് നിലനില്‍ക്കുന്ന വലിയ ഐടി വ്യവസായത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. അതുപോലെ, 30-35 വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ ഒരു സങ്കല്‍പ്പം മാത്രമായിരുന്നു. ഇപ്പോള്‍, ഇന്ത്യയ്ക്ക് പരിധിയില്ലാത്ത സാധ്യതകളുള്ള മറ്റൊരു സുപ്രധാന മേഖല ഉയര്‍ന്നുവരുന്നു, ഈ മേഖല കോണ്‍ഫറന്‍സ് ടൂറിസമാണ്. ആഗോള കോണ്‍ഫറന്‍സ് ടൂറിസം വ്യവസായത്തിന് 25 ലക്ഷം കോടി രൂപയിലധികം മൂല്യമുണ്ട്. എല്ലാ വര്‍ഷവും, ലോകമെമ്പാടും 32,000-ത്തിലധികം വലിയ പ്രദര്‍ശനങ്ങളും മേളകളും നടക്കുന്നു. സങ്കല്‍പ്പിക്കുക, 2 മുതല്‍ 5 വരെ കോടിയില്‍ താഴെ ജനസംഖ്യയുള്ള രാജ്യങ്ങള്‍ പോലും ഈ പരിപാടികള്‍ക്ക് ആതിഥ്യമരുളുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. 140 കോടി ജനസംഖ്യയുള്ള ഇന്ത്യക്ക് തീര്‍ച്ചയായും ഗണ്യമായ നേട്ടങ്ങള്‍ കൊയ്യാനാകും. ഇവിടെ വരുന്നവര്‍ക്ക് വലിയ പ്രയോജനം ലഭിക്കും. അതൊരു വലിയ വിപണിയാണ്. സാധാരണ ടൂറിസ്റ്റുകളെ അപേക്ഷിച്ച് കോണ്‍ഫറന്‍സ് ടൂറിസ്റ്റുകള്‍ സാധാരണയായി കൂടുതല്‍ പണം ചെലവഴിക്കുന്നു. വലിയ വിപണി ഉണ്ടായിരുന്നിട്ടും, ഈ വ്യവസായത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഒരു ശതമാനം മാത്രമാണ്. പല വലിയ ഇന്ത്യന്‍ കമ്പനികളും എല്ലാ വര്‍ഷവും തങ്ങളുടെ പരിപാടികള്‍ വിദേശത്ത് നടത്താന്‍ നിര്‍ബന്ധിതരാകുന്നു. ആഭ്യന്തരമായും ആഗോളതലത്തിലും ഇത്രയും വലിയൊരു വിപണി നമ്മുടെ മുന്നിലുണ്ടെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? പുതിയ ഇന്ത്യ കോണ്‍ഫറന്‍സ് ടൂറിസത്തിന് തയ്യാറെടുക്കുകയാണ്.
സുഹൃത്തുക്കളേ, സാഹസിക വിനോദസഞ്ചാരം എവിടെയൊക്കെയുണ്ടോ അവിടെ മാത്രമേ സാഹസിക വിനോദസഞ്ചാരം നടക്കൂ എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്ളിടത്ത് മാത്രമേ മെഡിക്കല്‍ ടൂറിസം നടക്കൂ. ചരിത്രപരവും മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് മാത്രമേ ആത്മീയ വിനോദസഞ്ചാരം നടക്കൂ. ചരിത്രവും പൈതൃകവും നിലനില്‍ക്കുന്നിടത്ത് മാത്രമേ പൈതൃക ടൂറിസവും നടക്കൂ. അതുപോലെ, ഇവന്റുകള്‍ക്കും മീറ്റിംഗുകള്‍ക്കും എക്‌സിബിഷനുകള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ഉള്ളിടത്ത് മാത്രമേ കോണ്‍ഫറന്‍സ് ടൂറിസവും നടക്കൂ. അതിനാല്‍, ഭാരത് മണ്ഡപവും യശോഭൂമിയുമാണ് ഇപ്പോള്‍ ഡല്‍ഹിയെ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാക്കി മാറ്റാന്‍ പോകുന്നത്. യശോഭൂമി കേന്ദ്രത്തില്‍ നിന്ന് മാത്രം ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര സമ്മേളനങ്ങള്‍, മീറ്റിംഗുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയ്ക്കായി ലോകമെമ്പാടുമുള്ള ആളുകള്‍ ക്യൂ നില്‍ക്കുന്ന സ്ഥലമായി ഭാവിയില്‍ യശോഭൂമി മാറും.