Quote‘വോക്കൽ ഫോർ ലോക്കൽ’, ആത്മനിർഭർ അഭിയാൻ എന്നിവയുടെ വിജയം നമ്മുടെ യുവാക്കളെ ആശ്രയിച്ചിരിക്കുന്നു: പ്രധാനമന്ത്രി
Quoteവാക്‌സിനിനെക്കുറിച്ച് അവബോധം പകരാൻ എൻ‌സി‌സി, എൻ‌എസ്‌എസ് തുടങ്ങിയ സംഘടനകളെ ആഹ്വനം ചെയ്തു

മന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരായ പ്രതിരോധ മന്ത്രി ശ്രീ. രാജ്‌നാഥ് സിങ് ജി, ശ്രീ. അര്‍ജുന്‍ മുണ്ട ജി, ശ്രീ. കിരണ്‍ റിജിജു ജി, ശ്രീമതി രേണുക സിങ് സരൂത ജി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന എന്റെ പ്രിയപ്പെട്ട യുവ സഹപ്രവര്‍ത്തകരെ, കൊറോണ വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുഖകവചങ്ങളും കൊറോണ പരിശോധനയും രണ്ടടി ദൂരവുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി. നേരത്തേ നമ്മുടെ ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറാമാന്‍മാര്‍ ചിരിക്കാന്‍ പറയുമായിരുന്നു. ഇപ്പോള്‍ അവര്‍ പോലും ചിരിക്കാന്‍ പറയുന്നില്ല. ഇവിടെ പ്രത്യേക രീതിയില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചതായി നമുക്കു കാണാം. അകലം പാലിക്കണം. അതൊഴിച്ചുനിര്‍ത്തിയാല്‍ നിങ്ങളുടെ ആവേശവും ഉല്‍സാഹവും പഴയതുപോലെ തന്നെയുണ്ട്.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണു നിങ്ങള്‍ എത്തിയിരിക്കുന്നത്. വിദൂര ഗോത്രവര്‍ഗ മേഖലകളില്‍നിന്നുള്ള സഹപ്രവര്‍ത്തകരുണ്ട്. പ്രസരിപ്പുള്ള എന്‍.സി.സി., എന്‍.എസ്.എസ്. യുവത്വവും രാജ്പഥില്‍ ടാബ്ലോകളിലൂടെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സന്ദേശം മറ്റു സംസ്ഥാനങ്ങള്‍ക്കു പകര്‍ന്നു നല്‍കുന്ന കലാകാരന്‍മാരും ഇവിടെയുണ്ട്. നിങ്ങള്‍ ആവേശപൂര്‍വം രാജ്പഥില്‍ മാര്‍ച്ച ചെയ്യുമ്പോള്‍ ഓരോ പൗരനും ആവേശമുണ്ടാകുന്നു. ഇന്ത്യയുടെ സമ്പന്നമായ കലയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ടാബ്ലോകള്‍ നിങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനബോധത്താല്‍ തല ഉയര്‍ത്തുന്നു. പരേഡ് വേളയില്‍ ഏതാനും രാജ്യത്തലവന്‍മാര്‍ എന്റെ അടുത്ത് ഇരിക്കാറുണ്ടായിരുന്നു. പല സാധനങ്ങളും കാണുമ്പോള്‍ അവര്‍ അദ്ഭുതപ്പെടുമായിരുന്നു. എന്താണെന്നും ഏതാണെന്നും രാജ്യത്തിന്റെ ഏതു മൂലയില്‍നിന്ന് ഉള്ളതാണെന്നുമൊക്കെ എന്നോടു പല ചോദ്യങ്ങള്‍ അവര്‍ ചോദിക്കാറുണ്ട്.. നമ്മുടെ ഗോത്രവര്‍ഗ സഹപ്രവര്‍ത്തകര്‍ സംസ്‌കാരത്തിന്റെ വര്‍ണങ്ങള്‍ രാജ്പഥില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ രാജ്യമൊന്നാകെ നിറങ്ങളില്‍ ചാലിക്കപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ മഹത്തായ സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യത്തെയും നമ്മുടെ തന്ത്രപ്രധാനമായ ശേഷിയെയും അഭിവാദ്യം ചെയ്യുന്നു. റിപ്പബ്ലിക് ദിന പരേഡ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു പിറവിയേകുന്ന നമ്മുടെ ഭരണഘടനയെ അഭിവാദ്യം ചെയ്യുന്നു. ജനുവരി 26നു മികച്ച പ്രകടനം നടത്തുന്നതിനായി ഞാന്‍ നിങ്ങള്‍ക്ക് ആശംസ നേരുന്നു. എനിക്കു നിങ്ങളോട് ഒരു അഭ്യര്‍ഥനയുണ്ട്. ഡെല്‍ഹിയില്‍ അതിശൈത്യമാണ്. ദക്ഷിണേന്ത്യയില്‍നിന്നു വന്നവര്‍ക്കു ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടാകാം. നിങ്ങള്‍ ഇവിടെ എത്തിയിട്ടു ദിവസങ്ങളായെങ്കിലും ഇവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടാവില്ല. പരിശീലനത്തിനായി നിങ്ങള്‍ക്ക് അതിരാവിലെ എഴുന്നേല്‍ക്കേണ്ടതുണ്ട്. ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കട്ടെ.

