ഹര്‍ ഹര്‍ മഹാദേവ്!
എല്ലാവര്‍ക്കും എന്റെ ആശംസകള്‍!
യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരേ, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രിമാരേ, നിയമസഭാംഗങ്ങളേ, മറ്റ് വിശിഷ്ട വ്യക്തികളേ, കാശിയിലെ എന്റെ പ്രിയപ്പെട്ട
സഹോദരീ സഹോദരന്മാരേ!
ഇത് ശുഭകരമായ നവരാത്രി കാലമാണ്, ഇന്ന് മാ ചന്ദ്രഗന്ധയെ ആരാധിക്കുന്ന ദിവസവുമാണ്. കാശിയിലെ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇന്ന് എനിക്ക് നിങ്ങള്‍ക്കൊപ്പം ഉണ്ടാകാനായത് എന്റെ ഭാഗ്യമാണ്. മാ ചന്ദ്രഗന്ധയുടെ അനുഗ്രഹത്താല്‍ ഇന്ന് ബനാറസിന്റെ സന്തോഷത്തിലും ഐശ്വര്യത്തിലും മറ്റൊരു അദ്ധ്യായം കൂട്ടിചേര്‍ക്കപ്പെടുകയാണ്. ഇന്ന് ഇവിടെ പൊതുഗതാഗത റോപ്പ് വേയ്ക്ക് തറക്കല്ലിട്ടു. ബനാറസിന്റെ സര്‍വതോന്മുഖമായ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാജിയുടെ ശുചിത്വം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സൗകര്യം, കായിക സൗകര്യങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഐ.ഐ.ടി ഭൂ (ബി.എച്ച്.യു)വില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ മെഷീന്‍ ടൂള്‍സ് ഡിസൈനിന്റെ തറക്കല്ലിടലും നടന്നു. ബനാറസിന് മറ്റൊരു ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് ലഭിക്കാന്‍ പോകുകയാണ്. ഈ പദ്ധതികള്‍ക്കെല്ലാം ബനാറസിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
സഹോദരീ സഹോദരന്മാരേ,
ഇന്ന് കാശിയുടെ വികസനം രാജ്യത്തും ലോകത്തുമാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാശിയിലേക്ക് വരുന്നവര്‍ പുത്തന്‍ ഊര്‍ജത്തോടെയാണ് മടങ്ങുന്നത്. ഏകദേശം 8-9 വര്‍ഷം മുമ്പ് കാശിയിലെ ജനങ്ങള്‍ തങ്ങളുടെ നഗരത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ പലരും ആശങ്കാകുലരായിരുന്നുവെന്നത്് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ബനാറസില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും കാശിയിലെ ജനങ്ങള്‍ വിജയിക്കില്ലെന്നും പലരും കരുതി. എന്നാല്‍ തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് എല്ലാ ആശങ്കകളും തെറ്റാണെന്ന് കാശിയിലെ ജനങ്ങള്‍ തെളിയിച്ചു.
