





(മറാഠി ഭാഷയില്‍ ആശംസകള്‍)
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോശ്യാരി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാംദാസ് അത്താവാലെ ജി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, മഹാരാഷ്ട്ര ഗവണ്‍ശമന്റിലെ മറ്റ് മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, പാര്‍ലമെന്റലെ എന്റെ സഹപ്രവര്‍ത്തകന്‍ പ്രകാശ് ജാവദേക്കര്‍ ജി, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, പൂനെ മേയര്‍ മുരളീധര്‍ മോഹല്‍ ജി, പിംപ്രി ചിഞ്ച്‌വാഡ് മേയര്‍ ശ്രീമതി. മായി ധോര്‍ ജി, ഇവിടെ സന്നിഹിതരായ മറ്റെല്ലാ പ്രമുഖരെ, മഹതികളേ, മഹാന്മാരേ!
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനെ അടയാളപ്പെടുത്താനായി രാജ്യം ഇപ്പോള്‍ 'ആസാദി കാ അമൃത് മഹോത്സവ് 'ആഘോഷിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ പുനെയുടെ ചരിത്രപരമായ സംഭാവനയുണ്ട്. ലോകമാന്യ തിലക്, ചാപേക്കര്‍ സഹോദരന്മാര്‍, ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍, സേനാപതി ബാപത്, ഗോപാല്‍ കൃഷ്ണ ദേശ്മുഖ്, ആര്‍.ജി ഭണ്ഡാര്‍ക്കര്‍, മഹാദേവ് ഗോവിന്ദ് റാനഡെ ജി -തുടങ്ങി ഈ മണ്ണിലെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച രാംഭൗ മല്‍ഗിയുടെ ചരമവാര്‍ഷികം കൂടിയാണ് ഇന്ന്. ഇന്ന് ബാബാസാഹെബ് പുരന്ദരെ ജിയേയും ഞാന്‍ ആദരവോടെ അനുസ്മരിക്കുന്നു. കുറച്ചുസമയം മുമ്പ് ഛത്രപതി ശിവാജി മഹാരാജിന്റെ ബൃഹത്തായ പ്രതിമ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠയുള്ള ഛത്രപതി ശിവാജി മഹാരാജ് ജിയുടെ ഈ പ്രതിമ യുവതലമുറയില്‍, ഭാവി തലമുറയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം ഉള്‍ച്ചേര്‍ക്കും.
ഇന്ന് പൂനെയുടെ വികസനവുമായി ബന്ധപ്പെട്ട മറ്റ് നിരവധി പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ അവയുടെ തറക്കല്ലിടല്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. നേരത്തെ പൂനെ മെട്രോയുടെ തറക്കല്ലിടാന്‍ നിങ്ങള്‍ ക്ഷണിച്ചത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള അവസരവും എനിക്ക് തന്നു. നേരത്തെ തറക്കല്ലിടുമ്പോള്‍ ഉദ്ഘാടനം എപ്പോള്‍ നടക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
സുഹൃത്തുക്കളെ,
പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന സന്ദേശം കൂടി ഉള്‍ക്കൊള്ളുന്നതിനാല്‍ ഈ പരിപാടി വളരെ പ്രധാനമാണ്. മുള-മുത നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള 1100 കോടി രൂപയുടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ഇന്ന് ആരംഭിക്കുകയാണ്. ഇന്ന് പൂനെയ്ക്ക് ഇ-ബസുകളും ലഭിച്ചു. ബാനറില്‍ ഇ-ബസിന്റെ ഡിപ്പോ ഉദ്ഘാടനവും ചെയ്തു. എല്ലാത്തിനും ഉഷാജിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍.കെ ലക്ഷ്മണ്‍ ജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ആര്‍ട്ട് ഗാലറി മ്യൂസിയത്തിന്റെ രൂപത്തില്‍ ഇന്ന് പൂനെയ്ക്ക് മറ്റൊരു അത്ഭുതകരമായ സമ്മാനം കൂടി ലഭിച്ചിരിക്കുകയാണ്. ഉഷാജിയേയും അവരുടെ കുടുംബത്തെ മുഴുവനും ഞാന്‍ അഭിനന്ദിക്കുന്നു, ഞാന്‍ അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുമൃണ്ട്. അവരുടെ ഉത്സാഹത്തെയും അര്‍പ്പണബോധത്തെയും കഠിനാദ്ധ്വാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ സൗകര്യങ്ങള്‍ക്കായി പുനെയിലെ ജനങ്ങളേയും നിരവധ വികസനപ്രവര്‍ത്തനങ്ജളുമായി അതിവേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന നമ്മുടെ രണ്ടുമേയര്‍മാരെയും അവരുടെ മുഴുവന്‍ ടീമിനെയൂം ഞാന്‍ അഭിനന്ദിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
