നമസ്‌കാരം ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ബജറ്റ് അവതരണത്തിന് ശേഷം അതു വേഗം നടപ്പാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് വിവിധ മേഖലകളിലെ ആളുകളെ ഉള്‍പ്പെടുത്തി വെബിനാറുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ കമ്പനികളെ എങ്ങനെ പങ്കാളികളാക്കാമെന്നും ബജറ്റ് നടപ്പിലാക്കുന്നതിനായി ഒരു റോഡ് മാപ്പ് വരയ്ക്കുന്നത് എങ്ങനെയെന്നും സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുന്നു. പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലെ എല്ലാ പങ്കാളികളെയും കാണാനുള്ള അവസരം ഇന്ന് ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ശുഭാശംസകള്‍.
പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് എങ്ങനെ സ്വാശ്രയമാകാം എന്ന കാര്യത്തില്‍ ഇന്നത്തെ സംഭാഷണം വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ബജറ്റിനെത്തുടര്‍ന്ന് പ്രതിരോധ മേഖലയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പുതിയ സാധ്യതകളെക്കുറിച്ചും ഭാവി ദിശ എന്തായിരിക്കണമെന്നതിനെക്കുറിച്ചും അറിവും ചിന്തയും ഉണ്ടായിരിക്കേണ്ടത് വളരെ ആവശ്യമാണ്. സമാധാന കാലഘട്ടത്തില്‍ വിയര്‍പ്പ് ചൊരിയുന്നത് യുദ്ധസമയത്ത് രക്തം ഒഴിക്കുന്നത് തടയുന്നുവെന്ന് നമ്മുടെ യോദ്ധാക്കള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലങ്ങളില്‍ എഴുതിവെച്ചിരിക്കുന്നതു നാം പലപ്പോഴും കാണാറുണ്ട്. അതായത്, സമാധാനമുണ്ടാവാന്‍ ധീരതയും ധീരതയുണ്ടാവാന്‍ കഴിവും കഴിവുണ്ടാകാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും അനിവാര്യമാണ്. ബാക്കിയെല്ലാം പിന്തുടരുന്നു. നമ്മുടെ രാജ്യത്ത് ഇങ്ങനെയും പറയും: ,
സഹിഷ്ണുത, ക്ഷമിക്കല്‍, കരുണ എന്നിവയെ ലോകം ആരാധിക്കുന്നത് അതിനു പിന്നില്‍ കരുത്തുണ്ടാകുമ്പോള്‍ മാത്രമാണ്.
സുഹൃത്തുക്കളെ,
ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ഇന്ത്യക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനുഭവസമ്പത്തുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് നമുക്ക് നൂറുകണക്കിന് ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും വലിയ തോതില്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. പക്ഷേ, പല കാരണങ്ങളാല്‍, ഈ സംവിധാനം സ്വാതന്ത്ര്യാനന്തരം ആവശ്യമാംവിധം ശക്തിപ്പെടുത്തിയില്ല. ചെറിയ ആയുധങ്ങള്‍ക്കായി പോലും മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അത് വലിയ അഭിമാനമല്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിവില്ല എന്നല്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിവില്ല എന്നല്ല.
കൊറോണ ആരംഭിക്കുമ്പോള്‍ ഇന്ത്യ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ ആയിരക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നു. ചൊവ്വയിലെത്താന്‍ ശേഷിയുള്ള ഇന്ത്യക്ക് ആധുനിക ആയുധങ്ങളും വികസിപ്പിക്കാന്‍ കഴിയും. എന്നാല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് എളുപ്പമാണെന്ന് കണക്കാക്കി. എളുപ്പമുള്ളതും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതും സ്വീകരിക്കുക എന്നതാണു മനുഷ്യന്റെ രീതി. വര്‍ഷങ്ങളായി നിങ്ങള്‍ വീടുകളില്‍പ്പോലും നിരവധി വിദേശ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു കാണാം. പ്രതിരോധത്തിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. എന്നാല്‍ ഇന്നു സ്ഥിതിഗതികള്‍ മാറ്റാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നു.
