രാജ്യത്തിന്റെ ആത്മീയ ജീവിതത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളായി വഴികാട്ടിയായ ഒരു ദീപസ്തംഭമായി നില്‍ക്കുകയാണ് രാമേശ്വരം എന്ന ഈ ഭൂമി. അതോടൊപ്പം ഈ നൂറ്റാണ്ടില്‍ രാജ്യത്തിന് അബ്ദുള്‍കലാംജിയിലൂടെ സ്ഥിരോത്സാഹിയായ ഒരു ശാസ്ത്രജ്ഞനെ, പ്രചോദകനായ ഒരു അദ്ധ്യാപകനെ, ബുദ്ധിമാനായ ഒരു ചിന്തകനെ എല്ലാത്തിനുമുപരി മഹാനായ ഒരു രാഷ്ട്രപതിയെ സംഭാവനചെയ്തുവെന്ന കാരണത്താല്‍ കൂടി രാമേശ്വരം സ്മരിക്കപ്പെടും.
രാമേശ്വരത്തിന്റെ ഈ പുണ്യമണല്‍തരികളെ സ്പര്‍ശിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. നമ്മുടെ രാജ്യത്തെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നിന്റെ ആവാസ കേന്ദ്രമാണെങ്കില്‍പ്പോലും രാമേശ്വരം ഒരു മതകേന്ദ്രം മാത്രമല്ല. വളരെ ആഴത്തിലുള്ള ആത്മീയ അറിവിന്റെ ‘ജ്ഞാന പൂജ’ കേന്ദ്രവും കൂടിയാണ് രാമേശ്വരം. അമേരിക്കയില്‍ നിന്നും 1897ല്‍ മടങ്ങിയെത്തിയശേഷം സ്വാമി വിവേകാനന്ദന്‍ സന്ദര്‍ശിച്ച സ്ഥലവുമാണ്. ഈ പുണ്യഭൂമിയാണ് ഇന്ത്യയുടെ ഏറ്റവും പ്രശസ്തരായ മക്കളില്‍ ഒരാളായ ഡോ: എ.പി.ജെ. അബ്ദുള്‍കലാമിനെ രാജ്യത്തിന് സംഭാവന നല്‍കിയത്. ഡോ: കലാമിന്റെ പ്രവര്‍ത്തികളിലും ചിന്തകളിലുമൊക്കെ രാമേശ്വരത്തിന്റെ എളിമയും ആഴവും ശാന്തതയും പ്രതിഫലിച്ചിരുന്നു.
ഡോ: എ.പി.ജെ. അബ്ദുള്‍കലാമിന്റെ ചരമവാര്‍ഷികത്തിന് ഇവിടെ രാമേശ്വരത്ത് എത്താന്‍ കഴിഞ്ഞത് എനിക്ക് വളരെ വൈകാരിക നിമിഷങ്ങളായാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നമ്മള്‍ ഒരു ഉറച്ച തീരുമാനം എടുക്കുകയും രാമേശ്വരത്ത് ഒരു കലാം സ്മാരകം ഉണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ആ ഉറച്ചതീരുമാനം ഇക്കൊല്ലം പൂര്‍ത്തിയാക്കാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
വളരെ കുറഞ്ഞ സമയം കൊണ്ട് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമാണ് (ദി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍-ഡി.ആര്‍.ഡി.ഒ) ഈ സ്മാരകം തയാറാക്കിയത്. രാജ്യത്തെ വര്‍ത്തമാന-ഭാവികാല തലമുറകളെ പ്രചോദിപ്പിക്കുന്നതാകും ഈ സ്മാരകം.
