സ്വാഗതം സുഹൃത്തുക്കളേ, നിങ്ങളെല്ലാം കുറഞ്ഞത് ഒറ്റത്തവണയെങ്കിലും പ്രതിരോധ കുത്തിവയ്പു സ്വീകരിച്ചിട്ടുണ്ടെന്നു ഞാന്‍ കരുതുന്നു. എന്നിരുന്നാലും കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിങ്ങളോരോരുത്തരോടും, സഭയിലെ എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. വാക്‌സിന്‍ നല്‍കുന്നത് 'ബാഹു'(കൈകള്‍)വിലാണ്; അതിനാല്‍ അതെടുക്കുന്നവര്‍ 'ബാഹുബലി' ആയി മാറുന്നു. കൊറോണയ്ക്കെതിരെ പോരാടാന്‍ ബാഹുബലി ആകുന്നതിനുള്ള ഏക മാര്‍ഗം പ്രതിരോധ കുത്തിവയ്പാണ്.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ 40 കോടിയിലധികംപേര്‍ 'ബാഹുബലി'യായി. ഇത് അതിവേഗം മുന്നോട്ടു പോകുന്നു. മഹാമാരി ലോകത്തെ മുഴുവനും, മനുഷ്യരാശിയെ മുഴുവനും ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, മഹാമാരിയെക്കുറിച്ച് പാര്‍ലമെന്റില്‍ അര്‍ത്ഥവത്തായ സംവാദങ്ങളാണ് നാം ആഗ്രഹിക്കുന്നത്. മഹാമാരിക്കെതിരായ പോരാട്ടത്തിന് പുതുമയാര്‍ന്ന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ബഹുമാന്യരായ എല്ലാ എംപിമാരില്‍ നിന്നും പ്രായോഗിക നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരുന്നതിന് മുന്‍ഗണന നല്‍കണം. പോരായ്മകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അവ മറികടക്കണം. ഈ പോരാട്ടത്തില്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകണം.
മഹാമാരിയെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സഭാനേതാക്കളെല്ലാം നാളെ വൈകുന്നേരം ഇതിനായി സമയം അനുവദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സഭയിലും പുറത്തും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. സഭയിലെ സംവാദങ്ങള്‍ക്കൊപ്പം കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെങ്കില്‍ അത് സൗകര്യപ്രദമായിരിക്കും.
ഫലപ്രദമായ സംവാദങ്ങളോടെ ഈ സെഷന്‍ ഫലവത്താകട്ടെ. അതിലൂടെ ഗവണ്‍മെന്റിന് ജനങ്ങള്‍ക്കുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയും. എല്ലാ ബഹുമാനപ്പെട്ട എംപിമാരോടും എല്ലാ കക്ഷികളോടും സഭാതലത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും മൂര്‍ച്ചയേറിയതുമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം, സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രതികരിക്കാന്‍ ഗവണ്‍മെന്റിനെ അനുവദിക്കുകയും വേണം. സത്യം ജനങ്ങളില്‍ എത്തുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് ജനങ്ങളില്‍ വിശ്വാസ്യതയ്ക്കു കരുത്തുപകരുകയും വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, ഈ സെഷന്‍ ക്രമീകരിച്ചിരിക്കുന്നത് കഴിഞ്ഞ തവണത്തേതു പോലെയല്ല. എല്ലാവരും ഒരുമിച്ചിരുന്നാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. കാരണം മിക്കവാറും പേര്‍ക്കു പ്രതിരോധ കുത്തിവയ്പ് ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. രാജ്യത്തിന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.
സുഹൃത്തുക്കളേ, വളരെയേറെ നന്ദി!