കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രാജ്‌നാഥ് സിംഗ്ജി, ഹിമാചല്‍പ്രദേശിന്റെ ജനകീയനായ മുഖ്യമന്ത്രി ജയ്‌റാം താക്കുര്‍ജി, എന്റെ മന്ത്രിസഭയിലെ മന്ത്രിയും ഹിമാചലിന്റെ യുവ പുത്രനുമായ അനുരാഗ് താക്കൂര്‍, ഹിമാചല്‍ ഗവണ്‍മെന്റിലെ മന്ത്രിമാര്‍, പ്രാദേശിക പ്രതിനിധികള്‍, ലാഹുല്‍ സ്പിതിയിലെ എന്റെ സഹോദരി സഹോദരന്മാരെ.
ദീര്‍ഘനാളുകള്‍ക്ക് ശേഷം നിങ്ങളോടൊപ്പമുണ്ടാകുകയെന്നത് സന്തോഷകരമായ ഒരു അനുഭവമാണ്. അടല്‍ ടണലിന് വേണ്ടി നിങ്ങള്‍ക്കെല്ലാം അനവധി നിരവധി അഭിനന്ദനങ്ങള്‍ നേരുന്നു.
സുഹൃത്തുക്കളെ,
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ്, നിങ്ങളെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നപ്പോള്‍, റോതാങില്‍ നിന്ന് വളരെദൂരം യാത്ര ചെയ്താണ് ഞാന്‍ ഇവിടെ എത്തിയിരുന്നത്. ശീതകാലത്ത് റോതാങ് പാസ് അടയ്ക്കുന്നതുകൊണ്ട് ഔഷധങ്ങള്‍, പഠനങ്ങള്‍, വരുമാനത്തിനുള്ള മറ്റുള്ള എല്ലാവഴികളും എങ്ങനെ ബാധിച്ചിരുന്നുവെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളെയും കുറിച്ച് അടല്‍ജിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. 2000ല്‍ കെയ്‌ലോങ് സന്ദര്‍ശിച്ചപ്പോള്‍ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായാണ് അടല്‍ജി ഈ ടണലിന്റെ നിര്‍മ്മാണം പ്രഖ്യാപിച്ചത്. അന്ന് ഈ മേഖലയില്‍ നിലനിന്നിരുന്ന ഉത്സവാന്തരീക്ഷം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെയാണ് ഈ പദ്ധതി സാദ്ധ്യമാക്കാന്‍ കഴിഞ്ഞത്.
സുഹൃത്തുക്കളെ,
അടല്‍ ടണല്‍ എന്നത് ലാഹുലിലെ ജനങ്ങള്‍ക്കുള്ള ഒരു പുതിയ പ്രഭാതം മാത്രമല്ല, അത് ഇവിടത്തെ ജനങ്ങളുടെ ജീവിതവും മാറ്റും. ഈ ഒന്‍പത് കിലോമീറ്റര്‍ ടണല്‍ 45-46 കിലോമീറ്റര്‍ ദൂരം കുറയ്ക്കും. ശീതകാലത്ത് നീണ്ടകാത്തിരിപ്പിന്റെ വേദന അനുഭവിക്കുന്നത് കാണുന്ന ജനങ്ങളാണിത്. ഇന്ന് അവര്‍ സന്തുഷ്ടരാണ് എന്തെന്നാല്‍ അവരുടെ കുട്ടികള്‍-പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ആ വേദനാജനകമായ ബുദ്ധിമുട്ടുകളിലൂടെ പോകേണ്ടതില്ല.
സുഹൃത്തുക്കളെ,
ലാഹുല്‍ സ്പിതിയിലെ പാങിലേയോ കര്‍ഷകരായിക്കോട്ടെ, ഓര്‍ക്കീഡ് കൃഷികളുമായി ബന്ധപ്പെട്ടവരാകട്ടെ, ഇടയന്മാരാകട്ടെ, വിദ്യാര്‍ത്ഥികളാകട്ടെ, സേവനവിഭാഗത്തില്‍പ്പെട്ടവരോ, കച്ചവടക്കാരോ, വ്യാപാരികളോ ആരോ ആയിക്കോട്ടെ എല്ലാവര്‍ക്കും അടല്‍ ടണല്‍ കൊണ്ട് നേട്ടമാണുണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ ലാഹുലിലെ കര്‍ഷകരുടെ കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്, പയര്‍ വിളകള്‍ ചീഞ്ഞുപോകാതെ വിപണികളില്‍ വേഗത്തില്‍ എത്തും.
