നമസ്‌കാരം ജി!
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ധനകാര്യ-സാമ്പത്തിക മേഖലകളിലെവിദഗ്ധരെ, പങ്കാളികളെ, മഹതികളെ, മഹാന്‍മാരേ,
ആദ്യമായി, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഇന്ന് നമ്മള്‍ ബജറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേളയില്‍, വളരെ പുരോഗമനപരമായ ബജറ്റ് ഇത്തവണ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന്റെ ധനമന്ത്രി ഒരു സ്ത്രീയാണ് എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.
സുഹൃത്തുക്കളെ,
100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വീണ്ടും കുതിച്ചുയരുകയാണ്. ഇത് നമ്മുടെ സാമ്പത്തിക തീരുമാനങ്ങളുടെയും നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ശക്തമായ അടിത്തറയുടെയും പ്രതിഫലനമാണ്. ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഈ കുതിപ്പ് തുടരാന്‍ ഈ ബജറ്റില്‍ ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വിദേശ മൂലധന പ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്മേലുള്ള നികുതി കുറയ്ക്കുന്നതിലൂടെയും എന്‍.ഐ.ഐ.എഫ്., ജി.ഐ.എഫ്.ടി. സിറ്റി, പുതിയ ഡി.എഫ്.ഐകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. സാമ്പത്തിക രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇപ്പോള്‍ അടുത്ത ഘട്ടത്തിലെത്തുകയാണ്. 75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയും (സി.ബി.ഡി.സി.) ഞങ്ങളുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന്, നമ്മുടെ എല്ലാ മുന്‍ഗണനാ മേഖലകളിലും സാമ്പത്തികമായി ലാഭകരമായ മാതൃകകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇന്ന് രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വളരെ പ്രധാനമാണ്. രാജ്യം മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന അഭിലാഷങ്ങളുടെ ദിശയെ സംബന്ധിച്ചും രാജ്യത്തിന്റെ മുന്‍ഗണനകള്‍ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഇന്ന് രാജ്യം ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. ചില മേഖലകളില്‍ നമ്മുടെ രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കില്‍, ആ പദ്ധതികളിലെ വിവിധ സാമ്പത്തിക മാതൃകകളെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്, അതുവഴി നമ്മുടെ രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയുന്നു. പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഇതിന് ഉദാഹരണമാണ്. അതുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിജയത്തില്‍ നിങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ സന്തുലിത വികസനം സൃഷ്ടിക്കുന്നതിനുള്ള ദിശയില്‍, ഇന്ത്യാ ഗവണ്‍മെന്റ് ആസ്പിറേഷനല്‍ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ശരാശരിയിലും താഴെയുള്ള നൂറിലധികം ജില്ലകളെയാണ് രാജ്യത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാല്‍, എല്ലാ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കാന്‍ ഞങ്ങള്‍ ഈ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഇപ്പോഴും പിന്നിലുള്ളതും വികസനം