രാജ്യം മുഴുവന്‍ ഇന്നത്തെ ചരിത്രപ്രധാനമായ ഈ പരിപാടി വീക്ഷിക്കുകയും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ അവസരം ലഭിച്ച എല്ലാപൗരന്മാരെയും അഭിനന്ദിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ.ഹര്‍ദീപ് പുരി ജി, ശ്രീ. ജി കൃഷ്ണ റെഡ്ഡി ജി, ശ്രീ. അര്‍ജുന്‍ റാം മേഖ്വാള്‍ ജി, ശ്രീമതി മീനാക്ഷി ലെഖി ജി, ശ്രീ.കൗശല്‍ കിഷോര്‍ ജി എന്നിവനരും എന്നോടൊപ്പം വേദിയിലുണ്ട്. രാജ്യമെമ്പാടും നിന്നുള്ള ധാരാളം വിശിഷ്ടാതിഥികളും ഇവിടെ സന്നിഹിതരായിട്ടുണ്ട്്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ രാജ്യത്തിന് ഇന്ന് പുതിയ ഒരു പ്രചോദനവും ഊര്‍ജ്ജവും ലഭിച്ചിരിക്കുന്നു. ഇന്നെലെകളെ പിന്തള്ളിക്കൊണ്ട് നാളെയുടെ ഛായാപടത്തില്‍ നാം പുതിയ നിറങ്ങള്‍ ചാലിച്ചു ചേര്‍ത്തിരിക്കുന്നു. ഈ പുതിയ പരിവേഷം, ആത്മവിശ്വാസത്തിന്റെ പരിവേഷം പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ദൃശ്യവുമാണ്. അടിമത്വത്തിന്റെ പ്രതീകമായിരുന്ന കിംങ്‌സ് വെ അല്ലെങ്കില്‍ രാജ് പഥ് ഇന്നു മുതല്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. എന്നേയ്ക്കുമായി തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. ഇന്നു മുതല്‍ കര്‍ത്തവ്യ പഥില്‍ നിന്ന് പുതിയ ചരിത്രം നാം എഴുതി തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തു തന്നെ അടിമത്വത്തിന്റെ മറ്റൊരു അടയാളത്തില്‍ നിന്നു കൂടി മോചിതരായതിന് എല്ലാ പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ ദേശീയ നേതാവായ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൂറ്റന്‍ പ്രതിമ ഇന്ന് ഇന്ത്യ ഗേറ്റിനു സമീപം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അടിമത്വത്തിന്റെ കാലത്ത് അവിടെ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതിനിധിയുടെ പ്രതിമ ഉണ്ടായിരുന്നു. ഇന്ന് അതെ സ്ഥലത്ത് നേതാജിയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ട് രാജ്യം നവീനവും ശക്തവുമായ ഇന്ത്യന്‍ ജീവിതത്തെ ഇതാ പുനപ്രതിഷ്ടിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ സന്ദര്‍ഭം ചരിത്രപരവും അഭൂതപൂര്‍വവുമാണ്. ഈ സംഭവത്തിന്്് ഇന്നു സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് നമ്മെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യം തന്നെയാണ്.
