ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ബഹുമാനപ്പെട്ട ഗോവ ഗവര്‍ണര്‍ ശ്രീ പി.എസ്. ശ്രീധരന്‍ പിള്ള ജി, ജനപ്രിയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കായിക മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, പി.ടി. ഉഷാ ജി, കായികമേളയില്‍ പങ്കെടുക്കുന്ന മുഴുവനാളുകള്‍, അവര്‍ക്കു പിന്തുണ നല്‍കുന്ന ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നുള്ള യുവസുഹൃത്തുക്കള്‍, ഇന്ത്യയുടെ കായികോല്‍സവത്തിന്റെ മഹത്തായ യാത്ര ഇപ്പോള്‍ ഗോവയില്‍ എത്തിയിരിക്കുന്നു. എങ്ങും നിറങ്ങളും തരംഗങ്ങളും ആവേശവും. ഗോവയുടെ അന്തരീക്ഷത്തില്‍ പ്രത്യേകമായ ചിലത് ഇപ്പോഴുണ്ട്. 37-ാമത് ദേശീയ ഗെയിംസിന് എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍
സുഹൃത്തുക്കളേ,
രാജ്യത്തിന് നിരവധി കായിക താരങ്ങളെ സമ്മാനിച്ച നാടാണ് ഗോവ. ഗോവയിലെ ഓരോ തെരുവിലും ഫുട്‌ബോളിനോടുള്ള അഭിനിവേശം ദൃശ്യമാണ്. കൂടാതെ രാജ്യത്തെ ഏറ്റവും പഴയ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ചിലത് ഇവിടെ ഗോവയിലാണുള്ളത്. കായിക പ്രേമികളുടെ നാടായ ഗോവയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിക്കുമ്പോള്‍ അത് ഓരോ ആളിലും പുത്തന്‍ ഊര്‍ജം നിറയ്ക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
ഭാരതത്തിലെ കായികരംഗം തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ കൈവരിക്കുന്ന സമയത്താണ് ദേശീയ ഗെയിംസ് നടക്കുന്നത്. 70 വര്‍ഷത്തിനിടെ സംഭവിക്കാത്തത് ഏഷ്യന്‍ ഗെയിംസില്‍ നമ്മള്‍ കണ്ടു; ഇപ്പോള്‍ ഏഷ്യന്‍ പാരാ ഗെയിംസും നടക്കുകയാണ്. ഈ നടന്നുകൊണ്ടിരിക്കുന്ന കായികമേളകളിലും ഇതുവരെ 70-ലധികം മെഡലുകള്‍ നേടി ഇന്ത്യന്‍ അത്ലറ്റുകള്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ഇതിന് മുന്നോടിയായി ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് നടന്നു. ഇവിടെയും ഭാരതം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ നേട്ടങ്ങള്‍ ഇവിടെയെത്തിയ ഓരോ കളിക്കാരനും വലിയ പ്രചോദനമാണ്. ഈ ദേശീയ ഗെയിംസ്, ഒരു തരത്തില്‍, നിങ്ങള്‍ക്കും എല്ലാ യുവജനങ്ങള്‍ക്കും എല്ലാ കളിക്കാര്‍ക്കും ശക്തമായ ഒരു ലോഞ്ച്പാഡാണ്. നിങ്ങളുടെ മുന്നിലുള്ള അവസരങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങളുടെ മികച്ച പ്രകടനം നല്‍കണം. നിങ്ങള്‍ അത് ചെയ്യുമോ? നിങ്ങള്‍ തീര്‍ച്ചയായും അത് ചെയ്യുമോ? പഴയ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ? എന്റെ ആശംസകള്‍ നിങ്ങളോടൊപ്പമുണ്ട്.
