ആദരണീയനായ ശ്രീ സിദ്ധലിംഗേശ്വര സ്വാമിജി, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍ ശ്രീ ഡി വി സദാനന്ദ ഗൗഡാജി, ശ്രീ. പ്രഹ്ലാദ് ജോഷിജി, കര്‍ണാടക മന്ത്രിസഭാംഗങ്ങള്‍, ബഹുമാനപ്പെട്ട സന്യാസശ്രേഷ്ഠരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ഭക്തജനങ്ങളേ, മഹതികളെ മാന്യരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. തുങ്കുരിവിലെ ഡോ. ശിവകുമാര്‍ സ്വാമിജിയുടെ മണ്ണായ സിദ്ധഗംഗാ മഠത്തില്‍ വന്നുചേരാനായതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നവവല്‍സര ആശംസകള്‍.
നിങ്ങള്‍ക്കെല്ലാം 2020ല്‍ നല്ലതുവരട്ടെ!
നിങ്ങളുടെയെല്ലാം സാന്നിധ്യത്തില്‍ എന്റെ പുതിയ വര്‍ഷം പുണ്യഭൂമിയായ തുങ്കുരുവില്‍ ആരംഭിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. സിദ്ധഗംഗാ മഠത്തിന്റെ ഈ പവിത്രമായ ഊര്‍ജ്ജം മുഴുവനാളുകളെയും ആഹ്ലാദിപ്പിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
സുഹൃത്തുക്കളേ,
നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ വരാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാനാണ്. അതേസമയം തന്നെ ഒരു ഏകാന്തതാ ബോധവും എന്നെ ഗ്രസിച്ചിരിക്കുന്നു. പൂജനീയ സ്വാമി ശ്രീ ശ്രീ ശിവകുമാര്‍ ജിയുടെ ഭൗതിക അസാന്നിധ്യം നാമെല്ലാം അനുഭവിക്കുകയാണ്. അദ്ദേഹത്തെയൊന്നു സന്ദര്‍ശിക്കുന്നതോടെ ജീവിതത്തില്‍ ഊര്‍ജ്ജം വന്നു നിറയും എന്നാണ് എന്റെ അനുഭവം. അദ്ദേഹത്തിന്റെ പ്രചോദനാത്മക വ്യക്തിത്വത്തില്‍ ഈ പുണ്യഭൂമി, പ്രത്യേകിച്ചും, വിദ്യാഭ്യാസത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇവിടെ നിന്നുത്ഭവിച്ച നിരന്തര പ്രവാഹം പതിറ്റാണ്ടുകളായി സമൂഹത്തിനു ദിശകാട്ടുന്നു. സ്വാമിജി തന്റെ ജീവിതത്തില്‍ നിരവധിയാളുകളില്‍ അസാധാരണ സ്വാധീനം ചെലുത്തി.
ശ്രീ ശ്രീ ശിവശങ്കര്‍ജിയുടെ സ്മണാര്‍ത്ഥം സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ മ്യൂസിയം ആളുകളെ പ്രചോദിപ്പിക്കുക മാത്രമല്ല ദേശീയതലത്തില്‍ത്തന്നെ സമൂഹത്തിന് ദിശ കാട്ടുകയും ചെയ്യും. ഒരിക്കല്‍ക്കൂടി ഞാന്‍ പൂജ്യ സ്വാമിജിയുടെ പാദങ്ങളില്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ, കര്‍ണാടകത്തിന്റെ മറ്റൊരു പുണ്യാത്മാവ് വിട പറഞ്ഞ വേളയിലാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. പെജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ വിയോഗം. നമ്മുടെ ആത്മീയ സാമൂഹിക ജീവിതത്തില്‍ അത്തരം നെടുംതൂണുകളുടെ നഷ്ടം വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. നമുക്ക് ഈ ചംക്രമണത്തെ തടയാനാകില്ലെങ്കിലും ഈ പുണ്യാത്മാക്കള്‍ കാണിച്ചുതന്ന വഴികള്‍ ശക്തിപ്പെടുത്താനും മാനവികതയെയും ഭാരതമാതാവിനെയും സേവിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാനും ഉറപ്പായും നമുക്കു സാധിക്കും.
