മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസിന്റെ നൂറുശതമാനം പൂര്‍ത്തിയാക്കിയതില്‍ ഗോവയെ അഭിനന്ദിച്ചു
ഈ വേളയില്‍ ശ്രീ മനോഹര്‍ പരീക്കറുടെ സേവനങ്ങള്‍ സ്മരിക്കുന്നു
ഏവര്‍ക്കുമൊപ്പം, ഏവര്‍ക്കും വികസനം, ഏവരുടെയും വിശ്വാസം, ഏവരുടെയും പരിശ്രമം എന്നിവയുടെ മികച്ച ഫലങ്ങള്‍ ഗോവ പ്രകടമാക്കി: പ്രധാനമന്ത്രി
കഴിഞ്ഞ കാലങ്ങളില്‍ എന്റെ നിരവധി ജന്മദിനങ്ങള്‍ നിസ്സംഗമായി കടന്നുപോയിട്ടുണ്ട്. എന്നാല്‍, ഇന്നലെ എന്നെ ഏറെ വികാരധീനനാക്കിയ ദിവസമായിരുന്നു. കാരണം 2.5 കോടി ജനങ്ങള്‍ പ്രതിരോധകുത്തിവയ്‌പെടുത്തു: പ്രധാനമന്ത്രി
ഓരോ മണിക്കൂറിലും 15 ലക്ഷത്തിലധികം ഡോസും ഓരോ മിനിറ്റിലും 26,000ത്തിലധികം ഡോസും ഓരോ സെക്കന്‍ഡിലും 425ലധികം ഡോസും നല്‍കുന്നതിന് ഇന്നലെ സാക്ഷ്യം വഹിച്ചു: പ്രധാനമന്ത്രി
ഏക ഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയം പ്രതിഫലിപ്പിക്കുന്ന ഗോവയുടെ ഓരോ നേട്ടവും എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു: പ്രധാനമന്ത്രി
ഗോവ രാജ്യത്തെ ഒരു സംസ്ഥാനം മാത്രമല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ കരുത്തുറ്റ അടയാളപ്പെടുത്തല്‍ കൂടിയാണ്: പ്രധാനമന്ത്രി

ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!

നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷകരമായ ശ്രീ ഗണേശോത്സവം ആശംസിക്കുന്നു! നാളെ അനന്ത് ചതുര്‍ദശിയുടെ ശുഭകരമായ അവസരത്തില്‍ നാം ബാപ്പയോട് വിടപറയും. കൂടാതെ പവിത്രമായ അനന്തസൂത്രം നമ്മുടെ കൈകളില്‍ കെട്ടുകയും ചെയ്യും. അനന്തസൂത്രം എന്നാല്‍ സന്തോഷം, ജീവിതത്തിലെ അഭിവൃദ്ധി, ദീര്‍ഘായുസ്സിന്റെ അനുഗ്രഹം എന്നൊക്കെ അര്‍ഥം.

ഈ പുണ്യദിനത്തിന് മുമ്പ് ഗോവയിലെ ജനങ്ങള്‍ സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഗോവയിലെ ഓരോ അര്‍ഹനായ വ്യക്തിക്കും ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇത് ഒരു വലിയ കാര്യമാണ്. ഗോവയിലെ എല്ലാ ജനങ്ങള്‍ക്കും ഇതിന് ഒരുപാട് അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ വൈവിധ്യത്തിന്റെ ശക്തി ദൃശ്യമാകുന്ന സംസ്ഥാനം കൂടിയാണ് ഗോവ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്‌കാരവും ജീവിത നിലവാരവും ഭക്ഷണ ശീലങ്ങളും ഇവിടെ കാണാം. ഗണേശോത്സവം ഇവിടെയും ആഘോഷിക്കപ്പെടുന്നു. ദീപാവലി കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ക്രിസ്മസ് സമയത്ത് ഗോവ തിളങ്ങുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗോവ അതിന്റെ പാരമ്പര്യം പിന്തുടരുകയുമാണു ചെയ്യുന്നത്. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യം തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്ന ഗോവയുടെ ഓരോ നേട്ടവും എനിക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും സന്തോഷവും അഭിമാനവും നല്‍കുന്നു.