എന്റെ യുവ സുഹൃത്തുക്കളേ,
ഭാരതത്തിലെ ഗ്രാമങ്ങളിലും തെരുവുകളിലും പ്രതിഭകള്‍ക്ക് കുറവില്ല. വിഭവങ്ങളുടെ കുറവുണ്ടായപ്പോഴും ഭാരതം ചാമ്പ്യന്മാരെ സൃഷ്ടിച്ചു എന്നതിന് നമ്മുടെ ചരിത്രം സാക്ഷിയാണ്. സ്റ്റേജില്‍ എന്നോടൊപ്പം ഇരിക്കുന്നത് പി.ടി. ഉഷാ ജിയാണ്. എന്നിട്ടും, എപ്പോഴും എന്തോ കുറവുള്ളതായി ഓരോ പൗരനും തോന്നിയിരുന്നു. അന്താരാഷ്ട്ര കായിക ഇനങ്ങളിലെ മെഡല്‍ പട്ടികയില്‍ നമ്മുടെ വിശാലമായ രാജ്യം പിന്നിലായി. അതിനാല്‍, ഈ വേദനയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുകയും 2014-ന് ശേഷം ഒരു ദൃഢനിശ്ചയം എടുക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു; സെലക്ഷൻ പ്രക്രിയ നവീകരിച്ചു, അത് കൂടുതല്‍ സുതാര്യമാക്കി. കായികതാരങ്ങള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്ന പദ്ധതികളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തി. സമൂഹത്തിന്റെ ചിന്താഗതിയില്‍ ഞങ്ങള്‍ ഒരു മാറ്റം കൊണ്ടുവന്നു. സമൂഹത്തിലെ പഴയ ചിന്തകളും സമീപനങ്ങളും കാരണം നമ്മുടെ സ്പോര്‍ട്സ് അടിസ്ഥാന സൗകര്യങ്ങളില്‍ നിലവിലുള്ള മാര്‍ഗ്ഗ തടസ്സങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. പ്രതിഭകളെ കണ്ടെത്തുന്നത് മുതല്‍ ഒളിമ്പിക് പോഡിയത്തിലെത്താന്‍ അവരെ കൈപിടിച്ചുയര്‍ത്തുന്നത് വരെ ഗവണ്‍മെന്റ് ഒരു റോഡ്മാപ്പ് ഉണ്ടാക്കി. അതിന്റെ ഫലങ്ങളാണ് ഇന്ന് രാജ്യത്തുടനീളം നാം കാണുന്നത്.
സുഹൃത്തുക്കളേ,
മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് കായികവിനോദങ്ങള്‍ക്കുള്ള ബജറ്റിന്റെ കാര്യത്തില്‍ സംശയമായിരുന്നു. സ്പോര്‍ട്സ് വെറും സ്പോര്‍ട്സ് ആണ്, എന്തിനാണ് അതില്‍ ചെലവഴിക്കുന്നത് എന്ന് ആളുകള്‍ ചിന്തിച്ചു. നമ്മുടെ ഗവണ്‍മെന്റ് ഈ ചിന്താഗതിയും മാറ്റി. സ്‌പോര്‍ട്‌സിനുള്ള ബജറ്റ് ഞങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഒമ്പത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് ഈ വര്‍ഷത്തെ കേന്ദ്ര കായിക ബജറ്റ്. ഖേലോ ഇന്ത്യ മുതല്‍ ടോപ്‌സ് സ്‌കീം വരെ, രാജ്യത്തെ കളിക്കാരുടെ വളര്‍ച്ചയ്ക്കായി ഗവണ്‍മെന്റ് ഒരു പുതിയ അനുകൂലാന്തരീക്ഷം സൃഷ്ടിച്ചു. ഈ സ്‌കീമുകള്‍ക്ക് കീഴില്‍, സ്‌കൂള്‍, കോളേജ്, സര്‍വകലാശാലാ തലങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഭകളെ കണ്ടെത്തുന്നു. ഇവരുടെ പരിശീലനത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി ഗവണ്‍മെന്റ് ധാരാളം പണം ചെലവഴിക്കുന്നുണ്ട്. ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം എന്ന ടോപ്‌സ് സ്‌കീമിന് കീഴില്‍, രാജ്യത്തെ മികച്ച കായികതാരങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം നല്‍കുന്നു. സങ്കല്‍പ്പിച്ചു നോക്കൂ, ഖേലോ ഇന്ത്യ സ്‌കീമിന് കീഴില്‍ രാജ്യത്തുടനീളമുള്ള 3,000 യുവാക്കള്‍ക്ക് നിലവില്‍ പരിശീലനം നടക്കുന്നുണ്ട്. കായികതാരങ്ങളുടെ ഇത്രയും വലിയ നൈപുണ്യ ശേഖരം ഒരുങ്ങുന്നു. ഓരോ കായികതാരത്തിനും പ്രതിവര്‍ഷം 6 ലക്ഷം രൂപയിലധികം സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഖേലോ ഇന്ത്യ ക്യാമ്പയിനിൽ നിന്ന് ഉയര്‍ന്നുവന്ന 125 ഓളം അത്ലറ്റുകള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. ഒരുപക്ഷേ, ഈ കഴിവുകള്‍ പഴയ സാഹചര്യത്തില്‍ ഒരിക്കലും അംഗീകരിക്കപ്പെടുമായിരുന്നില്ല. ഈ പ്രതിഭാധനരായ കായികതാരങ്ങള്‍ 36 മെഡലുകള്‍ നേടിയിട്ടുണ്ട്. ഖേലോ ഇന്ത്യ തയ്യാറെടുപ്പിലൂടെ കായികതാരങ്ങളെ തിരിച്ചറിയുക, അവരെ സജ്ജരാക്കുക, തുടര്‍ന്ന് ടോപ്സിലൂടെ ഒളിമ്പിക് പോഡിയത്തില്‍ എത്താനുള്ള പരിശീലനവും സ്വഭാവവും നല്‍കുക എന്നതാണ് ഞങ്ങളുടെ റോഡ്മാപ്പ്.
