നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ – ഇന്‍ – ചീഫ് ശ്രീ.രാഹുല്‍ ജോഷി, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അതിഥികളെ, മാധ്യമ സുഹൃത്തുക്കളെ, മഹതീ മഹാന്മാരെ,
ഉണരുന്ന ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ നല്കിയ അവസരത്തിന് ആദ്യം തന്നെ ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
ഉണരുക എന്നു പറയുമ്പോള്‍ ആദ്യം നാം ചിന്തിക്കുക ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേയ്ക്കു കടന്നു വരിക എന്നാണ്. മെച്ചപ്പെട്ട ഭാവിയിലേയ്ക്കു പോകുന്ന അനുഭവമാണത്, നിലവിലുള്ള അവസ്ഥയില്‍ നിന്നു മുന്നേറുന്ന അനുഭവമാണത്.
ഒരു രാജ്യത്തിന്റെ ഉണര്‍വ് അല്ലെങ്കില്‍ ഉണര്‍ച്ച എന്നു നാം പറയുമ്പോള്‍ അതിന്റെ വ്യംഗ്യാര്‍ത്ഥം വളരെ വ്യാപകമാവുന്നു. എന്താണ് ഉണരുന്ന ഇന്ത്യ? ഉണരുന്ന ഇന്ത്യ എന്നാല്‍ സാമ്പത്തിക ശാക്തീകരണം മാത്രമാണോ അതോ ഓഹരി സൂചിക റെക്കോഡ് ഉയരത്തില്‍ എത്തുന്നതാണോ, അതുമല്ലെങ്കില്‍ നമ്മുടെ വിദേശ നാണ്യ ശേഖരം റെക്കോഡില്‍ എത്തുന്നതാണോ, അല്ലെങ്കില്‍ രാജ്യത്തെ വിദേശ നിക്ഷേപം റെക്കോഡില്‍ എത്തുന്നതാണോ?
സുഹൃത്തുക്കളെ, എന്നെ സംബന്ധിച്ചിടത്തോളം ഉണരുന്ന ഇന്ത്യ എന്നാല്‍ ഈ രാജ്യത്തെ 1.25 ശതകോടി ജനങ്ങളുടെ സ്വാഭിമാനം, ഈ രാജ്യത്തിന്റെ ആത്മാഭിമാനം ഉയരുക എന്നതാണ്. ഈ രാജ്യത്തെ 1.25 ശതകോടി ജനങ്ങളുടെ ഇഛാശക്തി, അവരുടെ തീരുമാനങ്ങള്‍ ഒന്നാകുമ്പോള്‍, അസാധ്യമായതും സാധ്യമാകും. അതി ക്ലേശകരമായ പ്രവൃത്തികളും സുസാധ്യമാകും.
നമ്മുടെ കൂട്ടായ ഈ ഇഛാശക്തി നവഭാരത സൃഷ്ടിക്കായുള്ള പ്രൗഢമായ പ്രതിജ്ഞയെ ഇന്നു സാക്ഷാത്ക്കരിക്കുകയാണ്.
സഹോദരീ സഹോദരന്മാരെ, വികസനത്തിനും മാറ്റത്തിനും ഗവണ്‍മെന്റ് നേതൃത്വം നല്കുക പൗരന്മാര്‍ അതു പിന്തുടരുക എന്നതാണ് മിക്ക രാജ്യങ്ങളിലെയും സങ്കല്പം. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ നാം ഈ അവസ്ഥ നേര്‍ വിപരീതമാക്കി. ഇപ്പോള്‍ പൗരന്‍ നയിക്കുന്നു, ഗവണ്‍മെന്റ് അയാളെ പിന്‍തുടരുന്നു. എത്ര ചുരുങ്ങിയ സമയം കൊണ്ടാണ് ശുചിത്വ ഭാരത ദൗത്യം ഒരു ജനകീയ മുന്നേറ്റമായി മാറിയത് എന്നു നിങ്ങള്‍ തന്നെ ശ്രദ്ധിച്ചു കാണുമല്ലോ. ഇക്കാര്യത്തില്‍ മാധ്യമങ്ങളും പങ്കാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരെ പോരാടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ തന്നെ ഡിജിറ്റല്‍ പണമിടപാടിനെ ശക്തമായ ആയുധമാക്കുകയുണ്ടായി. ഇന്ന് ഡിജിറ്റല്‍ പണമിടപാടിന്റെ അതിവേഗം വളരുന്ന വിപണിയാണ് നമ്മുടെ രാജ്യം. അഴിമതിയ്‌ക്കെതിരെയുള്ള ഗവണ്‍മെന്റിന്റെ നടപടിക്ക് ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ആഭ്യന്തര തിന്മകളില്‍ നിന്ന് ഈ രാജ്യത്തെ മുക്തമാക്കാന്‍ ജനങ്ങള്‍ എത്രത്തോളം പ്രതിജ്ഞാബദ്ധമാണ് എന്നതിനുള്ള തെളിവു കൂടിയാണ് ഇത്.
നമ്മുടെ രാഷ്ട്രിയ എതിരാളികള്‍ എന്തും പറയട്ടെ, ഈ രാജ്യത്തെ ജനങ്ങളുടെ പ്രചോദനം കൊണ്ടു മാത്രമാണ് ഗവണ്‍മെന്റിന് പല വലിയ തീരുമാനങ്ങളെടുക്കാനും അവ നടപ്പിലാക്കുന്നതില്‍ വിജയിക്കാനും സാധിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പു പല തീരുമാനങ്ങള്‍ക്കും മേലെ സ്വീകരിച്ച ശിപാര്‍ശകളും , പതിറ്റാണ്ടുകള്‍ക്കു മുമ്പു പാസ്സാക്കിയിട്ടും അഴിമതി നിറഞ്ഞ ഭരണത്തിന്റെ സമ്മര്‍ദ്ദം മൂലം നടപ്പിലാക്കാന്‍ സാധിക്കാതെ പോയ നിയമങ്ങളും ഈ ഗവണ്‍മെന്റ് നടപ്പിലാക്കി. ഇപ്പോള്‍ ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപകമായി നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുയാണ്.