സാംസ്‌കാരിക, ആത്മീയ, ദേശസ്‌നേഹ ബോധത്തിന് പേരുകേട്ടതാണ് പൂനെ. അതേസമയം, വിദ്യാഭ്യാസം, ഗവേഷണം, വികസനം, ഐ.ടി (വിവരസാങ്കേതികവിദ്യ), ഓട്ടോമൊബൈല്‍ എന്നീ മേഖലകളില്‍ തുടര്‍ച്ചയായി പൂനെ അതിന്റെ സ്വത്വം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങളാണ് പൂനെയിലെ ജനങ്ങള്‍ക്ക് ആവശ്യം. പൂനെയിലെ ജനങ്ങളുടെ ഈ ആവശ്യം മനസ്സില്‍വച്ചുകൊണ്ട് ഞങ്ങളുടെ ഗവണ്‍മെന്റ് എണ്ണമറ്റ പ്രവര്‍ത്തനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ്. ഞാന്‍ പൂനെ മെട്രോയില്‍ ഗാര്‍വാറില്‍ നിന്ന് ആനന്ദ് നഗറിലേക്ക് കുറച്ച് മുമ്പ് യാത്ര ചെയ്തിരുന്നു. ഈ മെട്രോ പൂനെയിലെ ഗതാഗതം സുഗമമാക്കുകയും മലിനീകരണത്തില്‍ നിന്നും തടസങ്ങളില്‍ നിന്നും ആശ്വാസം നല്‍കുകയും അതേ സമയം പൂനെയിലെ ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദേവേന്ദ്രജി ഇവിടെ 5-6 വര്‍ഷം മുമ്പ്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ഈ പദ്ധതിക്കായി അദ്ദേഹം ഇടയ്ക്കിടെ ഡല്‍ഹിയില്‍ വരുമായിരുന്നു. വളരെ ഉത്സാഹത്തോടെയും അതിയായ ഔത്സ്യുക്കത്തോടെയും അദ്ദേഹം ഈ പദ്ധതിയെ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കള്‍,
കൊറോണ മഹാമാരിയുടെ നടുവിലാണ് ഈ വിഭാഗം ഇന്ന് സേവനത്തിന് തയ്യാറായിരിക്കുന്നത്. പുനെ മെട്രോയുടെ പ്രവര്‍ത്തനത്തിന് വ്യാപകമായി സൗരോര്‍ജ്ജവും ഉപയോഗിക്കുന്നുണ്ട്. ഇത് പ്രതിവര്‍ഷം 25,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വികിരണം തടയും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും, പ്രത്യേകിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സംഭാവന പൂനെയിലെ പ്രൊഫഷണലുകള്‍ക്കും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും അതുപോലെ ഇവിടത്തെ സാധാരണ പൗരന്മാര്‍ക്കും വലിയ സഹായമായിരിക്കും.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്ത് നഗരവല്‍ക്കരണം എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാവുന്നതാണ്. 2030 ആകുമ്പോഴേക്കും നമ്മുടെ നഗര ജനസംഖ്യ 60 കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. നഗരങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ അവരോടൊപ്പം നിരവധി അവസരങ്ങള്‍ മാത്രമല്ല, വെല്ലുവിളികളും കൊണ്ടുവരുന്നുണ്ട്. ഒരു പരിധിവരെ മാത്രമേ നഗരങ്ങളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനാകൂ. ജനസംഖ്യ കൂടുന്നതിനനുസരിച്ച്, എത്ര മേല്‍പ്പാലങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക? നിങ്ങള്‍ അത് എവിടെ ഉണ്ടാക്കും? എത്ര റോഡുകള്‍ നിങ്ങള്‍ക്ക് വീതികൂട്ടാന്‍ കഴിയും? നിങ്ങള്‍ അത് എവിടെ ചെയ്യും? അത്തരമൊരു സാഹചര്യത്തില്‍, നമുക്ക് പൊതുജന ഗതാഗതത്തിന്റെ ഒരു സാദ്ധ്യതമാത്രമാണുള്ളത്. നമുക്ക് കൂടുതല്‍ പൊതുജന ഗതാഗത സംവിധാനങ്ങളുടെ നിര്‍മ്മാണം ആവശ്യമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മുടെ ഗവണ്‍മെന്റ് പൊതുജന ഗതാഗത മാര്‍ഗ്ഗങ്ങളില്‍, പ്രത്യേകിച്ച് മെട്രോ ബന്ധിപ്പിക്കലില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്.
