



ഒഡീഷ ഗവർണർ, ശ്രീ രഘുബർ ദാസ് ജി, ഈ സംസ്ഥാനത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ നവീൻ പട്‌നായിക് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ ബിശ്വേശ്വർ ടുഡു ജി, മറ്റ് വിശിഷ്ട വ്യക്തികൾ, മഹതികളേ, മാന്യരേ!
ജയ് ജഗന്നാഥ്!
ഇന്ന്, ജഗന്നാഥന്റെയും ബിരാജ മാതാവിന്റെയുടെയും ദിവ്യാനുഗ്രഹത്തോടെ, ജാജ്പൂരിലും ഒഡീഷയിലും വികസനത്തിന്റെ ഒരു പുതിയ തരംഗം ആരംഭിച്ചു. ബിജു ബാബുവിന്റെ ജന്മദിനം കൂടിയാണിത്. ഒഡീഷയുടെയും രാജ്യത്തിന്റെയും പുരോഗതിക്ക് ബിജു ബാബു നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. എല്ലാ പൗരന്മാരുടെയും പേരിൽ, ബഹുമാനപ്പെട്ട ബിജു ബാബുവിന് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, 20,000 കോടിയുടെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇവിടെ നടന്നു. പെട്രോളിയം, പ്രകൃതിവാതകം, ആണവോർജ്ജം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിലും മറിച്ച് റോഡ്, റെയിൽവേ, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിലും, ഈ വികസന പദ്ധതികൾ വ്യാവസായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് ഒഡീഷയിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
വർത്തമാനകാലത്തെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, 'വികസിത ഭാരതം' കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഗവൺമെന്റാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. ഊർജമേഖലയിൽ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് കിഴക്കൻ ഇന്ത്യയുടെ ശേഷി നമ്മൾ ശക്തിപ്പെടുത്തുകയാണ്. ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ പ്രകൃതി വാതക വിതരണം സുഗമമാക്കുന്നതിനുള്ള ഊർജ ഗംഗ പദ്ധതിക്ക് കീഴിൽ കാര്യമായ മുന്നേറ്റം നടക്കുന്നു. ഇന്ന്, നമ്മുടെ രാജ്യത്തെ സേവിക്കുന്നതിനായി പാരദീപ്-സോമനാഥ്പൂർ-ഹാൽദിയ പൈപ്പ്‌ലൈൻ അഭിമാനപൂർവ്വം സമർപ്പിക്കുന്നു. കൂടാതെ, പുതിയ മോണോ എഥിലീൻ ഗ്ലൈക്കോൾ പ്ലാന്റിന്റെ അനാച്ഛാദനത്തോടൊപ്പം പാരദീപ് റിഫൈനറിയിൽ പ്രകൃതി വാതക സംസ്‌കരണത്തിനുള്ള ഒരു യൂണിറ്റും ഉദ്ഘാടനം ചെയ്തു. ഭദ്രകിലും പാരദീപിലും നിർമ്മാണത്തിലിരിക്കുന്ന ടെക്സ്റ്റൈൽ പാർക്കുകൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കിക്കൊണ്ട് കിഴക്കൻ ഇന്ത്യയിലെ പോളിസ്റ്റർ വ്യവസായത്തിന് ഇത് ഒരു പുതിയ യുഗത്തെ കുറിക്കുന്നു.