|

സുഹൃത്തുക്കളെ,

ഈ വര്‍ഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ വരവ് അറിയിക്കുകയാണ്. ഈ വര്‍ഷം തന്നെയാണ് ഗുരു തേജ് ബഹദൂര്‍ ജിയുടെ നാനൂറാമതു ജന്‍മ വാര്‍ഷികവും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്‍മ വാര്‍ഷികം ആഘോഷിക്കുന്നതും ഇക്കൊല്ലം തന്നെ. നേതാജിയുടെ ജന്‍മദിനം പരാക്രമ ദിന(ധീരതയുടെ ദിനം)മായി ആഘോഷിക്കാന്‍ രാജ്യം തീരുമാനിച്ചിട്ടുണ്ട്. പരാക്രമ ദിനമായ ഇന്നലെ ഞാന്‍ കര്‍മഭൂമിയായ കൊല്‍ക്കത്തയിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം, ഗുരു തേജ് ബഹദൂര്‍ ജിയുടെ ജീവിതം, നേതാജിയുടെ ശൗര്യവും ആര്‍ദ്രതയും എന്നിവയൊക്കെ നമുക്കെല്ലാം വലിയ പ്രചോദനമാണ്. നമ്മില്‍ പലരും സ്വാതന്ത്ര്യം ലഭിച്ചശേഷം ജനിച്ചവരായതിനാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ രാജ്യത്തിനായി പരമാവധി സേവനം അര്‍പ്പിക്കാന്‍ രാജ്യം നമുക്ക് അവസരം തന്നു. രാജ്യത്തിനായി നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി ചെയ്തുകൊണ്ടിരിക്കണം.

സുഹൃത്തുക്കളെ,

റിപ്പബ്ലിക് ദിന പരേഡിനു തയ്യാറെടുക്കവേ, നമ്മുടെ രാജ്യം എത്രത്തോളം വൈവിധ്യമുള്ളതാണ് എന്നു നിങ്ങള്‍ മനസ്സിലാക്കിക്കാണും. എത്ര ഭാഷകള്‍, ഉച്ചാരണ ശൈലികള്‍, വ്യത്യസ്തമായ ആഹാര രീതികള്‍! എല്ലാം വിഭിന്നമാണെങ്കിലും ഇന്ത്യ ഒന്നാണ്. ഇന്ത്യ അധ്വാനിക്കുന്ന സാധാരണ മനുഷ്യന്റെ ചോരയും വിയര്‍പ്പും ആഗ്രഹങ്ങളും പ്രതീക്ഷകളും ചേര്‍ന്നതാണ്. പല രാജ്യങ്ങളാണെങ്കിലും ഇന്ത്യ ഒരു രാജ്യമാണ്; പല സമൂഹങ്ങളാണെങ്കിലും ഒറ്റ ആശയമാണ്; പല വിഭാഗങ്ങളായിരിക്കാമെങ്കിലും ഒരേ ഉദ്ദേശ്യത്തോടെ നിലകൊള്ളുന്നു; പല പാരമ്പര്യങ്ങളാണെങ്കിലും ഒരേ മൂല്യം; പല ഭാഷകളെങ്കിലും ഒരേ ഭാവം; പല നിറങ്ങളെങ്കിലും ഒരേ ത്രിവര്‍ണം. ഒറ്റ വാചകത്തില്‍ പറയുകയാണെങ്കില്‍, ഇന്ത്യയില്‍ വഴികള്‍ പലതാണെങ്കിലും ഒറ്റ ലക്ഷ്യമേ ഉള്ളൂ. ലക്ഷ്യം 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' ആണ്.