സുഹൃത്തുക്കളെ,
സ്ഥാനത്തിന്റെയും വിഭവങ്ങളുടെയും പരീക്ഷണങ്ങൾക്ക് അതീതനായ ഒരു മഹാനായിരുന്നു സുഭാഷ് ചന്ദ്രബോസ്.. ലോകം മുഴുവന്‍ അദ്ദേഹത്തെ നേതാവായി പരിഗണിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യത. അദ്ദേഹത്തിന് നിര്‍ഭയത്വവും ആത്മാഭിമാനവും ഉണ്ടായിരുന്നു. ആശയങ്ങളും കാഴ്ച്ചപ്പാടുകളും ഉണ്ടായിരുന്നു. നേതൃപാടവം ഉണ്ടായിരുന്നു. നേതാജി പറയുമായിരുന്നു - മഹത്തായ ചരിത്രം വിസ്മരിക്കുന്ന രാഷ്ട്രമല്ല ഇന്ത്യ. ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിലും പൈതൃകത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് അത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം രാഷ്ട്രം സുഭാഷ് ബാബു കാണിച്ച പാത പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് നാം എത്രയോ ഉയരങ്ങളില്‍ എത്തുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിനു ശേഷം ഈ മഹാധീരന്‍ വിസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പോലും അവഗണിക്കപ്പെട്ടു.സുഭാഷ് ബാബുവിന്റെ 125-ാം ജന്മദിനത്തില്‍ കൊല്‍ക്കത്തയിലുള്ള അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ എനിക്ക് സവിശേഷ ഭാഗ്യം ലഭിച്ചു. നേതാജിയുമായി ആത്മബന്ധമുള്ള ആ സ്ഥലത്ത് എനിക്ക് അപാരമായ ഊര്‍ജ്ജം അനുഭവപ്പെട്ടു. നേതാജിയുടെ ഊര്‍ജ്ജം രാജ്യത്തെ നയിക്കുന്നതിന് ഇന്ന്് ഇന്ത്യയുടെ പരിശ്രമിക്കുകയാണ്. അതിനുള്ള ഉപകരണമായി മാറും കര്‍ത്തവ്യ പഥിലെ നേതാജിയുടെ പ്രതിമ. രാജ്യത്തിന്റെ തീരുമാനങ്ങളിലും നയങ്ങളിലും സുഭാഷ്ബാബുവിന്റെ സ്വാധീനമുദ്ര ഉണ്ടാവുന്നതിന് ഈ പ്രതിമ പ്രചോദന സ്രോതസ് ആവും.
സഹോദരി സഹോദരന്മാരെ,
കഴിഞ്ഞ എട്ടു വര്‍ഷങ്ങളില്‍ നാം പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. അതിലെല്ലാം നേതാജിയുടെ സ്വപ്‌നങ്ങളുടെയും ആശയങ്ങളുടെയും സ്വാധീന മുദ്രകള്‍ ഉണ്ടായിരുന്നു. ഏകീകൃത ഇന്ത്യയുടെ ആദ്യ തലവനായിരുന്നു നേതാജി സുഭാഷ്. കാരണം 1947 നു മുമ്പെ തന്നെ അദ്ദേഹം ആന്‍ഡമാനെ സ്വതന്ത്രമാക്കുകയും അവിടെ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയരുന്നതിനെ അദ്ദേഹം വിഭാവനം ചെയ്തിരിക്കാം.ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാം വാര്‍ഷികത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തവെ ഞാന്‍ വ്യക്തിപരമായി ആ വികാരം അനുഭവിച്ചതാണ്. നമ്മുടെ ഗവണ്‍മെന്‍രിന്റെ പരിശ്രമ ഫലമായി നേതാജിയും ആസാദ് ഹിന്ദ് ഫൗജുമായി ബന്ധപ്പെട്ട മ്യൂസിയം ചെങ്കോട്ടയില്‍ നിര്‍മ്മിക്കാന്‍ സാധിച്ചു.
സുഹൃത്തുക്കളെ,
ആസാദ് ഹിന്ദ് ഫൗജ് ഭടന്മാര്‍ 2019 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ആ നിമിഷങ്ങള്‍ എനിക്ക് മറക്കാനാവില്ല. ആ ബഹുമതിക്കു വേണ്ടി എത്രയോ പതിറ്റാണ്ടുകളായി അവര്‍ കാത്തിരിക്കുകയായിരുന്നു. ആന്‍ഡമാനില്‍ നേതാജി ത്രിവര്‍ണ പതാക ഉയര്‍ത്തിയ അതേ സ്ഥലം സന്ദര്‍ശിക്കാനും അവിടെ ദേശീയ പതാക ഉയര്‍ത്താനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരുഇന്ത്യന്‍ പൗരനു അപൂര്‍വമായി ലഭിക്കുന്ന അഭിമാന നിമിഷമാണ് അത്.