കഴിഞ്ഞ വര്‍ഷം ശ്രീ. വെങ്കയ്യാനായിഡുവിനെ ചെയര്‍മാനാക്കികൊണ്ട് ഞാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. രാജ്യത്തെ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തില്‍ ഈ മണ്ണില്‍ ഒരു സ്മാരകം ഡി.ആര്‍.ഡി.ഒയേയും, തമിഴ്‌നാട് സര്‍ക്കാരിനെയും കൊണ്ട് നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഏല്‍പ്പിച്ചു. ഇന്ന്, ഈ സ്മാരകം കാണുമ്പോള്‍, ഈ കുറഞ്ഞ സമയത്തിനുള്ളില്‍ നൂതനാശയങ്ങളുടെയും ഭാവനയുടെയും പ്രത്യേകിച്ച് ഡോ: അബ്ദുള്‍കലാമിന്റെ ചിന്തകളുടെയും പ്രവര്‍ത്തികളുടെയും ജീവിതത്തിന്റെയും ഉല്‍കൃഷ്ടമാതൃക ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് എന്ന് എനിക്ക് ബോദ്ധ്യമാകുന്നു. ഇത്തരത്തിലുള്ള ഒരു സ്മാരകം നിര്‍മ്മിച്ചതിന് വെങ്കയ്യാജിയേയും അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ ടീമിനേയും തമിഴ്‌നാട് ഗവണ്‍മെന്റിനേയും ഇന്ത്യാ ഗവണ്‍മെന്റിന്റെ വകുപ്പുകളേയും ഡി.ആര്‍.ഡി.ഒയേയും ഞാന്‍ അഭിനന്ദിക്കുന്നു.
ഏതെങ്കിലും പ്രവര്‍ത്തി നമ്മുടെ ഭാവനയ്ക്കനുസരിച്ച് സമയത്തിന് നമ്മുടെ രാജ്യത്ത് പൂര്‍ത്തിയാകുമോയെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാകാം. അതോടൊപ്പം ഒരു സര്‍ക്കാരിന് അങ്ങനെ ചെയ്യാനാകുമോയെന്നും പൗരന്മാര്‍ അതിശയിക്കുന്നുണ്ടാകാം?
ഇത് സാദ്ധ്യമാണ്, എന്തെന്നാല്‍, രാജ്യത്തെ ജനങ്ങള്‍ ഏല്‍പ്പിക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കടമപ്പെട്ട ഒരു ഗവണ്‍മെന്റ് ഇന്ന് നമുക്ക് ഡല്‍ഹിയിലുണ്ട്. ഈ ഗവണ്‍മെന്റ് ജോലി സംസ്‌ക്കാരത്തെ പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തുകയും സമയാധിഷ്ഠിത പ്രവര്‍ത്തന സംസ്‌ക്കാരത്തെ വിജയകരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഗവണ്‍മെന്റും പണവും ആസൂത്രണവും ഊര്‍ജ്ജവും കൊണ്ടുമാത്രം എല്ലാ പ്രവര്‍ത്തിയും ചെയ്യാനാകുമെന്ന് കരുതരുത്. ഈ രാജ്യത്തെ 125 കോടി ജനങ്ങളെയും അഭിമാനാര്‍ഹരാക്കുന്ന ഈ സ്മാരകത്തിന് പിന്നിലുള്ള മറ്റൊരു രഹസ്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. ഗവണ്‍മെന്റിനും പണത്തിനും ആസൂത്രണത്തിനും ഉപരിയായി ഇതിന്റെ പണിക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തിയ കരകൗശലക്കാര്‍, തൊഴിലാളികള്‍, കലാകാരന്മാര്‍, വാസ്തുശില്‍പ്പികള്‍ എന്നിവരുടെ ശ്രദ്ധാപൂര്‍വമുള്ള അദ്ധ്വാനമായിരുന്നു ആ രഹസ്യം. ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരെല്ലാം രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചുവരെ എന്ന സര്‍ക്കാര്‍ മാനദണ്ഡത്തിനനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അതിനുശേഷം വൈകിട്ട് 5 മുതല്‍ 6 വരെ വിശ്രമം, തുടര്‍ന്ന് തങ്ങളുടെ സായാഹ്‌ന ചായയും കഴിഞ്ഞ് 6 മുതല്‍ രാത്രി എട്ടുവരെ അധികസമയം അവര്‍ പ്രവര്‍ത്തിക്കുമായിരുന്നു. ഇത് തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും രൂപത്തില്‍ അബ്ദുള്‍കലാംജിയ്ക്ക് അവര്‍ നല്‍കിയ ശ്രദ്ധാജ്ഞലിയാണ്. ”ഈ രീതിയിലാണ് അദ്ദേഹത്തിന് ഞങ്ങളുടെ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നത്” എന്നാണ് അവര്‍ പറഞ്ഞത്.