|

സുഹൃത്തുക്കളെ,

ഇക്കാലത്ത് ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന അനശ്വരമായ ആവേശം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രകടമാണെന്നു മാത്രമല്ല, ശക്തിയാര്‍ജിക്കുകയുമാണ്. മിസോറാമില്‍നിന്നുള്ള നാലു വയസ്സുള്ള പെണ്‍കുട്ടി വന്ദേ മാതരം പാടുന്നത് ഓരോ ശ്രോതാവിനെയും അഭിമാനത്താല്‍ ഉണര്‍ത്തുന്നു. കേരളത്തില്‍നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിമാചല്‍ സംസാര ഭാഷയിലുള്ള ഗാനം ഏറെ പണിപ്പെട്ടു പഠിച്ചു പാടുമ്പോള്‍ രാജ്യത്തിന്റെ കരുത്തു പ്രകടമാവുകയാണ്. തെലുങ്കു സംസാരിക്കുന്ന പെണ്‍കുട്ടി സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായി ഹരിയാനയിലെ ഭക്ഷണ രീതികള്‍ രസകരമായി പരിചയപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഔന്നത്യത്തെക്കുറിച്ചുള്ള വീക്ഷണം കാണാന്‍ നമുക്കു കഴിയുന്നു.

സുഹൃത്തുക്കളെ,

ലോകത്തെ രാജ്യത്തിനു പരിചയപ്പെടുത്തുന്നതിനായി ഇന്ത്യയുടെ കരുത്തിന്‍മേല്‍ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തലമുറയില്‍പ്പെട്ട നിങ്ങള്‍ അതു കാണണം. ഈ പോര്‍ട്ടലില്‍ പാചകക്കുറിപ്പു വിഭാഗത്തില്‍ ആയിരത്തിലേറെ പേര്‍ അവരുടെ പ്രദേശത്തെ പാചക രീതി പങ്കുവെച്ചിട്ടുണ്ട്. ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുക. നിങ്ങളുടെ കുടുംബത്തോട്, വിശേഷിച്ച് നിങ്ങളുടെ അമ്മയോട് അതേക്കുറിച്ചു പറയുക. നിങ്ങള്‍ക്ക് ആസ്വാദ്യകരമായിരിക്കും.

സുഹൃത്തുക്കളെ,

മഹാവ്യാധി നിമിത്തം നമ്മുടെ സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടന്നപ്പോഴും രാജ്യത്തെ യുവാക്കള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തിയുള്ള വെബിനാറുകളില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലുള്ള വ്യത്യസ്ത തരം സംഗീതം, നൃത്തം, ഭക്ഷണ രീതി എന്നിവയെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ ഈ വെബിനാറുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ഓരോ പ്രദേശത്തെയും ഭാഷകളും ഭക്ഷണവും കലയും രാജ്യത്താകമാനം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഓരോ സംസ്ഥാനത്തെയും ജീവിത രീതിയെയും ഉല്‍സവങ്ങളെയും കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിക്കും. വിശേഷിച്ച്, രാജ്യത്തിനു നമ്മുടെ സമ്പന്നമായ ഗോത്ര പാരമ്പര്യത്തില്‍നിന്നും കലയില്‍നിന്നും കരകൗശല വിദ്യയില്‍നിന്നും ഏറെ പഠിക്കാന്‍ സാധിക്കും. ഇക്കാര്യങ്ങളുടെയെല്ലാം പുരോഗതിക്ക് ഏക ഭാരതം, ശ്രേഷ്ഠ ഭാരതം പ്രചരണം സഹായകമാണ്.