എന്റെ യുവ സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തിന്റെയും കായിക മേഖലയുടെ പുരോഗതി അതിന്റെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാജ്യത്ത് നിഷേധാത്മകതയും നിരാശയും ശുഭാപ്തിവിശ്വാസമില്ലായ്മയും ഉണ്ടാകുമ്പോള്‍, അതിന്റെ പ്രതികൂല ഫലങ്ങള്‍ കളിക്കളത്തിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണ്. ഭാരതത്തിന്റെ വിജയകരമായ കായിക ഗാഥ അതിന്റെ മൊത്തത്തിലുള്ള വിജയഗാഥയില്‍ നിന്ന് വ്യത്യസ്തമല്ല. ഭാരതം ഇന്ന് എല്ലാ മേഖലയിലും പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. ഭാരതത്തിന്റെ വേഗതയോടും തോതിനോടുമുള്ള കിടമത്സരം വെല്ലുവിളി നിറഞ്ഞതാണ്. കഴിഞ്ഞ 30 ദിവസത്തെ നേട്ടങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭാരതം എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിന്റെ ഒരു കണക്ക് നിങ്ങള്‍ക്ക് ലഭിക്കും.
സുഹൃത്തുക്കളേ,
ഞാന്‍ നിങ്ങളുടെ സമയം അധികം എടുക്കുന്നില്ല. നിങ്ങളുടെ ശോഭനമായ ഭാവി എങ്ങനെ തയ്യാറാക്കപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. കേവലം 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാന്‍ നിങ്ങളോട് ചുരുക്കമായി പറയാം. കഴിഞ്ഞ 30-35 ദിവസങ്ങളില്‍, എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കാണും, രാജ്യം ഈ വേഗതയിലും തോതിലും പുരോഗമിക്കുകയാണെങ്കില്‍ നിങ്ങളുടെ ശോഭനമായ ഭാവിയെക്കുറിച്ച് മോദിയുടെ ഉറപ്പ് ഉറപ്പാണെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടും.
കഴിഞ്ഞ 30-35 ദിവസങ്ങളില്‍:
നാരീശക്തി വന്ദന അധീനിയം അവതരിപ്പിച്ചു.
ഗഗന്‍യാനുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക പരീക്ഷണം വിജയകരമായി നടത്തി.
ഭാരതത്തിന് അതിന്റെ ആദ്യ പ്രാദേശിക അതിവേഗ റെയില്‍ നമോ ഭാരത് ലഭിച്ചു.
ബെംഗളൂരു മെട്രോ സര്‍വീസുകള്‍ വിപുലീകരിച്ചു.
ആദ്യത്തെ വിസ്റ്റാഡോം ട്രെയിന്‍ സര്‍വീസ് ജമ്മു കശ്മീരില്‍ ആരംഭിച്ചു,
ഈ 30 ദിവസങ്ങളിലാണ് ഡല്‍ഹി-വഡോദര എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടന്നത്.
ജി20 രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റേറിയന്‍മാരുടെയും സ്പീക്കര്‍മാരുടെയും സമ്മേളനം ഭാരതത്തില്‍ നടന്നു.
6 ലക്ഷം കോടി രൂപയുടെ കരാറുകളോടെയാണ് ആഗോള സമുദ്രമേഖലാ ഉച്ചകോടി ഭാരതത്തില്‍ നടന്നത്.
ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ അജയ് ആരംഭിച്ചു
40 വര്‍ഷത്തിന് ശേഷമാണ് ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടയില്‍ ഒരു ഫെറി സര്‍വീസ് ആരംഭിച്ചത്.
യൂറോപ്പിനെ മറികടന്ന്, 5G ഉപഭോക്തൃ അടിത്തറയുടെ കാര്യത്തില്‍ ഭാരതം ആഗോളതലത്തില്‍ മികച്ച 3 രാജ്യങ്ങളില്‍ എത്തി.
ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്‍പ്പാദനം പ്രഖ്യാപിച്ചു.
ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ നമ്മുടെ രാജ്യം ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
സുഹൃത്തുക്കളേ
ഇത് പാതി സമയത്തെ ഇടവേള മാത്രമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ എണ്ണാനുണ്ട്. 50 വര്‍ഷമായി മുടങ്ങിക്കിടന്ന മഹാരാഷ്ട്രയിലെ നില്‍വന്ദേ അണക്കെട്ടിന് ഇന്ന് ഞാന്‍ തറക്കല്ലിട്ടു.
6000 കോടി രൂപയുടെ സൂപ്പര്‍ താപ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ തെലങ്കാനയില്‍ നടന്നു.
ഛത്തീസ്ഗഡിലെ ബസ്തറില്‍ 24,000 കോടി രൂപയുടെ ആധുനിക സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
മെഹ്സാന-ഭട്ടിന്‍ഡ-ഗുര്‍ദാസ്പൂര്‍ വാതക പൈപ്പ്ലൈനിന്റെ ഒരു ഭാഗത്തിന്റെ ഉദ്ഘാടനം രാജസ്ഥാനില്‍ നടന്നു.
ജോധ്പൂരില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തിനും ഐഐടി കാമ്പസിനും തറക്കല്ലിടലും ഉദ്ഘാടന ചടങ്ങുകളും നടന്നു.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ 500 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിച്ചു.
അടുത്തിടെ ഗുജറാത്തിലെ ധോര്‍ദോയ്ക്ക് മികച്ച ടൂറിസം ഗ്രാമത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
വീരാംഗന റാണി ദുര്‍ഗ്ഗാവതി സ്മാരകത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ജബല്‍പൂരില്‍ നടന്നു.
മഞ്ഞള്‍ കര്‍ഷകര്‍ക്കായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തി.
തെലങ്കാനയില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ സര്‍വകലാശാലയ്ക്ക് അംഗീകാരം ലഭിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 2.25 ലക്ഷത്തിലധികം വീടുകള്‍ മധ്യപ്രദേശിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് നല്‍കി.
ഈ 30 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി സ്വാമിത്വ യോജനയുടെ ഗുണഭോക്താക്കളുടെ എണ്ണം 50 ലക്ഷത്തിലെത്തി.
ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍ 26 കോടി കാര്‍ഡുകളുടെ വിതരണം വിജയകരമായി പൂര്‍ത്തിയാക്കി.
വികസനേഛയുള്ള ജില്ലകള്‍ക്ക് ശേഷം, വികസനേഛയുള്ള ബ്ലോക്കുകളുടെ വികസനത്തിനായി രാജ്യത്ത് ഒരു പ്രചാരണം ആരംഭിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ഒരു ഖാദി സ്റ്റോറില്‍ നിന്ന് 1.5 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
ഒപ്പം സുഹൃത്തുക്കളേ,
ഈ 30 ദിവസങ്ങള്‍ക്കുള്ളില്‍ കായിക ലോകത്ത് പലതും സംഭവിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ നൂറിലധികം മെഡലുകളാണ് ഭാരതം നേടിയത്.
40 വര്‍ഷത്തിന് ശേഷമാണ് ഭാരതം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഒരു സമ്മേളനം സംഘടിപ്പിച്ചത്.
ഉത്തരാഖണ്ഡിന് ഹോക്കി ആസ്‌ട്രോ-ടര്‍ഫ്, വെലോഡ്‌റോം സ്റ്റേഡിയം ലഭിച്ചു.
വാരണാസിയില്‍ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി തുടങ്ങി.
ഗ്വാളിയോറിന് അടല്‍ ബിഹാരി വാജ്പേയി ഭിന്നശേഷി കായിക കേന്ദ്രം അനുവദിച്ചു.
