കൊറോണയോടുള്ള ഇന്ത്യന്‍ പ്രതികരണം ആത്മവിശ്വാസത്തിന്റേതും, സ്വാശ്രയത്വത്തിന്റേതും : പ്രധാനമന്ത്രി
ഇത്തരത്തിലുള്ള വാക്‌സിനേഷന്‍ യജ്ഞം ലോകം ഇതുവരെ കണ്ടിട്ടില്ല : പ്രധാനമന്ത്രി
കൊറോണയോടുള്ള ഇന്ത്യന്‍ പ്രതികരണം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത് : പ്രധാനമന്ത്രി
മുന്‍നിര കൊറോണ പോരാളികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

പ്രിയപ്പെട്ട നാട്ടുകാരേ,
നമസ്‌കാരം!
രാജ്യമൊന്നാകെ ഈ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാസങ്ങളായി രാജ്യത്തെ ഓരോ കുടുംബത്തിലെയും കുട്ടികള്‍ക്കും പ്രായംചെന്നവര്‍ക്കും യുവാക്കള്‍ക്കും ഒരേ ചോദ്യമാണ് ചോദിക്കാന്‍ ഉണ്ടായിരുന്നത്: കൊറോണ വാക്‌സിന്‍ എപ്പോള്‍ വരുമെന്ന്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇപ്പോള്‍ കൊറോണ വാക്‌സിന്‍ എത്തിയിരിക്കുന്നു. അല്‍പസമയത്തിനകം ലോകത്തെ ഏറ്റവും ബൃഹത്തായ വാക്‌സിനഷേന്‍ പദ്ധതി ഇന്ത്യയില്‍ ആരംഭിക്കും. ഞാന്‍ എല്ലാ നാട്ടുകാരെയും അഭിനന്ദിക്കുന്നു. കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ രാത്രിയും പകലും പ്രയത്‌നിച്ച ശാസ്ത്രജ്ഞരെയും ഗവേഷണത്തില്‍ ഏര്‍പ്പെട്ട മറ്റുള്ളവരെയും പ്രശംസിക്കേണ്ടിയിരിക്കുന്നു. അവര്‍ ആഘോഷങ്ങള്‍ എന്നോ പകലോ രാത്രിയോ എന്നോ നോക്കിയില്ല. സാധാരണ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങളെടുക്കും. എന്നാല്‍, വളരെ ചുരുങ്ങിയ സമയത്തിനകം, ഒന്നല്ല രണ്ടു 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു. എന്നു മാത്രമല്ല, എത്രയോ വാക്‌സിനുകള്‍ അതിവേഗം വികസിപ്പിച്ചുവരികയുമാണ്. ഇത് ഇന്ത്യയുടെ കരുത്തിന്റെയും ശാസ്ത്രകുശലതയുടെയും പ്രതിഭയുടെയും തിളക്കമേറിയ തെളിവാണ്. ഇത്തരം നേട്ടങ്ങളെക്കുറിച്ചു ദേശീയ കവി രാംധാരി സിങ് ദിന്‍കര്‍ പറഞ്ഞിട്ടുള്ളത് മനുഷ്യര്‍ നിര്‍ബന്ധിച്ചാല്‍ കല്ലു ജലമായി മാറുക പോലും ചെയ്യും എന്നാണ്.
സഹോദരീ സഹോദരന്‍മാരേ,
ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതി മാനുഷികവും പ്രാധാന്യമേറിയതുമായ ആശയങ്ങളില്‍ അധിഷ്ഠിതമാണ്. ഏറ്റവും ആവശ്യം ആര്‍ക്കാണോ അവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. കൊറോണ ബാധയുണ്ടാകാമെന്ന അപകട സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ നല്‍കും. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രികളിലെ ശുചീകരണ തൊഴിലാളികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഗവണ്‍മെന്റ് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കും. അടുത്തതായി രാജ്യത്ത് അവശ്യ സേവനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കും ക്രമസമാധാന പാലനം നിര്‍വഹിക്കുന്നവര്‍ക്കും വാക്‌സിന്‍ നല്‍കും. ഉദാഹരണത്തിന്, നമ്മുടെ സുരക്ഷാ സേനകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ മുതലയാവര്‍ക്കാണു മുന്‍ഗണന നല്‍കുക. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, അവരുടെ എണ്ണം മൂന്നു കോടിയോളം വരും. ഇവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ചെലവു കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും.

സുഹൃത്തുക്കളേ,
ഈ വാക്‌സിന്‍ പദ്ധതിയുടെ വിപുലമായ പ്രചരണത്തിനായി സംസ്ഥാന ഗവണ്‍മെന്റുകളായി ചേര്‍ന്നു രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ട്രയലുകളും ഡ്രൈ റണ്ണും നടത്തിയിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ചു നിരീക്ഷിക്കുന്നതിനായി റജിസ്റ്റര്‍ ചെയ്യാന്‍ കോ-വിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്. ആദ്യ വാക്‌സിന്‍ എടുത്തവര്‍ക്കു രണ്ടാമത്തെ ഡോസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഫോണില്‍ ലഭിക്കും. രണ്ടു ഡോസ് കൊറോണ വാക്‌സിന്‍ എടുക്കണമെന്നതു വളരെ പ്രധാനമാണെന്നു നാട്ടുകാരെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യ ഡോസ് എടുത്ത് രണ്ടാമത്തെ ഡോസെടുക്കാന്‍ മറന്നുപോകരുത്. വിദഗ്ധര്‍ പറയുന്നതുപോലെ ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയില്‍ ഒരു മാസത്തിന്റെ ഇടവേളയുണ്ടാകും. രണ്ടാമത്തെ ഡോസ് കഴിഞ്ഞു രണ്ടാഴ്ച പിന്നിടുന്നതോടെയാണു കൊറോണയ്‌ക്കെതിരായ പ്രതിരോധ ശേഷി നിങ്ങളുടെ ശരീരം നേടിയെടുക്കുക എന്ന് ഓര്‍ക്കണം. അതിനാല്‍ത്തന്നെ, വാക്‌സിനെടുത്താലും അശ്രദ്ധ കാട്ടുകയോ മാസ്‌ക് ഒഴിവാക്കുകയോ രണ്ടടി ദൂരമെന്ന വ്യവസ്ഥ പാലിക്കാതിരിക്കുകയോ ചെയ്യരുത്. ഇതൊന്നും ചെയ്യരുതെന്നു നിങ്ങളോടു ഞാന്‍ അപേക്ഷിക്കുകയാണ്. കൊറോണയ്‌ക്കെതിരെ പോരാടുന്നതില്‍ കാണിച്ചതിനു തുല്യമായി ക്ഷമ പുലര്‍ത്താന്‍ വാക്‌സിനേഷന്‍ വേളയിലും തയ്യാറാകണമന്നും നിഷ്‌കര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളെ,
ചരിത്രത്തിലൊരിക്കലും ഇത്രത്തോളം വലിയ വാക്‌സിനേഷന്‍ പദ്ധതി നടന്നിട്ടില്ല. ആദ്യഘട്ടത്തില്‍നിന്നു തന്നെ നിങ്ങള്‍ക്കു പദ്ധതിയുടെ വലിപ്പം മനസ്സിലാക്കാന്‍ സാധിക്കും. മൂന്നു കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള നൂറിലേറെ രാജ്യങ്ങളുണ്ട് ലോകത്ത്. എന്നാല്‍, ഇന്ത്യ ആദ്യഘട്ടത്തില്‍ മൂന്നു കോടി പേര്‍ക്കാണു വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ 30 കോടി പേര്‍ക്കു നല്‍കണം. പ്രായം ചെന്നവര്‍ക്കും ഗൗരവമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ലോകത്ത് 30 കോടിയിലേറെ ജനസംഖ്യയുള്ള മൂന്നു രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? ഇന്ത്യയും ചൈനയും അമേരിക്കയുമാണ് അവ. ഈ രാജ്യങ്ങളേക്കാള്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്ല. അതിനാല്‍, തന്നെ ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതി അത്രയും വലുതും ഇന്ത്യയുടെ കരുത്തു തെളിയിക്കുന്നതും ആണ്. ഒരു കാര്യം കൂടി നാട്ടുകാരോടു പറയാനുണ്ട്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകളുടെയു സുരക്ഷയും ഫലവും സംബന്ധിച്ച് ആത്മവിശ്വാസമുണ്ടായ ശേഷം മാത്രമാണ് നമ്മുടെ ശാസ്ത്രജ്ഞരും വിദഗ്ധരും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്. അതിനാല്‍തന്നെ നാട്ടുകാര്‍ തെറ്റായ പ്രചരണങ്ങളോ ഊഹാപോഹങ്ങളോ തെറ്റായ വിവരങ്ങളോ ഗൗരവത്തിലെടുക്കരുത്.

