വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് രാജ്യത്തെ ഉയര്‍ത്തുന്ന ഈ സുപ്രധാന ബജറ്റിന് രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ നേരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ജിക്കും അവരുടെ മുഴുവന്‍ ടീമിനും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഈ ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നു. അത് നമ്മുടെ ഗ്രാമങ്ങളിലും പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും സമൃദ്ധിക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ ബജറ്റ് നവ-മധ്യവര്‍ഗത്തിന്റെ ശാക്തീകരണം തുടരുന്നു. ഇത് മധ്യവര്‍ഗത്തിന് പുതിയ ശക്തി നല്‍കുന്നു, ആദിവാസി സമൂഹത്തെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള ശക്തമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നു. കൂടാതെ, ഈ ബജറ്റ് സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെറുകിട വ്യാപാരികള്‍ക്കും എംഎസ്എംഇകള്‍ക്കും അല്ലെങ്കില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും പുരോഗതിയുടെ പുതിയ വഴികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഉല്‍പ്പാദനത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ബജറ്റ് സാമ്പത്തിക വികസനത്തെ ഉത്തേജിപ്പിക്കുകയും അതിന്റെ വേഗത നിലനിര്‍ത്തുകയും ചെയ്യും.
സുഹൃത്തുക്കളേ,
തൊഴിലിനും സ്വയം തൊഴിലിനും അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ മുഖമുദ്രയാണ്. ഇന്നത്തെ ബജറ്റ് ഈ പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പിഎല്‍ഐ പദ്ധതിയുടെ വിജയത്തിന് രാജ്യവും ലോകവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍, ഈ ബജറ്റില്‍, രാജ്യത്തുടനീളം കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഈ സ്‌കീമിന് കീഴില്‍, ആദ്യത്തെ ജോലി ആരംഭിക്കുന്ന യുവാക്കളുടെ ആദ്യ ശമ്പളം ഞങ്ങളുടെ സര്‍ക്കാര്‍ നല്‍കും. നൈപുണ്യ വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള സഹായമായാലും 1 കോടി യുവാക്കള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയായാലും, ഗ്രാമങ്ങളില്‍ നിന്നും ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുമുള്ള യുവാക്കളെ മികച്ച കമ്പനികളില്‍ ജോലി ചെയ്യാന്‍ ഇത് പ്രാപ്തരാക്കും, അവര്‍ക്ക് സാധ്യതയുടെ പുതിയ വാതിലുകള്‍ തുറക്കും. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലും സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിനായി, ഈടില്ലാതെയുള്ള മുദ്ര വായ്പകളുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തി. ഇത് ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ദലിതര്‍, പിന്നാക്ക, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കിടയില്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കും.
സുഹൃത്തുക്കളേ,
നമ്മള്‍ ഒരുമിച്ച് ഭാരതത്തെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റും. രാജ്യത്തെ എം എസ് എം ഇ മേഖല ഇടത്തരക്കാരുമായി അടുത്ത ബന്ധമുള്ളതും ദരിദ്രര്‍ക്ക് ഗണ്യമായ തൊഴില്‍ പ്രദാനം ചെയ്യുന്നതുമാണ്. ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുക എന്നത് ഈ ദിശയിലുള്ള നിര്‍ണായക ചുവടുവെപ്പാണ്. ഈ ബജറ്റ് എംഎസ്എംഇകളുടെ വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ പദ്ധതി പ്രഖ്യാപിക്കുന്നു. കൂടാതെ, എല്ലാ ജില്ലയിലും ഉല്‍പ്പാദന, കയറ്റുമതി ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന വ്യവസ്ഥകള്‍ ഉണ്ട്. ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങളും ഭക്ഷ്യ ഗുണനിലവാര പരിശോധനയ്ക്കായി 100 യൂണിറ്റുകളും ഒരു ജില്ല ഒരു ഉല്‍പ്പന്നം കാമ്പെയ്ന്‍ വര്‍ദ്ധിപ്പിക്കുന്ന സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.
