ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ജി, ജനകീയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ ജയ് റാം താക്കൂര്‍ ജി, ബിജെപി സംസ്ഥാന അധ്യക്ഷനും ഞങ്ങളുടെ ദീര്‍ഘാകാലത്തെ സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഹിമാചല്‍ പ്രദേശിലെ മുഴുവന്‍ ജനപ്രതിനിധികളേ, ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ്. ഈ പ്രത്യേക ദിനത്തില്‍ ഈ ദേവഭൂമിക്ക് പ്രണാമം അര്‍പ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ട് എന്നതിലും വലിയ അനുഗ്രഹം മറ്റെന്താണ്. ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇത്രയും ആളുകള്‍ വന്നതിന് ഞാന്‍ വളരെ നന്ദി പറയുന്നു.
ഇപ്പോള്‍, രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് പണം ലഭിച്ചിരിക്കുകയാണ്. ഷിംലയുടെ മണ്ണില്‍ നിന്ന് രാജ്യത്തെ 10 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഷിംല, ഹിമാചല്‍, ഈ ദേവഭൂമി എന്നിവയും ആ കര്‍ഷകര്‍ ഓര്‍ക്കും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് എല്ലാ കര്‍ഷക സഹോദരങ്ങള്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
ഈ പരിപാടി നടക്കുന്നത് ഷിംലയിലാണെങ്കിലും, ഇത് ഇന്ത്യയെ മുഴുവന്‍ ഉദ്ദേശിച്ചുള്ളതാണ്. ഗവണ്‍മെന്റിന് എട്ട് വര്‍ഷം തികയുന്ന വേളയില്‍ എന്ത് പരിപാടിയാണ് നടത്തേണ്ടതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അപ്പോള്‍ ഹിമാചലില്‍ നിന്നുള്ള ഞങ്ങളുടെ നദ്ദ ജിയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വന്നു, കൂടാതെ ജയ് റാം ജിയില്‍ നിന്നും. എനിക്ക് രണ്ട് നിര്‍ദ്ദേശങ്ങളും വളരെ ഇഷ്ടപ്പെട്ടു. കൊറോണ കാലത്ത് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ ശുശ്രൂഷിക്കാന്‍ ഇന്നലെ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തെ ആയിരക്കണക്കിന് കുട്ടികളെ പരിപാലിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. ഇന്നലെ ഞാനും അവര്‍ക്ക് കുറച്ച് പണം ഡിജിറ്റലായി അയച്ചു. (ഗവണ്‍മെന്റിന്റെ) എട്ട് വര്‍ഷം തികയുന്ന വേളയില്‍ ഇത്തരമൊരു പരിപാടി വലിയ സമാധാനവും സന്തോഷവും നല്‍കുന്നു. പിന്നെ ഹിമാചലില്‍ ഒരു പരിപാടി നടത്തണം എന്നൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഞാന്‍ കണ്ണിമ വെട്ടാതെ ആ നിര്‍ദ്ദേശത്തിന് സമ്മതം പറഞ്ഞു. എന്റെ ജീവിതത്തില്‍ ഹിമാചല്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്, ഇവിടെ ചില സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കുന്നതുപോലെ മറ്റൊന്നില്ല. അതുകൊണ്ട്, ഗവണ്‍മെന്റിന്റെ എട്ട് വര്‍ഷത്തെ ഈ സുപ്രധാന പരിപാടി ഒരു കാലത്ത് എന്റെ കര്‍മ്മഭൂമിയായിരുന്ന ഷിംലയില്‍ നടക്കുമെന്ന് ഞാന്‍ പറഞ്ഞു. ദേവഭൂമി എനിക്ക് പുണ്യഭൂമിയാണ്. ഈ ദേവഭൂമിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു.
സുഹൃത്തുക്കളേ,
130 കോടി ഇന്ത്യക്കാരുടെ സേവകനായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരവും പദവിയും വിശ്വാസവും നല്‍കി. ഇന്ന് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ മോദിയാണ് അത് ചെയ്യുന്നതെന്ന് കരുതരുത്. ഇതെല്ലാം സംഭവിക്കുന്നത് 130 കോടി ജനങ്ങളുടെ കൃപയും അനുഗ്രഹവും ശക്തിയും കൊണ്ടാണ്. കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, ഞാന്‍ ഒരിക്കലും ആ സ്ഥാനത്ത് എന്നെ കണ്ടിട്ടില്ല, ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല, ഇന്നും സങ്കല്‍പ്പിക്കുന്നില്ല. ഞാന്‍ പ്രധാനമന്ത്രിയായതുകൊണ്ട് മാത്രമാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് കരുതുന്നില്ല. ഞാന്‍ ഒരു ഫയലില്‍ ഒപ്പിടുമ്പോള്‍ ഒരു ഉത്തരവാദിത്തമുണ്ട്, പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്തം. ഫയല്‍ പോയിക്കഴിഞ്ഞാല്‍, പിന്നെ ഞാന്‍ പ്രധാനമന്ത്രിയല്ല, 130 കോടി രാജ്യക്കാരുടെ മാത്രം കുടുംബത്തിലെ അംഗമായി. നിങ്ങളുടെ സ്വന്തം കുടുംബത്തിലെ അംഗമെന്ന നിലയില്‍, ഞാന്‍ ഒരു 'പ്രധാന സേവകന്‍' ആയി പ്രവര്‍ത്തിക്കുന്നത് തുടരുന്നു.