ലാഹുലിന്റെ മുഖമുദ്രയും ഞാന്‍ രുചിച്ച് നോക്കിയിട്ടുള്ളതുമായ ചന്ദ്രമുഖി ഉരുളക്കിഴങ്ങിന് ഇപ്പോള്‍ പുതിയ വിപണികളും വാങ്ങുന്നവരേയും ലഭിക്കും. പുതിയ പച്ചക്കറികയെും പുതിയ ധാന്യങ്ങളേയും പോലെ ഇപ്പോള്‍ ഈ മേഖലയിലെ പ്രവണതയും അതിവേഗം വളരും.
ഔഷധ സസ്യങ്ങളുടെയും നൂറുക്കണക്കിന് ഔഷധസസ്യങ്ങളുടേയും കായം, കുത്ത്, കരിഞ്ചീരകം, കുങ്കുമപൂവ്, പാറ്റിഷ് പോലുള്ള നിരവധി സുഗന്ധവ്യജ്ഞനങ്ങളുടേയും വലിയതോതിലുള്ള ഉല്‍പ്പാദകര്‍ കൂടിയാണ് ലാഹുല്‍ സ്പിതി. ലാഹുല്‍ സ്പിതിയുടെയും ഹിമാചലിന്റെയും ഇന്ത്യയുടെയും മുഖമുദ്രയാകാന്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയും.
അടല്‍ ടണലിന്റെ മറ്റൊരു നേട്ടമെന്തെന്നാല്‍, ഇനി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിനായി ദേശാന്തരഗമനം നടത്തേണ്ടിവരില്ല. ഈ ടണല്‍ ദൂരം കുറയ്ക്കുക മാത്രമല്ല, ജീവിതം സുഗമമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഈ മേഖലയിലാകകെ വിനോദസഞ്ചാരത്തിനുള്ള വലിയ ശേഷിയുണ്ട്. പ്രകൃതി അനുഗ്രഹിച്ചിട്ടുള്ള ഈ മേഖലയില്‍ ആത്മീയ-മതപര വിനോദസഞ്ചാരത്തിന് അത്ഭുതകരമായ സാദ്ധ്യകളുമുണ്ട്. ചന്ദ്രതാലിലേയ്ക്കും സ്പിതി താഴ്‌വരയിലേയ്ക്കുമുള്ള ദൂരം വിനോദസഞ്ചാരികള്‍ക്ക് ഇനിമേല്‍ പ്രശ്‌നമേ ആയിരിക്കില്ല. തുപ്ചില്ലിംഗ് ഗോമ്പയോ അല്ലെങ്കില്‍ ത്രിലോക്‌നാഥോ, ആയിക്കോട്ടെ ദേവദര്‍ശനത്തിന്റെയൂം ബുദ്ധമത തത്വശാസ്ത്രങ്ങളുടെയും സംഗമസ്ഥാനത്തിന്റെ ഒരുപുതിയ സത്ത ലാഹുല്‍ സ്പിതിക്ക് ലഭിക്കാന്‍ പോകുകയാണ്. അതിനേക്കാളുപരിയായി ബുദ്ധമത തത്വശാസ്ത്രങ്ങള്‍ ഇവിടെ നിന്നാണ് തിബറ്റിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചത്.
സ്പിതി താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്നതും രാജ്യത്തെ പ്രമുഖ ബുദ്ധമത പഠനകേന്ദ്രവുമായ ടാബു മൊണാസ്ട്രി (ബുദ്ധവിഹാരം) ലോകത്തിന് കുടുതല്‍ എത്തിപ്പെടാന്‍ സൗകര്യമുള്ളതാകും. ഒരുതരത്തില്‍ ഈ മേഖലയാകെ കിഴക്കന്‍ ഏഷ്യയുള്‍പ്പെടെ ലോകത്തെ നിരവധി രാജ്യങ്ങളിലെ ബുദ്ധമതാനുയായികളുടെ സുപ്രധാനമായ കേന്ദ്രമാകാന്‍ പോകുകയാണ്.