ഇപ്പോള്‍ ഇന്ത്യ അതിന്റെ കഴിവുകളും ശേഷിയും ത്വരിതപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നമ്മുടെ സ്വന്തം യുദ്ധവിമാനമായ തേജസിനെ ഫയലുകളില്‍ ഒതുക്കേണ്ട ഒരു കാലമുണ്ടായിരുന്നു. തേജസ് വികസിപ്പിക്കുന്നതില്‍ നമ്മുടെ എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളെ നമ്മുടെ ഗവണ്‍മെന്റ് ആശ്രയിച്ചിരുന്നു. ഇന്ന് തേജസ് ആകാശത്ത് മനോഹരമായി പറക്കുന്നു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ്, 48,000 കോടി രൂപയുടെ ഓര്‍ഡര്‍ തേജസിനായി ലഭിച്ചു. ഇത് ഈ രംഗത്തെ നിരവധി എംഎസ്എംഇ മേഖലകളെ ഒന്നിപ്പിക്കുന്നതിലേക്ക് നയിക്കും. മാത്രമല്ല ബിസിനസ്സിന്റെ അളവു വളരെ വലുതായിരിക്കുകയും ചെയ്യും. നമ്മുടെ ജവാന്‍മാര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കായി വളരെയധികം കാത്തിരിക്കേണ്ടതുണ്ട്. ഇന്ന്, നാം ഇന്ത്യയില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക രൂപപ്പെടുന്നതോടെ, സംഭരണ പ്രക്രിയകള്‍, ട്രയലും ടെസ്റ്റിങ്ങും, ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍, സേവന പ്രക്രിയ എന്നിവയില്‍ പൊതുരീതി സാധ്യമാക്കുന്നതു വളരെ എളുപ്പമാണ്. മാത്രമല്ല ഇതു നമ്മുടെ പ്രതിരോധ സേനകളുടെ എല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷത്തെ ബജറ്റ് സൈന്യത്തെ നവീകരിക്കാനുള്ള പ്രതിബദ്ധതയെ കൂടുതല്‍ ശക്തമാക്കി. ഒന്നര പതിറ്റാണ്ടിനുശേഷം പ്രതിരോധ മേഖലയിലെ മൂലധന വിഹിതം 19 ശതമാനം വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി, പ്രതിരോധ മേഖലയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം ഊന്നല്‍ നല്‍കുന്നു. സ്വകാര്യമേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അവര്‍ക്ക് ജോലിചെയ്യാന്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനും ബിസിനസ്സ് എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു.
സുഹൃത്തുക്കളെ,
സ്വകാര്യമേഖലയുടെ പങ്കാളിത്തം സംബന്ധിച്ച് പ്രതിരോധ മേഖലയ്ക്കുള്ള ആശങ്കയും ഞാന്‍ മനസ്സിലാക്കുന്നു. പ്രതിരോധ മേഖലയിലെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളെ അപേക്ഷിച്ച് പലമടങ്ങ് കൂടുതലാണ്. ഗവണ്‍മെന്റ് മാത്രമാണ് വാങ്ങുന്നയാള്‍, ഗവണ്‍മെന്റ് തന്നെ നിര്‍മാതാവാണ്, ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ കയറ്റുമതി ചെയ്യുന്നതും ബുദ്ധിമുട്ടാണ്. ഇത് സ്വാഭാവികമാണ്. കാരണം ഈ മേഖല ദേശീയ സുരക്ഷയെ സംബന്ധിക്കുന്നതാണ്.. അതേസമയം, 21-ാം നൂറ്റാണ്ടിലെ പ്രതിരോധ ഉല്‍പാദന ആവാസവ്യവസ്ഥയ്ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ വളരാന്‍ കഴിയില്ല. ഞാന്‍ അത് നന്നായി മനസ്സിലാക്കുന്നു, ഇപ്പോള്‍ ഗവണ്‍മെന്റിന്റെ എല്ലാ വിഭാഗങ്ങളും