ഭാവിയിലും, ഒരു കുടുംബത്തിലെ അംഗമെന്ന നിലയില്‍, രാജ്യത്തെ 130 കോടി ജനങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷകളോടും അഭിലാഷങ്ങളോടും ഒപ്പം ഞാന്‍ തുടരും. ഇതാണ് എന്റെ ജീവിതം. എന്റെ ജീവിതത്തിലെ എല്ലാം നിങ്ങളാണ്, ഈ ജീവിതം നിങ്ങള്‍ക്കുള്ളതാണ്. നമ്മുടെ ഗവണ്‍മെന്റ് എട്ട് വര്‍ഷം തികയുമ്പോള്‍, ഈ ദേവഭൂമിയില്‍ നിന്നുള്ള എന്റെ ദൃഢനിശ്ചയം ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, കാരണം ഈ ദൃഢനിശ്ചയം ഓരോ തവണയും ഓര്‍മ്മിക്കപ്പെടേണ്ടതാണ്, ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്, എന്റെ ദൃഢനിശ്ചയം അതായിരുന്നു; ഭാവിയിലും. ഞാന്‍ ജീവിക്കും, പോരാടും, നിങ്ങളോടൊപ്പവും തുടരും. ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സും സുരക്ഷിതത്വവും, അവരുടെ അഭിവൃദ്ധിയും എങ്ങനെ മെച്ചപ്പെടുത്താം, അവര്‍ക്ക് സന്തോഷകരവും സമാധാനപരവുമായ ജീവിതം എങ്ങനെ ഉറപ്പാക്കാം എന്നതാണ് എന്റെ ദൃഢനിശ്ചയം. ദരിദ്രര്‍, ദളിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ദൂരെ വനങ്ങളില്‍ താമസിക്കുന്നവര്‍, കുന്നിന്‍ മുകളില്‍ താമസമാക്കിയ കുടുംബങ്ങള്‍ എന്നിങ്ങനെ എല്ലാവരുടെയും ക്ഷേമത്തിനായി എനിക്ക് ചെയ്യാന്‍ കഴിയുന്നത് തുടരാന്‍ ഈ ദേവഭൂമിയില്‍ നിന്നുള്ള ഈ ദൃഢനിശ്ചയത്തിന് ഒരിക്കല്‍ കൂടി ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവർ സ്വപ്നം കണ്ട ആ നിലയിലേക്ക് നാം ഒരുമിച്ച് ഇന്ത്യയെ എത്തിക്കും. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവത്തില്‍, ഇന്ത്യയുടെ യുവശക്തിയിലും സ്ത്രീശക്തിയിലും പൂര്‍ണ വിശ്വാസത്തോടെയും ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടെയുമാണ് ഞാന്‍ ഇന്ന് നിങ്ങളുടെ ഇടയിലേക്ക് വന്നത്.