അര്‍പ്പണമനോഭാവത്തോടെ ഈ പുണ്യലക്ഷ്യം സാക്ഷാത്കരിച്ച എന്റെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് മുന്നില്‍ ഞാന്‍ തലകുനിയ്ക്കുന്നു. ഈ തൊഴിലാളികളും കരകൗശല വിദഗ്ധരും വളരെ മഹത്തരമായ ഒരു പ്രവര്‍ത്തിയാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. ഇവിടെ ഈ പരിപാടിയില്‍ സംബന്ധിക്കുന്ന എല്ലാവരോടും എഴുന്നേറ്റ് നിന്ന് അവര്‍ക്ക് ആദരവ് അറിയിക്കാനും ഈ മഹത്തരമായ പ്രവര്‍ത്തിയെ കൈയടിച്ച് അഭിനന്ദിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഒരു തൊഴിലാളിയുടെ മനസില്‍ ദേശസ്‌നേഹത്തിന്റെ ഊര്‍ജ്ജം നിറയുമ്പോള്‍ വളരെ മഹത്തരമായ വിജയങ്ങള്‍ നേടാനാകുമെന്നതിന് രാമേശ്വരത്തുള്ള അബ്ദുള്‍കലാംജിയുടെ ഈ സ്മാരകം ഉദാഹരണമാണ്. അമ്മയുടെ അസാന്നിദ്ധ്യം ഇവിടെ അനുഭവപ്പെടുന്നു, ഒരു ശൂന്യതയാണ് തോന്നുന്നത്. ഇന്ന് അമ്മ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ തൊഴിലാളികളുടെ ഈ പ്രവര്‍ത്തിയില്‍ അവര്‍ വളരെ സന്തോഷവതിയാകുകയും മംഗളാശംസകള്‍ നേരുകയും ചെയ്യുമായിരുന്നു. നമ്മളെല്ലാം ഓര്‍മ്മിക്കേണ്ട ഒരു നേതാവാണവര്‍. തമിഴ്‌നാടിന്റെ ശോഭനമായ ഭാവിക്കുവേണ്ടി അവരുടെ ആത്മാവ് ഇപ്പോഴും ആനുഗ്രഹങ്ങള്‍ ചൊരിയുന്നുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്ന് രാമേശ്വരത്തിന്റെ പുണ്യഭൂമിയില്‍ നിന്നുകൊണ്ട് രാജ്യത്തെ ജനങ്ങളോട് ഞാന്‍അപേക്ഷിക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ രാമേശ്വരം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. എപ്പോഴൊക്കെ നിങ്ങള്‍ രാമേശ്വരത്ത് വരുന്നുവോ അപ്പോഴൊക്കെ അബ്ദുള്‍കലാംജിയുടെ ഈ സ്മാരകം സന്ദര്‍ശിക്കുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യണം എന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരോടും രാമേശ്വരത്തുവരുന്ന സന്ദര്‍ശകരോടും യുവതലമുറയോടും എനിക്ക് അപേക്ഷിക്കാനുള്ളത്. ഈ പ്രചോദനദായക തീര്‍ത്ഥാടനത്തിനായി നിര്‍ബന്ധമായും നിങ്ങള്‍ ഇവിടെ വരണം.
ഇന്നത്തെ പരിപാടികള്‍ ഒരുതരത്തില്‍ പഞ്ചാമൃതം, 5-അമൃതം നിറഞ്ഞത് ആണ്. അബ്ദുള്‍കലാമിന്റെ ചരമവാര്‍ഷികത്തില്‍ അബ്ദുള്‍ കലാംജിയുടെ സ്മാരകം, റെയില്‍, റോഡ്, ഭൂമി, സമുദ്രം എന്നിങ്ങനെ അഞ്ചു പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇന്ന് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ ചെറിയ ബോട്ടുകളിലാണ് കടലില്‍ പോകുന്നത്. തങ്ങള്‍ ഇന്ത്യന്‍ കടലതിര്‍ത്തിക്കുള്ളിലാണോ, അതിര്‍ത്തിയിലാണോ, അതോ അത് കടന്നോ എന്നൊന്നും അറിയാനാകാതെ അവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നീലവിപ്ലവ പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര ഗവണ്‍മെന്റ് ഈ മത്സ്യത്തൊഴിലാളികളെ സഹായിക്കും. നമ്മുടെ ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ സഹഗ്രാമക്കാര്‍ക്ക് ഗവണ്‍മെന്റില്‍ നിന്നും വായ്പയും ഗ്രാന്റും സബ്‌സിഡിയുംലഭിക്കും. അവര്‍ക്ക് വലിയ ട്രോളറുകള്‍ ലഭിക്കും അതുപയോഗിച്ച് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകാനും കഴിയും. ഇന്ന് ഇതിന് തുടക്കം കുറിച്ചു കഴിഞ്ഞു, കുറച്ച് മത്സ്യതൊഴിലാളികള്‍ക്ക് ഞാന്‍ തന്നെ ചെക്ക് കൈമാറിയിട്ടുമുണ്ട്.
