Quote“ഗവണ്മെന്റിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഗുണപരമായ ഫലം ഇന്ന് അത് ഏറ്റവും ആവശ്യമുള്ളിടത് ദൃശ്യമാണ്”
Quote“ഇന്നു ജനങ്ങൾ ഗവണ്മെന്റിനെ തടസമായി കാണുന്നില്ല; മറ‌ിച്ച്, പുതിയ അവസരങ്ങൾക്കുള്ള ഉത്തേജകമായാണു ജനങ്ങൾ നമ്മുടെ ഗവണ്മെന്റിനെ കാണുന്നത്. തീർച്ചയായും, സാങ്കേതികവിദ്യ ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്”
Quote“പൗരന്മാർക്ക് അവരുടെ കാഴ്ചപ്പാടുകൾ സുഗമമായി ഗവണ്മെന്റിനെ അറിയിക്കാനും പ്രതിവിധ‌ികൾ ഉടൻ നേടാനും കഴിയും”
Quote“ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഞങ്ങൾ ഇന്ത്യയിൽ ആധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നു”
Quote“നിർമിതബുദ്ധിവഴി പരിഹരിക്കാൻ കഴിയുന്ന സമൂഹത്തിലെ ഇത്തരം 10 പ്രശ്നങ്ങൾ നമുക്കു തിരിച്ചറിയാൻ കഴ‌‌ിയുമോ”
Quote“ഗവണ്മെന്റും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ അഭാവം അടിമത്ത മനോഭാവത്തിന്റെ ഫലമാണ്”
Quote“സമൂഹവുമായുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിന് ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളിൽനിന്നു നാം പഠിക്കേണ്ടതുണ്ട്”

നമസ്‌കാരം!
ദേശീയ ശാസ്ത്ര ദിനമായ ഇന്നത്തെ ബജറ്റ് വെബിനാറിന്റെ വിഷയം വളരെ പ്രധാനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ പൗരന്മാരെ സാങ്കേതികവിദ്യയുടെ ശക്തിയാല്‍ നിരന്തരം ശാക്തീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഗവണ്‍മെന്റിന്റെ എല്ലാ ബജറ്റിലും, സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ഈ വര്‍ഷത്തെ ബജറ്റിലും മാനുഷിക സ്പര്‍ശമുള്ള സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്ത് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ വളരെയധികം വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും ഗവണ്‍മെന്റിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലും സ്വാധീനവും ആഗ്രഹിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം ഉണ്ടായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ക്കായി ഗവണ്‍മെന്റ് എന്തെങ്കിലും ചെയ്യണം. എന്നാല്‍ മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ഈ വിഭാഗത്തിന് ഗവണ്‍മെന്റിന്റെ ഇടപെടലുകളുടെ അഭാവം എപ്പോഴും അനുഭവപ്പെട്ടിരുന്നു. അത്തരമൊരു അഭാവത്തില്‍, അവര്‍ ജീവിതം പോരാട്ടത്തിനായി മാറ്റിവെച്ചു. സമൂഹത്തില്‍ ഈ വിഭാഗത്തിനൊപ്പം സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗം ആളുകളും ഉണ്ടായിരുന്നു, എന്നാല്‍ ഓരോ ഘട്ടത്തിലും ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ നിമിത്തം വിവിധ തടസ്സങ്ങള്‍ നേരിട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി ഇപ്പോള്‍ ഈ സ്ഥിതി മാറാന്‍ തുടങ്ങിയിരിക്കുന്നു. ഗവണ്‍മെന്റിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും നല്ല ഫലം ഇന്ന് ആവശ്യമുള്ളിടത്തെല്ലാം ദൃശ്യമാണ്.
നമ്മുടെ പ്രയത്നങ്ങള്‍ എല്ലാ ദരിദ്രുരടെയും ജീവിതം എളുപ്പമാക്കുകയും അവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജനജീവിതത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടലും സമ്മര്‍ദ്ദവും കുറഞ്ഞു. ഇന്ന് ജനങ്ങള്‍ ഗവണ്‍മെന്റിനെ ഒരു തടസ്സമായി കണക്കാക്കുന്നില്ല. പകരം, പുതിയ അവസരങ്ങള്‍ക്കായുള്ള ഉത്തേജകമായാണ് ആളുകള്‍ നമ്മുടെ ഗവണ്‍മെന്റിനെ കാണുന്നത്. തീര്‍ച്ചയായും, സാങ്കേതികവിദ്യ ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രം-ഒരു റേഷന്‍ കാര്‍ഡ് എന്നതിന്റെ അടിസ്ഥാനമായി സാങ്കേതികവിദ്യ മാറിയെന്നും അതിന്റെ ഫലമായി കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് സുതാര്യമായ രീതിയില്‍ സൗജന്യ റേഷന്‍ ഉറപ്പാക്കാനായെന്നും കാണാം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇത് വലിയ അനുഗ്രഹമായി മാറി. സാങ്കേതികവിദ്യയ്ക്കൊപ്പം ജന്‍ധന്‍ അക്കൗണ്ടുകളും ആധാറും മൊബൈലും കോടിക്കണക്കിന് പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയക്കാന്‍ സൗകര്യമൊരുക്കി.