സുഹൃത്തുക്കളേ,
ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നാം മുന്നോട്ട് പോകുമ്പോള്‍, ചിലപ്പോള്‍ എവിടെ നിന്നാണ് തുടങ്ങുന്നതെന്ന് കാണേണ്ടതുണ്ടോ? അത് (കാലഘട്ടം) ഓര്‍ക്കുമ്പോള്‍ മാത്രമേ നമ്മള്‍ എവിടെ നിന്നാണ് ആരംഭിച്ചതെന്നും എവിടെ എത്തിയെന്നും നമ്മുടെ ഗതിയും പുരോഗതിയും എങ്ങനെയാണെന്നും നമ്മുടെ നേട്ടങ്ങള്‍ എന്താണെന്നും നമുക്ക് അറിയാനാകൂ. 2014-ന് മുമ്പുള്ള നാളുകൾ ഓര്‍ത്തുനോക്കിയാല്‍, ആ ദിവസങ്ങള്‍ മറക്കരുത് സുഹൃത്തുക്കളേ, അപ്പോള്‍ മാത്രമേ ഈ അവസരങ്ങളുടെ വില നമുക്ക് മനസ്സിലാകൂ. ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ രാജ്യം ഒരുപാട് മുന്നോട്ട് പോയി എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
2014-ന് മുമ്പ്, കൊള്ള, തട്ടിപ്പ്, അഴിമതി, കുംഭകോണങ്ങള്‍, സ്വജനപക്ഷപാതം, ഉദ്യോഗസ്ഥ മേധാവിത്വം, കാലതാമസം നേരിടുന്ന പദ്ധതികള്‍ എന്നിവ പത്രങ്ങളുടെ തലക്കെട്ടുകളില്‍ ഒന്നാമതെത്തി, ടിവിയില്‍ (വാര്‍ത്താ ചാനലുകള്‍) ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ കാലം മാറി. ഗവണ്‍മെന്റ് പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. സിര്‍മൗറില്‍ നിന്ന് എവിടെയോ സമാദേവി പറയുന്നു, തനിക്ക് ഈ ആനുകൂല്യം ലഭിച്ചുവെന്ന്. (സമൂഹത്തിന്റെ) അടിത്തട്ടിൽ എത്താനുള്ള ശ്രമമാണ് നമ്മുടേത്. ദരിദ്രരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്നതിനെക്കുറിച്ചും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുമാണ് ഇന്ന് ചര്‍ച്ച. ഇന്ത്യയില്‍ വ്യവസായം ചെയ്യുന്നത് എളുപ്പമാകുന്നതിനെക്കുറിച്ചും ലോകബാങ്ക് ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയിലെ നിരപരാധികളായ പൗരന്മാര്‍ കുറ്റവാളികളില്‍ വാഴാനുള്ള അധികാരത്തെക്കുറിച്ചും അഴിമതിയോട് സഹിഷ്ണുതയില്ലെന്നും ചര്‍ച്ച ചെയ്യുന്നു.
2014-ന് മുമ്പ്, അഴിമതിയെ വ്യവസ്ഥയുടെ അന്തര്‍ലീനമായ ഘടകമായി ഗവണ്‍മെന്റ് കണക്കാക്കിയിരുന്നു. അഴിമതിക്കെതിരെ പോരാടുന്നതിന് പകരം ഗവണ്‍മെന്റ് അതിന് കീഴടങ്ങുകയായിരുന്നു. പദ്ധതികളുടെ പണം ദുരിതബാധിതരിലേക്ക് എത്തുന്നതിന് മുമ്പ് എങ്ങനെയാണ് ധൂര്‍ത്തടിക്കപ്പെട്ടതെന്ന് രാജ്യം ഉറ്റുനോക്കി. എന്നാല്‍ ഇന്ന് ജന്‍ധന്‍ അക്കൗണ്ടുകളുടെ നേട്ടങ്ങളും ജന്‍ധന്‍-ആധാറും മൊബൈലും എന്ന ത്രിത്വവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. നേരത്തെ അടുക്കളകളില്‍ പുക ഊതണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ഇന്ന് ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറുകള്‍ ലഭിക്കാനുള്ള സൗകര്യമുണ്ട്. നേരത്തെ, തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം നിര്‍ബന്ധമാക്കുന്നയിരുന്നു സാഹചര്യം. ഇന്ന് വീട്ടില്‍ ശൗചാലയമുണ്ടെങ്കില്‍ അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നേരത്തെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ നിസ്സഹായതയുണ്ടായിരുന്നു; ഇന്ന് എല്ലാ ദരിദ്രര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പിന്തുണയുണ്ട്. നേരത്തെ മുത്തലാഖ് ഭയമായിരുന്നു; ഇപ്പോള്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള ധൈര്യമുണ്ട്.
സുഹൃത്തുക്കളേ,
2014ന് മുമ്പ് രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു; ഇന്ന് മിന്നൽ ആക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും നാം അഭിമാനിക്കുന്നു, നമ്മുടെ അതിര്‍ത്തി മുമ്പത്തേക്കാള്‍ സുരക്ഷിതമാണ്. വിവേചനത്തിന്റെയും അസന്തുലിതമായ വികസനത്തിന്റെയും പേരില്‍ നേരത്തെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ വേദനിപ്പിച്ചിരുന്നു. ഇന്ന് നമ്മുടെ വടക്ക് കിഴക്കും വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. സേവനത്തിനും സദ്ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമുള്ള ഞങ്ങളുടെ പദ്ധതികള്‍ ജനങ്ങള്‍ക്കുള്ള ഭരണത്തിന്റെ അര്‍ത്ഥം മാറ്റിമറിച്ചു. ഗവണ്‍മെന്റ് ഇന്ന് യജമാനനല്ല. ആ കാലഘട്ടം കഴിഞ്ഞു. ഇപ്പോള്‍ വണ്‍മെന്റ് ബഹുജനങ്ങളുടെ സേവകന്‍ (സേവകന്‍) ആണ്. ഇപ്പോള്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് ജീവിതത്തില്‍ ഇടപെടാനല്ല, ജീവിതം എളുപ്പമാക്കാനാണ്. കാലങ്ങളായി വികസനത്തിന്റെ രാഷ്ട്രീയത്തെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് നാം കൊണ്ടുവന്നു. വികസനത്തിനായുള്ള ഈ ആഗ്രഹത്തില്‍ ജനങ്ങള്‍ സ്ഥിരതയുള്ള സര്‍ക്കാരിനെ, ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുന്നു.