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഡല്‍ഹിയിലേക്കും യശോഭൂമിയിലേക്കും പ്രദര്‍ശനം, ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ട ആളുകളെ ഇന്ന് ഞാന്‍ പ്രത്യേകിച്ച് ക്ഷണിക്കുന്നു. കിഴക്ക്-പടിഞ്ഞാറ്-വടക്ക്-തെക്ക് എന്നിങ്ങനെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും സിനിമാ വ്യവസായത്തെയും ടിവി വ്യവസായത്തെയും ഞാന്‍ ക്ഷണിക്കും. നിങ്ങളുടെ അവാര്‍ഡ് ദാന ചടങ്ങുകളും ചലച്ചിത്രമേളകളും ഇവിടെ സംഘടിപ്പിക്കുകയും നിങ്ങളുടെ സിനിമകളുടെ ആദ്യ ഷോ ഇവിടെ സംഘടിപ്പിക്കുകയും ചെയ്യു. ഭാരത് മണ്ഡപത്തിലും യശോഭൂമിയിലും ചേരാന്‍ അന്താരാഷ്ട്ര ഇവന്റ് കമ്പനികളുമായും പ്രദര്‍ശന മേഖലയുമായും ബന്ധപ്പെട്ട ആളുകളെയും ഞാന്‍ ക്ഷണിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
ഭാരതമണ്ഡപമായാലും യശോഭൂമിയായാലും, ഇവ ഇന്ത്യയുടെ ആതിഥ്യമര്യാദയുടെയും ഇന്ത്യയുടെ ഔന്നത്യത്തിന്റെയും ഇന്ത്യയുടെ മഹത്വത്തിന്റെയും പ്രതീകങ്ങളായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാരതമണ്ഡപവും യശോഭൂമിയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും സംഗമസ്ഥാനമാണ്. ഇന്ന് ഈ രണ്ട് മഹത്തായ സ്ഥാപനങ്ങളും രാജ്യത്തിനും ലോകത്തിനും മുന്നില്‍ പുതിയ ഇന്ത്യയുടെ ഗാഥ പാടുകയാണ്. ഏറ്റവും മികച്ച സൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളും ഇവ പ്രതിഫലിപ്പിക്കുന്നു.
സുഹൃത്തുക്കളേ, എന്റെ വാക്കുകള്‍ എഴുതൂ, ഇന്ത്യ ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ പോകുന്നില്ല. നാം മുന്നോട്ട് പോകണം, പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം, ആ പുതിയ ലക്ഷ്യങ്ങള്‍ നേടിയതിന് ശേഷം മാത്രം വിശ്രമിക്കണം. ഇത് നമ്മുടെ എല്ലാവരുടെയും കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും പരിസമാപ്തിയാണ്, 2047ല്‍ ലോകത്തെ ഒരു വികസിത ഇന്ത്യയാക്കും എന്ന ദൃഢനിശ്ചയത്തോടെ നമ്മള്‍ മുന്നോട്ട് നടക്കണം. . ' ഇന്ത്യയില്‍ നിര്‍മിക്കു'എന്നതിന്റെ അഭിമാനമാണ് നമ്മുടെ വിശ്വകര്‍മ സഹയാത്രികര്‍; ഈ അഭിമാനം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മാധ്യമമായി ഈ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കേന്ദ്രം മാറും. വരും കാലം മുന്നില്‍ക്കണ്ടുള്ള ഈ സംരംഭത്തിന് ഒരിക്കല്‍ കൂടി എല്ലാ വിശ്വകര്‍മ സഹജീവികളെയും ഞാന്‍ അഭിനന്ദിക്കുന്നു. യശോഭൂമി എന്ന ഈ പുതിയ കേന്ദ്രം ഇന്ത്യയുടെ പ്രശസ്തിയുടെ പ്രതീകമായി മാറട്ടെ, ഡല്‍ഹിയുടെ അഭിമാനം വര്‍ധിപ്പിക്കട്ടെ. ഈ ആശംസകളോടൊപ്പം, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ആശംസകള്‍ നേരുന്നു. വളരെ നന്ദി.
നമസ്‌കാരം!