രാമേശ്വരത്തിന്റെ ഭൂമി ഭഗവാന്‍ രാമചന്ദ്രജിയുമായി കൂടി ബന്ധപ്പെട്ടതാണ്. രാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയെ ശ്രദ്ധാസേതു എന്ന റെയില്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കുകയാണ്. അതിന്റെ ഭാഗമായ രാമേശ്വരത്തുനിന്ന് അയോദ്ധ്യയിലേക്കുള്ള റെയില്‍ റോഡ് ഉദ്ഘാടനംചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതുപോലെ രാമസേതു കാണണമെന്നാഗ്രഹിക്കുവര്‍ക്കും, സമുദ്രത്തിലെ വഴിയിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ധനുഷ്‌കോടിയിലേക്കുള്ള പ്രധാനപ്പെട്ട ഒരു റോഡിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. അത് രാജ്യത്തിന് സമര്‍പ്പിക്കാനുള്ള അവസരവും ഇന്ന് ലഭിച്ചു.
ഇന്ത്യയെക്കുറിച്ച് ബോധദീപ്തമാക്കിയതിന് വിദേശത്തുനിന്ന് പ്രശംസകള്‍ നേടി വിജയിച്ചശേഷം 1897ല്‍ സ്വാമി വിവേകാനന്ദന്‍ വന്നിറങ്ങിയത് രാമേശ്വരത്തെ ഈ ഭൂമിയിലാണ്. വളരെ പ്രശസ്തമായ വിവേകാനന്ദ സ്മാരകം സമീപത്താണ്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചില സന്നദ്ധസംഘടനകള്‍ രാമേശ്വരത്തെ ഹരിതാഭമാക്കിയെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. രാമേശ്വരത്തിന്റെ ഭാവിക്ക് വേണ്ടി പ്രയത്‌നിക്കുന്ന എല്ലാ സംഘടനകള്‍ക്കും പ്രത്യേകിച്ച് വിവേകാനന്ദ കേന്ദ്രയ്ക്ക് എന്റെ അഭിനന്ദങ്ങള്‍.
ഇന്ത്യന്‍ മഹാസമുദ്രവും ഇന്ത്യയുടെ നീണ്ട 7,500 കിലോമീറ്റര്‍ നീളമുള്ള തീരദേശവും വളരെയധികം നിക്ഷേപസാദ്ധ്യതകളുള്ളതാണ്. ഇത് മനസില്‍ കണ്ടുകൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്റ് സാഗര്‍മാല പദ്ധതിക്ക് തുടക്കം കുറിച്ചത്. നമ്മുടെ തീരരേഖയുടെ നേട്ടം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ ചരക്കുനീക്കത്തിനെ പരിവര്‍ത്തനംചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാഗര്‍മാല പദ്ധതിയിലൂടെ വ്യാപാരത്തിനുള്ള ചരക്കുനീക്കംത്തിന്റെയും കയറ്റുമതി ഇറക്കുമതി എന്നിവയുടേയും ചെലവുകുറയ്ക്കാനാണ് ശ്രമിക്കുന്നത്. തീരദേശമേഖലയിലെ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ ഈ പദ്ധതികളിലൂടെ വലിയ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
അബ്ദുള്‍കലാംജിയ്ക്കുള്ള ഒരു ശ്രദ്ധാജ്ഞലിയായാണ് ഡി.ആര്‍.ഡി.ഒ ഈ സ്മാരകം നിര്‍മ്മിച്ചതെന്ന് അറിയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. അതേപോലെത്തന്നെ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡി.ആര്‍.ഡി.ഒ. നമ്മുക്കും ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഇവിടെ നിന്ന് യാത്ര തിരിക്കുന്ന തീവണ്ടിപോലെ ഈ സ്ഥാപനം ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. രാമേശ്വരത്തുനിന്നും അയോദ്ധ്യയിലേക്ക് പോകുന്ന ഈ തീവണ്ടി ശ്രദ്ധസേതുവിന്റെ എല്ലാ ശൗച്യാലയങ്ങളും ബയോ-ടോയിലറ്റുകളാണെന്നത് വളരെയധികം പ്രശംസനീയമാണ്. ശുചിത്വ ഇന്ത്യ എന്ന നമ്മുടെ ലക്ഷ്യത്തിന് ശ്രദ്ധസേതു എന്ന ഈ തീവണ്ടി പ്രചോദനമാകും.