|

സുഹൃത്തുക്കളെ,

പ്രാദേശികതയ്ക്കായി ശബ്ദിക്കുക എന്ന രാജ്യത്ത് ഏറെ വിശദീകരിക്കപ്പെട്ട ആശയം നിങ്ങള്‍ കേട്ടുകാണും. നമ്മുടെ വീടിനടുത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഉള്ളതാണ് ഇത്. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം വഴി ശാക്തീകരിക്കപ്പെടുമ്പോള്‍ ഈ ആശയം കരുത്തുറ്റതായി മാറും. ഞാന്‍ തമിഴ്‌നാട്ടില്‍ ജീവിക്കുന്ന ആളാണെങ്കില്‍ ഹരിയാനയിലെ ചില ഉല്‍പന്നങ്ങളെ കുറിച്ച് എനിക്ക് അഭിമാനം തോന്നണം. അതുപോലെ, ഞാന്‍ ഹിമാചലിലാണു ജീവിക്കുന്നതെങ്കില്‍ കേരളത്തിലുള്ള ചിലതിനെ പറ്റി അഭിമാനം തോന്നണം. മറ്റൊരു മേഖലയിലെ ഉല്‍പന്നങ്ങളെ ഇഷ്ടപ്പെടാനും അവയെ കുറിച്ച്് അഭിമാനിക്കാനും മറ്റൊരു മേഖല തയ്യാറായാല്‍ മാത്രമേ രാജ്യത്തെ പ്രാദേശിക ഉല്‍പന്നങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടുകയുള്ളൂ.

സുഹൃത്തുക്കളെ,

പ്രാദേശികതയ്ക്കായി ശബ്ദിക്കുക, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പ്രചരണങ്ങളുടെ വിജയം നിങ്ങള്‍ യുവാക്കളുടെ കയ്യിലാണ്. ഇവിടെ എത്തിയിട്ടുള്ളതും ഇത്തരം കാര്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ പഠിച്ചിട്ടുള്ളതുമായ എന്‍.സി.സിയിലെയും എന്‍.എസ്.എസ്സിലെയും യുവാക്കള്‍ക്കു ഞാന്‍ ഒരു ചുമതല തരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവ എന്‍.സി.സിക്കാര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ എന്നെ സഹായിക്കും. നിങ്ങള്‍ രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ ഉപയോഗിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറാക്കുക. അത് ടൂത്ത് പേസ്റ്റോ ബ്രഷോ ചീപ്പോ വീട്ടിലെ എ.സിയോ മൊബൈല്‍ ഫോണോ എന്തോ ആകട്ടെ, നിങ്ങള്‍ക്ക് ഒരു ദിവസം എത്ര വസ്തുക്കള്‍ ആവശ്യമാണെന്നും അവയില്‍ എത്രയെണ്ണത്തിനു തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടെന്നും നമ്മുടെ മഹത്തായ രാജ്യത്തിന്റെ മണ്ണിന്റെ ഗന്ധമുണ്ടെന്നും പരിശോധിക്കുക. നാം അറിയാതെ എത്രയോ വിദേശ വസ്തുക്കള്‍ നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ട് എന്നറിയുമ്പോള്‍ നാം ഞെട്ടിപ്പോകും. ഇക്കാര്യം തിരിച്ചറിയുമ്പോള്‍ സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ആദ്യം ചെയ്യേണ്ടതു നമ്മില്‍നിന്നു തുടങ്ങുകയാണ് എന്നു വ്യക്തമാകും. നിങ്ങള്‍ ഉപയോഗിക്കുന്ന വിദേശ വസ്തുക്കള്‍ നാളെത്തന്നെ വലിച്ചെറിയണമെന്നല്ല ഞാന്‍ പറയുന്നത്. ലോകത്തിലുള്ള നല്ല സാധനങ്ങളൊന്നും വാങ്ങരുതെന്നും ഇവിടെ ലഭ്യമല്ലാത്തതൊന്നും വാങ്ങരുത് എന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍, നമ്മെ മാനസികമായി അടിമകളാക്കി മാറ്റിയ പല വസ്തുക്കളും നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടെന്നു നമുക്ക് അറിയുക പോലുമില്ല. എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തകരോടു കുടുംബാംഗങ്ങളുമായി ചേര്‍ന്നു പട്ടിക തയ്യാറാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അതു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞ കാര്യം ഓര്‍ക്കേണ്ടിവരില്ല. നാം നമ്മുടെ രാജ്യത്തിന് എത്രമാത്രം ദോഷം ചെയ്തിട്ടുണ്ടെന്നു നിങ്ങളുടെ ആത്മാവു പറഞ്ഞുതരും.

|

Fസുഹൃത്തുക്കളെ,

ആരെങ്കിലും പ്രസംഗിച്ചതുകൊണ്ട് ഇന്ത്യ സ്വാശ്രയമാകില്ല. രാജ്യത്തെ യുവാക്കളിലൂടെയാണ് അതു സാധ്യമാവുക. അവശ്യമായ നൈപുണ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതു നന്നായി ചെയ്യാന്‍ സാധിക്കും.
സുഹൃത്തുക്കളെ,
നൈപുണ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് 2014ല്‍ ഗവണ്‍മെന്റ് രൂപീകരിച്ച ഉടന്‍ നൈപൂണ്യ വികസനത്തിനായി പ്രത്യേക മന്ത്രാലയം തന്നെ സൃഷ്ടിച്ചു. ഈ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം വിവിധ കലകളിലും നൈപുണ്യങ്ങളിലുമായി അഞ്ചര കോടി യുവ സഹപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി. ഈ നൈപുണ്യ വികസന പദ്ധതിക്കു കീഴില്‍ പരിശീലനം നല്‍കുക മാത്രമല്ല, ലക്ഷക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ രംഗത്തും സ്വയംതൊഴില്‍ രംഗത്തും സഹായം നല്‍കിവരികയും ചെയ്യുന്നു. ഇന്ത്യയിലും തൊഴില്‍നൈപുണ്യമുള്ള യുവാക്കളെ സൃഷ്ടിക്കുകയും നൈപുണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങള്‍ അവര്‍ക്കു പ്രാപ്യമാക്കുകയും ആണു ലക്ഷ്യം.

സുഹൃത്തുക്കളെ,

ഇതാദ്യമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള ഗൗരവമേറിയ ശ്രമം പുതിയ വിദ്യാഭ്യസ നയത്തിലൂടെ നടത്തുകയാണ്. പ്രാദേശികമായ ആവശ്യവും തൊഴിലുകളും പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്ക് ഏതു കോഴ്‌സും തെരഞ്ഞെടുക്കാന്‍ ആറാം ക്ലാസ്സില്‍ തന്നെ അവസരം ലഭിക്കും. ഇതു പഠന കോഴ്‌സ് മാത്രമായിരിക്കില്ല; പഠനത്തിനും പഠിപ്പിക്കുന്നതിനും ഉള്ള കോഴ്‌സായിരിക്കും. പ്രാദേശിക തലത്തിലുള്ള നൈപുണ്യമുള്ള കരകൗശലപ്പണിക്കാര്‍ പ്രായോഗിക പരിശീലനം നല്‍കും. തുടര്‍ന്ന്, എല്ലാ മിഡില്‍ സ്‌കൂള്‍ പാഠ്യ വിഷയങ്ങളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യം വെക്കുന്നു. നിങ്ങള്‍ എത്രത്തോളം ബോധവാന്‍മാരാകുന്നുവോ അത്രത്തോളം നിങ്ങളുടെ ഭാവി ശോഭനമാകും എന്നതിനാലാണു ഞാന്‍ നിങ്ങളോടു വിശദമായി പറയുന്നത്.

സുഹൃത്തുക്കളെ,

നിങ്ങള്‍ ഓരോരുത്തരും ആത്മനിര്‍ഭര്‍ ഭാരത് പ്രചരണത്തിന്റെ അമരത്താണ്. എന്‍.സി.സിക്കാരോ എന്‍.എസ്.എസ്സുകാരോ ആവട്ടെ; നിങ്ങള്‍ ഓരോ വെല്ലുവിളിയിലും, രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയിലും സ്വന്തം പങ്കു വഹിച്ചിട്ടുണ്ട്. കൊറോണ കാലത്തു നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒതുക്കാവുന്നതല്ല നിങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍. രാജ്യത്തിനും ഗവണ്‍മെന്റിനും ആവശ്യമായപ്പോഴൊക്കെ നിങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരായി മുമ്പോട്ടുവന്നു ക്രമീകരണങ്ങള്‍ ചെയ്തു. ആരാഗ്യ സേതു ആപ് ജനങ്ങളിലേക്ക് എത്തിക്കാനാണെങ്കിലും കൊറോണ ബാധ സംബന്ധിച്ച മറ്റു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണെങ്കിലും നിങ്ങള്‍ അഭിനന്ദനാര്‍ഹമാം വിധം പ്രവര്‍ത്തിച്ചു. കൊറോണ കാലത്ത് ഫിറ്റ് ഇന്ത്യ പ്രചരണം വഴി ഫിറ്റ്‌നെസ് സംബന്ധിച്ച ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതില്‍ നിങ്ങളുടെ പങ്കു പ്രധാനമായിരുന്നു.

