




ഈ നിര്‍ണായക ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മള സ്വാഗതം. കഴിഞ്ഞ 8-9 വര്‍ഷങ്ങളിലെന്നപോലെ ഇത്തവണയും ബജറ്റില്‍ കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബജറ്റിന്റെ അടുത്ത ദിവസം പത്രങ്ങള്‍ നോക്കുകയാണെങ്കില്‍, ഓരോ ബജറ്റും 'ഗാവ്, ഗരീബ് ഔര്‍ കിസാന്‍ വാല ബജറ്റ്' (ഗ്രാമീണ, പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമുള്ള ബജറ്റ്') എന്ന് വിളിക്കപ്പെടുന്നുവെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. കര്‍ഷകരും. നമ്മുടെ ഭരണം ആരംഭിക്കുന്നതിന് മുമ്പ് 2014ല്‍ കാര്‍ഷിക ബജറ്റ് 25,000 കോടി രൂപയില്‍ താഴെയായിരുന്നു. ഇന്ന് രാജ്യത്തിന്റെ കാര്‍ഷിക ബജറ്റ് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയായി ഉയര്‍ന്നു.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യാനന്തരം നമ്മുടെ കാര്‍ഷിക മേഖല ദീര്‍ഘകാലം ക്ഷാമത്തിലായിരുന്നു. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കായി നാം ലോകത്തെ ആശ്രയിച്ചു. എന്നാല്‍ നമ്മുടെ കര്‍ഷകര്‍ നമ്മെ സ്വയം പര്യാപ്തരാക്കുക മാത്രമല്ല, ഇന്ന് കയറ്റുമതി സാധ്യമാക്കുകയും ചെയ്തു. അവര്‍ കാരണമാണ് ഇന്ന് ഇന്ത്യ വിവിധതരം കാര്‍ഷികോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. നമ്മുടെ കര്‍ഷകര്‍ക്ക് ആഭ്യന്തര-അന്തര്‍ദേശീയ വിപണികളിലേക്കുള്ള പ്രവേശനം ഞങ്ങള്‍ എളുപ്പമാക്കി. പക്ഷേ, അത് സ്വാശ്രയമായാലും കയറ്റുമതിയായാലും നമ്മുടെ ലക്ഷ്യം അരിയിലും ഗോതമ്പിലും മാത്രമായി ഒതുങ്ങരുത് എന്നതും നാം ഓര്‍ക്കണം. ഉദാഹരണത്തിന്, 2021-22ല്‍ പയറുവര്‍ഗങ്ങളുടെ ഇറക്കുമതിക്കായി 17,000 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. മൂല്യവര്‍ധിത ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കായി 25,000 കോടി രൂപ ചെലവഴിച്ചു. അതുപോലെ, 2021-22ല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി 1.5 ലക്ഷം കോടി രൂപ ചെലവഴിച്ചു. ഈ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കായി ഏകദേശം 2 ലക്ഷം കോടി രൂപ ചെലവഴിച്ചു, അതായത് ഈ പണം രാജ്യത്തിന് പുറത്തേക്ക് പോയി. എന്നിരുന്നാലും, ഈ കാര്‍ഷികോല്‍പ്പന്നങ്ങളിലും നാം സ്വയം പര്യാപ്തരായാല്‍ ഈ പണം നമ്മുടെ കര്‍ഷകരിലേക്ക് എത്തും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലകളെ മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ എടുത്തിട്ടുണ്ട്. ഞങ്ങള്‍ താങ്ങുവില വര്‍ദ്ധിപ്പിച്ചു, പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ചു, ഭക്ഷ്യ സംസ്‌കരണ ഭക്ഷ്യ പാര്‍ക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. കൂടാതെ, ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ പൂര്‍ണ്ണമായും സ്വയം ആശ്രയിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ,
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നാം അഭിമുഖീകരിക്കുന്നില്ലെങ്കില്‍ സമഗ്ര വികസനം എന്ന ലക്ഷ്യം കൈവരിക്കാനാവില്ല. ഇന്ന്, ഇന്ത്യയിലെ പല മേഖലകളും അതിവേഗം പുരോഗമിക്കുന്നു, നമ്മുടെ തീക്ഷ്ണതയുള്ള യുവാക്കള്‍ അതില്‍ സജീവമായി പങ്കെടുക്കുന്നു, എന്നാല്‍ കൃഷിയുടെ പ്രാധാന്യവും അതില്‍ മുന്നോട്ട് പോകാനുള്ള സാധ്യതയും നന്നായി അറിയാമെങ്കിലും അവരുടെ പങ്കാളിത്തം കുറവാണ്. സ്വകാര്യ നവീകരണവും നിക്ഷേപവും ഇപ്പോഴും ഈ മേഖലയില്‍ നിന്ന് അകലെയാണ്. ഈ ശൂന്യത