സുഹൃത്തുക്കളെ, ഡോ: അബ്ദുള്‍ക്കലാം ആരെയെങ്കിലും ഏറ്റവും കൂടുതല്‍ പ്രചോദിപ്പിരുന്നുവെങ്കില്‍ അത് നമ്മുടെ നാട്ടിലെ യുവതയെയാണ്. ഇന്നത്തെ യുവത അവന്റെയോ, അവളുടേയോ കരുത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നവരാണ്. യുവതയ്ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. യുവത്വത്തിന്റെ നൈപുണ്യവികസനത്തിനായി പരിശീലനകേന്ദ്രങ്ങളും നൈപുണ്യവികസന കേന്ദ്രങ്ങളും രാജ്യത്തെ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. യുവത്വത്തിന് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട മൂലധനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് മുദ്രാ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മുദ്ര പദ്ധതിയുടെ ഭാഗമായി 8 കോടി ബാങ്ക് അക്കൗണ്ടുകാര്‍ക്കായി ഇതിനകം നാലുലക്ഷം കോടിയിലധികം രൂപ വായ്പയായി വിതരണം ചെയ്തുകഴിഞ്ഞു. ഇതിലൂടെ അവര്‍ക്ക് ജീവിതത്തില്‍ അവരുടെ സ്വന്തം പന്ഥാവ് വെട്ടിത്തെളിക്കാനും പുരോഗതി കൈവരിക്കാനും കഴിയും. ഈ ഗുണഭോക്താക്കളില്‍ ഒരുകോടിയിലധികം പേര്‍ തമിഴ്‌നാട്ടില്‍ നിന്നാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തമിഴ്‌നാട്ടിലെ യുവത്വത്തിന് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള താല്‍പര്യവും ഊര്‍ജ്ജസ്വലതയുമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ സംസ്ഥാനത്തിലെ അടിസ്ഥാനസൗകര്യവികസനത്തിലാണ് കേന്ദ്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഒരു നവ തമിഴ്‌നാട് സൃഷ്ടിക്കാതെ നവ ഇന്ത്യ സാദ്ധ്യമല്ല. അതുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റിന് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമായ കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളെ പരസ്യമായി സ്വാഗതംചെയ്തതിന് ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് നന്ദിരേഖപ്പെടുത്തുന്നു. അതോടൊപ്പം സഹകരണത്തിനും ഞാന്‍ അദ്ദേഹത്തിന് കൃതജ്ഞത അറിയിക്കുകയാണ്.
ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, തഞ്ചാവൂര്‍, തുടങ്ങി ഈ വലിയ നഗരങ്ങളെല്ലാം സംസ്ഥാനത്ത് നിന്ന് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത 10 നഗരങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ഈ നഗരങ്ങള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് 900 കോടി, 1000 കോടിക്കടുത്ത് രൂപ നല്‍കിക്കഴിഞ്ഞു. അമൃത്മിഷനില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 33 നഗരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്രം തമിഴ്‌നാടിന് വേണ്ടി 4,700 കോടി രൂപകൂടി നല്‍കുന്നതിന് അംഗീകരിച്ചിട്ടുണ്ട്. ഈ 33 നഗരങ്ങളില്‍ വൈദ്യുതി, വെള്ളം, സ്വിവറേജ്, ശുചിത്വം, പുന്തോട്ടവല്‍ക്കരണം എന്നീ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഈ തുക വിനിയോഗിക്കും.