സുഹൃത്തുക്കളെ,

നിങ്ങള്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനുള്ള സമയമായി. നിങ്ങള്‍ക്കു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുമായും എല്ലാ സമൂഹങ്ങളുമായും ബന്ധമുണ്ട് എന്നതിനാലാണ് ഞാന്‍ ഇതു പറയുന്നത്. കൊറോണ വാക്‌സീന്‍ പദ്ധതിയില്‍ രാജ്യത്തെ സഹായിക്കാന്‍ മുമ്പോട്ടുവരണമെന്നു ഞാന്‍ നിങ്ങളോട് ആഹ്വാനംചെയ്യുന്നു. ദരിദ്രരില്‍ ദരിദ്രര്‍ക്കും രാജ്യത്തെ പൊതു പൗരന്‍മാര്‍ക്കും വാക്‌സീനെ സംബന്ധിച്ച ശരിയായ അറിവു പകരാന്‍ നിങ്ങള്‍ക്കു സാധിക്കണം. കൊറോണ വാക്‌സീനുകള്‍ വികസിപ്പിക്കുക വഴി ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ അവരുടെ കടമ നിര്‍വഹിച്ചു. ഇനി നാം നമ്മുടെ കടമ നിറവേറ്റണം. നുണയും ഊഹാപോഹവും പ്രചരിപ്പിക്കുന്ന എല്ലാ വഴികളും ശരിയായ അറിവു പകരുക വഴി അടയ്ക്കണം. കടമയെക്കുറിച്ചുള്ള ബോധ്യമാണു നമ്മുടെ റിപ്പബ്ലിക്കിനെ ശക്തമാക്കുന്നതെന്ന് ഓര്‍മ വേണം. ഈ ബോധത്തിനാണു നാം കരുത്തേകണ്ടത്. ഇതു നമ്മുടെ റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്തുകയും സ്വാശ്രയത്വത്തിലേക്കുള്ള നമ്മുടെ ദൃഢനിശ്ചയം ഫലപ്രദമാക്കുകയും ചെയ്യും. ഈ ദേശീയ ഉല്‍സവത്തില്‍ പങ്കാളികളാകാനുള്ള അവസരം നിങ്ങള്‍ക്കെല്ലാം ഉണ്ട്. മനസ്സിനെ ശക്തിപ്പെടുത്താനും രാജ്യത്തെ അറിയാനും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനും ഇതിലും വലിയ ആചാരമില്ല. ഈ സൗഭാഗ്യം നിങ്ങള്‍ക്കു ലഭിച്ചു. ജനുവരി 26ന് ഇവിടെ നടക്കുന്ന ഗംഭീര പരിപാടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ നിങ്ങള്‍ക്കു നല്ല ഓര്‍മകള്‍ ഏറെ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം, നമ്മുടെ രാജ്യത്തിനായി മികച്ച സേവനം നല്‍കണമെന്നത് ഒരിക്കലും മറക്കരുത്. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍.

വളരെയധികം നന്ദി.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
What Happened After A Project Delayed By 53 Years Came Up For Review Before PM Modi? Exclusive

Media Coverage

What Happened After A Project Delayed By 53 Years Came Up For Review Before PM Modi? Exclusive
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives due to a road accident in Pithoragarh, Uttarakhand
July 15, 2025

Prime Minister Shri Narendra Modi today condoled the loss of lives due to a road accident in Pithoragarh, Uttarakhand. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The PMO India handle in post on X said:

“Saddened by the loss of lives due to a road accident in Pithoragarh, Uttarakhand. Condolences to those who have lost their loved ones in the mishap. May the injured recover soon.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”