നികത്താന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. ഉദാഹരണത്തിന്, കാര്‍ഷിക മേഖലയില്‍ ഓപ്പണ്‍ സോഴ്‌സ് തുറന്ന സ്രോതസ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു സ്വതന്ത്ര സ്രോതസ്സ് പ്ലാറ്റ്ഫോമായി ഞങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന യുപിഐയുടെ തുറന്ന പ്ലാറ്റ്ഫോം പോലെ തന്നെയാണിത്. ഇന്ന്, ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവം നടക്കുന്നതുപോലെ, അഗ്രി-ടെക് ഡൊമെയ്നിലും നിക്ഷേപത്തിന്റെയും നവീകരണത്തിന്റെയും അപാരമായ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. ചരക്കു ഗതാഗതം മെച്ചപ്പെടുത്താന്‍ ഒരു സാധ്യതയുണ്ട്; വലിയ വിപണികളിലെത്താന്‍ സൗകര്യമൊരുക്കാന്‍ അവസരമുണ്ട്; സാങ്കേതികവിദ്യയിലൂടെ ഡ്രിപ്പ് ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ ഉപദേശവുമായി കൃത്യസമയത്ത് ശരിയായ വ്യക്തിയില്‍ എത്തിച്ചേരുന്നതിനും അവസരമുണ്ട്. ഈ സാധ്യതകളില്‍ നമ്മുടെ യുവാക്കള്‍ക്ക് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. മെഡിക്കല്‍ മേഖലയില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ സ്വകാര്യ മണ്ണ് പരിശോധന ലാബുകള്‍ സ്ഥാപിക്കാവുന്നതാണ്. നമ്മുടെ ചെറുപ്പക്കാര്‍ക്ക് അവരുടെ നൂതനാശയങ്ങളിലൂടെ സര്‍ക്കാരിനും കര്‍ഷകനും ഇടയില്‍ വിവരങ്ങളുടെ പാലമായി മാറാന്‍ കഴിയും. ഏതൊക്കെ വിളകളാണ് കൂടുതല്‍ ലാഭം നല്‍കുന്നതെന്ന് അവര്‍ക്ക് പറയാന്‍ കഴിയും. വിളകള്‍ കണക്കാക്കാന്‍ അവര്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാം. നയരൂപീകരണത്തില്‍ അവര്‍ക്ക് സഹായിക്കാനാകും. ഏത് സ്ഥലത്തും കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും നിങ്ങള്‍ക്ക് നല്‍കാം. അതായത് നമ്മുടെ യുവാക്കള്‍ക്ക് ഈ മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ മേഖലയില്‍ സജീവമായി പങ്കെടുക്കുന്നതിലൂടെ കര്‍ഷകരെ സഹായിക്കാനും മുന്നോട്ടുപോകാനുള്ള അവസരവും അവര്‍ക്ക് ലഭിക്കും.
സുഹൃത്തുക്കളേ,
ഈ വര്‍ഷത്തെ ബജറ്റില്‍ മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തിയിട്ടുണ്ട്. അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കും. അതിനാല്‍, ഞങ്ങള്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം നിര്‍മ്മിക്കുക മാത്രമല്ല, നിങ്ങള്‍ക്കായി ഫണ്ടിംഗ് വഴികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇപ്പോള്‍ നമ്മുടെ യുവസംരംഭകര്‍ക്ക് ആവേശത്തോടെ മുന്നേറാനും അവരുടെ ലക്ഷ്യങ്ങള്‍ നേടാനുമാണ്. 9 വര്‍ഷം മുമ്പ് രാജ്യത്ത് അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ വളരെ കുറവായിരുന്നു, എന്നാല്‍ ഇന്ന് 3000-ലധികം അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും നാം ഓര്‍ക്കണം. എന്നാല്‍ നമ്മള്‍ ഇനിയും വേഗമേറിയ വേഗത്തിലാണ് മുന്നോട്ട് പോകേണ്ടത്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ മുന്‍കൈയില്‍ ഈ വര്‍ഷം തിനകളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. തിനകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നു എന്നാല്‍ നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് ആഗോള വിപണി ഒരുങ്ങുന്നു എന്നാണ്. ഈ ബജറ്റില്‍ തന്നെ നാടന്‍ ധാന്യങ്ങള്‍ക്ക് 'ശ്രീ അന്ന' എന്ന സവിശേഷ നാമം നല്‍കിയിരിക്കുകയാണ് രാജ്യം. ഇന്ന് 'ശ്രീ അന്ന' പ്രചരിപ്പിക്കുന്നത് നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുടെ സാധ്യതയും ഈ മേഖലയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്, ഇത് കര്‍ഷകര്‍ക്ക് ആഗോള വിപണിയില്‍ പ്രവേശിക്കുന്നത് എളുപ്പമാക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ സഹകരണ മേഖലയില്‍ പുതിയ വിപ്ലവം നടക്കുകയാണ്. ഇത് വരെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലും ചില പ്രദേശങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയാണ്. ഈ ബജറ്റില്‍ സഹകരണ മേഖലയ്ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുതിയ സഹകരണ സംഘങ്ങള്‍ക്ക് കുറഞ്ഞ നികുതി നിരക്കിന്റെ ആനുകൂല്യം ലഭിക്കും. സഹകരണ സംഘങ്ങള്‍ മൂന്നു കോടി രൂപ വരെ പണം പിന്‍വലിക്കുമ്പോള്‍ സ്രോതസ്സില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കില്ല. മറ്റ് കമ്പനികളെ അപേക്ഷിച്ച് തങ്ങളോട് വിവേചനം കാണിക്കുന്നു എന്ന തോന്നല്‍ നേരത്തെ സഹകരണ മേഖലയ്ക്കുണ്ടായിരുന്നു. ഈ ബജറ്റിലും ഈ അനീതി ഇല്ലാതായി. ഒരു സുപ്രധാന തീരുമാനപ്രകാരം, പഞ്ചസാര സഹകരണ സംഘങ്ങള്‍ 2016-17 ന് മുമ്പ് നടത്തിയ പണമിടപാടുകള്‍ക്ക് നികുതി ഇളവ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ പഞ്ചസാര സഹകരണ സംഘങ്ങള്‍ക്ക് 10,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ,
സഹകരണസംഘങ്ങള്‍ നിലവില്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ക്ഷീരമേഖലയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സഹകരണസംഘങ്ങള്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകിച്ച്, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വലിയ അവസരങ്ങളുണ്ട്. കഴിഞ്ഞ 8-9 വര്‍ഷത്തിനിടെ രാജ്യത്തെ മത്സ്യ ഉല്‍പ്പാദനത്തില്‍ 70 ലക്ഷം മെട്രിക് ടണ്‍ വര്‍ധിച്ചിട്ടുണ്ട്. 2014 ന് മുമ്പ്, ഉല്‍പ്പാദനം ഇത്രയധികം വര്‍ദ്ധിപ്പിക്കാന്‍ ഏകദേശം മുപ്പത് വര്‍ഷമെടുത്തു. ഈ വര്‍ഷത്തെ ബജറ്റില്‍, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയ്ക്ക് കീഴില്‍ 6000 കോടി രൂപയുടെ പുതിയ ഉപഘടകം പ്രഖ്യാപിച്ചു. ഇത് മത്സ്യബന്ധന മൂല്യ ശൃംഖലയ്ക്കും വിപണിക്കും ഉത്തേജനം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഇത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും.
സുഹൃത്തുക്കളേ,
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും രാസാധിഷ്ഠിത കൃഷി കുറയ്ക്കുന്നതിനും ഞങ്ങള്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. പിഎം-പ്രണാം യോജനയും ഗോബര്‍ദ്ധന്‍ യോജനയും ഈ ദിശയില്‍ വലിയ സഹായകമാകും. ഒരു ടീം എന്ന നിലയില്‍ നാമെല്ലാവരും ഈ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ വെബിനാറിന് ഒരിക്കല്‍ കൂടി എല്ലാ ആശംസകളും നേരുന്നു. ഈ ബജറ്റിലെ വ്യവസ്ഥകളും നിങ്ങളുടെ പ്രമേയങ്ങളും നിങ്ങളുടെ ശക്തിയെ സംയോജിപ്പിച്ച് ഈ ബജറ്റിന്റെ പരമാവധി പ്രയോജനം പരമാവധി ആളുകളിലേക്ക് എങ്ങനെ എത്തിക്കാമെന്ന് ഉറപ്പാക്കാന്‍ നിങ്ങളെപ്പോലുള്ള എല്ലാ പങ്കാളികളും ഒരുമിച്ച് വഴികള്‍ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്‍ഷിക മേഖലയെയും മത്സ്യബന്ധന മേഖലയെയും നിങ്ങള്‍ തീര്‍ച്ചയായും ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചിന്തിക്കുക, യഥാര്‍ത്ഥ ആശയങ്ങള്‍ സംഭാവന ചെയ്യുക, ഒരു റോഡ്മാപ്പ് തയ്യാറാക്കുക, ഒരു വര്‍ഷത്തേക്ക് ഒരു സമ്പൂര്‍ണ്ണ റോഡ്മാപ്പ് തയ്യാറാക്കുന്നതില്‍ ഈ വെബിനാര്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ആശംസകള്‍, എന്റെ ഹൃദയം നിറഞ്ഞ നന്ദി!