സഹോദരീ സഹോദരന്മാരെ,
ഈ സുപ്രധാന അവസരത്തില്‍, എന്റെ സുഹൃത്ത്, യഥാര്‍ത്ഥ കര്‍മ്മയോഗി, അന്തരിച്ച മനോഹര്‍ പരീക്കര്‍ ജിയുടെ ഓര്‍മ്മ വളരെ സ്വാഭാവികമാണ്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ഗോവ നേരിട്ട വഴി പിന്നിടുമ്പോള്‍ പരീക്കര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുമായിരുന്നു.

ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വിജയത്തില്‍ ഗോവ നിര്‍ണായക പങ്കുവഹിച്ചു. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പ്രമോദ് സാവന്ത് ജിയുടെ നേതൃത്വത്തില്‍ ഗോവ കനത്ത മഴ, ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിട്ടു. ഈ സ്വാഭാവിക വെല്ലുവിളികള്‍ക്കിടയില്‍ കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത നിലനിര്‍ത്തുന്നതിന് എല്ലാ കൊറോണ യോദ്ധാക്കള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടീം ഗോവയ്ക്കും ഒരുപാട് അഭിനന്ദനങ്ങള്‍.

ഈ യജ്ഞം എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് ഇവിടെയുള്ള നിരവധി സഹപ്രവര്‍ത്തകര്‍ നമ്മളുമായി പങ്കുവെച്ച അനുഭവങ്ങള്‍ കാണിക്കുന്നു. കരകവിഞ്ഞൊഴുകുന്ന നദികള്‍ കടന്ന് സുരക്ഷിതമായ പ്രതിരോധ കുത്തിവയ്പ്പുകളുമായി വിദൂരസ്ഥലങ്ങളില്‍പ്പോലും എത്തിച്ചേരാന്‍ കടമയെക്കുറിച്ചുള്ള ബോധ്യവും സമൂഹത്തോടുള്ള താല്‍പര്യവും ധൈര്യവും ആവശ്യമാണ്. നിങ്ങളൊക്കെ നിര്‍ത്താതെ വിശ്രമമില്ലാതെ മനുഷ്യത്വത്തോടെ സേവിക്കുകയാണ്. നിങ്ങളുടെ സേവനം എപ്പോഴും ഓര്‍മ്മിക്കപ്പെടും.

സുഹൃത്തുക്കളെ,
സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് ആശയത്തിന് എത്രയോ മികച്ച ഫലം ലഭിക്കുമെന്ന് ഗോവയിലെ ഗവണ്‍മെന്റും പൗരന്മാരും കൊറോണ യോദ്ധാക്കളും മുന്‍നിര പ്രവര്‍ത്തകരും തെളിയിച്ചിട്ടുണ്ട്. സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഏകോപനം ശരിക്കും പ്രശംസനീയമാണ്. പ്രമോദ് ജിക്കും താങ്ങളുടെ ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍. സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളില്‍, എല്ലാ സബ് ഡിവിഷനുകളിലും, വേഗത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ഒരു മികച്ച തെളിവാണ്.

വേഗം കുറയ്ക്കാന്‍ ഗോവ അനുവദിക്കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മള്‍ സംസാരിക്കുന്ന ഈ സമയത്ത് പോലും, രണ്ടാമത്തെ ഡോസിനായി സംസ്ഥാനത്ത് 'ടിക്ക' ഉത്സവം നടക്കുന്നു. അത്തരം ആത്മാര്‍ത്ഥമായ പരിശ്രമങ്ങളിലൂടെയാണ് സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഗോവ രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറാന്‍ ഒരുങ്ങുന്നത്. ഗോവന്‍ ജനതയ്ക്ക് മാത്രമല്ല, പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നു എന്നതു ശ്രദ്ധേയമാണ്.

സുഹൃത്തുക്കളെ,
ഈ അവസരത്തില്‍, രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാരെയും ആരോഗ്യമേഖലയിലെ ജീവനക്കാരെയും മറ്റു വ്യക്തികളെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രയത്‌നത്താല്‍, ഇന്നലെ ഇന്ത്യ 2.5 കോടിയിലധികം ആളുകള്‍ക്ക് ഒരു ദിവസം വാക്‌സിനേഷന്‍ നല്‍കിയതിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ചു. സമ്പന്നവും ശക്തവുമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ക്ക് പോലും ഇത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോവിന്‍ ഡാഷ്ബോര്‍ഡുമായി രാജ്യം എങ്ങനെ ചേര്‍ന്നുനില്‍ക്കുന്നു എന്ന് ഇന്നലെ നാം കണ്ടു. വര്‍ദ്ധിച്ചുവരുന്ന സംഖ്യയില്‍ രാജ്യത്ത് ആവേശം നിറഞ്ഞു.