കാംക്ഷിക്കുന്നതുമായ ജില്ലകളാണ് ഇവ. നമുക്ക് അവരെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുമോ? അതുപോലെ, പടിഞ്ഞാറന്‍ ഇന്ത്യയിലേക്ക് നോക്കിയാല്‍, അവിടെ ധാരാളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണാം. കിഴക്കന്‍ ഇന്ത്യ എല്ലാത്തരം പ്രകൃതിവിഭവങ്ങള്‍ക്കും പേരുകേട്ടതാണ്, എന്നാല്‍ സാമ്പത്തിക വികസനത്തിന്റെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ സ്ഥിതിഗതികള്‍ അവിടെ വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയും. അടിസ്ഥാന സൗകര്യം വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയും. അതുപോലെ, മുഴുവന്‍ വടക്ക് കിഴക്കും അതിന്റെ വികസനവും ഞങ്ങള്‍ മുന്‍ഗണന നല്‍കുന്ന കാര്യമാണ്. ഈ മേഖലകളില്‍ നിങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതും ആവശ്യമാണ്. ഇന്ന്, ഇന്ത്യയുടെ അഭിലാഷങ്ങള്‍ നമ്മുടെ എംഎസ്എംഇകളുടെ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനായി ഞങ്ങള്‍ നിരവധി അടിസ്ഥാന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങളുടെ വിജയം അവയ്ക്കുള്ള ധനസഹായം ശക്തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മള്‍ ഇന്‍ഡസ്ട്രി 4.0 നെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നാം ആഗ്രഹിക്കുന്ന ഫലം കിട്ടാന്‍ കുറച്ച് സമയമെടുത്തേക്കാം. അതിനാല്‍ കാലതാമസം ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത്? ലോകം വ്യവസായം 4.0-നെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിന്റെ പ്രധാന സ്തംഭങ്ങളായ ഫിന്‍ടെക്, അഗ്രിടെക്, മെഡിടെക് എന്നിവയ്ക്ക് അനുസൃതമായി നമുക്ക് നൈപുണ്യ വികസനം 4.0 ആവശ്യമാണ്. അതിനാല്‍, 4.0 നൈപുണ്യ വികസനം ആവശ്യമാണ്. ഇവയാണ് പ്രധാന തൂണുകള്‍ എന്നതിനാല്‍, 4.0 യുടെ വെളിച്ചത്തില്‍ ഈ തൂണുകള്‍ വികസിപ്പിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എങ്ങനെ മുന്‍ഗണന നല്‍കും? ഇത്തരം പല മേഖലകളിലെയും ധനകാര്യ സ്ഥാപനങ്ങളുടെ സഹായം ഇന്‍ഡസ്ട്രി 4.0 യില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും.
സുഹൃത്തുക്കളെ,
ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടുമ്പോള്‍ ഒരു കളിക്കാരന്‍ രാജ്യത്തിനാകെ മഹത്വം കൊണ്ടുവരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. രാജ്യത്തിനു വലിയൊരു ആത്മവിശ്വാസം പകരുകയും ചെയ്യുന്നു. ഒരാള്‍ മെഡല്‍ കൊണ്ടുവരുന്നു, പക്ഷേ അന്തരീക്ഷം മുഴുവന്‍ മാറുന്നു. രാജ്യത്തു മറ്റിടങ്ങളിലും ഇതേ മനോഭാവം നമുക്ക് ചിന്തിക്കാനും പ്രയോഗിക്കാനും കഴിയില്ലേ? അത്തരം 8 അല്ലെങ്കില്‍ 10 മേഖലകള്‍ നമുക്ക് തിരിച്ചറിയാനും അവയ്ക്കായി കഠിനാധ്വാനം ചെയ്യാനും കഴിയുമോ? സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും മികച്ച മൂന്നു കമ്പനികളുടെ കൂട്ടത്തില്‍ നിര്‍മ്മാണ കമ്പനികള്‍ ഉണ്ടാകില്ലേ? അതുപോലെ, സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാം മുന്നോട്ട് പോകുന്നു; എന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, അവയുടെ പ്രത്യേകത, സാങ്കേതിക അടിത്തറ എന്നിവയുടെ കാര്യത്തില്‍ നമുക്ക് മികച്ച മൂന്നില്‍ ഇടം