സുഹൃത്തുക്കളെ,
വാക്‌സിന്‍ വികസിപ്പിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, നമ്മുടെ വൈദ്യ സംവിധാനം, ഇന്ത്യയുടെ പുരോഗതി എന്നിവയ്‌ക്കെല്ലാം നല്ല വിശ്വാസ്യത ലഭിച്ചു. ട്രാക്ക് റെക്കോര്‍ഡില്‍നിന്നാണ് നാം ഈ വിശ്വാസം നേടിയെടുത്തത്.
പ്രിയപ്പെട്ട നാട്ടുകാരേ,
ലോകത്താകമാനമുള്ള കുട്ടികളില്‍ 60% പേര്‍ക്കും നല്‍കുന്ന കുത്തിവെപ്പ് ഇന്ത്യയില്‍ വികസിപ്പിച്ചതാണ് എന്നും ഇന്ത്യയുടെ കര്‍ക്കശമായ ശാസ്ത്രീയ നടപടിക്രമങ്ങളിലൂടെയും കടന്നുപോകുന്നതാണ് എന്നത് ഓരോ ഇന്ത്യക്കാരനിലും അഭിമാനം വളര്‍ത്തുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വാക്‌സിനുകള്‍ വഴി ലോകത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരിലും വാക്‌സിന്‍ രംഗത്തെ നമ്മുടെ വൈദഗ്ധ്യത്തിലുമുള്ള വര്‍ധിക്കും. ഇന്നു ഞാന്‍ നാട്ടുകാരോടു പറയേണ്ട മറ്റു ചില പ്രധാന കാര്യങ്ങളുണ്ട്. ഇന്ത്യന്‍ വാക്‌സിനുകള്‍ വിദേശ വാക്‌സിനുകളെക്കാള്‍ വളരെ വിലകുറഞ്ഞതാണ്. ഇന്ത്യന്‍ വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ്. അയ്യായിരം രൂപ വരെ വിലവരുന്നതും റഫ്രിജറേറ്ററുകളില്‍ മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുമായ വാക്‌സിനുകളുണ്ട്. ഇന്ത്യയില്‍ വര്‍ഷങ്ങളായി പരീക്ഷിച്ചുവരുന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഈ വാക്‌സിനുകള്‍ സംഭരണം മുതല്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതു വരെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണ്. ഇതേ വാക്‌സിനുകള്‍ കൊറോണയ്‌ക്കെതിരെ പോരാടുന്നതില്‍ ഇന്ത്യക്കു നിര്‍ണായക വിജയം ഉറപ്പാക്കും.