സുഹൃത്തുക്കളെ, പരിവര്‍ത്തനപരമായ ഒരു മാറ്റം ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം ഈ രാജ്യത്തെ പൗരന്മാരാണ്, അവരുടെ ഇഛാശക്തിയാണ്. ഇതേ ഇഛാശക്തി തന്നെ ജനങ്ങള്‍ക്കിടയിലും പ്രദേശങ്ങള്‍ക്കിടയിലും ഉള്ള അസമത്വ മനോഭാവത്തെ ലഘൂകരിക്കുകയും ചെയ്യുന്നു.
സഹോദരീ സഹോദരന്മാരെ, ഉയര്‍ച്ച രാജ്യത്തിന്റെയാകട്ടെ, സമൂഹത്തിന്റെയാകട്ടെ, വ്യക്തികളുടേതാകട്ടെ, അതില്‍ സമത്വ മനോഭാവം ഇല്ലെങ്കില്‍ സമൂഹം ഒരു നേട്ടവും കൈവരിക്കില്ല, തീരുമാനങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുകയും ഇല്ല. അതുകൊണ്ടു ദേശീയ തലത്തില്‍ തന്നെ ഈ അസമത്വ മനോഭാവം ഉന്മൂലനം ചെയ്യുക എന്ന കാഴ്ച്ചപ്പാടോടെയാണ് നമ്മുടെ ഗവണ്‍മെന്റ് എന്നും പരിശ്രമിച്ചുവരുന്നത്. ഇതിന്റെ ഫലങ്ങള്‍ നെറ്റ് വര്‍ക്ക് 18 ന്റെ കാണികള്‍ക്കായി ഒരു വിഡിയോ വഴി ഞാന്‍ വിവരിക്കാം.
സുഹൃത്തുക്കളെ, ഉജ്ജ്വല നമ്മുടെ അടുക്കളകളുടെ മുഖഛായ മാത്രമല്ല മാറ്റിയത്, അത് ലക്ഷക്കണക്കിനു കുടുംബങ്ങളെ തന്നെ മാറ്റിയിരിക്കുന്നു. സാമൂഹ്യ വ്യവസ്ഥിതിയിലെ വലിയ അസമത്വമാണ് അത് ഇല്ലാതാക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് നിങ്ങളെ കാണാന്‍ വരുന്നതിനു മുമ്പ് ഈ ദിവസം മുഴുവന്‍ ഞാന്‍ മണിപ്പൂരിലായിരുന്നു. ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം, സ്‌പോര്‍ട്‌സ് സര്‍വകലാശാലയ്ക്ക് ശിലാസ്ഥാപനം എന്നിവ ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട നിരവധി പദ്ധതികള്‍ അവിടെ തുടക്കമിടുകയുണ്ടായി. പ്രധാനമന്ത്രി എന്ന നിലയില്‍ വടക്കു കിഴക്കന്‍ മേഖലയിലേയ്ക്കുള്ള എന്റെ 28 -ാമത്തെയോ 29-ാമത്തെയോ സന്ദര്‍ശനമായിരുന്നു ഇത്. നോക്കൂ എന്തുകൊണ്ടാണ് ഇത്. എന്തിനാണ് ഈ ഗവണ്‍മെന്റ് വടക്കു കിഴക്കന്‍ ഇന്ത്യയ്ക്ക് ഇത്രയധികം പ്രാധാന്യം നല്കുന്നത്. ആളുകള്‍ വിചാരിക്കുന്നത് ഇത് നമുക്ക് അവിടെ നിന്ന് വോട്ടു ലഭിക്കാനാണ് എന്നത്രെ. അവര്‍ ഈ രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നില്ല, മാത്രവുമല്ല ജനഹൃദയങ്ങളില്‍ നിന്ന് വളരെ അകലെയുമാണ് അവര്‍ എന്നേ എനിക്കു പറയാനുള്ളു.
സുഹൃത്തുക്കളെ,
വടക്കു കിഴക്കന്‍ ഇന്ത്യയുടെ വൈകാരിക ഉദ്ഗ്രഥനവും ജനസംഖ്യാപരമായ പ്രോത്സാഹനവും അതിപ്രധാനായ കാര്യമാണ്. അതുകൊണ്ടാണ് ഈ ഗവണ്‍മെന്റ് കിഴക്കന്‍ ഇന്ത്യയ്ക്കായി ആക്ട് ഈസ്റ്റ് ആന്‍ഡ് ആക്ട് ഫാസ്റ്റ് എന്ന സൂത്രവാക്യം പിന്തുടരുന്നത്. കിഴക്കിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നു ഞാന്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മാത്രമല്ല, മറിച്ച് ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളെ കൂടിയാണ്. അതായത് ഈ മേഖലയത്രയും രാജ്യത്തിന്റെ വികസന യാത്രയില്‍ പിന്നിലായി പോയി. ഈ മേഖലയുടെ വികസനത്തോട് ഒരു അലംഭാവം ഉണ്ടായിരുന്നു എന്നതാണ് പ്രധാന കാരണം. ഈ മേഖലയിലെ നൂറുകണക്കിന് പദ്ധതികള്‍ പതിറ്റാണ്ടുകളായി തുടങ്ങാതിരിക്കുകയോ മുടങ്ങിക്കിടക്കുകയോ ആയിരുന്നു. ഈ അസമത്വം നീക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചു തുടങ്ങി. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പുനരാരംഭിച്ചു. അസമിലെ സുപ്രധാന വാതക വിഘടന പദ്ധതി കഴിഞ്ഞ 31 വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. നമ്മുടെ ഗവണ്‍മെന്റ് രൂപീകൃതമായ ഉടന്‍ നാം ഈ പദ്ധതി വീണ്ടും ആരംഭിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്തര്‍ പ്രദേശിലെ ഗോരഘ്പൂര്‍, ബിഹാറിലെ ബറൗണി, ജാര്‍ഖണ്ഡിലെ സിന്ധാരി എന്നിവിടങ്ങളിലെ പ്രവര്‍ത്തന രഹിതമായിരുന്ന വളം നിര്‍മ്മാണ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. ഈ പ്ലാന്റുകള്‍ക്ക് ആവശ്യമായ വാതകം ലഭ്യമാക്കുന്നതിനുള്ള പൈപ്പ് ലൈന്‍ ജഗദീഷ്പൂരിനും ഹാല്‍ദിയയ്ക്കും മധ്യേ സ്ഥാപിച്ചു വരുന്നു. ഈ പൈപ്പ് ലൈന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ വാതക പൈപ്പ് ലൈന്‍ അടിസ്ഥാനമാക്കിയുള്ള വികസനം ത്വരിതപ്പെടുത്തും.