സുഹൃത്തുക്കളേ,
സമീപ വർഷങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ തൊഴിൽ സംസ്‌കാരത്തിലുണ്ടായ ഗണ്യമായ മാറ്റവും ഇന്നത്തെ സമ്മേളനം എടുത്തുകാണിക്കുന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ മുൻ ഗവൺമെന്റുകളുടെ പ്രതിബദ്ധത കുറവായിരുന്നു. ഇതിനു വിപരീതമായി, ഒരിക്കൽ ആരംഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാണ് നമ്മുടെ ഗവൺമെന്റ് മുൻഗണന നൽകുന്നത്. 2014 മുതൽ, മുടങ്ങിക്കിടക്കുകയോ കാലതാമസം നേരിടുകയോ ചെയ്തിരുന്ന നിരവധി പദ്ധതികൾ രാജ്യത്തുടനീളം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, പാരദീപ് റിഫൈനറിയെക്കുറിച്ചുള്ള ചർച്ചകൾ 2002 ൽ തന്നെ ആരംഭിച്ചിരുന്നു, എന്നിട്ടും 2013-14 വരെ പുരോഗതി ഉണ്ടായില്ല. ആത്യന്തികമായി പാരദീപ് റിഫൈനറി പദ്ധതി നടപ്പിലാക്കുകയും പൂർത്തിയാക്കുകയും ചെയ്തത് നമ്മുടെ സർക്കാരാണ്. കൂടാതെ, ഇന്ന്, തെലങ്കാനയിലെ സംഗറെഡ്ഡിയിൽ പാരദീപ്-ഹൈദരാബാദ് പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള അവസരവും എനിക്കുണ്ടായി. മൂന്ന് ദിവസം മുമ്പ്, പശ്ചിമ ബംഗാളിലെ അരംബാഗിലെ ഹാൽദിയയിൽ നിന്ന് ബറൗനിയിലേക്ക് 500 കിലോമീറ്റർ അസംസ്‌കൃത എണ്ണ പൈപ്പ്‌ലൈൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ലാണ് സ്ഥാപിച്ചത്.
സുഹൃത്തുക്കളേ,
കിഴക്കൻ ഇന്ത്യയിൽ സമൃദ്ധമായ പ്രകൃതി വിഭവങ്ങളുണ്ട്. ഒഡീഷയിലെ അപൂർവ ധാതു സമ്പത്ത് ഉൾപ്പെടെയുള്ള ഈ സമ്പത്ത് നമ്മുടെ ഗവൺമെന്റ് വികസനത്തിനായി വിനിയോഗിക്കുന്നു. ഒഡീഷയിലെ ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന ഒരു ഡീസലിനേഷൻ പ്ലാന്റിന് ഗഞ്ചം ജില്ലയിൽ ഞങ്ങൾ ഇന്ന് തറക്കല്ലിട്ടു. പ്രതിദിനം 50 ലക്ഷം ലിറ്റർ ഉപ്പുവെള്ളം ശുദ്ധീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
സുഹൃത്തുക്കളേ,
ഒഡീഷയുടെ വിഭവങ്ങൾ വർധിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ വ്യാവസായിക മികവ് വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവൺമെന്റ് ഇവിടെ ആധുനിക ഗതാഗത സംരംഭങ്ങൾക്ക് മുൻഗണന നൽകുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇക്കാര്യത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഒഡീഷയിൽ ഏകദേശം 3,000 കിലോമീറ്റർ ദേശീയ പാതകൾ നിർമ്മിക്കപ്പെട്ടു, റെയിൽവേ ബജറ്റ് ഏകദേശം പന്ത്രണ്ടിരട്ടിയായി വർദ്ധിപ്പിച്ചു. ജജ്പൂർ, ഭദ്രക്, ജഗത്സിംഗ്പൂർ, മയൂർഭഞ്ച്, ഖോർധ, ഗഞ്ചം, പുരി, കെന്ദുജാർ എന്നിവിടങ്ങളിൽ റെയിൽ, ഹൈവേ, തുറമുഖ ഗതാഗത സൗകര്യം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ പാത വിപുലീകരണ പദ്ധതികൾ നടന്നുവരികയാണ്. കൂടാതെ, പുതുതായി ഉദ്ഘാടനം ചെയ്ത അംഗുൽ-സുകിന്ദ റെയിൽവേ ലൈൻ ഇപ്പോൾ നിർണായകമായ ഗതാഗതസൗകര്യം നൽകുന്നു, ഇത് കലിംഗനഗർ വ്യാവസായിക മേഖലയുടെ വിപുലീകരണത്തിന് സഹായിക്കുന്നു. ഒഡീഷയിലെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ബിജു ബാബുവിന്റെ ജന്മദിനത്തിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും വികസന സംരംഭങ്ങൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു.
ജയ് ജഗന്നാഥ്!