അതുപോലെ, ആരോഗ്യ സേതുവിനും കോവിന്‍ ആപ്പിനും സാങ്കേതികവിദ്യ ഒരു പ്രധാന ഉപകരണമായി മാറി. കൊറോണ സമയത്ത് ഇത് രോഗം കണ്ടെത്തുന്നതിനും വാക്‌സിനേഷനും വളരെയധികം സഹായിച്ചു. സാങ്കേതിക വിദ്യകള്‍ റെയില്‍വേ റിസര്‍വേഷന്‍ കൂടുതല്‍ ആധുനികമാക്കിയെന്നും സാധാരണക്കാരന് തലവേദനയില്‍ നിന്ന് മോചനം ലഭിച്ചെന്നും ഇന്ന് നാം കാണുന്നു. കോമണ്‍ സര്‍വീസ് സെന്ററുകളുടെ ശൃംഖല സാങ്കേതികവിദ്യയുടെ സഹായത്തോടെ ദരിദ്രരായ പാവപ്പെട്ടവരെ ഗവണ്‍മെന്റ് സേവനങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇത്തരം നിരവധി തീരുമാനങ്ങളിലൂടെ നമ്മുടെ ഗവണ്‍മെന്റ് നാട്ടുകാരുടെ ജീവിത സൗകര്യം വര്‍ധിപ്പിച്ചു.

സുഹൃത്തുക്കളേ, ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും ഈ മാറ്റം അനുഭവിക്കുന്നുണ്ട്, ഗവണ്‍മെന്റുമായി ആശയവിനിമയം നടത്തുന്നത് വളരെ എളുപ്പമായി. അതായത്, പൗരന്‍മാര്‍ക്ക് അവരുടെ സന്ദേശം ഗവണ്‍മെന്റിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയും, മാത്രമല്ല അവര്‍ക്ക് ഉടന്‍ തന്നെ പരിഹാരം ലഭിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നികുതിയുമായി ബന്ധപ്പെട്ട പരാതികള്‍ മുമ്പ് വളരെ കൂടുതലായിരുന്നു, നികുതിദായകര്‍ പല തരത്തില്‍ ഉപദ്രവിക്കപ്പെട്ടു. അതിനാല്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഞങ്ങള്‍ മുഴുവന്‍ നികുതി പ്രക്രിയയും മുഖരഹിതമാക്കി. ഇപ്പോള്‍ നിങ്ങളുടെ പരാതികള്‍ക്കും തീര്‍പ്പിനും ഇടയില്‍ സാങ്കേതികതയല്ലാതെ വ്യക്തികളൊന്നുമില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രം പറഞ്ഞുതന്നതാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റ് വകുപ്പുകളിലെയും പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ പരിഹരിക്കാനാകും. വിവിധ വകുപ്പുകള്‍ക്ക് അവരുടെ സേവനങ്ങള്‍ ആഗോള നിലവാരമുള്ളതാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം. ഈ ചുവടുവെപ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, ഗവണ്‍മെന്റുമായുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കാന്‍ കഴിയുന്ന മേഖലകളും നമുക്ക് തിരിച്ചറിയാനാകും.

സുഹൃത്തുക്കളേ, മിഷന്‍ കര്‍മ്മയോഗിയിലൂടെ നാം ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ പരിശീലനത്തിന് പിന്നിലെ നമ്മുടെ ലക്ഷ്യം ജീവനക്കാരെ പൗരകേന്ദ്രീകൃതമാക്കുക എന്നതാണ്. ഈ പരിശീലന കോഴ്‌സ് പതിവായി പുതുക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ജനങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയാലേ മികച്ച ഫലം ലഭിക്കൂ. പരിശീലന കോഴ്സ് മെച്ചപ്പെടുത്തുന്നതിന് ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സംവിധാനം നമുക്ക് സൃഷ്ടിക്കാന്‍ കഴിയും.