സുഹൃത്തുക്കളേ,
ഈ ബജറ്റ് ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീന ജൈവ ആവാസവ്യവസ്ഥക്കും നിരവധി പുതിയ അവസരങ്ങള്‍ അവതരിപ്പിച്ചു. ബഹിരാകാശ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുള്ള 1000 കോടി രൂപയുടെ ഫണ്ടായാലും ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനമായാലും, നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
റെക്കോഡ് ഉയര്‍ന്ന മൂലധന ചെലവ് (കാപെക്‌സ്) സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കും. 12 പുതിയ വ്യാവസായിക നോഡുകള്‍, പുതിയ ഉപഗ്രഹ നഗരങ്ങളുടെ വികസനം, 14 പ്രധാന നഗരങ്ങള്‍ക്കുള്ള ഗതാഗത പദ്ധതികള്‍ എന്നിവയിലൂടെ രാജ്യത്തുടനീളം പുതിയ സാമ്പത്തിക കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടും, ഇത് നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
സുഹൃത്തുക്കളേ,
ഇന്ന് പ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലാണ്. പ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നിരവധി വ്യവസ്ഥകള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതത്തോടുള്ള ആഗോള താല്‍പ്പര്യം വര്‍ദ്ധിച്ചു, ടൂറിസം മേഖലയില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിച്ചു. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ടൂറിസം നിരവധി അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. ഈ ബജറ്റ് ടൂറിസം മേഖലയുടെ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വര്‍ഷമായി എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സ്ഥിരമായി നികുതി ഇളവ് നല്‍കിയിട്ടുണ്ട്. ഈ ബജറ്റില്‍ ആദായ നികുതി ഇളവുകളും വര്‍ധിപ്പിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുകളും അവതരിപ്പിച്ചു. കൂടാതെ, TDS നിയമങ്ങള്‍ ലളിതമാക്കിയിരിക്കുന്നു, ഇത് ഓരോ നികുതിദായകര്‍ക്കും അധിക ലാഭം നല്‍കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ കിഴക്കന്‍ മേഖലയുടെ സമഗ്രമായ വികസനം രാജ്യത്തിന്റെ പുരോഗതിക്ക് നിര്‍ണായകമാണ്. പൂര്‍വോദയയുടെ ദര്‍ശനത്തിലൂടെ ഞങ്ങളുടെ പ്രചാരണത്തിന് പുതിയ തുടക്കവും ഊര്‍ജവും ലഭിക്കും. കിഴക്കന്‍ ഭാരതത്തില്‍ ഹൈവേകള്‍, ജല പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ച് ഞങ്ങള്‍ വികസനം ത്വരിതപ്പെടുത്തും.
സുഹൃത്തുക്കളേ,
ഈ ബജറ്റ് രാജ്യത്തെ കര്‍ഷകര്‍ക്ക് കാര്യമായ ഊന്നല്‍ നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യ സംഭരണ പദ്ധതിയെ തുടര്‍ന്ന് ഞങ്ങള്‍ ഇപ്പോള്‍ പച്ചക്കറി ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിക്കുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാന്‍ ഈ സംരംഭം പുതിയ വിപണികള്‍ തുറക്കും. അതോടൊപ്പം, ഇത് മധ്യവര്‍ഗത്തിന് പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത വര്‍ദ്ധിപ്പിക്കുകയും മികച്ച കുടുംബ പോഷകാഹാരം ഉറപ്പാക്കുകയും ചെയ്യും. കാര്‍ഷിക മേഖലയില്‍ ഭാരതത്തിന് സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പയര്‍ വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്നത്തെ ബജറ്റില്‍ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുമുള്ള പ്രധാന സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. പാവപ്പെട്ടവര്‍ക്കായി മൂന്ന് കോടി പുതിയ വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനം. 5 കോടി ആദിവാസി കുടുംബങ്ങളെ സാച്ചുറേഷന്‍ അപ്രോച്ച് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജന്‍ജാതിയ ഉന്നത് ഗ്രാമ അഭിയാന്‍. കൂടാതെ, ഗ്രാമസഡക് യോജന 25,000 പുതിയ ഗ്രാമീണ മേഖലകളെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകളുമായി ബന്ധിപ്പിക്കും, ഇത് രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും വിദൂര ഗ്രാമങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
സുഹൃത്തുക്കളേ,
ഇന്നത്തെ ബജറ്റ് പുതിയ അവസരങ്ങള്‍ അവതരിപ്പിക്കുകയും പുത്തന്‍ ഊര്‍ജം പകരുകയും ചെയ്തു. ഇത് നിരവധി തൊഴിലുകളും സ്വയം തൊഴില്‍ സാധ്യതകളും സൃഷ്ടിച്ചു, ഇത് മെച്ചപ്പെട്ട വളര്‍ച്ചയും ശോഭനമായ ഭാവിയും പ്രോത്സാഹിപ്പിക്കുന്നു. ഒരു വികസിത രാഷ്ട്രത്തിന് ശക്തമായ അടിത്തറ പാകി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുന്നതിനുള്ള പ്രക്രിയയില്‍ ഈ ബജറ്റ് ഒരു ഉത്തേജകമായി വര്‍ത്തിക്കും.
എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍!