സഹോദരി, സഹോദരന്മാരെ,
ശെല്‍വി ജയലളിതാജിയുടെ ജന്മവാര്‍ഷിക വേളയില്‍ ഞാന്‍ അവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് നന്മകള്‍ നേരുകയും ചെയ്യുന്നു. അവര്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങളില്‍ തെളിയുന്ന ഈ സന്തോഷം അവര്‍ക്ക് ആനന്ദം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അവരുടെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ അമ്മ ഇരുചക്രവാഹനപദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അമ്മയുടെ 70-ാം ജന്മദിനത്തില്‍ തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം 70 ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് അറിയാന്‍ സാധിച്ചു. ഈ രണ്ടു പദ്ധതികളും സ്ത്രീശാക്തീകരണവും പ്രകൃതി സംരക്ഷണവും വളരെയധികം മുന്നോട്ടുകൊണ്ടുപോകും.
സുഹൃത്തുക്കളെ,
കുടുംബത്തിലെ സ്ത്രീയെ നാം ശാക്തീകരിക്കുമ്പോള്‍, നാം ആ കുടുംബത്തെയാകെയാണ് ശക്തിപ്പെടുത്തുന്നത്. വിദ്യാഭ്യാസം നേടാന്‍ ഒരു സ്ത്രീയെ നാം സഹായിക്കുമ്പോള്‍ നമ്മള്‍ ആ കുടുംബത്തിന്റെ മുഴുവനും വിദ്യാഭ്യാസം ഉറപ്പാക്കുകയാണ്. നമ്മള്‍ അവളെ ആരോഗ്യവതിയായിരിക്കുന്നതിന് സഹായിക്കുമ്പോള്‍, നമ്മള്‍ ആ കുടുംബത്തിന്റെ ഒന്നാകെയുള്ള ആരോഗ്യം ഉറപ്പുവരുത്തുകയാണ്. അവളുടെ ജീവിതം നമ്മള്‍ സുരക്ഷിതമാക്കുമ്പോള്‍ നമ്മള്‍ ആ വീടിന്റെ ഭാവിതന്നെ സുരക്ഷിതമാക്കുകയാണ്. നമ്മള്‍ ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്.
സുഹൃത്തുക്കളെ,
സാധാരണപൗരന്റെ ‘ജീവിതം എളുപ്പമാക്കല്‍’ത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നമ്മുടെ എല്ലാ പദ്ധതികളും പരിപാടികളും ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നതും. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലോ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരത്തിനും സുഗമമായി വായ്പ ലഭ്യമാക്കുന്നതാ ആരോഗ്യസംരക്ഷണമോ ശുചിത്വമോ ഒക്കെ ആയിക്കോട്ടെ, ഇത് അടിസ്ഥാന മന്ത്രമാക്കികൊണ്ടാണു കേന്ദ്രത്തിലെ എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.
പ്രധാനമന്ത്രി മുദ്ര യോജനയില്‍ 11 കോടിയിലധികം വായ്പകള്‍ അനുവദിച്ചുകഴിഞ്ഞു. ഒരു ഈടും നല്‍കാതെ നാലു ലക്ഷത്തി അറുപതിനായിരം കോടി രൂപ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനം അതില്‍ 70 ശതമാനവും സ്ത്രീകളാണെന്നതാണ്.
കാലങ്ങളായി പൂട്ടിയിട്ടിരിക്കുന്ന വിലങ്ങുകളില്‍നിന്നു പുറത്തുവന്നു സ്ത്രീകള്‍ സ്വയം തൊഴില്‍ തേടുന്നു എന്നതിന്റെ തെളിവാണ് ഈ പദ്ധതിയുടെ വിജയം.
സ്ത്രീശാക്തീക്തീകരണത്തിനായി ഞങ്ങള്‍ മറ്റു നിരവധി നടപടികള്‍ കൂടി സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച ബജറ്റില്‍ പുതുതായി തൊഴിലില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്കുള്ള ഇ.പി.എഫ്. വിഹിതം 12 ശതമാനത്തില്‍നിന്ന് ആദ്യ മൂന്നു വര്‍ഷത്തേക്ക് എട്ടു ശതമാനമായി കുറവുചെയ്തു. അതേസമയം തൊഴിലുടമയുടെ സംഭാവന 12 ശതമാനമായി നിലനില്‍ക്കുകയും ചെയ്യും.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ കീഴില്‍ വനിതാ സംരംഭകര്‍ക്ക് 10 ലക്ഷം മുതല്‍ ഒരു കോടി വരെ രൂപയുടെ വായ്പ നല്‍കുന്നു. ഞങ്ങള്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുകയും സ്ത്രീകളെയും രാത്രി ഷിഫ്റ്റുകളില്‍ പണിയെടുക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി നീട്ടുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീടുകളുടെ രജിസ്‌ട്രേഷന്‍ സ്ത്രീകളുടെ പേരിലാണ് നടത്തുന്നത്.