ഇക്കാര്യത്തില്‍ യോജിക്കുന്നു. അതിനാല്‍, 2014 മുതല്‍, സുതാര്യതയോടെയും കണക്കുകൂട്ടലോടെയും ബിസിനസ്സ് ചെയ്യുന്നതു സുഗമമാക്കി ഓരോ ചുവടുകള്‍വെച്ചു നാം ഈ മേഖലയില്‍ നിരന്തരം മുന്നോട്ട് പോകുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ലൈസന്‍സ് ഒഴിവാക്കല്‍, നിയന്ത്രണങ്ങള്‍ നീക്കല്‍, കയറ്റുമതി പ്രോല്‍സാഹിപ്പിക്കല്‍, വിദേശ നിക്ഷേപ ഉദാരവല്‍ക്കരണം തുടങ്ങി നിരവധി നടപടികളിലൂടെ നാം ഈ മേഖലയില്‍ ഒന്നിനുപുറകെ ഒന്നായി ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. യൂണിഫോം ധരിച്ച സേനയുടെ നേതൃത്വത്തില്‍ നിന്ന് ഈ എല്ലാ ശ്രമങ്ങള്‍ക്കും എനിക്ക് പരമാവധി പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ടെന്നും ഞാന്‍ പറയും. അവരും ഒരു തരത്തില്‍ അതിന് ഊന്നല്‍ നല്‍കി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
പ്രതിരോധ സേനയുടെ യൂണിഫോം ധരിച്ച ഒരാള്‍ ഇത് പറയുമ്പോള്‍ അത് വളരെയധികം ശക്തി പകരുന്നു. കാരണം അദ്ദേഹത്തിന് യുദ്ധം ജീവിതമോ മരണമോ ആണ്. ജീവന്‍ പണയപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കുന്നു. ആത്മനിഭര്‍ ഭാരതത്തിനായി അദ്ദേഹം മുന്നോട്ട് വന്നാല്‍ അന്തരീക്ഷം പോസിറ്റീവും ഉത്സാഹം നിറഞ്ഞതും ആായിരിക്കുമെന്ന് നിങ്ങള്‍ക്ക് നന്നായി ഊഹിക്കാനാകും. പ്രതിരോധവുമായി ബന്ധപ്പെട്ട 100 സുപ്രധാന ഇനങ്ങളുടെ ഒരു പട്ടിക ഇന്ത്യ തയ്യാറാക്കിയിട്ടുണ്ടെന്നും അത് നെഗറ്റീവ് ലിസ്റ്റ് ആണെന്നും നമ്മുടെ പ്രാദേശിക വ്യവസായങ്ങളുടെ സഹായത്തോടെ നമുക്കു നിര്‍മ്മിക്കാമെന്നും നിങ്ങള്‍ക്കറിയാം. നമ്മുടെ വ്യവസായങ്ങള്‍ക്ക് ഈ ആവശ്യകതകള്‍ നിറവേറ്റാന്‍ ആസൂത്രണം നടത്തുന്നതിനായി സമയക്രമം സജ്ജമാക്കി.
ഔദ്യോഗിക ഭാഷയില്‍ ഇതിനെ ഒരു നെഗറ്റീവ് ലിസ്റ്റ് എന്ന് വിളിക്കുന്നു, പക്ഷേ ഞാന്‍ അത് മറ്റൊരു രീതിയില്‍ കാണുന്നു. എന്റെ അഭിപ്രായത്തില്‍, ഇത് സ്വയംപര്യാപ്തതയുടെ ഭാഷയില്‍ ഒരു പോസിറ്റീവ് പട്ടികയാണ്. നമ്മുടെ സ്വന്തം ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പോകുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഈ പോസിറ്റീവ് ലിസ്റ്റാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. നമ്മുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പോകുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഇന്ത്യയിലെ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വില്‍പന ഉറപ്പ് നല്‍കുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഇന്ത്യയുടെ ആവശ്യങ്ങള്‍, നമ്മുടെ കാലാവസ്ഥ, നമ്മുടെ ജനങ്ങളുടെ സ്വഭാവം എന്നിവ അനുസരിച്ച് ഈ ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ നവീകരണത്തിന് അന്തര്‍ലീനമായ സാധ്യതയുണ്ട്.