സുഹൃത്തുക്കളേ, സാങ്കേതികവിദ്യ എല്ലാവര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കി മുന്നോട്ട് പോകാനുള്ള തുല്യ അവസരം നല്‍കുന്നു. സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് വലിയ തോതില്‍ നിക്ഷേപം നടത്തുന്നു. നാം ഇന്ത്യയില്‍ ആധുനിക ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുകയാണ്. ഇതോടൊപ്പം, ഡിജിറ്റല്‍ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് നാം ഉറപ്പാക്കുന്നു. ഇന്ന്, ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ചെറുകിട കച്ചവടക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പോലും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റഇനു നേരിട്ട് വില്‍ക്കാന്‍  ജെം പോര്‍ട്ടല്‍ ഈ അവസരം നല്‍കിയിട്ടുണ്ട്. ഇ-നാം കര്‍ഷകര്‍ക്ക് വാങ്ങാന്‍ തയ്യാറുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായി ബന്ധപ്പെടാനുള്ള അവസരം നല്‍കി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് സ്വന്തം നാടുകളില്‍ ഇരുന്നു തന്നെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില നേടിയെടുക്കാന്‍ കഴിയും.

സുഹൃത്തുക്കളേ, 5ജി, എഐ എന്നിവ വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. വ്യവസായം, വൈദ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നു പറയപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്ക് ചില പ്രത്യേക ലക്ഷ്യങ്ങള്‍ വെക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ ഉന്നമനത്തിനായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണ്? എഐ വഴി പരിഹരിക്കാവുന്ന സമൂഹത്തിന്റെ 10 പ്രശ്‌നങ്ങള്‍ നമുക്ക് തിരിച്ചറിയാനാകുമോ? ലക്ഷക്കണക്കിന് യുവാക്കള്‍ ഹാക്കത്തണുകളില്‍ ചേരുകയും മികച്ച പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, നാം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ വ്യക്തിക്കും ഡിജിലോക്കര്‍ സൗകര്യം അവതരിപ്പിച്ചു. ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്കും ഡിജിലോക്കര്‍ സൗകര്യമുണ്ട്. ഇവിടെ കമ്പനികള്‍ക്കും എംഎസ്എംഇകള്‍ക്കും അവരുടെ ഫയലുകള്‍ സംഭരിക്കാനും വിവിധ റെഗുലേറ്റര്‍മാരുമായും ഗവണ്‍മെന്റ് വകുപ്പുകളുമായും അവ പങ്കിടാനും കഴിയും. ഡിജിലോക്കര്‍ എന്ന ആശയം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. മറ്റെന്തൊക്കെ വഴികളിലൂടെയാണ് ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് കണ്ടറിയണം.

സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്നതിനായി നാം നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വന്‍കിട കമ്പനികളായി മാറുന്നതില്‍ ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ചെറുകിട ബിസിനസുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഉണ്ടാകുന്ന പരിപാലന ചെലവ് കുറയ്ക്കാന്‍ നാം ആഗ്രഹിക്കുന്നു. സമയം പണമാണെന്ന് ബിസിനസ്സില്‍ പറയാറുണ്ട്. അതിനാല്‍, പരിപാലിക്കാന്‍ ചെലവഴിക്കുന്ന സമയം ലാഭിക്കുന്നത്, പരിപാലിക്കല്‍ ചെലവ് ലാഭിക്കുന്നു എന്നാണ്. അനാവശ്യമായി ചെയ്യുന്ന ജോലികളുടെ പട്ടികയുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതാണ് ശരിയായ സമയം. കാരണം ഞങ്ങള്‍ ഇതിനകം 40,000 പരിപാലന പ്രക്രിയകള്‍ ഒഴിവാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ, ഗവണ്‍മെന്റും ജനങ്ങളും തമ്മിലുള്ള വിശ്വാസമില്ലായ്മ അടിമ മനോഭാവത്തിന്റെ ഫലമാണ്. എന്നാല്‍ ഇന്ന് ഗവണ്‍മെന്റ ചെറിയ തെറ്റുകള്‍ കുറ്റമല്ലാതാക്കിയും എംഎസ്എംഇ വായ്പകള്‍ ജാമ്യം നിന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തിരിക്കുന്നു. എന്നാല്‍ നമ്മള്‍ ഇവിടെക്കൊണ്ട് അവസാനിപ്പിക്കേണ്ടതില്ല. സമൂഹവുമായുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ലോകത്തെ മറ്റു രാജ്യങ്ങളില്‍ എന്തെല്ലാം ചെയ്തുവെന്നതു കാണേണ്ടിയിരിക്കുന്നു. അവരില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നമ്മുടെ നാട്ടിലും സമാനമായ ശ്രമങ്ങള്‍ നടത്താം.