സുഹൃത്തുക്കളേ ,
ഗവണ്‍മെന്റുകള്‍ വരുകയും പോകുകയും ചെയ്യുന്നുവെന്ന് നാം പലപ്പോഴും കേള്‍ക്കുന്നു, പക്ഷേ സംവിധാനം അതേപടി തുടരുന്നു. നമ്മുടെ സര്‍ക്കാര്‍ ഈ സംവിധാനത്തില്‍ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ വരുത്തിക്കൊണ്ട് ദരിദ്രര്‍ക്ക് കൂടുതല്‍ സംവേദനക്ഷമമാക്കി . അത് പ്രധാനമന്ത്രി ആവാസ് യോജനയോ സ്‌കോളര്‍ഷിപ്പുകളോ പെന്‍ഷന്‍ പദ്ധതികളോ ആകട്ടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതിയുടെ വ്യാപ്തി ഞങ്ങള്‍ കുറച്ചു. ശാശ്വതമെന്ന് നേരത്തെ കരുതിയിരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കാനാണ് ശ്രമിക്കുന്നത്.
സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നീ ലക്ഷ്യങ്ങളുണ്ടെങ്കില്‍, കാര്യങ്ങള്‍ എങ്ങനെ നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി (ഡിബിടി). ഇതു വഴി 10 കോടിയിലധികം കര്‍ഷകരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടിയിലധികം രൂപ കൈമാറി. ഈ തുക നമ്മുടെ ചെറുകിട കര്‍ഷകരുടെ അന്തസ്സിനു വേണ്ടിയുള്ളതാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 22 ലക്ഷം കോടിയിലധികം രൂപ നമ്മള്‍ ഡിബിടി വഴി രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. അല്ലാതെ അവര്‍ക്കയച്ച 100 പൈസയുടെ 85 പൈസ പണ്ടത്തെ പോലെ കാണാതെ പോകുമെന്നല്ല. എല്ലാ പണവും യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ ശരിയായ വിലാസത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഈ പദ്ധതി വഴിയുള്ള ചോര്‍ച്ചയില്‍ നിന്ന് ഇന്ന് 2.25 ലക്ഷം കോടി രൂപ ലാഭിക്കാനായി. നേരത്തെ ഇതേ 2കോടി രൂപ ഇടനിലക്കാരുടെയും കള്ളന്മാരുടെയും കൈകളിലെത്തും. ഡിബിടി കാരണം, രാജ്യത്തെ ഗവണ്‍മെന്റ് പദ്ധതികള്‍ അനാവശ്യമായി ഉപ.നപ്പെടുത്തുന്ന ഒമ്പത് കോടിയിലധികം വ്യാജ പേരുകള്‍ പട്ടികയില്‍ നിന്ന് ഞങ്ങള്‍ വിജയകരമായി നീക്കം ചെയ്തു. സങ്കല്‍പ്പിക്കുക, ഗ്യാസ് സബ്സിഡി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ്, പോഷകാഹാരക്കുറവിനെതിരെയുള്ള പണം എന്നിവയ്ക്ക് പേപ്പറുകളില്‍ വ്യാജ പേരുകള്‍ ചമച്ച് രാജ്യത്ത് എല്ലാം കൊള്ളയടിക്കുകയാണെന്ന്. രാജ്യത്തെ പാവപ്പെട്ടവരോട് അനീതി കാണിച്ചില്ലേ? ശോഭനമായ ഭാവി പ്രതീക്ഷിക്കുന്ന കുട്ടികളോട് അനീതി കാണിച്ചില്ലേ? അത് പാപമായിരുന്നില്ലേ? ഈ ഒമ്പത് കോടി വ്യാജ പേരുകള്‍ കടലാസില്‍ ഉണ്ടായിരുന്നെങ്കില്‍, കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെ ഗുണം പാവപ്പെട്ടവര്‍ക്ക് ലഭിക്കുമോ?