2014 വരെ, രാജ്യത്തെ ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ മാത്രമാണ് മെട്രോയുടെ വന്‍ വികസനം നടന്നത്. അക്കാലത്ത് ഒന്നോ രണ്ടോ മറ്റ് നഗരങ്ങളില്‍ മാത്രമേ ഇത് എത്താന്‍ തുടങ്ങിയിരുന്നുള്ളു. എന്നാല്‍ ഇന്ന്, രാജ്യത്തെ 2 ഡസനിലധികം നഗരങ്ങളില്‍, ഒന്നുകില്‍ മെട്രോ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട് അല്ലെങ്കില്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നു. മഹാരാഷ്ട്രയ്ക്കും ഇതില്‍ ഒരു അവകാശവാദമുണ്ട്. മുംബൈയിലോ, പൂനെ-പിംപ്രി ചിഞ്ച്‌വാഡ്‌ലോ, താനെയിലോ അല്ലെങ്കില്‍ നാഗ്പൂരിലോ എന്നിങ്ങനെ എവിടെയുമാകട്ടെ, ഇന്ന് മഹാരാഷ്ട്രയിലെ മെട്രോ ശൃംഖല വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന്, ഈ അവസരത്തില്‍, പൂനെയിലെയും നിലവില്‍ മെട്രോ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ നഗരങ്ങളിലെയും ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ഞാന്‍ ആഗ്രഹിക്കുകയാണ്. സമൂഹത്തിലെ ഉന്നതരോട് ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, നമ്മള്‍ എത്ര വലിയവരായാലും പണക്കാരായാലും അല്ലെങ്കില്‍ സ്വാധീനമുള്ളവരായാലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മെട്രോ റെയിലിലൂടെ യാത്ര ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കണം. നിങ്ങള്‍ മെട്രോയിലൂടെ എത്രയധികം യാത്ര ചെയ്യുന്നുവോ അത്രയധികം നിങ്ങളുടെ നഗരത്തെ നിങ്ങള്‍ സഹായിക്കും.
സഹോദരീ സഹോദരന്മാരേ,
21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍, നമുക്ക് നമ്മുടെ നഗരങ്ങളെ നവീകരിക്കുകയും അവയില്‍ പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും വേണ്ടതുണ്ട്. ഇന്ത്യയുടെ ഭാവി നഗരത്തെ മനസ്സില്‍വച്ചുകൊണ്ട്, നമ്മുടെ ഗവണ്‍മെന്റ് ഒരേസമയം നിരവധി പദ്ധതികളില്‍ പ്രവര്‍ത്തിക്കുകയാണ്. എല്ലാ നഗരങ്ങളിലും കൂടുതല്‍ കൂടുതല്‍ ഹരിത ഗതാഗതം, ഇലക്ര്ടിക് ബസുകള്‍, ഇലക്ര്ടിക് കാറുകള്‍, ഇലക്ര്ടിക് ഇരുചക്ര വാഹനങ്ങള്‍, സ്മാര്‍ട്ട് മൊബിലിറ്റി എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ശ്രമിക്കുന്നകയാണ്; ഗതാഗത സൗകര്യത്തിനായി ആളുകള്‍ ഒരു കാര്‍ഡ് മാത്രം ഉപയോഗിക്കുന്നതിനുള്ള സൗകര്യം; ഈ സൗകര്യം സ്മാര്‍ട്ടാക്കാന്‍ എല്ലാ നഗരങ്ങളിലും ഒരു സംയോജിത ആദേശ നിയന്ത്രണ (ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍) കേന്ദ്രം ഉണ്ടാകണം; ചാക്രിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ നഗരങ്ങളിലും ആധുനിക മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടാകണം; എല്ലാ നഗരങ്ങളേയും ജലസമൃദ്ധമാക്കാന്‍ മതിയായ ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റുകളും അതോടൊപ്പം എല്ലാ നഗരങ്ങളിലും ജലസ്രോതസ്സുകളുടെ മികച്ച സംരക്ഷണവും ആവശ്യമാണ്. മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കാന്‍ എല്ലാ നഗരങ്ങളിലും ഗോബര്‍ദന്‍ പ്ലാന്റുകള്‍ ഉണ്ടെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കുന്നു; ബയോഗ്യാസ് പ്ലാന്റുകള്‍ ഉണ്ടാകണം; എല്ലാ നഗരങ്ങളും ഊര്‍ജ്ജ കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുകയും, എല്ലാ നഗരങ്ങളിലെയും തെരുവുകള്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ കൊണ്ട് പ്രകാശമാനമാകുകയും വേണം. ഈ കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.