നേടാനാകുമോ? ഇപ്പോള്‍ ഞങ്ങള്‍ ഡ്രോണ്‍ മേഖല, ബഹിരാകാശ മേഖല, ജിയോ സ്‌പേഷ്യല്‍ മേഖല എന്നിവ തുറന്നിട്ടുണ്ട്. ഇതു കാര്യങ്ങള്‍ മാറ്റിമറിക്കുംവിധമുള്ള ഞങ്ങളുടെ പ്രധാന നയ തീരുമാനങ്ങളാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരു പുതിയ തലമുറ ആളുകള്‍ ബഹിരാകാശ മേഖലയായ ഡ്രോണുകളുടെ മേഖലയിലേക്ക് കടന്നുവരുമ്പോള്‍, ഈ മേഖലകളിലും ലോകത്തിലെ ഏറ്റവും മികച്ച മൂന്നില്‍ ഇടം നേടുന്നത് നമുക്ക് സ്വപ്നം കാണാനാകില്ലേ? നമ്മുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അതിനുള്ള സഹായം നല്‍കാന്‍ കഴിയില്ലേ? എന്നാല്‍ ഇതെല്ലാം സംഭവിക്കുന്നതിന്, ഈ മേഖലകളില്‍ ഇതിനകം തന്നെ മുന്നിട്ടുനില്‍ക്കുന്ന കമ്പനികളും സംരംഭങ്ങളും സജീവമായിരിക്കുകയും അവര്‍ക്ക് നമ്മുടെ സാമ്പത്തിക മേഖലയില്‍ നിന്ന് എല്ലാ പിന്തുണയും ലഭിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള അവരുടെ കഴിവ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും നമുക്ക് വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, ഒരുപാട് ആശയക്കുഴപ്പം ഉണ്ടാകും. സംരംഭകത്വ സംരംഭങ്ങള്‍ വര്‍ധിപ്പിക്കുകയും നവീകരണത്തിലും പുതിയ സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ വിപണികള്‍ കണ്ടെത്തുകയും പുതിയ ബിസിനസ്സ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും വികസിക്കുകയുള്ളൂ. അങ്ങനെ ചെയ്യുന്നതിന്, അവര്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്കും ഈ ഭാവി ആശയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം. പുതിയ ഫ്യൂച്ചറിസ്റ്റിക് ആശയങ്ങളുടെയും സംരംഭങ്ങളുടെയും നൂതനമായ ധനസഹായവും സുസ്ഥിര റിസ്‌ക് മാനേജ്‌മെന്റും നമ്മുടെ ധനകാര്യ മേഖല പരിഗണിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ആവശ്യകതകളില്‍ സ്വാശ്രയത്വത്തിനാണ് ഇന്ന് രാജ്യം മുന്‍ഗണന നല്‍കുന്നതെന്നും കയറ്റുമതിയിലും നമുക്ക് എങ്ങനെ കൂടുതല്‍ കൂടുതല്‍ വളരാന്‍ കഴിയുമെന്നും നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം. കയറ്റുമതിക്കാര്‍ക്ക് വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങളുണ്ട്. ഈ ആവശ്യകതകള്‍ക്കനുസരിച്ച്, കയറ്റുമതിക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാകുമോ? അവര്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ അവര്‍ കൂടുതല്‍ ശക്തരാകുകയും ആ കരുത്തില്‍ രാജ്യത്തിന്റെ കയറ്റുമതിയും വര്‍ദ്ധിക്കുകയും ചെയ്യും. ഇക്കാലത്ത്, ഇന്ത്യയുടെ ഗോതമ്പിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതായി ലോകമെമ്പാടും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ ഗോതമ്പ് കയറ്റുമതിക്കാരെ ശ്രദ്ധിക്കുന്നുണ്ടോ? നമ്മുടെ ഇറക്കുമതി-കയറ്റുമതി വകുപ്പ് അത് ശ്രദ്ധിക്കുന്നുണ്ടോ? ഷിപ്പിംഗ് വ്യവസായം അതിന്റെ മുന്‍ഗണനയെക്കുറിച്ച് ആശങ്കാകുലമാണോ? അതായത്, നാം സമഗ്രമായ ഒരു ശ്രമം നടത്തേണ്ടതുണ്ട്. അതിനാല്‍ നമ്മുടെ ഗോതമ്പ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ട്. തുടക്കം മുതലേ മികച്ച നിലവാരവും മികച്ച സേവനവും നല്‍കുകയാണെങ്കില്‍, ക്രമേണ അത് സ്ഥിരമായ ഒരു സവിശേഷതയായി മാറും.