സുഹൃത്തുക്കളെ,
കൊറോണയ്‌ക്കെതിരായ നമ്മുടെ പോരാട്ടം ആത്മവിശ്വാസത്തിന്റേതും സ്വാശ്രയത്വത്തിന്റേതുമാണ്. ബുദ്ധിമുട്ടേറിയ ഈ യുദ്ധത്തില്‍ പോരാടുമ്പോഴും നമ്മുടെ ആത്മവിശ്വാസം ദുര്‍ബലമാകാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം ഓരോ ഇന്ത്യക്കാരനിലും പ്രകടമാണ്. എത്ര വലിയ പ്രതിസന്ധി ആയാലും നാട്ടുകാര്‍ക്ക് ഒരിക്കലും ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കൊറോണ ഇന്ത്യയിലെത്തിയപ്പോള്‍ രാജ്യത്ത് കൊറോണ പരിശോധിക്കുന്ന ഒരു ലബോറട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാം നമ്മുടെ കഴിവില്‍ വിശ്വാസം നിലനിര്‍ത്തുകയും അതോടെ ഇപ്പോള്‍ നമുക്കു രാജ്യത്ത് 2300ലേറെ ലാബുകളുടെ ശൃംഖല യാഥാര്‍ഥ്യമാവുകയും ചെയ്തു. തുടക്കത്തില്‍ മാസ്‌ക്കുകള്‍, പി.പി.ഇ. കിറ്റുകള്‍, പരിശോധനാ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയ്ക്കായി നാം വിദേശരാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ഇത്തരം ഉല്‍പന്നങ്ങളുടെയെല്ലാം കാര്യത്തില്‍ നാം സ്വാശ്രയത്വം നേടുക മാത്രമല്ല, കയറ്റുമതി നടത്തിത്തുടങ്ങുകയും ചെയ്തു. വാക്‌സിനേഷന്‍ കാലത്തും നമുക്ക് ഈ ആത്മവിശ്വാസവും സ്വാശ്രയത്വവും ശക്തിപ്പെടുത്തേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
മഹാനായ തെലുങ്കു കവി ശ്രീ. ഗുരജദ അപ്പാറാവു പറഞ്ഞു, " सौन्त लाभं कौन्त मानुकु, पौरुगुवाडिकि तोडु पडवोय् देशमन्टे मट्टि कादोयि, देशमन्टे मनुषुलोय" നാം മറ്റുള്ളവരെ സഹായിക്കണം. ഈ നിസ്വാര്‍ഥതാ ബോധം നമ്മില്‍ ഉണ്ടായിരിക്കണം. രാജ്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു കേവലം ചെളിയോ വെള്ളമോ ചരലോ കല്ലുകളോ കൊണ്ടല്ല; രാജ്യമെന്നാല്‍ ജനങ്ങള്‍ എന്നാണ് അര്‍ഥം. ഈ ആവേശത്തോടെയാണു രാജ്യമൊന്നാകെ കൊറോണയ്‌ക്കെതിരെ പോരാടിയത്. കഴിഞ്ഞ വര്‍ഷത്തേക്കു തിരിഞ്ഞുനോക്കുമ്പോള്‍ നാം വ്യക്തികളെന്ന നിലയിലും കുടുംബമെന്ന നിലയിലും രാജ്യമെന്ന നിലയിലും വളരെയധികം പഠിക്കുകയും കാണുകയും മനസ്സിലാക്കുകയും ചെയ്തു.
ഇന്ന് ഇന്ത്യയില്‍ വാക്‌സിനേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഞാന്‍ ആ ദിവസങ്ങളെക്കറിച്ച് ഓര്‍ക്കുകയാണ്. എല്ലാവര്‍ക്കും കൊറോണ നാളുകളില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വഴിയറിയില്ലായിരുന്നു. സാധാരണ സാഹചര്യത്തില്‍ ഒരു രോഗിയെ കുടുംബമൊന്നാകെ ശുശ്രൂഷിക്കുമായിരുന്നു. എന്നാല്‍, ഈ രോഗം രോഗിയെ തനിച്ചാക്കി. പലയിടത്തും രോഗം ബാധിച്ച കുട്ടികള്‍ക്ക് അമ്മമാരില്‍നിന്ന അകലെ കഴിയേണ്ടിവന്നു. തന്റെ കുഞ്ഞിനെ മടിയില്‍ കിടത്തി ആശ്വസിപ്പിക്കാന്‍ കഴിയാതെ അസ്വസ്ഥരായ അമ്മമാര്‍ നിസ്സഹായരായി കരഞ്ഞു. ചിലയിടങ്ങളില്‍ പ്രായംചെന്ന അച്ഛന്‍ ആശുപത്രികളില്‍ തനിച്ചുകഴിഞ്ഞു രോഗവുമായി മല്ലിടുകയായിരുന്നു. മക്കള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോലും കഴിഞ്ഞില്ല. നമ്മെ വിട്ടുപിരിഞ്ഞവര്‍ക്കു പാരമ്പര്യ രീതിയില്‍ അവര്‍ അര്‍ഹിക്കുന്ന അന്ത്യയാത്ര നല്‍കാന്‍ പോലും കഴിഞ്ഞില്ല. അതേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ശരീരമാകെ വിറയ്ക്കുകയും നാം ദുഃഖിതരായി മാറുകയും ചെയ്യുന്നു.