നഗരങ്ങളിലെ കുടിവെള്ളവും ഡ്രെയിനേജ് സംവിധാനവും മെച്ചപ്പെടുത്തുന്നതിന്, അമൃത് മിഷനു കീഴില്‍ ഞങ്ങള്‍ വിവിധ മുന്‍കൈകകള്‍ കൈക്കൊള്ളുന്നുണ്ട്. ഞങ്ങള്‍ റേറ (ആര്‍.ഇ.ആര്‍.എ) പോലെ ഒരു നിയമവും ഉണ്ടാക്കി; ഇത്തരം ഒരു നിയമത്തിന്റെ അഭാവത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ടിലായ ഇടത്തരം കുടുംബങ്ങളെ സഹായിക്കാനായിരുന്നു അത്; പണം നല്‍കിയിട്ടും വീടു കിട്ടാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നവര്‍ക്ക് വേണ്ടി. കടലാസില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരിക്കലും പാലിക്കപ്പെട്ടില്ല. വീടൊഴികെ വാഗ്ദാനങ്ങള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചിരുന്നത്. അങ്ങനെ, നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍, ആയുസ്സിലെ മുഴുവന്‍ സമ്പാദ്യവും കൊണ്ട് ഒരു വീടുണ്ടാക്കാന്‍ ആഗ്രഹിച്ച നമ്മുടെ ഇടത്തരം കുടുംബങ്ങള്‍ക്ക്, വീട് പണിയുന്നതിന് മുമ്പ് തന്നെ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തോന്നി. വീട് പണിയാന്‍ ആഗ്രഹിക്കുന്ന ഇടത്തരം ആളുകളെ സംരക്ഷിക്കാന്‍ ഈ റെറ നിയമം ഒരു മികച്ച പ്രവര്‍ത്തിയാണ് ചെയ്യുന്നത്. നഗരങ്ങളില്‍ വികസനത്തിനായി ആരോഗ്യകരമായ ഒരു മത്സരവും ഞങ്ങള്‍ വികസിപ്പിക്കുകയാണ്, അതിലൂടെ ശുചിത്വം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാകുന്നു. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ഈ വിഷയങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ ഏറെ ശ്രദ്ധ നല്‍കിയിട്ടുണ്ട്.
സഹോദരീ സഹോദരന്മാരേ,
ഹരിത ഇന്ധനത്തിനുള്ള കേന്ദ്രമായും പൂനെയുടെ സ്വത്വത്തെ വികസിപ്പിക്കുന്നുണ്ട്. മലിനീകരണത്തില്‍ നിന്നും മുക്തിനേടുന്നതിനായും ക്രൂഡ് ഓയിലിന്റെ വിദേശ ആശ്രിതത്വം കുറയ്ക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്കായി ജൈവ ഇന്ധനം, എഥനോള്‍ എന്നിവയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഥനോള്‍ മിശ്രണത്തിനുള്ള സൗകര്യങ്ങള്‍ പൂനെയില്‍ വലിയതോതില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശത്തും പരിസരത്തുമുള്ള കരിമ്പ് കര്‍ഷകര്‍ക്കും ഏറെ പ്രയോജനം ലഭിക്കും. പൂനെയെ വൃത്തിയും ഭംഗിയുമുള്ളതാക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്ന് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കത്തില്‍ നിന്നും മലിനീകരണത്തില്‍ നിന്നും പൂനെയെ മോചിപ്പിക്കാന്‍ നൂറുകണക്കിന് കോടി രൂപയുടെ ഈ പദ്ധതികള്‍ വളരെ ഉപകാരപ്രദമാകും. മുള-മുത നദിയുടെ ശുചീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന് കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. നദികള്‍ പുനരുജ്ജീവിപ്പിച്ചാല്‍ നഗരവാസികള്‍ക്കും വലിയ ആശ്വാസവും, പുത്തന്‍ ഊര്‍ജജവും ലഭിക്കും.