ഇത് ഒഡീഷയിലെ പാരദീപ് ഓയില്‍ റിഫൈനറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഈ ഗവണ്‍മെന്റ് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ്. ഇന്ന് പാരദീപ് വികസനത്തിന്റെ ഒരു ദ്വീപായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായാണ് അസമിനെയും അരുണാചല്‍പ്രദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതീവ തന്ത്രപ്രധാനമായ ധോല – സാദിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
കിഴക്കന്‍ ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം അത് റോഡായാലും റെയില്‍പാത ആയാലും സാധ്യമാകുന്നിടത്തോളം ശക്തമാക്കുന്നുണ്ട്. ജലപാതകളുടെ വികസനത്തിനും ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. വാരാണസിക്കും ഹാല്‍ദിയയ്ക്കും മധ്യേയുള്ള ജലപാതയുടെ വികസനം ഈ മേഖലയിലെ വ്യാവസായിക ചരക്കു നീക്കത്തെ ത്വരിതപ്പെടുത്തിന്നതില്‍ പ്രധാന പങ്കു വഹിക്കും.
ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യോമ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഴക്കന്‍ ഇന്ത്യയില്‍ ഒരു ഡസന്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചു വരികയാണ്. ഇവയില്‍ ആറെണ്ണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ആദ്യത്തെ കമേഴ്‌സ്യല്‍ വിമാനം ഏതാനും ദിവസം മുമ്പ് സിക്കിമില്‍ ഇറങ്ങിയത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ.
പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പുതിയ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സ്ഥാപനം സംബന്ധിച്ച വിഷയങ്ങള്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് കിഴക്കന്‍ ഇന്ത്യയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയുണ്ടായി.
മഹാത്മഗാന്ധിയുടെ പ്രവര്‍ത്തന മേഖലയായ കിഴക്കന്‍ ചമ്പാരനിലെ മോത്തിഹരിയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിച്ചതും ഈ ഗവണ്‍മെന്റാണ്.
സുഹൃത്തുക്കളെ, ഈ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച വിവിധ പദ്ധതികളിലൂടെ ദശലക്ഷക്കണക്കിനു പുത്തന്‍ തൊഴിലവസരങ്ങളാണ് ഈ മേഖലകളിലെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഡല്‍ഹി വിദൂരത്താണ് എന്ന പരമ്പരാഗത സങ്കല്പത്തെ മാറ്റി ഞങ്ങള്‍ ഡല്‍ഹിയെ കിഴക്കന്‍ ഇന്ത്യയുടെ പടിവാതില്ക്കല്‍ എത്തിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന സൂത്രവാക്യം പിന്തുടരുന്ന ഞങ്ങള്‍ രാജ്യത്തെ എല്ലാ മേഖലകളെയും വികസനത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഞാന്‍ നിങ്ങളെ ഒരു ഭൂപടം കാണിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഈ രാജ്യത്തെ മൊത്തം വികസന അസമത്വങ്ങള്‍ പരിഹരിച്ചതിന്റെ തെളിവാണിത്. ഇതില്‍ കിഴക്കന്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ പ്രത്യേകം അടിവരയിട്ടിട്ടുണ്ട്.
ഞാന്‍ എപ്പോഴും പറയാറില്ലേ സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കാലമായിട്ടും വൈദ്യുതി എത്താത്ത ഇത്തരം 18,000 ഗ്രാമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇവയില്‍ 13000 ഗ്രാമങ്ങളും കിഴക്കന്‍ ഇന്ത്യയിലാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഈ 13000 ത്തില്‍ 5000 ഗ്രാമങ്ങളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്. ഈ ഗ്രാമങ്ങളുടെ വൈദ്യുതീകരണം ഇപ്പോള്‍ ഏകദേശം പൂര്‍ത്തിയായി വരുന്നു.
ഇപ്പോള്‍ വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് സൗഭാഗ്യ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഗവണ്‍മെന്റ് 16000 കോടി രൂപയാണ് ചെലവഴിക്കാന്‍ പോകുന്നത്.
കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിലേയ്ക്കു വന്ന പ്രകാശത്തിന്റെ ഈ വഴി, അതായത് ഒറ്റപ്പെടലില്‍ നിന്ന് സമന്വയത്തിലേയ്ക്കുള്ള പാത ഉണരുന്ന ഇന്ത്യയെ കൂടുതല്‍ പ്രകാശമാനമാക്കും.