എന്നാല്‍ സുഹൃത്തുക്കളെ,
പ്രതിസന്ധിയുടെ ആ വേളയില്‍ നിരാശ നിറഞ്ഞ സാഹചര്യത്തില്‍ ചിലര്‍ പ്രതീക്ഷകളെ പ്രോല്‍സാഹിപ്പിക്കുകയും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി സ്വജീവിതം അപകടത്തില്‍ പെടുത്താന്‍ തയ്യാറാവുകയും ചെയ്തു. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആഷാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റു മുന്‍നിര പ്രവര്‍ത്തകര്‍ മാനവികതയോട് അവര്‍ക്കുള്ള ഉത്തരവാദിത്തത്തിനു മുന്‍ഗണന നല്‍കി. അവരില്‍ പലരും കുട്ടികളില്‍നിന്നും കുടുംബങ്ങളില്‍നിന്നും അകന്നുനില്‍ക്കുകയും ദിവസങ്ങളോളം വീടുകളില്‍ പോകാതിരിക്കുകയും ചെയ്തു. വീട്ടില്‍ പോകുകയേ ചെയ്യാതിരുന്ന നൂറുകണക്കിനു സുഹൃത്തുക്കളുണ്ട്. ഓരോ ജീവനും സംരക്ഷിക്കുന്നതിനായി അവര്‍ തങ്ങളുടെ ജീവിതം ത്യജിച്ചു. അതുകൊണ്ടുതന്നെ, കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ ആദ്യം രാജ്യത്തെ ആരോഗ്യ രംഗത്തുള്ളവര്‍ക്കു നല്‍കുക വഴി രാജ്യം കടംവീട്ടുകയാണ്. കടപ്പാടുള്ള രാജ്യം അത്തരം സഹപ്രവര്‍ത്തകര്‍ക്കെല്ലാം നല്‍കുന്ന ആദരവുകൂടിയാണ് ഈ വാക്‌സിനേഷന്‍.
സഹോദരീ സഹോദരന്‍മാരേ,
മനുഷ്യചരിത്രത്തില്‍ പല അത്യാപത്തുകളും പകര്‍ച്ചവ്യാധികളും ഭീകര യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആരും തന്നെ കൊറോണ പോലുള്ള വെല്ലുവിളി വിഭാവനം ചെയ്തിരുന്നില്ല. ശാസ്ത്രത്തിനോ സമൂഹത്തിനോ അറിവില്ലാത്ത അനുഭവം പകര്‍ന്ന പകര്‍ച്ചവ്യാധിയാണ് ഇത്. എല്ലാ രാജ്യങ്ങളില്‍നിന്നും വന്നുകൊണ്ടിരുന്ന ചിത്രങ്ങളും വാര്‍ത്തകളും ലോകത്തെ എന്നപോലെ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതായിരുന്നു. ആ സാഹചര്യത്തില്‍ ലോകത്തിലെ പ്രമുഖ വിദഗ്ധര്‍ ഇന്ത്യയെക്കുറിച്ചു പല തരത്തിലുള്ള ആശങ്കകള്‍ വെച്ചുപുലര്‍ത്തി.
എന്നാല്‍ സുഹൃത്തുക്കളെ,
നമ്മുടെ ദൗര്‍ബല്യമായി വിശദീകരിക്കപ്പെടുന്ന വര്‍ധിച്ച ജനസംഖ്യയെ നാം നമ്മുടോ കരുത്താക്കി മാറ്റി. അവബോധവും പങ്കാളിത്തവും പോരാട്ടത്തിന്റെ അടിസ്ഥാനമാക്കി നാം മാറ്റി. എല്ലായ്‌പ്പോഴും ജാഗ്രത പുലര്‍ത്തുകയും ഓരോ സംഭവവികാസവും ശ്രദ്ധിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്ത്യ ശരിയായ സമയത്തു ശരിയായ തീരുമാനം കൈക്കൊണ്ടു. ജനുവരി 30ന് ആദ്യത്തെ കൊറോണ കേസ് കണ്ടെത്തിയതോടെ ഉന്നതതല സമിതിയെ ഇന്ത്യ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം ഈ ദിവസം നാം നിരീക്ഷണം ആരംഭിച്ചു. 2020 ജനുവരി 17നാണ് ഇന്ത്യ ആദ്യമായി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനു തുടക്കമിട്ട ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.
സുഹൃത്തുക്കളെ,
കൊറോണയെ നേരിടുന്നതില്‍ ഇന്ത്യ പുലര്‍ത്തിയ മനഃശക്തിയും ധൈര്യവും സംഘടിതമായ കരുത്തും വരുന്ന എത്രയോ തലമുറകള്‍ക്കു പ്രചോദനമേകും. കൊറോണയ്‌ക്കെതിരായുള്ള സമൂഹത്തിന്റെ സംയമനത്തിന്റെയും അച്ചടക്കത്തിന്റെയും അളവുകോലും എല്ലാ നാട്ടുകാരും വിജയിച്ചതുമായ ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ജനതാ കര്‍ഫ്യൂ ആണു രാജ്യത്തെ ലോക്ഡൗണിനെ ഉള്‍ക്കൊള്ളാന്‍ മാനസികമായി സജ്ജമാക്കിയത്. നാം കയ്യടിച്ചും പാത്രങ്ങള്‍ കൊട്ടിയും ദീപങ്ങള്‍ തെളിയിച്ചും രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
സുഹൃത്തുക്കളെ,
പല വികസിത രാജ്യങ്ങളിലേതില്‍നിന്നു വേറിട്ട നിലയിലാണു വ്യാപനമെന്നതിനാല്‍ കൊറോണ പോലുള്ള അറിയപ്പെടാത്ത ശത്രു ബാധിക്കുന്നതു തടയാനുള്ള ഏറ്റവും ഫലപ്രദമായ വഴി ഓരോരുത്തരും അപ്പോള്‍ കഴിയുന്ന ഇടങ്ങളില്‍ തന്നെ തുടരുക എന്നതായിരുന്നു. അതിനാല്‍, ലോക്ഡൗണ്‍ സംബന്ധിച്ചൊരു തീരുമാനം രാജ്യത്തു കൈക്കൊണ്ടു. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ഇത്രയും വലിയ ആള്‍ക്കാര്‍ വീടുകളില്‍ത്തന്നെ കഴിയുക എന്നത് അസാധ്യമാണെന്നു നമുക്ക് അറിയാമായിരുന്നു. എന്നാല്‍, സംഭവിക്കാന്‍ പോകുന്നതു രാജ്യത്ത് എല്ലാം അടച്ചിടുകയും ലോക്ഡൗണ്‍ വരികയും ചെയ്യുന്ന സ്ഥിതി. അതു രാജ്യത്തെ ജനങ്ങളുടെ ഉപജീവനത്തെയും സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തല്‍ നമുക്ക് ഉണ്ടായിരുന്നു. എന്നാല്‍, '??? ?? ?? ???? ??' (ജീവനുണ്ടെങ്കില്‍ ലോകമുണ്ട്) എന്ന മന്ത്രം പിന്‍തുടര്‍ന്നുകൊണ്ട് രാജ്യം പ്രാധാന്യം കല്‍പിച്ചത് ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ സംരക്ഷിക്കുന്നതിനാണ്. രാജ്യമൊന്നാകെയും സമൂഹം ഒന്നാകെയും എത്ര പെട്ടെന്നാണ് ഈ ആശയത്തിനു പിറകെ നിലകൊണ്ടത് എന്നു നാം കണ്ടതാണ്. ചെറുതെങ്കിലും പ്രധാന കാര്യങ്ങള്‍ അറിയിക്കുന്നതിനായി