വര്‍ഷത്തിലൊരിക്കല്‍ ഒരു തീയതി നിശ്ചയിച്ച് നദി ഉത്സവം ആഘോഷിക്കാന്‍ ഞാന്‍ നഗരങ്ങളില്‍ താമസിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു. നദിയോടുള്ള ആദരവ് നമ്മള്‍ മനസില്‍ വളര്‍ത്തിയെടുക്കണം, നദിയുടെ പ്രാധാന്യം മനസ്സിലാക്കണം, പരിസ്ഥിതി വീക്ഷണത്തില്‍ നിന്നുകൊണ്ടുള്ള പരിശീലനവും നേടണം. അപ്പോള്‍ മാത്രമേ നമ്മുടെ നദികളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകൂ. അപ്പോള്‍ മാത്രമേ ഓരോ തുള്ളി വെള്ളത്തിന്റെയും പ്രാധാന്യം നമുക്ക് മനസ്സിലാകൂ.
സുഹൃത്തുക്കളെ,
ഏതൊരു രാജ്യത്തും ആധുനിക പശ്ചാത്തലസൗകര്യ വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വേഗതയും അളവുമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി, പ്രധാനപ്പെട്ട പദ്ധതികള്‍ പോലും പൂര്‍ത്തിയാകാന്‍ ദീര്‍ഘകാലം എടുക്കുന്ന ഒരു സംവിധാനമാണ് നമുക്ക് ഉണ്ടായിരുന്നത്. ഈ അലസ മനോഭാവം രാജ്യത്തിന്റെ വികസനത്തെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. അതിവേഗം വളരുന്ന ഇന്നത്തെ ഇന്ത്യയില്‍, വേഗതയിലും അളവിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഗവണ്‍മെന്റ് പി.എം-ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ചത്. വിവിധ വകുപ്പുകളും വിവിധ മന്ത്രാലയങ്ങളും ഗവണ്‍മെന്റുകളും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പലപ്പോഴും പദ്ധതികള്‍ വൈകുന്നതിന് കാരണമെന്ന് ഞങ്ങള്‍ മനസിലാക്കി. അതിന്റെ ഫലമായി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് കാലഹരണപ്പെടുകയും പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.
ഈ വൈരുദ്ധ്യങ്ങളെല്ലാം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിക്കും. സംയോജിത ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയും ഓരോ പങ്കാളിക്കും മതിയായ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാകാനുള്ള സാദ്ധ്യതയുണ്ട്. അതിന്റെഫലമായി, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കുറയുകയും, രാജ്യത്തിന്റെ പണം ലാഭിക്കുകയും, കൂടാതെ ഏര്‍പ്പാടുകള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭിക്കുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ,
ആധുനികതയ്‌ക്കൊപ്പം പൂനെയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ പ്രതാപത്തിനും നഗരാസൂത്രണത്തില്‍ തുല്യസ്ഥാനം നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സന്ത് ജ്ഞാനേശ്വര്‍, സന്ത് തുക്കാറാം തുടങ്ങിയ പ്രചോദകരായ സന്യാസിമാരുടെ നാടാണിത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീശാന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗിന്റെയും സന്ത് തുക്കാറാം മഹാരാജ് പാല്‍ഖി മാര്‍ഗിന്റെയും ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്. അതിന്റെ ചരിത്രത്തിലെ പ്രതാപം ഏറ്റെടുത്തുകൊണ്ട് ആധുനികതയുടെ ഈ വികസന യാത്ര ഇതുപോലെ തുടരട്ടെ. ഈ ആഗ്രഹത്തോടെ, പൂനെയിലെ എല്ലാ ജനങ്ങള്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
ഒത്തിരി നന്ദി!