സുഹൃത്തുക്കളെ,
ഇന്ന് കാശിയില്‍ പഴയതും പുതിയതുമായ രൂപങ്ങള്‍ ഒരേസമയം ദൃശ്യമാണ്. വിശ്വനാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണം മോഹിപ്പിക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തും എന്നെ കണ്ടുമുട്ടുന്നവര്‍ എന്നോട് പറയാറുണ്ട്. ഗംഗാഘാട്ടിലെ വിവിധ പദ്ധതികള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. അടുത്തിടെ കാശിയില്‍ നിന്ന് സമാരംഭം കുറിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഗംഗാജിയില്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ബനാറസിലെ ജനങ്ങള്‍ അതും ചെയ്തു. ജനങ്ങളുടെ ശ്രമഫലമായാണ് ഒരു വര്‍ഷം ഏഴു കോടിയിലധികം സഞ്ചാരികള്‍ കാശിയില്‍ എത്തുന്നത്. ഇവിടെ വരുന്ന ഈ ഏഴുകോടി ജനങ്ങള്‍ ബനാറസില്‍ താമസിക്കുക മാത്രമല്ല, 'പൂരി കച്ചോരി', 'ജലേബി-ലൗങ്‌ലത', 'ലസ്സി', 'തണ്ടായി' എന്നിവ ആസ്വദിക്കുന്നുമുണ്ട്. ബനാറസി പാന്‍, തടികൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, ബനാറസി സാരികള്‍, പരവതാനികള്‍ തുടങ്ങിയവയ്ക്കായി പ്രതിമാസം 50 ലക്ഷത്തിലധികം വ്യാപാരികള്‍ ബനാറസിലേക്ക് വരുന്നു. മഹാദേവന്റെ അനുഗ്രഹത്താല്‍, ഇവിടെ ഇത് നിറവേറ്റാനായത് ഒരു മഹത്തായ പ്രവര്‍ത്തനമാണ്. ബനാറസിലേക്ക് വരുന്ന ഇവര്‍ ബനാറസിലെ ഓരോ കുടുംബത്തിനും വരുമാനമാര്‍ഗ്ഗങ്ങളും കൊണ്ടുവരികയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ തൊഴിലിനും സ്വയം തൊഴിലിനുമുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു
സുഹൃത്തുക്കളെ,
കഴിഞ്ഞ എട്ട് ഒന്‍പത് വര്‍ഷമായി ബനാറസ് വികസിച്ചുകൊണ്ടിരിക്കുന്ന വേഗതയ്ക്ക് ഒരു പുതിയ ഗതിവേഗം ആവശ്യമാണ്. ഇന്ന്, ടൂറിസം, നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. റോഡോ, പാലമോ, റെയില്‍വേയോ, വിമാനത്താവളമോ എല്ലാ പുതിയ ബന്ധിപ്പിക്കല്‍ മാര്‍ഗ്ഗങ്ങളോ ആകട്ടെ, കാശിയിലേക്കുള്ള യാത്ര വളരെ സുഗമമായിരിക്കുന്നു. എന്നാല്‍ ഇനി നമുക്ക് ഒരു പടി കൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന പുതിയ റോപ്‌വേയോടെ, കാശിയിലേക്കുള്ള സൗകര്യവും ആകര്‍ഷണതയും ഇനിയും വര്‍ദ്ധിക്കും. റോപ്‌വേ നിര്‍മ്മിക്കുന്നതോടെ ബനാറസ് കാന്റ് റെയില്‍വേ സ്‌റ്റേഷനും കാശി വിശ്വനാഥ് ഇടനാഴിയും തമ്മിലുള്ള ദൂരം ഏതാനും മിനിറ്റുകളായി ചുരുങ്ങും. ഇത് ബനാറസിലെ ജനങ്ങളുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും. കാന്റ് സ്‌റ്റേഷനും ഗോഡോവ്‌ലിയയും തമ്മിലുള്ള ഗതാഗതക്കുരുക്കിന്റെ പ്രശ്‌നത്തിനും ഇത് വലിയൊരളവില്‍ പരിഹാരമാകും.
സുഹൃത്തുക്കളെ,
സമീപ നഗരങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരാണാസിയില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങളായി, അവര്‍ വരാണാസിയിലെ ഒരു പ്രത്യേക പ്രദേശത്ത് വന്ന് അവരുടെ ജോലി പൂര്‍ത്തിയാക്കി റെയില്‍വേ അല്ലെങ്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നു. അവര്‍ക്ക് ബനാറസ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഗതാഗതക്കുരുക്ക് മൂലം അവര്‍ക്ക് ഭീതിഅനുഭവപ്പെടുന്നു. സ്‌റ്റേഷനില്‍ തന്നെ ഒഴിവു സമയം ചെലവഴിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അത്തരക്കാര്‍ക്കും ഈ റോപ്‌വേ ഏറെ പ്രയോജനം ചെയ്യും.