സഹോദരി സഹോദരന്മാരെ,
നേതാജി ആദ്യം സ്വതന്ത്രമാക്കിയ ആന്‍ഡമാനിലെ ആ ദ്വീപുകള്‍ പിന്നെയും ഏറെ നാള്‍ അടിമത്വത്തിന്റെ അടയാളങ്ങള്‍ ചുമന്നു. ഇന്ത്യസ്വതന്ത്രമായതിനു ശേഷവും ആ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ പേരുകളില്‍ അറിയപ്പെട്ടു. എന്നാല്‍ നാം അതു തുടച്ചു നീക്കി. അവയ്ക്കു പകരം ഇന്ത്യന്‍ പേരുകള്‍ നല്‍കി. ദ്വീപുകള്‍ നേതാജി സുഭാഷിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്്തു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രാജ്യം സ്വയം പഞ്ച പ്രാണുകള്‍ (അഞ്ചു പ്രതിജ്ഞകള്‍)വിഭാവനം ചെയ്തു. അവിടെ വലിയ വികസന ലക്ഷ്യങ്ങള്‍ക്കായുള്ള പ്രതിജ്ഞകളും ഈ അഞ്ചു പ്രതിജ്ഞകളിലെ ചുമതലകള്‍ക്കുള്ള പ്രചോദനവും ഉണ്ട്. ഇതില്‍ ഒന്ന് അടിമ മനോഭാവം വെടിയുകയും ആത്മാഭിമാനത്തിന്റെയും പൈതൃകത്തിന്റെയും അവബോധം പുലര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇന്ന് ഇന്ത്യയ്ക്ക് സ്വന്തമായ ആദര്‍ശങ്ങളും മാനങ്ങളും ഉണ്ട്. തീരുമാനങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. വഴികളും വഴികാട്ടികളും ഉണ്ട്. സുഹൃത്തുക്കളെ, ഇന്നു കൊണ്ട് രാജ് പഥ് അവസാനിച്ചിരിക്കുന്നു, അത് കര്‍ത്തവ്യ പഥ് ആയി മാറിയിരിക്കുന്നു. ജോര്‍ജ് വി.യുടെ പ്രതിമ പോയി. പകരം നേതാജിയുടെ പ്രതിമ തല്‍സ്ഥാനത്തു വന്നു. അടിമ മനോഭാവം പരിത്യജിക്കുന്നതിന്റെ ആദ്യ ഉദാഹരണമൊന്നുമല്ല ഇത്. ഇത് ആരംഭമോ അവസാനമോ അല്ല. നമ്മുടെ മനസിലും ചിന്തകളിലും സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം നേടുന്നതു വരെ നമ്മുടെ തീരുമാനങ്ങളുടെ തുടര്‍യാത്രയാണിത്. റെയ്‌സ് കോഴ്‌സ് റോഡു മുതല്‍ ലോക് കല്യാണ്‍ മാര്‍ഗ് വരെ പ്രധാനമന്ത്രിമാര്‍ താമസിച്ചിരുന്ന സ്ഥലങ്ങളുടെ പേരുകളും മാറ്റി. ഇപ്പോള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന നാദം ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടേതാണ്. അടിമത്തത്തിന്റെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്ത് ഇന്ത്യന്‍ നാവിക സേന ഏറ്റവും അടുത്ത നാളില്‍ ഛത്രപതി ശിവജി മഹാരാജിന്റെ ചിഹ്നം സ്വീകരിച്ചു. ഒരു ദേശീയ യുദ്ധ സ്മാരകം എന്ന ഇന്ത്യന്‍ പൗരന്മാരുടെ ചിരകാലാഭിലാഷവും പൂര്‍ത്തിയാക്കാന്‍ നമുക്കു സാധിച്ചു.