ജന്‍ ധന്‍ യോജനയും സ്ത്രീകള്‍ക്ക് നല്ലനിലയില്‍ ഗുണം ചെയ്തിട്ടുണ്ട്. 31 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ 16 കോടിയും സ്ത്രീകളുടേതാണ്. സ്ത്രീകള്‍ക്കുണ്ടായിരുന്ന അക്കൗണ്ട് 2014ലെ 28 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 40 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന്‍ സ്ത്രീകള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട ബഹുമാനവും ആദരവും നല്‍കി. ഗ്രാമീണ ശുചിത്വസംവിധാനം 40 ശതമാനത്തില്‍നിന്നും 78 ശതമാനമായി വര്‍ധിച്ചു. എല്ലാ സ്‌കൂളിലെയും പെണ്‍കുട്ടികള്‍ക്ക് ശൗചാലയം ഉണ്ടാക്കുന്ന പ്രവൃത്തി ഒരു ദൗത്യമായി എടുത്താണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സുഹൃത്തുക്കളെ,
ജനങ്ങളെ ശാക്തീകരിക്കുന്നതിനോടൊപ്പം പ്രകൃതിയെക്കുടി സംരക്ഷിച്ചുകൊണ്ടുള്ളതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍. ഉജാല പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇതിനകം 29 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വൈദ്യുതി ബില്ലില്‍ 15,000 കോടി രൂപയുടെ ലാഭമാണ് അവ ഉണ്ടാക്കിയിരിക്കുന്നത്. അവ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുന്നതു ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിനു സഹായകമായിട്ടുണ്ട്. ഉജ്ജ്വല യോജനയുടെ കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം 3.4 കോടി സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് പുകരഹിത അന്തരീക്ഷത്തിന്റെ ഗുണം കിട്ടുന്നതിനോടൊപ്പം മണ്ണെണ്ണയുടെ ഉപയോഗം കുറയുന്നതും പ്രകൃതിയെ നല്ലരീതിയില്‍ സഹായിക്കുന്നുണ്ട്. ഈ പദ്ധതികൊണ്ട് തമീഴ്‌നാട്ടില്‍ ഇതിനകം 9.5 ലക്ഷം സ്ത്രീകള്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട്.
ഗ്രാമീണമേഖലയിലെ പാചകവാതക വിതരണവും ശുചിത്വവും കണക്കിലെടുത്തുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഗോബര്‍-ധന്‍ പദ്ധതിയുമായി രംഗത്തെത്തി. മൃഗവിസര്‍ജ്യവും കാര്‍ഷിക മാലിന്യങ്ങളും വളമായും ബയോ-ഗ്യാസായും ബയോ-സി.എന്‍.ജിയായും പരിവര്‍ത്തനപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് വരുമാനം വര്‍ധിപ്പിക്കുകയും പാചകവാതകത്തിനുള്ള ചെലവ് കുറയ്ക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
നിലവില്‍ 24,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം തമിഴ്‌നാട്ടില്‍ നടപ്പാക്കുന്നത്. ഇവയെല്ലാം തന്നെ എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേറ്റശേഷം ആരംഭിച്ചവയുമാണ്. സൗരോര്‍ജ പ്ലാന്റുകള്‍, ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍, ദേശീയപാത, തുറമുഖ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നുണ്ട്. ചെന്നൈ മെട്രോ റെയിലിന് 3,700 കോടിയലധികം രൂപ അനുവദിച്ചിട്ടുമുണ്ട്.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പതിമൂന്നാം ധനകാര്യകമ്മിഷന്‍ ശുപാര്‍ശപ്രകാരം തമിഴ്‌നാടിന് 81,000 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഡി.എ. അധികാരത്തില്‍ വന്നശേഷം പതിനാലാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശപ്രകാരം തമിഴ്‌നാടിന് 1.8 ലക്ഷം കോടി രൂപയാണ് ലഭിക്കുന്നത്. ഏകദേശം 120 ശതമാനത്തിന്റെ വര്‍ധനയാണ് ഇത് കാണിക്കുന്നത്.