സുഹൃത്തുക്കളെ,
ഗ്രാമീണ സമ്പദ്വ്യവസ്ഥ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന അടിത്തറയാണ്. നമുക്ക് അത് നിഷേധിക്കാനാവില്ല. ഗ്രാമീണ സമ്പദ്വ്യവസ്ഥ വളരെ വിശാലമായ അടിത്തറയാണ്. ചേര്‍ത്തുവെച്ചാല്‍ അത് വലുതായി മാറുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ചെറിയ ശ്രമങ്ങള്‍ ആവശ്യമാണ്. എന്നാല്‍ സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ ഫലങ്ങള്‍ അതിശയകരമാണ്. സജീവമായി പ്രവര്‍ത്തിക്കുന്നതിലൂടെ സ്വയം സഹായ ഗ്രൂപ്പുകള്‍, ധനകാര്യം, സാങ്കേതികവിദ്യ, വിപണനം എന്നിവയ്ക്ക് സമഗ്രമായ സഹായം നല്‍കാന്‍ നമുക്കു കഴിയുമോ? ഉദാഹരണത്തിന്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. ഓരോ കര്‍ഷകനും മത്സ്യത്തൊഴിലാളിക്കും കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നമുക്ക് ഒരു ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിക്കാനാകുമോ? ഇന്ന് രാജ്യത്ത് ആയിരക്കണക്കിന് കര്‍ഷക ഉല്‍പാദക സംഘടനകള്‍ രൂപീകരിക്കപ്പെടുന്നു. അവയില്‍ നിന്ന് വലിയ സംരംഭങ്ങള്‍ പിറക്കുകയും ചെയ്യുന്നു. ചില സംസ്ഥാനങ്ങളില്‍ ഗുണപരമായ ഫലങ്ങള്‍ പോലും ദൃശ്യമാണ്. ആ ദിശയില്‍ എങ്ങനെ പ്രവര്‍ത്തിക്കാം? ഇനി കൃഷിയുടെ കാര്യം നോക്കാം. തേനിന്റെ കാര്യം പറയുമ്പോള്‍ നേരത്തെ ആരും ഇന്ത്യയെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ തേന്‍ സംബന്ധിച്ചു പ്രശംസനീയമായ ഒരു ജോലി ചെയ്യുന്നു. എന്നിരുന്നാലും, ഇപ്പോള്‍ നമുക്ക് ഒരു ആഗോള വിപണി ആവശ്യമാണ്. അതിനാല്‍, ഒരു ആഗോള വിപണി, ബ്രാന്‍ഡിംഗ്, വിപണനം, സാമ്പത്തിക സഹായം എന്നിവ പോലുള്ള കാര്യങ്ങളില്‍ നമുക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും? അതുപോലെ, രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ഇന്ന് പൊതുസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. നിങ്ങളുടെ നയങ്ങളില്‍ ഈ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍, രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം ലഭിക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഗ്രാമങ്ങള്‍ക്കാണ് സേവന കേന്ദ്രത്തിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത്. ഇന്ന് ഗ്രാമത്തില്‍ നിന്ന് ആരും റെയില്‍വേ റിസര്‍വേഷനായി നഗരത്തിലേക്ക് പോകേണ്ടതില്ല. അവര്‍ സേവന കേന്ദ്രം സന്ദര്‍ശിച്ച് റിസര്‍വേഷന്‍ ചെയ്യുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് നാം ഇന്ന് എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കുന്നുവെന്ന് നിങ്ങള്‍ക്കറിയാം. ഗവണ്‍മെന്റ് ഡിജിറ്റല്‍ ഹൈവേ ഉണ്ടാക്കി; ഗ്രാമങ്ങളിലേക്ക് 'ഡിജിറ്റല്‍' കൊണ്ടുപോകേണ്ടതിനാല്‍ ലളിതമായ ഭാഷയില്‍ ഞാന്‍ ഇതിനെ 'ഡിജിറ്റല്‍ റോഡ്' എന്ന് വിളിക്കും. അതിനാല്‍, ഞങ്ങള്‍ ഡിജിറ്റല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു. നമ്മള്‍ വലിയ ഡിജിറ്റല്‍ ഹൈവേകളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ നമുക്ക് ഗ്രാമങ്ങളിലേക്ക്, സാധാരണക്കാരിലേക്ക് എത്തേണ്ടതിനാല്‍, അത് 'ഡിജിറ്റല്‍ റോഡ് കാമ്പെയ്ന്‍' ആയി പ്രചരിപ്പിക്കണം. ഓരോ ഗ്രാമത്തിലേക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ നമുക്ക് കൊണ്ടുപോകാമോ? അതുപോലെ ഭക്ഷ്യ സംസ്‌കരണം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെയര്‍ഹൗസിംഗ്, കാര്‍ഷിക മേഖലയിലെ ചരക്കുനീക്കം എന്നിവയും പ്രധാനമാണ്. ഇന്ത്യയുടെ അഭിലാഷങ്ങള്‍ ജൈവകൃഷി, പ്രകൃതി കൃഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മേഖലകളില്‍ പ്രവേശിക്കുന്ന ഒരാളെ പുതിയ എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ എങ്ങനെ സഹായിക്കുമെന്ന് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളെ,
ഇന്ന് ആരോഗ്യമേഖലയിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഗവണ്‍മെന്റ് വളരെയധികം നിക്ഷേപം നടത്തുന്നുണ്ട്. വൈദ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കാന്‍, കൂടുതല്‍ കൂടുതല്‍ വൈദ്യശാസ്ത്ര സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവരുടെ ബിസിനസ് ആസൂത്രണത്തില്‍ ഈ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയുമോ?
സുഹൃത്തുക്കളെ,
ആഗോളതാപനം നിലവിലെ കാലത്ത് ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്നു, 2070-ഓടെ ഇതു പൂജ്യമാകണമെന്ന് ഇന്ത്യ ലക്ഷ്യം വെക്കുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടത് ആവശ്യമാണ്. ഗ്രീന്‍ ഫിനാന്‍സിംഗും അത്തരം പുതിയ കാര്യങ്ങളെക്കുറിച്ചു പഠിക്കുകയും കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഉദാഹരണത്തിന്, സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്ത്യ ഇവിടെ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയിലെ 6 ലൈറ്റ് ഹൗസ് പ്രോജക്ടുകളില്‍ പോലും ദുരന്തങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാം മുന്‍ഗണന നല്‍കുന്നു. ഈ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. നിലവില്‍ ഇത് ലൈറ്റ് ഹൗസ് പ്രോജക്ട് മോഡലിന്റെ രൂപത്തിലാണ്, എന്നാല്‍ ഇത്തരത്തിലുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചാല്‍, അവര്‍ ഈ മാതൃക ചെറിയ നഗരങ്ങളിലേക്ക് കൊണ്ടുപോകും. അതിനാല്‍ നമ്മുടെ സാങ്കേതികവിദ്യ അതിവേഗം വ്യാപിക്കാന്‍ തുടങ്ങും; ജോലിയുടെ വേഗത വര്‍ദ്ധിക്കും, ഇത്തരത്തിലുള്ള പിന്തുണ വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ,