സുഹൃത്തുക്കളെ,
ഈ മാറ്റങ്ങള്‍ വെറും അടയാളങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഈ മാറ്റങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. ബ്രിട്ടീഷ് യുഗത്തിന്റെ തുടര്‍ച്ചയെന്നോണം നിലനിന്നിരുന്ന നൂറുകണക്കിന് നിയമങ്ങള്‍ രാജ്യം റദ്ദാക്കി. ഇന്ത്യന്‍ ബജറ്റ് അവതരണത്തിന്റെ സമയവും കാലവും പോലും നാം മാറ്റി. കാരണം എത്രയോ പതിറ്റാണ്ടുകളായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമയമാണ് നാം ബജറ്റവതരണത്തിനു പിന്തുടര്‍ന്നിരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദേശ ഭാഷ എന്ന നിര്‍ബന്ധിത പഠന മാധ്യമത്തില്‍ നിന്ന് രാജ്യത്തെ യുവാക്കളും മോചിതരായിരിക്കുന്നു. ചുരുക്കത്തില്‍ രാജ്യത്തിന്റെ ആശയവും പെരുമാറ്റവും അടിമ മനോഭാവത്തില്‍ നിന്നു വിമുക്തമായിരിക്കുന്നു. ഈ മോചനം നമ്മെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ എത്തിക്കും.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ മഹത്വത്തെ കുറിച്ച് മഹാകവി ഭാരതീയാര്‍ ഒരു സുന്ദര തമിഴ് കവിതയുണ്ട്. പരുക്കുള്ളെ നല്ല നാട്-യിങ്കള്‍ ഭാരത നാടാ എന്നാണതിന്റെ പേര്. മഹാകവിയുടെ ഈ കവിത എല്ലാ ഇന്ത്യാക്കാരിലും അഭിമാനം നിറയ്ക്കുന്നു. കവിതയുടെ ആശയം ഏതാണ്ട് ഇപ്രകാരമാണ്. അറിവില്‍, ആധ്യാത്മികതയില്‍, അന്നദാനത്തില്‍, കുലീനതയില്‍, സംഗീതത്തില്‍, ഭക്തി കവിതകളില്‍ ലോകത്തില്‍ വച്ച് ഏറ്റവും മഹത്തായ രാജ്യം നമ്മുടെ ഇന്ത്യയാണ്. ധൈര്യത്തില്‍, ശൗര്യത്തില്‍, സായുധ സേനയില്‍, അനുകമ്പയില്‍, സേവനത്തില്‍, ജീവിതത്തില്‍ സത്യം കണ്ടെത്തുന്നതില്‍, ശാസ്ത്ര ഗവേഷണത്തില്‍ ലോകത്തില്‍ ഏറ്റവും മഹത്തായ രാജ്യം നമ്മുടെ ഇന്ത്യയാണ്. ഭാരതീയാരുടെ ഈ തമിഴ് കവിതയിലെ ഓരോ വാക്കും ഓരോ വികാരവും നമുക്ക് അനുഭവിക്കാം.
അടിമത്തത്തിന്റെ കാലഘട്ടത്തില്‍ ലോകത്തോടുള്ള ഇന്ത്യയുടെ പോര്‍വിളിയായിരുന്നു ഇത്. ഇതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ആഹ്വാനം. ഭാരതീയാര്‍ തന്റെ കവിതയില്‍ വിവരിച്ച ഇന്ത്യയാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. അതിലേയ്ക്കുള്ള വഴിയിലേയ്ക്കു നയിക്കുന്നത് കര്‍ത്തവ്യ പഥമാണ്.