ഇവിടെ ഗോവയില്‍ ദേശീയ ഗെയിംസ് നടക്കുകയാണ്.
ചിന്തിക്കൂ, എന്റെ യുവസുഹൃത്തുക്കളേ, വെറും 30 ദിവസത്തെ നേട്ടങ്ങളുടെ ഈ പട്ടിക വളരെ വലുതാണ്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ചെറിയ കാഴ്ച കാണിച്ചു തന്നു. ഇന്ന്, രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഭാഗങ്ങളിലും അഭൂതപൂര്‍വമായ വേഗതയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാവരും സംഭാവന ചെയ്യുന്നു.
സുഹൃത്തുക്കളേ,
നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും കാതല്‍ എന്റെ രാജ്യത്തെ യുവജനങ്ങളാണ്, ഭാരതത്തിലെ യുവജനങ്ങള്‍. ഇന്ന് ഭാരതത്തിന്റെ യുവത്വം അഭൂതപൂര്‍വമായ ആത്മവിശ്വാസത്താല്‍ നിറഞ്ഞിരിക്കുന്നു. ഭാരതത്തിലെ യുവജനങ്ങളുടെ ഈ ആത്മവിശ്വാസത്തെ ദേശീയ അഭിലാഷങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭം അടുത്തിടെ നടന്നിട്ടുണ്ട്. എന്റെ യുവ ഭാരതം, അല്ലെങ്കില്‍ എന്റെ ഭാരതം (My Yuva Bharat, or MY Bharat), ഒരു പുതിയ പ്ലാറ്റ്ഫോമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗ്രാമീണ, നഗര യുവാക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനും സര്‍ക്കാരുമായി ബന്ധപ്പെടാനും ഇത് ഒരു ഏകജാലക കേന്ദ്രമായി വര്‍ത്തിക്കും. ഇത് അവര്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സംഭാവന നല്‍കുന്നതിനും പരമാവധി അവസരങ്ങള്‍ നല്‍കും. ഐശ്യര്യപൂര്‍ണമായ ഒരു ഭാരതത്തിന്റെ വികസനത്തിനായി ഭാരതത്തിലെ യുവജനങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയായി ഈ സംരംഭം മാറും. ഒക്ടോബര്‍ 31-ന് 'ഏകതാ ദിവസ്' (ഐക്യദിനം) മുതല്‍ ഞാന്‍, എന്റെ ഭാരതം പ്രചാരണ പരിപാടി ആരംഭിക്കാന്‍ പോകുന്നു. ജനങ്ങള്‍ക്ക് അറിയാവുന്നത് പോലെ, നമ്മള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ഒക്ടോബര്‍ 31-ന് രാജ്യത്തുടനീളം റണ്‍ ഫോര്‍ യൂണിറ്റി എന്ന പരിപാടിയിലൂടെ ആഘോഷിക്കുന്നു. ഗോവയിലും രാജ്യത്തിന്റെ മറ്റെല്ലാ ഇടങ്ങളിലും രാഷ്ട്രത്തിന്റെ ഐക്യത്തിനായി ഒക്ടോബര്‍ 31-ന് ഗംഭീരമായ ഒരു റണ്‍ ഫോര്‍ യൂണിറ്റി പരിപാടി ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ നിങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ഭാരതത്തിന്റെ നിശ്ചയദാര്‍ഢ്യവും പ്രയത്‌നവും ഒരുപോലെ വളരെ വലുതായിരിക്കുമ്പോള്‍, ഭാരതത്തിന്റെ അഭിലാഷങ്ങള്‍ ഉയര്‍ന്നതായിരിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍, 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ ഐഒസി സമ്മേളനത്തില്‍ ഞാന്‍ അവതരിപ്പിച്ചു. 2030ലെ യൂത്ത് ഒളിമ്പിക്സിനും 2036ലെ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാന്‍ ഭാരതം തയ്യാറാണെന്ന് ഒളിമ്പിക്സിന്റെ പരമോന്നത സമിതിക്ക് ഞാന്‍ ഉറപ്പ് നല്‍കി.