സുഹൃത്തുക്കളെ,
വികസനത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും, രാജ്യത്തെ എല്ലാ ജനങ്ങളിലും എത്തണമെന്നുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗവും കൂടിയാണ് അടല്‍ ടണല്‍. ലാഹുല്‍ സ്പിതിയിലെ പോലെ രാജ്യത്തെ പല ഭാഗങ്ങളേയും അവരുടെ ഉപജീവനങ്ങളെയും പ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവാക്കിയിരുന്നു. ചില ആളുകളുടെ രാഷ്ട്രീയതാല്‍പര്യത്തിന് ഈ മേഖലകള്‍ യോജിക്കുന്നില്ലെന്നതാണ് വളരെ ലളിതമായ കാരണം.
സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായുള്ള ഒരു പുതിയ സമീപനത്തിലൂടെയാണ് രാജ്യം ചലിക്കുന്നത്. എല്ലാവരും എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വിശ്വാസത്തോടെ പുരോഗമിക്കുകയാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ ഒരു വലിയ മാറ്റം തന്നെ കൊണ്ടുവന്നു. ഇപ്പോള്‍ ഒരു മേഖലയിലെ വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല പദ്ധതികള്‍. ഇപ്പോഴത്തെ പ്രയത്‌നം ഒരു ഇന്ത്യാക്കാരനും നഷ്ടം സംഭവിക്കാതിരിക്കുന്നതിനും ഒഴിവാക്കാതിരിക്കാനുമാണ്.
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ലാഹുല്‍ സ്പിതി തന്നെയാണ്. എല്ലാ കുടുംബങ്ങളിലും പൈപ്പ്‌വെള്ളം ലഭ്യമാക്കിയ രാജ്യത്തെ ആദ്യത്തെ ജില്ലയാണ് ഇത്. ജലജീവന ദൗത്യം എങ്ങനെ ജനജീവിതം സുഗമമാക്കുന്നുവെന്നതിന്റെ ഒരു പ്രതീകമാണ് ഈ ജില്ല.
സുഹൃത്തുക്കളെ,
നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഗോത്ര വിഭാഗത്തില്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ 15 കോടിയിലധികം കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഒരു സുപ്രധാനമായ സംഘടിതപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് നിരവധി വര്‍ഷങ്ങള്‍ക്ക കഴിഞ്ഞിട്ടും രാജ്യത്തെ 18,000 ലധികം ഗ്രാമങ്ങള്‍ അന്ധകാരത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ന് ഈ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ മേഖലകളില്‍ ശൗച്യാലയ സംവിധാനങ്ങള്‍ ലഭ്യമായിരുന്നില്ല. ഇത് മാത്രമല്ല, പാചകവാതക കണക്ഷനുകളും പാചകത്തിന് വേണ്ടി ലഭ്യമാക്കി.
രാജ്യത്തെ വിദൂരമായ മേഖലയിലുള്ള പ്രദേശങ്ങളിലും മികച്ച പരിഗണന ഉറപ്പാക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുകയാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാക്കുന്നു.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള 22 ലക്ഷത്തിലധികം പാവപ്പെട്ട സഹോദരങ്ങള്‍ക്കും ഈ നേട്ടങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടിതപ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തിന്റെ അതിവിദൂരമേഖലകളില്‍ പോലും യുവജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ നിരവധി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
വികസനത്തിന്റെ പുതിയ വാതിലുകള്‍ തുറന്നിട്ട അടല്‍ ടണലിന് വേണ്ടി ഒരിക്കല്‍ കൂടി ഞാന്‍ ലാഹുല്‍ സ്പിതിയിലേയും പാങി താഴ്‌വരയിലേയും സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു. ഈ കൊറോണയുടെ ദുരിതകാലത്ത് നിങ്ങളേയയും നിങ്ങളുടെ കുടുംബത്തേയും ശ്രദ്ധിക്കുകയെന്നത് എല്ലാ പൗരന്മാരോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണ്. മുഖാവരണങ്ങള്‍ ഉപയോഗിക്കുകയും നിങ്ങളുടെ കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യുക.
ഈ ചരിത്രപരമായ പരിപാടിയില്‍ എന്നെ പങ്കാളിയാക്കിയതില്‍ പൂര്‍ണ്ണമനസോടെ ഞാന്‍ നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദിരേഖപ്പെടുത്തുന്നു.
നന്ദി.