സുഹൃത്തുക്കളേ,
ദരിദ്രരുടെ ദൈനംദിന പോരാട്ടം കുറയുമ്പോള്‍, അവന്‍ ശാക്തീകരിക്കപ്പെടുകയും തന്റെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനുള്ള പുതിയ ഊര്‍ജ്ജവുമായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നു. ഈ സമീപനത്തിലൂടെ, ഞങ്ങളുടെ സര്‍ക്കാര്‍ ആദ്യ ദിവസം മുതല്‍ പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അവന്റെ ജീവിതത്തിലെ എല്ലാ ആശങ്കകളും ലഘൂകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ന്, രാജ്യത്തെ 3 കോടി പാവപ്പെട്ട ആളുകള്‍ക്ക് അവരുടെ പക്കയും പുതിയ വീടും ലഭിച്ചു, അവിടെ അവര്‍ താമസം തുടങ്ങി. ഇന്ന് രാജ്യത്തെ 50 കോടിയിലധികം ദരിദ്രര്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്കുള്ള സൗകര്യമുണ്ട്. ഇന്ന് രാജ്യത്തെ 25 കോടിയിലധികം ദരിദ്രര്‍ക്ക് അപകട ഇന്‍ഷുറന്‍സും ടേം ഇന്‍ഷുറന്‍സും രണ്ട് ലക്ഷം രൂപ വീതമുണ്ട്. ഇന്ന് രാജ്യത്തെ 45 കോടിയോളം ദരിദ്രര്‍ക്ക് ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഗവണ്‍മെന്റിന്റെ മറ്റെന്തെങ്കിലും പദ്ധതികളുമായി ബന്ധമില്ലാത്തതും ആ പദ്ധതിയില്‍ നിന്ന് പ്രയോജനം നേടാത്തതുമായ ഒരു കുടുംബവും രാജ്യത്ത് ഉണ്ടാകില്ല എന്ന് എനിക്ക് ഇന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.
ദൂരവ്യാപകമായി ആളുകള്‍ക്ക് ഞങ്ങള്‍ വാക്‌സിനേഷന്‍ നല്‍കി. രാജ്യം ഏകദേശം 200 കോടി വാക്സിന്‍ ഡോസുകളുടെ റെക്കോര്‍ഡ് നിലയിലെത്തുകയാണ്, കൊറോണ കാലത്ത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ച രീതിയെ ഞാന്‍ ജയ് റാം ജിയെ അഭിനന്ദിക്കുന്നു. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സംസ്ഥാനമായതിനാല്‍, വിനോദസഞ്ചാരത്തിന് ദോഷം വരാതിരിക്കാന്‍ അദ്ദേഹം വളരെ വേഗത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി. വാസ്തവത്തില്‍, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് ജയ് റാം ജിയുടെ സര്‍ക്കാര്‍. സുഹൃത്തുക്കളേ, ഗ്രാമങ്ങളില്‍ താമസിക്കുന്ന ആറ് കോടി കുടുംബങ്ങളെ ഞങ്ങള്‍ ടാപ്പുകളിലൂടെ ശുദ്ധജലവുമായി ബന്ധിപ്പിച്ചു.
സുഹൃത്തുക്കളേ,
35 കോടി ജനങ്ങള്‍ക്ക് മുദ്ര വായ്പ വിതരണം ചെയ്തുകൊണ്ട് ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും കോടിക്കണക്കിന് യുവാക്കള്‍ക്ക് ഞങ്ങള്‍ സ്വയം തൊഴില്‍ അവസരങ്ങള്‍ നല്‍കി. ആരോ മുദ്ര ലോണ്‍ എടുത്ത് ടാക്‌സി ഓടിക്കുന്നു, ആരെങ്കിലും ഒരു തയ്യല്‍ കട തുറന്നിരിക്കുന്നു അല്ലെങ്കില്‍ ഒരു മകള്‍ സ്വന്തം ബിസിനസ്സ് ആരംഭിച്ചിരിക്കുന്നു. 35 ലക്ഷത്തോളം വഴിയോര കച്ചവടക്കാരും ആദ്യമായി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള വഴി കണ്ടെത്തി. പ്രധാനമന്ത്രിയുടെ മുദ്ര യോജന പ്രകാരം ബാങ്കില്‍ നിന്ന് പണം ലഭിച്ചവരില്‍ 70 ശതമാനവും സംരംഭകരായി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് എന്നത് എനിക്ക് സംതൃപ്തി നല്‍കുന്ന കാര്യമാണ്.
സുഹൃത്തുക്കളേ,
ഹിമാചല്‍ പ്രദേശില്‍ ഒരു പട്ടാളക്കാരനെ സൃഷ്ടിക്കാത്ത ഒരു കുടുംബവും ഉണ്ടാവില്ല. വീരന്മാരുടെ നാടാണിത്. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ 24 മണിക്കൂറും ജീവന്‍ പണയപ്പെടുത്തി ധീരരായ അമ്മമാരുടെ നാടാണിത്.