അത് നമ്മുടെ സൈന്യമായാലും നമ്മുടെ സാമ്പത്തിക ഭാവിയായാലും, അത് ഒരുതരം പോസിറ്റീവ് ലിസ്റ്റാണ്. രാജ്യത്തിനോ ഗവണ്‍മെന്റിനോ സ്വകാര്യ കമ്പനിക്കോ നിര്‍മിക്കാനോ രൂപകല്‍പന ചെയ്യാനോ കഴിവുള്ള പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഒരു സാമഗ്രിയും ഇറക്കുമതി ചെയ്യില്ലെന്ന് ഈ യോഗത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. പ്രതിരോധത്തിന്റെ മൂലധന ബജറ്റില്‍ പോലും ആഭ്യന്തര സംഭരണത്തിനായി ഒരു ഭാഗം നീക്കിവച്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ആഗോളതലത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലും വികസനത്തിലും സ്വകാര്യമേഖല മുന്നോട്ട് വരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ അവസരം ഉപേക്ഷിക്കരുത്. രാജ്യത്തെ സ്വകാര്യമേഖല തദ്ദേശീയ രൂപകല്‍പ്പനയിലും വികസന രംഗത്തും ഡിആര്‍ഡിഒയ്ക്കുള്ള അനുഭവം ഉപയോഗപ്പെടുത്തണം. നിയമങ്ങളും ചട്ടങ്ങളും അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാന്‍ ദ്രുതഗതിയിലുള്ള പരിഷ്‌കാരങ്ങള്‍ ഡിആര്‍ഡിഒയില്‍ നടക്കുന്നു. പദ്ധതികളുടെ തുടക്കത്തില്‍ സ്വകാര്യമേഖലയും പങ്കാളികളാകും.
സുഹൃത്തുക്കളെ,
മുമ്പൊരിക്കലും, ലോകത്തിലെ പല ചെറിയ രാജ്യങ്ങളും അവരുടെ സുരക്ഷയെക്കുറിച്ച് ആലോചിച്ച് ഇത്രത്തോളം ബുദ്ധിമുട്ടിയിട്ടില്ല. മാറിക്കൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയിലെ പുതിയ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍, അത്തരം ചെറിയ രാജ്യങ്ങളും അവരുടെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തു വിഷമിക്കേണ്ടതുണ്ട്; സുരക്ഷയും അവര്‍ക്ക് വളരെ പ്രധാനപ്പെട്ട വിഷയമായി മാറുകയാണ്. നമ്മുടെ കുറഞ്ഞ ചെലവിലുള്ള ഉല്‍പ്പാദന ശേഷി കാരണം അത്തരം ദരിദ്രവും ചെറുതുമായ രാജ്യങ്ങള്‍ അവരുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നോക്കുന്നത് വളരെ സ്വാഭാവികമാണ്. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ കരുത്ത് നമുക്കുണ്ട്. മാത്രമല്ല, നാം മുന്നോട്ട് പോകേണ്ടതുണ്ട്. ഈ രാജ്യങ്ങളെ സഹായിക്കുന്നതില്‍ ഇന്ത്യയ്ക്കും വലിയ പങ്കുണ്ട്. കൂടാതെ ഇന്ത്യയുടെ വികസ്വര പ്രതിരോധ മേഖലയ്ക്ക് ഒരു വലിയ പങ്കും വലിയ അവസരവുമുണ്ട്. ഇന്ന്, നാം 40 ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതിയെ ആശ്രയിച്ചുള്ള രാജ്യം എന്നതില്‍നിന്ന്, ലോകത്തെ മുന്‍നിര പ്രതിരോധ കയറ്റുമതിക്കാരായി നാം സ്വയം തിരിച്ചറിയുകയും നിങ്ങളെ കൂടി കൂട്ടി ആ തിരിച്ചറിവു ശക്തിപ്പെടുത്തുകയും വേണം.
വന്‍കിട വ്യവസായങ്ങള്‍ക്കും ചെറുകിട, ഇടത്തരം ഉല്‍പാദന യൂണിറ്റുകള്‍ക്കും ആരോഗ്യകരമായ പ്രതിരോധ ഉല്‍പാദന ആവാസവ്യവസ്ഥ വളരെ പ്രധാനമാണെന്നും നാം ഓര്‍മ്മിക്കേണ്ടതാണ്. മാറുന്ന കാലത്തിനനുസരിച്ച് ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യമായ പുതുമകള്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നു, ഒപ്പം നമ്മുടെ പ്രതിരോധ തയ്യാറെടുപ്പുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മുഴുവന്‍ ഉല്‍പാദന മേഖലയുടെയും നട്ടെല്ലായി എംഎസ്എംഇ പ്രവര്‍ത്തിക്കുന്നു. ഇന്ന് നടക്കുന്ന പരിഷ്‌കാരങ്ങള്‍ എംഎസ്എംഇകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും വിപുലീകരിക്കാന്‍ പ്രോത്സാഹനവും നല്‍കുന്നു.