സുഹൃത്തുക്കളേ, ബജറ്റിന്റെയോ ഏതെങ്കിലും ഗവണ്‍മെന്റ് നയത്തിന്റെയോ വിജയം ഒരു പരിധിവരെ അത് എത്ര നന്നായി തയ്യാറാക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഇതിലുപരി ഇത് എങ്ങനെ നടപ്പാക്കണം എന്നത് വളരെ പ്രധാനമാണ്, ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം വളരെ പ്രധാനമാണ്. എല്ലാ തല്പരകക്ഷികളുടേയും ശുപാര്‍ശകള്‍ ജീവിതം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനു വലിയ ഉത്തേജനം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു നിര്‍മ്മാണ ഹബ് സൃഷ്ടിക്കണമെന്ന് നാം പലപ്പോഴും പറയാറുണ്ട് എന്ന് ഓര്‍മിപ്പിക്കാന്‍ ഞാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. 'സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്' എന്നതായിരിക്കണം നമ്മുടെ മുന്‍ഗണന. നമ്മുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. കൂടാതെ സാങ്കേതികവിദ്യ ഇക്കാര്യത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉല്‍പ്പാദന വേളയിലെ സൂക്ഷ്മവിവരങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് നമുക്ക് ഉല്‍പ്പന്നത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൊണ്ടുവരാന്‍ കഴിയും. എങ്കില്‍ മാത്രമേ നമുക്ക് ആഗോള വിപണി പിടിച്ചെടുക്കാന്‍ കഴിയൂ.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതിക വിദ്യയുടെ അധീനതയിലുള്ളതാണെന്ന് നാം അംഗീകരിക്കണം. ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം വളരെയധികം വര്‍ദ്ധിക്കാന്‍ പോകുന്നു. ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാത്രം ഒതുങ്ങരുത്. അതുപോലെ ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എല്ലാ ഗ്രാമങ്ങളിലും എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പഞ്ചായത്തുകളിലും ക്ഷേമകേന്ദ്രങ്ങളിലും ടെലി മെഡിസിന്‍ പരിരക്ഷയിലും ചെന്നെത്തും. ആരോഗ്യമേഖല പോലും സമ്പൂര്‍ണമായും സാങ്കേതികവിദ്യാ അധിഷ്ഠിതമായി മാറുകയാണ്. പ്രതിരോധം, ആരോഗ്യം എന്നീ മേഖലകളില്‍ ഇന്ന് രാജ്യം ധാരാളം കാര്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ സാങ്കേതികവിദ്യ നവീകരിച്ചുകൊണ്ട് എന്റെ രാജ്യത്തെ വ്യവസായികള്‍ക്ക് ആ വഴിക്ക് പോകാന്‍ കഴിയില്ലേ?

സാധാരണ പൗരന്മാര്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഒരു മാതൃക വികസിപ്പിക്കാം. കൂടാതെ എല്ലാത്തിലും പൊതുജന പങ്കാളിത്തം നാം ആഗ്രഹിക്കുന്നു. ഗവണ്‍മെന്റിന് എല്ലാ അറിവും ഉണ്ടെന്നു കരുതുകയോ അവകാശവാദമുന്നയിക്കുകയോ ചെയ്യുന്നില്ല.  അതിനാല്‍, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന നൂറ്റാണ്ട് പരമാവധി ഉപയോഗിക്കാനും അത് ലളിതമാക്കാനും സാധാരണക്കാരെ ശാക്തീകരിക്കാനും ഞാന്‍ എല്ലാ പങ്കാളികളോടും അഭ്യര്‍ത്ഥിക്കുന്നു. 2047-ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്നതിനാല്‍ ഇത് രാജ്യത്തെയും ജനങ്ങളെയും സഹായിക്കും. ഇന്ത്യയ്ക്ക് പ്രകൃതിദത്തമായ ഒരു സമ്മാനം ഉണ്ടെന്നതിനാല്‍ നാം ഭാഗ്യവാന്മാരാണ്.

കഴിവുള്ള യുവാക്കളും വൈദഗ്ധ്യമുള്ള മനുഷ്യശക്തിയും നമുക്കുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള വലിയ ശേഷിയുണ്ട്. നമുക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ചും ബജറ്റില്‍ നിന്ന് എങ്ങനെ മികച്ച നേട്ടമുണ്ടാക്കാമെന്നും അതിന്റെ മികച്ച നേട്ടങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തണം എന്നതിനെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ നിങ്ങളുടെ ചര്‍ച്ച എത്രത്തോളം ആഴത്തിലാണോ അത്രത്തോളം ഈ ബജറ്റ് അര്‍ത്ഥപൂര്‍ണ്ണമാകും.

ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela

Media Coverage

PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 27
April 27, 2025

From Culture to Crops: PM Modi’s Vision for a Sustainable India

Bharat Rising: PM Modi’s Vision for a Global Manufacturing Powerhouse