സുഹൃത്തുക്കളെ,
കോര്‍പ്പറേറ്റ് ലോകത്ത് ഒരു ചൊല്ലുണ്ട്. നിങ്ങള്‍ക്ക് അളക്കാനാവാത്തതിനെ നിങ്ങള്‍ക്കു ഭരിക്കാന്‍ സാധിക്കില്ല. ഈ സമവാക്യത്തെ ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ സ്വീകരിച്ചു എന്നു മാത്രമല്ല, അതില്‍ അല്പം കൂടി ഞങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്തു. ഭരിക്കുന്നതിനായി അളക്കുക, ബഹുജന പ്രസ്ഥാനം സൃഷ്ടിക്കാനായി ഭരിക്കുക. ഒരു ബഹുജന മുന്നേറ്റം സൃഷ്ടിക്കപ്പെടുമ്പോള്‍, പൊതുജനങ്ങളും ഗവണ്‍മെന്റും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അത് ദീര്‍ഘകാലം നിലനില്ക്കുന്നതും മെച്ചപ്പെട്ടതുമായ ഫലങ്ങള്‍ ഉളവാക്കും. രാജ്യത്തെ ആരോഗ്യമേഖലയില്‍ നിന്ന് ഇതിനുള്ള ഉദാഹരണം ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നാല് ആധാരശിലകളെ അടിസ്ഥാനമാക്കി ആരോഗ്യമേഖലയുടെ ശാക്തീകരണമാണ് ഞങ്ങള്‍ നടത്തുന്നത്. പ്രതിരോധ ആരോഗ്യ പരിരക്ഷ, ചെലവു കുറഞ്ഞ ആരോഗ്യ പരിരക്ഷ, വിതരണ ഇടപെടലുകള്‍, ദൗത്യ രീതിയിലുള്ള ഇടപെടലുകള്‍ എന്നീ നാലു മേഖലകളിലും ഒരേ സമയത്ത് നാം ശ്രദ്ധ ചെലുത്തുന്നു. രാജ്യത്ത് ആരോഗ്യ കാര്യങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഒരു കാര്യങ്ങളും നടക്കുമായിരുന്നില്ല. നമ്മുടെ സമീപനം അതല്ല. പ്രശ്‌നങ്ങളല്ല, പരിഹാരങ്ങള്‍ മാത്രമാണ് നമ്മുടെ ലക്ഷ്യം. അതിനാല്‍ ജനകേന്ദ്രീകൃതമായ ഈ പ്രസ്ഥാനത്തില്‍ ആരോഗ്യ മന്ത്രാലയത്തിനൊപ്പം ശുചിത്വ മന്ത്രാലയം, ആയൂഷ് മന്ത്രാലയം, വളം രാസ വസ്തു മന്ത്രാലയം, ഉപഭോക്തൃ കാര്യ മന്ത്രാലയം, വനിതാ ശിശു വികസന കാര്യ മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളെയും നാം ഉള്‍പ്പെടുത്തി. അങ്ങിനെ എല്ലാവരെയും ഉള്‍പ്പെടുത്തി നമ്മുടെ നിര്‍ദ്ദിഷ്ട ലക്ഷ്യം നേടുന്നതിനായി നാം മുന്നോട്ടു നീങ്ങുകയാണ്.
പ്രതിരോധ ആരോഗ്യ പരിരക്ഷ എന്ന പ്രഥമ സ്തൂപത്തെ കുറിച്ചു പറയുകയാണെങ്കില്‍ അതാണ് ഏറ്റവും ചെലവു കുറഞ്ഞതും എളുപ്പമുള്ളതും. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട അവശ്യ ഉപാധി ശുദ്ധജലമാണ്. ഇതിന് ഊന്നല്‍ കൊടുക്കാന്‍ നാം കുടിവെള്ള പൊതുജനാരോഗ്യ മന്ത്രാലയത്തെ സജീവമാക്കി. അതിന്റെ ഫലം നോക്കൂ, 2014 വരെ രാജ്യത്താകമാനം 6.5 കോടി വീടുകളിലാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 13 കോടി വീടുകളില്‍ ശൗചാലയങ്ങള്‍ ഉണ്ട്. അതായത്, വളര്‍ച്ച 100 ശതമാനം.
മുമ്പ് 38 ശതമാനമായിരുന്നു പൊതുജനാരോഗ്യ പരിവൃത്തി. ഇന്ന് അത് 80 ശതമാനമാണ്. ഇവിടെയും വളര്‍ച്ച 100 ശതമാനം. വൃത്തിയില്ലായ്മ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും ശുചിത്വം രോഗങ്ങളെ അകറ്റുമെന്നുമുള്ള സന്ദേശം വീടുകള്‍ തോറും ക്രമേണ വ്യാപിപ്പിച്ചു.
യോഗയ്ക്ക് പ്രതിരോധ ആരോഗ്യ പരിരക്ഷാ മാധ്യമം എന്നുള്ള അതിന്റെ വ്യക്തിത്വം വീണ്ടും തിരികെ ലഭിച്ചു. ആയൂഷ് മന്ത്രാലയം സജീവമായതോടെ ലോകമാസകലം യോഗ വലിയ ജനകീയ പ്രസ്ഥാനമായി.
ഈ വര്‍ഷത്തെ ബജറ്റില്‍ നാം സൗഖ്യ കേന്ദ്രങ്ങള്‍ എന്ന ആശയം കൊണ്ടു വന്നിട്ടുണ്ട്. രാജ്യത്തെ ഓരോ ഗ്രാമത്തിലും ഇത്തരം സൗഖ്യ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നത്.
അതുപോലെ തന്നെ പ്രതിരോധ കുത്തിവയ്പു പരിപാടിയ്ക്കും നാം പ്രത്യേക ഊന്നല്‍ നല്കുന്നു. ഈ ഗവണ്‍മെന്റ് അധികാരം ഏല്ക്കുന്നതിനു മുമ്പ് രാജ്യത്തെ പ്രതിരോധ കുത്തിവയപ് വളര്‍ച്ചാ നിരക്ക് വെറും ഒരു ശതമാനമായിരുന്നു. ഇന്ന അത് 6.7 ശതമാനമാണ്.
സുഹൃത്തുക്കളെ,
പ്രതിരോധ ആരോഗ്യ സുരക്ഷയോടൊപ്പം ചെലവു കുറഞ്ഞ ആരോഗ്യ പരിരക്ഷയും അത്യാവശ്യമാണ്. മാത്രവുമല്ല ആരോഗ്യ പരിരക്ഷ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാവണം. ചെലവു കുറഞ്ഞതാകണം. ഇതിനായി ഈ ഗവണ്‍മെന്റ് നിരവധി ചുവടുവയ്പുകള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
ഞങ്ങള്‍ രാസവള മന്ത്രാലയത്തെ സജീവമാക്കി. അവര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏകദേശം 3000 ജന്‍ ഔഷധി സ്റ്റോറുകള്‍ രാജ്യമെമ്പാടും തുറന്നു. കുറഞ്ഞ വിലയ്ക്ക് 800 മരുന്നുകള്‍ ഈ സ്റ്റോറുകള്‍ വഴി ലഭ്യമാക്കി വരുന്നു.