ഞാന്‍ നേരിട്ടു പല തവണ നാട്ടുകാരുമായി സംവദിച്ചു. മറുഭാഗത്ത് ദരിദ്രര്‍ക്കു സൗജന്യമായി ഭക്ഷണം ലഭ്യമാക്കുകയും പാല്‍, പച്ചക്കറി, റേഷന്‍, ഗ്യാസ്, മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കി. രാജ്യത്ത് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മുഴുവന്‍ സമയ കണ്‍ട്രോള്‍ തുറന്നു. ആയിരക്കണക്കിനു പേരുടെ കോളുകള്‍ക്കു മറുപടി നല്‍കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഓരോ ചുവടിലും നാം ലോകത്തിനു മാതൃകയായി. കൊറോണ പടര്‍ന്നപ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ ചൈനയില്‍ ഉപേക്ഷിച്ചെങ്കില്‍ ഇന്ത്യ ചൈനയില്‍ കുടുങ്ങിയ ഓരോ ഇന്ത്യക്കാരനെയും തിരികെ എത്തിച്ചു. ഇന്ത്യക്കാരെ മാത്രമല്ല, ഒറ്റപ്പെട്ടുപോയ മറ്റു പല രാജ്യങ്ങളിലെയും പൗരന്‍മാരെയും നാം കൊണ്ടുവന്നു. കൊറോണ കാലത്തു വന്ദേ ഭാരത് പദ്ധതിയില്‍ വിദേശത്തുനിന്ന് 45 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യക്കാര്‍ക്കായി ടെസ്റ്റിങ് യന്ത്രങ്ങള്‍ കുറവായിരുന്ന ഒരു രാജ്യത്തേക്കു ടെസ്റ്റിങ് ലാബുകള്‍ അയക്കുക വഴി ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കു പ്രശ്‌നമുണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തി.
സുഹൃത്തുക്കളെ,
ഇന്ത്യ ഈ പകര്‍ച്ചവ്യാധിയെ നേരിട്ട വഴിയ ലോകമാകെ അംഗീകരിക്കുന്നു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും സാമൂഹിക സ്ഥാപനങ്ങളും എങ്ങനെ ഏകോപനത്തോടെ പ്രവര്‍ത്തിക്കും എന്നതിനും ഇന്ത്യ ഉദാഹരണമായി. ഒറ്റ മനസ്സോടെയുള്ള ദൃഢനിശ്ചയവുമായി എങ്ങനെ ഐ.എസ്.ആര്‍.ഒയ്ക്കും ഡി.ആര്‍ഡി.ഒയ്ക്കും സൈനികര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒക്കെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. രണ്ടടി ദൂരവും നിര്‍ബന്ധിതമായി മാസ്‌കും എന്നതിന് ഊന്നല്‍ നല്‍കിയ മുന്‍നിര രാജ്യങ്ങളില്‍ ഒന്നുമാണ് ഇന്ത്യ.
സഹോദരീ സഹോദരന്‍മാരെ,
ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഇപ്പോള്‍ ഇന്ത്യയില്‍ കൊറോണ നിമിത്തമുള്ള മരണനിരക്കു കുറവും രോഗമുക്തി നിരക്ക് ഉയര്‍ന്നതുമാണ്. കൊറോണ നിമിത്തം ഒരാള്‍ പോലും മരിച്ചിട്ടില്ലാത്ത ജില്ലകള്‍ രാജ്യത്ത് ഏറെയുണ്ട്. ഈ ജില്ലകളില്‍ കോവിഡ്മുക്തരായാണ് ഓരോരുത്തരും വീടുകളില്‍ എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒറ്റ കൊറോണ ബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഏറെ ജില്ലകളുണ്ട്. ലോക്ഡൗണ്‍ സമ്പദ്‌വ്യവസ്ഥയ്ക്കു സൃഷ്ടിച്ച തിരിച്ചടിയില്‍നിന്നു മോചനം നേടുന്നതില്‍ ഇന്ത്യ മറ്റെല്ലാവരേക്കാളും മുന്നില്‍ കുതിക്കുകയാണ്. പല ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ലോകത്തിലെ 