സുഹൃത്തുക്കളേ, നവോന്മേഷത്തോടെയും ഉല്‍സാഹത്തോടെയും ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുന്ന ഈ വേള പ്രധാനമാണ്. മുന്‍ ദശകങ്ങള്‍ എങ്ങനെയാണ് തുടങ്ങിയതെന്ന് നിങ്ങ്ള്‍ക്ക് ഓര്‍മയുണ്ടാകും. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ മൂന്നാം ദശകം തുടങ്ങുന്നത് പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും ശക്തമായ അടിത്തറയിലാണ്.
പുതിയ ഇന്ത്യക്കു വേണ്ടിയാണ് ഈ അഭിലാഷം. സ്വപ്‌നങ്ങള്‍ക്ക് ഈ അഭിലാഷങ്ങള്‍ യുവത്വം നല്‍കുന്നു. രാജ്യത്തെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അഭിലാഷമാണിത്. ഈ അഭിലാഷം രാജ്യത്തെ പാവങ്ങള്‍ക്കും പീഡിതര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും വേണ്ടിയാണ്. എന്താണ് ഈ അഭിലാഷം? ഇന്ത്യ ഒരു ഐശ്വര്യപൂര്‍ണവും പ്രാപ്തവും പരോപകാരിയുമായ ലോക ശക്തിയാകുന്നതിനുള്ള അഭിലാഷമാണിത്. ലോകഭൂപടത്തില്‍ ഇന്ത്യ അതിന്റെ സ്വാഭാവിക സ്ഥാനം സ്ഥാപിക്കുന്നതു കാണുക എന്നതാണ് ഈ അഭിലാഷം.
സുഹൃത്തുക്കളേ,
ഈ അഭിലാഷം സാക്ഷാല്‍കരിക്കുന്നതിന് ഒരു രാഷ്ട്രം എന്ന നിലയില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് ഏറ്റവും മുന്‍ഗണന രാജ്യത്തെ ജനങ്ങള്‍ നല്‍കണം. അപ്പോള്‍, നമ്മോടൊപ്പം തന്നെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരായി മാറുന്ന ആത്മീയ ശക്തിയാണ് ഓരോ ഇന്ത്യക്കാരനുമുണ്ടാവുക. സമൂഹത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ഇതേ സന്ദേശം നമ്മുടെ ഗവണ്‍മെന്റിനെയും പ്രചോദിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായ മാറ്റങ്ങളുണ്ടാക്കുന്നതിന് 2014 മുതല്‍ രാജ്യം മുമ്പില്ലാത്ത പ്രയത്‌നം നടത്തുന്നതിനു കാരണം ഇതാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം നടത്തിയ പ്രയത്‌നങ്ങള്‍ ഒരു സമൂഹമെന്ന നിലയിലും ഒരു രാഷ്ട്രം എന്ന നിലയിലും നമ്മെ മഹത്തായ ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നു. വെളിയിട വിസര്‍ജ്ജന മുക്തമക്കി രാജ്യത്തെ മാറ്റുക എന്ന ദൃഢനിശ്ചയം ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നു. രാജ്യത്തെ പാവപ്പെട്ട സ്ത്രീകളെ അടുപ്പിലെ പുകയില്‍ നിന്നു മോചിപ്പിക്കുക എന്ന പ്രതിജ്ഞ നടപ്പായിരിക്കുന്നു. ആനൂകൂല്യങ്ങള്‍ നേരിട്ടു ലഭിക്കുന്നതിലേക്ക് രാജ്യത്തെ മുഴുവന്‍ കര്‍ഷക കുടുംബങ്ങളെയും എത്തിക്കാനുള്ള ദൃഢനിശ്ചയവും തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരെ സാമൂഹിക സുരക്ഷാ, പെന്‍ഷന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള ദൃഢനിശ്ചയവും യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയവും പ്രയോഗവും മാറ്റാനുള്ള ദൃഢനിശ്ചയവും നടപ്പായിരിക്കുന്നു. ജമ്മു, കശ്മീരില്‍ നിന്ന് ഭീകരപ്രവര്‍ത്തനവും ജനങ്ങളുടെ ജീവനു നിലനിന്ന അനിശ്ചിതാവസ്ഥയും അവസാനിപ്പിക്കുന്നതിനും ജമ്മുവിലും കശ്മീരിലും ലഡാക്കിലും വികസനത്തിന്റെ പുതിയ യുഗം ആരംഭിക്കുന്നതിനും 370-ാം വകുപ്പ് റദ്ദാക്കി. വ്യത്യസ്ഥ മതവിശ്വാസികളായതിന്റെ പേരില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നു പുറത്തായ ന്യൂനപക്ഷ വിഭാഗങ്ങളെ അംഗീകരിക്കാന്‍ നമ്മുടെ രാജ്യം നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. ഇതിനെല്ലാം ഇടയില്‍ രാമജന്മഭൂമിയില്‍ ഒരു മഹാക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ പൂര്‍ണമായി നീങ്ങുകയും പൂര്‍ണ സമാധാനത്തോടെയും സുഹൃത്തുക്കളുടെ സഹകരണത്തോടെയും അത് യാഥാര്‍ത്ഥ്യമാക്കാന്‍ അവസരമൊരുങ്ങുകയും ചെയ്തിരിക്കുന്നു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ചരിത്രപരമായ തീരുമാനം നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ സ്ഥാപനമായ പാര്‍ലമെന്റ് എടുക്കുകയുണ്ടായി. പക്ഷേ, കോണ്‍ഗ്രസും അവരുടെ കൂട്ടുകക്ഷികളും ചേര്‍ന്ന് പാര്‍ലമെന്റിനെതിരേ നിലകൊണ്ടു. അവരുടെ വെറുപ്പ് ഇപ്പോള്‍ പാര്‍ലമെന്റിനു നേരെയും കാണിക്കുകയാണ്. ഇന്ത്യയുടെ പാര്‍ലമെന്റിനെതിരേ ഇവര്‍ ഒരു പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു. ദളിതുകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാക്കിസ്ഥാനില്‍ നിന്ന് ഓടിപ്പോന്ന ചൂഷിതരായ ആളുകള്‍ക്കെതിരേയുമാണ് ഇവര്‍ സമരം ചെയ്യുന്നത്.
സുഹൃത്തുക്കളേ,
പാക്കിസ്ഥാന്‍ രൂപംകൊണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. രാജ്യം വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തില്‍. വിഭജനകാലത്ത് പാക്കിസ്ഥാനിലെ മറ്റു മതസ്ഥര്‍ക്കെതിരേ അതിക്രമങ്ങളുണ്ടായി. ഹിന്ദുക്കളോ സിഖുകാരോ ക്രിസ്ത്യാനികളോ ജയിനരോ ആരായാലും മറ്റു മതസ്ഥര്‍ക്കെതിരാണെങ്കില്‍ അവര്‍ക്കെതിരേ പീഡനങ്ങള്‍ വര്‍ധിച്ചുവന്നു. അത്തരം ആയിരക്കണക്കിന് ആളുകള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തി.
ഹിന്ദുക്കളെയും സിഖുകാരെയും ജയിനരെയും ക്രിസ്ത്യാനികളെയും പാക്കിസ്ഥാന്‍ പീഡിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാക്കിസ്ഥാനതിരേ സംസാരിച്ചില്ല. സ്വന്തം ജീവന്‍ രക്ഷിക്കാനും പെണ്‍മക്കളുടെ മാനം രക്ഷിക്കാനും പാക്കിസ്ഥാനില്‍ നിന്ന് ഇവിടേക്കു വന്നവര്‍ക്കെതിരോ ഇവരെന്തിനാണ് പ്രകടനങ്ങള്‍ നടത്തുന്നത് എന്നാണ് ഇന്ന് ഓരോ ഇന്ത്യക്കാരും ചോദിക്കുന്നത്. മാത്രമല്ല, അവര്‍ക്കെതിരായ അതിക്രമങ്ങളോട് നിശ്ശബ്ദത പാലിച്ചവരുമാണ് ഇവര്‍.
പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുകയും അവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുക എന്നത് നമ്മുടെ ചുമതലയാണ്. ഹിന്ദുക്കളെയും ദളിതുകളെയും പാക്കിസ്ഥാനില്‍ പീഡിപ്പിക്കപ്പെട്ടവരെയും അവരുടെ വിധിക്കു വിട്ടുകൊടുക്കാതിരിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് നമ്മുടെ ചുമതലയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള സിഖുകാരെ അവരെ വിധിക്കു വിടാതിരിക്കുകയും സഹായിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ജയിനരെയും ക്രിസ്ത്യാനികളെയും അവരുടെ വിധിക്കു വിടാതെ സഹായിക്കുകയും നമ്മുടെ ചുമതലയാണ്.