ഇന്നലെ ഓരോ മണിക്കൂറിലും 15 ലക്ഷത്തിലധികം വാക്‌സിനേഷനുകളും ഓരോ മിനിറ്റിലും 26,000 ലധികം വാക്‌സിനേഷനുകളും ഓരോ സെക്കന്‍ഡിലും 425ല്‍ അധികം ആളുകള്‍ക്ക് വാക്‌സിനുകളും ലഭിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സ്വന്തം വാക്‌സിനുകളും പ്രതിരോധ കുത്തിവയ്പ്പിനുള്ള ഇത്രയും വലിയ ശൃംഖലയും വിദഗ്ദ്ധമായ മനുഷ്യശക്തിയും ഇന്ത്യയുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്നലത്തെ നേട്ടം വെറും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല, ഇന്ത്യയ്ക്ക് ഉള്ള കഴിവുകള്‍ ലോകം തിരിച്ചറിയാന്‍ പോകുന്നു. അതിനാല്‍, അതിന്റെ മഹത്വവല്‍ക്കരണം ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.

സുഹൃത്തുക്കളെ,
ഇന്ന് ഉള്ളില്‍ തോന്നുന്നതു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി ജന്മദിനങ്ങള്‍ വന്നുപോയി, പക്ഷേ ഞാന്‍ എപ്പോഴും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ഈ പ്രായത്തില്‍, ഇന്നലെ എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആളുകള്‍ വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളില്‍ തെറ്റുകാണുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഇല്ല. എന്നാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ കാരണം ഇന്നലെ എനിക്ക് വളരെ പ്രത്യേക ദിവസമായി മാറി.

കഴിഞ്ഞ ഒന്നര, രണ്ട് വര്‍ഷമായി രാവും പകലും ജീവന്‍ വകവെക്കാതെ ജോലി ചെയ്യുന്നതും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതുമായ വൈദ്യശാസ്ത്ര മേഖലയിലെ പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ റെക്കോര്‍ഡ് വാക്‌സിനേഷന്‍ ഒരു വലിയ കാര്യമാണ്. എല്ലാവരും ഇതിന് ധാരാളം സംഭാവന നല്‍കിയിട്ടുണ്ട്. ആളുകള്‍ അതിനെ സേവനവുമായി ബന്ധപ്പെടുത്തിക്കണ്ടു. അവരുടെ അനുകമ്പയും കടമ നിറവേറ്റലും നിമിത്തമാണ് 2.5 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനായത്.

വാക്‌സിനിലെ ഓരോ ഡോസും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 2.5 കോടിയിലധികം ആളുകള്‍ക്ക് ഒരു സുരക്ഷാ പരിരക്ഷ നല്‍കുന്നത് വളരെ സംതൃപ്തി നല്‍കുന്നു. ജന്മദിനങ്ങള്‍ വന്നുപോകും, പക്ഷേ ഇന്നലെ എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു കാര്യം അവിസ്മരണീയമായി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാന്‍ എല്ലാ രാജ്യവാസികളെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയും എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരെ,
ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരോഗ്യത്തിന് ഒരു സംരക്ഷണ കവചം മാത്രമല്ല, ഉപജീവനത്തിനുള്ള ഒരു കവചം കൂടിയാണ്. ആദ്യ ഡോസിന്റെ കാര്യത്തില്‍ ഹിമാചല്‍ 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി, അതുപോലെ തന്നെ ഗോവ, ചണ്ഡീഗഢ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് ലഭിച്ചു. ആദ്യ ഡോസിനെ സംബന്ധിച്ചിടത്തോളം സിക്കിമും വളരെ വേഗം 100% ആകും. ആന്‍ഡമാന്‍ നിക്കോബാര്‍, കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ്, ദാദ്ര, നഗര്‍ ഹവേലി എന്നിവയും ഈ നേട്ടത്തില്‍ നിന്ന് അകലെയല്ല.

സുഹൃത്തുക്കളെ,
ഇത് ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യ അതിന്റെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ വളരെയധികം മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇത് രാഷ്ട്രീയമാകുമെന്നതിനാല്‍ തുടക്കത്തില്‍ ഇതു പറഞ്ഞില്ല എന്നേ ഉള്ളൂ. എന്നാല്‍ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എത്രയും വേഗം തുറക്കേണ്ടത് വളരെ പ്രധാനമായിരുന്നു. ഇപ്പോള്‍ ഉത്തരാഖണ്ഡിലും ചാര്‍-ധാം യാത്ര സാധ്യമാകും. ഈ ശ്രമങ്ങള്‍ക്കിടയില്‍, ഗോവയില്‍ 100% വാക്‌സിനേഷന്‍ വളരെ പ്രത്യേകതയുള്ളതായി മാറുന്നു.

വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഗോവയ്ക്ക് പ്രധാന പങ്കുണ്ട്. ഹോട്ടല്‍ വ്യവസായത്തിലെ ആളുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, കടയുടമകള്‍ തുടങ്ങി എല്ലാവരും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കില്‍, വിനോദസഞ്ചാരികള്‍ സുരക്ഷിതത്വബോധത്തോടെ ഇവിടെയെത്തും. വാക്സിനിലെ സംരക്ഷണ കവചം ലഭിച്ച ലോകത്തിലെ ചുരുക്കം ചില അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഗോവ ഉള്‍പ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളെ,
മുമ്പത്തെപ്പോലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അടുത്ത വിനോദസഞ്ചാര സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകമെമ്പാടും നിന്നും സഞ്ചാരികള്‍ ഇവിടെ വന്ന് ആസ്വദിക്കണമെന്നും നാം ആഗ്രഹിക്കുന്നു. കൊറോണയുമായി ബന്ധപ്പെട്ട മുന്‍കരുതലുകളില്‍ നമ്മള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്ര ശ്രദ്ധിക്കുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ. അണുബാധ കുറഞ്ഞു, പക്ഷേ ഇപ്പോഴും നമ്മള്‍ ഈ വൈറസിനെ നിസ്സാരമായി കാണേണ്ടതില്ല. സുരക്ഷയിലും ശുചിത്വത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തും.

സുഹൃത്തുക്കളെ,
സമീപകാലത്ത്, വിദേശ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന 5 ലക്ഷം വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാന്‍ തീരുമാനിച്ചു. യാത്ര, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് 100% ഗവണ്‍മെന്റ് ഗ്യാരണ്ടിയോടെ 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പയും നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിന് സഹായിക്കുന്ന ഓരോ ചുവടും മുന്നോട്ട് വയ്ക്കാനും കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

സുഹൃത്തുക്കളെ,
ഗോവയുടെ വിനോദസഞ്ചാര മേഖലയെ ആകര്‍ഷകമാക്കുന്നതിനും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതിനുമായി അടിസ്ഥാന സൗകര്യത്തിന് ഇരട്ട എന്‍ജിനോടുകൂടിയ ഗവണ്‍മെന്റിന്റെ ഇരട്ടി കരുത്തു ലഭിക്കുന്നു. ഗോവയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, പ്രത്യേകിച്ച് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍. മോപ്പയില്‍ നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും. ഈ വിമാനത്താവളത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് ഏകദേശം 12,000 കോടി രൂപ ചെലവില്‍ ആറുവരിയുള്ള ആധുനിക ഹൈവേ നിര്‍മ്മിക്കുന്നു. ആയിരക്കണക്കിന് കോടി രൂപ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗോവയില്‍ ദേശീയപാതകളുടെ നിര്‍മ്മാണത്തില്‍ മാത്രം നിക്ഷേപിച്ചിട്ടുണ്ട്.

ഉത്തര ഗോവയെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കുന്ന 'സുവാരി ബ്രിഡ്ജ്' ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്നതും ഏറെ സന്തോഷകരമാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഈ പാലം പനജിയെ മാര്‍ഗാവോയുമായി ബന്ധിപ്പിക്കുന്നു. ഗോവ വിമോചന യുദ്ധത്തിന്റെ അതുല്യമായ കഥയ്ക്ക് സാക്ഷിയായ അഗുവാഡ കോട്ട ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.

സഹോദരീ സഹോദരന്മാരെ,
മനോഹര്‍ പരീക്കര്‍ ജി അവശേഷിപ്പിച്ച ഗോവയുടെ വികസനത്തിന്റെ പാരമ്പര്യം എന്റെ സുഹൃത്ത് ഡോ. പ്രമോദ് ജിയും സംഘവും പൂര്‍ണ്ണ സമര്‍പ്പണത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടത്തില്‍ രാജ്യം സ്വാശ്രയത്വത്തിന്റെ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുമ്പോള്‍, ഗോവ സ്വയംപൂര്‍ണ ഗോവയുടെ പ്രതിജ്ഞയും ഏറ്റെടുത്തു. ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവയുടെ ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഗോവയില്‍ 50 ലധികം ഘടകങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഗോവ പുലര്‍ത്തുന്ന ഗൗരവം വെളിപ്പെടുത്തുന്നതാണ് ഇത്.