150ലേറെ രാജ്യങ്ങള്‍ക്ക് അവശ്യ മരുന്നുകളും അവശ്യ വൈദ്യ സഹായവും ലഭ്യമാക്കിയ ചുരുക്കം രാജ്യങ്ങളില്‍ ഇന്ത്യയും പെടും. പാരാസെറ്റമോള്‍ ആയാലും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആണെങ്കിലും ടെസ്റ്റിങ് സാമഗ്രികള്‍ ആണെങ്കിലും മറ്റു രാജ്യങ്ങളില്‍ ഉള്ളവരെപ്പോലും രക്ഷിക്കാന്‍ ഇന്ത്യ ശ്രമിച്ചു. ഇപ്പോള്‍ നാം സ്വന്തമായി വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തതിനാല്‍ പ്രതീക്ഷയോടുകൂടി ലോകം ഇന്ത്യയെ നോക്കുകയാണ്. നമ്മുടെ വാക്‌സിനേഷന്‍ പദ്ധതി പുരോഗമിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന അനുഭവങ്ങള്‍ പല രാജ്യങ്ങള്‍ക്കും നേട്ടമാകും. ഇന്ത്യന്‍ വാക്‌സിനുകളും നമ്മുടെ ഉല്‍പാദന ശേഷിയും മാനവികയുടെ ആകെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഉതകണമെന്നതു സംബന്ധിച്ചു നമുക്കു പ്രതിബദ്ധതയുണ്ട്.
സഹോദരീ സഹോദരന്‍മാരെ,
ഈ വാക്‌സിനേഷന്‍ പദ്ധതി നീണ്ടുനില്‍ക്കും. ഓരോ വ്യക്തിയുടെയും ജീവന്‍ സംരക്ഷിക്കിന്നതിനായി പ്രവര്‍ത്തിക്കാന്‍ നമുക്ക് അവസരം ലഭിച്ചു. ഈ പദ്ധതിയില്‍ വോളന്റിയര്‍മാരാകാന്‍ ആള്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. ഞാന്‍ അവരെ സ്വാഗതം ചെയ്യുകയും കൂടുതല്‍ പേരോട് ഈ വിശുദ്ധ കര്‍മത്തിനായി സമയം മാറ്റിവെക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ വാക്‌സിനേഷനു ശേഷവും മാസ്‌ക്കുകളും രണ്ടടി ദൂരവും ശുചിത്വവും തുടരേണ്ടത് അത്യാവശ്യമായി തുടരും. വാക്‌സിനേഷന്‍ ലഭിച്ചാല്‍ കൊറോണയില്‍നിന്നു സംരക്ഷണം നേടുന്നതിനുള്ള മറ്റു വഴികള്‍ ഉപേക്ഷിക്കാമെന്നു കരുതരുത്. ഇപ്പോള്‍ നമുക്കു പുതിയ ദൃഢനിശ്ചയം കൈക്കൊള്ളേണ്ടതുണ്ട്- മരുന്നും അച്ചടക്കവും. നിങ്ങളെല്ലാം സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം ഈ വാക്‌സിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു രാജ്യത്തിന് ആശംസകള്‍ നേരുന്നു! രാജ്യത്തിനും മാനവികതയ്ക്കും ഈ വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിനായി മുനിമാരെപ്പോലെ തങ്ങളുടെ ലാബുകളില്‍ കഴിഞ്ഞ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ലാബ് ജോലികളില്‍ ഉള്‍പ്പെട്ട എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടു നന്ദി അറിയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാം ആശംസകള്‍. ഇതിന്റെ നേട്ടം നേരത്തേ സ്വന്തമാക്കാന്‍ ശ്രമിക്കൂ. നിങ്ങളും കുടുംബവും ആരോഗ്യത്തോടെ കഴിയട്ടെ! ഈ പ്രതിസന്ധി മറികടക്കാന്‍ മനുഷ്യനു സാധിക്കുകയും നമ്മുടെയെല്ലാം ആരോഗ്യം നിലനിര്‍ത്തപ്പെടുകയും ചെയ്യട്ടെ! ഈ ആശംസകളോടെ നിങ്ങള്‍ക്കു വളരെയധികം നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi