ഭഗവാന്‍ ശിവന്റെ മംഗളകരമായ അനുഗ്രഹം ലഭിച്ച ഈ നാട്ടില്‍, മീനാക്ഷി സുന്ദരേശ്വര ക്ഷേത്രംകൊണ്ട് പ്രശസ്തമായ മധുരയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ ആഹ്ലാദവാനാണ്.
രാജ്യം ഇന്നലെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്നു മധുരയില്‍ ‘ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സി’ന് തറക്കല്ലിടുന്നത് ഒരുവഴിയില്‍ ‘ഏക ഭാരതം ശ്രേഷ്ഠഭാരതം (ഏക് ഭാരത് ശ്രേഷ്ഠഭാരത്)’ എന്ന ഞങ്ങളുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
സുഹൃത്തുക്കളെ,
ഡല്‍ഹിയിലെ എയിംസ് ആരോഗ്യസംരക്ഷണത്തില്‍ തങ്ങളുടേതായ ഒരു സല്‍പ്പേര് (ബ്രാന്‍ഡ് നെയിം) നേടിയെടുത്തിട്ടുണ്ടെന്ന് നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്.
മധുരയില്‍ എയിംസ് വരുന്നതോടെ ഈ ബ്രാന്‍ഡ് നെയിം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാനായെന്നു നമുക്കു പറയാന്‍ കഴിയും-കന്യാകുമാരി മുതല്‍ കശ്മീരിലേക്കും മധുരയിലേക്കും ഗോഹട്ടിയില്‍നിന്നു ഗുജറാത്ത് വരെയും. 1600 കോടിയിലേറെ രുപ ചെലവഴിച്ചാണ് മധുരയിലെ എയിംസ് നിര്‍മിക്കുന്നത്. ഇത് തമിഴ്‌നാട്ടിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യും.
സുഹൃത്തുക്കളെ,
എന്‍.ഡി.എ. ഗവണ്‍മെന്റ് ആരോഗ്യ മേഖലയ്ക്ക് വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. അതുകൊണ്ടാണ് എല്ലാവരും ആരോഗ്യവാന്മാരായിരിക്കുന്നതും ആരോഗ്യ പരിരക്ഷ താങ്ങാനാവുന്നതായതും.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ കീഴില്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള മെഡിക്കല്‍ കോളജുകളെ ഉയര്‍ത്തുന്നതിന് ഞങ്ങള്‍ പിന്തുണ നല്‍കി. ഇന്നു മധുര, തഞ്ചാവൂര്‍, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളജുകളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷവുമുണ്ട്.
ഇന്ദ്രധനുഷ് പ്രവര്‍ത്തിക്കുന്ന വേഗവും അളവും പ്രതിരോധ ആരോഗ്യസംരക്ഷണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി വന്ദന്‍ യോജനയും പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാനും സുരക്ഷിത ഗര്‍ഭം എന്ന ആശയത്തെ ജനകീയമാക്കിയിട്ടണ്ട്.
കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ബിരുദതല മെഡിക്കല്‍ സീറ്റുകളില്‍ ഏകദേശം 30% വര്‍ധനയാണ് വരുത്തിയത്. ആയുഷ്മാന്‍ ഭാരതിന്റെ ആരംഭവും ഒരു വലിയ കുതിപ്പാണ്.
സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടിയെടുക്കുന്നതിന് വേണ്ടി വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് നടത്തുന്ന സമീപനമാണ് ഇത്. ആരോഗ്യപ്രശ്‌നങ്ങള്‍ സമഗ്രമായി അഭിസംബോധന ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗ്ഗമാകുന്ന ഇടപെടലുകളാണ് ആയുഷ്മാന്‍ ഭാരതിലൂടെ ലക്ഷ്യമാക്കുന്നത്. സമഗ്രമായ പ്രാഥമിക പരിരക്ഷയും പ്രതിരോധ ആരോഗ്യ സേവനവും ലഭ്യമാക്കുന്നതിനായി 1.5 ലക്ഷം ആരോഗ്യ-ക്ഷേമകേന്ദ്രങ്ങള്‍ ആരംഭിച്ചു.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയിലൂടെ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയ്ക്കായി 5 ലക്ഷം രൂപയുടെ സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമായ പത്തുകോടിയോളം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്.
തമിഴ്‌നാട്ടില്‍നിന്ന് ഒരു കോടി 57 ലക്ഷം ആളുകള്‍ ഇതിന്റെ പരിധിയില്‍ വരുന്നുവെന്നും കേള്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ 89,000 ഗുണഭോക്താക്കള്‍ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശനം നേടുകയും തമിഴ്‌നാട്ടില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് വേണ്ടി മാത്രം 200 കോടിയോളും രൂപയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 1320 ആരോഗ്യ-ക്ഷേമക്രന്ദ്രങ്ങള്‍ ആരംഭിച്ചുവെന്ന് അറിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്.
രോഗങ്ങളുടെ നിയന്ത്രണമേഖലയിലാണെങ്കില്‍ ഞങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും നല്‍കുന്നുണ്ട്. 2025ഓടെ ടി.ബി. നിര്‍മ്മാര്‍ജനം ചെയ്യുന്നതില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന ഗവണ്‍മെന്റ് അതിനേക്കാള്‍ വേഗത്തില്‍ ടി.ബി. ഇല്ലാത്ത ചെന്നൈ സംരംഭം ആരംഭിച്ചതിലും 2023 ഓടെത്തന്നെ സംസ്ഥാനത്തനിന്നും ടി.ബി നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു കേള്‍ക്കാനായതിലും അതീവ ആഹ്‌ളാദമുണ്ട്.
പരിഷ്‌ക്കരിച്ച ദേശീയ ടി.ബി. നിയന്ത്രണ പരിപാടിയുടെ എല്ലാ ഘടകങ്ങളും നടപ്പാക്കിയതിന് ഞാന്‍ സംസ്ഥാനത്തിനെ അഭിനന്ദിക്കുന്നു.
ഈ അസുഖങ്ങളെ തടയുന്നതിന് സംസ്ഥാനം കൈക്കൊള്ളുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് ഇന്ത്യാ ഗവമെന്റ് ഒപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
തമിഴ്‌നാട്ടിലെ 12 പോസറ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സമര്‍പ്പിക്കുന്നതിലും ഞാന്‍ അതീവ സന്തുഷ്ടനാണ്.
നമ്മുടെ പൗരന്മാരുടെ ‘ജീവിതം സുഗമമാക്കു’ന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഈ സംരംഭം.
സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി വേണ്ട എല്ലാ മുന്‍കൈകളും ശക്തിപ്പെടുത്തുന്നതിന് എന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പുനല്‍കുന്നു.
ജയ്ഹിന്ദ്!!!!!