ഈ വിഷയങ്ങള്‍ നിങ്ങളെല്ലാവരും ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും ഈ വെബിനാറില്‍ നാം പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. നാം ഇന്ന് വലിയ കാഴ്ചപ്പാടുകളോ 2023 ബജറ്റോ കൊണ്ടുവരേണ്ടതില്ല. പകരം, 2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള ബജറ്റ് ഞാന്‍ എങ്ങനെ നടപ്പിലാക്കും? കഴിയുന്നത്ര വേഗത്തില്‍ അത് എങ്ങനെ നടപ്പിലാക്കാം? ഫലം എങ്ങനെ ലഭിക്കും? നിങ്ങളുടെ ദൈനംദിന അനുഭവത്തിന്റെ പ്രയോജനം ഫയലുകള്‍ മാസങ്ങളോളം പൂര്‍ണ്ണവിരാമവും അര്‍ധവിരാമവും കാരണം തീരുമാനങ്ങള്‍ വൈകാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഇല്ലാതാവുക വഴി ഗവണ്‍മെന്റിന് ലഭിക്കണം. അതു മുന്‍കൂട്ടി ചര്‍ച്ചചെയ്യുന്നതു ഗുണം ചെയ്യും. ഞങ്ങള്‍ ഒരു പുതിയ തുടക്കം നടത്തിയിട്ടുണ്ട്. ഞാന്‍ 'സബ്കാ പ്രയാസ്' അല്ലെങ്കില്‍ എല്ലാവരുടെയും പ്രയത്‌നത്തെ കുറിച്ച് സംസാരിക്കുന്നത് പോലെ, ഇത് എല്ലാവരുടെയും പരിശ്രമത്തിന്റെ ഒരു ഉദാഹരണമാണ്. ബജറ്റിന് മുമ്പും ബജറ്റ് അവതരണത്തിന് ശേഷവും നിങ്ങളുമായി ചര്‍ച്ച. സുഗമമായി നടപ്പാക്കാനുള്ള ആ ചര്‍ച്ച ജനാധിപത്യം തന്നെയാണ്. സാമ്പത്തിക ലോകത്ത് ഇത്തരത്തിലുള്ള ജനാധിപത്യ ശ്രമം; എല്ലാ പങ്കാളികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്, ഈ ബജറ്റിന്റെ സവിശേഷതകള്‍, അതിന്റെ ശക്തി എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടു. എന്നാല്‍ പ്രശംസകളില്‍ നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ സജീവമായ പങ്ക് ആവശ്യമാണ്. ഏപ്രില്‍ ഒന്നിന് മുമ്പ് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കും. നിങ്ങള്‍ എത്ര വേഗം വിപണിയില്‍ പ്രവേശിക്കുന്നുവോ അത്രയും ആളുകള്‍ നിങ്ങളുടെ സംസ്ഥാനത്തേക്ക് വരും; നിങ്ങളുടെ സംസ്ഥാനത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഈ ബജറ്റിന്റെ പരമാവധി പ്രയോജനം ഏത് സംസ്ഥാനത്തിന് ലഭിക്കും എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരം ഉണ്ടാകണം? എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവിടത്തെ ജനങ്ങളെ സഹായിക്കാന്‍ തോന്നുന്ന തരത്തില്‍ ഏത് സംസ്ഥാനമാണ് ഇത്തരം പുരോഗമന നയങ്ങളുമായി വരുന്നത്? നമുക്ക് ഒരു വലിയ പുരോഗമന ആവാസവ്യവസ്ഥ വികസിപ്പിക്കാം. പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ നമുക്ക് മുന്‍കൈയെടുക്കാം. ദൈനംദിന വെല്ലുവിളികളെക്കുറിച്ച് അറിയാവുന്ന നിങ്ങളെപ്പോലുള്ള അനുഭവപരിചയമുള്ള ആളുകള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുള്ള പരിഹാരങ്ങള്‍ക്കായി ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. അതുകൊണ്ടാണ് ഈ ചര്‍ച്ച ബജറ്റ് ചര്‍ച്ച എന്നതിലുപരി ബജറ്റിന് ശേഷമുള്ള ചര്‍ച്ചയാണെന്ന് ഞാന്‍ പറയുന്നത്. അത് നടപ്പാക്കുന്നതിനാണ് ഈ ചര്‍ച്ച. നടപ്പിലാക്കുന്നതിന് ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ സംഭാവന വളരെ ഉപയോഗപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒത്തിരി നന്ദി !
എന്റെ ആശംസകള്‍!