സുഹൃത്തുക്കളേ,
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള നമ്മുടെ ആഗ്രഹം വൈകാരികമായി മാത്രം ഒതുങ്ങുന്നില്ല; അതിനു പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്. ഏകദേശം 13 വര്‍ഷത്തിനുള്ളില്‍, 2036 ആകുമ്പോഴേക്കും ഭാരതം ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളിലൊന്നായി മാറും. അപ്പോഴേക്കും ഓരോ ഇന്ത്യക്കാരുടെയും വരുമാനം ഇന്നത്തേതിനേക്കാള്‍ പലമടങ്ങ് കൂടുതലായിരിക്കും. ഭാരതത്തിന് അപ്പോഴേക്കും ഗണ്യമായ പ്രാധാന്യമുള്ള ഒരു മധ്യവര്‍ഗം ഉണ്ടാകും. സ്പോര്‍ട്സില്‍ നിന്ന് ബഹിരാകാശത്തേക്ക് ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക അഭിമാനത്തോടെ പാറിപ്പറക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് കണക്റ്റിവിറ്റിയും മറ്റ് ആധുനിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കാന്‍ ഭാരതം ഇന്ന് തയ്യാറാണ്. അതിനാല്‍, ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് നമുക്ക് ഒരുപോലെ മെച്ചമാകും.
സുഹൃത്തുക്കളേ,
നമ്മുടെ ദേശീയ ഗെയിംസ് 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ പ്രതീകം കൂടിയാണ്. ഭാരതത്തിലെ ഓരോ സംസ്ഥാനത്തിനും അതിന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയായി ഇത് പ്രവര്‍ത്തിക്കുന്നു. ഇത്തവണ ഗോവയ്ക്കാണ് ഈ അവസരം ലഭിച്ചത്. ഗോവ ഗവണ്‍മെന്റും ഗോവ നിവാസികളും നടത്തുന്ന ഒരുക്കങ്ങള്‍ തീര്‍ച്ചയായും പ്രശംസനീയമാണ്. ഇവിടെ നിര്‍മ്മിച്ച കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഗോവയിലെ യുവജനങ്ങള്‍ക്ക് വരും പതിറ്റാണ്ടുകളായി പ്രയോജനപ്പെടും. കൂടുതല്‍ ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന വിധം നിരവധി പുതിയ കായികതാരങ്ങള്‍ ഇവിടെ നിന്ന് ഉയര്‍ന്നുവരും. സമീപ വര്‍ഷങ്ങളില്‍, കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഗോവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദേശീയ ഗെയിംസ് ഗോവയിലെ വിനോദസഞ്ചാരത്തിനു മാത്രമല്ല, പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പേരുകേട്ട ഗോവ ഇപ്പോള്‍ രാജ്യാന്തര ചലച്ചിത്രമേളയിലൂടെ ആഗോള അംഗീകാരം നേടുകയാണ്. നമ്മുടെ ഗവണ്‍മെന്റ് ഗോവയെ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഉച്ചകോടികള്‍ക്കും ഒരു അത്യന്താപേക്ഷിത കേന്ദ്രമാക്കി മാറ്റുകയാണ്. നമ്മള്‍ 2016-ല്‍ ഗോവയില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു, ജി 20 യുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക യോഗങ്ങളും ഇവിടെ നടന്നിട്ടുണ്ട്. സുസ്ഥിരമായ വളര്‍ച്ചയില്‍ ഊന്നല്‍ നല്‍കുന്ന വിനോദസഞ്ചാരത്തിനുള്ള ഗോവ റോഡ്മാപ്പ് ജി 20 രാജ്യങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് ഗോവയ്ക്ക് അഭിമാനകരവും ഭാരതത്തിന്റെ വിനോദസഞ്ചാത്തിന് ഒരു സുപ്രധാന സംഭവവികാസവുമാണ്.
സുഹൃത്തുക്കളേ,
വെല്ലുവിളികള്‍ എന്തുതന്നെയായാലും, കളിക്കളം എല്ലാ സാഹചര്യങ്ങളിലും നമ്മുടെ പരമാവധി പരിശ്രമം ആവശ്യപ്പെടുന്നു. ഈ അവസരം നാം നഷ്ടപ്പെടുത്തരുത്. ഈ ആഹ്വാനത്തോടെ, 37-ാമത് ദേശീയ ഗെയിംസിന്റെ തുടക്കം ഞാന്‍ പ്രഖ്യാപിക്കുന്നു. കായികതാരങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എല്ലാ ആശംസകളും നേരുന്നു! ഗോവ തയ്യാറാണ്! വളരെ നന്ദി.