ഈ എംഎസ്എംഇകള്‍ ഇടത്തരം, വലിയ ഉല്‍പാദന യൂണിറ്റുകളെ സഹായിക്കുന്നു. ഇത് മുഴുവന്‍ ആവാസവ്യവസ്ഥയ്ക്കും കരുത്തു പകരുന്നു. ഈ പുതിയ ചിന്തയും പുതിയ സമീപനവും നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് വളരെ പ്രധാനമാണ്. ഐഡെക്‌സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും യുവ സംരംഭകരെയും ഈ ദിശയില്‍ പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് രാജ്യത്ത് നിര്‍മ്മിക്കുന്ന പ്രതിരോധ ഇടനാഴികള്‍ പ്രാദേശിക സംരംഭകരെയും പ്രാദേശിക ഉല്‍പാദനത്തെയും സഹായിക്കും. അതായത്, ഇന്ന് നമ്മുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ഈ രണ്ട് മുന്നണികളുടെയും ശാക്തീകരണമായി കാണേണ്ടതുണ്ട് - 'ജവാനും നൗജവാനും (യുവാക്കള്‍)'.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ സുരക്ഷ കടല്‍, കര, ആകാശം എന്നിവയുമായി ബന്ധപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ സുരക്ഷയുടെ വ്യാപ്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം തീവ്രവാദം പോലുള്ള തന്ത്രങ്ങളാണ്. അതുപോലെ, സൈബര്‍ ആക്രമണത്തിന്റെ രൂപത്തില്‍ ഒരു പുതിയ വഴി കണ്ടെത്തി. അത് സുരക്ഷയുടെ മുഴുവന്‍ മാനങ്ങളും മാറ്റി. സുരക്ഷയ്ക്കായി ഗണ്യമായ തോതില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ചെറിയ മുറിയിലെ ഒരു ചെറിയ കമ്പ്യൂട്ടര്‍ പോലും രാജ്യത്തിന്റെ സുരക്ഷയില്‍ പ്രധാനമായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍, 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയും സാങ്കേതികവിദ്യയില്‍ നിന്നുള്ള ആവശ്യകതകളും കണക്കിലെടുത്തു പരമ്പരാഗത പ്രതിരോധ ഇനങ്ങള്‍ക്കൊപ്പം ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിക്ഷേപം ഇപ്പോള്‍ നടത്തേണ്ടതുണ്ട്.
അതിനാല്‍, നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, നമ്മുടെ അക്കാദമിക ലോകത്തെ പ്രതിരോധവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, പ്രതിരോധ നൈപുണ്യ കോഴ്‌സുകള്‍, നൈപുണ്യ വികസനം, മാനവ വിഭവശേഷി വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നതും ഇന്ന് പ്രധാനമാണ്. ഗവേഷണവും പുതുമയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യണമെന്ന് കാലം ആവശ്യപ്പെടുന്നു. പരമ്പരാഗത പ്രതിരോധത്തില്‍ യൂണിഫോം ധരിച്ച സൈനികര്‍ ഉള്ളതിനാല്‍, അക്കാദമിക് ലോകത്തുള്ളവരെയും ഗവേഷകരെയും സുരക്ഷാ വിദഗ്ധരെയും നാം അന്വേഷിക്കണം. ഈ ആവശ്യകത കണക്കിലെടുത്ത് നാം നടപടികള്‍ കൈക്കൊള്ളണം. ഈ ദിശയിലും നിങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്നത്തെ ചര്‍ച്ചയെ അടിസ്ഥാനമാക്കി സമയബന്ധിതമായ കര്‍മപദ്ധതിയും കൃത്യമായ റോഡ്മാപ്പും തയ്യാറാക്കാനും ഗവണ്‍മെന്റിന്റെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ അത് നടപ്പാക്കാനും ഞാന്‍ പ്രതിരോധ മന്ത്രാലയത്തോടും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഈ ചര്‍ച്ചയും നിങ്ങളുടെ നിര്‍ദ്ദേശങ്ങളും രാജ്യത്തെ പ്രതിരോധ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന ആഗ്രഹത്തോടെ, ഇന്നത്തെ വെബിനാറിനും നിങ്ങളുടെ പരമമായ ആശയങ്ങള്‍ക്കും, സുരക്ഷാ മേഖലയില്‍ രാജ്യത്തെ സ്വാശ്രയമാക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തിനും ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു.
വളരെയധികം നന്ദി!
കുറിപ്പ്: പ്രധാനമന്ത്രിയുടെ സംഭാഷണത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലാണ്.