സുഹൃത്തുക്കളെ,
ഇഷ്ടികയും കല്ലും കൊണ്ടുള്ള വെറും വഴിയല്ല കര്‍ത്തവ്യ പഥ്. ഇന്ത്യയുടെ കഴിഞ്ഞുപോയ എക്കാലത്തെയും ജനാധിപത്യവും ം ആദര്‍ശങ്ങളും ജീവിക്കുന്ന പാതയാണ് അത്. നേതാജിയുടെപ്രതിമയും ദേശീയ യുദ്ധ സ്മാരകവും ജനങ്ങളില്‍ കര്‍ത്തവ്യബോധം നിറയ്ക്കും. ഈ രാജ്യത്തെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ഇത്. ഇന്ത്യയുടെ പൊതു സേവനത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് തങ്ങള്‍ ജനസേവകരാണ് എന്ന വികാരം രാജ്പഥില്‍ നിന്ന് ഉണ്ടാകുമെന്ന് നിങ്ങള്‍ക്കു കരുതാന്‍ സാധിക്കുമോ. പാത രാജ്പഥ് ആണെങ്കില്‍ അതിലെയുള്ള യാത്ര എങ്ങിനെ ജനക്ഷേമകരമാകും. രാജ് പഥ് ബ്രിട്ടീഷ് രാജിനു വേണ്ടിയുള്ളതായിരുന്നു. അവരെ സംബന്ധിച്ചിടത്തേളം ഇന്ത്യക്കാര്‍ വെറും അടിമകള്‍മാത്രം. രാജ് പഛിന്റെ ചൈതന്യവും ഘടനയും അടിമത്വത്തിന്റെ പ്രതീകമാണ്. ഇന്ന് അതിന്റെ ചൈതന്യവും വാസ്തുശൈലിയും മാറി. രാജ്യത്തെ എംപിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ വഴി കടന്നു പോകുമ്പോള്‍ കര്‍ത്തവ്യ പഥില്‍ നിന്ന് അവര്‍ക്ക് രാജ്യത്തോടുള്ള കര്‍ത്തവ്യബോധം മനസില്‍ അങ്കുരിക്കും. അവര്‍ക്ക് പുതിയ ഊര്‍ജ്ജവും പ്രചോദനവും ലഭിക്കും. ദേശീയ യുദ്ധ സ്മാരകത്തില്‍ നിന്ന് കര്‍ത്തവ്യ പഥിലെയ്ക്ക് രാഷ്ടപതി ഭവന്റെ ഈ സമ്പൂര്‍ണ വിശാലയില്‍ നിന്ന് ഓരോ നിമിഷവും രാഷ്ടം ആദ്യം എന്ന വികാരം അവരിലേയ്ക്കു പ്രസരിക്കും.
സുഹൃത്തുക്കളെ,
ഈ അവസരത്തില്‍ കര്‍ത്തവ്യ പഥ് നിര്‍മ്മിച്ച എന്റെ സഹപ്രവര്‍ത്തകരെ മാത്രമല്ല തൊഴിലിന്റെ പരിപൂര്‍ണതയിലൂടെ രാജ്യത്തിനു മുഴുവന്‍ കര്‍മ്മ പാത കാണിച്ചു കൊടുത്തവരെയും ഞാന്‍ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു. ആ തൊഴിലാളികളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. അവരുമായി സംസാരിച്ചപ്പോള്‍, ഇന്ത്യയുടെ മഹത്തായ സ്വപ്‌നം ഈ രാജ്യത്തെ പാവപ്പെട്ടവരിലും തൊഴിലാളികളിലും സാധാരണക്കാരിലും ആണ് എന്ന് എനിക്കു തോന്നി. അവര്‍ ഒഴുക്കിയ വിയര്‍പ്പിലൂടെ അതെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. ഈ അവസരത്തില്‍ ഞാന്‍ അവര്‍ക്ക് നന്ദിപറയുന്നു, എല്ലാ പാവപ്പെട്ട തൊഴിലാളികളെയും രാജ്യത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ അഭൂതപൂര്‍വമായ വികസനത്തിന് ആക്കം കൂട്ടിയവരാണല്ലോ അവര്‍. ഇന്ന് ആ പാവപ്പെട്ട തൊഴിലാളി സഹോദരങ്ങളെ കണ്ടപ്പോള്‍ അടുത്ത വര്‍ഷം ജനുവരി 26 ന് അവരും കുടുംബാംഗങ്ങളും ആയിരിക്കും എന്റെ വിശിഷ്ടാതിഥികള്‍ എന്ന് ഞാന്‍ അവരോട് പറഞ്ഞു.ഇന്ന് തൊഴിലിനേയും തൊഴിലാളികളേയും ബഹുമാനിക്കുന്ന ഒരു സംസ്‌കാരം വികസിച്ചു വരുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. അത് പുതിയ ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കുന്ന പാരമ്പര്യമാണ്. സുഹൃത്തുക്കളെ, നയങ്ങളുടെ സംവേദനക്ഷമതയിലേയ്ക്കു വരുമ്പോള്‍ തീരുമാനങ്ങള്‍ തുല്യ സചേതനമാകുന്നു. അതിനാല്‍ രാജ്യം ഇന്ന് തൊഴില്‍ സേനയില്‍ അഭിമാനിക്കുകയാണ്.