സുഹൃത്തുക്കള്‍,
ഇന്ന് ഗോവ കോവിഡ് വാക്‌സിനേഷനില്‍ മാത്രമല്ല, വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഗോവയിലെ ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും പൂര്‍ണ്ണമായും തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്തതായി മാറുകയാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് തൃപ്തികരമായ ജോലികളും ഗോവയില്‍ നടക്കുന്നുണ്ട്. രാജ്യത്ത് 100% വൈദ്യുതീകരണം നടത്തിയ ഏക സംസ്ഥാനമാണ് ഗോവ. എല്ലാ വീടുകളിലേക്കും ടാപ്പ് വെള്ളം എത്തിക്കുന്നതില്‍ ഗോവ അത്ഭുതം സൃഷ്ടിച്ചു. ഗ്രാമീണ ഗോവയിലെ ഓരോ വീട്ടിലും ടാപ്പ് വെള്ളം നല്‍കുന്നതിനുള്ള ശ്രമം പ്രശംസനീയമാണ്. ജല്‍ ജീവന്‍ മിഷന്റെ കീഴില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യം ഏകദേശം 5 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് ജല സൗകര്യമെത്തിച്ചിട്ടുണ്ട്. ഗോവ ഈ പ്രചാരണം മുന്നോട്ട് കൊണ്ടുപോയ രീതി, 'നല്ല ഭരണം', 'ജീവിതം സുഗമമാക്കല്‍' എന്നീ കാര്യങ്ങളില്‍ ഗോവ ഗവണ്‍മെന്റിനുള്ള മുന്‍ഗണന വ്യക്തമാക്കുന്നു.

സഹോദരീ സഹോദരന്മാരെ,
കൊറോണ കാലത്തും നല്ല ഭരണത്തോടുള്ള ഈ പ്രതിബദ്ധത ഗോവ ഗവണ്‍മെന്റ് പ്രകടമാക്കിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും, കേന്ദ്ര ഗവണ്‍മെന്റ് അയച്ച എല്ലാ സഹായവും ഗോവ ടീം ഒരു ഗുണഭോക്താവിനും ഒരു വിവേചനവുമില്ലാതെ എത്തിച്ചിട്ടുണ്ട്. പാവപ്പെട്ടവരെയും കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും സഹായിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയില്ല. ഗോവയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസങ്ങളോളം സൗജന്യ റേഷന്‍ എത്തിക്കുന്നു. ഗോവയിലെ പല സഹോദരിമാരും ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ സഹായമായി കണ്ടു.
പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ഗോവയിലെ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ട്. കൊറോണ കാലഘട്ടത്തില്‍ പോലും, ഇവിടെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ദൗത്യ മാതൃകയില്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഗോവയിലെ ധാരാളം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആദ്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യം ലഭിച്ചു. പ്രധാനമന്ത്രി സ്വനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാര്‍ക്ക് ഗോവയില്‍ വായ്പ നല്‍കുന്നു. ഈ ശ്രമങ്ങളെല്ലാം പ്രളയ സമയത്തും ഗോവയിലെ ജനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരെ,
പരിധിയില്ലാത്ത സാധ്യതകളുടെ നാടാണ് ഗോവ. ഗോവ ഒരു സംസ്ഥാനം മാത്രമല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ ശക്തമായ വ്യക്തിത്വം കൂടിയാണ്. ഗോവയുടെ ഈ പങ്ക് വിപുലീകരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇന്ന് ഗോവയില്‍ നടക്കുന്ന നല്ല ജോലികളുടെ തുടര്‍ച്ച വളരെ ആവശ്യമാണ്. വളരെക്കാലത്തിനുശേഷം ഗോവയ്ക്ക് രാഷ്ട്രീയ സ്ഥിരതയുടെയും നല്ല ഭരണത്തിന്റെയും പ്രയോജനങ്ങള്‍ ലഭിക്കുന്നു.

ഗോവയിലെ ജനങ്ങള്‍ അതേ മനോനിലയില്‍ തുടരട്ടെ എന്ന ആശംസയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വീണ്ടും നിരവധി അഭിനന്ദനങ്ങള്‍! പ്രമോദ് ജിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.

നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"