സഹോദരീ സഹോദരന്മാരേ,
ഈ റോപ്പ് വേ പദ്ധതി കേവലം ഒരു ഗതാഗത പദ്ധതി മാത്രമല്ല. കാന്റ് റെയില്‍വേ സ്‌റ്റേഷന് മുകളില്‍ ഒരു റോപ്പ് വേ സ്‌റ്റേഷനും നിര്‍മ്മിക്കും. അയതിനാല്‍ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഉടനെ തന്നെ ലഭിക്കുകയും ചെയ്യും. ഓട്ടോമാറ്റിക് പടികള്‍, ലിഫ്റ്റ്, വീല്‍ചെയര്‍ റാംപ്, വിശ്രമമുറി, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളും അവിടെ ലഭ്യമാകും. റോപ്‌വേ സ്‌റ്റേഷനുകളില്‍ ഭക്ഷണ-പാനീയ സൗകര്യങ്ങളും ഷോപ്പിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കും. കാശിയിലെ മറ്റൊരു വ്യാപാര, തൊഴില്‍ കേന്ദ്രമായി ഇത് വികസിക്കും.
സുഹൃത്തുക്കളെ,
ബനാറസിലെ വ്യോമ ബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബബത്പൂര്‍ വിമാനത്താവളത്തില്‍ പുതിയ എ.ടി.സി ടവര്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതുവരെ രാജ്യത്തുനിന്നും വിദേശത്തുനിന്നും അമ്പതോളം വിമാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഇതിനുണ്ടായിരുന്നത്. പുതിയ എ.ടി.സി ടവര്‍ നിര്‍മ്മിക്കുന്നതോടെ ഈ ശേഷി വര്‍ദ്ധിക്കും. ഭാവിയില്‍ വിമാനത്താവളം വികസിപ്പിക്കുന്നതും ഇത് എളുപ്പമാക്കും.
സഹോദരീ സഹോദരന്മാരേ,
സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികള്‍ കാശിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഗതാഗത മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. കാശിയിലെ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും ചെറിയ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഫ്‌ളോട്ടിംഗ് ജെട്ടി വികസിപ്പിക്കുന്നത്. നമാമി ഗംഗാ മിഷന്റെ കീഴില്‍ ഗംഗയുടെ തീരത്തുള്ള നഗരങ്ങളില്‍ മലിനജല സംസ്‌കരണത്തിന്റെ ഒരു വലിയ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗംഗയുടെ പുനരുജ്ജീവിപ്പിച്ച ഘാട്ടുകള്‍ക്ക് കഴിഞ്ഞ 8-9 വര്‍ഷങ്ങളായി നിങ്ങള്‍ സാക്ഷികളാണ്. ഇപ്പോഴിതാ ഗംഗയുടെ ഇരുകരകളിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വന്‍ സംഘടിതപ്രവര്‍ത്തനം സമാരംഭിക്കാനിരിക്കുകയാണ്. ഗംഗയുടെ ഇരുകരകളിലുമായി 5 കിലോമീറ്റര്‍ വിസ്തൃതിയില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. ഈ വര്‍ഷത്തെ ബജറ്റിലും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. രാസവളത്തിനും പ്രകൃതി കൃഷിക്കുമായി പുതിയ കേന്ദ്രങ്ങളും ആരംഭിക്കും
സുഹൃത്തുക്കളെ,
ബനാറസിനൊപ്പം കിഴക്കന്‍ ഉത്തര്‍പ്രദേശ് മുഴുവനും കൃഷിയുടെയും, കാര്‍ഷിക കയറ്റുമതിയുടെയും ഒരു സുപ്രധാന കേന്ദ്രമായി മാറുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്‌കരണം, സംഭരണം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ആധുനിക സൗകര്യങ്ങള്‍ ഇന്ന്, വരാണാസിയില്‍ വന്നിട്ടുണ്ട്. ബനാറസിന്റെ ലാങ്ഡ മാമ്പഴവും ഗാസിപൂരിലെ ഒക്രയും പച്ചമുളകും ജാന്‍പൂരിന്റെ റാഡിഷും തണ്ണിമത്തനും ഇന്ന് വിദേശ വിപണികളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ ചെറുപട്ടണങ്ങളില്‍ വിളയുന്ന പഴങ്ങളും പച്ചക്കറികളും ഇപ്പോള്‍ ലണ്ടന്‍, ദുബായ് വിപണികളില്‍ ലഭ്യമാണ്. കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് കര്‍ഷകരുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. കാര്‍ഖിയോണ്‍ ഫുഡ് പാര്‍ക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സംയോജിത പായ്ക്ക് ഹൗസ് കര്‍ഷകര്‍ക്കും പൂക്കച്ചവടക്കാര്‍ക്കും ഏറെ സഹായകമാകും. ഇന്ന് പോലീസ് സേനയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും ഇവിടെ നടന്നു. ഇത് പോലീസ് സേനയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്നും ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