ശ്രമേവ ജയതേ എന്നത് ഇന്ന് രാജ്യത്തിന്റെ മന്ത്രമായി മാറുകയാണ്. കാശി വിശ്വനാഥ ധാം ഉദ്ഘാടനം ചെയ്യാന്‍ അലൗകിക അവസരം ലഭിച്ചപ്പോള്‍ അവിടുത്തെ തൊഴിലാളികളെ ആദരിക്കുന്നതിനു പുഷ്പവൃഷ്ടി ഉണ്ടായിരുന്നു. പ്രയാഗില്‍ കുംഭമേള നടക്കുമ്പോള്‍ അവിടുത്തെ ശുചീകരണ തൊഴിലാളികള്‍ക്ക് പ്രത്യേകമായ കൃതജ്ഞതാ പ്രകടനം ഉണ്ടാവാറുണ്ട്. ഏതാനും ദിവസം മുമ്പ് രാജ്യം ആദ്യമായി സ്വന്തം വിമാനവാഹിനി നിര്‍മ്മിച്ചു. ഐഎന്‍എസ് വിക്രാന്ത്. ആ പടക്കപ്പല്‍ നിര്‍മ്മിച്ച തൊഴിലാളികളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു.രാപകല്‍ ആ കപ്പലിനു വേണ്ടി അധ്വാനിച്ചവര്‍. ഞാന്‍ അവര്‍ക്കു നന്ദി പറഞ്ഞു. തൊഴിലാളികളോട് ആദരവ് പ്രകടിപ്പിക്കുന്ന പാരമ്പര്യം രാജ്യത്തിന്റെ സ്ഥായിയായ ആചാരമായി മാറുന്നു . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക ഗാലറിയില്‍ സ്ഥാനം നല്‍കണം. ഭരണഘടനയുടെ ഒരു വശം ജനാഥിപത്യത്തിന്റെ അടിസ്ഥാനവും മറുവശം തൊഴിലാളികളുടെ അധ്വാനവും ആണ് എന്ന് ഈ ഗാലറിയിലൂടെ വരും തലമുറകള്‍ ഓര്‍ക്കണം. ഈ കര്‍ത്തവ്യ പഥം എല്ലാ പൗരന്മാര്‍ക്കും ഈ പ്രചോദനം നല്‍കട്ടെ. ഈ പ്രചോദനം കഠിനാധ്വാനത്തിലൂടെ വിജയത്തിലേയ്ക്കുള്ള പാത തുറക്കട്ടെ.
സുഹൃത്തുക്കളെ,
നമ്മുടെ പെരുമാറ്റത്തില്‍, ഉപാധികളില്‍, വിഭവങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ എല്ലാം ആധുനികവല്‍ക്കരണമാണ് ആമൃത കാലത്തെ നമ്മുടെ പ്രധാന ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചു പറയുമ്പോള്‍ എല്ലാവരുടെയും മനസിലേയ്ക്കു വരിക റോഡുകളും മേല്‍പ്പാലങ്ങളുമാണ്.എന്നാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം അതിനുമപ്പുറമുള്ള കാര്യങ്ങളാണ്. സാമുഹിക, ഗതാഗത,ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൂടാതെ സാംസ്‌കാരിക അടിസ്ഥാന സൗകര്യ വികസനത്തനു വേണ്ടിയും ഇന്ത്യ അതെ വേഗതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക അടിസ്ഥാന സൗകര്യത്തിനാ് ഒരു ഉദാഹരണം പറയാം. ഇന്ന് മുമ്പത്തെക്കാള്‍ മൂന്നിരട്ടി എഐഐഎംഎസുകള്‍ രാജ്യത്തുണ്ട്. മെഡിക്കല്‍ കോളജുകളുടെ സംഖ്യ 50 ശതമാനം വര്‍ധിച്ചു. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊണ്ട് രാജ്യത്തെ സാധാരണ പൗരന്മരുടെ ആരോഗ്യ പുരോഗതിയില്‍ നാം എത്രമാത്രം ശ്രദ്ധിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. ഇന്ന് പുതിയ ഐഐടി കളും ട്രിപ്പില്‍ ഐടികളും ആധുനിക ശാസ്ത്ര സ്ഥാപനങ്ങളുടെ ശ്രുംഖലകളും രാജ്യമെമ്പാടും വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെ 6.5 കോടി വീടുകളിലും പൈപ്പുവെള്ളം എത്തി. രാജ്യത്തെ ഓരോ ജില്ലയിലും 75 അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കാനുള്ള വലിയ പ്രചാരണം നടന്നു വരുന്നു. ഈ സാമൂഹിക അടിസ്ഥാന വികസനം രാജ്യത്തെ സാമൂഹ്യ നീതിയെ ശക്തമാക്കും.