ഞങ്ങള്‍ ഉപഭോക്തൃ മന്ത്രാലയത്തെ കാര്യക്ഷമമാക്കി. ഇന്ന് ഈ മന്ത്രാലയത്തിന്റെ പ്രത്യേക പരിശ്രമ ഫലമായി ഹൃദ്‌രോഗികകള്‍ക്കാവശ്യമായ സ്‌റ്റെന്റ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. സ്‌റ്റെന്റെന്റെ വില 80 ശതമാനം കണ്ട് കുറഞ്ഞു. കാല്‍മുട്ടു മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് 70 മുതല്‍ 50 ശതമാനം വരെ കുറഞ്ഞു.
ഈ വര്‍ഷത്തെ ബജറ്റില്‍ ആയുഷ്മാന്‍ ഭാരത് എന്ന വലിയ ഒരു പദ്ധതി കൂടി ഞങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. ഏകദേശം 10 കോടി കുടുംബങ്ങള്‍ അതായത്, 45 മുതല്‍ 50 കോടി വരെ പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം ഇനി ചികിത്സ സൗജന്യമായിരിക്കും. ഇതനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകള്‍ ഗവണ്‍മെന്റും ഇന്‍ഷുറന്‍സ് കമ്പനിയും ഒന്നിച്ചു വഹിക്കുന്നതാണ്.
സുഹൃത്തുക്കളെ, ആരോഗ്യ മേഖലയിലെ മൂന്നാമത്തെ വലിയ സ്തൂപം വിതരണ മേഖലയിലെ ഇടപെടലാണ്. ഇതര അവശ്യ സേവനങ്ങള്‍ ആരോഗ്യ മേഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പരിശ്രമിച്ചു വരികയാണ്.
രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ നാം വര്‍ധിപ്പിച്ചു.
സുഹൃത്തുക്കളെ,
2014 ല്‍ നമ്മുടെ ഗവണ്‍മെന്റ് അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ 52000 മെഡിക്കല്‍ ബിരുദ സീറ്റുകളും 30000 മെഡിക്കല്‍ ബിരുദാനന്തര സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ഇന്ന് അവ യഥാക്രമം 85000 വും 46000 ഉം ആണ്. ഇതിനു പുറമെ പുതിയ എയിംസുകളും ആയുര്‍വേദ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും രാജ്യമെമ്പാടും സ്ഥാപിച്ചു കഴിഞ്ഞു. അതിനുമുപരി രാജ്യത്തെ ഓരോ പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളിലും ഓരോ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്.
ഈ ശ്രമങ്ങളെല്ലാം രാജ്യത്തെ പാവപ്പെട്ടവര്‍ക്കു പ്രയോജനം ലഭിക്കുന്നതിനും യുവാക്കളെ സഹായിക്കുന്നതിനുമാണ്. പാരാമെഡിക്കല്‍ നഴ്‌സിംങ് മേഖലകളിലും ആവശ്യമായ മനുഷ്യവിഭവ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാര്‍ ഉണ്ടായാല്‍ ആരോഗ്യ പരിചരണം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കും.
സഹോദരീ സഹോദരന്മാരെ,
ആരോഗ്യ മേഖലയിലെ നാലാമത്തെ സ്തൂപം, ദൗത്യമാതൃകയിലുള്ള ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതാണ്. ദൗത്യ മാതൃകയിലുള്ള പ്രവര്‍ത്തനത്തിന് ചില വെല്ലുവിളികള്‍ ഉണ്ട്. ആ വെല്ലുവിളികളെ നേരിട്ടാല്‍ മാത്രമെ അതിന്റെ ഫലങ്ങള്‍ കാണാന്‍ സാധിക്കൂ.
ഞങ്ങള്‍ വനിതാ ശിശുവികസന മന്ത്രാലയം ഊര്‍ജ്ജസ്വലമാക്കി. അതുവഴി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തി. അവര്‍ രോഗങ്ങളില്‍ നിന്നു മുക്തി നേടുകയും കൂടുതല്‍ കരുത്തും ശക്തിയും ഉള്ളവരാകുകയും ചെയ്തു.
പ്രധാന്‍മന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍, പ്രധാന്‍ മന്ത്രി വന്ദന യോജന എന്നിവ വഴി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ പോഷകാഹാരം ഉറപ്പാക്കി. കഴിഞ്ഞയാഴ്ച്ച, അന്താരാഷ്ട്ര വനിതാ ദിനാഘോഷ വേളയില്‍ നാം ദേശീയ പോഷകാഹാര പ്രചാരണത്തിനു തുടക്കമിട്ടു. രാജ്യത്തെ ആരോഗ്യകരമാക്കാനുള്ള ഏറ്റവും വലിയ നടപടിയാണ് ഇത്. അമ്മമാര്‍ക്കും കുഞ്ഞുങ്ങല്‍ക്കും കൃത്യമായ പോഷകാഹാരം ലഭ്യമാക്കിയാല്‍ അവരുടെ ജീവിതങ്ങളും അതോടെ സുരക്ഷിതമാകുന്നു. വളരെ പ്രത്യേകത നിറഞ്ഞ ഒരു വികസന മാതൃകയാണ് ഓരോ മേഖലയിലും നമ്മുടെ ഗവണ്‍മെന്റ് ഉറപ്പാക്കാന്‍ ശ്രമിക്കുന്നത്.
സുഹൃത്തുക്കളെ, ഈ രാജ്യത്തിന്റെ മുഴുവന്‍ സന്തോഷത്തില്‍ നിങ്ങള്‍ക്കൊപ്പം ഒരു വിഡിയയിലൂടെ പങ്കു ചേരാന്‍ ഞാനും ആഗ്രഹിക്കുന്നു.
ഈ ആളുകളുടെ മുഖങ്ങളില്‍ നിങ്ങള്‍ കാണുന്ന സന്തോഷമുണ്ടല്ലോ എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഉണരുന്ന ഇന്ത്യ.
എങ്ങിനെയാണ് ഈ സന്തോഷം ഉണ്ടായത്?
ആറു വര്‍ഷം മുമ്പ് ഒരു ജൂലൈ മാസത്തില്‍ പവര്‍ഗ്രിഡ് തകരാറിലായതിനെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതി ഇല്ലാതായ സംഭവം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അത് സംവിധാത്തില്‍ ഉണ്ടായ ഒരു തകരാറുമൂലമായിരുന്നു. അത് ഭരണസംവിധാനത്തിലെ തകരാറായിരുന്നു.
ഇതായിരുന്നു ഭരണത്തിലെ വിവര കൈമാറ്റത്തിന്റെ അവ്സ്ഥ. അതായത് ഒരു സമയത്ത് ഊര്‍ജ്ജ മന്ത്രാലത്തിന് കല്‍ക്കരി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം എങ്ങിനെ നടക്കുന്നു എന്നു പോലും അറിയാന്‍ പാടില്ലാത്ത അവസ്ഥയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിനാകട്ടെ ഊര്‍ജ്ജ മന്ത്രാലയവുമായി ഒരു വിധത്തിലുള്ള ഏകോപനവും ഇല്ലായിരുന്നു താനും.
ആശയവിനിമയത്തില്‍ സംഭവിച്ച ഈ പാളിച്ച രാജ്യത്തെ ഊര്‍ജ്ജ മേഖല വളരെ സമഗ്രമായ രീതിയില്‍ പരിഹരിച്ചു. ഇന്ന് ഊര്‍ജ്ജ മന്ത്രാലയം, നവ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം എന്നിവ ഒറ്റ ഘടകമായി പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഏറ്റവും യുക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു.
ഇന്ന് കല്‍ക്കരിയാണ് നമ്മുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നത് എങ്കില്‍ ഭാവി തലമുറകള്‍ക്ക് സുസ്ഥിര ഊര്‍ജ്ജത്തിലൂടെ മെച്ചപ്പെട്ട ഭാവി പ്രദാനം ചെയ്യുന്നത് പാരമ്പര്യേതര ഊര്‍ജ്ജമായിരിക്കും. ഊര്‍ജ്ജ കമ്മിയില്‍ നിന്ന് ഊര്‍ജ്ജ മിച്ചത്തിലേയ്ക്കുള്ള നമ്മുടെ മാറ്റത്തിനു കാരണം ഇതാണ്. ഒരു രാഷ്ട്രം ഒരു ഗ്രിഡ് എന്ന സ്വപ്‌നവും ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ഫലമായി സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളെ,
തോല്‍വിയുടെ അന്തരീക്ഷത്തിന്, നിരാശയുടെ അന്തരീക്ഷത്തിന് ഒരിക്കലും ഒരു രാജ്യത്തെയും മുന്നോട്ടു നയിക്കാന്‍ സാധ്യമല്ല. കഴിഞ്ഞ നാലു വര്‍ഷമായി, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഇവിടുത്ത ഭരണസംവിധാനത്തില്‍ എത്രമാത്രം ആത്മവിശ്വാസം ഉണ്ടായി എന്നു നിങ്ങളും കണ്ടതാണ്. എല്ലാ ദൗര്‍ബല്യങ്ങളെയും അതിജീവിച്ചുകൊണ്ട് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കു മുന്നോട്ടു പോകുവാന്‍ സാധിക്കും, ചങ്ങലകള്‍ പൊട്ടിച്ച് 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കും, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സ്വപനം സാക്ഷാത്ക്കരിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഓരോ ഇന്ത്യക്കാരനും നല്കിയത് സ്വന്തം ജീവിതത്തില്‍ അവര്‍ സാക്ഷ്യം വഹിച്ച മാറ്റങ്ങളാണ്. ജനങ്ങളുടെ ശക്തമായ ഈ ആത്മവിശ്വാസമാണ് ഉണരുന്ന ഇന്ത്യയുടെ അടിസ്ഥാനം.
സഹോദരീ സഹോദരന്മാരെ,
ഇതാണ് ലോകം മുഴുവന്‍ ഇന്ന് ഉണരുന്ന ഇന്ത്യയെ ആദരിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ലോക നേതാക്കളുടെ എണ്ണവും ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയ രാഷ്ട്രത്തലവന്മാരുടെ എണ്ണവും തമ്മില്‍ ഒരു താരതമ്യം നടത്തിയാല്‍ അത് വാള്യങ്ങള്‍ തന്നെ വരും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് മൊത്തം ഇന്ത്യ സന്ദര്‍ശിച്ച രാഷ്ട്ര തലവന്മാരുടെ സംഖ്യയുടെ ഇരട്ടി ഉണ്ടാവും ഈ വര്‍ഷം മാത്രം ഇവിടെ എത്തിയ രാഷ്ട്ര തലവന്മാരുടെ എണ്ണം. നിങ്ങള്‍ക്ക് അഭിമാനത്തിനു വക നല്കുന്നതാണ് ഉണരുന്ന ഇന്ത്യയുടെ ഈ പ്രതിഛായ.
സുഹൃത്തുക്കളെ,
സ്വന്തം വികസനത്തിനു മാത്രമല്ല ആഗോള വികസനത്തിനാണ് ഇന്ത്യ പുത്തന്‍ ദിശ കാണിച്ചിരിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ സൗരോര്‍ജ്ജ വിപ്ലവം നയിക്കുന്നത് ഇന്ത്യയാണ്. എത്ര വിജയകരമായിട്ടാണ് അഞ്ചു ദിവസം മുമ്പ് നാം അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ അവതരിപ്പിച്ച ഡല്‍ഹി സോളാര്‍ അജണ്ടയില്‍ 60 ല്‍ അധികം രാഷ്ട്രങ്ങളാണ് ഒപ്പു വച്ചത്. ഇന്ത്യയുടെ ഈ പരിശ്രമം കാലാവസ്ഥാ വ്യതിയാനം പോലെയുള്ള 21-ാം നൂറ്റാണ്ടിലെ സുപ്രധാന പ്രശ്‌നത്തില്‍ മനുഷ്യ രാശിക്കുള്ള ഒരു വലിയ സേവനമാണ്.
സുഹൃത്തുക്കളെ,
ലോകത്തിന്റെ മേല്‍ ഇന്ത്യയുടെ സ്വാധീനം കഴിഞ്ഞ നാലു വര്‍ഷമായി വര്‍ധിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നോടുന്നതിനായി തുടര്‍ച്ചയായി നാം നയതന്ത്ര നീക്കങ്ങള്‍ നടത്തുകയുണ്ടായി. ഇന്ത്യ ലോകത്തിനു നല്കിയത് സമാധാനത്തിന്റെ സന്ദേശമാണ്. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും സന്ദേശമാണ്. അത് ഐക്യരാഷ്ട്ര സഭയിലാകട്ടെ, ജി- 20 സമ്മേളനങ്ങളിലാകട്ടെ, ലോകത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയങ്ങളാണ് ഇന്ത്യ അവതരിപ്പിച്ചത്. ഭീകരപ്രവര്‍ത്തനം ഒരു രാജ്യത്തെയോ ഒരു മേഖലയെയോ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് ലോകത്തെ ഓരോ രാജ്യത്തെയും ബാധിക്കുന്നതാണ് എന്ന് അന്താരാഷ്ട്ര ഫോറങ്ങളില്‍ അവതരിപ്പിച്ച് സ്ഥാപിച്ചെടുത്തത് ഇന്ത്യയാണ്.
വിവിധ രാജ്യങ്ങളിലെ കള്ളപ്പണവും അഴിമതിയും എങ്ങിനെ ആഗോളതലത്തില്‍ വികസനത്തിനു പ്രതിബന്ധമാകുന്നു എന്നും കാര്യക്ഷമമായ സാമ്പത്തിക ഭരണ നിര്‍വഹണത്തിനു അത് എങ്ങിനെ വെല്ലുവിളിയാകുന്നു എന്നും അതിശക്തമായി ഉന്നയിച്ചത് ഇന്ത്യയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ആത്മവിശ്വാസം ഒന്നു കൊണ്ടു മാത്രമാണ് ആഗോള തലത്തില്‍ നിശ്ചയിച്ചിരിക്കുന്ന 2030 എന്ന സമയപരിധിക്കും അഞ്ചു വര്‍ഷം മുമ്പേ, 2025 ല്‍ തന്നെ ക്ഷയരോഗം രാജ്യത്തു നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യും എന്നു നാം തീരുമാനിച്ചിരിക്കുന്നത്. 2025 ല്‍ തന്നെ ഈ ലക്ഷ്യം കൈവരിച്ചുകൊണ്ട് ലോകത്തെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്കു സാധിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
സഹോദരീ സഹോദരന്മാരെ,
ഉണരുന്ന ഇന്ത്യ എന്നത് ലോകത്തിന് വെറും രണ്ടു വാക്കുകളല്ല. ഈ രണ്ടു വാക്കുകള്‍ ഇന്നു ലോകം മുഴുവന്‍ പുകഴ്ത്തുന്ന 1.25 ശതകോടി ഇന്ത്യക്കാരുടെ പ്രതീകമാണ്. ഇതാണ് വിവിധ അന്താരാഷ്ട്ര സമിതികളില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാന്‍ കാരണം. വളരെ നാളുകളായി നാം അതിനായി പരിശ്രമിക്കുകയായിരുന്നു.
മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീമില്‍ ചേര്‍ന്ന ശേഷം ഇന്ത്യ വാസനാര്‍ കരാറിലും ഓസ്‌ട്രേലിയ ഗ്രൂപ്പിലും അംഗമായി. യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിനും അന്താരാഷ്ട്ര മറൈന്‍ ഓര്‍ഗനൈസേഷനും വേണ്ടിയുള്ള കടല്‍ നിയമങ്ങളുടെ അന്താരാഷ്ട്ര ട്രൈബൂണലിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലും ഇന്ത്യ വിജയം നേടി. അന്താരാഷ്ട്ര നീതി പീഠത്തിലേയ്ക്കു ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത് ലോകം മുഴുവന്‍ ചര്‍ച്ചയായി.
യെമനില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ നാം നമ്മുടെ പൗരന്മാരെ വളരെ സുരക്ഷിതരായി പുറത്ത് എത്തിച്ചു. അന്ന് പല രാജ്യങ്ങളും സഹായത്തിനായി ഇന്ത്യയെ സമീപിക്കുകയുണ്ടായി. ഈ പ്രതിസന്ധിയില്‍ ഇന്ത്യ 48 രാജ്യങ്ങള്‍ക്കു സഹായമായി എന്നതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം.
സുഹൃത്തുക്കളെ,
ഇതാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ സ്വാധീനം. മാനുഷിക മൂല്യങ്ങള്‍ക്ക് പരമാവധി പ്രാധാന്യം നല്കുക എന്നതാണ് നമ്മുടെ നയതന്ത്രനയം. അതായത് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ലോകത്തിന്റെ മുഴുവന്‍ താല്പര്യത്തിനു വേണ്ടിയാണ് എന്ന് ലോകത്തിനു മുഴുവന്‍ മനസിലായിട്ടുണ്ട്. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന നമ്മുടെ സൂത്രവാക്യം രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല.
ഇന്ന് നാം ആയുഷ്മാന്‍ ഭാരതത്തിനു വേണ്ടി മാത്രമല്ല ആയുഷ്മാന്‍ ലോകത്തിനു വേണ്ടി കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. യോഗ, ആയൂര്‍വേദം എന്നിവ സംബന്ധിച്ച് ലോകമെമ്പാടും നാം ഉളവാക്കിയിരിക്കുന്ന അവബോധം തന്നെ ഉണരുന്ന ഇന്ത്യയുടെ പ്രതിഫലനമാണ്.
സുഹൃത്തുക്കളെ,
സമ്പദ് വ്യവസ്ഥയെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സ്വന്തം സാമ്പത്തിക സ്ഥിതി മാത്രമല്ല ലോക സമ്പദ് വ്യവസ്ഥ കൂടി ശക്തിപ്പെടുത്തി. ഇന്നു ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യ നല്കുന്ന സംഭാവന ഏഴു ശതമാനമാണ്.
പണപ്പെരുപ്പമായാലും സാമ്പത്തിക കമ്മിയായലും, മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയായലും പലിശ നിരക്ക് ആയാലും വിദേശ നിക്ഷേപ വരവ് ആയാലും എല്ലാ സ്ഥൂല സാമ്പത്തിക മാനദണ്ഡങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്.