ഈ പദ്ധതി രാമേശ്വരത്തിനും ഒപ്പം മധുരൈ, തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ തുടങ്ങിയ നഗരങ്ങള്‍ക്കും വളരെയധികം ഗുണംചെയ്യും. 4000 കോടി രൂപയുടെ ചെലവില്‍ ചെന്നൈ മെട്രോ റെയിലിന്റെ ആദ്യഘട്ട വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് തമിഴ്‌നാട്ടിലെ ഗ്രാമീണറോഡുകള്‍, ഗ്രാമീണമേഖലയിലെ യുവതയുടെ നൈപുണ്യവികസനത്തിനായി സ്വയം സഹായ സംഘങ്ങളുടെ വിപുലീകരണം എന്നിവയ്ക്കായി ഏകദേശം 18,000 കോടി രൂപയും നല്‍കി.
തമിഴ്‌നാട്ടിലെ ജനങ്ങളോടും ഗവണ്‍മെന്റിനോടും ഒരു അഭ്യര്‍ത്ഥനചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശുചിത്വ ഇന്ത്യ മിഷന്റെ കിഴില്‍ രാജ്യത്തെ എല്ലാ നഗരങ്ങളും തമ്മില്‍ ഒരു മത്സരം നടക്കുന്നുണ്ട്. മറ്റുള്ളവരെക്കാള്‍ മുമ്പിലായി വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിക്കാനുള്ള മത്സരവും നടക്കുന്നുണ്ട്. ഈ ഓട്ടപന്തയത്തില്‍ തമിഴ്‌നാട് പിന്നിലാവില്ലെന്നും ലക്ഷ്യം നേടുന്നതിനായി കഠിനാദ്ധ്വാനംചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
അതുപോലെ ഏട്ടുലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ഗവണ്‍മെന്റ് കരുതുന്നു. പ്രധാനമന്ത്രി നഗര പാര്‍പ്പിട പദ്ധതിയിലൂടെ ഈ ആവശ്യം സഫലമാക്കാനാകും. എത്രയും വേഗം പദ്ധതി സമര്‍പ്പിക്കുന്നതിനും അംഗീകരിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനും ഞാന്‍ സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.
ഒരു വികസിത ഇന്ത്യ എന്ന സ്വപ്‌നത്തിന് വേണ്ടിയാണ് ഡോ: അബ്ദുള്‍കലാം തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ചത്. ഈ ലക്ഷ്യം നേടുന്നതിനായി 125 കോടിയിലധികം വരുന്ന രാജ്യവാസികളെ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഈ പ്രചോദനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022ല്‍ നവ ഇന്ത്യ എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഏറെ സഹായകരമാകും.
നമ്മുടെ രാജ്യം 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളുമാണ് ഞങ്ങള്‍ ചെയ്യുന്നത്. അത് ഡോ: കലാമിനുള്ള ഒരു ശ്രദ്ധാജ്ഞലിയുമായിരിക്കും.
ഇന്ന് ഞാന്‍ ഇവിടെ രാമേശ്വരത്ത് നില്‍ക്കുമ്പോള്‍ ഇവിടെ ജനങ്ങള്‍ ചെയ്ത ഓരോ പ്രയത്‌നവും ഓര്‍ക്കുകയാണ്. ഇന്ത്യാക്കാരില്‍ ഓരോരുത്തരും ഒരു അടിവച്ചാല്‍ തന്നെ ഇന്ത്യയ്ക്ക് 125 കോടി പടികള്‍ മുന്നോട്ടുപോകാന്‍ കഴിയും.
രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നോക്കിയാലും രാമേശ്വരത്ത് ഇവിടെയാണ് സമുദ്രം തുടങ്ങുന്നത്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിലൂടെ നിങ്ങള്‍ ഡോ: അബ്ദുള്‍കലാമിന് എത്ര ബഹുമാനം നല്‍കുന്നുവെന്നും രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി സയം അര്‍പ്പിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നതുമാണ് പ്രതിഫലിക്കുന്നത്. എനിക്ക് ഇക്കാര്യങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. ഒരിക്കല്‍ കൂടി ഈ വന്‍ ജനാവലിക്ക് മുന്നില ഞാന്‍ ശിരസ്‌നമിക്കുന്നു. നമ്മെ വിട്ടുപരിഞ്ഞുപോയ അബ്ദുള്‍കലാം ജിയ്ക്കും അമ്മയ്ക്കും ബഹുമാനമത്താടെ എന്റെ ശ്രദ്ധാജ്ഞലി ഞാന്‍ അര്‍പ്പിക്കുന്നു.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെയധികം നന്ദി.
.