നാം തെരഞ്ഞെടുത്ത വികസനത്തിന്റെ പാത സൗകര്യവും സംവേദനക്ഷമതയും ഉള്ളതാണ്. ഈ മേഖലയിലെ വെല്ലുവിളികളിലൊന്നാണ് കുടിവെള്ളം. ഇന്ന് കുടിവെള്ളവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയും പുതിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് 'ഹര്‍ ഘര്‍ നാല്‍' എന്ന ജല സംഘടിതപ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തുടനീളം എട്ട് കോടി വീടുകളില്‍ പുതിയതായി ടാപ്പ് വെള്ളം എത്തിത്തുടങ്ങി. കാശിയിലും സമീപ ഗ്രാമങ്ങളിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ബനാറസിലെ ജനങ്ങള്‍ക്കും ഉജ്ജ്വല യോജനയില്‍ നിന്നും വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. സേവാപുരിയിലെ പുതിയ ബോട്ടിലിംഗ് പ്ലാന്റും ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ സഹായിക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശിലും പടിഞ്ഞാറന്‍ ബിഹാറിലും ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിനും ഇത് സഹായിക്കും.
സുഹൃത്തുക്കളെ,
പാവപ്പെട്ടവര്‍ക്ക് വേണ്ടി കരുതലുള്ള ഗവണ്‍മെന്റുകളാണ് ഇന്നത്തെ കേന്ദ്രത്തിലെയും യു.പിയിലെയും ഗവണ്‍മെന്റുകള്‍. നിങ്ങള്‍ക്ക് എന്നെ പ്രധാനമന്ത്രിയെന്നോ ഗവണ്‍മെന്റന്നോ വിളിക്കാം, പക്ഷേ നിങ്ങളുടെ സേവകനെന്നാണ് മോദി സ്വയം കരുതുന്നത്. ഈ സേവന ബോധത്തോടെയാണ് ഞാന്‍ കാശിയിലും യു.പിയിലും രാജ്യത്തും സേവനം ചെയ്യുന്നത്. കുറച്ച് മുമ്പ്, ഞാന്‍ എന്റെ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു. ചിലര്‍ക്ക് കാഴ്ചശക്തി ലഭിച്ചു, ചിലര്‍ക്ക് 'സ്വസ്ത് ദൃഷ്ടി സമൃദ്ധി കാശി' സംഘടിതപ്രവര്‍ത്തനം ഗവണ്‍മെന്റ് സഹായത്തോടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ സഹായിച്ചു. ഞാന്‍ ഒരു മാന്യനെ കണ്ടു, ''സര്‍, സ്വസ്ത് ദൃഷ്ടി പദ്ധതി പ്രകാരം ഏകദേശം 1,000 പേര്‍ക്ക് തിമിരം സൗജന്യമായി ചികിത്സിച്ചു' അദ്ദേഹം പറഞ്ഞു . ഇന്ന് ബനാറസിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. 2014-ന് മുമ്പുള്ള ദിവസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അന്ന് ഒരു ബാങ്ക് അക്കൗണ്ടു തുടങ്ങുക എന്നതുപോലും ഒരു ഭാരിച്ച ദൗത്യമായിരുന്നു. സാധാരണ കുടുംബത്തിന് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇന്ന് പാവപ്പെട്ടവരില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പോലും ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. ഗവണ്‍മെന്റ് സഹായം ഇന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വരുന്നു. ഒരു ചെറുകിട കര്‍ഷകനോ, ചെറുകിട വ്യവസായിയോ, അല്ലെങ്കില്‍ നമ്മുടെ സഹോദരിമാരുടെ സ്വയം സഹായ സംഘങ്ങളോ ആകട്ടെ, എല്ലാവര്‍ക്കും മുദ്ര പോലുള്ള പദ്ധതികളില്‍ ഇന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നു. കന്നുകാലി പരിപാലിക്കുന്നവരെയും മത്സ്യകൃഷി നടത്തുന്നവരെയും ഞങ്ങള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ സഹപ്രവര്‍ത്തകരായ തെരുവ് കച്ചവടക്കാര്‍ക്കും ഇതാദ്യമായി പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ തുടങ്ങി. നമ്മുടെ വിശ്വകര്‍മ്മ സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അമൃത് കാലില്‍ വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഓരോ ഇന്ത്യക്കാരനും സംഭാവന നല്‍കണം, ആരും ഉപേക്ഷിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഉദ്യമം.