സുഹൃത്തുക്കളേ,
ഇത് സൈനികരുടെ നാടാണ്. മുന്‍ ഗവണ്‍മെന്റുകള്‍ അവരോട് പെരുമാറിയതും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പേരില്‍ തങ്ങളെ വഞ്ചിച്ചതും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ ഞങ്ങള്‍ ലഡാക്കില്‍ നിന്ന് വിരമിച്ച ഒരു സൈനികനുമായി സംസാരിക്കുകയായിരുന്നു. പട്ടാളത്തില്‍ ജീവിതം കഴിച്ചുകൂട്ടിയ അദ്ദേഹം നമ്മുടെ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ഒരു പക്കാ വീട് നേടുകയാണ്. വിരമിച്ചിട്ട് 30-40 വര്‍ഷമായി.
സുഹൃത്തുക്കളേ,
സൈനികരുടെ കുടുംബങ്ങള്‍ ഞങ്ങളുടെ സംവേദനക്ഷമത നന്നായി മനസ്സിലാക്കുന്നു. നാല് പതിറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുകയും വിമുക്തഭടന്മാര്‍ക്ക് കുടിശ്ശിക നല്‍കുകയും ചെയ്തത് നമ്മുടെ സര്‍ക്കാരാണ്. ഹിമാചലിലെ ഓരോ കുടുംബത്തിനും ഇതില്‍ നിന്ന് ഏറെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം ഭരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. സ്വന്തം വോട്ട് ബാങ്ക് ഉണ്ടാക്കുന്ന രാഷ്ട്രീയം രാജ്യത്തിന് ഏറെ നാശം വിതച്ചു. വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാനല്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്ര പുനര്‍നിര്‍മ്മാണം, ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക, 130 കോടി ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാകുമ്പോള്‍, വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല, മറിച്ച് എല്ലാ രാജ്യക്കാരുടെയും വിശ്വാസം നേടിയെടുക്കുന്നു. അതുകൊണ്ട്, 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന എല്ലാവരെയും വിശ്വാസത്തിലെടുത്ത് എന്ന ആശയവുമായി നാം മുന്നോട്ട് പോകുന്നു. ഗവണ്‍മെന്റ് പദ്ധതികളുടെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കണമെന്നും ഒരു ദരിദ്രനും പുറത്താകരുത് എന്ന സമീപനത്തോടെയാണ് ഗവണ്‍റ് പ്രവര്‍ത്തിക്കുന്നത്. 100% ഗുണഭോക്താക്കള്‍ക്ക് 100% ആനുകൂല്യം നല്‍കുന്നതിന് ഞങ്ങള്‍ മുന്‍കൈയെടുക്കുകയും ഗുണഭോക്താക്കളുടെ സംതൃപ്തിക്കായി പ്രതിജ്ഞയെടുക്കുകയും ചെയ്തു.
നൂറുശതമാനം ശാക്തീകരണം എന്നാല്‍ വിവേചനം അവസാനിപ്പിക്കുക, ശുപാര്‍ശകള്‍ ഇല്ലാതാക്കുക, പ്രീതിപ്പെടുത്തല്‍ അവസാനിപ്പിക്കുക. നൂറുശതമാനം ശാക്തീകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഓരോ പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതാണ്. ജയ് റാം ജിയുടെ നേതൃത്വത്തില്‍ ഹിമാചല്‍ പ്രദേശ് ഈ ദിശയില്‍ വളരെ മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഹര്‍ ഘര്‍ ജല്‍ യോജനയ്ക്ക് കീഴില്‍ ഹിമാചല്‍ ഇതിനകം 90 ശതമാനം കുടുംബങ്ങളും വന്നു കഴിഞ്ഞുയ കിന്നൗര്‍, ലാഹൗള്‍-സ്പിതി, ചമ്പ, ഹാമിര്‍പൂര്‍ ജില്ലകളില്‍ 100% ആണ് ഇത്.