എല്ലാ പാവപ്പെട്ടവര്‍ക്കും 2022 ആകുമ്പോഴേക്കും പാര്‍പ്പിടം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഗവണ്‍മെന്റ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
ഗ്രാമീണഭവനങ്ങള്‍ക്കായി തമിഴ്‌നാടിന് 2016-17ല്‍ ഏകദേശം 700 കോടി രൂപയും 2017-18ല്‍ ഏകദേശം 200 കോടി രൂപയും നല്‍കിയിട്ടുണ്ട്. നഗര ഭവനങ്ങള്‍ക്കായി സംസ്ഥാനത്തിന് 6000 കോടിയിലധികം രൂപയും കൊടുത്തിട്ടുണ്ട്.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ഫസല്‍ ബീമ യോജനകൊണ്ട് തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ക്കും വലിയ ഗുണമുായിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴില്‍ തമിഴ്‌നാട് കര്‍ഷകര്‍ക്ക് മാത്രം 2600 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
നീല വിപ്ലവ പദ്ധതിയുടെ കീഴില്‍ തമിഴ്‌നാട്ടിലെ മത്സ്യബന്ധനമേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ്. ഉള്‍ക്കടല്‍ മത്സ്യബന്ധത്തിന് സഹായിക്കുന്ന വലിയ ട്രോളറുകള്‍ക്ക് ഞങ്ങള്‍ സാമ്പത്തികസഹായം നല്‍കുന്നുണ്ട്. 750 ബോട്ടുകളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് സഹായിക്കുന്ന വലിയ ട്രോളറുകളാക്കി മാറ്റുന്നതിന് കഴിഞ്ഞ വര്‍ഷം സംസ്ഥാന ഗവണ്‍മെന്റിന് ഞങ്ങള്‍ 100 കോടി രൂപ നല്‍കി. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുമെന്നു മാത്രമല്ല, ഇത്തരം ട്രോളറുകള്‍ അവര്‍ക്ക് കൂടുതല്‍ സമ്പാദ്യം ലഭിക്കുന്നതിനു സഹായകമായിത്തീരുകയം ചെയ്യും.
ഇന്ത്യയുടെ വിശാലമായ സമുദ്ര വിഭവങ്ങളും നീണ്ട തീരദേശവും നമുക്ക് അതിബൃഹത്തായ സാധ്യതകള്‍ നല്‍കുന്നുണ്ട്. നമ്മുടെ ചരക്കുനീക്ക മേഖല പൂര്‍ണമായും അഴിച്ചുപണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സാഗര്‍മാല പദ്ധതിയിലൂടെ നടത്തുകയാണ്. ഇത് ആഭ്യന്തര-വിദേശ വാണിജ്യത്തിന്റെ ചെലവ് കുറയ്ക്കും. ഇത് ഇന്ത്യയുടെ തീരദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് ഗുണകരമാവുകയും ചെയ്യും.
അടുത്തിടെ അവതരിപ്പിച്ച ബജറ്റില്‍ ഞങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഓരോ പാവപ്പെട്ട കുടുംബത്തിനും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ മെഡിക്കല്‍ ചികിത്സ നല്‍കും. ഇത് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള 40-50 കോടി ജനങ്ങള്‍ക്കു ഗുണകരമാകും.
പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയും ജീവന്‍ ജ്യോതി യോജനയും 18 കോടിയിലധികം ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. 800 ലധികം വരുന്ന ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ന്യായമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നപടികളും ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
ജനങ്ങളുടെ ജീവിതത്തില്‍ സക്രിയമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി തന്നെ നിലകൊള്ളും.
ഞാന്‍ ഒരിക്കല്‍ കൂടി ശെല്‍വി ജയലളിതാജിക്ക് എന്റെ ആദരവ് സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കെല്ലാം നല്ലതുവരട്ടെയെന്ന് ആശംസിക്കുന്നു.
നന്ദി
വളരെയധികം നന്ദി.