പ്രതീക്ഷയോടും പ്രത്യാശയോടും കൂടിയാണ് ഇന്നു ലോകം ഇന്ത്യയെ കുറിച്ചു ചര്‍ച്ച നടത്തുന്നത്. ഇതുകൊണ്ടാണ് ലോകത്തെ വിവിധ റേറ്റിംങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിംങ് ഉയര്‍ത്തി കാണിക്കുന്നത്.
ഇന്നു ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയുള്ള മൂന്ന് ആതിഥേയ സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ.
ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറണ്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ആഗോള നിക്ഷേപ റിപ്പോര്‍ട്ടു പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപ വിശ്വാസ സൂചികയില്‍ ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. ലോക ബാങ്കിന്റെ കണക്കു പ്രകാരം ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിലും കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഇന്ത്യ മുന്നിലെത്തിയിട്ടുണ്ട്.
2017 -18 ന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാണ്. വളര്‍ച്ചാനിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
സുഹൃത്തുക്കളെ,
2014 നു മുമ്പ് ഇന്ത്യയുടെ നികുതി സമ്പ്രദായം നിക്ഷോപകരെ സംബന്ധിച്ചിടത്തോളം സൗഹൃദശൂന്യവും പ്രവചനാതീതവും സുതാര്യത ഇല്ലാത്തതുമായിരുന്നു. ഇപ്പോള്‍ ഈ സാഹചര്യം മാറി. ഇന്ന് ലോകത്തില്‍ ജി എസ് ടി നടപ്പാക്കിയിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക വിപണികളില്‍ ഒന്ന് ഇന്ത്യയാണ്.
സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെയും, താഴ്ന്ന ഇടത്തരക്കാരുടയും, ഇടത്തരക്കാരുടെയും, ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ണമായി മനസിലാക്കിക്കൊണ്ടുള്ള സമഗ്ര സമീപനമാണ് ഈ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെയ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ നാം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് ഒരു ലക്ഷം കോടി രൂപയാണ് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് രാജ്യാന്തര നിലവാര 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു -സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങളുമായി ഗവണ്‍മെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു വരികയാണ്. ഈ പദ്ധതിയനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന 10 പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് 10000 കോടി രൂപ വീതം സാമ്പത്തിക സഹായം നല്കും.
അതുപോലെ തന്നെ, നാം സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് എംഎസ്എംഇ മേഖലയിലെ സംരംഭകരെ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കില്‍ ഇന്ത്യ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
രാജ്യത്തെ യുവതീ യുവാക്കളെ ശാക്തീകരിക്കുന്നതിനായി ആരംഭിച്ചിരിക്കുന്നതാണ് പ്രധാന്‍ മന്ത്രി മുദ്ര പദ്ധതി. നമ്മുടെ ഗവണ്‍മെന്റ് ഇതുവരെ 11 കോടി വായ്പകള്‍ ഈ പദ്ധതി പ്രകാരം ലഭ്യമാക്കിയിട്ടുണ്ട്. ഒരു ജാമ്യവുമില്ലാതെ അഞ്ചു ലക്ഷം കോടി രൂപ വരെ ഉള്ള വായ്പകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു ലക്ഷം കോടി രൂപയുടെ വായ്പകള്‍ കൂടി നല്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ നാം തീരുമാനിച്ചിരിക്കുന്നു.
ഈ പരിശ്രമങ്ങളെ എല്ലാം ഇടത്തരക്കാരുടെയും പട്ടണങ്ങളിലെ യുവാക്കളുടെയും ആഗ്രഹങ്ങളെ സഫലീകരിക്കുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്.
വികസനത്തിന്റെ മുഖ്യധാരയില്‍ പിന്നിലായിപ്പോയ വ്യക്തിയോ മേഖലയോ, വളരെ വേഗത്തില്‍ വളരുമ്പോള്‍, നീതി ലഭിക്കുമ്പോള്‍ ഉണരുന്ന ഇന്ത്യയുടെ കഥയ്ക്കു പുതിയ ഊര്‍ജ്ജം ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
അവസാനമായി നിങ്ങളെ 2022 -ാം വര്‍ഷത്തെ കുറിച്ചും, പ്രതിജ്ഞകളിലൂടെ അതിന്റെ ലക്ഷ്യങ്ങള്‍ നേടാനുള്ള യാത്രയെ കുറിച്ചും ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.
മാധ്യമങ്ങള്‍ പുതിയ തീരുമാനങ്ങള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ? ഒരു പ്രവര്‍ത്തന പദ്ധതി തയാറാക്കിയിട്ടുണ്ടോ?. 2022 ല്‍ പുതിയ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സഹായകരമാകുന്ന എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ എനിക്കു സന്തോഷമായി. മാധ്യമങ്ങളില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളെ, വെല്ലുവിളികളെ അംഗീകരിക്കുക, നിങ്ങളുടെ പ്രതിജ്ഞകളെ നിങ്ങളിലൂടെ ചാനലുകള്‍ വഴി പ്രചരിപ്പിക്കുക. അവയുടെ തുടര്‍ നടപടികള്‍ സംപ്രേഷണം ചെയ്യുക.
സുഹൃത്തുക്കളെ,
ഒരു തരത്തില്‍ നമ്മുടെ 1.25 ശതകോടി സഹപൗരന്മാരും ദൈവങ്ങളെ പോലെയാണ്. രാജ്യത്തെ ഓരോ സ്ഥാപനങ്ങളും, ഓരോ ഫാക്ടറികളും ഈ രാജ്യത്തിന്റെ ക്ഷേമത്തിനായി, രാഷ്ട്ര നിര്‍മ്മാണത്തിനായി, ദൃഢനിശ്ചയത്തോടെ വികസന യാത്രയില്‍ മുന്നേറുന്നതിനായി പ്രവര്‍ത്തിക്കണം.
നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന പ്രതിജ്ഞ എന്തായിരുന്നാലും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്മകള്‍ നേരുന്നു.
ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.
Read Full Presentation Here