സുഹൃത്തുക്കളേ,
2014-ന് മുമ്പ്, ഞാന്‍ ഇവിടെ സന്ദര്‍ശിക്കുമ്പോള്‍, ഇന്ത്യ ലോകത്തിന് കീഴ്‌പ്പെടില്ല, സ്വന്തം വ്യവസ്ഥയില്‍ അതിനെ നേരിടുമെന്ന് ഞാന്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ഇന്ത്യ സൗഹൃദത്തിന്റെ കൈ നീട്ടുന്നത് നിര്‍ബന്ധത്തിന് വഴങ്ങാതെ, സഹായത്തിനായി കൈ നീട്ടുകയാണ്. കൊറോണ കാലത്ത് പോലും 150 ലധികം രാജ്യങ്ങളിലേക്ക് ഞങ്ങള്‍ മരുന്നുകളും വാക്‌സിനുകളും അയച്ചു. ഹിമാചല്‍ പ്രദേശിലെ ഫാര്‍മ ഹബ്ബായ ബഡ്ഡിയും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് കഴിവുണ്ടെന്നും ഞങ്ങളും പ്രകടനക്കാരാണെന്നും ഇന്ത്യ തെളിയിച്ചു. ഇന്ത്യയില്‍ ദാരിദ്ര്യം കുറയുന്നുവെന്നും ജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നും അന്താരാഷ്ട്ര സംഘടനകളും അംഗീകരിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയ്ക്ക് അതിന്റെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ജനങ്ങളുടെ ഉണര്‍ന്നിരിക്കുന്ന അഭിലാഷങ്ങള്‍ നിറവേറ്റുകയും വേണം. ഭാവി തലമുറയുടെ ശോഭനമായ ഭാവിക്കായി, 21-ാം നൂറ്റാണ്ടിലെ ശോഭനമായ ഇന്ത്യക്കായി നാം സ്വയം വിപുലീകരിക്കേണ്ടതുണ്ട്. പോരായ്മയല്ല, ആധുനികതയാണ് സ്വത്വമുള്ള ഇന്ത്യ! പ്രാദേശിക നിര്‍മ്മാതാക്കള്‍ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുകയും ലോക വിപണിയില്‍ സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന ഒരു ഇന്ത്യ! സ്വയം ആശ്രയിക്കുന്ന, പ്രാദേശികമായതിന് വേണ്ടി ശബ്ദിക്കുന്ന, പ്രാദേശിക ഉല്‍പ്പന്നങ്ങളില്‍ അഭിമാനിക്കുന്ന ഒരു ഇന്ത്യ!
ഹിമാചലിലെ കരകൗശല വസ്തുക്കളും വാസ്തുവിദ്യയും ഒരുപോലെ പ്രശസ്തമാണ്. ചമ്പയുടെ ലോഹപ്പണികളും സോളനിലെ പൈന്‍ ആര്‍ട്ടും കാന്‍ഗ്രയുടെ മിനിയേച്ചര്‍ പെയിന്റിംഗുകളും കാണുമ്പോള്‍ വിനോദസഞ്ചാരികള്‍ ഭ്രാന്തന്മാരാകും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും അന്താരാഷ്ട്ര വിപണികളിലും എത്തിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഇനി പറയട്ടെ, സഹോദരീ സഹോദരന്മാരേ, ഹിമാചലിലെ പ്രാദേശിക ഉല്‍പന്നങ്ങളുടെ തേജസ്സ് ഇപ്പോള്‍ കാശിയിലെ ബാബ വിശ്വനാഥന്റെ ക്ഷേത്രത്തില്‍ എത്തിയിരിക്കുന്നു. കുളുവിലെ നമ്മുടെ അമ്മമാരും സഹോദരിമാരും നിര്‍മ്മിച്ച പരമ്പരാഗത വസ്ത്രങ്ങള്‍ ശൈത്യകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സഹായിക്കുന്നു. ബനാറസില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍, ഈ സമ്മാനത്തിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് ഞാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലത്തില്‍ ഞാന്‍ ആത്മവിശ്വാസത്തിലാണ്. ഇന്ത്യക്കാരുടെ സാധ്യതകളെ സംബന്ധിച്ചിടത്തോളം ഒരു ലക്ഷ്യവും അസാധ്യമല്ല. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. റെക്കോര്‍ഡ് വിദേശ നിക്ഷേപമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയും റെക്കോര്‍ഡ് കയറ്റുമതിയാണ് നടത്തുന്നത്. എട്ട് വര്‍ഷം മുമ്പ്, സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഞങ്ങള്‍ എവിടെയും ഉണ്ടായിരുന്നില്ല. ഇന്ന് നമ്മള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ്. നമ്മുടെ യുവാക്കള്‍ ഏതാണ്ട് എല്ലാ ആഴ്ചയും ആയിരക്കണക്കിന് കോടി രൂപയുടെ കമ്പനി ഒരുക്കുകയാണ്.