സഹോദരീ സഹോദരന്മാരേ,
ഖേലോ ബനാറസ് മത്സരത്തിലെ വിജയികളോട് ഞാന്‍ സംസാരിച്ചു. വിവിധ കായിക ഇനങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങള്‍ ഇതില്‍ പങ്കെടുത്തു. എന്റെ ബനാറസ് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ബനാറസിലെ യുവജനങ്ങള്‍ക്ക് കളിക്കാന്‍ പരമാവധി അവസരം ലഭിക്കുന്ന തരത്തില്‍ പുതിയ സൗകര്യങ്ങളും ഇവിടെ വികസിപ്പിക്കുന്നുണ്ട്. സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ഇന്ന് രണ്ടും മൂന്നും ഘട്ടത്തിന്റെ തറക്കല്ലിടലും നടന്നു. ഇനി, വിവിധ കായിക വിനോദങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും വേണ്ട ആധുനിക സൗകര്യങ്ങള്‍ ഇവിടെ വികസിപ്പിക്കും. ഇപ്പോഴിതാ വരാണാസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയവും നിര്‍മ്മിക്കാന്‍ പോകുന്നു. ഈ സ്‌റ്റേഡിയം ഒരുങ്ങുമ്പോള്‍ മറ്റൊരു ആകര്‍ഷണീയത കൂടി കാശിയോട് കൂട്ടിച്ചേര്‍ക്കും.
സഹോദരീ സഹോദരന്മാരേ,
വികസനത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് യു.പി പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണ്. നാളെ അതായത് മാര്‍ച്ച് 25ന് യോഗി ജിയുടെ രണ്ടാം ഇന്നിംഗ്‌സിലെ ഒരു വര്‍ഷം തികയുകയാണ്. രണ്ട് മൂന്ന് ദിവസം മുമ്പ് ഏറ്റവും കൂടുതല്‍ കാലം യു.പിയില്‍മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോര്‍ഡും യോഗി ജി സൃഷ്ടിച്ചിരുന്നു. നിരാശയുടെ പഴയ പ്രതിച്ഛായയില്‍ നിന്ന് പുറത്തുവന്ന് പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും പുതിയ ദിശയിലേക്ക് യു.പി നീങ്ങുകയാണ്. സുരക്ഷിതത്വവും സൗകര്യവും തഴച്ചുവളരുന്നിടത്ത് ഐശ്വര്യവുമുണ്ടാകും. ഇതാണ് ഇന്ന് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പദ്ധതികളും സമൃദ്ധിയുടെ പാതയ്ക്ക് കരുത്തേകുന്നു. വിവിധ വികസന പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഞാന്‍ നിങ്ങള്‍ക്ക് വളരെയധികം ആശംസകള്‍ അര്‍പ്പിക്കുന്നു. ഹര്‍ ഹര്‍ മഹാദേവ്!
നന്ദി.