സുഹൃത്തുക്കളേ,
പാക്കിസ്ഥാന്റെ ചെയ്തികള്‍ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാട്ടേണ്ടത് ആവശ്യമാണ് എന്നാണ് പാര്‍ലമെന്റിനെതിരേ സമരം ചെയ്യുന്നവരോട് ഇന്നെനിക്കു പറയാനുള്ളത്. നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ കഴിഞ്ഞ 70 വര്‍ഷത്തിലധികമായി പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ നിങ്ങളുടെ ശബ്ദമുയരത്തു.
നിങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തണമെങ്കില്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനത്തിനെതിരേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തു. നിങ്ങള്‍ക്കൊരു പ്രകടനം നടത്തിയേ തീരുവെങ്കില്‍ പാക്കിസ്ഥാനിലെ പീഡനം സഹിക്കാതെ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദുക്കള്‍ക്കും ദളിതുകള്‍ക്കും ചൂഷിതരായ മറ്റു വിഭാഗങ്ങള്‍ക്കും പിന്തുണ അറിയിച്ചുകൊണ്ടാകട്ടെ അത്. നിങ്ങള്‍ക്കു പ്രക്ഷോഭം നടത്തണമെങ്കില്‍ അത് പാക്കിസ്ഥാനെതിരേയാകട്ടെ.
സുഹൃത്തുക്കളേ,
രാജ്യം ദശാബ്ദങ്ങളായി നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് രാപകലില്ലാതെ പണിയെടുക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ജീവിതം സാധ്യമാക്കുകയാണ് ഞങ്ങളുടെ മുന്‍ഗണന. പാവപ്പെട്ട മുഴുവനാളുകള്‍ക്കും ഒരു മേല്‍ക്കൂര, എല്ലാ വീട്ടിലും പാചക വാതക കണക്ഷന്‍, പൈപ്പിലൂടെ കുടിവെള്ളം, എല്ലാവര്‍ക്കും ആരോഗ്യരക്ഷാ സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ്, എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്റ് തുടങ്ങിയ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
2014ല്‍ ശുചിത്വ ഭാരത ദൗത്യത്തില്‍ പങ്കാളികളാകാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ നിങ്ങള്‍ പിന്തുണയുടെ കരം നീട്ടി. നിങ്ങളെപ്പോലെ കോടിക്കണക്കിനാളുകളുടെ സഹകരണം ലഭിച്ചപ്പോള്‍ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തില്‍ ഇന്ത്യ വെളിയിട വിസര്‍ജ്ജനത്തില്‍ നിന്നു സ്വതന്ത്രമായി.
ഇന്ന് ഈ പുണ്യഭൂമിയില്‍ എത്തിയ എനിക്ക് മൂന്നു തീരുമാനങ്ങളില്‍ സന്യാസി സമൂഹത്തിന്റെ സജീവ പിന്തുണ ആവശ്യമുണ്ട്. ചുമതലകള്‍ക്കും കര്‍ത്തവ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നമ്മുടെ പുരാതന സംസ്‌കാരം ഒന്നാമതായി നമുക്ക് ശക്തമാക്കണം, ജനങ്ങള്‍ അതിനു വേണ്ടി ഉണര്‍ന്നെണീക്കണം. രണ്ടാമതായി, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണം. മൂന്നാമതായി, ജലസംരക്ഷണത്തെയും ജലക്കൊയ്ത്തിനെയും കുറിച്ച് പൊതുജന അവബോധമുണ്ടാക്കുന്നതിനു സഹകരണം വേണം.
സുഹൃത്തുക്കളേ,
രാത്രിവഴിയിലെ വിളക്കുമാടം പോലെ പുണ്യാത്മാക്കളെയും ഋഷിവര്യന്മാരെയും ഗുരുക്കന്മാരെയും ഇന്ത്യ എല്ലാക്കാലത്തും കണ്ടിട്ടുണ്ട്. പുതിയ ഇന്ത്യയിലും സിദ്ധഗംഗാ മഠവുമായി ബന്ധപ്പെട്ട ആത്മീയവും വിശ്വാസപരവുമായ നേതൃത്വത്തിന്റെ പങ്ക് പ്രധാനമാണ്.
നിങ്ങളെല്ലാവരുടെയും, പുണ്യാത്മക്കളുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരിക്കട്ടെ. നിങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ പ്രതിജ്ഞകള്‍ നിറവേറ്റാനാകട്ടെ. ഈ പ്രാര്‍ത്ഥനയോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുകയാണ്.
നിങ്ങളെല്ലാവര്‍ക്കും നന്ദി!
ഭാരത് മാതാ കീ ജയ്!