അടുത്ത 25 വര്‍ഷത്തെ മഹത്തായ തീരുമാനങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പുതിയ സമ്പദ്വ്യവസ്ഥയ്ക്കായി രാജ്യം അതിവേഗം പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നു. പരസ്പരം പിന്തുണയ്ക്കുന്ന മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റിയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച 'പര്‍വ്വത് മാല' പദ്ധതി ഹിമാചല്‍ പോലുള്ള മലയോര സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി കൂടുതല്‍ ശക്തിപ്പെടുത്തും. ബജറ്റില്‍ പ്രഖ്യാപിച്ച വൈബ്രന്റ് ബോര്‍ഡര്‍ വില്ലേജ് പദ്ധതി പ്രകാരം അതിര്‍ത്തി ഗ്രാമങ്ങളെ ഊര്‍ജസ്വലമാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യും. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളുടെ വികസനത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ വൈബ്രന്റ് ബോര്‍ഡര്‍ വില്ലേജ് പദ്ധതിയുടെ പ്രയോജനം സ്വാഭാവികമായും ഹിമാചലിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ലഭിക്കും.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം നിര്‍മ്മിക്കുന്നതിലാണ് ഇന്ന് ഞങ്ങളുടെ ശ്രദ്ധ. രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ നവീകരണത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനു കീഴില്‍ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ഞങ്ങള്‍ നിര്‍ണായകമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മാത്രമല്ല, ഇപ്പോള്‍ ഒരു പാവപ്പെട്ട അമ്മയുടെ മകനും മകള്‍ക്കും ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാകും. മുന്‍കാലങ്ങളില്‍, ഇംഗ്ലീഷില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലെങ്കില്‍ ഡോക്ടര്‍മാരാകാനുള്ള അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ തുടര്‍ന്നു. ഇംഗ്ലീഷിന്റെ അടിമയാകാതെ ദരിദ്രരായ പാവപ്പെട്ടവന്റെ കുട്ടിക്കും ഗ്രാമങ്ങളിലെ കുട്ടിക്കും പോലും ഡോക്ടറാകാന്‍ കഴിയുന്ന തരത്തില്‍ മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചു.
സുഹൃത്തുക്കളേ
രാജ്യത്തെ എയിംസ് പോലുള്ള മികച്ച സ്ഥാപനങ്ങളുടെ വ്യാപ്തി രാജ്യത്തെ വിദൂര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ബിലാസ്പൂരില്‍ നിര്‍മിക്കുന്ന എയിംസ് ഇതിന്റെ നേര്‍ തെളിവാണ്. ഇനി ഹിമാചലിലെ ജനങ്ങള്‍ ചണ്ഡീഗഢിലേക്കോ ഡല്‍ഹിയിലേക്കോ പോകാന്‍ നിര്‍ബന്ധിതരാകില്ല.
സുഹൃത്തുക്കളേ,
ഈ ശ്രമങ്ങളെല്ലാം ഹിമാചല്‍ പ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നു. സമ്പദ്വ്യവസ്ഥ ശക്തമാകുമ്പോള്‍, റോഡ് കണക്റ്റിവിറ്റി, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ആരോഗ്യ സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുമ്പോള്‍, അത് വിനോദസഞ്ചാരത്തിനും ഉത്തേജനം നല്‍കുന്നു. ഇന്ത്യ ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്ന രീതി, ഹിമാചലിലെ വിദൂര, മലയോര മേഖലകള്‍ക്കും നമ്മുടെ രാജ്യത്തിനും വളരെയധികം ഗുണം ചെയ്യും.
സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിന് അതായത് 2047-ന് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ശക്തമായ അടിത്തറ തയ്യാറാക്കിയിട്ടുണ്ട്. ഈ 'അമൃത് കാല' സമയത്ത് ഈ നേട്ടങ്ങള്‍ക്ക് ഒരു മന്ത്രം മാത്രമേയുള്ളൂ, അതാണ് 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം). എല്ലാവരും ചേരണം, ഒന്നിക്കണം, ഒരുമിച്ച് വളരണം. ഈ ആത്മാവില്‍ നമ്മള്‍ പ്രവര്‍ത്തിക്കണം. എത്രയോ നൂറ്റാണ്ടുകള്‍ക്കും തലമുറകള്‍ക്കും ശേഷമാണ് നമ്മുടെ തലമുറയ്ക്ക് ഈ ഭാഗ്യം ലഭിച്ചത്. അതിനാല്‍, 'ഹം സബ്ക പ്രയാസ്' (ഞങ്ങളുടെ സംയുക്ത പരിശ്രമം) എന്ന ആഹ്വാനത്തില്‍ നമ്മുടെ സജീവ പങ്ക് വഹിക്കുമെന്നും നമ്മുടെ എല്ലാ കടമകളും നിറവേറ്റുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
ഇന്ന്, രാജ്യത്തിന്റെ എല്ലാ ബ്ലോക്കുകളില്‍ നിന്നും ആളുകള്‍ ഈ പരിപാടിയുടെ ഭാഗമാണ്. ഇന്ന് ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ആളുകള്‍ ഷിംലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഞാന്‍ ഷിംലയുടെ മണ്ണില്‍ നിന്ന് രാജ്യത്തെ ആ കോടിക്കണക്കിന് ജനങ്ങളോട് സംസാരിക്കുകയാണ്. ആ കോടിക്കണക്കിന് രാജ്യക്കാര്‍ക്ക് ഞാന്‍ ഒരുപാട് ആശംസകള്‍ നേരുന്നു. നിങ്ങളുടെ അനുഗ്രഹങ്ങള്‍ തുടരട്ടെ, അങ്ങനെ ഞങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യാന്‍ കഴിയും! ഈ ചൈതന്യത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. എനിക്കൊപ്പം പറയൂ,
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഒത്തിരി നന്ദി!