സുഹൃത്തുക്കളെ,
ഗതാഗത മേഖലയില്‍ ഇന്നു രാജ്യത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമാണ്.രാജ്യത്തെ ഗ്രാമീണ റോഡുകളുടെ എണ്ണവും അതിവേഗ പാതകളുടെ എണ്ണവും ഒരുപോലെ വര്‍ധിക്കുന്നു. രാജ്യത്തെ റെയില്‍ പാതകളുടെ വൈദ്യുതീകരണം അതിവേഗത്തിലാണ്.അതുപോലെയാണ് വിവിധ നഗരങ്ങളില്‍ മെട്രോയുടെ വികസനം നടക്കുന്നതും. എത്രയോ പുതിയ വിമാനതാവളങ്ങള്‍ പുതുതായി നിര്‍മ്മിച്ചു. ജലപാതകളുടെ കാര്യവും അതുപോലെ തന്നെ. ഡിജിറ്റല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ിന്ത്യ ലോകത്തെ വന്‍ശക്തികള്‍ക്കൊപ്പമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ പുരോഗതി ലോകത്ത് ചര്‍ച്ചാവിഷയമാണ്.1.5 ലക്ഷം പഞ്ചായത്തുകളില്‍ നാം ഓപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ പണമിടപാടിലും നാം പുതിയ റെക്കോഡുകള്‍ സ്ഥാപിച്ചു.
സഹോദരി സഹോദരന്മാരെ
ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കിടയിലും ഇന്ത്യ നടത്തുന്ന സാംസ്‌കാരിക അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരുടെയും ശ്രദ്ധയില്‍ പെടുന്നില്ല. എത്രയോ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് നവീകരിച്ചത്. കാസി കേദാര്‍നാഥ്, സോമനാഥ്, കാര്‍ത്താപ്പൂര്‍ സാഹബ് ഇടനാഴി അഭൂതപൂര്‍വ പദ്ധതിയാണ്. സുഹൃത്തുക്കളെ, നാം സാംസ്‌കാരിക അടിസ്ഥാന വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അത് പുണ്യസ്ഥലങ്ങള്‍ മാത്രമാണ് എന്ന് അര്‍ത്ഥമാക്കരുത്. .നമ്മുടെചരിത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം.ദേശീയ വീര യോധാക്കള്‍, പൈതൃകങ്ങള്‍,എല്ലാം തുല്യ പ്രാധാന്യത്തോടെയാണ് നാം വികസിപ്പിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ ഏകതാ പ്രതിമയാകട്ടെ, ഗോത്ര യോധാക്കളുടെ മ്യൂസിയമാകട്ടെ, പിഎം മ്യൂസിയമാകട്ടെ, ബാബാസാഹബ് അംബേദക്കര്‍ സ്മാരകമാകട്ടെ. ദൈശീയ യുദ്ധ സ്മാരകമാകട്ടെ. ദേശീയ പൊലീസ് സ്മാരകമാകട്ടെ എല്ലാം സാംസ്‌കാരിക അടിസ്ഥാന സൗകര്യ വികസനത്തിനുദാഹരണങ്ങളാണ്. ഒരു രാഷ്ട്രം എന്ന നിലയില്‍ എന്താണ് നമ്മുടെ സംസ്‌കാരം, എന്താണ് നമ്മുടെ മൂല്യങ്ങള്‍, എങ്ങിനെ നാം അവ സംരക്ഷിക്കുന്നു എന്ന് ഇവ നിര്‍വചിക്കുന്നു. അഭിലാഷങ്ങളുള്ള ഇന്ത്യ അതിവേഗത്തില്‍ മുന്നേറണമെങ്കില്‍ സാമൂഹിക, ഗതാഗത, ഡിജിറ്റല്‍ , സാംസ്‌കാരിക അടിസ്ഥാന മേഖലകളില്‍ മുന്നേറ്റം ഉണ്ടാവണം. ഇന്ന് കര്‍ത്തവ്യ പഥിലൂടെ സാംസ്‌കാരിക അടിസ്ഥാന സൗകര്യത്തില്‍ രാഷ്ട്രം ഇന്ന് പുതിയ മാതൃക ലഭ്യമാക്കിയിരിക്കുന്നു. രൂപ കല്‍പന മുതല്‍ ആശയങ്ങള്‍ വരെ ഇവിടെ ഇന്ത്യന്‍ സംസ്‌കാരം കാണാം പഠിക്കാം. പുതിയ കര്‍ത്തവ്യ പഥ് എല്ലാ ഇന്ത്യന്‍ പൗരന്മാരും വന്ന് കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ ഇന്ത്യയുടെ ഭാവി കാണാം. അതിന്റെ ഊര്‍ജ്ജം നിങ്ങള്‍ക്ക് നമ്മുടെ വിശാല രാഷ്ട്രത്തെ കുറിച്ച് നിങ്ങള്‍ക്കു പുതിയ കാഴ്ച്ചപ്പാടും വിശ്വാസവും നല്‍കും. നാളെ മുതല്‍ മൂന്നു ദിവസത്തേയ്ക്ക് വൈകുന്നേരങ്ങളില്‍ നേതാജിയുടെ ജീവിതത്തെ സംബന്ധിച്ച് ഒരു ഡ്രോണ്‍ പ്രദര്‍ശനം ഉണ്ടായിരിക്കും. കുടുംബസമേതം നിങ്ങള്‍ വരണം, കാണണം. സെല്‍ഫികള്‍ എടുക്കണം.സോഷ്യല്‍ മീഡിയകളില്‍ കര്‍ത്തവ്യ പഥ എന്ന പേരില്‍ അപ്‌ലോഡ് ചെയ്യണം. എനിക്കറിയാം നിങ്ങള്‍ വരും. സായാഹ്നങ്ങള്‍ ഇവിടെ ചെലവഴിക്കും. ഡല്‍ഹിയിലെ ജനങ്ങളുടെ ഹൃദയമിടിപ്പ് എനിക്കറിയാം. കര്‍ത്തവ്യ പഥിന്റെ ആസൂത്രണം, രൂപരേഖ, പ്രകാശം എല്ലാം വളരെ ഭംഗിയായി. കര്‍ത്തവ്യ പഥ് സൃഷ്ടിക്കുന്ന പ്രചോദനം പുതിയ വികസിത രാഷ്ട്ര നിര്‍മ്മിതി സംബന്ധിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രതിജ്ഞകളുടെ പ്രളയം ഉണ്ടാക്കുമെന്ന് ഞാന്‍ വിസ്വസിക്കുന്നു. ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കു നന്ദി. എന്നോടൊപ്പം പറയുക. ഞാന്‍ നേതാജി എന്നു പറയും , നിങ്ങള്‍ പറയണം അമര്‍ രഹേ, അമര്‍ രഹേ എന്ന്.
നേതാജി - അമര്‍ രഹേ
നേതാജി - അമര്‍ രഹേ
നേതാജി - അമര്‍ രഹേ
ഭാരത് മാതാ കി - ജയ്
ഭാരത് മാതാ കി - ജയ്
ഭാരത് മാതാ കി - ജയ്
വന്ദേ മാതരം
വന്ദേ മാതരം
വന്ദേ മാതരം
വളരെ നന്ദി